Showing posts with label നെരൂദ. Show all posts
Showing posts with label നെരൂദ. Show all posts

Sunday, April 21, 2013

നെരൂദ വസന്തത്തിന്റെ മറ്റൊരു പേര്

'വസന്തം ചെറിമരങ്ങളെ പുഷ്പിണികളാക്കുംപോലെ, ഞാന്‍ നിന്നെയും'... കാവ്യസാമ്രാജ്യത്തിലെ രാജകുമാരനായ വിശ്വപ്രസിദ്ധ ചിലിയന്‍ കവിയുടെ ഈയൊരു വരി മുഴുമിപ്പിക്കുന്നതിനു മുമ്പുതന്നെ വായനക്കാരുടെ നെഞ്ചില്‍ ചെറിപുഷ്പദലങ്ങള്‍ അടര്‍ന്നുവീഴുന്ന അനുഭവമുണ്ടാവും.

''ഈ രാത്രിയാവുമെനിക്ക്
ഏറ്റവും ദുഃഖഭരിതമാം
വരികള്‍ എഴുതുവാന്‍,
രാത്രി ചിതറിത്തെറിച്ചുപോയ്.....
ഇപ്പോഴെന്‍കൂടെയില്ലോമലാള്‍......''

എന്നൊക്കെ നെരൂദയെഴുതുമ്പോള്‍, കേവലം കല്‍പ്പനാസൗന്ദര്യമാവിഷ്‌കരിക്കുകയല്ല, ഈ വിശ്വമഹാകവി. സൗന്ദര്യത്തിന്റെ സ്‌ഫോടനമാണ് നെരൂദയുടെ കവിതകള്‍. അവ പാടിപ്പതിഞ്ഞ കാല്‍പ്പനികതയുടെ ലാസ്യനൃത്തമല്ല. പ്രത്യുത, പ്രകൃതിയുടെ അനന്തവൈവിധ്യത്തിന്റെ പൊട്ടിച്ചിതറലാണ്. ഇരുപതാം ശതാബ്ദത്തെ തന്റെ മാന്ത്രിക വിരലുകളാല്‍, നെരൂദ, കവിതയുടെ മഞ്ഞപ്പട്ടുടുപ്പിച്ചു. നിറയെ അനന്തവര്‍ണമാര്‍ന്ന നക്ഷത്രജാലം, പതിച്ച കവിതയുടെ പട്ടുടുപ്പ്. ആ കാവ്യവര്‍ണങ്ങളുടെ മായികതയില്‍, സഹൃദയലോകം ഹര്‍ഷപുളകിതരായി നിന്നു. യാതൊരു സൂചനകളുമില്ലാതെ കടന്നുവരുന്ന പെരുമഴപോലെ, നെരൂദയുടെ കിരീടം ചൂടിയ വാക്കുകള്‍, വസന്തമായി പെയ്യുന്നു. ഓരോ വരികള്‍ക്കുള്ളിലും മറ്റൊരു വരി. ഓരോ വാക്കിനുള്ളിലും മറ്റൊരു വാക്ക്. അതിനുള്ളില്‍ വീണ്ടും വാക്കുകള്‍ അതിനപ്പുറത്തുള്ള വാക്കുകളുടെ നിഗൂഢ സൗന്ദര്യത്തിലേക്ക് ജാലകം തുറക്കുന്നു. അര്‍ഥത്തിന്റെയും ഭാവദീപ്തിയുടെയും ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത പാബ്ലോനെരൂദ, പ്രകൃതിയെ ഒരു ഉന്മാദിനിയെപ്പോലെ സ്‌നേഹിച്ചു, പ്രണയിച്ചു. സ്‌നേഹിക്കുകയും പ്രണയിക്കുകയും മാത്രമല്ല, അതൊരു ഉപാസനയായിരുന്നു. ഭൂമിയുടെ അഗാധഗര്‍ത്തങ്ങളും സമുദ്രത്തിലെ താഴ്‌വാരങ്ങളും തുടങ്ങി നെരൂദയുടെ കവിതകളില്‍ ആവിഷ്‌കരിക്കപ്പെടാത്ത പ്രകൃതിഭാഗമില്ല. പ്രകൃതിയുടെ ബഹുസ്വരഭാവങ്ങളിലൂടെ തന്റെ നാടിന്റെ ചുവന്ന സിരകളെ ത്രസിപ്പിച്ച നെരൂദ ഭൂമിയിലെ സര്‍വചരാചരങ്ങളിലും മഴയായി പെയ്തലിഞ്ഞു. സര്‍വഭൂഖണ്ഡങ്ങളെയും നെരൂദയുടെ കവിതകള്‍ വിളക്കിച്ചേര്‍ത്തു. ഭാഷയുടെ വൈവിധ്യത്തിനു മുകളിലൂടെ സമഭാവനയുടെ തൂക്കുപാലം പണിത
നെരൂദ ലോകത്തിലെ സര്‍വമനുഷ്യരോടും സാഹോദര്യം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ ഭൂമിയിലെ പീഡിതന്റെ ശബ്ദമായി മാറി. മര്‍ദകന്റെ സിംഹാസനങ്ങളോടു പടവെട്ടി രക്തസാക്ഷിത്വം വരിച്ച, മഹാനായ ഈ മനുഷ്യസ്‌നേഹിയോളം വായിക്കപ്പെട്ട മറ്റൊരു കവിയെ ആധുനികലോകം കണ്ടിട്ടില്ല. 'പ്രണയം എന്റെ  ഇന്ദ്രിയങ്ങളെ പിടിച്ചുലയ്ക്കുന്നു, കാറ്റ് ഓക്കുവൃക്ഷങ്ങളെയെന്നു' പാടിയ പ്രസിദ്ധ യവനകവി സാഫോയെക്കുറിച്ച്, പ്ലേറ്റോ പറഞ്ഞത്, അവര്‍ കലയുടെ പത്താം അധിദേവത ആണെന്നാണ്. പ്ലേറ്റോ, നെരൂദയുടെ കവിതകള്‍ വായിച്ചിരുന്നെങ്കില്‍ കലയുടെ അപ്‌സരകന്യകയെ കീഴടക്കിയ ഗന്ധര്‍വനെന്നു പ്രകീര്‍ത്തിക്കുമായിരുന്നു അദ്ദേഹത്തെ.

''വന്നുവീഴുന്നിതാത്മാവില്‍ കവിതകള്‍
മഞ്ഞുതുള്ളികള്‍ പുല്‍മെത്തയിലെന്നപോല്‍''

എന്നെഴുതിയ നെരൂദ, തന്റെ കുട്ടിക്കാലത്തെക്കുറിച്ചു പറയുന്ന ഒരു വരിമാത്രം ശ്രദ്ധിക്കൂ;

'As a child and as an adult I have devoted more ttaention to rivers and birds than to libraries and writers'
(പുസ്തശേഖരത്തെക്കാളും എഴുത്തുകാരേക്കാളും എന്റെ മനസ് തേടിപ്പോയത് നദികളെയും പക്ഷികളെയുമാണ്)

God of small things എന്ന നോവലിലൂടെ വിശ്വപ്രസിദ്ധയായ അരുന്ധതീറോയ്, തന്റെ പ്രായത്തിലുള്ള മറ്റുകുട്ടികളെല്ലാം സ്‌കൂളില്‍ പോവുമ്പോള്‍, അമ്മയുടെ അനുഗ്രഹാശ്ശിസ്സുകളോടെ മീനച്ചിലാറിന്റെ തീരത്തും മറ്റും തുള്ളിച്ചാടി നടക്കുകയായിരുന്നു.

അങ്ങനെ പ്രകൃതിയുടെ അപാരതയില്‍ രമിക്കുകയും പ്രകൃതിനല്‍കിയ ഹര്‍ഷാനുഭൂതി മനുഷ്യരാശിയോടുള്ള അഗാധസ്‌നേഹവും പ്രതിബദ്ധതയുമാക്കിയ പ്രതിഭയായിരുന്നു നെരൂദ. 1904 ജൂലായ് 12ന് ആണ് നെരൂദ ജനിച്ചത്. റിക്കാര്‍ഡോ ഇലിസര്‍ നെഫ്താലി റെയെസ് എന്നായിരുന്നു യഥാര്‍ഥ പേര്. ചിലിയിലെ സാന്റിയാഗോവിനടുത്തുള്ള പാറല്‍ നഗരത്തിലാണദ്ദേഹം ജനിച്ചത്. ജോസ് ഡെല്‍ കാര്‍മന്‍ റെയെസ് മൊറാലസ് എന്നായിരുന്നു പിതാവിന്റെ പേര്. റോസ ബസോള്‍ട്ടോ എന്നായിരുന്നു നെരൂദയുടെ അമ്മയുടെ പേര്. നെരൂദ, കൈക്കുഞ്ഞായിരിക്കുമ്പോള്‍തന്നെ അമ്മ മരിച്ചു. റോസയുടെ മരണശേഷം നെരൂദയുടെ പിതാവ് ട്രിനിഡാഡ് കാന്‍ഡിയ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ആ സ്ത്രീയില്‍ നെരൂദയുടെ പിതാവിന് റൊഡോള്‍ഫോ എന്നു പേരായ ആണ്‍കുട്ടിയുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ എഴുത്തിനോട് ഭ്രാന്തമായ അഭിനിവേശമുണ്ടായിരുന്ന നെരൂദയെ അച്ഛന്‍ പ്രോത്സാഹിപ്പിച്ചില്ലെന്നുമാത്രമല്ല കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പതിമൂന്നാമത്തെ വയസില്‍ നെരൂദ തന്റെ കന്നിക്കവിത പ്രസിദ്ധീകരിക്കുകയുണ്ടായി. 1920-ല്‍ നെരൂദയെന്ന തൂലികാനാമം സ്വീകരിക്കുമ്പോഴേക്കും ആ കൗമാരമനസ്സ് കവിതയുടെ വര്‍ണപ്രപഞ്ചത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നു.

സ്പാനിഷ് റിപ്പബ്ലിക്കായ ഒരു തെക്കന്‍ അമേരിക്കന്‍ രാഷ്ട്രമാണ് ചിലി. ആന്‍ഡിസ് പര്‍വതനിരകള്‍ക്കും പസഫിക് സമുദ്രത്തിനും മധ്യേ നീണ്ടുകിടക്കുന്ന രാജ്യമാണത്. വടക്ക് പെറു എന്ന രാജ്യവും വടക്കുകിഴക്ക് ബൊളീവിയയും കിഴക്ക് അര്‍ജന്റീനയുമാണ്. എന്തുകൊണ്ടും പ്രകൃതിരമണീയമാണ് ചിലി. തെക്കുഭാഗം മുഴുവന്‍ മഞ്ഞണിഞ്ഞ ആല്‍പൈന്‍ ശൈലങ്ങള്‍ ചിലിയുടെ മാറ്റുകൂട്ടുന്നു. അതുപോലെതന്നെ തടാകങ്ങള്‍കൊണ്ടനുഗൃഹീതമായ ഒരു രാജ്യമാണിത്. 16-ാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ കുടിയേറിപ്പാര്‍ക്കുന്നതിനു മുമ്പ്, ഇന്‍കകളും തദ്ദേശീയരായ അറോക്കാനിയന്മാരുമായിരുന്നു ചിലിയുടെ രാഷ്ട്രീയ സാരഥ്യം നിലനിര്‍ത്തിയിരുന്നത്. 1818-ലാണ് ചിലിയന്‍ ജനത സ്പാനിഷ് മേധാവിത്വത്തില്‍നിന്നും സ്വതന്ത്രമായത്. ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു സാല്‍വഡോര്‍ അലന്‍ഡെ. 1970-ല്‍ അദ്ദേഹം ചിലിയുടെ പ്രസിഡണ്ടായി. എന്നാല്‍ സി ഐ എ യുടെ സഹായത്തോടെ 1973-ല്‍ അമേരിക്ക, ചിലിയിലെ സോഷ്യസിസ്റ്റ് ഭരണത്തെ അട്ടിമറിക്കുകയും അലന്‍ഡെയെ വെടിവെച്ചുകൊല്ലുകയും ചെയ്തു. അതിനെത്തുടര്‍ന്ന്, 17 വര്‍ഷക്കാലം ചിലിയില്‍ അഗസ്റ്റോ പിനോചെയുടെ നേതൃത്വത്തിലുള്ള സൈനിക ഭീകരഭരണമായിരുന്നു. ചിലിയില്‍ സംഭവബഹുലമായ രാഷ്ട്രീയജീവിതവുമായി ഇഴചേര്‍ന്നതായിരുന്നു നെരൂദയെന്ന വിശ്വപ്രതിഭയുടെ ജീവിതം. ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റാദര്‍ശങ്ങളില്‍ അടിയുറച്ചുവിശ്വസിച്ച വിപ്ലവകവിയായിരുന്നു അദ്ദേഹം.

സ്പാനിഷ് ഭാഷയില്‍ രചിക്കപ്പെട്ട നെരൂദാ കവിതകളെ ഇന്ന് സഹൃദയലോകം നെഞ്ചിലേറ്റി ലാളിക്കുന്നു. അതിന്റെ കാരണം, അനുപമമായ ആ വരികളിലെ സാന്ദ്രസംഗീതവും ആഴമേറിയ ജീവിതദര്‍ശനവും സൗന്ദര്യവുമാണ്. മനുഷ്യസ്‌നേഹം ഇതള്‍വിരിയുന്ന രചനകളാണ് നെരൂദയുടേത്. മനുഷ്യന്‍മാത്രമല്ല പ്രകൃതിയിലെ എല്ലാം നെരൂദയുടെ സഹോദരങ്ങളാണ്. കടലും നദികളും തടാകങ്ങളും ഉപ്പുപാറകളും വനാന്തരങ്ങളും മലകളും ചെടികളും പക്ഷികളും മൃഗങ്ങളുമെല്ലാം നെരൂദക്കവിതകളില്‍ കടന്നുവരുമ്പോള്‍, അവയ്‌ക്കെല്ലാം ഒരു മാനുഷിക മുഖമുണ്ടാവും. യൗവനകാലത്ത് നെരൂദക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത്, നോബല്‍സമ്മാന ജേതാവായ ചിലിയന്‍ കവി ഗബ്രീലമിസ്ട്രല്‍ ആയിരുന്നു. പില്‍ക്കാലത്ത് നെരൂദയും നോബല്‍സമ്മാനത്തിനര്‍ഹനായി.

അദ്ധ്യാപകനാവുകയെന്നതായിരുന്നു കൗമാരകാലത്തെ നെരൂദയുടെ അഭിലാഷം. അതിനുവേണ്ടി അദ്ദേഹം, സാന്റിയാഗോയില്‍ ഫ്രഞ്ചുഭാഷ പഠിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനുമുമ്പുതന്നെ കവിത നെരൂദയുടെ ഹൃദയത്തെ കീഴടക്കികഴിഞ്ഞിരുന്നു. 1923-ല്‍ ആദ്യകവിതാസമാഹാരമായ  crepusculario (Book of Twilight) പ്രസിദ്ധീകരിക്കപ്പെട്ടു. അടുത്തവര്‍ഷംതന്നെ Twenty Love Poems and a Desperate Songs എന്ന കവിതാസമാഹാരവും പുറത്തുവന്നതോടെ നെരൂദയെ സാഹിത്യലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നുവരെ കവിതയില്‍ ദൃശ്യമാവാത്ത സൗന്ദര്യത്തിന്റെ പൂര്‍ണിമയായിരുന്നു നെരൂദയുടെ കവിതകള്‍ സഹൃദയലോകത്തിന് സമ്മാനിച്ചത്.

ഉന്മാദിയായ നിത്യസഞ്ചാരി

യാത്രകളോട് ഭ്രാന്തമായ  അഭിനിവേശമായിരുന്നു നെരൂദയ്ക്ക്. അവീന്‍ പുഷ്പങ്ങളും സൈപ്രസ് മരങ്ങളും നിറഞ്ഞ ചിലിയന്‍ കാടുകളിലും മഞ്ഞുപാളികളില്‍ മുങ്ങിയ തടാകതീരങ്ങളിലും കടലോരങ്ങളിലും നദീമുഖങ്ങളിലുമെല്ലാം നഷ്ടപ്പെട്ടുപോയ അമൂല്യമായ എന്തോ ഒന്നിനെ തേടുംപോലെ നെരൂദ അലഞ്ഞുതിരിഞ്ഞു. പ്രകൃതി അദ്ദേഹത്തിന് ഒരുതരം ഭ്രാന്തായിരുന്നു. പ്രകൃതിയുടെ സൗന്ദര്യവും അപാരതയും അദ്ദേഹത്തെ മത്തുപിടിപ്പിച്ചു. കടലിന്റെ അപാരത അദ്ദേഹത്തെ ധ്യാനനിരതനാക്കി. ശിശിരകാലരാത്രികളിലെ മഴയുടെ താളം നെരൂദ, തന്റെ കവിതകളിലേക്കാവാഹിച്ചു. 'Art of raining; എന്നാണ്, അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. മഴപെയ്യുക എന്ന പ്രകൃതിയുടെ കല, നെരൂദയുടെ ഹൃദയത്തെ മഥിച്ചു.

കൊച്ചുനാളില്‍ തന്റെ വീട്ടുമുറ്റത്ത് 'ചെളിയുടെ സമുദ്രം' തന്നെ സൃഷ്ടിച്ച മഴയുടെ ഉത്സവത്തെക്കുറിച്ച്, നെരൂദ, തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. മഴയും മഞ്ഞും തീര്‍ക്കുന്ന മദിരോത്സവങ്ങള്‍ കുട്ടിക്കാലത്തുതന്നെ നെരൂദയെ പ്രകൃതിയുടെ കളിക്കൂട്ടുകാരനാക്കി. സ്‌കൂളിലേക്ക് പോകുന്നത് തിമിര്‍ത്തുപെയ്യുന്ന മഴ നനഞ്ഞുകൊണ്ടാണ്. വിറളിപിടിച്ച കാള കൊമ്പുകോര്‍ക്കുംപോലെ മഴ ഉഗ്രരൂപിയാകുമ്പോള്‍, നെരൂദയുടെയും കൂട്ടുകാരുടെയും കുടകള്‍ പറന്നുപോകും. ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന പട്ടിണിപ്പാവങ്ങളുടെ കൂരകളില്‍ മഴക്കാലം ദുസ്സഹമായിരിക്കും. നെരൂദയുടെ ബാല്യവും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. വീട്ടിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളുമെല്ലാം നെരൂദയുടെ മനസിനെ പ്രയാസപ്പെടുത്തുമ്പോള്‍ അദ്ദേഹം പ്രകൃതിയിലേക്ക് തിരിയും. കോപവും കുസൃതിയും സാമ്യമകന്ന സൗമ്യഭാവവും നെരൂദയെ ഉന്മാദിയാക്കും. മുന്തിരിത്തോപ്പുകള്‍ നിറഞ്ഞ മധ്യചിലിയന്‍ പ്രദേശമാണ് നെരൂദയുടെ നാട്. വീഞ്ഞ് സുലഭമായിരുന്നു അവിടെ. ഓര്‍മയുറയ്ക്കുന്നതിനുമുമ്പേ ക്ഷയരോഗം ബാധിച്ച് അമ്മ മരിച്ചു. നെരൂദയുടെ ബാല്യകാലം ഏകാന്തതനിറഞ്ഞതായിരുന്നു. ശിശിരകാലസന്ധ്യകളില്‍ നനുത്തുവിറങ്ങലിച്ചുനില്‍ക്കുന്ന വൃക്ഷശാഖികളില്‍ തള്ളപ്പക്ഷികള്‍ കുഞ്ഞിപ്പക്ഷികളുടെ വായില്‍ ഇരവെച്ചുകൊടുക്കുകയും വിറങ്ങലിച്ച കുഞ്ഞുതൂവലുകള്‍ മാടിയൊതുക്കുകയും ചെയ്യുന്നതുകാണുമ്പോള്‍, നെരൂദയുടെ മനസ്സ് വിതുമ്പും.

അമ്മയെക്കുറിച്ച് ഓര്‍ക്കാന്‍ നെരൂദയ്ക്ക് ഓര്‍മ്മകളില്ല. അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ക്കുവേണ്ടി, നെരൂദ ദാഹിച്ചു. ജീവിച്ചിരിപ്പില്ലാത്ത അമ്മയുടെ ഇല്ലാത്ത ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ അയാള്‍ ഭ്രാന്തമായി ആഗ്രഹിച്ചു. അദമ്യമായ അഭിലാഷങ്ങളെ നിഷ്‌കരുണം ചിറകറുക്കുന്ന വിധിയുടെ ക്രൂര വിനോദത്തോട് പൊരുതാന്‍, അയാള്‍ തന്റെ തീക്ഷ്ണമായ കല്‍പ്പനാവൈഭവം ആയുധമാക്കി. ഭൂമിയിലെ നിന്ദിതരോടും പീഡിതരോടും ആഴമാര്‍ന്ന സഹാനുഭൂതിയും സ്‌നേഹവും പുലര്‍ത്തിയ ആ കവിഹൃദയം സര്‍വജീവജാലത്തെയും ജീവനില്ലാത്തവയെയും സ്‌നേഹിച്ചു.

പൂത്തുലഞ്ഞുനില്‍ക്കുന്ന കാട്ടിലെ ആപ്പിള്‍വൃക്ഷത്തെ ഗാഢമായി ആലിംഗനം ചെയ്യാനും, അണ്ണാറക്കണ്ണന്മാര്‍ക്ക് മുത്തംനല്‍കാനും തടാകതീരത്തെകളിമണ്ണില്‍ കുളിച്ച് തലകുത്തിമറിയാനുമുള്ള നെരൂദയുടെ മനസിന്റെ വിസ്തൃതി അന്യാദൃശമായിരുന്നു. പക്ഷികളെയും വണ്ടുകളെയും ശലഭങ്ങളെയും സ്‌നേഹിച്ച, അവയോടൊത്ത് കളിച്ച, നെരൂദയുടെ അമ്മ കവിതകളെഴുതിയിരുന്നത്രെ. പക്ഷേ, ചന്തമുള്ള അമ്മയുടെ ഛായാചിത്രമല്ലാതെ, അവരുടെ കവിതകളൊന്നും നെരൂദ കണ്ടിരുന്നില്ല. അവര്‍ സ്‌നേഹമയിയായിരുന്നു എന്നുമാത്രം നെരൂദയ്ക്കറിയാം. തനിക്ക് ലഭിക്കാതെപോയ ആ സ്‌നേഹം പ്രകൃതിയുടെ ഉറവകളില്‍നിന്നും  നുകരാന്‍വേണ്ടിയുള്ളതായിരുന്നു, അദ്ദേഹത്തിന്റെ യാത്രകള്‍. അവ വെറുംയാത്രകളായിരുന്നില്ല. ഒരു നാടിന്റെ സിരകളിലൂടെ അജ്ഞാതരായ മനുഷ്യരുടെ, ഭാഷയേതെന്നറിയാത്ത അനേകം കോടി ജനതയുടെ ഹൃദയസ്പന്ദനങ്ങള്‍ തേടിയുള്ള അന്വേഷണമായിരുന്നു. അറിയപ്പെടാത്ത മനുഷ്യരുമായുള്ള സാഹോദര്യം സ്ഥാപിക്കാന്‍ വെമ്പിയ മനുഷ്യസ്‌നേഹിയായ, വിപ്ലവകാരിയായിരുന്നു നെരൂദ. പ്രകൃതി അദ്ദേഹത്തിന് മനുഷ്യനില്‍നിന്നും വേറിട്ട ലാവണ്യക്കാഴ്ചകളായിരുന്നില്ല. മനുഷ്യന്റെ ഭാഗമായ, മാനുഷികവല്‍ക്കരിക്കപ്പെട്ട ജീവഭാവമായിരുന്നു നെരൂദയ്ക്ക് പ്രകൃതി. പ്രണയത്തെ ഇത്രതീക്ഷ്ണമായി ആവിഷ്‌കരിച്ച കവി വേറെയില്ല. പ്രകൃതി അദ്ദേഹത്തിന് അമ്മയും ആത്മസഖിയും കാമിനിയും എല്ലാമായിരുന്നു. Unclothed You are എന്ന കവിതയിലെ വരികള്‍ നോക്കുക:

''നഗ്ന നീ തിരശ്ശീലയില്ലാത്തൊരുടല്‍പോലെ
നഗ്ന നീ പ്രപഞ്ചത്തിന്നേക വാസ്തവംപോലെ
നഗ്ന നീ നിലാവിന്റെയീറനാം
പൊളിപോലെ
നഗ്ന നീ അലിയുന്ന മനശ്ചാഞ്ചല്യംപോലെ
നഗ്ന നീ പറുദീസാമരത്തില്‍ പഴംപോലെ
നഗ്ന നീ മൃദുലമാം
മോഹസ്‌നിഗ്ധതപോലെ
നഗ്ന നീ വേനല്‍പ്പാടം
നീട്ടുന്ന കതിര്‍പോലെ
നഗ്ന നീ മണ്ണില്‍നിന്നു
പൊന്തിയ പൊരുള്‍പോലെ
നഗ്ന നീ ക്യൂബന്‍രാജാവില്‍
നീലിച്ച നിറമുള്ളോള്‍
നഗ്ന നീ വെളിച്ചത്തെ
മറയ്ക്കാന്‍ കഴിയാത്തോള്‍
നഗ്ന നീ ചെമ്മുന്തിരി വള്ളിപോല്‍ മുടിയുള്ളോള്‍
നഗ്ന നീ മുടിപ്പിന്നായ് താരങ്ങള്‍ ചൂടുന്നോള്‍.
നഗ്ന നീ ചെമപ്പാര്‍ന്നൊരുദയം കടഞ്ഞപോലെ
നഗ്ന നീ നിന്‍ വിഗ്രഹം തിളങ്ങും പുല്‍മൈതാനം.''
 (പരി: എന്‍ പി ചന്ദ്രശേഖരന്‍)

വിഷാദമാവിഷ്‌കരിക്കുമ്പോള്‍ പോലും അനുവാചകഹൃദയത്തില്‍ അനിര്‍വചനീയമായ ഹര്‍ഷാനുഭൂതി കോരിയിടാന്‍ കഴിയുന്ന കവിതകളാണ് നെരൂദയുടേത്. ഏറെ പ്രസിദ്ധമായ ഈ രാത്രിയാവുമെനിക്കേറ്റവും........എന്ന കവിതനോക്കുക;

''ഈ രാത്രിയേകുന്നു തോരാത്ത ശോകം
തീരാത്ത നോവിന്റെയേകാന്തഗീതം
'ഈ രാത്രി കമ്പിതഗാത്രി' -ഞാന്‍ പാടി
''താരങ്ങള്‍, നീലിച്ചദുഃഖങ്ങള്‍ സാക്ഷി''
ഏകാകിയാം തെന്നല്‍ ഏകതാരനീട്ടി:
ഏതോവിഷാദാര്‍ദ്രഗീതം മുഴങ്ങി.
പ്രേമിച്ചു നിന്നെ ഞാനെപ്പോഴോ: എന്നെ-
പ്രേമിച്ചു നീയും തിരിച്ചന്ധമായി
ഈ രാത്രിപോലുള്ള രാത്രികള്‍ നീളേ
തീരാത്തയുമ്മകള്‍ പങ്കിട്ടു നമ്മള്‍.
പ്രേമിച്ചു നീയെന്നെ എപ്പോഴോ ഞാനും
പ്രേമിച്ചു നിന്നെതിരിച്ചന്ധമായി.
പ്രേമാര്‍ദ്ര നീലമാം നിന്മിഴിക്കീഴില്‍
പ്രേമാര്‍ഥിയാകാത്തൊരാണ്‍ ജന്മമുണ്ടോ?
(പരി: എന്‍ പി ചന്ദ്രശേഖരന്‍)

പ്രണയിക്കാത്ത മനുഷ്യന്‍ പൂക്കാത്ത മരമാണെന്നു പറഞ്ഞ നെരൂദയ്ക്ക് വിപ്ലവമെന്നാല്‍ മനുഷ്യവംശത്തോടുള്ള അഗാധമായ പ്രണയമാണ്.

''വസന്തം ചെറിമരങ്ങളെ പുഷ്പിണിയാക്കും പോലെ
ഞാന്‍ നിന്നെയും പ്രണയിച്ചു പുഷ്പിണിയാക്കും'

എന്ന് എഴുതുന്ന നെരൂദയെപ്പോലെ ബിംബങ്ങളെ അയത്‌നസുന്ദരമായി കവിതയില്‍ ലയിപ്പിച്ച ആധുനിക കവികള്‍ വിരളമാണ്.

ആദ്യകവിതയും ഹംസങ്ങളും

ജന്മദേശത്തെ ബുദി തടാകത്തിലെ കവിഭാവനയെ പുഷ്‌കലമാക്കിയത് സ്വര്‍ഗത്തിലെ അരയന്നങ്ങള്‍തന്നെയായിരുന്നു. പൗരാണിക കഥകളിലെ അരയന്നങ്ങളുടെ കാന്തിയുണ്ടായിരുന്നു അവയ്ക്ക്. നീണ്ട ചിറകുകള്‍ വിടര്‍ത്തി തടാകത്തിലെ നീലപ്പരപ്പുകളിലൂടെ നീന്തിത്തുടിക്കുന്ന കഴുത്തില്‍ ശ്യാമവര്‍ണമുള്ള, അരുണനിറമാര്‍ന്ന കണ്ണുകളും ഓറഞ്ച് നിറത്തിലുള്ള കൊക്കുകളുമുള്ള അരയന്നങ്ങള്‍ ലോകത്തില്‍ മറ്റൊരിടത്തും കവി കണ്ടിരുന്നില്ല. പ്യൂര്‍ട്ടോസാവെഡ്രെ എന്ന സമൂദ്രതീരത്തെ തടാകത്തിലാണ് നെരൂദ തന്റെ യൗവനകാലത്ത് ഈ 'ഹംസങ്ങ'ളെ കണ്ടുമുട്ടിയത്. വേട്ടക്കാരാല്‍ മുറിവേറ്റ ഒരു അരയന്നത്തെ നെരൂദയുടെ കൈയില്‍ കിട്ടി. അതിനെ പരിചരിച്ച്, നെരൂദ, ആ ചിറകുവിടര്‍ത്തിയ സൂന്ദരിയെ ചങ്ങാതിയാക്കി. കൈകളില്‍ ആ സുന്ദരിപ്പക്ഷിയെയുംകൊണ്ട് നദിക്കരകളിലൂടെ നടന്നു. ഏകദേശം കവിയോളം ഉയരമുണ്ടായിരുന്നു ആ പക്ഷിക്ക്. ദിവസങ്ങള്‍ അങ്ങനെ തന്റെ നെഞ്ചില്‍ ചൂടേറ്റുകളിച്ചും കുളിച്ചും തിമിര്‍ത്ത ആ മോഹപ്പക്ഷി തന്റെ മാറില്‍ കിടന്നു, ലോകത്തോട് യാത്രപറഞ്ഞ അനുഭവം, കവി, വികാരഭരിതമായി അയവിറക്കുന്നുണ്ട്, തന്റെ ആത്മകഥയില്‍. അതിന്റെ വിഷാദാത്മകതയാണ് തന്റെ ആദ്യകവിതയുടെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഗ്രീഷ്മമായാലും ശിശിരമായാലും ഹേമന്തമായാലും ഭൂമിയുടെ മാറിലൂടെ നടന്നു സായൂജ്യമടയുമായിരുന്നു, നെരൂദ. ചിലന്തികളെയും വണ്ടുകളെയും കൈകളിലേന്തി ചിത്രശലഭങ്ങളെ സ്വപ്നംകണ്ട്, അരയന്നങ്ങള്‍ക്കുവേണ്ടി ദാഹിച്ച്, മഴവില്ലുകളെ കാമിച്ച് സാന്ദ്രനിശ്ശബ്ദമായ ആകാശനീലിമ നല്‍കിയ അനുഭൂതിയില്‍ നിദ്രകൊണ്ട നെരൂദയോളം, പ്രകൃതിയില്‍ ആടിത്തിമിര്‍ത്ത കവി വേറെയില്ല. ബാര്‍ലിവയലുകളിലൂടെയും ഓറഞ്ചുപാടങ്ങളിലൂടെയും ആപ്പിള്‍തോട്ടങ്ങളിലൂടെയും അലഞ്ഞും സമുദ്രതീരത്തെ പഞ്ചാരമണല്‍ത്തരികളില്‍ തലചായ്ച്ചും അറ്റമില്ലാത്ത ലോകത്തെ കിനാവുകണ്ട കവിയായിരുന്നു, നെരൂദ. പുലരിതുടുത്തുവരും മുമ്പേ, എഴുന്നേറ്റ് പച്ചക്കരിമ്പടം പുതച്ച പ്ലം വിളയുന്ന കാട്ടില്‍ പോവുമായിരുന്നു, നെരൂദ. പോവുമ്പോള്‍ കൈയില്‍ ഒരുനുള്ളു ഉപ്പുണ്ടാവും. ഉയര്‍ന്ന പ്ലം മരത്തില്‍ കയറി പ്ലം പഴം പറിച്ച് ഉപ്പുചേര്‍ത്തുകഴിക്കും.

സാഗരങ്ങളെ പ്രണയിച്ച മൈനാകം

ശപിക്കപ്പെട്ട മൈനാകപ്പക്ഷി ചിറകുവിടര്‍ത്തി പറന്നുയരുന്ന പുരാവൃത്തം ഇന്ത്യന്‍ സംസ്‌കാരത്തിന്റേതാണ്. പര്‍വതമായും പക്ഷിയായും പരികല്‍പ്പനചെയ്യപ്പെട്ട മൈനാകവും സമുദ്രവും തമ്മിലുള്ള ആത്മബന്ധമായിരുന്നു, നെരൂദ, സമുദ്രവുമായി നിലനിര്‍ത്തിയത്. സാഗരനീലിമ നെരൂദയെ വികാരവിവശനാക്കി. സാഗരഗര്‍ജനം നെരൂദയെ അലസതയില്‍നിന്നുണര്‍ത്തി. അനന്തതയുടെ ആ ചിറകടിനാദം കവിഭാവനയ്ക്ക് വിവിധവര്‍ണങ്ങള്‍ നല്‍കിയനുഗ്രഹിച്ചു. സമൂഹത്തില്‍ മനുഷ്യന്‍ തീര്‍ത്ത മതിലുകളെ പൊളിച്ച് വിശ്വസാഹോദര്യത്തിന്റെ ഭാസുരഗീതങ്ങള്‍ രചിക്കാന്‍ സമുദ്രത്തിന്റെ അപാരത കവിക്ക് പ്രചോദനംനല്‍കി.

ഏകാന്തതയുടെ അപാരതയും പ്രശാന്തതയുടെ ആര്‍ദ്രസാന്നിധ്യവും പ്രക്ഷുബ്ധതയുടെ ഘനശ്യാമതാളവും വിഷാദാത്മകതയുടെ ശില്‍പ്പസൗന്ദര്യവും ലയിച്ചുചേരുന്ന പ്രകൃതിയുടെ അന്യൂന ചൈതന്യമായിട്ടാണ് നെരൂദ സമുദ്രത്തെ വരച്ചുവെക്കുന്നത്. സ്‌നേഹമസൃണമായ ആത്മസഖിയുടെ സ്പര്‍ശമാണ് കവിക്ക് കടല്‍. അവള്‍ അമ്മയെപ്പോലെ സ്‌നേഹം ചുരത്തുന്നവളാണ്. അകൃത്രിമമായ ആ അപാരതയില്‍ കോപത്തിന്റെ തിരയലറുമ്പോഴും വാത്സല്യത്തിന്റെ സൗമ്യസംഗീതമായി ലയിക്കുമ്പോഴും കവിക്കത് പ്രകൃതിയുടെ ദ്വന്ദ്വഭാവങ്ങളായിട്ടേ കാണാന്‍ കഴിയൂ. നെരൂദ, പ്രകൃതിയെ നോക്കിക്കാണുകയല്ല; ആഴ്ന്നിറങ്ങുകയാണ്. കവി ഏകാകിയായി മുറിക്കകത്തു കഴിയുമ്പോള്‍, സമുദ്രം അതിന്റെ പതനുരയും കണ്ണുകളാല്‍ തന്നെ ഉറ്റുനോക്കുകയും വിളിച്ചുണര്‍ത്തുകയും ചെയ്തതിനെക്കുറിച്ച് കവി പറയുന്നുണ്ട്.

ഒരിക്കല്‍ ഇന്ത്യസന്ദര്‍ശിച്ച നെരൂദയെ ഇവിടുത്തെ പ്രകൃതിയുടെ അചുംബിത സൗന്ദര്യം ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ബോംബെ നഗരത്തിലെ പാതയോരത്ത് തളര്‍ന്നുറങ്ങുന്ന അശരണരായ മനുഷ്യരുടെ ദൈന്യത കവിയെ വേദനിപ്പിച്ചു. കൊളോണിയല്‍ ഭരണം ഇന്ത്യക്കു സമ്മാനിച്ച ദുരിതത്തെക്കുറിച്ചദ്ദേഹം എഴുതിയിട്ടുണ്ട്. സിങ്കപ്പൂരിലെ കാഴ്ചബംഗ്ലാവുകളും ഇന്ത്യയിലെ കാളിക്ഷേത്രവും സുമാത്രയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമെല്ലാം ആ കാവ്യഭാവനയ്ക്ക് മിഴിവേകി. കാഴ്ചബംഗ്ലാവുകളിലെ കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളുടെ ചിറകടികള്‍ ആ സ്വാതന്ത്ര്യദാഹിയെ വേദനിപ്പിച്ചു. നിസ്സഹായരായ മൃഗങ്ങളുടെ വനരോദനം, ആ കവിഹൃദയത്തെ വേട്ടയാടി.

ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധി, നെഹ്‌റു, നേതാജി തുടങ്ങിയവരുമായി കൂടിക്കാഴ്ചനടത്തുകയുണ്ടായി. ഗാന്ധിജിയെക്കുറിച്ചദ്ദേഹം പറയുന്നത് 'സമര്‍ഥനായ കുറുക്കന്റെ ഭാവമുള്ള ആള്‍' എന്നാണ്. ബുദ്ധന്റെ ധ്യാനനിമഗ്നമായ പ്രതിമ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി.

രക്തവിവാഹം എന്ന നാടകത്തിന്റെ കര്‍ത്താവായ വിശ്വവിഖ്യാത ലാറ്റിനമേരിക്കന്‍ കവി, ലോര്‍ക്ക നെരൂദയുടെ സമകാലികനായിരുന്നു. നെരൂദയെപ്പോലെതന്നെ പ്രകൃതി സ്‌നേഹിയും വിപ്ലവകാരിയുമായിരുന്നു ലോര്‍ക്കയും. 1933-ലാണ് നെരൂദ, ലോര്‍ക്കയെ ആദ്യമായി കാണുന്നത്. സ്ഥലം ബ്യൂണസ് അയേഴ്‌സ് രക്തവിവാഹമെന്ന തന്റെ നാടകം സംവിധാനം ചെയ്യാന്‍ വേണ്ടിയാണ് ലോര്‍ക്ക നഗരത്തിലെത്തിയത്. അവിടെവെച്ച് അവര്‍ സുഹൃത്തുക്കളായി. ഗബ്രിയേല്‍ ഗാര്‍സിയ മര്‍ക്വേസ്, ഫിദല്‍ കാസ്‌ട്രോ തുടങ്ങിയ മഹാരഥന്മാരുമായുള്ള നെരൂദയുടെ ആത്മബന്ധം പ്രസിദ്ധമാണ്. 1973-ല്‍ പാവനമായ ആ കവിഹൃദയം നിലയ്ക്കുംവരെ, അത് രമണീയമായ പ്രപഞ്ചത്തിനും മാനവരാശിക്കും വേണ്ടി തുടിച്ചു.

*
പി പി സത്യന്‍ ജനയുഗം

Saturday, July 30, 2011

നെരൂദയുടെ സ്കൂള്‍

പുതുമുതലാളിത്തത്തിന്റെയും ഫാസിസത്തിന്റെയും കുത്സിതമായ ഒട്ടനവധി പ്രകടന രൂപങ്ങള്‍ക്കു നടുവിലും വിപ്ലവം ഒരു സാധ്യതയാണ് എന്ന് ആദ്യം നാം അംഗീകരിക്കുക - സേവനങ്ങളാണ് ചരക്കുകളല്ല ഉല്പാദിപ്പിക്കപ്പെടുന്നത്, അതുകൊണ്ട് തൊഴിലാളി വര്‍ഗത്തിനു വിട എന്ന മുറവിളികള്‍ എമ്പാടും ഉയരുന്നുണ്ടെങ്കിലും ഒരു തൊഴിലാളിവര്‍ഗം ഉണ്ടെന്നും അവരുടെ മേല്‍ക്കൈയിലാണ് ഒരു സാമൂഹ്യമാറ്റം വരാന്‍പോകുന്നതെന്നും നാം നമ്മെത്തന്നെ ബോധ്യപ്പെടുത്തുക - വര്‍ഗസമരങ്ങളുടെ പ്രകടനരീതികളില്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പുതുരീതികളിലും സ്വഭാവങ്ങളിലും മൂര്‍ച്ഛിക്കാന്‍ തന്നെയാണ് പോകുന്നതെന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രഖ്യാതമായ ആദ്യവാക്യം ചരിത്രപരമായ ഏറ്റവും വലിയ ഉണ്‍മയാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുക - എന്നിട്ട് മാത്രം നമുക്ക് പാബ്ലോ നെരൂദയുടെ കവിതകളിലേക്ക് കടക്കാം. പാബ്ലോ നെരൂദയുടെ സ്കൂളിനെക്കുറിച്ച് സംസാരിക്കാം.

തന്റെ ആത്മകഥയായ "മെമ്മയേര്‍സ്" (ഓര്‍മക്കുറിപ്പുകള്‍) എന്ന കൃതിയില്‍ ആദ്യമായി തൊളിലാളികള്‍ക്കിടയില്‍ കവിത വായിക്കാന്‍ പോയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് നെരൂദ പറയുന്നുണ്ട്. തണുപ്പില്‍ ചാക്കുകൊണ്ടും കീറക്കരിമ്പടങ്ങള്‍കൊണ്ടും തങ്ങളുടെ പരുക്കന്‍ ശരീരങ്ങള്‍ പാതിപൊതിഞ്ഞ, പുറമേയ്ക്ക് രൂക്ഷപ്രകൃതികള്‍ എന്നു തോന്നിക്കുന്ന മനുഷ്യര്‍ - അരസികേഷു കവിത്വ നിവേദനം - ഇവരോടു കവിത വായിച്ചിട്ടെന്തു കാര്യം! കവിതയെക്കുറിച്ചുള്ള തന്റെ ആഢ്യസങ്കല്പവും തൊഴിലാളിവര്‍ഗ സംസ്കാരത്തെക്കുറിച്ചുള്ള തന്റെ മൂഢസങ്കല്പവും ചേര്‍ന്നുണ്ടായതായിരുന്നു ആ ഭീതി. കവിത വായിച്ചു വായിച്ചു മുന്നേറവെ തന്റെ കവിത ആരെയാണോ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത് അക്കാര്യത്തില്‍ വിജയിക്കുന്നുണ്ടെന്ന സത്യം നെരൂദ തിരിച്ചറിയുന്നു. ആ മുന്നിലിരിക്കുന്ന പരുക്കന്‍ മനുഷ്യരാകെ തരളിതചിത്തരാകുന്നതും അവരുടെ കണ്ണുകള്‍ നിറഞ്ഞുകലങ്ങുന്നതും നെരൂദ കണ്ടു. തന്റെ പഠനക്കളരി ഏതെന്ന് നെരൂദ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

പ്രകൃതിയുമായുള്ള അതിതീക്ഷ്ണമായ ഏകീഭാവത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന മാജിക്കല്‍ റിയലിസത്തിന്റെ അനന്ത സാധ്യതകളോടുകൂടിയ ലാറ്റിനമേരിക്കന്‍ സാംസ്കാരികത്തനിമയുടെ സമ്പന്ന വൈവിധ്യങ്ങളുടെ യഥാര്‍ഥ ഉടമകള്‍ ഈ തൊഴിലാളി വര്‍ഗവും അവരുടെ ഭാഷയും ഭാഷണശൈലികളും മനുഷ്യബന്ധ വൈചിത്ര്യങ്ങളുമാണെന്ന് നെരൂദ തിരിച്ചറിഞ്ഞു. അതേസമയം അവര്‍ അത്യധികം ചൂഷണം ചെയ്യപ്പെടുന്നവരുമാണ്. വിശപ്പിന്റെ ഒരു പുതിയ സൗന്ദര്യശാസ്ത്രം ഉയര്‍ന്നുവരേണ്ട ഭൂഖണ്ഡമാണ് ലാറ്റിന്‍ അമേരിക്ക എന്ന സത്യം തന്റെ സമകാലികരായ മറ്റു പല കവികളെയും പോലെ നെരൂദയും മനസിലാക്കുന്നു. വിശപ്പ് ലജ്ജിക്കേണ്ട ഒരു കാര്യമല്ല- ഒരു വികലമായ വ്യവസ്ഥ തങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കപ്പെടേണ്ട ഒന്നാണ്. അവസ്ഥാന്തരങ്ങളില്‍ ജനതയുടെ കണ്ണുകളിലുണരുന്ന സൌമ്യ-രൌദ്ര ഭാവങ്ങളുടെ അര്‍ഥഗരിമകള്‍ തിരിച്ചറിയാനുള്ള കണ്ണാണ് കവിക്കുണ്ടാകേണ്ടത് എന്ന് നെരൂദ ഓര്‍മപ്പെടുത്തുന്നുണ്ട്.

ജനതയോടും വിജനതയോടും ഒരേസമയം ആകൃഷ്ടനാകാനുള്ള കവിയെന്ന നിലയിലുള്ള തന്റെ ബാധ്യതയെക്കുറിച്ച് നെരൂദ ബോധവാനായിരുന്നു. അതായത് വിപ്ലവാശയങ്ങള്‍ കൊണ്ടുമാത്രമല്ല വിപ്ലവകവിതയുണ്ടാകുന്നത്. വിപ്ലവകവിതയുടെ ബിംബാവലികളും രൂപകസമൃദ്ധികളും ഭാഷാസവിശേഷതകളും സവിശേഷമായ രീതിയില്‍ വാര്‍ത്തെടുക്കപ്പെടേണ്ടതാണ്. വാക്കുകളില്‍ തുള വീഴ്ത്തുന്ന ഒരു മഴയായി അദ്ദേഹം തൊഴിലാളിവര്‍ഗം സൃഷ്ടിക്കുന്ന ചരിത്രത്തെ നോക്കിക്കണ്ടു. അത്യധികം ആസക്തമായ ഐന്ദ്രികതയോടെയാണ് നെരൂദ പ്രകൃതിയെക്കാണുന്നത്. അങ്ങനെ കാണുമ്പോഴും അതിന്റെ സ്വത്തവകാശം ആര്‍ക്ക് എന്ന് ഒരു സിയാറ്റല്‍ മുഖ്യന്റെ നിഷ്ക്കളങ്കതയോടെയല്ല, ഒരു മാര്‍ക്സിസ്റ്റിന്റെ വിശകലന ദൃഷ്ടിയോടെ നെരൂദ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. കവിത ഉറക്കെച്ചൊല്ലലാണെന്ന (utterance) തന്റെ സിദ്ധാന്തം നെരൂദ സ്വരൂപിച്ചത് തന്റെ തൊഴിലാളി സ്കൂളില്‍ നിന്നാണെന്നര്‍ഥം. കവിത മന്ത്രമാണെന്ന നമ്മുടെ അരവിന്ദ മഹര്‍ഷിയുടെ- വിപ്ലവത്തില്‍നിന്ന് നിര്‍വേദത്തിലേക്കു നടന്ന നമ്മുടെ അരവിന്ദന്റെ - കാഴ്ചപ്പാടിന്റെ മറുപുറം.

1924ല്‍ തന്റെ ആദ്യകവിതാ സമാഹാരം (ഇരുപതു പ്രണയകവിതകളും ഒരു നിരാശാഗീതവും) പ്രസിദ്ധീകരിച്ച് 21 വര്‍ഷത്തിനുശേഷം മാത്രമാണ് നെരൂദ 1945ല്‍ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിക്കുന്നത്. അതിനിടെ 1930ല്‍ ലോകത്തെ ആസകലം വിഴുങ്ങിയ ഒരു സാമ്പത്തികമാന്ദ്യം (The great depression), സ്പെയിനില്‍ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യത്തിനെതിരെ കവികളും കലാകാരന്മാരും കൂടി പങ്കെടുത്ത ആന്റി ഫാസിസ്റ്റ് പോരാട്ടങ്ങള്‍ , ഇറ്റലിയിലെയും ജര്‍മനിയിലെയും ഫാസിസത്തിന്റെ കിരാത പ്രകടനങ്ങള്‍ , ലാറ്റിനമേരിക്ക മൊത്തത്തില്‍ അനുഭവിച്ച പട്ടിണിഞെരുക്കങ്ങള്‍ ഇവയുടെയെല്ലാം നാനാമുഖമായ സമ്മര്‍ദത്തില്‍ ഒരു കമ്യൂണിസ്റ്റ് രൂപം കൊള്ളുകയായിരുന്നു. എല്ലാത്തരം ലിബറല്‍ പ്രത്യയശാസ്ത്രങ്ങളെയും തള്ളിപ്പറയാനും വ്യക്തിഗത സാമ്പത്തിക സിദ്ധാന്തങ്ങളെയും നിരാകരിക്കാനും മാര്‍ക്സിയന്‍ സാങ്കേതിക സംജ്ഞകളെ അടിസ്ഥാന പദാവലികളായി സ്വീകരിക്കാനും പോന്ന ഒരു ലാറ്റിനമേരിക്കന്‍ ദാര്‍ഢ്യം നെരൂദ കൈവരിക്കുന്നുണ്ട്. വിപ്ലവനേതാക്കന്മാരുടെ ദൗത്യം രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളുടെ വര്‍ഗാടിസ്ഥാനത്തിലുള്ള പൊളിച്ചെഴുത്താണെങ്കില്‍ അതിനു പൂരകമായി നിന്നുകൊണ്ട് മനുഷ്യബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും മൂല്യബോധങ്ങളിലും ഭാഷാ-ഭാഷണരീതികളിലും, സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളിലും നിയമവ്യവസ്ഥകളിലുമുള്ള പൊളിച്ചെഴുത്താണ് കവികള്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ ദൗത്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് കവിതയ്ക്ക് പുതുരക്തവും പുതുമുഖവും നല്‍കാനാണ് നെരൂദ ശ്രമിച്ചത്.

വിപ്ലവപൂര്‍വകാലത്തും വിപ്ലവകാലത്തും വിപ്ലവാനന്തര കാലത്തും കവിത എങ്ങനെ പെരുമാറണം എന്ന് പ്രവൃത്തികൊണ്ട് തെളിയിക്കുകയായിരുന്നു നെരൂദ. ലോകത്തെമ്പാടുമുള്ള നിരാലംബരും പീഡിതരുമായ തൊഴിലാളിവര്‍ഗ ഭൂരിപക്ഷത്തെയാണ് കമ്യൂണിസ്റ്റ് കവിത അഭിസംബോധന ചെയ്യേണ്ടതെന്നു പറയുമ്പോള്‍ത്തന്നെ "സ്വന്തം മുരിങ്ങയുടെ ചുവട്ടില്‍ നിന്നുകൊണ്ട് മാത്രമേ നക്ഷത്രമെണ്ണാന്‍ കഴിയൂ" എന്ന തിരിച്ചറിവോടെ ലാറ്റിനമേരിക്കന്‍ പ്രകൃതിയെയും സംസ്കാരത്തെയും ഐന്ദ്രിയമായ എല്ലാ ആവേശങ്ങളോടെയും ആശ്ലേഷിക്കുകയും അതിനെ തന്റെ കവിതകളുടെ ദൃഢഭൂമിയായി (ടെറാഫേര്‍മ) സ്വീകരിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് കവികള്‍ തമ്മില്‍ വ്യത്യാസമുണ്ട് - ഉണ്ടായിരിക്കുകയും വേണം. വിപ്ലവത്തിന്റെ ഭൗതിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടെന്നതുപോലെ മാനസിക വിപ്ലവത്തിന്റെ സാംസ്കാരിക സാഹചര്യങ്ങളിലും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് തിരിച്ചറിയുന്നിടത്താണ് കമ്യൂണിസ്റ്റ് സാഹിത്യം വിജയിക്കുന്നത്. തീര്‍ച്ചയായും കമ്യൂണിസ്റ്റ് സാഹിത്യം ദേശീയ പാരമ്പര്യങ്ങളുടെ ധനാത്മക ഘടകങ്ങളോട് ശക്തമായി കണ്ണി ചേര്‍ക്കപ്പെടേണ്ടതായിട്ടുണ്ട്.

വിപ്ലവപൂര്‍വ- വിപ്ലവ കാലഘട്ടങ്ങളില്‍ വിപ്ലവത്തോടൊപ്പംനിന്ന കവി വിപ്ലവാനന്തരകാലഘട്ടത്തില്‍ വര്‍ഗവൈരുധ്യങ്ങളുടെ അവശിഷ്ടങ്ങള്‍ പിന്നെയും സമൂഹത്തില്‍ ബാക്കിനില്‍ക്കുന്നിടത്തോളം കാലം ഒരു സൗവര്‍ണ പ്രതിപക്ഷം ആയി നിലനില്‍ക്കേണ്ടതുണ്ട്. സൌവര്‍ണം എന്ന വാക്കിന് അടിവര വേണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ബ്രെഹ്ത്തും, മയക്കോവ്സ്കിയും നെരൂദയും ലോര്‍ക്കയും എവ്തുഷെങ്കോവും അഹ്മത്തോവയും സെദര്‍സെങ്കോറും നിക്കൊളാസ് ഗിയേനും നികാനോര്‍ പാര്‍റായും നാസിം ഹിക്മത്തും, നമ്മുടെ ഇടശ്ശേരിയും വൈലോപ്പിള്ളിയും കടമ്മനിട്ടയും സച്ചിദാനന്ദനും കുഞ്ഞപ്പയും പലസ്തീന്‍ കവിയായ മഹമൂദ് ദര്‍വിഷും ഒക്കെ ഒരേ സ്കൂളില്‍ പഠിക്കുന്നവരാണെന്ന സത്യമാണ് നാം തിരിച്ചറിയേണ്ടത്.

"എങ്ങു മനുഷ്യനു ചങ്ങല കൈകളില്‍ അങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാണ്"

എന്ന ശ്വാസച്ചൂടിലാണ് അവര്‍ വഴിനടക്കുന്നത്.

"നിങ്ങള്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളെയും കുറിച്ച് സംസാരിക്കാത്തത്.
വരൂ ഈ തെരുവുകളിലെ രക്തം കാണൂ വരൂ,
കാണൂ ഈ തെരുവുകളിലെ രക്തം"

(നെരൂദ - ചില കാര്യങ്ങളുടെ വിശദീകരണം .വിവ: സച്ചിദാനന്ദന്‍)

എന്ന് ഇരുണ്ട കാഴ്ചകളിലേക്ക് അവരുടെ ശപിയ്ക്കപ്പെട്ട കണ്ണുകള്‍ എപ്പോഴും കുരുത്തക്കേട് കാണിക്കുന്നു.

"ചതിയന്‍ പടനായകരേ
ഇതാ കാണൂ എന്റെ മരിച്ച തറവാട്
ഇതാ കാണൂ ഈ തകര്‍ന്ന സ്പെയിന്‍
വീടായ വീട്ടില്‍ നിന്നെല്ലാം
പൂക്കള്‍ക്കുപകരം ഉരുകിയ ലോഹമൊഴുകുന്നു
സ്പെയിനിന്റെ ഓരോ കണ്‍കുഴിയില്‍നിന്നും
സ്പെയിന്‍ പുറത്തുചാടുന്നു.
മരിച്ച ഓരോ കുട്ടിയില്‍നിന്നും
കണ്ണുകളുള്ള ഒരു തോക്കുയരുന്നു.
ഓരോ കൊടും പാതകത്തില്‍നിന്നും
വെടിയുണ്ടകള്‍ ഉയിര്‍ക്കൊള്ളുന്നു.
ഈ വെടിയുണ്ടകള്‍ ഒരു ദിവസം
നിങ്ങളുടെ ഹൃദയത്തിന്റെ കാളക്കണ്ണ് കണ്ടെത്തും".

(ചില കാര്യങ്ങളുടെ വിശദീകരണം)

എന്ന് ഇടിഞ്ഞുപൊളിഞ്ഞ ലോകങ്ങളില്‍നിന്നുയരുന്ന പ്രതിരോധങ്ങളുടെ ശബ്ദം അവര്‍ അനുരണനം ചെയ്യുന്നു.

"നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്" (കടമ്മനിട്ട) എന്നവര്‍ താക്കീതു നല്‍കുന്നു. അധികാരത്തിന്റെ എല്ലാ കോട്ടകൊത്തളങ്ങളും തകരും എന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

"കലാപത്തിന്റെ നൂറ്റാണ്ടുകളില്‍ ജീവിക്കുന്ന സഖാക്കളേ
ആഫ്രിക്ക മുതല്‍ അമേരിക്കയോളം പടരുന്ന കാപ്പിരിയുടെ
ശരതീക്ഷ്ണമായ ആരവത്തിനായി ചെവിടോര്‍ക്കുവിന്‍"

(ഡേവിഡ് ദിയോപ്) (തര്‍ജമ -സച്ചിദാനന്ദന്‍)

എന്ന് വിപ്ലവത്തിന്റെ ഇടിമുഴക്കത്തിനായി അവര്‍ കാതോര്‍ക്കുന്നു.

"ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും".

ഓട്ടോ റെനെ കാസ്റ്റിലോ (വിവ: കെ ജി ശങ്കരപ്പിള്ള)

അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും കഥകളിലും സ്ഥാനം കിട്ടിയിട്ടില്ലാത്തവര്‍ നിങ്ങള്‍ എന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ എന്നു ചോദിച്ചുകൊണ്ട് കടന്നുവരുന്നത് അവര്‍ സ്വപ്നംകാണുന്നു. നിങ്ങളുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടാണ് ഇത്രയും കടുപ്പവും കാഠിന്യവും എന്ന് കുഞ്ഞപ്പയുടെ കവിത കുഞ്ഞപ്പയോടു ചോദിക്കുന്നു.

അവര്‍ - നെരൂദയുടെ സ്കൂളില്‍ ഒപ്പം പഠിച്ച കുട്ടികള്‍ - അവര്‍ ഒരുമിച്ചു സ്വപ്നം കാണുന്നു. വരൂ - അവരോടൊപ്പം ഈ തെരുവിലെ രക്തം കാണൂ. നിങ്ങള്‍ക്ക് അവരുടെ കവിതയിലെ രൂപവും രൂപകങ്ങളും ചെടിപ്പ് ഉളവാക്കുന്നുണ്ടോ? കാലത്തിന് ഈ ഭാഷ പോരെന്നു തോന്നുന്നുണ്ടോ? മാറ്റിക്കൊള്ളുക - പക്ഷേ അവരുടെ സ്വപ്നങ്ങളെ ചോദ്യം ചെയ്യരുത്. അവരുടെ ആത്മാര്‍ഥതയെ അവിശ്വസിക്കരുത്. നേരെ നിന്നു പോരാടാന്‍ അവര്‍ക്കൊരു ശത്രുവുണ്ടായിരുന്നു. കാണാത്ത നിഴലിനെ കണ്‍കെട്ടി നിന്ന് അമ്പെയ്യുമ്പോള്‍ ഓര്‍ക്കുക - കാലം ഒരു പിഴച്ച കാലമാണ് -

"വസന്ത വായുവില്‍ മുഴുവന്‍ വസൂരിരോഗാണുക്കളാണ് -
പുളളിമാനിനു പിറകെ പുലിയുണ്ട്"

സുസ്ഥിതിയുടെ മറുപുറം തപ്പുന്ന മര്‍ത്ത്യരീതി -എന്തുചെയ്യാം - കവികളുടെ വര്‍ഗം അങ്ങനെ ആയിപ്പോയി

*
കെ പി മോഹനന്‍, കടപ്പാട്: ദേശാഭിമാനി വാരിക

അന്ധകാരത്തില്‍ പ്രകാശം പരത്തിയ കവി

ചിലിയിലെ കവിയും രാഷ്ട്രീയക്കാരനുമായ നെഫ്താലി റിക്കാഡോ റയസ് ബസാള്‍ട്ടോ, ആദ്യം തൂലികാ നാമമായും പിന്നീട് നിയമപരമായ നാമധേയവുമായി സ്വീകരിച്ച പേരാണ് പാബ്ലോ നെരൂദ. ചെക്കോസ്ലോവാക്യയിലെ പത്രപ്രവര്‍ത്തകനും കവിയും എഴുത്തുകാരനും റിയലിസ്റ്റിക് കവിതയുടെ പ്രയോക്താവും May School അംഗവുമായ യാന്‍ നെപ്പോമുക്കി (Jan Nepomuk)ല്‍നിന്നാണ് പാബ്ലോ നെരൂദ ഈ പേര് കണ്ടെത്തിയത്. തന്റെ തലമുറയിലെ സര്‍വമുഖമായ സാംസ്കാരിക രാഷ്ട്രീയ പോരാട്ടങ്ങളില്‍ പ്രാഗിലെ പെറ്റി ബൂര്‍ഷ്വാ മേധാവിത്തത്തിനെതിരെ ശബ്ദിച്ചയാളാണ് യാന്‍ നെരൂദ. അതുകൊണ്ടുതന്നെയായിരിക്കണം ചിലിയിലെയും സ്പെയിനിലെയും തന്റെ രാഷ്ട്രീയ ജീവിതത്തെ ചരിത്രവുമായി ബന്ധിപ്പിക്കുവാന്‍ ആ പേര് തന്നെ അദ്ദേഹം കണ്ടെത്തിയത്.

1904 ജൂലൈ 12നാണ് സാന്റിയാഗോവില്‍നിന്ന് ഏകദേശം മുന്നൂറ്റിഅമ്പത് കിലോമീറ്റര്‍ തെക്കുള്ള ലിനാറസ് പ്രവിശ്യയിലെ പാറന്‍ എന്ന സ്ഥലത്ത് പാബ്ലോ നെരൂദ ജനിച്ചത്. പിതാവായ ജോസെ ദല്‍ കാര്‍മെന്‍ റയസ് മൊറാലസ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. അമ്മ റോസാ ബൊസാള്‍ട്ടോ അധ്യാപികയും. നെരൂദ ജനിച്ച് രണ്ട് മാസം കഴിയുമ്പോഴേക്കും അമ്മ മരിച്ചു. നെരൂദയും പിതാവും റ്റെമുക്കോ എന്ന സ്ഥലത്തേക്ക് താമസം മാറുകയും പിതാവ് രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. കവിതയോടുള്ള മകന്റെ കമ്പം നെരൂദയുടെ പിതാവ് നിരുത്സാഹപ്പെടുത്തിയിരുന്നു.

പതിമൂന്നാമത്തെ വയസിലാണ് നെരൂദയുടെ ആദ്യത്തെ സാഹിത്യ സംഭാവന പുറത്തുവന്നത്. "അത്യുത്സാഹവും കഠിനാധ്വാനവും" എന്ന പ്രബന്ധമായിരുന്നു അത്. 1918നും 20നുമിടയില്‍ നെരൂദ ഒരുപാട് കവിതകളെഴുതി. നെരൂദ എന്ന പേര് സ്വീകരിച്ചതും 1920ല്‍ ആയിരുന്നു. നെരൂദയുടെ കവിതാബോധത്തെ സ്വാധീനിച്ചവരില്‍ ആദ്യത്തേത് ഫ്രഞ്ച് കവിയായ പോള്‍ വെര്‍ലിയിനാണെന്ന് പറയാം. ഒരുപാട് റഷ്യന്‍ കവികളും ലാറ്റിന്‍ അമേരിക്കന്‍ കവികളും സ്വാധീനം ചെലുത്തിയെങ്കിലും അമേരിക്കന്‍ കവിയായ വാള്‍ട്ട് വിറ്റ്മാന്‍ തന്റെ വലിയൊരു സ്വാധീനമായിരുന്നെന്ന് നെരൂദ സമ്മതിക്കുന്നുണ്ട്.

കവി, രാജ്യതന്ത്രജ്ഞന്‍ , രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം ഇരുപതാം നൂറ്റാണ്ട് മുഴുവനും ലാറ്റിനമേരിക്കയില്‍ ചിരപരിചിതമായ പേരായിരുന്നു പാബ്ലോ നെരൂദയുടേത്. ഇരുപതാം വയസില്‍ തന്നെ സ്പാനിഷ് കവിതകളിലൂടെ പ്രശസ്തനായിത്തീര്‍ന്നിരുന്നു നെരൂദ. വിഷാദവും പ്രണയവും രതിയുമെല്ലാം ഇഴചേര്‍ന്ന കവിതകളായിരുന്നു അത്. (ഇരുപത് കവിതകളും ഒരു വിഷാദ ഗീതവും). ചിലിയിലെ ഉന്നത ഉദ്യോഗസ്ഥനായി സര്‍ബ, സിലോണ്‍ , ജാവ, അര്‍ജന്റിന, സ്പെയിന്‍ , ഫ്രാന്‍സ്, മെക്സിക്കോ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നെരൂദയിലെ കവിതയുടെ വേലിയേറ്റം തുടര്‍ന്നു കൊണ്ടേയിരുന്നു.

ചിലിയിലെ ദാരിദ്ര്യവും സ്പെയിനിലെ ആഭ്യന്തര സമരങ്ങളുമാണ് നെരൂദയെ രാഷ്ട്രീയ കവിയാക്കി മാറ്റിയത്. ചിലിയിലെ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1943ല്‍ നെരൂദ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. നാല്‍പ്പത്തിയെട്ടില്‍ ഒളിവിലും പിന്നീട് നാല്‍പ്പതിയൊമ്പതില്‍ അര്‍ജന്റിനയിലേക്കും പോവേണ്ടിവന്നു. ലാറ്റിനമേരിക്കന്‍ പോരാട്ട വീര്യത്തിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച കാന്റോ ജനെറല്‍ 1950ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സര്‍ഗാത്മക വികാരങ്ങളെ സ്വാതന്ത്ര്യത്തിലേക്കുള്ള തീപ്പാട്ടുകളാക്കി മാറ്റിയ തന്റെ കാവ്യ സപര്യയുടെ സാഫല്യമായി 1971ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നെരൂദയെ തേടിയെത്തി.

എങ്കിലും വളരെ ലളിതമായി കരഗതമായ ഒന്നായിരുന്നില്ല ആ നൊബേല്‍ സമ്മാനം. റഷ്യയിലെ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തെ നെരൂദ പുകഴ്ത്തിയിരുന്നത് നോബല്‍ സമ്മാന സമിതിയിലെ പലര്‍ക്കും അനിഷ്ടമുണ്ടാക്കിയ വിഷയമായിരുന്നു. നെരൂദയുടെ സ്വീഡിഷ് തര്‍ജമക്കാരനായ ആര്‍തര്‍ ലുണ്‍ട്കിവിസ്റ്റിന്റെ വലിയൊരു പ്രവര്‍ത്തനംകൂടിയുള്ളതുകൊണ്ടാണ് ചിലിയിലേക്ക് നൊബേല്‍ സമ്മാനം എത്തപ്പെട്ടത്. നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് സ്റ്റോക്ക്ഹോമില്‍ നെരൂദ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി, "ഒരു കവി ഒരേസമയം ഐക്യദാർഢ്യത്തിന്റേയും (Solidarity) ഏകാന്തതയുടെയും (Solitude) പ്രേരകശക്തിയാണ്".

1973ല്‍ ചിലിയില്‍ ചുരുള്‍ നിവര്‍ത്തിയ അഭ്യന്തര അസ്വാസ്ഥ്യം അലന്‍ഡെയെ അട്ടിമറിക്കാനുള്ള കലാപമായിരുന്നു. 1973 സെപ്തംബര്‍ പതിനൊന്നിന് ഒരു "മാര്‍ക്സിസ്റ്റ് ചിലി"യെന്ന നെരൂദയുടെ ചിരകാല സ്വപ്നം ജനറല്‍ പിനോഷയുടെ നേതൃത്വത്തിലെത്തിയ സായുധ സൈന്യം തകര്‍ത്തു തരിപ്പണമാക്കി. അതിനുശേഷം നെരൂദയുടെ വീട് പരിശോധിക്കാനെത്തിയ ചിലിയിലെ ആയുധധാരികളായ പട്ടാളക്കാരോട് നെരൂദ നിര്‍ഭയം പറഞ്ഞതിങ്ങനെയാണ് -"ചുറ്റും നോക്കിക്കൊള്ളൂ... ഇവിടെ നിങ്ങള്‍ക്ക് അപകടകരമായ ഒന്നേ കാണാനാവൂ.... അത് കവിതയാണ്".

1973 സെപ്തംബര്‍ 23ന് വൈകുന്നേരം സാന്റിയാഗോവിലെ സാന്റാ മറിയ ക്ലിനിക്കില്‍ ഹൃദയാഘാതം മൂലമാണ് നെരൂദ മരണമടഞ്ഞത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന നെരൂദയുടെ അന്ത്യം അങ്ങനെയായിരുന്നു. അതിവിപുലമായ പൊലീസ് കാവലിലായിരുന്നു നെരൂദയുടെ ശവസംസ്കാരച്ചടങ്ങുകള്‍ നടന്നത്. അക്ഷരവിരോധിയായ പിനോഷെ നെരൂദയുടെ വീട് പൂര്‍ണമായി തകര്‍ക്കുകയും കവിതയും പുസ്തകങ്ങളുമെല്ലാം നശിപ്പിക്കുകയും ചെയ്തു. നെരൂദയുടെ മരണത്തിന് കൃത്യം പന്ത്രണ്ട് ദിവസംമുന്നെയാണ് മൊനീസ കൊട്ടാരം തകര്‍ത്തുകൊണ്ട് പിനോഷെയും മറ്റു ജനറല്‍മാരും കൂടി അലന്‍ഡെയെ വധിച്ചത്.

1974ല്‍ നെരൂദയുടെ ആത്മകഥാപരമായ, ഭാവഗീത സാന്ദ്രതയുള്ള ഓര്‍മക്കുറിപ്പുകള്‍ (Memoirs) പ്രസിദ്ധീകരിക്കപ്പെട്ടു. "ഞാന്‍ തുറന്നുപറയുന്നു, ഞാന്‍ ജീവിച്ചിരുന്നു " (I Confess, I have lived) എന്ന തലക്കെട്ടോടുകൂടിയാണ് ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മരണത്തിന്റെ അന്ത്യനിമിഷങ്ങള്‍ വരെ, നെരൂദ തന്റെ ഓര്‍മകള്‍ പകര്‍ത്തിയിരുന്നു. ഞശഴവേ “Right Comrade, It''s the Hour of Garden" എന്ന അവസാന കവിതയടക്കമാണ് ആ പുസ്തകം പുറത്തുവന്നത്.

നെരൂദയുടെ കാമിനിയായ മെറ്റില്‍ഡ ഉറേഷ്യയാണ് ഓര്‍മക്കുറിപ്പുകളെല്ലാം അടുക്കിപ്പെറുക്കി അക്ഷരമുദ്രകളാക്കി മാറ്റിയത്. ചിലിയുടെ പൊതുബോധത്തില്‍നിന്ന് നെരൂദയെ മായ്ച്ചുകളയാന്‍ ശ്രമിച്ച പിനോഷെയുടെ എതിര്‍പ്പുകളെ അതുകൊണ്ടുതന്നെ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. 1986ല്‍ മരണാനന്തരം അവരുടെ ഓര്‍മക്കുറിപ്പായ "പാബ്ലോ നെരൂദയുടെ കൂടെയുള്ള എന്റെ ജീവിതം" (My life with Pablo Neruda) പുറത്തുവന്നു. നെരൂദയുടെ കവിതകളുടെ മലയാള വിവര്‍ത്തന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ സച്ചിദാനന്ദന്‍ ഇങ്ങനെ പറയുന്നു- "പ്രപഞ്ചോല്‍പ്പത്തിയേയും പ്രാണി പരിണാമത്തെയും മനുഷ്യേതിഹാസത്തേയും കുറിച്ചുള്ള മൗലികവും കാവ്യാത്മകവുമായ ഒരു സമഗ്രദര്‍ശനം, ചരാചര പ്രകൃതിയുമായുള്ള യോഗാത്മക ലയം, ധര്‍മാനുഷ്ഠാനത്തെയും നൈതിക മൂല്യങ്ങളെയും കുറിച്ചുള്ള പ്രകാശപൂര്‍ണമായ ആകാംക്ഷ - ഇവയെല്ലാമാണ് മഹാകവികളെ വെറും കവികളില്‍നിന്ന് ഉയര്‍ത്തി നിര്‍ത്തുന്നതെങ്കില്‍ പാബ്ലോ നെരൂദ നിസ്സംശയമായും മഹാകവിയാണ്. ബൈബിളിനും മഹാഭാരതത്തിനും ജന്മം നല്‍കിയ അതേ പ്രവചനോന്മുഖമായ ഭാവന, അതേ ചടുലമായ അന്തര്‍ദര്‍ശനം, അതേ ഉദാത്തമായ ഉദ്വിഗ്നത, നെരൂദയുടെ വേരുകളെയും കുളിര്‍പ്പിക്കുന്നു. ഈ അനാത്മവാദി, ഋഷികവികളെപ്പോലെതന്നെ ഏകാന്തതയുടെ മൂര്‍ധന്യത്തെ മനുഷ്യരാശിയിലുള്ള വിലയനവുമായി ഇണക്കിച്ചേര്‍ക്കുന്നു" എന്നാണ്.

കാന്റോ ജനറലില്‍ നെരൂദയുടെ മാനവിക സ്നേഹം സ്ഥലകാല പരിമിതികളില്‍നിന്ന് ഉദാത്തമായി മനുഷ്യത്വ ത്തിലേക്കുയരുന്ന സന്ദര്‍ഭം, "എന്റെ രാഷ്ട്രീയ കക്ഷിക്ക്" എന്ന കവിതയില്‍ സ്പഷ്ടമായി കാണാം.

അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി -

എന്ന വരികളിലൂടെ കവിത അവസാനിക്കുന്നത്, ഇനിമേല്‍ ഞാന്‍ എന്നില്‍തന്നെ ഒടുങ്ങുന്നില്ല-എന്ന് പറഞ്ഞുകൊണ്ടാണ് (വിവ: സച്ചിദാനന്ദന്‍)

മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും അരാജകത്വപരമായ കാലാവസ്ഥ, ലോകത്ത് പതുക്കെ ശക്തി പ്രാപിക്കയാണ് എന്ന തിരിച്ചറിവില്‍നിന്നാണ് നെരൂദ തന്റെ കവിതയുടെ പ്രതിരോധ മുഴക്കങ്ങള്‍ തീര്‍ക്കുന്നത് എന്ന് കാണാം. ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്വിസ് ഇരുപതാം നൂറ്റാണ്ടിലെ മഹാനായ കവിയായാണ് നെരൂദയെ വിശേഷിപ്പിച്ചത്. വിദേശ ഭാഷയിലെഴുതിയ ഒരു കവിക്ക് ഇന്ത്യയില്‍ അത്രയേറെ വായനക്കാരും തര്‍ജമകളും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നെരൂദയ്ക്കാണെന്ന് കാണാം. ലാറ്റിന്‍അമേരിക്കയിലെ മിക്കവാറും കഥകളില്‍ പാബ്ലോ നെരൂദ ഒരു കഥാപാത്രമായി വരുന്നത് കാണാം. മാര്‍ക്വിസിന്റെ പന്ത്രണ്ട് തീര്‍ഥാടക കഥകള്‍ (Twelve Pilgrim Stories 1992) എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട കഥയാണ് "ഞാന്‍ എന്റെ സ്വപ്നങ്ങള്‍ വില്‍ക്കുന്നു. (I Sell my Dreams). ഈ കഥയില്‍ ഒരു കഥാപാത്രമായി വന്ന് നെരൂദ പറയുന്നത് ഉള്‍ക്കാഴ്ച കൊണ്ടും ക്രാന്തദര്‍ശനം കൊണ്ടും കവിതപോലെ മറ്റൊന്നും അനുഗ്രഹിക്കപ്പെട്ടിട്ടില്ല എന്നാണ്.

നെരൂദയുടെ ആയിരക്കണക്കിന് കവിതകള്‍ ലാറ്റിനമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മനഃപാഠമായിരുന്നു. അതുകൊണ്ട്തന്നെയാവണം നെരൂദ പറഞ്ഞത്, "ചിലിയിലെ മുക്കിലും മൂലയിലും സഞ്ചരിച്ച് കവിതയുടെ വിത്തുകളെ ജനങ്ങളുടെ മനസ്സില്‍ വിതറിയവനാണ് ഞാന്‍ എന്ന്". രണ്ടായിരത്തി ഒന്നില്‍ പുറത്തുവന്ന അന്റോണിയോ സ്കര്‍മറ്റാസിന്റെ നെരൂദയുടെ തപാല്‍കാരന്‍ (Nerudas'' Post Man) നെരൂദയിലെ യഥാര്‍ഥ മനുഷ്യന്റെ ഹൃദയസ്പൃക്കായ വിവരണമാണ്. ഈ നോവല്‍ പിന്നീട് മൈക്കല്‍ റെഡ്ഫോര്‍ഡ് റെഡ്ഫോര്ഡ് The Postman (1995) എന്ന പേരില്‍ സിനിമയാക്കുകയും അക്കാദമി അവാര്‍ഡ് നോമിനേഷന് പരിഗണിക്കപ്പെടുകയുമുണ്ടായി. നെരൂദയും അമേരിക്കന്‍ സംസ്കാര വ്യവസായവും (Neruda and American Culture Industy) എന്ന പുസ്തകത്തില്‍ ഗുപപ്ലെ ബെല്ലിനി നെരൂദയെ അവതരിപ്പിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ വ്യാഖ്യാതാവ് (Pablo Neruda Interpreter of Our Century) എന്ന നിലയിലാണ്.

മനുഷ്യന്റെ ഭൂമിയിലെ വിഷമകരമായ ജീവിതത്തിന് കാവലാളായി നില്‍ക്കേണ്ടവനാണ് കവിയെന്ന് നെരൂദക്കറിയാമായിരുന്നു. പ്രതിസന്ധികളിലെല്ലാം അതിജീവനത്തിന്റെ ഊര്‍ജം പകര്‍ന്ന് വരാനിരിക്കുന്ന ഒരു സാഹോദര്യത്തിന്റെ ഭാവിയെ നെരൂദ വരവേറ്റിരുന്നു. മാഡ്രിഡ് സര്‍വകലാശാലയില്‍ തന്റെ യുവസുഹൃത്തായ നെരൂദയെ പരിചയപ്പെടുത്തിക്കൊണ്ട് ലോര്‍ക പറഞ്ഞതും ഇതാണ്- "നെരൂദ തന്റെ കാര്‍ക്കശ്യവും തരളതയും കൊണ്ട് എന്നും വിശ്വസിച്ചിരുന്നത് ഒരു ആഹ്ലാദകരമായ നാളയിലാണ്" എന്നാണ്. പാബ്ലോ നെരൂദയുടെ കവിതകളേയും രാഷ്ട്രീയത്തേയും അപഗ്രഥിച്ചുകൊണ്ട് ഗ്രഗ് ഡേവ്സ് (Gred Dawes) എഴുതിയ പുസ്തകത്തിന്റെ പേര് "അന്ധകാരത്തിനെതിരെയുള്ള കവിതകള്‍ (Verses Against Darkness) എന്നാണ്.

രാഷ്ട്രീയത്തിന്റെ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള നെരൂദയുടെ കവിതകള്‍ സാമ്രാജ്യത്വത്തിന്റെ മസ്തിഷ്കങ്ങളെ അസ്വസ്ഥമാക്കിയിരുന്നു എന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. The CIA and the world of Arts and Letters എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് സ്റ്റോന്നര്‍ സോന്‍ഡേര്‍സ് (Frances Stoner Saunders) ഇക്കാര്യം എടുത്തുപറയുന്നുണ്ട്. സിഐഎ യുടെ ധനസഹായത്തോടെ സാംസ്കാരിക സംഘടനയുടെ പേരിലാണ് കമ്യൂണിസ്റ്റ് എഴുത്തുകാരനായ നെരൂദയെ പോലുള്ളവരെ നേരിടാന്‍ ഗൂഢാലോചനകള്‍ നടന്നത്. മനുഷ്യന്റെ ദൈനംദിന ഭാഷയിലൂടെ രാഷ്ട്രീയ ഘോഷയാത്രയിലും ട്രേഡ് യൂണിയന്‍ സമ്മേളനങ്ങളിലും "കാന്റോ ജനറെല്‍" വായിച്ച് ജനങ്ങളെയുണര്‍ത്തിയ നെരൂദയെ ജനങ്ങള്‍ ഹൃദയത്തിലാണ് സംരക്ഷിച്ചത്. പിനോഷെമാരുടെ ഗര്‍ജനങ്ങളില്‍ വാടിപ്പോകാതെ തളിര്‍ത്തും തളിരിട്ടും അത് ഇന്നും അതിര്‍ത്തികളില്ലാത്ത മാനവികതയുടെ വരമ്പിലൂടെ തലയെടുപ്പോടെ മുന്നോട്ട്തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു.

നെരൂദയുടെ ഓര്‍മപുസ്തകം (Memoirs) ഹൃദ്യമായ ഒരനുഭവമാണ്. അതില്‍ നെരൂദ പറയുന്നുണ്ട് "തന്റെ പല ഓര്‍മകളും അവ്യക്തമായിപ്പോയിട്ടുണ്ട്... ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പെറുക്കിയെടുക്കാന്‍ കഴിയാത്ത ചില്ലുകഷ്ണങ്ങളെപ്പോലെ അവയെല്ലാം ചിതറിപ്പോയിട്ടുണ്ട്"-എങ്കിലും മരണമില്ലാത്ത ഓര്‍മയായി നെരൂദ കവിതയുടെ ശക്തിഗോപുരങ്ങളില്‍ കാവല്‍ നില്‍ക്കുന്നു എന്നതാണ് പരമാര്‍ഥം. "നിക്സണ്‍ വധത്തിന് പ്രേരണയും ചിലിയന്‍ വിപ്ലവത്തിന് സ്തുതിയും" എന്ന കവിതയില്‍ , "ഞാനിവിടത്തന്നെ നില്‍ക്കും" എന്ന ഭാഗം ചരിത്രപരമായി നെരൂദയുടെ അസ്ഥിത്വത്തെ മനുഷ്യരും ഭൂമിയുമായി വിളക്കിച്ചേര്‍ക്കുന്നു.

എന്റെ രാജ്യം വിഭജിക്കപ്പെടുന്നതോ
ഏഴു കത്തികള്‍കൊണ്ട് അതിന്റെ ചോര വാര്‍ന്നുപോകുന്നതോ
എനിക്കിഷ്ടമല്ല.
പുതുതായി പണിതീര്‍ന്ന വീടിന്റെ മുകളില്‍
ചിലിയുടെ പ്രകാശം പരത്തുകയാണെന്റെ ആവശ്യം.
എന്റെ നാട്ടില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.
തൊഴിലാളികളോടൊത്തു ചേര്‍ന്നു പാടാന്‍
ഞാനിവിടെത്തന്നെ നില്‍ക്കും.
ഈ പുതിയ ചരിത്രത്തിന്‍ ഭൂമിശാസ്ത്രത്തില്‍ -

പാബ്ലോ നെരൂദ ചിലിക്കും സ്പെയിനിനും അപ്പുറത്ത് കാലാതീതമായി അധിനിവേശത്തിനെതിരായ കവിതയുടെ ഊര്‍ജവും താളവുമായി ഇന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.

*
പ്രമോദ് വെള്ളച്ചാല്‍, കടപ്പാട്:ദേശാഭിമാനി വാരിക