ശ്രീനാരായണന് ആരാണ് ? ഗുരു ആണ്. ഗുരു എന്ന വാക്കിന്നപ്പുറത്ത് ആരാധ്യമായ മറ്റൊരു സ്ഥാനമില്ല. ശ്രീനാരായണന്‍ നാരായണഗുരു എന്നാണ് എഴുതിപ്പോന്നത്.
പക്ഷേ ഇന്ന് നാരായണഗുരു എന്ന് പറയുന്നവര്‍ നൂറില്‍ പത്തുപേര്‍ കാണില്ല ഞാനടക്കം എന്നു പറയട്ടെ. നമ്മളെല്ലാം ഇന്നത്തെ കാലഘട്ടത്തിന്റെ വ്യാജസ്‌തുതിയില്‍ ഭ്രമിച്ചിട്ടുള്ളവരാണ്. ഗുരു എന്ന വിശേഷണം പോരെന്ന് ആധുനിക മനുഷ്യന്‍ അജ്ഞതമൂലം ധരിച്ചുവച്ചതുപോലുണ്ട്. രണ്ടക്ഷരം മാത്രമുള്ള ചെറിയ വാക്കല്ലേ? ശ്രീനാരായണനെ വ്യപദേശിക്കാന്‍ മാത്രം അതിന് മഹിമയുണ്ടോ എന്നാണ് ഇക്കൂട്ടരുടെ ശങ്ക.
'ഗുരു'വിന്റെ പോരായ്‌മ പരിഹരിക്കാന്‍ നാം പല നവ പ്രയോഗങ്ങളും സ്വീകരിക്കുന്നു. ഗുരുവിനെ നാം ഗുരുദേവന്‍ എന്നും പരമഗുരു എന്നും ഗുരുദേവതൃപ്പാദങ്ങള്‍ എന്നും വിളിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ വിളിച്ചാലും ഗുരു ഗുരുവാണ് എന്ന് മറക്കരുത്.
വലുത് എന്നാണ് ഗുരുവിന് അര്‍ഥം. ഏറ്റവും മഹത്തായ ചൈതന്യം എന്ന്. മഹാത്മാവ് എന്ന പദത്തിനും അതാണ് അര്‍ഥം. ഗുരു ബ്രഹ്മാവും വിഷ്‌ണുവും ശിവനും മാത്രമല്ല അത് പരബ്രഹ്മാവാചി കൂടിയാണ് എന്ന് വ്യക്തമാക്കുന്ന ഒരു പഴയ സംസ്‌കൃത പദ്യമുണ്ടല്ലോ.''തസ്‌മൈ ശ്രീ ഗുരവേ നമഃ'' എന്ന് അത് അവസാനിക്കുന്നു. എല്ലാവരും ചൊല്ലുന്ന പദ്യമാണ്. ഈ ചരാചരപ്രപഞ്ചത്തില്‍ നമസ്‌കരിക്കേണ്ട ഒരേയൊരു ശക്തിയാണ് അത്.
മഹാകവി കുമാരനാശാന്റെ 'ഗുരു' എന്നൊരു കവിതയുണ്ടല്ലോ. ശ്രീനാരായണന് എക്കാലവും ചേര്‍ന്ന വ്യാഹാരോപഹാരം 'ഗുരു' എന്നാണെന്ന് ഉച്ചത്തില്‍ പാടുന്ന ഒരു പദ്യകൃതിയാണ് അത്. 'ഗുരുവല്ലോ പരദൈവം' എന്ന് വ്യാഖ്യാനിച്ച കുമാരകവിയുടെ ഉദാത്തമായ ആ വിവക്ഷ നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. ജ്ഞാനികളിലും സന്ന്യാസികളിലും കൃപാലുക്കളിലും വെച്ച് നിസ്‌തുലനായ ഈ ദേശികശ്രേഷ്‌ഠനെ വ്യവഹരിച്ചു പറയാന്‍ ബഹുലക്ഷം ജനങ്ങള്‍ക്ക് പറ്റിയ ഏകപദമാണ് 'ഗുരു' എന്നാണ് ആശാന്‍ പാടിയത്.
'ലില്ലിപ്പൂവിന് വെള്ളച്ചായം തേക്കേണ്ട' എന്ന് ഇംഗ്ളീഷില്‍ ഒരു ചൊല്ലുണ്ട്. ഗുരുശബ്‌ദത്തിന്റെ അര്‍ഥം പൊലിപ്പിക്കാന്‍ വേറെ ഭേദകങ്ങള്‍ ആവശ്യമില്ല. ഗുരു പ്രകാശമയനാകയാല്‍ ഗുരുദേവന്‍ എന്നുവേണ്ട. ഗുരു ഏറ്റവും വലുതാണെങ്കില്‍ പരമഗുരു എന്നുവേണം. ഗുരു ലഘുവാണെന്ന് നാം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇത്തരം താങ്ങുകള്‍ ഉപയോഗിക്കണമെന്ന് നമുക്ക് തോന്നുന്നത്. ഗുരുശബ്‌ദത്തിന് വേണ്ടത്ര അര്‍ഥഗുരുത്വം ഇല്ലെങ്കില്‍ മാത്രമേ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായി വരികയുള്ളൂ.
ഗുരുശബ്‌ദം എന്തിനെയാണ് ചൂണ്ടിനില്‍ക്കുന്നത് ? ശ്രീനാരായണന്റെ മനസ്സിന്റെ ഗുരുത്വമാണ് ആ ശബ്‌ദം ധ്വനിപ്പിക്കുന്നത്. ആ മനസ്സില്‍ ചരാചരാത്മകമായ പ്രപഞ്ചങ്ങളെല്ലാം ഒത്തുചേരുന്നു. അവിടെ വിഭാഗീയതയില്ല, വിരോധമില്ല, വ്യത്യാസമില്ല, അനൈക്യമില്ല, ഭേദങ്ങളില്ല. അഖണ്ഡതയാണ് അതിന്റെ ആത്മമുദ്ര. ഗുരുവിന് ലഭിച്ച ആത്മീയാനുഭൂതി അഖണ്ഡാനന്ദത്തിന്റെതാണ്. അവിടെ പലതും പലതിന്റെ കലഹങ്ങളും ഇല്ല.
അതുകൊണ്ട് ഗുരു തന്റെ കാലത്ത് തന്റെ നാടായ കേരളത്തില്‍ മനുഷ്യര്‍ക്കിടയില്‍ നടമാടിയ എല്ലാ വിഭാഗീയതകളെയും എതിര്‍ത്തു, നിഷേധിച്ചു. അതോടെ ജാതിമതദൈവങ്ങളെ സംബന്ധിക്കുന്ന വിശ്വാസരാഹിത്യത്തിന്റെ മരണമണി മുഴങ്ങി. ജാതിഭേദവും മതദ്വേഷവും അണുപോലും തീണ്ടാത്ത ഒരു മാതൃകാലോകത്തിലെ പൌരമുഖ്യനായിരുന്നല്ലോ ഗുരു.
ഈ സത്യം പ്രചരിപ്പിക്കലാണ് ശ്രീനാരായണ ധര്‍മപരിപാലനം. ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാന്‍ പണം മതി. നല്ല പണംപോലും വേണ്ട; കള്ളപ്പണംകൊണ്ടും പ്രതിമതീര്‍ക്കാം. പക്ഷേ പ്രതിമ ഗുരുധര്‍മത്തിന്റെ പ്രബോധനം നടത്താന്‍ ശക്തമല്ല. കാലം കഴിയുന്തോറും പ്രതിമയുടെ കോലം കണ്ടാലറിയാത്തവിധം മലിനീഭവിച്ചു പോകും. നാരായണാദര്‍ശങ്ങള്‍ മാനവഹൃദയങ്ങളിലാണ് വിരിയേണ്ടത്. വഴിയോരങ്ങളില്‍ വന്‍കാശ് ഇറക്കി കൂറ്റന്‍പ്രതിമകള്‍ ഉണ്ടാക്കുക താരതമ്യേന എളുപ്പമാണ്. ഹൃദയത്തില്‍ അവ വളര്‍ത്തിയെടുക്കുക എളുപ്പമല്ല. ഗുരുഭക്തന്മാര്‍ എളുപ്പപ്പണി ചെയ്‌തുകൊണ്ടേയിരിക്കുന്നു.
ഗുരുവിന്റെ വിശ്വമനസ്സ് കേരളത്തില്‍ ഇന്ന് രാജ്യഭാരം നടത്തുന്നില്ല. അതിനെ രാജ്യഭ്രഷ്‌ടമാക്കാനുള്ള കല്‍പ്പന ഇറങ്ങിക്കഴിഞ്ഞു. ഇതാണ് കേരളത്തിന്റെ ദുരന്തം. ഗുരു കാത്തിരിക്കുന്നു-ദൈവത്തെപ്പോലെ. അതിനാല്‍ ഗുരുവിന് ട്രാജഡിയില്ല. നമ്മുടെ ട്രാജഡിയുടെ ആഴം നാം അറിയുന്നില്ല. അത് മറ്റൊരു ട്രാജഡി.
പക്ഷേ തന്റെ ആദര്‍ശസമൂഹം തന്റെ ശിഷ്യന്മാര്‍പോലും പരിചരിച്ചുവളര്‍ത്തുന്നില്ലല്ലോ എന്ന് ഗുരു അന്നേ ദുഃഖിച്ചിരുന്നു. ഗുരുക്കന്മാര്‍ സത്യംപ്രബോധിപ്പിക്കുകയും അനുയായികള്‍ മുഖംമൂടി ധരിച്ച് അതിനെ മറക്കുകയും ചെയ്യുന്ന തമാശ എത്രകാലമായി നാം കണ്ടുവരുന്നു. അതുകൊണ്ടാണ് പഴയവര്‍ അതിനെപ്പറ്റി ഒരു ഫലിതം ഉണ്ടാക്കിയത്. 'ശിഷ്യന്മാരുടെ പാപമാണ് ഗുരു' എന്ന്. ക്രിസ്‌തു അത് തെളിയിച്ചു. മാര്‍ക്‌സും ഗാന്ധിജിയും അത് തെളിയിച്ചു. അവരുടെ കൂട്ടത്തില്‍ ഗുരുവുമുണ്ട്.
ഗുരുശിഷ്യപാരസ്‌പര്യത്തിന്റെ സാരാംശം എല്ലാ നാടുകളിലും ഒന്നുതന്നെ. 'അവസാനത്തെ ക്രിസ്‌ത്യാനി കുരിശില്‍ മരണമടഞ്ഞു' എന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒരു ചൊല്ല് ഇന്നും പ്രചാരത്തിലുണ്ട്. 'ഒടുവിലത്തെ മാര്‍ക്‌സിസ്‌റ്റ് കാള്‍മാര്‍ക്‌സ് ആയിരുന്നു' എന്ന്, അതിന്റെ പുതിയ പാഠാന്തരമായി വേറൊരു ചൊല്ലും പിന്നീട് പ്രചാരത്തില്‍ വന്നു. 'അവസാനത്തെ ഗാന്ധിയനെ ഗോഡ്‌സെ വെടിവെച്ചു വീഴ്ത്തി' എന്ന് ലോകം ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ശിഷ്യന്മാരുടെ പരാജയം ഗുരുക്കന്മാരുടെ പരാജയമായിത്തീരുന്നു.
ശ്രീനാരായണധര്‍മത്തിന്റെ ഇന്നത്തെ പരിപാലകരുടെ അപദാനങ്ങള്‍ ശ്രവിച്ചാല്‍, അവര്‍ പരിപാലിക്കുന്നത് മറ്റേതോ വിരുദ്ധ ധര്‍മത്തെയാണെന്നും ഗുരുധര്‍മത്തെയല്ലെന്നും ആര്‍ക്കും മനസ്സിലാകും. ഗുരുവിന്റെ ധര്‍മം അവര്‍ മനസ്സിലാക്കിയിട്ടില്ല. അഥവാ ഗുരുധര്‍മം അവര്‍ക്ക് മനസ്സിലാവില്ല. പക്ഷേ ഗുരുവിന്റെ നാമത്തില്‍ 'ബഹുലക്ഷം ജന'ങ്ങളെ വശപ്പെടുത്തി തങ്ങളുടെ മഹാശക്തി പ്രകടിപ്പിക്കുന്നുണ്ട്. പുതിയ പരിപാലകര്‍ സമുദായാധികാരത്തെ പരിപാലിക്കുന്നവരാണ്. ഗുരുവിനെയും ധര്‍മത്തെയും വിട്ടു, യോഗത്തെ (സംഘടനയെ) സ്വന്തമാക്കി വെച്ചിരിക്കുന്നത് അതിനാണ്.
ഇവര്‍ ആരാധിക്കുന്നത് സംഘടനയെയാണ്. അതിന്റെ അധികാരസ്ഥാനങ്ങളിലെത്താന്‍ 'ആത്മോപദേശശതകം' പോയിട്ട് 'ദൈവ ദശകം'പോലും ഒരു തവണയെങ്കിലും വായിക്കാന്‍ ശ്രമിച്ചു എന്ന അപഖ്യാതികൂടി ഉണ്ടാക്കേണ്ടതില്ല. ശ്രീനാരായണധര്‍മപരിപാലനം ബുദ്ധിമുട്ടുള്ളതാണ്. യോഗപരിപാലനം എളുപ്പമാണ്. പക്ഷേ ഇപ്പോഴും അതിന്റെ പേര് എസ് എന്‍ ഡി പി യോഗം എന്നുതന്നെ. അതിലെ എന്‍ നാരായണ ഗുരു എന്നായിരിക്കണമെന്നില്ല. നകാരത്തില്‍ തുടങ്ങുന്ന വേറെ എത്രപേരുകള്‍ കിടക്കുന്നില്ല! ഉള്ളടക്കം മാറി. പേര് നിലനില്‍ക്കുന്നു. ആ യോഗത്തെയാണ് പുതിയ നേതാക്കള്‍ പരിപാലിക്കുന്നത്. ശ്രീനാരായണനെ പരിപാലിച്ചിട്ട് അവര്‍ക്ക് ഒരു നേട്ടവുമില്ല. പക്ഷേ ജനങ്ങള്‍ക്ക് ഗുരു വേണം. അതുകൊണ്ട് പടം കാണില്ല. ജനം പേര് കണ്ട് ഇവരോടൊപ്പം നടക്കുന്നു. ഇതാണ് നമ്മുടെ ട്രാജഡി-നവോത്ഥാന ചൈതന്യം നഷ്‌ടപ്പെടുത്തിയവരുടെ ട്രാജഡി!
ശ്രീനാരായണധര്‍മം പരിപാലിക്കുകയാണെങ്കില്‍ മദ്യസംസ്‌കാരത്തെ എതിര്‍ക്കണം. ജാതിയെ എതിര്‍ക്കണം, പഠിച്ച് വളരണം. എല്ലാം പ്രയാസം! ഈ നേതാക്കളുടെ കുടുംബങ്ങളില്‍ പരമ്പരയായി ഇങ്ങനെ ഒരു സംസ്‌കാരമില്ല. പക്ഷേ ഗുരുവും ധര്‍മവും പോയാലും ഗുരു അവശേഷിപ്പിച്ച യോഗം എന്ന സംഘടന ഉണ്ടല്ലോ. അതുമതി അവര്‍ക്ക്. ഇവര്‍ വിജയിക്കുമ്പോള്‍ ഗുരുധര്‍മം പരാജയപ്പെടുന്നു.
ദുര്യോധനന് ഗീതാചാര്യനായ ഭഗവാനെ ആവശ്യമില്ല. സൈന്യം മതി. കേരളത്തിലെ അഭിനവ ദുര്യോധനന്മാര്‍ക്കും സംഘടനയുടെ സേനയെ മതി, ഗുരുവിനെ വേണ്ട. ധര്‍മത്തെ ഉള്‍ക്കൊള്ളുന്ന മനസ്സും ധര്‍മവിപരീതമായ ജാതി -മദ്യ-സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന മനസ്സും തമ്മില്‍ ഇന്ന് കേരളത്തില്‍ ഒരു സമരം നടക്കുന്നുണ്ട്. ഗുരുധര്‍മത്തെ പ്രത്യുദ്ധരിക്കുകയും അതിനുള്ള ഉപകരണമായ യോഗത്തെ മാറ്റിയെടുക്കുകയുമാണ് ഈ യുദ്ധത്തിന്റെ ലക്ഷ്യം.
ഗുരുവില്ലാത്ത യോഗവും യോഗമില്ലാത്ത ഗുരുവും നമ്മുടെ മുമ്പില്‍ തെരഞ്ഞെടുക്കപ്പെടാന്‍ വരുമ്പോള്‍ നാം ആരെ തെരഞ്ഞെടുക്കും എന്നറിയാന്‍ കേരളം കാത്തുനില്‍ക്കുന്നു.
*****
ഡോ. സുകുമാര്‍ അഴീക്കോട്
Saturday, September 25, 2010
Subscribe to:
Post Comments (Atom)
4 comments:
ഗുരുശബ്‌ദം എന്തിനെയാണ് ചൂണ്ടിനില്‍ക്കുന്നത് ? ശ്രീനാരായണന്റെ മനസ്സിന്റെ ഗുരുത്വമാണ് ആ ശബ്‌ദം ധ്വനിപ്പിക്കുന്നത്. ആ മനസ്സില്‍ ചരാചരാത്മകമായ പ്രപഞ്ചങ്ങളെല്ലാം ഒത്തുചേരുന്നു. അവിടെ വിഭാഗീയതയില്ല, വിരോധമില്ല, വ്യത്യാസമില്ല, അനൈക്യമില്ല, ഭേദങ്ങളില്ല. അഖണ്ഡതയാണ് അതിന്റെ ആത്മമുദ്ര. ഗുരുവിന് ലഭിച്ച ആത്മീയാനുഭൂതി അഖണ്ഡാനന്ദത്തിന്റെതാണ്. അവിടെ പലതും പലതിന്റെ കലഹങ്ങളും ഇല്ല.
അതുകൊണ്ട് ഗുരു തന്റെ കാലത്ത് തന്റെ നാടായ കേരളത്തില്‍ മനുഷ്യര്‍ക്കിടയില്‍ നടമാടിയ എല്ലാ വിഭാഗീയതകളെയും എതിര്‍ത്തു, നിഷേധിച്ചു. അതോടെ ജാതിമതദൈവങ്ങളെ സംബന്ധിക്കുന്ന വിശ്വാസരാഹിത്യത്തിന്റെ മരണമണി മുഴങ്ങി. ജാതിഭേദവും മതദ്വേഷവും അണുപോലും തീണ്ടാത്ത ഒരു മാതൃകാലോകത്തിലെ പൌരമുഖ്യനായിരുന്നല്ലോ ഗുരു.
ഈ സത്യം പ്രചരിപ്പിക്കലാണ് ശ്രീനാരായണ ധര്‍മപരിപാലനം. ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാന്‍ പണം മതി. നല്ല പണംപോലും വേണ്ട; കള്ളപ്പണംകൊണ്ടും പ്രതിമതീര്‍ക്കാം. പക്ഷേ പ്രതിമ ഗുരുധര്‍മത്തിന്റെ പ്രബോധനം നടത്താന്‍ ശക്തമല്ല. കാലം കഴിയുന്തോറും പ്രതിമയുടെ കോലം കണ്ടാലറിയാത്തവിധം മലിനീഭവിച്ചു പോകും. നാരായണാദര്‍ശങ്ങള്‍ മാനവഹൃദയങ്ങളിലാണ് വിരിയേണ്ടത്. വഴിയോരങ്ങളില്‍ വന്‍കാശ് ഇറക്കി കൂറ്റന്‍പ്രതിമകള്‍ ഉണ്ടാക്കുക താരതമ്യേന എളുപ്പമാണ്. ഹൃദയത്തില്‍ അവ വളര്‍ത്തിയെടുക്കുക എളുപ്പമല്ല. ഗുരുഭക്തന്മാര്‍ എളുപ്പപ്പണി ചെയ്‌തുകൊണ്ടേയിരിക്കുന്നു.
is ''തസ്‌മൈ ശ്രീ ഗുരുവേ നമഃ'' right? the right expression is ''തസ്‌മൈ ശ്രീ ഗുരവേ നമഃ''
Abby,
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്.
Post a Comment