എം കെ ശശീന്ദ്രന്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച 19 കവിതകളുടെ പുസ്തകമാണ് വക്കീല്‍കവിതകള്‍ . പൊതുവെ സര്‍ഗപരമായ സൃഷ്ടികളിലൊന്നുമേര്‍പ്പെടാതെ, തികച്ചും യാന്ത്രികമായി വ്യാപരിക്കുന്ന അഭിഭാഷകരിലും കവികളുണ്ടെന്നു ചൂണ്ടിക്കാണിക്കുകയാണ് സമ്പാദകന്‍.
സതീശന്‍ പടിയൂര്‍, വി പി രമേശന്‍, ഡി സുരേഷ്‌കുമാര്‍, പാറേമ്മാന്‍, പി രാജഗോപാല മേനോന്‍, എം എസ് അജിത്, കെ ജി ഭാസ്കരന്‍, തങ്കച്ചന്‍ മാത്യു, ജിജാ ജെയിംസ്, സലാഹുദ്ദീന്‍ കേച്ചേരി, ടി കെ ജി നമ്പ്യാര്‍, പഞ്ഞിമല ബാലകൃഷ്ണന്‍, പി കെ ശങ്കരന്‍കുട്ടി, എം എ ജോണ്‍സണ്‍, പ്രസാദ് എം മാങ്ങാട്ട്, പി പി സജിത്, പ്രവീണ്‍ നെടുങ്ങാട്ടില്‍, എസ് സുഭാഷ്‌ചന്ദ്, എം കെ ശശീന്ദ്രന്‍ എന്നിവരുടെ രചനകളാണ് 'വക്കീല്‍കവിതകളി'ല്‍.
വക്കീലല്ലെങ്കിലും വക്കീല്‍ഗുമസ്തനായിരുന്നു ഇടശ്ശേരി. മജിസ്ട്രേട്ടും വക്കീലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍. അഭിഭാഷകനായിരുന്നു തകഴി. അഭിഭാഷകവൃത്തിയിലും പൊതുപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്ന ആളായിരുന്നു സി വി ശ്രീരാമന്‍. ഇങ്ങനെ വക്കീല്‍ഗണത്തില്‍പ്പെട്ട ഒരു പാട് സര്‍ഗാത്മക സാഹിത്യകാരന്മാര്‍ നമുക്കുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എടുത്തുപറയത്തക്ക രീതിയില്‍ സാഹിത്യപ്രവര്‍ത്തനം നടത്തുന്നവര്‍ അധികമില്ല. അതുകൊണ്ടുതന്നെ വക്കീലന്മാരായ കവികളെ തെരഞ്ഞുപിടിച്ച് അവരില്‍ കവിത്വമുള്ളവരില്‍നിന്ന് കവിതകള്‍ ശേഖരിച്ച് പുസ്തകമാക്കിയത് അഭിനന്ദനാര്‍ഹമാണ്.
ഈ സമാഹാരത്തിന്റെ മുഖവുരയിലൂടെ ജസ്റ്റിസ് സുകുമാരന്‍ അത്യത്ഭുതകരമായ ഗവേഷണവും പഠനവും നടത്തിയിരിക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പ്രകൃതിസംരക്ഷണം അടിസ്ഥാനമാക്കി രചിച്ച 'നിളയുടെ ദുഃഖം' എന്ന കവിതയും ടി കെ ജി നമ്പ്യാരുടെ 'സാക്ഷി'യും എടുത്തുകാണിക്കുന്നു. പൂര്‍ണസമയ വക്കീലായിരുന്ന, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിലൊരാളായിരുന്ന കെടാമംഗലം പപ്പുക്കുട്ടിയുടെ കവിതകള്‍ കുട്ടിയായിരുന്നപ്പോള്‍മുതല്‍ തന്നെ എത്രമാത്രം ആകര്‍ഷിച്ചിരുന്നുവെന്നും കേസരി ബാലകൃഷ്ണപിള്ള എത്ര ഉയരത്തിലാണ് കെടാമംഗലം പപ്പുക്കുട്ടി വക്കീലിന്റെ കവിതയെ പ്രതിഷ്ഠിച്ചിരുന്നതെന്നും മുഖവുരയിലൂടെ ജസ്റ്റിസ് സുകുമാരന്‍ രേഖപ്പെടുത്തുന്നത് എന്തെന്ത് ആവേശകരം.
കെട്ടിലും മട്ടിലും കുറേക്കൂടി ശ്രദ്ധിക്കേണ്ടതായി തോന്നി. എങ്കിലും വക്കില്‍കവികള്‍ക്ക് ഒരു പ്രോത്സാഹനവും വക്കീലന്മാരില്‍ കവിതകളുണ്ടാകുന്നതു കാണുന്നത് വായനക്കാര്‍ക്ക് കൌതുകവുമാണെന്ന് ഈ സമാഹാരം തെളിയിക്കുന്നു.
***
എസ് രമേശന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment