Thursday, May 29, 2014

മലാപ്പറമ്പ്: ജനകീയപ്രക്ഷോഭത്തിന്റെ വിജയം

ഒരു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്ന മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാന്‍ 2013 നവംബര്‍ 1ന് കേരള സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണ്. വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനം പിന്‍വലിച്ചു എന്നതുമാത്രമല്ല പൊതു സ്കൂളും അതിന്റെ ക്യാമ്പസും വിറ്റു കാശാക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവര്‍ക്കുള്ള ഒരു താക്കീതു കൂടിയാണ് ഈ തീരുമാനം. കോടിക്കണക്കിന് രൂപ ലാഭത്തിനുവേണ്ടി മലാപ്പറമ്പ് എയുപി സ്കൂള്‍ രാത്രിയുടെ മറവില്‍ തകര്‍ത്തത് കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു. അതിനുശേഷം മലാപ്പറമ്പ്, കോഴിക്കോട് ഭാഗങ്ങളില്‍ രൂപപ്പെട്ട വന്‍ ജനകീയപ്രക്ഷോഭം സ്കൂളിനുവേണ്ടി രംഗത്തെത്തി. ഈ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രവിജയമായി മന്ത്രിസഭയുടെ തീരുമാനത്തെ കണക്കാക്കാം.

139 വര്‍ഷം പഴക്കമുള്ള ഒരു സ്കൂളാണ് മലാപ്പറമ്പ് എയുപി സ്കൂള്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സ്ഥാപനമാണിത്. സ്കൂളിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നതായിരുന്നു വാഗ്ദാനത്തില്‍ 16 വര്‍ഷം മുന്‍പാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുന്നത്. ഇതോടെയാണ് ഈ സ്കൂളിന്റെ തകര്‍ച്ച തുടങ്ങുന്നതും. പുതിയ മാനേജര്‍ അയാളുടെ ഭാര്യയടക്കം നാലഞ്ചുപേരെ അധ്യാപകരാക്കി. അവരുടെ ശമ്പളം "പ്രൊട്ടക്ഷന്‍" മുഖേന സര്‍ക്കാരില്‍നിന്ന് ഉറപ്പായപ്പോള്‍, അടുത്തശ്രമം സ്കൂളിനെ തകര്‍ക്കലായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിനെ ശ്രദ്ധിക്കാതിരിക്കല്‍, കുട്ടികളെയും രക്ഷിതാക്കളെയും നിരുത്സാഹപ്പെടുത്തല്‍ എന്നിവയൊക്കെ പതിവായി.

പുതിയ മാനേജര്‍ കൈവശപ്പെടുത്തുമ്പോള്‍ സ്കൂളില്‍ 300ലധികം കുട്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോഴിത് 56 ആയി ചുരുങ്ങി. സ്കൂള്‍ എന്ന "ഭാരം" ഇല്ലാതാക്കി സ്ഥലം വിറ്റ് കാശാക്കാനുള്ള ശ്രമമാണ് മാനേജര്‍ പിന്നീട് നടത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് അനുവദിച്ചില്ല. സര്‍ക്കാര്‍ മാറിയതോടെ, സ്കൂള്‍ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് ശക്തികൂടി. പല സ്വന്തക്കാരെയും ഉന്നതഉദ്യോഗസ്ഥതലങ്ങളില്‍ അവരോധിക്കാനും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയുമെന്നായി. എന്നാല്‍, ജനപ്രതിനിധികളും, നാട്ടുകാരും, അധ്യാപകരും സ്കൂളിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി മുന്നിട്ടിറങ്ങി. സ്കൂളില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ഇക്കാര്യങ്ങള്‍ ജനശ്രദ്ധയില്‍ വന്നപ്പോള്‍ സ്കൂള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിന്റെ ഫലമായി കുട്ടികള്‍ വര്‍ധിച്ചുപോകുമോ എന്ന് മാനേജര്‍ക്ക് ഭയം തുടങ്ങി. നാഷണല്‍ ഹൈവേയില്‍ നല്ല വില കിട്ടുന്ന ഭൂമിയായതിനാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു മാനേജരുടെ ലക്ഷ്യം. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന 2014 ജൂണ്‍ ഒന്നിന് മുന്‍പ് സ്കൂള്‍ കെട്ടിടം അവിടെ ഉണ്ടായിരിക്കരുതെന്നായിരുന്നു മാനേജരുടെ താല്‍പ്പര്യം. അതിനായി, ഏപ്രില്‍ 10ന് രാത്രി രണ്ടിന് സ്കൂള്‍ തകര്‍ത്തു. സ്കൂള്‍ തകര്‍ത്തതിനെതിരെ കുട്ടികളും രക്ഷിതാക്കളും ഒപ്പം ഒരു നാട് തന്നെയും രംഗത്ത് വന്നു. തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നു. റോഡ് ഉപരോധം, പിക്കറ്റിങ്, സര്‍വകക്ഷിയോഗം പ്രതിഷേധം ശക്തമായി. അതില്‍പിന്നെ, മാനേജര്‍ ഒളിവിലാണ്. ഒളിവില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന, മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയുന്നുമില്ല. മറുഭാഗത്ത്, നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്.

2014 ജൂണ്‍ ഒന്നിന് "അധ്യയനവര്‍ഷം" തുടങ്ങുന്ന ദിവസംതന്നെ സ്കൂള്‍ ശക്തിയോടെയും സൗകര്യങ്ങളോടെയും നിലവില്‍ ഉണ്ടാകണം എന്ന സര്‍വകക്ഷിതീരുമാനം നടപ്പാക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. സ്കൂള്‍ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും തീരുമാനിച്ചു. നിര്‍മാണം ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം. 20 ലക്ഷം രൂപയാണ് ചെലവ്. ജനങ്ങളുടെ ആവശ്യം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതാണ്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെങ്കില്‍, അതിന്റേതായ നടപടികള്‍ ആരംഭിക്കണം. എന്നാല്‍, മാനേജരെ എല്ലാരീതിയിലും സഹായിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.

2013 നവംബര്‍ ഒന്നിന് സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയത് സംസ്ഥാനസര്‍ക്കാരാണ്. അതും ഉന്നതങ്ങളില്‍നിന്ന് നേരിട്ടുള്ള ഉത്തരവായിരുന്നു. മാനേജരുടെ സ്വന്തക്കാരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ ഒത്താശചെയ്തതും സര്‍ക്കാര്‍തന്നെ. ഇത്രയും സാംസ്കാരിക വിരുദ്ധമായ ഒരു സംഭവം കേരളത്തില്‍ നടന്നിട്ടും, വിദ്യാഭ്യാസമന്ത്രി സ്കൂള്‍ സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. മാത്രമല്ല ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്കൂള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കാനും അദ്ദേഹം മറന്നില്ല. ഇതെല്ലാം കൂട്ടിവായിച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കുന്നതിന്നായി നടത്തിയ ഒരു കടന്നാക്രമണമായി മലാപ്പറമ്പ് സ്കൂളിന്റെ തകര്‍ച്ചയെ കാണാം. സ്കൂള്‍ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ പല തലത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമാണ്. എന്നാല്‍,വിദ്യാഭ്യാസമന്ത്രിയുടെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന പ്രസ്താവന ജനങ്ങളില്‍ സ്കൂളിന്റെ ഭാവിയെപ്പറ്റി ആശങ്കയിലാണ്്.

വീടിനടുത്തുള്ള സ്കൂളില്‍ പുതുതായി പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ഒരു ശുഭാപ്തി വിശ്വാസം നല്‍കുന്നതിന് പകരം അവരെ നിരാശപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിയുടെ വാക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിനും, അത് പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് തന്നെയും നിരക്കാത്തതാണ്. എന്തായാലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാനുള്ള അശ്രാന്തപരിശ്രമത്തിലാണ് നാട്ടുകാരും അധ്യാപകരും രക്ഷാകര്‍തൃസമിതികളും ജനപ്രതിനിധികളുമെല്ലാം. മലാപ്പറമ്പ് ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത്. കേരളത്തില്‍ ഏതാണ്ട് 1500ലധികം സ്കൂളുകള്‍ കുട്ടികള്‍ കുറവാണെന്ന പേരില്‍ അടച്ചുപൂട്ടല്‍ അഥവാ വില്‍പ്പനഭീഷണിയിലാണ്. ഇതില്‍ ഒറ്റ സ്കൂള്‍മാത്രമുള്ള മാനേജര്‍മാര്‍ സ്കൂള്‍ വിറ്റ് കാശാക്കാനുള്ള വ്യഗ്രതയിലാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടമായതിനാല്‍ എല്ലാതലത്തിലും അഴിമതി നിത്യസംഭവമായി.

മലാപ്പറമ്പ് സ്കൂളിലെ പുതുക്കിപ്പണിയലില്‍ സമൂഹം കാണിക്കുന്ന താല്‍പ്പര്യം, കേരളത്തിന്റെ സവിശേഷതകള്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. പണം പിരിച്ച് സ്കൂള്‍ കെട്ടിടം പണിയുന്നത് സ്വകാര്യ മാനേജര്‍ക്ക് സമ്പത്ത് കൂട്ടാനല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍, ജൂണ്‍ ഒന്നിന് സ്കൂള്‍ കെട്ടിടം ഉണ്ടാകരുതെന്ന് ശഠിച്ച സ്കൂള്‍ മാനേജര്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും വെല്ലുവിളിയുമാണിത്. അവിടെ വയ്ക്കുന്ന ഓരോ കല്ലും ഒരു സമര സന്ദേശമാണ്. അതുകൊണ്ടുതന്നെ പണം കണ്ടെത്തി കെട്ടിടം നിര്‍മിക്കണം എന്നത് പ്രധാനമാണ്. പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകരുണ്ട്; പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളും. എന്നാലും അവര്‍ക്ക് സ്കൂളില്ല; അതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. അതാണ് വിദ്യാഭ്യാസ പ്രബുദ്ധമായ കേരളത്തിന്റെയും അതിന്റെ ഭാഗമായ മാലാപ്പറമ്പിന്റെയും ചിത്രം. ഈയൊരു സ്ഥിതി കേരളത്തില്‍, ആദ്യമായിരിക്കാം. അതുകൊണ്ടുതന്നെ അത് അവസാനത്തേതുമായിരിക്കണം. മറ്റൊരു മലാപ്പറമ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.

*
ടി പി കുഞ്ഞിക്കണ്ണന്‍

No comments: