Friday, November 30, 2012

ഗര്‍ഭച്ഛിദ്രത്തിന്റെ നിയമവഴികളിലൂടെ

ഗര്‍ഭച്ഛിദ്രത്തിനു അനുവദിക്കാത്തതിനെത്തുടര്‍ന്ന് അയര്‍ലന്‍ഡില്‍ സവിതാ ലപ്പാനവര്‍ മരിക്കാനിടയായത് ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി ലോകത്താകെ ചര്‍ച്ചകള്‍ക്ക് ശക്തിപകരുകയാണ്. ഗര്‍ഭഛിദ്രം അനുവദിക്കാനും വിലക്കാനും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിവിവധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. നിരുപാധികം ഗര്‍ഭഛിദ്രം അനുവദിക്കുന്ന രാജ്യങ്ങള്‍ മുതല്‍ ഒരുതരത്തിലും അത് അനുവദിക്കാത്ത രാജ്യങ്ങളും ലോകത്തുണ്ട്. അപാകതകളുണ്ടെങ്കിലും താരതമ്യേന യുക്തിസഹമായ നിയമം ഇന്ത്യയിലും നിലവിലുണ്ട്. ഗര്‍ഭച്ഛിദ്രത്തിന്റെ നിയമവശങ്ങളെപ്പറ്റി...
 
ഗര്‍ഭച്ഛിദ്രത്തിന് ഇന്ത്യയിലും നിയന്ത്രണങ്ങളുണ്ട്. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സ്ത്രീക്ക് പൂര്‍ണ അവകാശമുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് അനിയന്ത്രിതമായ അവകാശം സ്ത്രീക്കില്ല. 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം (Medical Termination of Pregnancy Act) ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ്. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് നിയമം പറയുന്നു. സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്.

പന്ത്രണ്ട് ആഴ്ചയില്‍ കുറവാണ് ഗര്‍ഭകാലമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു ഡോക്ടര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താം. എന്നാല്‍ 12 മുതല്‍ 20 ആഴ്ചവരെയായ ഗര്‍ഭമാണെങ്കില്‍ രണ്ടു ഡോക്ടര്‍മാര്‍ ഒരേ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നിയമപരമാകൂ. നിയമപരമല്ലാത്ത ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

ഗര്‍ഭച്ഛിദ്രം അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ പറയുന്നതിങ്ങനെ:

ഗര്‍ഭം തുടര്‍ന്നാല്‍ അത് സ്ത്രീയുടെ ജീവന് അപകടമുണ്ടാകുമെന്ന് ഉത്തമവിശ്വാസം ഉണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രമാകാം. ഗര്‍ഭിണിയുടെ മാനസിക-ശാരീരിക ആരോഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം നടത്താം.

ജനിക്കുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം നിയമപരമാണ്.

ബലാത്സംഗത്തിലൂടെ ഗര്‍ഭധാരണം ഉണ്ടായാല്‍ അത് ഒഴിവാക്കുന്നതിന് ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നുണ്ട്. സന്താനിയന്ത്രണ സംവിധാനം ഉപയോഗിച്ചതിന്റെ തകരാറുമൂലമുള്ള ഗര്‍ഭവും അലസിപ്പിക്കാം.

പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം. 18 വയസ്സില്‍ കൂടുതലുണ്ടെങ്കിലും മാനസികവൈകല്യമുള്ള സ്ത്രീയാണെങ്കിലും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. എല്ലായ്പ്പോഴും ഗര്‍ഭച്ഛിദ്രത്തിന് സ്ത്രീയുടെ അനുമതി രേഖാമൂലംതന്നെ വേണം. ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.

ഗര്‍ഭച്ഛിദ്രം സര്‍ക്കാര്‍ ആശുപത്രിയിലോ സര്‍ക്കാര്‍ ഇതിനായി അനുമതി നല്‍കിയ ആശുപത്രിയിലോ മാത്രമേ നടത്താവൂ എന്നും നിയമം വ്യവസ്ഥചെയ്യുന്നു.

ഈ വ്യവസ്ഥകളില്‍ത്തന്നെ തര്‍ക്കം ഉണ്ടാകാറുണ്ട്. 13 വയസ്സുള്ളപ്പോള്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഗുജറാത്തിലെ മജിസ്ട്രേട്ട് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച സംഭവമുണ്ടായി. ക്രിമിനല്‍ക്കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് രക്ഷിതാക്കള്‍ കോടതിയുടെ അനുമതി തേടിയത്. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുട്ടിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്ന കാരണം പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്്. ഈ ഉത്തരവ് റദ്ദാക്കിക്കിട്ടാന്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. 2010 ലായിരുന്നു ഇത്. കുട്ടിക്കും കുടുംബത്തിനും ഒട്ടേറെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ ഹൈക്കോടതി അനുവദിച്ചു.

ഹൃദയത്തകരാറുണ്ടെന്നു കരുതുന്ന കുഞ്ഞിനെ ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ അനുമതി തേടിയ മുംബൈയിലെ നികിതയുടെയും ഭര്‍ത്താവ് ഹരേഷ് മേത്തയുടെയും ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതും ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 24 ആഴ്ചയായതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. നിയമം 20 ആഴ്ചവരെയേ അനുവദിക്കുന്നുള്ളൂ. 2008 ആഗസ്ത് നാലിനാണ് നികിതയുടെ ആവശ്യം കോടതി തള്ളിയത്. എന്നാല്‍ 10 ദിവസത്തിനുശേഷം സ്വാഭാവികമായ ഗര്‍ഭച്ഛിദ്രമുണ്ടായി. നികിതയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതുമില്ല. ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ സ്ത്രീക്ക് സ്വയം തീരുമാനിക്കാന്‍ കൂടുതല്‍ അവകാശം നല്‍കേണ്ടതല്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.

മാനസികാരോഗ്യം കുറവുള്ള സ്ത്രീയുടെ ഗര്‍ഭധാരണാവകാശവും ഇന്ത്യയില്‍ നിയമത്തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. 2009ല്‍ സുപ്രീംകോടതി തീര്‍പ്പാക്കിയ സുചിത ശ്രീവാസ്തവ കേസ്  (Suchitha Srivastava  v. Chandigarh Administration) ഇത്തരത്തിലൊന്നാണ്. ബലാത്സംഗത്തിനിരയായി സര്‍ക്കാര്‍വക അനാഥാലയത്തില്‍ കഴിഞ്ഞ യുവതിയായിരുന്നു സുചിത ശ്രീവാസ്തവ. അവള്‍ ഗര്‍ഭിണിയായിരുന്നു. കുട്ടിയെ പ്രസവിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. പക്ഷേ അനാഥാലയ അധികൃതര്‍ ഗര്‍ഭച്ഛിദ്രം വേണമെന്നു ശഠിച്ചു. തര്‍ക്കം കോടതിയിലെത്തി. ഹരിയാന ഹൈക്കോടതി സര്‍ക്കാര്‍വാദം അംഗീകരിച്ച് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി. സുചിതയ്ക്ക് ബുദ്ധിമാന്ദ്യമുണ്ടാകും, കുട്ടിയെ വളര്‍ത്താന്‍ വിഷമിക്കും, കുട്ടിയെ വളര്‍ത്തുന്നത് സര്‍ക്കാരിന് സാമ്പത്തികബാധ്യതയാകും എന്നതടക്കം ഒരുപിടി വാദങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ചില സന്നദ്ധസംഘടനകളുടെ സഹായത്തോടെ സുചേത സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെ വിധി സുചിതയ്ക്ക് അനുകൂലമായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തികളുടെ പ്രത്യുല്‍പ്പാദനാവകാശം സംബന്ധിച്ച സുപ്രധാന വിധിയായാണ് ഇതു കരുതുന്നത്.

ഇന്ത്യന്‍ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ പറയുന്നത് മാനസികരോഗമുള്ള സ്ത്രീക്ക് അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ ഗര്‍ഭച്ഛിദ്രം നടത്താം എന്നാണ്. ഇരയാകുന്ന സ്ത്രീയുടെ അനുമതി നിര്‍ബന്ധമല്ല. ഈ വ്യവസ്ഥപ്രകാരമാണ് അനാഥാലയ അധികൃതര്‍ നീങ്ങിയത്.

2002 വരെ നിയമത്തില്‍ പറഞ്ഞിരുന്നത് ഒരു സ്ത്രീ ചിത്തഭ്രമമുള്ള വ്യക്തി (lunatic)യാണെങ്കില്‍ രക്ഷിതാക്കളുടെ അനുമതിയോടെ ഗര്‍ഭച്ഛിദ്രം നടത്താം എന്നാണ്. എന്നാല്‍ 2002ല്‍ "ചിത്തഭ്രമമുള്ള വ്യക്തി" എന്നതിനുപകരം "മാനസികരോഗമുള്ള (mentally ill) വ്യക്തി" എന്നാക്കിയിരുന്നു.

മാനസികരോഗം എന്ന നിര്‍വചനത്തിലും മാറ്റംവരുത്തി. അതനുസരിച്ച് "ബുദ്ധിമാന്ദ്യമല്ലാത്ത മറ്റെന്തെങ്കിലും ബുദ്ധിവൈകല്യം കാരണം ചികിത്സ ആവശ്യമുള്ളയാളെ"യാണ് മാനസികരോഗിയായി കരുതേണ്ടത്. ഈ നിര്‍വചനപ്രകാരം സുചിത മാനസികരോഗിയാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വളരെ നേരിയതോതിലുള്ള ബുദ്ധിമാന്ദ്യം മാത്രമാണ് സുചിതയ്ക്കുള്ളത്. ഇത്തരത്തില്‍ ചെറിയതോതിലും മിതമായും ബുദ്ധിവൈകല്യമുള്ളവരെ സാധാരണ ജീവിതം നയിക്കാന്‍ അനുവദിക്കണം. അവരെ അതിന് സഹായിക്കണം. അത്തരക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ നിയമം മാനിക്കണം- കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോഴും ഈ വ്യവസ്ഥകളില്‍ അവ്യക്തത ഏറെയുണ്ടെന്നും അതുകൊണ്ട് നിയമം കൂടുതല്‍ സമഗ്രമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

പല രാജ്യം; പലവിധം

ലോകരാജ്യങ്ങളില്‍ 97 ശതമാനത്തിലും ഗര്‍ഭച്ഛിദ്രം ഇന്ന് അനുവദനീയമാണ്. അനുമതിക്കുള്ള വ്യവസ്ഥകള്‍ വ്യത്യസ്തമാണെന്നുമാത്രം. ഒരുതരത്തിലുമുള്ള ഗര്‍ഭച്ഛിദ്രം അനുവദിക്കാത്ത ആറ് ലോകരാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. ഇവയെല്ലാംതന്നെ കത്തോലിക്ക മതത്തിന് സ്വാധീനംകൂടിയ രാജ്യങ്ങളാണ്. മതവിശ്വാസവുമായി ബന്ധപ്പെടുത്തി ഇവിടെ നിലനില്‍ക്കുന്ന വിലക്ക് പുരോഗമന സര്‍ക്കാരുകള്‍ക്കുപോലും ഇതുവരെ എടുത്തുമാറ്റാന്‍ കഴിഞ്ഞിട്ടില്ല.

ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍സാല്‍വദോര്‍, നിക്കരാഗ്വ, ചിലി, മാള്‍ട്ട, വത്തിക്കാന്‍ എന്നിവിടങ്ങളിലാണ് പൂര്‍ണനിരോധം നിലനില്‍ക്കുന്നത്.

സവിതാ ഹലപ്പാനവരുടെ മരണത്തിലൂടെ വിവാദത്തിലായ അയര്‍ലന്‍ഡില്‍ ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാണെന്ന് ഉറപ്പായാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന വ്യവസ്ഥയുണ്ട്. പക്ഷേ ഇത് മിക്കപ്പോഴും നടക്കാറില്ല. സവിതയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം എന്നും വിവാദ വിഷയമാണ്. പലവട്ടം ഹിതപരിശോധനതന്നെ ഈ പ്രശ്നം മുന്‍നിര്‍ത്തി അവിടെ നടന്നു.

അയര്‍ലന്‍ഡിനെപ്പോലെ കര്‍ശന വ്യവസ്ഥകളോടെ മാത്രം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന രാജ്യങ്ങള്‍ വേറെയുമുണ്ട്. ഇറാഖ്, ലബനന്‍, ഖത്തര്‍, യുഎഇ, യെമന്‍, ഈജിപ്ത്, ലിബിയ, അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാന്‍മര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, വെനസ്വേല, അര്‍ജന്റീന, പരാഗ്വേ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലെല്ലാം നിയമവിരുദ്ധമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം നടക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന രാജ്യങ്ങളുമുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കനഡ, ഫ്രാന്‍സ്, ജര്‍മനി, തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളും ചൈന, വിയത്നാം, വടക്കന്‍ കൊറിയ, ക്യൂബ എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. മംഗോളിയ, കംബോഡിയ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക, റഷ്യ, ബള്‍ഗേറിയ, ഹംഗറി, ബഹ്റൈന്‍, തുര്‍ക്കി, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും ഉദാരമായ ഗര്‍ഭച്ഛിദ്ര വ്യവസ്ഥകളുള്ള രാജ്യങ്ങളാണ്. സോവിയറ്റ് യൂണിയനില്‍ ഉള്‍പ്പെട്ടിരുന്ന ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സോവിയറ്റ് സഖ്യത്തിലായിരുന്ന പോളണ്ട് ഒഴികെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഈ രീതി നിലനില്‍ക്കുന്നു. ഓസ്ട്രേലിയയില്‍ പല സംസ്ഥാനങ്ങളില്‍ പല നിയമങ്ങളാണ്. എങ്കിലും ഭൂരിപക്ഷം പ്രദേശത്തും ഗര്‍ഭച്ഛിദ്രത്തിന് നിയമതടസ്സമില്ല.

ഗര്‍ഭച്ഛിദ്രം അനുവദിക്കുമ്പോള്‍തന്നെ ഗര്‍ഭത്തിലെ കുഞ്ഞ് പെണ്ണാണെങ്കില്‍ ഗര്‍ഭം അലസിപ്പിക്കുന്ന രീതി തടയാന്‍ നിയമങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിലും അത്തരം നിയമം  (Pre-conception and Pre-natal Diagnostic Techniques (Prohibition of Sex Selection) Act) നിലവിലുണ്ട്.

അര്‍ബുദ ചികിത്സ തടഞ്ഞും ഗര്‍ഭച്ഛിദ്ര നിയമം

ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ട് ഇന്ത്യക്കാരി സവിതാ ഹലപ്പാനവര്‍ അയര്‍ലന്‍ഡില്‍ മരിക്കുന്നതിന് രണ്ടുമാസം മുമ്പ് കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഗര്‍ഭച്ഛിദ്രനിയമം കവര്‍ന്നത് പതിനാറുകാരിയുടെ ജീവന്‍.  രക്താര്‍ബുദം ബാധിച്ച പതിനാറുകാരിയാണ് 2012 ആഗസ്തില്‍. ചികിത്സ കിട്ടാതെ മരിച്ചത്. ചികിത്സ നല്‍കാന്‍ തടസ്സമായത്് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഗര്‍ഭച്ഛിദ്ര നിയമവും.

ഒരു തരത്തിലുമുള്ള ഗര്‍ഭച്ഛിദ്രം അനുവദിക്കാത്ത രാജ്യമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്. പെണ്‍കുട്ടിക്ക് രക്താര്‍ബുദം കണ്ടെത്തുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. ഉടന്‍ കീമോതെറാപ്പി തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. കീമോതെറാപ്പി ചെയ്താല്‍ ഗര്‍ഭസ്ഥശിശു മരിക്കുമെന്നും അത് രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമത്തിന്റെ ലംഘനമാകും എന്നുമായിരുന്നു വാദം. കുട്ടിയുടെ അമ്മ റോസ ഹെര്‍ണാണ്ടസ് ആശുപത്രി അധികൃതര്‍ക്കും സര്‍ക്കാരിനും ഒട്ടേറെ അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ കനത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കീമോതെറാപ്പിക്ക് അനുമതി കിട്ടുമ്പോഴേക്ക് വളരെ വൈകി. കുട്ടിയുടെ നില വഷളായി; മരിച്ചു.

ഈ സംഭവം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഗര്‍ഭച്ഛിദ്രനിയമം മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്.

*
 അഡ്വ. കെ ആര്‍ ദീപ (advocatekrdeepa@gmail.com) Courtesy: Deshabhimani

ജനറിക് മരുന്ന് കുറിക്കാത്തതെന്ത്?

സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ജനറിക് മരുന്ന് നല്‍കാനുള്ള പരിപാടി വിജയിക്കാത്തത് കഴിഞ്ഞദിവസം വാര്‍ത്തയായല്ലോ. മരുന്നു കുറിക്കുമ്പോള്‍ ബ്രാന്‍ഡ് നാമം എഴുതാന്‍പാടില്ല എന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ നേരത്തേ നിലവിലുണ്ട്. പാലിക്കപ്പെടാറില്ലെന്നുമാത്രം. ജനറിക് ആണെങ്കിലും അല്ലെങ്കിലും മരുന്നുകള്‍ കുറിക്കുന്നതുമുതല്‍ വില്‍ക്കുന്നതില്‍വരെ അശാസ്ത്രീയത ഏറെ നിലനില്‍ക്കുന്നു. ഇതേപ്പറ്റി

മരുന്ന് എന്താണെന്നും അവയുടെ ബ്രാന്‍ഡ് നാമം, മരുന്നിന്റെ ഉള്ളടക്കം (generic name ഒടുവിലുള്ള പദസൂചിക കാണുക), ഡോസ് എന്നിവ എന്താണെന്നും എത്ര മണിക്കൂര്‍ ഇടവിട്ടു കഴിക്കണമെന്നും കൃത്യമായി അച്ചടിച്ചോ, എഴുതിയോ കൊടുക്കണമെന്നാണ് ലോകത്തെവിടെയുമുള്ള നിയമം. ഇന്ത്യയിലും നിയമങ്ങള്‍ വ്യത്യസ്തമല്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം അനുസരിച്ച് ഡോക്ടര്‍മാര്‍ ബ്രാന്‍ഡ് നാമം എഴുതാന്‍പാടില്ല. മരുന്നിന്റെ സജീവ ഘടകത്തെ (active ingredient)  സൂചിപ്പിക്കുന്ന ജനറിക് നാമമേ എഴുതാന്‍ പാടുള്ളൂ. എന്നാല്‍ മെഡിക്കല്‍ കോളേജുകളില്‍പ്പോലും ഇതു നടക്കുന്നില്ല. ഇനി ബ്രാന്‍ഡ് എഴുതിയേ തീരൂവെങ്കില്‍ അതോടൊപ്പം മരുന്നിന്റെ ഉള്ളടക്കം എന്താണെന്നും എഴുതണം. മരുന്നിന്റെ പേര് പ്രിന്റ്ചെയ്ത് കൊടുക്കുന്നില്ലെന്നതൊക്കെ പോട്ടെ, വായിക്കാനാകുംപോലെ എഴുതുകയെങ്കിലും ആവാം. അതും ഇല്ല.

മരുന്നു കുറിക്കുന്നതോടൊപ്പം മരുന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ശ്വഫലങ്ങളും അവ കണ്ടാല്‍ എന്തു ചെയ്യണമെന്നും രോഗിക്ക്/കൂട്ടിരിപ്പുകാര്‍ക്ക് വിശദീകരിച്ചുകൊടുക്കണം. അത് ഡോക്ടര്‍ ചെയ്തില്ലെങ്കില്‍ മരുന്ന് എടുത്തുകൊടുക്കുന്ന ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. തനിക്ക് വിശദീകരിച്ചു നല്‍കിയിട്ടില്ലാത്ത ഒരു പാര്‍ശ്വഫലംമൂലം ദുരിതം അനുഭവിക്കേണ്ടിവന്നാല്‍ അതെത്ര ചെറുതാണെങ്കിലും കേസിനു പോകാന്‍ രോഗിക്ക് ധാര്‍മികമായി അവകാശമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ന്യായമായ കേസുകളില്‍പ്പോലും രോഗിക്ക് നഷ്ടപരിഹാരം അപൂര്‍വമായേ ലഭിക്കുന്നുള്ളൂ.

ചിലയിടത്ത് രോഗവിവരം കാണിക്കുന്ന ഒപി ചീട്ടും മരുന്നിന്റെ കുറിപ്പടിയും കൊടുക്കില്ല. എന്തു മരുന്നാണ് കഴിക്കുന്നതെന്നും പറയില്ല. കുറേ ബ്രൗണ്‍കവറില്‍ പച്ചഗുളിക പത്തെണ്ണം, വെള്ള ഗുളിക ആറെണ്ണം, നീളമുള്ള ഗുളിക ഇരുപതെണ്ണം എന്ന കണക്കില്‍ പാക്കിങ്ങില്‍നിന്നു പൊട്ടിച്ച് വെവ്വേറെയാക്കി കൊടുക്കും. കവറിനുപുറത്ത് 1-0-1 എന്നോ 1-1-1 എന്നോ എഴുതി രണ്ടുനേരം, മൂന്നുനേരം എന്നുപറഞ്ഞ് രോഗിക്ക് കൊടുത്തു വിടുന്നു. മരുന്നിന്റെ പേരുമില്ല, ബ്രാന്‍ഡുമില്ല, അതിന്റെ ഫോയില്‍ പോലും ഇല്ല.
 
 ഫാര്‍മസിസ്റ്റില്ലാതെ മരുന്നുവില്‍പ്പന തോന്നിയപോലെ നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന നാടാണ് നമ്മുടേത്. രേഖകളില്‍ മാത്രമാകും പലയിടത്തും ഫാര്‍മസിസ്റ്റ്. മരുന്ന് എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നത് മരുന്നുകളുമായി ഒരു ബന്ധവും പരിചയവും ഇല്ലാത്ത ആരെങ്കിലുമാകാം. മരുന്നുകളെ വര്‍ഗീകരിച്ച് ഇത് ബിപിക്കുള്ളവ, ഇത് പ്രമേഹത്തിനുള്ളവ, ഇത് വേദനസംഹാരികള്‍ എന്നൊക്കെ ഷെല്‍ഫുകളില്‍ ലേബലടിച്ചും മരുന്നുപെട്ടിക്കു പുറത്ത് കുറിച്ചിട്ടും ഒരു അഡ്ജസ്റ്റ്മെന്റിലാണ് വില്‍പ്പന. ഇങ്ങനെ കടയിലിരുന്ന് പഴക്കംവരുന്നവര്‍ കുറേ പ്രിസ്ക്രിപ്ഷനുകള്‍ കണ്ട് തഴമ്പിക്കുമ്പോള്‍ സ്വയം ഡോക്ടര്‍ ചമയാന്‍ തുടങ്ങുന്നതാണ് അടുത്ത ദുരന്തം. ഇവയെക്കാള്‍ വലിയ ദുരന്തമാണ് മൂന്നാമത്തേത്. പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നെടുത്തുകൊടുക്കുന്ന പതിവ്. മൂക്കൊലിപ്പിന് മരുന്നു ചോദിച്ച് കടയില്‍ ചെല്ലുന്നയാള്‍ക്ക് ഏതെങ്കിലും ഡീകണ്‍ജസ്റ്റന്റ് മരുന്ന് കോമ്പിനേഷന്‍ എടുത്തു കൊടുക്കും. ഡീകണ്‍ജസ്റ്റന്റ് മരുന്നുകള്‍ രക്തസമ്മര്‍ദം കൂട്ടുന്നവയാണെന്നും അത് ഹൃദ്രോഗമോ മസ്തിഷ്കാഘാത സാധ്യതയോ ഉള്ളവരില്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ചുവേണം എന്ന അടിസ്ഥാനപാഠമൊന്നും എടുത്തുകൊടുക്കുന്നയാള്‍ അറിയേണ്ട കാര്യമില്ല. കഴിച്ചയാള്‍ മൂന്നാം ദിവസം കാഷ്വാലിറ്റിയില്‍ എത്തിയെന്നുവരാം.

300 മരുന്നിന് 80,000 ബ്രാന്‍ഡ്

ലോകരാജ്യങ്ങളെ പൊതുവില്‍ ബാധിക്കുന്ന രോഗ/രോഗാവസ്ഥകളില്‍ചികിത്സക്ക്ഉപകരിക്കുന്ന അവശ്യമരുന്നുകളുടെവര്‍ഗീകരിച്ച പട്ടിക ലോകാരോഗ്യസംഘടന 1970കളുടെ ഒടുക്കംമുതല്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കി ഇറക്കാറുണ്ട്. പ്രതിരോധകുത്തിവയ്പുകളും സിരകളിലൂടെ കുത്തിവയ്ക്കാവുന്ന ഗ്ലൂക്കോസ്, ഉപ്പുവെള്ളം ആദിയായ ഡ്രിപ്പ് മരുന്നുകളും മുറിവും മറ്റും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നവയുമടക്കം ഏതാണ്ട് മുന്നൂറ്റമ്പതോളം മരുന്നുകളേ ഈ ലിസ്റ്റിലുള്ളൂ. ഇതുകൊണ്ട് 90 ശതമാനത്തോളം രോഗ/ രോഗാവസ്ഥകളെയുംചികിത്സിക്കാം. പിന്നെയും ബാക്കിയാവുന്നത് ചില "ഹൈടെക്" മരുന്നുകളാണ്. ഹൃദ്രോഗത്തില്‍ സ്റ്റെന്റ് ഇടുന്നതിനു മുന്നോടിയായി ഉപയോഗിക്കുന്ന എപ്റ്റിഫബറ്റൈഡ് (Eptifibatide), രക്തക്കൊഴുപ്പു കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനു(Statins)കളൊഴിച്ചുള്ള മരുന്നുകള്‍, ഇമ്യൂണോ മോഡുലേറ്റര്‍ വിഭാഗത്തിലെ ചിലത് എന്നിങ്ങനെ.

ഈ ഭഹൈടെക് മരുന്നുകളെ മാറ്റിനിര്‍ത്തിയാല്‍ ലോകാരോഗ്യസംഘടനയുടെ ഈ മാതൃകാലിസ്റ്റിലെ മുന്നൂറിലധികം മരുന്നുകള്‍കൊണ്ട് ശരാശരി ജനതയുടെ, വിശേഷിച്ച് ഇന്ത്യയെപ്പോലുള്ളരാജ്യത്തിന്റെ മഹാഭൂരിപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ ഈ ജനറിക് മരുന്നുകള്‍ക്കെല്ലാംകൂടി ഇന്ത്യയില്‍ ലഭ്യമായ ബ്രാന്‍ഡുകള്‍ ഏകദേശം 80,000 വരും.

ഉദാഹരണത്തിന് അമിത ബിപിക്കുള്ള ആംലോഡിപിന്‍ (Amlodipine) എന്ന മരുന്നിനു മാത്രം ഇന്ത്യയില്‍ 140നടുത്ത് ബ്രാന്‍ഡുണ്ട്. വയറ്റിലെ അസിഡിറ്റിമൂലം പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും ഉണ്ടാകുന്ന അവസ്ഥയ്ക്ക് കൊടുക്കാറുള്ള പാന്റോപ്രസോള്‍, ഡോംപെരിഡോണ്‍ (Pantoprazole,Domperidone) എന്നീ മരുന്നുകളുടെ കൂട്ടുചേരുവയുണ്ട്. ഈ കോമ്പിനേഷനു മാത്രം ഇന്ത്യയില്‍ 200ല്‍ കൂടുതല്‍ ബ്രാന്‍ഡുണ്ട്. അപ്പോള്‍ ഈ മരുന്നുകള്‍ക്ക് വെവ്വേറെയുള്ള ബ്രാന്‍ഡുകളെപ്പറ്റി പറയേണ്ടല്ലോ.

ഇന്നേവരെ ഒറ്റ കമ്പനിയും തുടക്കംമുതല്‍ ഒടുക്കംവരെ പരിപൂര്‍ണാര്‍ഥത്തില്‍ ഒരു മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിട്ടില്ല. പിന്നെങ്ങനെയാണ് ഒരു മരുന്നിന് 100 ബ്രാന്‍ഡ് എന്ന ഈ കണക്കു വരുന്നത്? ഇന്ത്യന്‍ പേറ്റന്റ് രീതിയില്‍ ഒരു മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള രാസപ്രക്രിയക്കാണ് പേറ്റന്റ് നല്‍കുക. അതായത് ഒരേ മരുന്ന് (മരുന്നു കണിക) വ്യത്യസ്തമായ രണ്ടു രീതിയില്‍ വ്യാവസായികമായി നിര്‍മിക്കാനായാല്‍, രണ്ടു രീതിക്കും പേറ്റന്റ് അഥവാ ഉല്‍പ്പാദനാവകാശം ലഭിക്കും. രണ്ട് ഉല്‍പ്പാദനരീതികളും തമ്മില്‍ വളരെ ചെറിയൊരു വ്യത്യാസമുണ്ടായാല്‍ മതി എന്നതിനാല്‍ അപേക്ഷിക്കുന്ന എല്ലാ കമ്പനികള്‍ക്കും യഥേഷ്ടം പേറ്റന്റുകള്‍ ലഭിക്കുമെന്ന അവസ്ഥയുണ്ട്, ഇന്ത്യയില്‍. അങ്ങനെയാണ് ഒരേ മരുന്നിന് നൂറുകണക്കിന് ബ്രാന്‍ഡുകള്‍ ഉണ്ടാവുന്നത്. ഫലത്തില്‍ എല്ലാ ബ്രാന്‍ഡിലും ഉള്ളത് ഒരേ സാധനംതന്നെയാണ്. ഒരുതരം ഫോട്ടോസ്റ്റാറ്റ് കോപ്പിയടിക്കല്‍ പ്രക്രിയയാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്.

വിദേശകമ്പനികള്‍ ഇറക്കുന്ന മരുന്നുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മാത്രം അടിച്ചുമാറ്റി, സ്വന്തമായി ഒരു ഗവേഷണമോ നിലവാരമുള്ള പരീക്ഷണങ്ങളോ നടത്താതെ, വില്‍ക്കുന്ന ചില കമ്പനികളുമുണ്ട്.. ഏതെങ്കിലും പ്ലാന്റുകളില്‍ ഉണ്ടാക്കുന്ന ഗുളികകളെ എഡിബിള്‍ ഡൈ ചേര്‍ത്ത് പല നിറത്തിലാക്കി ഫോയിലുകളിലും ബ്ലിസ്റ്റര്‍ പാക്കുകളിലും പൊതിഞ്ഞ് പല പേരിട്ട് വില്‍ക്കുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശ്യം. പലപ്പോഴും എക്സ് കമ്പനിയും വൈ കമ്പനിയും ഇറക്കുന്ന ഒരേ മരുന്നിന്റെ രണ്ട് ബ്രാന്‍ഡുകള്‍ തമ്മില്‍ എന്താണ് മൗലികവ്യത്യാസം എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലാതാകുന്നു. രണ്ടാമത്തെ കുഴപ്പം, വിലകുറച്ചുകൊണ്ട് മാര്‍ക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കമ്പനികള്‍ പ്രേരിതരാകുന്നു എന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വലിയ അളവുകളില്‍ വാങ്ങി സ്റ്റോക് ചെയ്യുന്ന ആന്റിബയോട്ടിക് വിഭാഗത്തിലെയും മറ്റും മരുന്നുകളുടെ പല ബാച്ചുകളിലും രാസപരിശോധന നടത്തുമ്പോള്‍ അതില്‍ നിഷ്കര്‍ഷിക്കുന്നതിന്റെ പകുതിയോളം മരുന്നേ കാണാറുള്ളൂ എന്ന് പലവട്ടം തെളിഞ്ഞിട്ടുണ്ട്.

ഈ രംഗത്തെ ചൂഴുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. പരിഹാരം പലതലത്തില്‍ ഉണ്ടാവേണ്ടതും. അധികൃതരോ കോടതിയോ വൈദ്യസംഘടനകളോ ഒക്കെ എന്തെങ്കിലും നടപടിയെടുത്തു വരുമ്പോഴേക്കും ലോകാവസാനമായെന്നിരിക്കും. അതുകൊണ്ട് നാം സൂക്ഷിക്കാനുള്ളത് സൂക്ഷിക്കുക. (ചികിത്സക്കുമുമ്പ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... അടുത്തലക്കം)

അവലംബം:

1. Essential Medicines WHO Model List: 16th edition (March 2009)
2. Confronting Commercialization of Health Care: Jana Swasthya Sabha National Co-ordination Committee, 2001.

പദസൂചിക

ജനറിക് നാമവുംബ്രാന്‍ഡും ജനറിക് നാമവും (International Nonproprietary Name) ബ്രാന്‍ഡ് നാമവും (Proprietary Name) എന്താണ്? ഒരു മരുന്ന് അതിലടങ്ങിയ പ്രവര്‍ത്തനശേഷി കാണിക്കുന്ന മുഖ്യകണികയുടെ പേരില്‍ അറിയപ്പെടുമ്പോഴാണ് അതിനെ ജനറിക് മരുന്ന് എന്നു വിളിക്കുക. ഉദാഹരണത്തിന് സര്‍വ സാധാരണയായി ഉപയോഗിക്കുന്ന ക്രോസിന്‍ (Crocin) എന്ന ബ്രാന്‍ഡില്‍ അറിയുന്ന മരുന്നിന്റെ ജനറിക് നാമം എന്നത് അതിലടങ്ങിയ കണികയുടെ പേരാണ് അസീറ്റമിനോഫെന്‍ (Acetaminophen). ഇതിനെത്തന്നെയാണ് ബ്രിട്ടീഷ് രീതിയില്‍ പാരസെറ്റമോള്‍ (Paracetamol) എന്നു വിളിക്കുന്നതും (അസീറ്റമിനോഫെന്‍ എന്നത് അമേരിക്കന്‍ ചിട്ടയില്‍ വിളിക്കുന്ന ജനറിക് പേരാണ്). മറ്റൊരു ഉദാഹരണമാണ് ആസ്പിരിന്‍ (Aspirin). ഇതിന്റെ ജനറിക് നാമം അസെറ്റില്‍ സാലിസിലിക് ആസിഡ് (Acetyl Salicilic Acid  അഥവാ ASA)എന്നാണ്. ആസ്പിരിന്‍ എന്നത് ബേയര്‍ എന്ന ജര്‍മന്‍കമ്പനി ഇറക്കുന്ന എഎസ്എയുടെ ബ്രാന്‍ഡ് നാമമാണെങ്കിലും ഉപയോഗംകൊണ്ട് നാം ഇപ്പോള്‍ ആസ്പിരിനെന്ന പേരുതന്നെ ജനറിക് നാമമായി പ്രയോഗിക്കാറുണ്ട്.

ചികിത്സക്കു പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മരുന്ന് ജനറിക് ആയാലും അല്ലെങ്കിലും അവ കഴിക്കുന്ന രോഗികള്‍ അറിയേണ്ട പല കാര്യങ്ങളുമുണ്ട്.

1. നിങ്ങളുടെ രോഗത്തെപ്പറ്റി അറിഞ്ഞുവയ്ക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്നു ധരിക്കുക. രോഗത്തിന് പേരുണ്ടെങ്കില്‍ അത് കുറിപ്പായി എഴുതിവാങ്ങുക. ആശുപത്രിരേഖകള്‍ പുറത്തുകൊടുക്കില്ലെങ്കില്‍ ഫോട്ടോകോപ്പിയെങ്കിലും തരാന്‍ ആവശ്യപ്പെടുക. രോഗത്തിന് ഒറ്റപ്പേരില്ല എന്നതിനാല്‍ പല രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്കായാണ് നിങ്ങള്‍ക്ക് ചികിത്സയെങ്കില്‍ ആ അവസ്ഥകള്‍ മനസ്സിലാക്കുക.

2. കഴിക്കുന്ന മരുന്നുകളുടെ പട്ടിക സൂക്ഷിക്കുക. സ്ഥിരമായി കഴിക്കുന്ന (ബിപി, ഹൃദ്രോഗം, പ്രമേഹം) മരുന്നുകള്‍ക്കും ചെറിയ അസുഖങ്ങള്‍ക്കും വെവ്വേറെ പട്ടിക ഉണ്ടെങ്കില്‍ നല്ലത്. ഓരോ മരുന്നും എന്തിനു കഴിക്കുന്നു എന്ന് എഴുതിവയ്ക്കുക.

3. മരുന്നുകടയില്‍നിന്നോ ക്ലിനിക്/ആശുപത്രി എന്നിവയില്‍നിന്നോ മരുന്നു വാങ്ങുമ്പോള്‍ മരുന്നിന്റെ പേരും ബ്രാന്‍ഡും അച്ചടിച്ച കമ്പനിപ്പാക്കറ്റില്‍ത്തന്നെ മുറിച്ചു വാങ്ങുക. പാക്കറ്റില്‍നിന്നു പൊട്ടിച്ചാണ് തരുന്നതെങ്കില്‍ അതിന്റെ പേരും ഡോസും പൊതിക്കു പുറത്ത് എഴുതി ലേബല്‍ചെയ്തു തരാന്‍ നിര്‍ബന്ധിക്കുക.

4. ഡോക്ടറുടെ കുറിപ്പടിയിലെ മരുന്നിന്റെ പേരും മരുന്നുകടയില്‍നിന്നു വാങ്ങിയ മരുന്നിന്റെ പേരും ഒന്നാണോ എന്ന് ഉറപ്പുവരുത്തുക. ബ്രാന്‍ഡുകള്‍ വ്യത്യസ്തമാണെങ്കിലും ഉള്ളടക്ക മരുന്ന് ഒന്നാണെന്ന് തീര്‍ച്ചയാക്കുക (ജനറിക് നാമം). ഇത് ഉറപ്പുവരുത്താതെ മരുന്നു കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യരുത്.

5. ഡോക്ടറുടെ ഉപദേശമോ പ്രിസ്ക്രിപ്ഷനോ ഇല്ലാതെ കടയില്‍ പോയി മരുന്നുവാങ്ങുന്ന രീതി അപകടമാണ്. നിങ്ങള്‍ മരുന്നുവിഷയത്തില്‍ എത്ര വിജ്ഞാനമുള്ള ആളാണെങ്കിലും മരുന്നിലെ ഘടകങ്ങള്‍ നിങ്ങള്‍ അറിയാത്തതരത്തില്‍ റിയാക്ട് ചെയ്യാം.

6.;മരുന്നു കഴിച്ചാലും ആദ്യം രോഗലക്ഷണങ്ങള്‍ കൂടുന്നതായി തോന്നും, എന്നിട്ടേ കുറയൂ എന്ന് ഉപദേശിച്ച് മരുന്നു നല്‍കുന്ന വ്യാജവൈദ്യന്മാരുണ്ട്. ഇത് സത്യമാണെന്നു കരുതി മരുന്നു കഴിച്ചിട്ടും രോഗലക്ഷണങ്ങള്‍ കൂടുന്നത് കാര്യമാക്കാത്തവരുണ്ട്. അത് അബദ്ധമാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നില്ല, അല്ലെങ്കില്‍ മതിയായ ഡോസിലല്ല മരുന്ന് കിട്ടുന്നത്.

7. മരുന്നുകളുടെ പ്രധാന പാര്‍ശ്വഫലങ്ങള്‍ അറിയുക എന്നത് നിങ്ങളുടെ അവകാശമാണ്. പാര്‍ശ്വഫലങ്ങള്‍ ഫാര്‍മസിസ്റ്റിന്റെ അടുത്തുനിന്നോ കുറിപ്പടിതന്ന ഡോക്ടറില്‍നിന്നോ അന്വേഷിക്കുക. ഉദാഹരണത്തിന് ചുമ മരുന്നുകളിലെ സാല്‍ബ്യൂട്ടമോള്‍ ഉണ്ടാക്കുന്ന നേരിയ കൈവിറയല്‍, മൂക്കൊലിപ്പു തടയാന്‍ നല്‍കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്ന മയക്കവും മന്ദതയും, ചില ബിപി മരുന്നുകള്‍മൂലം കൂടുതല്‍ മൂത്രം പോകുക, തലകറക്കം ഉണ്ടാകുക, ചില ഹൃദ്രോഗ/മസ്തിഷ്കാഘാത മരുന്നുകള്‍മൂലം രക്തം കട്ടപിടിക്കുന്നത് വൈകുക, ചില ആന്റിബയോട്ടിക്കുകള്‍മൂലം വയറിളകുക, വേദനസംഹാരികള്‍മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകുക എന്നിങ്ങനെ. അലര്‍ജിക് ശരീരപ്രകൃതിയുള്ളവര്‍ക്ക് ഏതാണ്ട് എല്ലാ മരുന്നിനോടും അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതും ശ്രദ്ധിക്കണം.

8. ഒന്നില്‍ക്കൂടുതല്‍ മരുന്ന് ഒരേസമയത്ത് കഴിക്കാന്‍ എഴുതിയാല്‍ അവ തങ്ങളില്‍ പ്രതിപ്രവര്‍ത്തിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, അത് ശരീരത്തിന് ദോഷമുള്ളതാണോ എന്നൊക്കെ അന്വേഷിക്കേണ്ടതും മരുന്നുകഴിക്കുന്ന രോഗിയുടെ ബാധ്യതയാണ്. ഭക്ഷണത്തിനു മുമ്പ്/ശേഷം എന്നിവയും പഥ്യങ്ങളും ചില മരുന്നുകളുടെ കാര്യത്തില്‍ (പ്രമേഹത്തിനു കഴിക്കുന്ന ഗുളികകള്‍, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍, മൂത്രത്തിലെ കല്ല്, ഹൃദ്രോഗം എന്നിവയില്‍) പ്രധാനമാണെന്ന് ഓര്‍ക്കുക.

9. മരുന്നുകളെപ്പോലെത്തന്നെ പാര്‍ശ്വഫലം ഉണ്ടാക്കാവുന്നവയാണ് രോഗനിര്‍ണയ പരിശോധനകള്‍. രക്തമെടുക്കാന്‍ കുത്തുന്ന സൂചിയില്‍നിന്ന് അണുബാധ വരാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എക്സ്റേ ദുര്‍ബലമായ റേഡിയേഷനാണെങ്കിലും അതിനും പാര്‍ശ്വഫലമുണ്ട്. പ്രത്യേകിച്ച് കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ. ഓരോ ടെസ്റ്റും എന്തിനാണ് ചെയ്യുന്നത്, ടെസ്റ്റ്കൊണ്ട് രോഗത്തിന്റെ എന്തു വശമാണ് മനസ്സിലാകുക എന്നൊക്കെ സാധിക്കുമെങ്കില്‍ ചോദിക്കുക. ചെലവുകൂടിയ ടെസ്റ്റുകളാണെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെകൂടി അഭിപ്രായം തേടുന്നതില്‍ തെറ്റില്ല.

10. ആവശ്യത്തിനു മാത്രം ഡോക്ടറെ കാണുക, അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മരുന്നു കഴിക്കുക, സാദാ ജലദോഷപ്പനിക്കും വൈറല്‍പനിക്കും മൂക്കടപ്പിനുംവരെ ഓടി മരുന്നുവാങ്ങുന്ന രോഗീസമൂഹംതന്നെയാണ് പല വഴിവിട്ട കച്ചവടങ്ങള്‍ക്കും വളംവച്ചുകൊടുക്കുന്നത്. ഓര്‍ക്കുക ഈ കച്ചവടവ്യവസ്ഥയില്‍ വൈദ്യനെയും മരുന്നു വില്‍ക്കുന്നവരെയും സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഒരു വിപണി മാത്രമാണ്, ശരീരം നിങ്ങളുടേതാണ്.

പരിഹാരമെന്ത് ?

ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ മാത്രമേ എഴുതാന്‍ പാടുള്ളൂ എന്ന നിയമം മരുന്നിന്റെ പേരിലുള്ള കൊള്ളയടി തടയാനുള്ള ഒറ്റമൂലിയല്ല. മരുന്നുകമ്പനികളെ നിയന്ത്രിക്കാനും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള ഇച്ഛാശക്തി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ചാല്‍ മാത്രമേ ഈ രംഗത്തെ അരാജകത്വം അവസാനിപ്പിക്കാനും രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ എത്തിച്ചുകൊടുക്കാനും സാധിക്കുകയുള്ളു.

1. പ്രധാന ഉല്‍പ്പാദകരില്‍നിന്ന് ജനറിക് മരുന്നുകള്‍ ഫാര്‍മസികളില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുക. പേറ്റന്റ് അനുവദിക്കുന്ന പ്രക്രിയയില്‍ത്തന്നെ പിടിമുറുക്കിയാല്‍ സര്‍ക്കാരിനിത് നടപ്പാക്കാവുന്നതേയുള്ളു.

2. ജനറിക് മരുന്നുകള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന നീതി സഹകരണ സ്റ്റോറുകള്‍ വ്യാപിപ്പിക്കുക.

3. വാരിവലിച്ച് ബ്രാന്‍ഡുകള്‍ ആരംഭിക്കുന്നതിലും പാക്കിങ്വിതരണ പ്ലാന്റുകള്‍ സ്ഥാപിച്ച് വ്യവസായം നടത്തുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരു മരുന്നിന് അനുവദിക്കാവുന്ന ബ്രാന്‍ഡുകളുടെ എണ്ണം നിജപ്പെടുത്തുക. ഇങ്ങനെ വരുന്ന മരുന്നുകളുടെ ഗുണനിലവാരംഉറപ്പുവരുത്തുക.

4. അവശ്യമരുന്നുകളെന്ന് ലോകാരോഗ്യസംഘടന നിശ്ചയിച്ച പട്ടികയിലെ മരുന്നുകളെല്ലാം സര്‍ക്കാരിന്റെ വിലനിയന്ത്രണത്തില്‍ കര്‍ക്കശമായി കൊണ്ടുവരിക.

5. ഡോക്ടര്‍മാരുടെ മരുന്നെഴുത്തു രീതികളെ പരിശോധിക്കാനും , അനാശാസ്യവും ശാസ്ത്രതെളിവുകളില്ലാത്തതുമായ മരുന്നെഴുത്ത് ചികിത്സാ പ്രവണതകള്‍ നിയന്ത്രിക്കാനും പൗരപ്രതിനിധികളെ ഉള്‍പ്പെടുത്തി ഏജന്‍സികള്‍ സ്ഥാപിക്കുക.

"മരുന്നു"ണ്ടാക്കുന്ന മറിമായം

അറുപത്തി രണ്ടായിരം കോടി രൂപയുടെ ആഭ്യന്തര വിപണിയും 42,000 കോടി രൂപയുടെ വിദേശ കച്ചവടവുമായി ലോക മരുന്നുവിപണിമൂല്യത്തിന്റെ 1.4 ശതമാനം കൈയാളുന്ന ഇന്ത്യന്‍ മരുന്നുവിപണിയില്‍ 24,000ത്തോളം കമ്പനികളുണ്ടെന്നാണ് കണക്ക്. നമ്മുടെ പേറ്റന്റ് വ്യവസ്ഥയുടെ പ്രത്യേകതമൂലം സ്വന്തമായി മരുന്നുകളൊന്നും ഗവേഷണം ചെയ്തു വികസിപ്പിക്കാത്തവര്‍ക്കും ഇന്ത്യയില്‍ മരുന്നുല്‍പ്പാദനം നടത്താം. ഇതുമൂലം വികസിതരാജ്യങ്ങളെ അപേക്ഷിച്ച് മരുന്നുവില കുറേയൊക്കെ താഴ്ന്നുനില്‍ക്കും. അത് നല്ലത്; പക്ഷേ 300ല്‍പ്പരം മരുന്നുകള്‍ക്ക് ഒരുലക്ഷത്തിനടുത്ത് ബ്രാന്‍ഡാകുമ്പോഴുണ്ടാകുന്ന അനാശാസ്യപ്രവണത എത്രമാത്രമാകുമെന്ന് ഊഹിക്കാം.

ഈ രംഗത്തുള്ളവര്‍ക്കെല്ലാം അറിയാവുന്നതും പൗരസമൂഹം അധികം തിരിച്ചറിയാത്തതുമായ അതിപ്രധാനമായൊരു സംഗതിയാണ് കൂണുപോലെ മുളച്ചുപൊങ്ങുന്ന വിതരണക്കമ്പനികളുടെ പിന്നാമ്പുറ കഥ. പേരിനു ചില തട്ടിക്കൂട്ട് കടലാസുപണികളും ഓഫീസും ഉണ്ടെങ്കില്‍ ഇന്ത്യയില്‍ ആര്‍ക്കും മരുന്നുവിതരണ കമ്പനി തുടങ്ങാമെന്ന അവസ്ഥ നിലനില്‍ക്കുന്നു. ഉദാഹരണത്തിന് ഏതൊക്കെ മരുന്നുകള്‍ നിങ്ങള്‍ ഇറക്കണമെന്ന് തീരുമാനിക്കുക. കമ്പനിക്കു പേരിടുക. മരുന്നിന്റെ ജനറിക് നാമവുമായി സാമ്യമുള്ള ബ്രാന്‍ഡ് പേരും ഇടുക. കമ്പനിയുടെ പേര് "സാന്‍ഡി" എന്നും പാരസെറ്റമോള്‍ മരുന്നിന് "സാന്‍ഡോമോള്‍"എന്നോ ഇതുപോലെ ഇല്ലാത്ത മറ്റെന്തെങ്കിലുമോ ബ്രാന്‍ഡ് പേരിട്ടുവെന്നിരിക്കട്ടെ.

പല സംസ്ഥാനങ്ങളിലും കുടില്‍വ്യവസായംപോലെയാണ് മരുന്നുനിര്‍മാണം. സ്റ്റാര്‍ച്ച്പോലുള്ള ഭക്ഷ്യയോഗ്യമായ മിശ്രിതങ്ങളില്‍ മരുന്നിന്റെ രാസകണികകളും ഭക്ഷ്യവര്‍ണങ്ങളും  ചേര്‍ത്താണ്  ഉല്‍പ്പാദനം. ആവശ്യമുള്ള മരുന്നിന്റെ അളവും പളപളപ്പുള്ള പൊതിയലും നിര്‍ദേശിച്ചാല്‍ അതുപോലെ ഉണ്ടാക്കിത്തരും. ഒരു സ്ട്രിപ്പ് പാരസെറ്റമോള്‍ നിങ്ങള്‍ 50 പൈസയ്ക്കു വാങ്ങി സ്വന്തം ബ്രാന്റ് ആക്കി വില്‍ക്കുന്നത് അഞ്ചു രൂപയ്ക്കാവും. കടയില്‍ അത് 10 രൂപയ്ക്കുവരെ വില്‍ക്കാം. എഴുതുന്നവര്‍ക്കും എടുത്തുകൊടുക്കുന്നവര്‍ക്കുമെല്ലാം കമീഷനും ആകര്‍ഷക സമ്മാനങ്ങളും വാഗ്ദാനംചെയ്താല്‍ വില്‍പ്പന ഉറപ്പ്. ചില ഡോക്ടര്‍മാരെങ്കിലും ഇത്തരം തട്ടിക്കൂട്ട് കമ്പനികളില്‍ ഓഹരിയുള്ളവരോ കമ്പനികളുമായി സഹകരിച്ച് മരുന്നുവില്‍പ്പന കൂട്ടിക്കൊടുക്കുന്നവരോ ഒക്കെയാകുമ്പോള്‍ ദുരന്തം ഇതിലും വലുതാകും.

*
ഡോ. സൂരജ് രാജന്‍ (യുസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി, ക്വീന്‍ സ്ക്വയര്‍, ലണ്ടന്‍)

Courtesy: Deshabhimani

അതിജീവന സമരത്തില്‍ പങ്കാളിയാവുക

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന് എന്തു സംഭാവന നല്‍കി എന്ന പരിശോധനയില്‍ സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കണ്ടത് നാല് പ്രധാന കാര്യങ്ങളാണ്. 1. അവശ്യസാധനങ്ങളുടെ നിരന്തരമായ വിലക്കയറ്റം. 2. ഒന്നാം യുപിഎ ഭരണകാലത്ത് തുടങ്ങിവച്ച ഉന്നതതല അഴിമതിയുടെ വന്‍തോതിലുള്ള വളര്‍ച്ച. 3. അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായി തന്ത്രപ്രധാന സഖ്യവും. 4. രൂക്ഷമായ ചൂഷണവും ഇല്ലായ്മയുംമൂലം തൊഴിലാളിവര്‍ഗവും കര്‍ഷകരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും കൂടുതല്‍ കഷ്ടപ്പെടേണ്ടിവരുന്നു. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ഓരോ നിമിഷവും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. ഏറ്റവുമൊടുവില്‍, ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ജനകോടികള്‍ക്ക് താങ്ങായി നില്‍ക്കുന്ന സബ്സിഡികള്‍ വെട്ടിക്കുറച്ചാണ് യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയത്. സബ്സിഡി പണമായി ബാങ്കുവഴി നല്‍കുമെന്നാണ് പ്രഖ്യാപനം. വില നിയന്ത്രിച്ചുള്ള സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നിര്‍ത്തലാക്കുന്നതാണീ നടപടി.

വിലക്കയറ്റം എന്നത്തെക്കാളും രൂക്ഷമായ ഘട്ടത്തില്‍ വിപണിവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനം വാങ്ങേണ്ടിവരും. അതിനുസരിച്ച് സബ്സിഡി ലഭിക്കുകയുമില്ല. അതിനര്‍ഥം, ഈ നയംമാറ്റത്തിലൂടെ രാജ്യത്ത് പോഷകാഹാരക്കുറവും ദാരിദ്ര്യവും വര്‍ധിക്കുമെന്നാണ്. പണം എന്ന പ്രലോഭനം കാട്ടി ജനങ്ങളെ വഞ്ചിച്ച് അതിന്റെ മറവില്‍ സര്‍ക്കാരിന്റെ കടമകള്‍ കൈവിടാനുള്ള ആസൂത്രിതനീക്കം രാജ്യത്താകെ പ്രതിഷേധം വിളിച്ചുവരുത്തുന്ന ഘട്ടമാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുക എന്നത് ഏതു സര്‍ക്കാരിലും നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ 39 വട്ടം പെട്രോള്‍വില വര്‍ധിപ്പിച്ചു എന്ന വസ്തുത, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ ആ ഉത്തരവാദിത്തം എങ്ങനെയാണ് നിറവേറ്റുന്നത് എന്ന് തെളിയിക്കുന്നു. 2004ല്‍ ഒന്നാം യുപിഎ അധികാരമേല്‍ക്കുമ്പോള്‍ 26 രൂപയായിരുന്ന ഡീസല്‍വില ഇന്ന് അന്‍പതുരൂപയാണ്. പെട്രോളിന് പിന്നാലെ ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ധനവിലയിലെ നേരിയ വര്‍ധനപോലും പൊതുവിലക്കയറ്റത്തിന് വന്‍തോതില്‍ ഇന്ധനം പകരും. പാചകവാതകത്തിന് പകരം അടുപ്പുകത്തിക്കാന്‍ ജനങ്ങള്‍ മരം നട്ടുവളര്‍ത്തട്ടെയെന്നുപദേശിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. ഇപ്പോഴത്തെ വിലവര്‍ധനയും നിയന്ത്രണവുമൊന്നും പാചകവാതക ക്ഷാമം മൂലമല്ല. മറിച്ച്, ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ പാചകവാതകം നല്‍കരുത് എന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. യുപിഎ ഭരണകാലയളവില്‍ സിലിണ്ടറിന് 118 രൂപയാണ് സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വില വര്‍ധിച്ചത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി ചുരുക്കുന്നത് സിലിണ്ടറിന് മുന്നൂറു രൂപ വര്‍ധിപ്പിക്കുന്നതിനുതുല്യമാണ്. വില വര്‍ധിപ്പിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കിയാണ് പലമടങ്ങ് അധികഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഡോ. വിജയ് കേല്‍ക്കര്‍ കമ്മിറ്റി സെപ്തംബര്‍ മൂന്നിന് കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തത്, പാചകവാതക സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടു രൂപയും ഡീസല്‍ ലിറ്ററിന് നാലു രൂപയും വര്‍ധിപ്പിക്കണമെന്നാണ്. അത്യന്തം ജനദ്രോഹകരമെന്ന് പരക്കെ വിമര്‍ശിക്കപ്പെട്ട ആ ശുപാര്‍ശകളെയും കടത്തിവെട്ടിയാണ് പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി കുറച്ചത്. ആറിനുശേഷം വാങ്ങുന്ന ഓരോ സിലിണ്ടറിനും സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില നല്‍കണം. നിയന്ത്രണം നടപ്പാക്കുമ്പോള്‍, വര്‍ഷം 12 സിലിണ്ടര്‍ ഉപയോഗിക്കുന്ന കുടുംബത്തിന് അധികം വാങ്ങുന്ന ആറ് സിലിണ്ടര്‍ ഓരോന്നിനും 430 രൂപയുടെ സ്ഥാനത്ത് 942 രൂപവീതം നല്‍കേണ്ടിവരും. സിലിണ്ടറിന് 512 രൂപ കൂടുതല്‍. (പ്രാദേശികമായി ഇതില്‍ ചെറിയ മാറ്റം വരും). ആറിന് പുറമെ വാങ്ങുന്ന ആറ് സിലിണ്ടറിന് മൊത്തം 3072 രൂപ നല്‍കണം. കേല്‍ക്കര്‍ കമ്മിറ്റി

ശുപാര്‍ശചെയ്ത വര്‍ധന നടപ്പാക്കിയാല്‍ 600 രൂപയുടെ ഭാരമാണ് വരേണ്ടിയിരുന്നത്. പാചകവാതകവിതരണം അനിശ്ചിതാവസ്ഥയിലാണിന്ന്. ഗ്രാമ-നഗര വ്യത്യാസം ഏറെക്കുറെ ഇല്ലാതാകുന്ന കേരളത്തില്‍ ഗണ്യമായ വിഭാഗത്തിന്റെ അടുക്കളയില്‍ ഭക്ഷണം വേകണമെങ്കില്‍ പാചകവാതകം വേണം. മാസം ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നവരാണധികവും. ആറായി ചുരുക്കിയ സബ്സിഡി സിലിണ്ടര്‍ വര്‍ഷത്തിന്റെ പാതിയാകുന്നതുവരെയേ എത്തൂ. ബാക്കി സബ്സിഡിയില്ലാതെ വാങ്ങേണ്ടിവരുന്നത് കുടുംബ ബജറ്റുകളെ കീഴ്മേല്‍മറിക്കും. സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കും എന്നാണിതില്‍നിന്ന് വ്യക്തമാകുന്നത്. അതിജീവനത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് പാതയോരങ്ങളില്‍ ജനലക്ഷങ്ങള്‍ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തുകൊണ്ടുള്ള സമരത്തിന് സിപിഐ എം നേതൃത്വം നല്‍കുന്നതിന്റെ പശ്ചാത്തലം ഇതാണ്. വിലക്കയറ്റം തടയണം, പാചകവാതക സിലിണ്ടര്‍ നിയന്ത്രണം റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളചരിത്രത്തിലെ സവിശേഷതയാര്‍ന്ന സമരമുന്നേറ്റമാണ് ഡിസംബര്‍ ഒന്നിന് യാഥാര്‍ഥ്യമാകുക. മഞ്ചേശ്വരംമുതല്‍ പാറശാലവരെ ദേശീയപാതയോരത്തും ഒപ്പം വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും അടുപ്പുകളെരിയും. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ചുവടുപറ്റി കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും കടുത്ത ജനദ്രോഹനടപടികളുടെ വഴിയിലാണ്. പൊതുവിതരണരംഗത്തും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ പാടെ അട്ടിമറിക്കപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍പോലെ കേരളത്തില്‍ നിലനില്‍ക്കുന്ന സേവന-വേതന വ്യവസ്ഥകളെ അട്ടിമറിക്കുന്നതടക്കം നാനാവിഭാഗം ജനങ്ങള്‍ക്കുമെതിരായ നിരവധി നടപടികള്‍ തുടര്‍ച്ചയായി വരുന്നു. സബ്സിഡി ബാങ്കുകളിലൂടെയാക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നു. അതോടെ 1966 മുതല്‍ കേരളത്തിന്റെ അഭിമാനനേട്ടമായ പൊതുവിതരണസമ്പ്രദായം അവസാനിക്കും.

റേഷന്‍കടകള്‍ ഇല്ലാതാകുകയും കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും ജനങ്ങളെ വേട്ടയാടുകയും ചെയ്യും. മണ്ണെണ്ണയുടെ സബ്സിഡി പണമായി നല്‍കാനുള്ള ഉദ്യമം പരാജയപ്പെട്ടു എന്ന് മുഖ്യമന്ത്രിതന്നെ കുറ്റസമ്മതംനടത്തിയ അതേവേളയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്ത് 14300ല്‍പരം റേഷന്‍കടകളുണ്ട്. റേഷനായി ലഭിക്കുന്ന ധാന്യങ്ങളും മറ്റവശ്യവസ്തുക്കളുംകൊണ്ട് പുലരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട്. പുതിയ തീരുമാനത്തോടെ അവര്‍ പട്ടിണിയിലേക്കാണ് എടുത്തെറിയപ്പെടുക. സമരമല്ലാതെ മറ്റു വഴിയില്ല എന്ന അവസ്ഥയിലാണ് ജനങ്ങള്‍. അതുകൊണ്ടുതന്നെ ഡിസംബര്‍ ഒന്നിന് ആബാലവൃദ്ധം തെരുവുകളിലേക്കൊഴുകിയെത്തി പ്രതിഷേധാഗ്നി എരിക്കുമെന്നതില്‍ സംശയമില്ല. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധതയ്ക്കുള്ള കരുത്തന്‍ ആഘാതമാക്കി ഈ സമരത്തെ മാറ്റാന്‍ മുഴുവന്‍ കേരളീയരോടും അഭ്യര്‍ഥിക്കുന്നു.

*
പിണറായി വിജയന്‍ ദേശാഭിമാനി 30 നവംബര്‍ 2012

രാഷ്ട്രീയക്കളി ഗവര്‍ണറിലൂടെ

കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിനും അക്കാദമിക് സ്വാതന്ത്ര്യത്തിനുംനേര്‍ക്ക് സര്‍ക്കാര്‍ നടത്തിവരുന്ന അമിതാധികാരപരവും ഭരണഘടനാബാഹ്യവുമായ കടന്നാക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് അഡ്വ. എസ് പി ദീപക്കിനെ കേരളസര്‍വകലാശാലയുടെ സെനറ്റില്‍നിന്ന് പുറത്താക്കിയ നടപടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടിയുണ്ടായത്. തെരഞ്ഞെടുക്കപ്പെട്ടതോ സംസ്ഥാനത്തെ ജനങ്ങളോട് ഏതെങ്കിലും വിധത്തില്‍ ഉത്തരവാദിത്തമുള്ളതോ ആയ സ്ഥാനമല്ല ഗവര്‍ണറുടേത്. അങ്ങനെയൊരു സ്ഥാനം ജനാധിപത്യത്തില്‍ ആശാസ്യമാണോ എന്ന പ്രസക്തമായ ചോദ്യമുണ്ട്. എങ്കിലും ഇപ്പോള്‍ അതിന്റെ വിവിധ വശങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. എങ്കിലും, സര്‍വകലാശാലയുടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യഭരണസമിതിയില്‍നിന്ന് ഏകാധിപത്യപരമായി ഒരാളെ പുറത്താക്കുന്നതിന്റെ അനൗചിത്യം ഭരണഘടനാപരമായ അധികാരത്തിന്റെ അധമമായ തലത്തിലുള്ള ദുര്‍വിനിയോഗമാണെന്ന വസ്തുത ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.

ഗവര്‍ണറുടെ നടപടിയില്‍ പ്രതിഫലിച്ചുനില്‍ക്കുന്നത് യുഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം അട്ടിമറിക്കാന്‍ ഗൂഢരാഷ്ട്രീയതാല്‍പ്പര്യത്തോടെ കാട്ടുന്ന വ്യഗ്രതയാണ്. ആ വ്യഗ്രതയുടെ ഉപകരണമായി സ്വയം തരംതാഴുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഗവര്‍ണര്‍സ്ഥാനത്തെ ഈ വിധത്തിലുപയോഗിക്കാനുള്ള പാവസ്ഥാനമാക്കി യുഡിഎഫ് മാറ്റിയതുതന്നെ അനാവശ്യവും അനുചിതവുമായ ഒരു ജനാധിപത്യവിരുദ്ധ നിയമനിര്‍മാണത്തിലൂടെയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ചില നാള്‍ കഴിഞ്ഞവേളയില്‍ത്തന്നെ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് പിന്നീട് യൂണിവേഴ്സിറ്റി ലോസ് അമന്റ്മെന്റ് ബില്‍ 2012 കൊണ്ട് പകരംവച്ചു, നിയമമാക്കി. അതില്‍ ഒരു പ്രത്യേകവകുപ്പ് എഴുതിച്ചേര്‍ത്തു. സര്‍വകലാശാല സെനറ്റംഗങ്ങള്‍ സര്‍ക്കാരിന്റെയും ചാന്‍സലറായ ഗവര്‍ണറുടെയും തൃപ്തിക്ക് പാത്രീഭവിക്കുന്നിടത്തോളം മാത്രമേ ആ സ്ഥാനത്ത് തുടരൂ എന്നതാണത്. സര്‍വകലാശാലാ സ്വയംഭരണത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍ ഇതനപ്പുറം വേറൊരു വ്യവസ്ഥവേണ്ട. സര്‍ക്കാരിന് സ്വീകാര്യമാകുംവിധം പെരുമാറിയാലേ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് സെനറ്റിലിരിക്കാനാകൂ എന്നുവന്നാല്‍ പിന്നെ എന്ത് സ്വയംഭരണം? ആ ഭരണം സര്‍ക്കാര്‍ഭരണമാണ്; സര്‍വകലാശാലയുടെ ജനാധിപത്യപരമോ അക്കാദമിക് സ്വഭാവമുള്ളതോ ആയ സ്വയംഭരണമല്ല. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന സര്‍ക്കാരും ഇത്ര നഗ്നമായി സര്‍വകലാശാലാ സ്വയംഭരണത്തിലേക്ക് നിയമമുണ്ടാക്കി കടന്നുകറിയിട്ടില്ല. 1974ലെ നിയമത്തിന്റെ പതിനെട്ടാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ എഴുതിച്ചേര്‍ത്ത ഈ പുതിയ ജനാധിപത്യവിരുദ്ധ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് എസ് പി ദീപക്കിനെ ഇപ്പോള്‍ സെനറ്റില്‍നിന്ന് നീക്കം ചെയ്തത്. സര്‍വകലാശാലകളെ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ തങ്ങള്‍ക്ക് വിധേയമാക്കാനുള്ള യുഡിഎഫിന്റെ വ്യഗ്രതയാണ് നിത്യേനയെന്നോണം ഇപ്പോള്‍ കേരളം കാണുന്നത്. എസ് പി ദീപക് പുതിയ വൈസ്ചാന്‍സലറെ തെരഞ്ഞെടുക്കാനായി സെനറ്റില്‍നിന്ന് നിയുക്തമായ സര്‍വകലാശാലാ സമിതി അംഗമാണ്. ദീപക്കിനെ ഒഴിവാക്കിയാല്‍ പിന്നെ ആ സമിതിയില്‍ യുജിസി ചെയര്‍മാന്റെയും ചാന്‍സലറുടെയും നോമിനികളേയുള്ളൂ. വൈസ്ചാന്‍സലര്‍ സ്ഥാനത്ത് യോഗ്യത മാനദണ്ഡമാകാതെ തങ്ങളുടെ താല്‍പ്പര്യത്തിലുള്ളയാളെ കൊണ്ടുവരുന്നതിന് ദീപക്കിന്റെ സാന്നിധ്യം തടസ്സമാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ കണ്ടു. അധ്യാപക-അനധ്യാപക നിയമനങ്ങളിലെ അഴിമതി, സംവരണം അട്ടിമറിക്കല്‍ എന്നിവയ്ക്കെതിരെ ഉയരുന്ന ശബ്ദം ദുര്‍ബലപ്പെടുത്തണമെന്ന് സര്‍ക്കാര്‍ കണ്ടു. ഇതൊക്കെ മനസ്സില്‍വച്ചുള്ളതാണ് ദീപക്കിനെതിരായ നടപടി. ഒക്ടോബര്‍ 16ന് നടന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടാക്കി എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ മറവിലാണ് ഈ നടപടി എടുത്തത്. സെമസ്റ്റര്‍വല്‍ക്കരണം സംബന്ധിച്ച ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാനായി എല്ലാ സര്‍വകലാശാലകളിലെയും സിന്‍ഡിക്കറ്റ് അംഗങ്ങളെ വിളിച്ചുവരുത്തി നടത്തിയ യോഗമായിരുന്നു അത്. എന്നാല്‍, എന്ത് ചര്‍ച്ചചെയ്ത് അഭിപ്രായം രൂപീകരിക്കാനാണോ യോഗം, അതേ വിഷയത്തില്‍ അന്തിമതീര്‍പ്പുകല്‍പ്പിച്ചതിന്റെ ഉത്തരവ് യോഗത്തിനുമുമ്പുതന്നെ സര്‍ക്കാര്‍ ഇറക്കി. ആ നിലയ്ക്ക് യോഗം പ്രഹസനമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് ദീപക് അടക്കമുള്ള ചില സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ചെയ്തത്. അവര്‍ യോഗം തടസ്സപ്പെടുത്തിയില്ല. ജനാധിപത്യപരമായി പ്രതിഷേധിച്ചതേയുള്ളൂ. ആ പ്രതിഷേധത്തിന് ശേഷവും യോഗം തുടരുകയുണ്ടായിതാനും. എന്നിട്ടും ആ യോഗത്തിലെ പെരുമാറ്റത്തിന്റെപേരില്‍ നടപടി എടുക്കുക എന്നുപറഞ്ഞാല്‍ ജനാധിപത്യപരമായ പ്രതിഷേധപ്രകടനത്തിന് അനുവദിക്കില്ല എന്നാണര്‍ഥം. ഇങ്ങനെ ചെയ്യാന്‍ ഇവിടെ അടിയന്തരാവസ്ഥയൊന്നും നിലവിലില്ലല്ലോ. പ്രതിഷേധിച്ച സിന്‍ഡിക്കറ്റ് അംഗങ്ങള്‍ സത്യത്തില്‍ സര്‍വകലാശാലാതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചചെയ്ത് നടപ്പാക്കിയ സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിക്കപ്പെട്ടാല്‍ യുജിസിയുടെ ഫണ്ട് നിഷേധിക്കപ്പെടും. ആ അവസ്ഥയുണ്ടാകാതിരിക്കണമെങ്കില്‍ ഭാഗികമായി വാര്‍ഷികവും ഭാഗികമായി സെമസ്റ്ററും എന്ന സംവിധാനം നടപ്പാക്കരുത്. സര്‍ക്കാരാകട്ടെ, ഉത്തരവിലൂടെ ചെയ്തത് യുജിസി നിര്‍ദേശത്തിനെതിരായ സമ്പ്രദായം നടപ്പാക്കുകയാണ്. ഇതിനെതിരെയാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. പരമോന്നത ജനപ്രതിനിധിസഭയായ പാര്‍ലമെന്റില്‍ പോലും അനുവദിക്കപ്പെടുന്ന പ്രതിഷേധാവകാശത്തെയാണ് ഇവിടെ ഒരു സര്‍ക്കാരും ഗവര്‍ണറുംകൂടി ഇല്ലായ്മ ചെയ്യുന്നത്.

സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍പരമ്പരയാകുകയാണ്. കണ്ണൂര്‍, കോഴിക്കോട്, എംജി സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റുകള്‍ പിരിച്ചുവിട്ട് നോമിനേറ്റഡ് സമിതികളുണ്ടാക്കി. ചില സമിതികള്‍ക്ക് കാലാവധി നീട്ടിക്കൊടുത്തു. കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റില്‍നിന്ന് മൂന്നുപേരെ സര്‍ക്കാര്‍ പിന്‍വലിച്ചു. നേരത്തെ സിന്‍ഡിക്കറ്റിലുണ്ടായിരുന്ന നാല് ഐടി, ബിടി വിദഗ്ധരെ ഒഴിവാക്കി. പകരം വിദഗ്ധരല്ലാത്ത അഞ്ചുപേരെ നോമിനേറ്റ്ചെയ്ത് കൃത്രിമമായി യുഡിഎഫിന് ഭൂരിപക്ഷമുണ്ടാക്കിയെടുത്തു. ഇങ്ങനെ അധാര്‍മികവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ തുടരുകയാണ്. അതിലെ പുതിയ കണ്ണിയാണ് ദീപിക്കിനെതിരായ നടപടി. അക്കാദമിക് മികവിനെയും സര്‍വകലാശാലാ സ്വയംഭരണതത്വത്തെയും ആദരിക്കുന്ന എല്ലാ ജനാധിപത്യവാദികളും അതിശക്തമായ പ്രതിഷേധമുയര്‍ത്തേണ്ട ഘട്ടമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 30 നവംബര്‍ 2011

Wednesday, November 28, 2012

തകരുന്ന കറന്‍സി മാനേജ്മെന്റ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്തില്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2012 മാര്‍ച്ച് അവസാനം രാജ്യത്ത് പ്രചാരത്തിലുള്ളത് 69,328 ദശലക്ഷം ബാങ്കുനോട്ടുകളാണ്. നോട്ടുകളുടെ മൊത്തം മൂല്യമാകട്ടെ 10,52,300 കോടി രൂപയും. 2011ല്‍ 64,577 ദശലക്ഷം നോട്ടുകളും 2010ല്‍ 56,595 ദശലക്ഷം നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷംകൊണ്ട് വര്‍ധിച്ചത് 12,787 ദശലക്ഷം നോട്ടുകളാണ്. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് രാജ്യത്തെ കറന്‍സി മാനേജ്മെന്റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. ആക്ടിന്റെ 22-ാം വകുപ്പ് പ്രകാരം രാജ്യത്ത് നോട്ടുകള്‍ പുറത്തിറക്കുന്നതിനുള്ള അധികാരം റിസര്‍വ് ബാങ്കിനുമാത്രമാണ്. രാജ്യത്ത് ആവശ്യമായ അളവില്‍ നോട്ടുകള്‍ പുറത്തിറക്കേണ്ടതും, കീറിയതും ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതും മുഷിഞ്ഞതുമായ നോട്ടുകള്‍ പിന്‍വലിച്ച് പരിശോധിച്ച് നശിപ്പിക്കേണ്ടതും, നാണയങ്ങള്‍ മാറ്റി പകരം നോട്ടുകളും നോട്ടുകള്‍ മാറ്റി പകരം നാണയങ്ങളും നിയമം അനുവദിക്കുന്ന അളവില്‍ നല്‍കേണ്ട ഉത്തരവാദിത്തം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. വൃത്തിയുള്ള നോട്ടുകള്‍ ഉപയോക്താവിന് ലഭിക്കുന്നത് റിസര്‍വ് ബാങ്കിന്റെ സൗജന്യമോ, സൗമനസ്യമോ മൂലമല്ല എന്നതാണ് വസ്തുത. റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് നയത്തിന്റെ അടിത്തറ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ 27-ാം വകുപ്പിന്മേലാണ്. ജനങ്ങള്‍ക്ക് ലഭ്യമാകുന്ന നോട്ടുകളുടെ വൃത്തി റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റിലെ കാര്യക്ഷമതയുടെ പര്യായവും. വളരെ ലളിതമെന്ന് തോന്നുമെങ്കിലും 3.29 ദശലക്ഷം കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് ദൈനംദിന ഇടപാടുകള്‍ക്ക് ആവശ്യമായ നോട്ടുകള്‍ എത്തിച്ച് കൊടുക്കേണ്ടതും പ്രചാരയോഗ്യമല്ലാത്ത നോട്ടുകള്‍ പിന്‍വലിച്ച് അവ പരിശോധിച്ച് നിയമാനുസൃതം നശിപ്പിച്ച് പകരം നോട്ടുകള്‍ നല്‍കേണ്ടതും വളരെ സങ്കീര്‍ണവും ശ്രമകരവുമായ തുടര്‍പ്രവര്‍ത്തനമാണ്. സാമ്പത്തികവളര്‍ച്ച, പണപ്പെരുപ്പം, വിലക്കയറ്റം എന്നിവയെല്ലാം കണക്കിലെടുത്ത് സമ്പദ്ഘടനയ്ക്ക് ആവശ്യത്തിന് നോട്ടുകള്‍ രാജ്യത്താകമാനം അതതുസമയത്ത് ലഭ്യമാക്കേണ്ടത് റിസര്‍വ് ബാങ്കിന്റെ നിയമപരമായ കര്‍ത്തവ്യമാണ്. നോട്ടുകളുടെ അച്ചടി, സൂക്ഷിപ്പ്, ഗതാഗതം, വിതരണം, സുരക്ഷ എന്നീ കര്‍ത്തവ്യങ്ങള്‍ ശ്രമകരവും വൈദഗ്ധ്യം ഉയര്‍ന്ന അളവില്‍ ആവശ്യമുള്ളതുമാണ്. നോട്ടുകള്‍ അച്ചടിക്കുന്ന പ്രസുകളുടെ ക്ഷമതയും സങ്കീര്‍ണമായ മറ്റൊരു ഘടകമാണ്. നോട്ടുകളുടെ പ്രചാരദൈര്‍ഘ്യം സാധാരണ ഗതിയില്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ചുരുക്കത്തില്‍ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളെല്ലാം ആറ് മാസത്തിനും രണ്ടുവര്‍ഷത്തിനും ഇടയില്‍ പ്രചാരയോഗ്യമല്ലാതായിത്തീരുന്നു. ആവശ്യാനുസരണം നോട്ടുകള്‍ വിതരണ സ്രോതസ്സുകളില്‍ക്കൂടി ഉപയോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയും, പ്രചാരയോഗ്യമല്ലാത്ത നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയവ പ്രചാരത്തിലിറക്കേണ്ടതും അനുസ്യുതമായി തുടരേണ്ട പ്രവര്‍ത്തനമാണ്. തടസ്സമുണ്ടായാല്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ വൃത്തി ക്രമേണ കുറയും. മുഷിഞ്ഞതും, കീറിയതുമായ നോട്ടുകള്‍കൊണ്ട് മാര്‍ക്കറ്റ് നിറയും. പുതിയ നോട്ടുകള്‍ പ്രചാരത്തിലിറക്കുകയും ആനുപാതികമായി പഴയതും പ്രചാരയോഗ്യമല്ലാത്തതുമായ നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിനുണ്ടാകുന്ന തടസ്സം പ്രചാരത്തിലുള്ള നോട്ടുകളുടെ വൃത്തിയെയും വെടിപ്പിനെയും പ്രതികൂലമായി ബാധിക്കും.

ഇന്നത്തെ നിലയില്‍ 35,000 ദശലക്ഷം നോട്ടുകള്‍ 2011- 12 ല്‍ പുറത്തിറക്കേണ്ടിയിരുന്നു. പുറത്തിറക്കിയതാകട്ടെ, 17,800 ദശലക്ഷം നോട്ടുകളും. 2012- 13 ല്‍ 38,000 ദശലക്ഷം നോട്ടുകള്‍ പുറത്തിറക്കേണ്ടിവരും. 2011- 12 ല്‍ പിന്‍വലിച്ചത് 13,773 ദശലക്ഷം നോട്ടുകളാണ്. പിന്‍വലിക്കേണ്ടിയിരുന്നത് 28,000 ദശലക്ഷമായിരുന്നു. ഈ ചേര്‍ച്ചയില്ലായ്മ ഇനി തുടര്‍ന്നാല്‍ വൃത്തിയുള്ളനോട്ടുകള്‍ പ്രചാരത്തില്‍ കുറയുകയും വൃത്തിഹീനമായ നോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയുംചെയ്യും. കറന്‍സി മാനേജ്മെന്റിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടുന്ന വിധത്തിലാണ് രാജ്യത്ത് കള്ളനോട്ടുകള്‍ പെരുകുന്നത് എന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്് പ്രകാരം 2011 ഏപ്രില്‍മുതല്‍ 2012 മാര്‍ച്ച് 31 വരെ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 5,21,155 ആണ്. റിസര്‍വ് ബാങ്കിന്റെ 20 ഇഷ്യൂ ഓഫീസുകളിലും രാജ്യത്തെ ബാങ്ക് ശാഖകളിലുംമാത്രം കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളാണ് ഇവയത്രയും. പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും കണ്ടുപിടിച്ച കള്ളനോട്ടുകളുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിശോധിക്കുന്ന നോട്ടുകളില്‍ ഉണ്ടാകാവുന്ന കള്ളനോട്ടുകളുടെ സഹന പരിധി (ടോളറന്‍സ് ലെവല്‍) പൂജ്യം ആയിരിക്കണം എന്നതാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത നയം. അതായത്, പരിശോധിക്കുന്ന നോട്ടുകളില്‍ കള്ളനോട്ട് ഇല്ലാതിരിക്കണം എന്ന്. ഈ നയം പ്രാബല്യത്തിലായ സാഹചര്യത്തിലാണ് കള്ളനോട്ടുകളുടെ തുടര്‍ച്ചയായ വന്‍ വര്‍ധന. റിസര്‍വ് ബാങ്കിലും ബാങ്ക് ശാഖകളിലും പരിശോധനയില്‍ കണ്ടുപിടിക്കപ്പെടുന്ന കള്ളനോട്ടുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ എപ്പോള്‍ കടന്നു എന്നോ അവ എത്ര തവണ കൈമാറ്റം ചെയ്യപ്പെട്ടു എന്നോ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് അവ സമ്പദ്ഘടനയില്‍ ഏല്‍പ്പിച്ചിട്ടുള്ള ആഘാതം കണക്കാക്കുന്നതുപോലും ശ്രമകരമാണ്. കണ്ടുപിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ ഈ വന്‍ വര്‍ധന തുടങ്ങുന്നത് 1999 ന് ശേഷമാണ്. 100ന്റെയും 500ന്റെയും നോട്ടുകള്‍ വിദേശത്ത് അച്ചടിച്ച് ഇന്ത്യയില്‍ ഇറക്കുമതിചെയ്തത് 1998 മുതലാണ്. നോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതിനുശേഷമാണ് കള്ളനോട്ടുവ്യാപനത്തിലുണ്ടായ വന്‍ വര്‍ധന. ദേശീയ അതിര്‍ത്തി കടന്ന് കള്ളനോട്ടുകള്‍ വ്യാപകമായി നമ്മുടെ രാജ്യത്തെത്തുന്നു എന്ന വസ്തുത ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചുകഴിഞ്ഞ ദേശീയ സുരക്ഷ പ്രശ്നവുമാണ്. 1949 ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ 35 എ വകുപ്പ് പ്രകാരം റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് രാജ്യത്തെ ബാങ്കുകള്‍ അവയിലെത്തുന്ന ഉയര്‍ന്ന മൂല്യശ്രേണിയിലുള്ള നോട്ടുകളില്‍ കള്ളനോട്ട് ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിമാത്രമേ വീണ്ടും പ്രചാരത്തിലേക്ക് നല്‍കാവൂ. ഇപ്രകാരം നോട്ടുകള്‍ പരിശോധിക്കുന്നതിന് രാജ്യത്താകമാനം ബാങ്ക് ബ്രാഞ്ചുകളില്‍ 10,394 നോട്ട് പരിശോധനായന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ് എന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത്. നോട്ടുകളുടെ അനിയന്ത്രിതമായ വളര്‍ച്ചയും, കള്ളനോട്ടുകള്‍ ക്രമാതീതമായി പെരുകുന്നതും രാജ്യത്തെ കറന്‍സിമാനേജ്മെന്റ് സംവിധാനത്തെ ആകെ തകര്‍ച്ചയിലേക്ക് നയിക്കാതിരിക്കാന്‍ അടിയന്തര ശ്രദ്ധയും സത്വര നടപടികളും അനിവാര്യമാക്കുന്നു. നോട്ടുകളുടെ വ്യാപ്തി, അച്ചടി, വിതരണം, സൂക്ഷിപ്പ്, നോട്ടുഗതാഗതം, സുരക്ഷ എന്നിവയ്ക്കുള്ള എല്ലാ സംവിധാനങ്ങളും പുനഃപരിശോധിക്കപ്പെടണം.

പ്രചാരയോഗ്യമല്ലാത്ത നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്കില്‍ എത്തിച്ച് അവയെല്ലാം പരിശോധിച്ച് നശിപ്പിക്കുന്ന സംവിധാനം വിപുലപ്പെടുത്തണം. പരിശോധനാ സംവിധാനം കുറ്റമറ്റതാക്കി എല്ലാ നോട്ടുകളും അവസാന ഓഡിറ്റില്‍ റിസര്‍വ് ബാങ്കിന്റെ യന്ത്രസംവിധാനത്തിലെങ്കിലും പരിശോധിക്കപ്പെടണം. നോട്ടുകള്‍ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. അത്യാധുനിക സാങ്കേതികവിദ്യ നല്‍കിയ മറ്റ് സൗകര്യങ്ങളെല്ലാം സ്വായത്തമായിട്ടും ദൈനംദിന പണം ഇടപാടുകള്‍ക്ക് നോട്ടുകളോടു തന്നെ ആഭിമുഖ്യം പുലര്‍ത്തുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ കൈവശം ദിവസേന വന്നുചേരുന്ന വൃത്തിഹീനമായ നോട്ടുകളും കള്ളനോട്ടുകളും പൗരനുമുന്നില്‍ റിസര്‍വ് ബാങ്ക് എന്ന മഹദ്സ്ഥാപനത്തിന്റെ മുഖം വികൃതമാക്കും

*
ടി കെ തങ്കച്ചന്‍ (ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആണ് ലേഖകന്‍)

അധികവായനയ്ക്ക്

കള്ളനോട്ട് വ്യാപനം അവഗണിക്കാവുന്നതോ; അപകടകരമോ?

കള്ളനോട്ട് - റിസർവ് ബാങ്ക് കറന്‍സി പരിശോധന സമഗ്രമാക്കണം

മൂന്നുമാസം കൊണ്ട് റിസര്‍വ് ബാങ്കിലെത്തിയത് ഒന്നേകാല്‍ ലക്ഷത്തിന്റെ കള്ളനോട്ട് : മാതൃഭൂമി വാര്‍ത്ത

Tuesday, November 27, 2012

തലസ്ഥാനം പിടിച്ചടക്കി അരലക്ഷം "ക്ഷേമ"ത്തൊഴിലാളികള്‍

 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കായി വിയര്‍പ്പൊഴുക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി രാജ്യത്തിന്റെ ഗ്രാമങ്ങളില്‍നിന്ന് എത്തിയ അരലക്ഷത്തിലേറെ സ്ത്രീത്തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരം പിടിച്ചടക്കി. ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന വേതനമില്ലാത്ത ഒരു കോടി തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മഹാപടാവ് (വിശാലധര്‍ണ) ഡല്‍ഹിയിലെ സമരചരിത്രത്തില്‍ ത്രസിപ്പിക്കുന്ന അധ്യായം എഴുതിച്ചേര്‍ത്തു. തങ്ങളെ തൊഴിലാളികളായി അംഗീകരിക്കുക, ഓണറേറിയം-ഇന്‍സെന്റീവ് എന്നിവയ്ക്കു പകരം മിനിമംവേതനം 10,000 രൂപ നല്‍കുക, പെന്‍ഷനടക്കമുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ അനുവദിക്കുക, ക്ഷേമപദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് രണ്ടു ദിവസത്തെ മഹാപടാവ്.
 
 
സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ സമരം ഉദ്ഘാടനംചെയ്തു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ അധ്യക്ഷനായി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അഖിലേന്ത്യാ കിസാന്‍സഭാ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുംനിന്ന് സിഐടിയുവിന്റെ പതാകയുമേന്തി ഡല്‍ഹിയിലെത്തിയ ബഹുഭൂരിപക്ഷം സ്ത്രീകളടങ്ങുന്ന തൊഴിലാളികള്‍ രണ്ടു ദിവസം രാംലീലാ മൈതാനിയില്‍ തങ്ങിയശേഷമാണ് തിങ്കളാഴ്ച രാവിലെ പത്തോടെ പ്രകടനമായി ജന്തര്‍മന്ദര്‍ റോഡിലെത്തിയത്. ജന്തര്‍മന്ദര്‍മുതല്‍ അശോക റോഡുവരെയുള്ള ജന്തര്‍മന്ദര്‍ റോഡിന്റെ ഭാഗം പൂര്‍ണമായും സമരവളന്റിയര്‍മാരെക്കൊണ്ട് നിറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും, ആഷ, ഉഷ, യശോദ, മമത, കൃഷിമിത്ര, ശിക്ഷാസേവക്, ശിക്ഷാ മിത്ര എന്നീ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുമാണ് സമരത്തിനെത്തിയത്. വേതനമോ അവധിയോ മറ്റ് ക്ഷേമ ആനുകൂല്യങ്ങളോ ഒന്നുമില്ലാതെ പണിയെടുക്കുന്ന, ആയിരം രൂപ ശരാശരി വേതനമുള്ള ഇവരുടെ മികവിലാണ് ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്നത്. പട്ടിണികിടന്ന് ജോലിചെയ്യേണ്ടിവരുന്ന ഇവര്‍ക്കു നേരെ സര്‍ക്കാര്‍ നടത്തുന്ന കൊടുംചൂഷണം അവസാനിപ്പിക്കണമെന്നാണ് മഹാപടാവിന്റെ പ്രധാന ആവശ്യം.

അര ലക്ഷം സമര വളന്റിയര്‍മാര്‍ക്കൊപ്പം സിഐടിയു ഭാരവാഹികളായ 11 പേര്‍ രണ്ടു ദിവസത്തെ ഉപവാസവും ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ഡോ. കെ ഹേമലത, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ, വിവിധ സംസ്ഥാന ഭാരവാഹികളായ വരലക്ഷ്മി (കര്‍ണാടകം), ഉമാമഹേശ്വരറാവു (ആന്ധ്രപ്രദേശ്), തപന്‍ ശര്‍മ (അസം), ഗജേന്ദ്ര ഝാ (ഛത്തീസ്ഗഢ്), സുരീന്ദര്‍ശര്‍മ (ഹരിയാന), പ്രമോദ് പ്രധാന്‍ (മധ്യപ്രദേശ്), രാധാ സാരംഗി (ഒറീസ), പ്രേംനാഥ് റോയ് (ഉത്തര്‍പ്രദേശ്), ദേബേന്‍ പട്ടേല്‍ (ഛത്തീസ്ഗഢ്) എന്നിവരാണ് നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ഇവരെ ഹാരമണിയിച്ചു. മഹാപടാവ് ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
 
യുപിഎയുടേത് നിര്‍ദയമുഖം: പ്രകാശ് കാരാട്ട്

ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനോ സ്വന്തം ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍ക്ക് മിനിമംകൂലി നല്‍കാനോ തയ്യാറാകാതെ കോര്‍പറേറ്റുകള്‍ക്ക് ഒരു വര്‍ഷം അഞ്ചു ലക്ഷം കോടി രൂപ നികുതിയിളവ് നല്‍കിയ യുപിഎ സര്‍ക്കാര്‍ നിര്‍ദയമായ ജനവിരുദ്ധ മുഖമാണ് പുറത്തുകാട്ടുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ക്ഷേമപദ്ധതി തൊഴിലാളികള്‍ ഡല്‍ഹിയില്‍ നടത്തുന്ന രണ്ടു ദിവസത്തെ മഹാപടാവിനെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം. 
 
രണ്ടു വര്‍ഷമായി ജനങ്ങളുടെയും തൊഴിലാളികളുടെയും അവകാശം പിടിച്ചുപറിക്കുകയാണ് സര്‍ക്കാര്‍. തൊഴില്‍ നല്‍കുകയല്ല, ഉള്ള തൊഴില്‍കൂടി ഇല്ലാതാക്കുകയാണ്. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്ക് വിടുവേലചെയ്യുന്നു. ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുന്ന തലത്തിലേക്ക് ഉദാരവല്‍ക്കരണ നയപരിപാടികള്‍ മാറിയിരിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഡല്‍ഹിയിലെ സമരങ്ങള്‍ കാണുന്ന താന്‍ ഇത്രയും പങ്കാളിത്തമുള്ള ഒരു തൊഴിലാളിസമരം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് കാരാട്ട് പറഞ്ഞു. ജീവിതം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ഈ സമരം വിജയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 
 
തൊഴിലാളികളുടെ അധ്വാനത്തിന് വിലകല്‍പ്പിക്കാത്ത സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കീശ വീര്‍പ്പിക്കാന്‍ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പറഞ്ഞു. ക്ഷേമപദ്ധതി തൊഴിലാളികളുടെകൂടി ആവശ്യമുന്നയിച്ച് ഫെബ്രുവരി 20നും 21നും നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ അണിചേരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ക്ഷേമപദ്ധതി തൊഴിലാളികളെ അവഗണിക്കുന്ന നടപടി ക്രൂരമാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. 35 വര്‍ഷം ജോലിചെയ്താലും പെന്‍ഷനോ ആനുകൂല്യങ്ങളോ ഇല്ലാതെ അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടിവരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തവും ദീര്‍ഘവുമായ സമരം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 
സമരവഴി താണ്ടി കശ്മീരില്‍നിന്ന്

കശ്മീരിന്റെ സമരവഴികളിലൂടെ ഡല്‍ഹിയില്‍ മഹാപടാവിനെത്തിയ ഹഫീസ വാനിക്കും സംഘത്തിനും പറയാനുള്ളത് ചൂഷണത്തിന്റെ സമാനതകളില്ലാത്ത കഥ. മിനിമംകൂലിയോ തൊഴിലാളികള്‍ എന്ന പരിഗണനയോ ഇല്ലാതെ ജമ്മു കശ്മീരില്‍ അങ്കണവാടി വര്‍ക്കര്‍മാരായി ജോലിചെയ്യുകയാണിവര്‍. പലര്‍ക്കും ഒരുവര്‍ഷമായി ശമ്പളമില്ല. തങ്ങളുടെ സംഘടിതശക്തിയെ ഭയപ്പെടുന്ന സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് 150 പേരടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തിയത്.
സംസ്ഥാനത്ത് അങ്കണവാടികള്‍ സജീവമാണെങ്കിലും വര്‍ക്കര്‍മാരുടെ ജീവിതം പരിതാപകരമാണെന്ന് ഗന്തര്‍ബാല്‍ ജില്ലയില്‍നിന്നുള്ള ഹഫീസ വാനി പറഞ്ഞു. തൊഴിലാളിസമരങ്ങളുടെ മുന്നണിപ്പോരാളിയായ ഹഫീസയെ സര്‍ക്കാര്‍ 2008ല്‍ ജയിലിലടച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുകൂടിയായ ഹഫീസ വാനിയെ പിന്നീട് രണ്ടുതവണ പിടികൂടി ജയിലിലടച്ചു. വര്‍ക്കര്‍മാരുടെ പ്രതിമാസവേതനം 600 രൂപ. അത് കിട്ടുന്നതുതന്നെ ആറും ഏഴും മാസം കൂടുമ്പോള്‍. ഒരുവര്‍ഷമായി വേതനം കിട്ടാത്തതിനെക്കുറിച്ചാണ് അനന്ത്നാഗില്‍നിന്നുള്ള വസീറയ്ക്ക് പറയാനുള്ളത്. മകന്‍ നാലാംക്ലാസ് വിദ്യാര്‍ഥി ഫുര്‍ഖാനെയും കൂട്ടിയാണ് വസീറ സമരവേദിയിലെത്തിയത്. തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്കും സെന്‍സസിനും ഞങ്ങളെ ഉപയോഗിക്കും. പക്ഷേ, വേതനം നല്‍കില്ല- ജവ്ഹാര പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളൊന്നും അങ്കണവാടികളില്‍ ഇല്ലെന്ന് അഫ്രോസ പറഞ്ഞു. ആറുമാസം കൊടുംതണുപ്പിലമരുന്ന കശ്മീരില്‍ ഹീറ്റര്‍പോലുള്ള ഉപകരണങ്ങള്‍ അനിവാര്യമെങ്കിലും ഒമര്‍ അബ്ദുല്ല സര്‍ക്കാരിന് ഇതിലൊന്നും താല്‍പ്പര്യമില്ല.
 
 
*****

വി ജയിന്‍

കത്തിക്കാളുന്ന വിലക്കയറ്റം

ആം ആദ്മിയുടെ ക്ഷേമമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വീമ്പിളക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ഏതാനും വര്‍ഷമായി ഉപഭോക്തൃ വിലസൂചികയിലുണ്ടായ അന്തരം ഭീമമാണ്. പണപ്പെരുപ്പംമൂലം സമ്പദ്ഘടന തകര്‍ന്നുകൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിട്ട മൂല്യത്തകര്‍ച്ചമൂലം നിരവധി ഉല്‍പ്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. വിലക്കയറ്റം തടയാന്‍ റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷത്തിനിടയില്‍ 12 തവണ പലിശനിരക്ക് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഭക്ഷ്യപ്പണപ്പെരുപ്പം ഇരട്ട അക്കത്തിലായതാണ് ഈ വര്‍ഷത്തെ സവിശേഷത.

ഭക്ഷ്യസബ്സിഡികള്‍ വെട്ടിക്കുറച്ചതും പൊതുവിതരണ സമ്പ്രദായം തകര്‍ത്തതുമാണ് കാരണം. ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ഇതൊരു ആകാശകുസുമമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ത്തന്നെ പരമദരിദ്രര്‍ക്കുമാത്രം ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന കരടുനിയമം ചതിക്കുഴികള്‍ നിറഞ്ഞതാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും ഭീമമായ വിലക്കയറ്റമാണ് ഇന്ത്യന്‍ സമ്പദ്ഘടനയെയും ജനജീവിതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ഇന്ധന സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പെട്രോളിന്റെ വില രണ്ടുവര്‍ഷത്തിനിടയില്‍ 44ല്‍നിന്ന് 70 രൂപയിലധികമായി വര്‍ധിച്ചു. ഡീസല്‍വിലയാകട്ടെ, 42ല്‍നിന്ന് 50 ലേക്ക് കുതിച്ചുചാടി. ചരക്കുഗതാഗതക്കൂലിയില്‍ ഉണ്ടായ ഭീമമായ വര്‍ധനമൂലം അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന അവശ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലയില്‍ അസഹനീയ വര്‍ധനയാണ് ഉണ്ടായത്. പാചകവാതകത്തിന്റെ വിലവര്‍ധനയും സിലിണ്ടറുകളുടെ എണ്ണം ചുരുക്കിയതും അടുപ്പില്‍ തീപുകയാത്ത അവസ്ഥയുണ്ടാക്കി. മാസങ്ങള്‍ കഴിഞ്ഞാലും പാചകവാതകം കിട്ടാത്ത അവസ്ഥയാണ്. വിറകും മണ്ണെണ്ണയും ആവശ്യാനുസരണം ലഭിക്കാത്തതിനാല്‍ പലയിടത്തും പാചകവാതകത്തിന് വൈദ്യുതിയെ ആശ്രയിക്കേണ്ടിവരുന്നു. നിലവിലുള്ള സ്ലാബില്‍നിന്ന് മുകളിലേക്ക് പ്രതിമാസ വൈദ്യുതിത്തോത് കൂടുമ്പോള്‍ ബില്‍ത്തുക ഭീമാകാരമാകുന്നു. താരിഫ് വര്‍ധനയ്ക്കു പുറമെ സര്‍ചാര്‍ജും ഈടാക്കുന്ന വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ രാക്ഷസരൂപം പൂണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടിയ വൈദ്യുതനിരക്ക് കേരളത്തിലാണ്.

ഇന്ധനവില വര്‍ധനമൂലം യാത്ര യാതനയായി. ബസുകളിലെ മിനിമം നിരക്ക് അഞ്ചുരൂപയില്‍നിന്ന് ആറു രൂപയായി വര്‍ധിപ്പിച്ചു. ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ കള്ളക്കളിമൂലം ചില പോയിന്റുകളില്‍ ചാര്‍ജ് വര്‍ധന 50 ശതമാനത്തിലധികമാണ്. ഓട്ടോ- ടാക്സി നിരക്കുവര്‍ധനയും ഇടത്തരക്കാരെയാണ് ബാധിച്ചത്. പൊതുവിതരണസമ്പ്രദായം തകര്‍ത്തതോടെ നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നു. ഊഹക്കച്ചവടം വ്യാപകമായി. പലവ്യഞ്ജനങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിലയാണ് നിയന്ത്രണാതീതമായത്. അരിക്കും ഗോതമ്പിനും പൊതുവിപണിയില്‍ 20 ശതമാനം വിലയേറി. ഭക്ഷ്യസാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ വിതരണംചെയ്തിരുന്ന സപ്ലൈകോയുടെ ശൃംഖലകളിലും മാവേലിസ്റ്റോറുകളിലും ത്രിവേണി സ്റ്റോറുകളിലും സാധനം ഇല്ലാത്ത അവസ്ഥയാണ്. ഒരു രൂപയ്ക്ക് ഒരുകിലോ അരി എന്ന സര്‍ക്കാര്‍ മുദ്രാവാക്യം പരസ്യപ്പലകകളില്‍ വ്യാപകമാണെങ്കിലും ഈ ആനുകൂല്യം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുപോലും ലഭിക്കുന്നില്ല. അരി കിലോയ്ക്ക് 25 മുതല്‍ 35 രൂപവരെയാണ് പൊതുകമ്പോളത്തിലെ വില. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് വേണ്ടത്ര അരി ലഭ്യമല്ലാത്തതിനാല്‍ പൂഴിത്തിവയ്പ് വ്യാപകമാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വിലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനം കൂടിയെങ്കിലും വില കുറയുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെക്കൂടുതലാണ് കമ്പോളവില. ഇടത്തട്ടുകരുടെ ചൂഷണം നിര്‍ബാധം തുടരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഭക്ഷ്യവസ്തുക്കള്‍ കൃഷിക്കാരില്‍നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും അത് സ്വകാര്യ കച്ചവടക്കാര്‍ക്ക് വില്‍ക്കാനാണ് താല്‍പ്പര്യം. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന വ്യജേനയാണ് കേരളത്തില്‍ മില്‍മപാലിന്റെ വില ഒരു വര്‍ഷത്തിനിടയില്‍ രണ്ടുതവണ ലിറ്ററിന് അഞ്ചുരൂപ വീതം വര്‍ധിപ്പിച്ചത്. സമാന്തരമായി കാലിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് 200 രൂപ വര്‍ധിപ്പിച്ചു. അതായത്, 650ല്‍നിന്ന് 850 രൂപയായി. കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതോടെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ച ആനുകൂല്യം ഇല്ലാതായി. മില്‍മയെ പിന്തുടര്‍ന്ന് സ്വകാര്യ കാലിത്തീറ്റ കമ്പനിക്കാരും വില വര്‍ധിപ്പിച്ചു.

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്മേല്‍ ഇതുവരെയും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അംഗീകൃത ഹോട്ടലുകളിലും വിലവിവരപ്പട്ടികയോ മെനുകാര്‍ഡോ കാണാനില്ല. ഹോട്ടലുകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ച് വില ഏകീകരിക്കുന്നതിന് സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ല. ഇടത്തരം ഹോട്ടലുകളിലെ ഭക്ഷണവിലയില്‍ സമീപകാലത്ത് വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയുടെ മറവില്‍ എല്ലാത്തരം ഹോട്ടലുകളിലും തീവെട്ടിക്കൊള്ളയാണ്. മരുന്നുവില വര്‍ധനയാണ് സ്ഫോടനാത്മകം. സ്വകാര്യ ഔഷധനിര്‍മാണ കമ്പനികള്‍ ഒരു വ്യവസ്ഥയുമില്ലാതെ പുതിയ പേരുകളില്‍ മരുന്നിറക്കി കൊള്ളലാഭം നേടുകയാണ്. ചെറിയ പനി വന്നാല്‍പ്പോലും മടിശ്ശീല കീറും. ജീവന്‍രക്ഷാ ഔഷധങ്ങള്‍ വാങ്ങണമെങ്കില്‍ സമ്പാദ്യം മുഴുവന്‍ വിനിയോഗിക്കേണ്ടിവരും. വേദനസംഹാരികള്‍ക്കും സ്റ്റിറോയ്ഡുകള്‍ക്കും ഊഹവിലയാണ്. ചില കമ്പനികളുടെ മരുന്നുപായ്ക്കറ്റില്‍ എംആര്‍പിപോലും രേഖപ്പെടുത്താറില്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുസംഭരണവും വിതരണവും കാര്യക്ഷമമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 620 ഇനം മരുന്നുകളില്‍ 183 ഇനം മരുന്നുകള്‍ക്ക് അമിത വില നല്‍കേണ്ടിവരുന്നു. മരുന്നുവില നിയന്ത്രിക്കാന്‍ കോര്‍പറേഷന്റെ പുതിയ ഔട്ട്ലറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്നുക്ഷാമം ഉണ്ടായതോടെ സ്വകാര്യമേഖലയുടെ ചൂഷണം വര്‍ധിച്ചു. കത്തിക്കാളുന്ന വിലക്കയറ്റം കുടുംബ ബജറ്റുകളെ തകര്‍ത്ത് തരിപ്പണമാക്കുന്നു. വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ സാമാന്യജനങ്ങള്‍ പെടാപ്പാട് പെടുകയാണ്. സാമ്പത്തിക കുത്തകകളെ തോളിലേറ്റി താലോലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് കമ്പോളത്തിലെ പകല്‍കൊള്ളയ്ക്കു കാരണം. ജനങ്ങളെ പിഴിയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വെള്ളപൂശുകയാണ് സംസ്ഥാനസര്‍ക്കാര്‍.

*****

ചെറിയാന്‍ ഫിലിപ്

ആസിയന്‍ കരാറും വിലത്തകര്‍ച്ചയും

ആസിയന്‍ കരാറിന്റെ അപകടം ചൂണ്ടിക്കാണിച്ചാണ് സിപിഐ എം സമരം നടത്തിയതും ജനങ്ങളെ അണിനിരത്തി 2009 ഒക്ടോബര്‍ രണ്ടിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചതും. ലക്ഷക്കണക്കിനാളുകള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു. ഇറക്കുമതിച്ചുങ്കം ഒഴിവാക്കുന്നതുമൂലം ആസിയന്‍ രാജ്യങ്ങളില്‍നിന്ന് വാണിജ്യവിളകളുടെ കുത്തൊഴുക്കുതന്നെ ഉണ്ടാകുമെന്നും, അത് കേരളത്തിന്റെ കാര്‍ഷികസമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നുമായിരുന്നു കരാറിനെതിരായ മുഖ്യവിമര്‍ശം. കോണ്‍ഗ്രസും യുഡിഎഫ് ഘടകകക്ഷികളും വിമര്‍ശത്തെ ഗൗരവമായി കണ്ടില്ല. കേന്ദ്രസര്‍ക്കാരാകട്ടെ, ഒക്ടോബര്‍ രണ്ടിനുമുമ്പ് മൂന്നുദിവസം തുടര്‍ച്ചയായി പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കി സമരത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ജനങ്ങള്‍ സര്‍ക്കാര്‍ പ്രചാരണത്തെ അവഗണിച്ചുതള്ളി. ആസിയന്‍ കരാര്‍ കേരളത്തിന് പ്രയോജനംചെയ്യുമെന്നായിരുന്നു പരസ്യത്തിലെ മുഖ്യവാദം.

കരാറിനെതിരെ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ ശരിയായിരുന്നു എന്ന് അനുഭവം തെളിയിക്കുന്നു. കേരളത്തിന്റെ രണ്ടു പ്രധാന വിളകളായ റബറിന്റെയും നാളികേരത്തിന്റെയും വില തുടര്‍ച്ചയായി ഇടിയുകയാണ്. തന്മൂലം വന്‍ നഷ്ടമാണ് കൃഷിക്കാര്‍ക്ക് ഉണ്ടാകുന്നത്. 2011 മേയില്‍ ഒരു കിലോ നാലാം ഗ്രേഡ് റബര്‍ (ആര്‍എസ്എസ് ഫോര്‍) വിറ്റാല്‍ കൃഷിക്കാരന് 234.50 രൂപ കിട്ടുമായിരുന്നു. 2012 നവംബര്‍ എട്ടിന് കിട്ടുക 175.50 രൂപ മാത്രം. ഒരു കിലോ റബറിന്മേല്‍ 59 രൂപ നഷ്ടം. 2011-12ല്‍ ഇന്ത്യയില്‍ ആകെ ഉല്‍പ്പാദിപ്പിച്ചത് 903700 ടണ്‍ റബറാണ്. ഇന്ത്യയില്‍ എന്നത് കേരളത്തില്‍ എന്നും വായിക്കാം. കാരണം, രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 5241 കോടി രൂപ. താരതമ്യത്തിനു വേണ്ടി 2011 നവംബറിലെ വില പരിഗണിക്കാം. അതായത് 209.50 രൂപ. ആ നിലയ്ക്ക് നഷ്ടം കിലോഗ്രാമിന് 34 രൂപയാണ്. ആകെ നഷ്ടം 3073 കോടി രൂപ.

തൊണ്ടോടുകൂടിയ ഒരു നാളികേരം വിറ്റാല്‍ കൃഷിക്കാരന് 2011 മേയില്‍ 9.27 രൂപ കിട്ടുമായിരുന്നു. 2012 നവംബര്‍ എട്ടിന് കിട്ടുക വെറും ആറു രൂപ. നഷ്ടം 3.27 രൂപ. 2010-11ല്‍ 5287 ദശലക്ഷം നാളികേരം ഉല്‍പ്പാദിപ്പിച്ചു എന്നാണ് കണക്ക്. വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 1729 കോടി രൂപയാണ്. ആസിയന്‍ കരാര്‍ ഒപ്പിട്ട ഉടനെ കാര്‍ഷിക വിലത്തകര്‍ച്ച ഉണ്ടായില്ല. റബറിന്റെ വില ഉയര്‍ന്നു. 2009 ഒക്ടോബറില്‍ ഒരു കിലോഗ്രാം റബറിന്റെ ശരാശരി വില 108 രൂപയായിരുന്നു. 2010ല്‍ 171 രൂപയായും 2011ല്‍ 208.50 രൂപയായും വര്‍ധിച്ചു. ആസിയന്‍ കരാറിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നില്ല എന്നുമാത്രമേ അതിനര്‍ഥമുള്ളു.

കാര്‍ഷികവിളകളുടെ വില ഉല്‍പ്പാദനത്തിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണെന്നും, വാണിജ്യവിളകളുടെ വില വിദേശ ഡിമാന്‍ഡിനുസരിച്ച് മാറും എന്നും മനസിലാക്കേണ്ടതുണ്ട്. 2008-09ലാണല്ലോ അത്യധികം രൂക്ഷമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് സമ്പദ്വ്യവസ്ഥകള്‍ മെല്ലെ തല പൊക്കാന്‍ തുടങ്ങി. (വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്കു മുതലക്കൂപ്പ് കുത്തി എന്നതു മറ്റൊരു കാര്യം). സാമ്പത്തികമായ ഉണര്‍വ് ഓട്ടോമൊബൈല്‍ വ്യവസായത്തിന് കരുത്തുപകര്‍ന്നു; കൂടുതല്‍ റബറും റബറുല്‍പ്പന്നങ്ങളും ആവശ്യമായി വന്നു. റബര്‍വിലയും ഉയര്‍ന്നു. ആസിയന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ആണ് കരാറിലെ മുഖ്യവ്യവസ്ഥ. ഒറ്റയടിക്ക് നിബന്ധന നടപ്പില്‍ വരുത്തണമെന്നല്ല വ്യവസ്ഥ. മിക്ക ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം 2013 ഡിസംബറോടെ കുറയ്ക്കണം. മറ്റു ചിലതിന്റേത് 2016 ആവുമ്പോഴേക്കും ഇനിയും ചിലതിന്റേത് 2019 ആവുമ്പോഴേക്കും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. മറ്റൊരു കൂട്ടം ഉല്‍പ്പന്നങ്ങളുടേത് പ്രതിവര്‍ഷം നാലുശതമാനം വീതം കുറവുചെയ്ത് നിശ്ചിതനിരക്കില്‍ എത്തിക്കണം. ഇറക്കുമതിച്ചുങ്കം "പ്രതിബദ്ധതയോടെ" കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. സ്വാഭാവികറബറിന്റെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായിരുന്നു. അത് ഏഴ് ശതമാനമായി ചുരുക്കി. 2011 മാര്‍ച്ച് 31 വരെ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യാനും അനുവാദം നല്‍കി. റബറിന്റെ അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാള്‍ കുറഞ്ഞിരിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു തന്ത്രവും പ്രയോഗിക്കുന്നു. മാര്‍ച്ച് 31നു ശേഷമുള്ള ഇറക്കുമതിയിന്മേല്‍ 20 ശതമാനം ചുങ്കം അല്ലെങ്കില്‍ 20 രൂപ എന്ന് വ്യവസ്ഥചെയ്തു. ഇവയില്‍ ഏതാണോ കുറച്ച് അതാകും ചുങ്കനിരക്ക്. ഇറക്കുമതിച്ചുങ്കം ഇളവുചെയ്തതിനെത്തുടര്‍ന്ന് റബര്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ഒപ്പം ആഭ്യന്തരവിപണിയില്‍ വിലത്തകര്‍ച്ചയും.

രാജ്യത്തെ നാളികേര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തമിഴ്നാടും കര്‍ണാടകവുമുണ്ട്. ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതിചെയ്യുന്ന പാമോയിലുമായി വേണം കേരളത്തിന്റെ വെളിച്ചെണ്ണ മത്സരിക്കാന്‍. സണ്‍ഫ്ളവര്‍ ഓയിലും സോയാബീന്‍ ഓയിലും ഇറക്കുമതിചെയ്യുന്നുണ്ട്. എല്ലാംകൂടിച്ചേര്‍ന്ന് കേരകര്‍ഷകന്റെ നടുവൊടിക്കുന്നു.

2008 മാര്‍ച്ച് 21ന് അസംസ്കൃത പാമോയിലിന്മേല്‍ 20 ശതമാനവും ശുദ്ധീകരിച്ച പാമോയിലിന്മേല്‍ 27.5 ശതമാനവും ഇറക്കുമതിച്ചുങ്കം ഉണ്ടായിരുന്നു. 2008 ഏപ്രില്‍ ഒന്നുമുതല്‍ അസംസ്കൃത പാമോയില്‍ പൂര്‍ണമായും ചുങ്കവിമുക്തമാക്കി. ശുദ്ധീകരിച്ച പാമോയിലിന്മേലുണ്ടായിരുന്ന ചുങ്കം 7.5 ശതമാനമായി വെട്ടിക്കുറച്ചു. ശുദ്ധീകരിച്ച പാമോയിലിന്റെ അഞ്ചിരട്ടിയാണ് അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി. അഥവാ അസംസ്കൃത പാമോയില്‍ എത്ര വേണമെങ്കിലും ചുങ്കം കൂടാതെ ഇറക്കുമതിചെയ്യാം. ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് 15 ശതമാനം സബ്സിഡിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചുങ്കം 7.5 ശതമാനംമാത്രം. അതായത് ശുദ്ധീകരിച്ച പാമോയില്‍ വിലയില്‍ 7.5 ശതമാനത്തിന്റെ കുറവ്. ഇത് ഇറക്കുമതിക്കു മതിയായ പ്രോത്സാഹനമാണ്. 2012 നവംബര്‍ 10 ന് രാജ്യത്തെ പ്രമുഖ വിപണികളില്‍ ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് 60 രൂപയുള്ളപ്പോള്‍ പാമോയിലിന്റെ വില 51 രൂപ 20 പൈസയാണ്. 2010-11ല്‍ ഇറക്കുമതിചെയ്തത് 83.5 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ആയിരുന്നു. പാമോയിലും സണ്‍ഫ്ളവര്‍ ഓയിലും സോയാബീന്‍ ഓയിലുമാണ് പ്രധാന ഭക്ഷ്യ എണ്ണകള്‍. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും പാമോയില്‍ ഇറക്കുമതിയാണ്.

2011 നവംബര്‍ മുതല്‍ 2012 സെപ്തംബര്‍വരെ 68.29 ലക്ഷം ടണ്‍ പാമോയിലാണ് ഇറക്കുമതിചെയ്തത്. സോപ്പ് നിര്‍മാണത്തിനും മരുന്നുകള്‍ക്കും പാചകത്തിനുമാണ് മുഖ്യമായും വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. പാമോയിലും സോപ്പ് നിര്‍മാണത്തിനുപയോഗിക്കുന്നുണ്ട്. കര്‍ഷകരുടെ താല്‍പ്പര്യം പരിഗണിക്കാതെ, കേരളം ഉല്‍പ്പാദിപ്പിക്കുന്ന അതേ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്നതെന്തിനെന്ന ചോദ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ആസിയന്‍ രാജ്യങ്ങളിലെ വ്യവസായ-സേവന വിപണി തുറന്നുകിട്ടുന്നതിന് ഇവിടത്തെ കര്‍ഷകരെ ബലികൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ആസിയന്‍ കരാറിന് ചൂട്ടുപിടിച്ച യുഡിഎഫിന്, റബര്‍-നാളികേര കൃഷിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍, വിലത്തകര്‍ച്ച കണ്ടതായി കേരളസര്‍ക്കാര്‍ ഭാവിക്കുന്നതേയില്ല.

*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Monday, November 26, 2012

പാര്‍ലമെന്റിനെ മാനിക്കണം

വളര്‍ന്നുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിച്ചത്. കൊട്ടിഘോഷിച്ച മന്ത്രിസഭ പുനഃസംഘടനകൊണ്ടൊന്നും പ്രധാന ജനകീയപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ കഴിയുംവിധം രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടില്ല. അടിക്കടി ഉയരുന്ന അഴിമതിയാരോപണങ്ങളും അപവാദങ്ങളും മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി വിട്ടുപോവുകയും, മന്ത്രിസഭ പുനഃസംഘടനയില്‍ പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ ഡിഎംകെ വിസമ്മതിക്കുകയും ചെയ്തതോടെ യുപിഎതന്നെ ഭദ്രമല്ലാത്ത അവസ്ഥയിലാണ്. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന എസ്പിയെയും ബിഎസ്പിയെയും ആശ്രയിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്.

മറുവശത്ത്, പാര്‍ടി അധ്യക്ഷന്‍തന്നെ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയതോടെ മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപിയുടെ സ്ഥിതിയും പരിതാപകരമാണ്. ഈ പ്രതിസന്ധികളുടെ സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് ക്ഷേമവും ആശ്വാസവും എത്തിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ പാര്‍ലമെന്റില്‍ ഏതുവിധത്തില്‍ പ്രതികൂട്ടിലാക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. പാര്‍ലമെന്റിന്റെ അലസിപ്പിരിഞ്ഞ വര്‍ഷകാലസമ്മേളനത്തിനുശേഷമുള്ള കാലയളവ്, ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധത്താല്‍ മുഖരിതമായിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തി അഭിപ്രായസമന്വയത്തില്‍ എത്തിയശേഷംമാത്രമേ എഫ്ഡിഐ അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കൂ എന്ന് ബജറ്റ് സമ്മേളനത്തില്‍ അന്നത്തെ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ആ ഉറപ്പ് ലംഘിച്ച് എഫ്ഡിഐ അനുവദിച്ച തീരുമാനം നടപ്പാക്കുകയാണ്. ഇതിനെതിരെ വിവിധ രാഷ്ട്രീയപാര്‍ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ഇടതുപക്ഷ പാര്‍ടികള്‍ക്കൊപ്പം എസ്പി, തെലുങ്കുദേശം, ജനതാദള്‍ എസ്, ബിജു ജനതാദള്‍ പാര്‍ടികള്‍ ആഹ്വാനംചെയ്ത ദേശീയഹര്‍ത്താലിന് രാജ്യമെമ്പാടും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഈ പാര്‍ടികളുടെ ദേശീയനേതാക്കള്‍ അറസ്റ്റ്വരിച്ചു. അന്നേദിവസംതന്നെ, സെപ്തംബര്‍ 20ന്, ചെറുകിട വ്യാപാരി സംഘടനകളുടെ ദേശീയ ഫെഡറേഷന്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കി. യുപിഎയിലെ പ്രധാന ഘടകകക്ഷിയായ ഡിഎംകെയും സര്‍ക്കാര്‍ തീരുമാനത്തിന് എതിരാണ്. എഐഎഡിഎംകെയുടെ നിലപാടും വ്യത്യസ്തമല്ല. ഈ കക്ഷികളുടെയെല്ലാം അംഗബലം ചേര്‍ന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഭൂരിപക്ഷമാകും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പോടെയുള്ള പ്രമേയചര്‍ച്ചയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭയിലും സിപിഐ എം നേതാക്കള്‍ നോട്ടീസ് നല്‍കിയത്. ഇത്തരമൊരു ചര്‍ച്ചയ്ക്കും പ്രമേയം വോട്ടിനിടുന്നതിനും നിര്‍ബന്ധിക്കുന്നതിലൂടെ, ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുംവിധം രാജ്യത്തെ ചില്ലറവിപണി വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാകും.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കാത്ത എസ്പിക്കും ബിഎസ്പിക്കുംപോലും എഫ്ഡിഐ അനുവദിച്ച തീരുമാനത്തിനെതിരെ വോട്ടുചെയ്യേണ്ടിവരും. ഈ അടവുനയം വഴി രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്ക് ഫലപ്രദമായി തടയിടാന്‍ കഴിയും. എന്നാല്‍, യുപിഎയില്‍നിന്ന് അകന്നുപോയ തൃണമൂല്‍ കോണ്‍ഗ്രസ് ഈ അടവുനയത്തിനെതിരെ രംഗത്തുവന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് മറയിടുംവിധം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ചെയ്തത്.

അവിശ്വാസം പാസാക്കാനുള്ള അംഗബലം നിലവില്‍ ലഭിക്കില്ല. അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് അത് തങ്ങളുടെ നയസമീപനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി അവകാശപ്പെടാന്‍ കഴിയും. ആറ് മാസത്തേക്ക് അവിശ്വാസപ്രമേയം നേരിടുകയെന്ന ഭീഷണി ഒഴിവാക്കാനും കഴിയും. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് തൃണമൂല്‍. ഏതായാലും പിന്തുണയില്ലാത്തതുമൂലം തൃണമൂലിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി. അതേസമയം, ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ഭരണനിര്‍വഹണ അവകാശം ഉപയോഗിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് വിധേയമാക്കിയ ചരിത്രമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ 2001 മാര്‍ച്ച് ഒന്നിന്, എന്‍ഡിഎ ഭരണകാലത്ത് ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് (ബാല്‍കോ) ഓഹരി വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ എം അംഗം രൂപ്ചന്ദ്പാല്‍ കൊണ്ടുവന്ന പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുകയും വോട്ടിനിടുകയുംചെയ്തു. അന്ന് ഈ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചു. ഈ ചരിത്രസത്യം മറച്ചുവച്ചാണ് പാര്‍ലമെന്ററികാര്യ മന്ത്രി ഇപ്പോള്‍ വിചിത്രവാദം ഉന്നയിക്കുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടും നിഷേധിക്കുന്നത് ജനാധിപത്യത്തിനുനേരെയുള്ള കടുത്ത ആക്രമണമാണ്. കൂടാതെ, ചില്ലറവ്യാപാരമേഖലയില്‍ എഫ്ഡിഐ അനുവദിച്ച തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ എഫ്ഡിഐ അനുവദിക്കാന്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്ത് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് കോടതി വിഷയത്തില്‍ ഇടപെട്ടശേഷമാണ്. ഒക്ടോബര്‍ 30നാണ് ഇതിന്റെ ഗസറ്റ് വിജ്ഞാപനം വന്നത്.

ഭേദഗതികള്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കുകയില്ലെന്ന് ഭയക്കേണ്ട ഒരു കാര്യവുമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ശീതകാലസമ്മേളനം തുടങ്ങാനിരിക്കെ, ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ തീരുമാനം അറിയാന്‍ അപ്പീലിന്മേല്‍ വിധി പറയുന്നത് കോടതി മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ശരിയായ അര്‍ഥത്തില്‍ ഇക്കാര്യം ഉള്‍ക്കൊണ്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും അനുവദിക്കണം. ഭരണഘടനപ്രകാരം രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ്, ജനപ്രതിനിധികളിലൂടെയാണ് അവര്‍ അധികാരം കൈയാളുന്നത്. ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

അവഗണിക്കപ്പെടുന്ന "ക്ഷേമത്തൊഴിലാളികള്‍"

നവ ലിബറല്‍വാഴ്ചയില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ പുതിയ "പരിപാടികള്‍", "പദ്ധതികള്‍", "പ്രചാരണം", "മിഷനുകള്‍" എന്നിവ കൊട്ടിഘോഷത്തോടെ ആരംഭിക്കാറുണ്ട്. ഈ "അഭിമാന പദ്ധതികളു"ടെ ഉദ്ഘാടനം വലിയ ആഘോഷത്തോടെ നടത്തുമെങ്കിലും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കാറില്ല. ഇത്തരം പദ്ധതികള്‍ നിയമാനുസൃതമുള്ള അവകാശങ്ങളുടെ ഭാഗമോ സാര്‍വത്രികമോ അല്ല. ഏതു സമയത്തും പിന്‍വലിക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഇവ. സമയബന്ധിതമായ ഇത്തരം പദ്ധതികള്‍ പലതും നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ പിന്‍വലിക്കുകയോ നീട്ടുകയോ ചെയ്യും. ലോക ബാങ്ക് പോലുള്ള ഫണ്ടിങ് ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന പ്രകാരമായിരിക്കും ഈ തീരുമാനങ്ങളെടുക്കുക. സാമൂഹ്യപങ്കാളിത്തമെന്ന പേരില്‍ യൂസര്‍ ഫീസ് ഈടാക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികളെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നു.

ഈ പദ്ധതികളുടെ മേന്മ പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍, പദ്ധതികളുടെ നടത്തിപ്പിന് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളടങ്ങുന്ന ലക്ഷക്കണക്കിനുപേരെ തൊഴിലാളികളായോ ജീവനക്കാരായോ അംഗീകരിച്ചിട്ടുപോലുമില്ല. പകരം സാമൂഹ്യപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മിത്രം, അതിഥി, യശോദ, മമത തുടങ്ങി ഭംഗിയുള്ള പേരുകള്‍ അവര്‍ക്ക് നല്‍കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥരുടെ "ക്രിയാത്മകത"യെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. തൊഴിലാളികള്‍ അല്ലെങ്കില്‍ ജീവനക്കാര്‍ എന്ന അംഗീകാരമോ മിനിമം വേതനം, തൊഴില്‍ സുരക്ഷ, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവയോ നല്‍കാതെ ഇവരെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പരിപാടികളിലും പദ്ധതികളിലുമായി ഒരു കോടിയോളം പേര്‍ തൊഴിലെടുക്കുന്നു. ചില പ്രധാന ക്ഷേമപദ്ധതികള്‍ പരിശോധിച്ചാല്‍ ഇവയിലെ വഞ്ചനയും ചൂഷണവും ബോധ്യമാകും. ശിശുക്കള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനും അതുവഴി ശിശുമരണനിരക്ക് കുറയ്ക്കാനുമാണ് സംയോജിത ശിശുവികസനപദ്ധതി (ഐസിഡിഎസ്) ആരംഭിച്ചത്. ഈ പദ്ധതി മൂലം ശിശുമരണനിരക്ക് കുറയ്ക്കാനും പ്രതിരോധ കുത്തിവയ്പ് നിരക്ക് ഉയര്‍ത്താനും സ്കൂളില്‍ കുട്ടികളെ കൂടുതലായി എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും കഴിഞ്ഞെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഐസിഡിഎസ് പദ്ധതിയുടെ താഴേത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും കാട്ടുന്ന സമര്‍പ്പണ മനോഭാവത്തെ സര്‍ക്കാര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ സേവനത്തെ സ്ഥിരം സേവനമായി അംഗീകരിച്ചിട്ടില്ല. സംയോജിത ശിശുവികസന പദ്ധതി ആവശ്യമായ ഫണ്ടില്ലാത്ത പദ്ധതിയായി തുടരുകയാണ്. അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും "സാമൂഹ്യപ്രവര്‍ത്തകര്‍" എന്നാണ് സര്‍ക്കാര്‍ വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവിസമ്പത്തായ കുഞ്ഞുങ്ങളുടെ വികാസത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന 27 ലക്ഷത്തോളം വരുന്ന ഇവര്‍ക്ക് മിനിമം വേതനമില്ല; സാമൂഹ്യസുരക്ഷാ സംവിധാനങ്ങളില്ല.

1975 മുതല്‍ ഐസിഡിഎസ് പദ്ധതി വ്യാപിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഫണ്ട്, ജീവനക്കാര്‍, പശ്ചാത്തലസൗകര്യം എന്നിവ അനുവദിക്കുന്നില്ല. പകുതി അങ്കണവാടി കേന്ദ്രങ്ങള്‍ക്കും ഉറപ്പുള്ള കെട്ടിടമില്ല; കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സ്ഥലമോ കുടിവെള്ളമോ ടോയ്ലെറ്റ് സൗകര്യമോ ഇല്ല. ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ലോകബാങ്ക് നിര്‍ദേശപ്രകാരം "സാമൂഹ്യപങ്കാളിത്തം" എന്ന പേരില്‍ സന്നദ്ധസംഘടനകള്‍, കോര്‍പറേറ്റ് മേഖല, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് ചുമതല കൈമാറി പദ്ധതി പുനഃസംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ക്യാഷ് ട്രാന്‍സ്ഫര്‍ നടപ്പാക്കുന്ന കാര്യവും ഗൗരവമായി ആലോചിക്കുന്നു. മറ്റൊരു പ്രധാന ക്ഷേമപദ്ധതിയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണവിതരണ പരിപാടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് അഭിമാനിക്കുന്നത്. 12.65 ലക്ഷം സ്കൂളുകള്‍/ഇജിഎസ് കേന്ദ്രങ്ങള്‍ വഴി 12 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും അതുവഴി വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ഇത്. പക്ഷേ, ഒരു കുട്ടിക്കുള്ള ഭക്ഷണച്ചെലവായി സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ തുകയാണ്. ഈ പരിപാടിയില്‍ പാചകം ചെയ്യുന്നവരും സഹായികളുമായി 26 ലക്ഷം പേര്‍ പണിയെടുക്കുന്നു. പക്ഷേ, അവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. 2009 വരെ അവര്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കിയിരുന്നില്ല. ഒരു കുട്ടിക്ക് പാചകച്ചെലവിനത്തില്‍ നല്‍കിയിരുന്ന 40 പൈസയില്‍ നിന്നാണ് ഇവരുടെ പ്രതിഫലം നല്‍കിയിരുന്നത്. 2009 മുതല്‍ 1000 രൂപ പ്രതിഫലം നിശ്ചയിച്ചു. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളിലും ഇതു നല്‍കാറില്ല. പല സംസ്ഥാനങ്ങളിലും ഈ 1000 രൂപ പാചകം ചെയ്യുന്ന ആളിനും സഹായിക്കുമായി വിഭജിക്കുന്നു. വര്‍ഷത്തില്‍ 10 മാസം മാത്രമേ ഈ പ്രതിഫലം നല്‍കാറുള്ളൂ. ഇവര്‍ക്ക് അവധി, ക്ഷേമ പദ്ധതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യമൊന്നുമില്ല. ഇപ്പോള്‍ ഈ പദ്ധതി ഇസ്കോണ്‍, നന്ദി ഫൗണ്ടേഷന്‍ തുടങ്ങിയ കോര്‍പറേറ്റ് സന്നദ്ധ സംഘടനകള്‍ക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 2005ല്‍ ആരംഭിച്ച ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) ആണ് മറ്റൊരു അഭിമാന പദ്ധതി. ഗ്രാമീണമേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യസേവനം ലഭിക്കാത്തതു മൂലം പ്രസവത്തില്‍ സംഭവിക്കുന്ന മരണം കുറയ്ക്കാനും പ്രസവം ആശുപത്രികളില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരംഭിച്ചതാണ് പദ്ധതി.

2012ല്‍ അവസാനിക്കേണ്ട ഈ പദ്ധതിയുടെ കാലാവധി നീട്ടുകയും നഗരമേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഈ പദ്ധതിയില്‍ ഇപ്പോള്‍ എട്ടര ലക്ഷം അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ (ആഷ) ജോലിചെയ്യുന്നു. ഈ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയശേഷം ചുമതലകളുടെ വലിയൊരു ചുമടുതന്നെ നല്‍കുന്നു. പദ്ധതി ആരംഭിച്ചശേഷം ആഷമാരുടെ സേവനം മൂലം പ്രസവവുമായി ബന്ധപ്പെട്ട മരണം വന്‍തോതില്‍ കുറഞ്ഞു. പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇവര്‍ക്കും വേതനമില്ല; ആശുപത്രികളില്‍ എത്തിക്കുന്ന ഗര്‍ഭിണിമാരുടെ എണ്ണം, ഇവര്‍ മുഖേന നടത്തിയിട്ടുള്ള പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം എന്നിവ കണക്കാക്കിയുള്ള നാമമാത്ര പ്രതിഫലം മാത്രം. അവര്‍ക്കും മറ്റ് ആനുകൂല്യമൊന്നുമില്ല. ആഷ വര്‍ക്കര്‍മാരുടെ സേവനംമൂലമുണ്ടായ അവബോധം മൂലം രാജ്യത്തെമ്പാടും പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നത് വര്‍ധിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു പകരം പുതിയ "സാമൂഹ്യപ്രവര്‍ത്തക"രെ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കയാണ്. "യശോദ" എന്ന പേരില്‍ ആശുപത്രികളില്‍ നിയമിക്കുന്ന ഈ സാമൂഹ്യസേവകര്‍ ഷിഫ്റ്റില്ലാതെ രാപ്പകല്‍ ജോലിചെയ്യണം. മരുന്ന് എടുത്തുകൊടുക്കല്‍ ഒഴികെ നേഴ്സുമാര്‍ ചെയ്യുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യണം. സന്നദ്ധസേവകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇവര്‍ക്ക് നല്‍കുന്നത് പ്രതിമാസം 3000 രൂപ മാത്രം. പ്രതിഷേധിക്കാതിരിക്കാന്‍ ഇവരില്‍ 20 ശതമാനത്തെ മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റിക്കൊണ്ടിരിക്കും.

വിദ്യാഭ്യാസരംഗത്ത് നിരവധി പദ്ധതിയുണ്ട്. ജില്ലാ പ്രാഥമിക വിദ്യാഭ്യാസപരിപാടി, കസ്തൂര്‍ബാഗാന്ധി ബാലിക വിദ്യാലയ പദ്ധതി, പ്രാഥമികതലത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ വിദ്യാഭ്യാസപരിപാടി, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയവ. ഇവയ്ക്ക് കെട്ടിടം അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നെങ്കിലും ആവശ്യമുള്ള അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. 2010-11ലെ കണക്കനുസരിച്ച് രാജ്യത്താകെ 9,07,951 അധ്യാപക ഒഴിവുണ്ട്. പകുതിയോളം പ്രാഥമിക വിദ്യാലയങ്ങളിലും മൂന്നിലൊന്ന് അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളിലും അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 എന്നതില്‍ കൂടുതലാണ്. ആവശ്യമുള്ള അധ്യാപകരെ നിയമിക്കുന്നതിനു പകരം പാരാ ടീച്ചേഴ്സ്, ശിക്ഷാകര്‍മി, ശിക്ഷാമിത്ര്, വിദ്യാ വളന്റിയര്‍, ശിക്ഷാ സഹായക് എന്നീ പേരുകളില്‍ ആളുകളെ നിയോഗിക്കുകയാണ്. ഇവര്‍ക്ക് നിശ്ചിത തുക പ്രതിഫലമല്ലാതെ മറ്റൊരു ആനുകൂല്യവുമില്ല.

കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണന പരിഗണിക്കാതെ രാജ്യത്തിന്റെ മനുഷ്യവികസന സൂചിക ഉയര്‍ത്തുന്നതിന് സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ് ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍. അങ്കണവാടികളുള്ള മേഖലകളില്‍ പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് ഗുരുതരമായ പോഷകാഹാരക്കുറവ് ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റു സാമൂഹ്യക്ഷേമപദ്ധതികള്‍ മൂലവും ഇത്തരത്തിലുള്ള നേട്ടങ്ങള്‍ അതത് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങളെ പ്രധാനമന്ത്രിയടക്കം പാടിപ്പുകഴ്ത്തുന്നുവെങ്കിലും ഈ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാരവും ജീവിക്കാനാവശ്യമായ വേതനവും ആനുകൂല്യങ്ങളും മാന്യമായ തൊഴിലന്തരീക്ഷവും നിഷേധിക്കുകയാണ്.

അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികള്‍, ആഷ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ പല കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലായി ലക്ഷക്കണക്കിനു പേര്‍ പണിയെടുക്കുന്നു. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷനു കീഴില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കാനും ബാങ്കുകളുമായി അവരെ ബന്ധപ്പെടുത്താനും അക്കൗണ്ടുകള്‍ സൂക്ഷിക്കാനും മറ്റുമായി ലക്ഷക്കണക്കിന് സ്ത്രീകള്‍ ജോലിയെടുക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) മൂന്നു ലക്ഷം സ്ത്രീകളെ കൃഷക് സാഥി, റൈതു മിത്ര എന്നീ പേരുകളില്‍ ജോലി ചെയ്യിക്കുന്നു. ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ അഞ്ചുലക്ഷം സ്ത്രീകള്‍ ജോലിചെയ്യുന്നു. രാജീവ്ഗാന്ധി നാഷണല്‍ ക്രഷെ സ്കീമില്‍ 63,000 സ്ത്രീകള്‍ പണിയെടുക്കുന്നു. പാചകം, ഭക്ഷണം കൊടുക്കല്‍, രോഗികളെയും കുട്ടികളെയും പരിചരിക്കല്‍ എന്നിവ സ്ത്രീകളുടെ ജോലിയാണെന്ന ധാരണയാണ് കേന്ദ്രസര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്. സ്ത്രീകളുടെ ഈ സേവനമനോഭാവത്തെ കൂലി നല്‍കാതെ ഉപയോഗപ്പെടുത്തുകയാണ്. സമൂഹത്തിനു നല്‍കുന്ന സേവനമെന്ന പേരിട്ട് തുച്ഛമായ പ്രതിഫലം മാത്രമാണ് നല്‍കുന്നത്. മാതൃകാ തൊഴില്‍ദായകനായി വര്‍ത്തിക്കേണ്ട സര്‍ക്കാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ സ്വകാര്യ തൊഴില്‍ദായകരോട് മത്സരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഈ തൊഴിലാളികളെ സംഘടിപ്പിച്ച് സിഐടിയു അതിശക്തമായ സമരങ്ങള്‍ നടത്തുകയാണ്. ദേശീയതലത്തില്‍ സിഐടിയു നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ്, മിഡ് ഡെ മീല്‍ വര്‍ക്കേഴ്സ്, ആഷ എന്നിവയുടെ ഏകോപനസമിതി എന്നിവ ശക്തമായ സമരങ്ങള്‍ നടത്തുകയും ചെറിയ ചില നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. എന്നാല്‍, അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബാക്കിയാണ്.

സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനീക്കം കാരണം ഈ തൊഴില്‍ തന്നെ അപകടത്തിലാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുകയും ക്ഷേമപദ്ധതികളിലൂടെ ലഭിക്കുന്ന പരിമിതമായ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം. ക്ഷേമപദ്ധതികളുടെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും തൊഴിലാളികളെ അതിക്രൂരമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് സിഐടിയു നേതൃത്വത്തില്‍ നവംബര്‍ 26നും 27നും ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ വിശാല ധര്‍ണ (മഹാപടാവ്) നടത്തുന്നത്. തൊഴിലാളികളായി അംഗീകാരം നല്‍കുക, ഓണറേറിയം, ഇന്‍സെന്റീവ് എന്നിവയ്ക്ക് പകരം വേതനം നല്‍കുക, സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, 10,000 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഇതില്‍ പങ്കെടുക്കും.

*****

എ കെ പത്മനാഭന്‍

Saturday, November 24, 2012

പി.ജി സ്മരണ

ആശയലോകത്തെ അചഞ്ചല പോരാളി

എം എ ബേബി

പി ജിയെപ്പോലെ മൂന്നുനാലുപേര്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ സാംസ്കാരിക-സാമൂഹ്യ മണ്ഡലങ്ങളില്‍ മാറ്റത്തിന്റെ വന്‍ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു.;അതുല്യ ചലച്ചിത്രകാരനും ചിന്തകനുമായ മൃണാള്‍ സെന്നിന്റെ വാക്കുകളാണിത്. നേരില്‍ കാണുമ്പോള്‍ മൃണാള്‍ദാ ആവര്‍ത്തിച്ചിട്ടുള്ള ആശയം. മലയാളികളായ പലരും സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെടുമെങ്കിലും പി ജിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും അന്വേഷിക്കാതെ മൃണാള്‍ദാ സംഭാഷണം അവസാനിപ്പിക്കാറില്ല. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളുമായി ഇഴുകിച്ചേര്‍ന്ന ജീവിതമായിരുന്നു പി ജിയുടേത്. സ്വാതന്ത്ര്യസമരനാളുകളില്‍ ബോംബെയിലെ അഖിലേന്ത്യാ പാര്‍ടി കേന്ദ്രത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴേ നാനാതരം ഉത്തരവാദിത്തങ്ങള്‍ സഖാവ് ഏറ്റെടുത്തു.

തിരു-കൊച്ചി അസംബ്ലി മുതല്‍ 1957 ലെ ചരിത്രം സൃഷ്ടിച്ച പ്രഥമ നിയമസഭയിലും തുടര്‍ന്ന്, 1967 ലെ സഭയിലും പി ജി നടത്തിയ ഇടപെടലുകള്‍ അവിസ്മരണീയമാണ്. ആശയ-രാഷ്ട്രീയ രംഗങ്ങളിലെ വര്‍ഗസമരത്തിന് പി ജി നല്‍കിയ സംഭാവനയാണ് ഏറ്റവും അമൂല്യം. കേവല യുക്തിവാദത്തിന്റെ സ്വാധീനത്തിലായിരുന്ന ഈ ലേഖകനെപ്പോലെയുള്ളവരെ അവിടെനിന്ന് സമഗ്രമായ ശാസ്ത്രീയബോധത്തിലേക്ക്-വൈരുധ്യാത്മകവും ചരിത്രപരവുമായ ഭഭൗതികവാദ വീക്ഷണത്തിലേക്ക് - വളര്‍ത്തുന്നതില്‍ പി ജി വലിയ പങ്ക് വഹിച്ചു. ദേശാഭിമാനിയെ സമ്പൂര്‍ണമായൊരു പത്രമാക്കാന്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യമെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളത് ഇ എമ്മും പി ജിയുമാണ്. ഇതുതന്നെ പുരോഗമന കല-സാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കാര്യത്തിലും പ്രസക്തമാണ്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ നേതൃത്വം വഹിച്ച കാലത്ത് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) സ്ഥാപിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കേരള സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതില്‍ പുതിയ ചരിത്രം കുറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരിക്കുലം കമ്മിറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു പി ജി.

പി ജിയുടെ സഖാക്കളും ശിഷ്യരും ആരാധകരും പലപ്പോഴും പരാതിപ്പെട്ട ഒരു കാര്യം പിജിയുടെ വിസ്തൃതവും സൂക്ഷ്മവുമായ പഠനത്തില്‍നിന്ന് സമൂഹത്തിന് ലഭിക്കേണ്ടിയിരുന്നത്ര രചനകള്‍, പാര്‍ടിയുമായി ബന്ധപ്പെട്ട ജോലിത്തിരക്കുകള്‍മൂലം നല്‍കാന്‍ പി ജിക്ക് കഴിയാതെ പോയി എന്നതായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷം ഒരുതരം വാശിയോടുകൂടി ആ പരാതിക്ക് പരിഹാരം കാണാന്‍ എന്നപോലെ ഈടുറ്റ രചനകളുടെ ഒരു പരമ്പര പി ജി നമുക്ക് നല്‍കിവരികയായിരുന്നു. അതു മുഴുവന്‍ പകര്‍ന്നുതരും മുമ്പ് ആ വെളിച്ചം മാഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ ക്ലാസുകളും പ്രസംഗങ്ങളും പോരാട്ടങ്ങളും കൃതികളും തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തെ എന്നും മുന്നോട്ടുനയിക്കും.

ദേശാഭിമാനിക്ക് വഴികാട്ടി

വി വി ദക്ഷിണാമൂര്‍ത്തി

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ സമ്മേളിച്ച സിപിഐ എം ഏഴാം കോണ്‍ഗ്രസിലാണ് പാര്‍ടി ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പരിപാടി അംഗീകരിച്ചത്. ആ വര്‍ഷംമുതല്‍ ദേശാഭിമാനി സിപിഐ എം മുഖപത്രമായാണ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിയുടെ തുടക്കവും 1942ല്‍ കോഴിക്കോട്ടുനിന്നായിരുന്നു.

1964ല്‍ പി ജി ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി ചുമതലയേറ്റു. അക്കാലത്ത് ദേശാഭിമാനിയുടെ പ്രവര്‍ത്തകനാകുക എന്നത് വളരെ പ്രയാസമുള്ള ചുമതലയായിരുന്നു. ക്ലേശം സഹിച്ചാണ് പി ജി മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചത്. ദേശാഭിമാനിക്ക് സമീപം ക്രൗണ്‍ തിയറ്ററിനടുത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്ന പേരില്‍ അറിയപ്പെട്ട ആക്രിക്കടയുടെ മുകളിലത്തെ നിലയില്‍ ഇടുങ്ങിയ കൊച്ചുമുറിയിലായിരുന്നു പി ജിയുടെ താമസം. അന്ന് മുതലാണ് ഞാന്‍ പി ജിയെ നേരിട്ടു പരിചയപ്പെടുന്നത്. 1965ല്‍ പി ജി പെരുമ്പാവൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്രയില്‍നിന്ന് ഞാനും നിയമസഭയിലെത്തി.

പി ജി ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സിപിഐ എം സ്ഥാനാര്‍ഥികളും മത്സരിച്ചത് കാരിരുമ്പഴികള്‍ക്കകത്തുനിന്നായിരുന്നു. ചൈനാ ചാരന്മാര്‍ എന്ന് മുദ്രകുത്തി ഭരണാധികാരികള്‍ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ച കാലം. ജയിലിനകത്തുള്ളവര്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍, ജനാധിപത്യമര്യാദ അനുസരിച്ച് നിയമസഭ ചേര്‍ന്നില്ല. ആദ്യയോഗംപോലും ചേരാതെ നിയമസഭ പിരിച്ചുവിട്ടു. ജയിലിലടയ്ക്കപ്പെട്ടവര്‍ 1966ല്‍ മോചിതരായി. 1967ല്‍ വീണ്ടും തെരഞ്ഞെടുപ്പുവന്നപ്പോള്‍ പി ജി മൂന്നാമതും നിയമസഭാംഗം. നിയമസഭയില്‍ പി ജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നേരിട്ടു മനസിലാക്കാന്‍ കഴിഞ്ഞതോടെ സഖാവിനോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ് വര്‍ധിച്ചു.

പുതിയ പുസ്തകം തേടിയുള്ള പി ജിയുടെ പരക്കംപാച്ചിലും തുടരെയുള്ള വായനയും ആരെയും ആകര്‍ഷിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ദേശാഭിമാനി മുഖ്യപത്രാധിപരായിരിക്കെത്തന്നെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും പി ജി നിറസാന്നിധ്യമായിരുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കുവഹിച്ചു. എം എന്‍ കുറുപ്പ്, കെ സി ശ്രീധരന്‍, സി എം അബ്ദുറഹ്മാന്‍, സി കെ ചക്രപാണി തുടങ്ങി നിരവധിപേര്‍ പി ജിയെ സഹായിക്കാനുണ്ടായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്താനും വളര്‍ത്തിയെടുക്കാനും പ്രധാനപങ്കു വഹിച്ചു.

കോഴിക്കോട് കറന്റ്ബുക്ക് ഹൗസ്, ഒഴിവുസമയം ചെലവഴിക്കാനുള്ള പി ജിയുടെ കേന്ദ്രമായിരുന്നു. പുതിയ പുസ്തകം വരുന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും. പുസ്തകം എത്തിയെന്നറിഞ്ഞാല്‍ അത് സ്വന്തമാക്കാനും വായിച്ചുതീര്‍ക്കാനും ശ്രദ്ധചെലുത്തി. സന്ദര്‍ശന സമയങ്ങളില്‍ പട്ടണങ്ങളിലെത്തിയാല്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കേന്ദ്രം എവിടെയായാലും പി ജി അവിടെയെത്തും. പി ജിയുടെ നിറസാന്നിധ്യം കോഴിക്കോടിന് വലിയ അനുഗ്രഹമായിരുന്നു. ഇ എം എസിനെപ്പോലെ പി ജിയും അവസാനിമിഷംവരെ ദേശാഭിമാനിക്കുവേണ്ടി എഴുതി. മാര്‍ക്സിസ്റ്റ് സിദ്ധാന്തം ബുദ്ധിജീവികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും പ്രചരിപ്പിക്കുന്നതിന് പി ജി അശ്രാന്തപരിശ്രമം നടത്തി. പി ജിക്ക് പകരം മറ്റൊരു വിജ്ഞാനഭണ്ഡാഗാരമില്ല. പി ജി മാത്രം.

അറിവിന്റെ സമരാചാര്യന്‍

പ്രഭാവര്‍മ

ലോ കത്ത് അറിവുള്ളവരുണ്ട്; പോരാളികളുമുണ്ട്. എന്നാല്‍ പോരാട്ടത്തിനുള്ള ആയുധമായി അറിവിനെ കാണുകയും ആയുസ്സിലെ ഓരോ നിമിഷവും ആ ആയുധത്തിന്റെ മൂര്‍ച്ച കൂട്ടാനായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ അധികമില്ല. അധികമില്ലാത്ത ആ വിധത്തിലുള്ള പണ്ഡിതപോരാളികളുടെ നിരയിലാണ് പിജിയുടെ സ്ഥാനം. അറിവ് കേവലം അലങ്കാരമല്ലെന്നും സ്ഥിതവ്യവസ്ഥയുടെ നീതിപ്രമാണങ്ങളെ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക നീതി പ്രമാണങ്ങള്‍ കൊണ്ടു പകരം വെക്കാനുള്ള ആയുധമാണെന്നും ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു പിജി. അതുകൊണ്ടുതന്നെയാണ് ഉപരിപഠനത്തിന്റെ സ്വച്ഛസുന്ദരമായ ഇടനാഴികളില്‍നിന്ന് കൊടുങ്കാറ്റുയരുന്ന സമരജീവിതത്തിന്റെ കനല്‍പ്പാതകളിലേക്കും ആശ്രമ ജീവിതത്തിന്റെ ആത്മാന്വേഷണങ്ങളില്‍നിന്ന് ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുന്ന സാമൂഹിക സത്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കും പിജി വിദ്യാര്‍ഥിജീവിതഘട്ടത്തില്‍തന്നെ വഴിമാറി നടന്നത്.

വ്യവസ്ഥിതി മാറ്റമില്ലാതെ തുടര്‍ന്നാലും അതുകൊണ്ടു വലിയ തകരാറൊന്നുമില്ലാത്ത തരത്തിലുള്ള കുടുംബപശ്ചാത്തലത്തില്‍നിന്ന് വ്യവസ്ഥിതി മാറ്റിയെടുക്കാനുള്ള സമരപാതകളിലേക്ക് സ്വയം തീരുമാനിച്ചുനടന്നുമാറിയവര്‍ പലരുണ്ട്. എന്‍ക്രുമ മുതല്‍ മണ്ടേല വരെയുള്ളവര്‍. ഇ എം എസ് മുതല്‍ ബിടിആര്‍ വരെയുള്ളവര്‍. അവരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാവണം ഭൗതിക ജീവിതസാഹചര്യങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം തൃപ്തികരമായിരുന്നിട്ടും സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങളെക്കരുതി വിമോചനത്തിന്റെ സമരപാതയിലേക്കു വഴിതിരിയാന്‍ പിജി നിശ്ചയിച്ചത്. ഉന്നതമായ മനുഷ്യവിമോചന സ്വപ്നങ്ങളായിരുന്നു അതിനുപിന്നിലെ പ്രേരകഘടകം. ആ മഹനീയ മൂല്യങ്ങള്‍ സമൂഹത്തില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ശാസ്ത്രീയവും യുക്തിസഹവുമായ മാര്‍ഗം ശാസ്ത്രീയ സോഷ്യലിസത്തിന്റേതുതന്നെയാണെന്ന് വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ പിജി കണ്ടെത്തി. പിജി ആ ഘട്ടത്തിലേ കണ്ടെത്തിയതുതന്നെയായിരുന്നു ശരിയുടെ മാര്‍ഗം എന്ന് അദ്ദേഹത്തിന്റെ തന്നെ തലമുറയില്‍പ്പെട്ട പല മഹാപണ്ഡിതന്മാര്‍ക്കും തിരിച്ചറിയാന്‍ അവര്‍ക്ക് റിട്ടയര്‍മെന്റ് പ്രായമെത്തേണ്ടിവന്നു. അങ്ങനെ വൈകി തിരിച്ചറിഞ്ഞവരില്‍ ചിലര്‍ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കാഹളം മുഴുക്കുന്ന വിരുദ്ധചേരിയില്‍ ചെന്ന് സ്വയം നിലയുറപ്പിക്കുന്നതും കേരളം കണ്ടു. എന്നാല്‍ ഈ ഘട്ടങ്ങളിലൊക്കെ സ്വപ്രത്യയസ്ഥൈര്യത്തോടെ അചഞ്ചലനായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംരക്ഷണനിരയില്‍ പോരാളിയായി നിലകൊണ്ടു പിജി; അവസാന ശ്വാസം വരെ. മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ് വിരുദ്ധജ്വരം സമൂഹത്തിലാകെ പടര്‍ന്നുവ്യാപിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍, സിജെ മുതല്‍ എം ഗോവിന്ദന്‍ വരെയുള്ളവര്‍ അതിന്റെ ചാമ്പ്യന്മാരായി ഉയര്‍ന്നുനിന്നഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ പിജിയെ കേരളം കണ്ടു. ഇ എം എസിന്റെയും മറ്റും തൊട്ടുപിന്നിലായി നിന്നുകൊണ്ട് ചിന്തയുടെയും വാദപ്രതിവാദങ്ങളുടെയും തലങ്ങളില്‍ പിജി തീര്‍ത്ത പ്രതിരോധം ചരിത്രപരമായ പ്രാധാന്യമുള്ള ഇടപെടലായി. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തുതന്നെ നിയമസഭാംഗമായിരുന്ന പിജി പില്‍ക്കാലത്ത് പാര്‍ലമെന്ററിരംഗത്തല്ല, ആശയസമരരംഗത്താണ് പ്രധാനമായും കേന്ദ്രീകരിച്ചത്. ആ പ്രക്രിയയുടെ ഭാഗമായാണ് ദേശാഭിമാനിയുടെ മുഖ്യപത്രാധിപസ്ഥാനത്തെത്തിയതും. കല്ലച്ചില്‍നിന്ന് ഫാക്സ്മിലി സമ്പ്രായത്തിലേക്കും ഡസ്ക്ടോപ്പ് എഡിറ്റിങ്ങിലേക്കും ഒക്കെയുള്ള ദേശാഭിമാനിയുടെ വളര്‍ച്ചയുടെ വിവിധങ്ങളായ ഘട്ടങ്ങളില്‍ പിജിയുടെ ഭാവനാശാലിത്വത്തിന്റെ മുദ്രപതിഞ്ഞുകിടക്കുന്നുണ്ട്. നിസ്സാരങ്ങളായ കൗതുകങ്ങള്‍ വായനക്കാരുടെ മനസ്സിലുണര്‍ത്തി പിന്‍വാങ്ങുന്ന സെന്‍സേഷനലിസത്തെ ഗൗരവാവഹമായ അപഗ്രഥനപഠനങ്ങള്‍കൊണ്ടു പകരംവെക്കുന്ന ഉള്‍ക്കനമാര്‍ന്ന പത്രപ്രവര്‍ത്തനശൈലി മലയാള പത്രലോകത്തിന് സംഭാവന ചെയ്തവരുടെ നിരയില്‍ പ്രധാനിയായിത്തന്നെ പിജിയെ കാണാം. അടിയന്തരാവസ്ഥക്കാലത്ത് ഏര്‍പ്പെടുത്തപ്പെട്ട വിലക്കുകളെ അതിലംഘിക്കുന്ന കുറുക്കുവഴികള്‍ കണ്ടെത്തുന്നതിലും അതു വലിയ പങ്കുവഹിച്ചു.

ജനാധിപത്യത്തെക്കുറിച്ച് എഴുതിക്കൂടാത്ത സെന്‍സര്‍ഷിപ്പിന്റെ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഒക്കെ ഉദ്ധരിണികള്‍ കൊടുത്ത് അമിതാധികാര സ്വേച്ഛാവാഴ്ചക്കെതിരായ വികാരം വായനക്കാരുടെ മനസ്സിലുണര്‍ത്തുക എന്നത് അത്തരമൊരു കുറുക്കുവഴിയായിരുന്നു. അതേഘട്ടത്തിലാണ് ഡിജിപി ജയറാംപടിക്കല്‍ പിജിയെ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യുന്നത്. മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയാണെന്നാണ് ഭാവം; അല്ലേ? എന്നതായിരുന്നു ചോദ്യം. "മാര്‍ക്സിസ്റ്റാണ്; ബുദ്ധിജീവിയാണെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ലല്ലോ". എന്ന മറുപടിക്കുമുമ്പില്‍ സ്കോട്ട്ലന്റ്ലാഡ് പരിശീലനം സിദ്ധിച്ച പടിക്കല്‍ പതറി. ദേശാഭിമാനിയുടെ പത്രാധിപരായി വന്ന ഘട്ടം മുതല്‍ അറിവിന്റെ രംഗത്ത് കൂടുതല്‍ വ്യാപരിക്കാനുള്ള ശ്രമം അദ്ദേഹം ശക്തിപ്പെടുത്തി. ഒരു വശത്ത് പത്രത്തെ രൂപംകൊണ്ടും ഉള്ളടക്കം കൊണ്ടും നവീകരിക്കുക; മറുവശത്ത് പുത്തന്‍ അറിവുകളത്രയും സ്വാംശീകരിച്ചുകൊണ്ടു സ്വയം നവീകരിക്കുക. തന്റെ അടുത്ത ബന്ധുക്കളും സുഹുത്തുക്കളും ഒരു വശത്ത് റിവിഷനിസത്തിന്റെയോ മറുവശത്ത് അതിസാഹസിക തീവ്ര ഇടതുപക്ഷവാദത്തിന്റെയോ വഴിയിലേക്ക് മാറിയ വേളയില്‍പോലും ഒരു വിധത്തിലും അവരാല്‍ സ്വാധീനിക്കപ്പെടാതെ ഇരുപാളിച്ചകള്‍ക്കുമെതിരെ ശരിയും ശാസ്ത്രീയവുമായ നിലപാടുതറയില്‍ നില്‍ക്കാന്‍വേണ്ട തരത്തിലുള്ള ആശയത്തെളിമ അദ്ദേഹം മനസ്സിലുറപ്പിച്ചു.

ലോകചിന്തയിലെ തെളിവെളിച്ചങ്ങള്‍ പിജിയിലൂടെ മലയാളക്കരയിലേക്ക് കടന്നുവന്നു. അന്റോണിയോഗ്രാംഷി മുതല്‍ നോംചോംസ്കി വരെ, ബാര്‍ത്തു മുതല്‍ ദറീദവരെ, എഡ്മണ്ട്ബര്‍ക് മുതല്‍ ഹണ്ടിങ്ടണ്‍വരെ മലയാള ചിന്താലോകത്ത് സജീവസാന്നിധ്യമായത് പിജിയുടെ അവതരണങ്ങളിലൂടെയാണ്. നമ്മുടെ സാഹിത്യ-സാംസ്കാരിക രംഗങ്ങള്‍ക്ക് പിജി നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തവയാണ്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പരിപ്രേക്ഷ്യം എല്ലാ പരിമിതികളെയും മറികടന്ന് വിശാലമാകണമെന്ന കാര്യത്തില്‍ പിജി പുലര്‍ത്തിയ നിഷ്കര്‍ഷ പെരുമ്പാവൂര്‍ രേഖയില്‍ വരെ പ്രതിഫലിച്ചുനില്‍ക്കുന്നു. അമ്പതുകളില്‍ "ന്യൂലെഫ്റ്റ്" എന്നറിയപ്പെട്ട പുത്തന്‍ ഇടതുപക്ഷം മുമ്പോട്ടുവെച്ച കാര്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ടെന്ന് ആദ്യം കണ്ടെത്തിയവരിലൊരാള്‍ പിജിയാണ്. പുത്തന്‍ ഇടതുപക്ഷം സാഹിത്യ-സാംസ്കാരികതലങ്ങളില്‍ പടര്‍ത്തിയ ഉദാരതയുടെ പുതുവെളിച്ചത്തെ സാമ്രാജ്യത്വാനുകൂല വ്യതിചലനം ആയി പലരും തെറ്റിദ്ധരിച്ചിരുന്ന കാലത്താണ് പിജി പുതിയ കണ്ടെത്തല്‍ നടത്തിയത്. അത് ടെറി ഈഗിള്‍ട്ടന്റെയും ഇ പി തോംപ്സന്റെയും ഒക്കെ ചിന്തകളുടെ വെളിച്ചം അല്‍പം വൈകിയായാലും ഇവിടെയും എത്താന്‍ സഹായിച്ചു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള വിശാല സാംസ്കാരിക മുന്നണിക്ക് അടിത്തറയാവേണ്ട വിധത്തിലുള്ള ചിന്തയുടെ നവീകരണത്തിന്റെ വഴികളാണ് "ന്യൂലെഫ്റ്റ്" തുറന്നിടുന്നതെന്ന് ആദ്യമായി പറഞ്ഞത് പിജിയാണ്. ന്യൂലെഫ്റ്റിനെ ചൂഴ്ചന്നുനിന്ന പുകമറ നീങ്ങുന്നതിനും അതിന്റെ പ്രകാശം കൊണ്ട് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സമീപനങ്ങള്‍ ഉദാരവും വിശാലവുമാകുന്നതിനും ആ കണ്ടെത്തലുകള്‍ വഴിവച്ചു. രൂപഭദ്രതാവാദത്തിന്റെ നാള്‍കളില്‍ സാഹിത്യകാരനു രാഷ്ട്രീയമുണ്ടായാല്‍ സര്‍ഗ്ഗാത്മകതയ്ക്കു ഹൃദയച്ചുരുക്കം വന്നുപോകും എന്ന യാഥാസ്ഥിതിക പക്ഷത്തിന്റെ വാദത്തെ അതിശക്തമായി നേരിട്ടു പിജി. ഹൃദയച്ചുരുക്കവാദക്കാരുടെ മാനിഫെസ്റ്റോ ആയിരുന്നു അന്ന് ഗുപ്തന്‍നായരുടെ "ഇസങ്ങള്‍ക്കപ്പുറം". ഗുപ്തന്‍നായരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിലെ ചിന്തകള്‍ക്ക് കൃത്യമായി പിജി മറുപടി പറഞ്ഞു. ആ മറുപടിയാണ് "ഇസങ്ങള്‍ക്കിപ്പുറം". ഇസങ്ങള്‍ക്കപ്പുറമേ സാഹിത്യമുണ്ടാവൂ എന്ന വാദത്തെ ഇസങ്ങള്‍ക്കിപ്പുറം സാഹിത്യമുണ്ടാവാമെന്നതിന്റെ ഉദാഹരണങ്ങള്‍ നിരത്തി പിജി ഖണ്ഡിച്ചു. പാബ്ലോ പിക്കാസോ മുതല്‍ പാബ്ലാനെരൂദവരെയുള്ളവര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. ഇവരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഒരു കലാസാഹിത്യചരിത്രരചന സാധ്യമാണോ? ഇവരൊക്കെ ഹൃദയച്ചുരുക്കമുള്ളവരും സര്‍ഗ്ഗാത്മകത നശിച്ചുവരുമായിരുന്നോ? ആ ചോദ്യത്തില്‍ തട്ടിയാണ് രൂപഭദ്രതാവാദത്തിന്റെ മുനയൊടിഞ്ഞത്. അതേസമയം കാലോചിതമായി പുതിയ ചിന്തകളെ ഉള്‍ക്കൊള്ളാന്‍ പിജി മടികാട്ടിയതുമില്ല. ഉള്ളടക്കം കേമമായതുകൊണ്ടുമാത്രമായില്ല; സംവേദനക്ഷമമായ രൂപംകൂടി അതിനുണ്ടാവേണ്ടതുണ്ട് എന്ന് പിജി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. വിപ്ലവം മാത്രമല്ല, പ്രണയവും വിപ്ലവകവിതക്ക് വിഷയമാകാം എന്ന് വിശദീകരിച്ചിട്ടുണ്ട്. ഈ മാറ്റമാകട്ടെ, ന്യൂലെഫ്റ്റിന്റെ ചിന്തയുടെ പ്രകാശത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന് കാണാന്‍ വിഷമമില്ല.

ഏത് ദിക്കില്‍നിന്ന് വരുന്ന അറിവിന്റെ ഏത് പ്രകാശകിരണത്തിനും നേര്‍ക്ക് മുഖമുയര്‍ത്തിനിന്ന പ്രതിഭയായിരുന്നു പിജി. നേഷന്‍സ്റ്റേറ്റ്സിന്റെ അതിരുകളെ അതിലംഘിച്ചുകൊണ്ട് ധനമൂലധനവും അതിന്റെ പ്രത്യയശാസ്ത്രവും വെല്ലുവിളി ഉയര്‍ത്തുന്നകാലം. ഓരോ രാജ്യത്തിന്റെയും പ്രകൃതിവിഭവങ്ങള്‍തൊട്ട് ഭാവുകത്വംവരെ അപകടത്തിലാവുന്ന കാലം. കലയില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവിതവുമായി ബന്ധപ്പെട്ട പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെയും ആധുനിക മുതലാളിത്തവും  അതിന്റെ കലയിലെ പ്രകടരൂപമായ ആധുനികോത്തരതയും  പുറത്താക്കുന്നകാലം. ആഗോളവല്‍ക്കരണത്തിന്റെ വിപത്ത് നാനാമേഖലകളെയും ഗ്രസിക്കുന്ന ഈ കാലം ഏറ്റവുമധികം ആവശ്യപ്പെടുന്നത് പിജിയെപ്പോലുള്ള സാംസ്കാരിക വ്യക്തിത്വങ്ങളെയാണ്. അത്തരമൊരു ഘട്ടത്തിലായി ഈ വിടവാങ്ങല്‍ എന്നത് നഷ്ടത്തിന്റെ ഗൗരവം വീണ്ടും വര്‍ധിപ്പിക്കുന്നു. ലാറ്റിനമേരിക്കന്‍-ബ്ലാക്ക്

അമേരിക്കന്‍ സാഹിത്യത്തിലെ ചലനങ്ങളെയും അവിടത്തെ രാഷ്ട്രീയചലനങ്ങളെയും പിജി കൂട്ടിവായിച്ചു. ദാമോദര്‍ കോസാംബിയുടെയും ദേവീപ്രസാദ് ചതോപാധ്യായയുടെയും വഴിയേ സഞ്ചരിച്ച് ഇന്ത്യന്‍ സംസ്കൃതിയെ പുരോഗമനാത്മകമായി അപഗ്രഥിച്ചു. ബിഷപ്പ് പൗലോസ് മാര്‍ ഗ്രിഗോറിയോസ് അടക്കമുള്ളവരുമായുള്ള സര്‍ഗ്ഗാത്മക സംവാദങ്ങളിലൂടെ ക്രൈസ്തവസഭക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കുമിടയില്‍ സഹകരണത്തിന്റെ ഇടനാഴി സൃഷ്ടിച്ചു. വേദാന്തം മുതല്‍ ദൈവകണംവരെ മനസ്സിന്റെ സൂക്ഷ്മദര്‍ശിനിക്കുകീഴില്‍ അപഗ്രഥിച്ചു.

ശങ്കരാചാര്യയേും ഐന്‍സ്റ്റീനേയുംവരെ അവരുടെ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചവതരിപ്പിച്ചു. മനഃശാസ്ത്രം മുതല്‍ ജ്യോതിശാസ്ത്രംവരെ, കണാദന്‍ മുതല്‍ സ്റ്റീഫന്‍ ഹോക്കിങ് വരെ, വാല്‍മീകി മുതല്‍ സച്ചിദാനന്ദന്‍വരെ, ഭഗവത്ഗീത മുതല്‍ ആടുജീവിതം വരെ ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍നിന്നും വഴിമാറിനിന്നില്ല. എന്തിനെ സമീപിക്കുന്നതിനുമുള്ള മുഴക്കോല്‍ അദ്ദേഹത്തിന് ഡയലക്ടിക്കല്‍ മെറ്റീരിയലിസത്തിന്റെ മാനദണ്ഡങ്ങളായി. വിജ്ഞാനവിപ്ലവത്തിന്റെ കാലത്ത് എവിടെയുണ്ടാവുന്ന ജ്ഞാനത്തിന്റെ ശകലങ്ങളെയും ആ മനസ്സ് ഒപ്പിയെടുത്ത് വരുംതലമുറയ്ക്കുള്ള ഈടുവെയ്പ്പാക്കി. അതിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ് വൈജ്ഞാനിക വിപ്ലവം- ഒരു സാംസ്കാരിക ചരിത്രം എന്ന ബൃഹത്തായ ഗ്രന്ഥം. ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേനയുമായി അറിവിന്റെ ഈ സമരാചാര്യന്‍ വിടവാങ്ങുന്നു. കേരളത്തിന്റെ വൈജ്ഞാനികതയും സാംസ്കാരികതയും ഈ നഷ്ടത്തിനൊത്ത് ദരിദ്രമാവുകയും ചെയ്യുന്നു.

അറിവ് ആയുധമാക്കിയ പോരാളി, ഗുരു

എസ് രാമചന്ദ്രന്‍പിള്ള

ഏതാണ്ട് അഞ്ച് പതിറ്റാണ്ടിന്റെ പരിചയവും ഒരുമിച്ച് പ്രവര്‍ത്തിച്ച അടുപ്പവും അനുഭവവുമാണ് പി ജിയുടെ വേര്‍പാടിലൂടെ വ്യക്തിപരമായി നഷ്ടപ്പെട്ടത്. എപ്പോഴും വായിക്കാന്‍ പ്രേരിപ്പിക്കുകയും അറിവിന്റെ മൂര്‍ച്ച കൂട്ടാന്‍ പ്രചോദിപ്പിക്കുകയും ചെയ്ത മഹാനായ ആ അധ്യാപകന്റെ ജീവിതം ഇനി ഓര്‍മയില്‍ മാത്രം. പി ജിയെ ഓര്‍ക്കുമ്പോള്‍ എവിടെ തുടങ്ങണമെന്ന് നിശ്ചയമില്ല. ഒരു കമ്യൂണിസ്റ്റുകാരന് ഉണ്ടാകേണ്ട എല്ലാ സവിശേഷതകളും ആ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. പി ജിയുടെ ഏറ്റവും വലിയ സംഭാവനയായി കാണുന്നത് മറ്റു യോഗ്യതകള്‍ക്കൊപ്പം അധ്യാപകനും പ്രചാരകനും എന്ന നിലയിലെ പ്രവര്‍ത്തനമാണ്. സമകാലിക സംഭവങ്ങളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങളെയും മാര്‍ക്സിസ്റ്റ് സമീപനം അനുസരിച്ച് വിശകലനം ചെയ്യാനും നിഗമനങ്ങളിലെത്താനും അസാധാരണ പാടവം കാണിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ശാസ്ത്രബോധത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള തുറന്ന ജനാധിപത്യ അന്തരീക്ഷം വളരെ പ്രധാനമാണ്. ഇത്തരമൊരു ആശയപരവും സാംസ്കാരികവുമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരാന്‍ പി ജി നടത്തിയ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ വളരെയധികം സഹായിച്ചു. അദ്ദേഹം നടത്തിയ ആശയസമരങ്ങളും അത് സൃഷ്ടിച്ച ബോധത്തിന്റെ വളര്‍ച്ചയുമാണ്കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനത്തിനും നല്‍കിയ ഏറ്റവും ഉന്നതമായ സംഭാവന. സങ്കീര്‍ണമായ സൈദ്ധാന്തികപ്രശ്നങ്ങള്‍ പ്രായോഗിക അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വളരെ സരസമായി അവതരിപ്പിക്കുന്ന ശൈലി അന്യാദൃശമായിരുന്നു. അത് ഒരു പ്രത്യേകാനുഭവം തന്നെയായിരുന്നു. പുതുതലമുറയെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കാനും അവരെ ശ്രദ്ധാപൂര്‍വം പരിശീലിപ്പിച്ച് വളര്‍ത്തിക്കാണ്ടുവരാനും അതീവതാല്‍പ്പര്യവും സാമര്‍ഥ്യവും കാട്ടി. പുതുതലമുറ എഴുതുന്നതും പ്രസംഗിക്കുന്നതും പി ജി ശ്രദ്ധാപൂര്‍വം പിന്തുടരും. അവര്‍ക്ക് ആശയപരമായി കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ പ്രോത്സാഹനവും പ്രചോദനവും നല്‍കി. കെഎസ്വൈഎഫില്‍ പ്രവര്‍ത്തിക്കവെ സംഘടനയുടെ പ്രധാന ക്ലാസുകളിലെല്ലാം അധ്യാപകനായി പി ജിയെ ആണ് വിളിക്കുക. പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ നാം ഊന്നുന്ന ചില വിഷയങ്ങളില്‍ പി ജി ശ്രദ്ധവയ്ക്കും. യോഗം കഴിയുമ്പോള്‍ അതേക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. യോഗങ്ങളില്‍ സംസാരിക്കുമ്പോള്‍ പ്രയോഗിക്കുന്ന ചില വാക്കുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കും. ആ സന്ദര്‍ഭത്തിനു ചേര്‍ന്ന വാക്ക് അതല്ലെന്ന് പിന്നീട് സ്വകാര്യമായി പറയും. ഒരിക്കല്‍ ചര്‍ച്ചയ്ക്കിടെ ഏതോ ഒരുവിഷയത്തില്‍  interfere എന്നു പ്രയോഗിച്ചു. യോഗത്തിനുശേഷം പി ജി അവിടെ പ്രയോഗിക്കേണ്ടത്  interfereഎന്നാണെന്ന് പറഞ്ഞു. ഭാഷാപ്രയോഗത്തില്‍ നാം പാലിക്കേണ്ട സൂക്ഷ്മതയും കൃത്യതയും പ്രധാനമാണെന്ന് ഒരു ഗുരുവിനെപ്പോലെ അന്ന് പറഞ്ഞുതന്നു.

18, 19, 20 നൂറ്റാണ്ടുകളിലെ സോഷ്യലിസത്തിന്റെ വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് ആധികാരികമായ ഒരു ഗ്രന്ഥം തയ്യാറാക്കണമെന്ന് പി ജിയോട് അഭ്യര്‍ഥിച്ചിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹം ഒടുവിലെഴുതിയ ബൃഹദ്ഗ്രന്ഥമായ "വൈജ്ഞാനികവിപ്ലവം-ഒരു സാംസ്കാരികചരിത്ര"ത്തിന്റെ കോപ്പി സമ്മാനിച്ചിട്ടു പറഞ്ഞു. "സഖാവ് അന്നു പറഞ്ഞ കാര്യങ്ങളുടെ പ്രാഥമികമായ ചില ഭാഗങ്ങള്‍ ഇതിലുണ്ട്."" എങ്കിലും സോഷ്യലിസത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പുസ്തകം എഴുതുമെന്ന് വാക്കുതന്നു. ആ വാക്ക് പാലിക്കാതെയാണ് പി ജി പോയതെങ്കിലും അദ്ദേഹം കേരളത്തിന് നല്‍കിയ ആശയപ്രപഞ്ചം അനശ്വരമാണ്.

മാനവികതയ്ക്കായുള്ള പോരാട്ടങ്ങള്‍

കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖരായ സൈദ്ധാന്തികരുടെ നേതൃനിരയിലാണ് സഖാവ് പി ഗോവിന്ദപ്പിള്ളയ്ക്കുള്ള സ്ഥാനം. മാര്‍ക്സിയന്‍ ദര്‍ശനമായ വൈരുധ്യാത്മക ഭൗതികവാദത്തെ ലളിതമായി തലമുറകള്‍ക്ക് പങ്കിട്ട സഖാവ് പി ജി ഗഹനമായ വിഷയങ്ങളെ ലളിതമായി പാകപ്പെടുത്താന്‍ വിദഗ്ധനായിരുന്നു. 69ല്‍ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ സംസ്ഥാന പഠനക്യാമ്പ് പിണറായിയില്‍ സംഘടിപ്പിച്ചപ്പോഴാണ് ഞാന്‍ പി ജിയെ പരിചയപ്പെട്ടത്. അന്നവിടെ അദ്ദേഹം നടത്തിയ ക്ലാസ് കമ്യൂണിസ്റ്റുകാരനായി ജീവിക്കണം എന്ന എന്റെ അഭിലാഷം അരക്കിട്ടുറപ്പിച്ചു. അന്ന് സഖാവുമായുണ്ടായ ബന്ധം രണ്ടാഴ്ചമുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിക്കുമ്പോഴും ഉലച്ചില്‍തട്ടാതെ സുദൃഢമായി നിന്നു. പരന്ന വായനയും അഗാധമായ പാണ്ഡിത്യവും പി ജിയുടെ സവിശേഷതയായിരുന്നു.

സാര്‍വദേശീയ-ദേശീയ കാര്യങ്ങള്‍ മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങളിലൂന്നി ലളിതഭാഷയില്‍ വിശകലനം ചെയ്ത പി ജി, ശാരീരികാവശതകളാല്‍ ബുദ്ധിമുട്ടുമ്പോഴും അതിനുവേണ്ടി യത്നിച്ചു. കലയും സാഹിത്യവും സംഗീതവുമൊക്കെ പി ജിക്ക് വഴങ്ങിയിരുന്നു. ഏത് വിഷയത്തെ കുറിച്ചും അവഗാഹതയോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷമുന്നേറ്റങ്ങളെ കുറിച്ച് അദ്ദേഹം മണിക്കൂറുകളോളം മുഷിപ്പില്ലാതെ സംസാരിക്കുമായിരുന്നു. ഏത് വിഷയത്തെ കുറിച്ച് സംവദിച്ചാലും പുതിയ വിവരങ്ങളുടെ ശേഖരവുമായി സജീവമാകുന്ന പി ജി എനിക്ക് വിസ്മയമാണ്.

52ല്‍ പി ജിയെ തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുത്തു. ഐക്യകേരളം രൂപംകൊണ്ടതിന് ശേഷം 57ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും പി ജി നിയമസഭാംഗമായി. 67ലും അദ്ദേഹം നിയമസഭാംഗമായി. പെരുമ്പാവൂരില്‍നിന്നാണ് മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് യുവാവായിരുന്ന പി ജി, നിയമസഭാസാമാജികര്‍ എങ്ങനെയാണ് വിഷയാവതരണം നടത്തേണ്ടത് എന്നതിനുള്ള മികച്ച ഉദാഹരണമായിരുന്നു. എതിരാളികളെ നിഷ്പ്രഭമാക്കുന്ന വാഗ്വിലാസത്തിനുടമയായിരുന്നു അദ്ദേഹം. 57ലെ ഇ എം എസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസബില്‍ തയ്യാറാക്കുന്നതിലും നിയമസഭകളില്‍ നടത്തിയ ചര്‍ച്ചകളിലൂടെ അത് സമ്പുഷ്ടമാക്കുന്നതിനും സംഭാവനകള്‍ ചെയ്തു. അക്ഷരത്തെ ആയുധമാക്കി മാറ്റി ആശയസമരത്തിനായി ഉപയോഗിക്കുന്നതില്‍ പി ജി കാണിച്ച സാമര്‍ഥ്യം പുതുതലമുറയ്ക്ക് പിന്തുടരാവുന്ന മാതൃകയാണ്.

കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം ശക്തിപ്പെടുത്താന്‍ പി ജി നടത്തിയ ഇടപെടലുകള്‍ എന്റെ ഓര്‍മകളിലുണ്ട്. 87ല്‍ അധികാരത്തില്‍വന്ന നായനാര്‍ സര്‍ക്കാരാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് (ഗ്രന്ഥശാലാസംഘം) കൊണ്ടുവന്നത്. അന്ന് ഞാന്‍ നിയമസഭാംഗമായിരുന്നു. ആ ബില്‍ തയ്യാറാക്കുന്നതില്‍ പി ജി നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ബില്ലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശകമുറിയില്‍ അദ്ദേഹം വരുമായിരുന്നു. സഭാനടപടികള്‍ വീക്ഷിച്ച്, ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കുറിപ്പുകളിലൂടെ ഞങ്ങളെ അറിയിക്കും. അത് ഞങ്ങളുടെ ചര്‍ച്ചകള്‍ക്ക് സഹായകമായി.

ഇടപെടലുകള്‍ എവിടെയും സാധ്യമാണെന്ന് പി ജി തെളിയിക്കുകയായിരുന്നു. കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് പി ജി പകര്‍ന്ന കരുത്ത് ചില്ലറയല്ല. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും എതിര്‍ക്കുന്ന വലതുപക്ഷത്തിന്റെ വക്താക്കളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അവരുടെ വാദങ്ങള്‍ കീറിമുറിച്ച് പൊള്ളത്തരങ്ങള്‍ എടുത്തുകാട്ടി. പുരോഗമന സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശയപരമായ വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചു. പി ജി യുടെ പോരാട്ടങ്ങള്‍ക്ക് ലക്ഷ്യം ഒന്നുമാത്രമാണെങ്കിലും രീതികള്‍ പല തരത്തിലുള്ളതായിരുന്നു. അതാണ് പി ജിയെ വ്യത്യസ്തനാക്കിയത്. പി ജി നമുക്ക് തന്നത് കമ്യൂണിസ്റ്റ് ജീവിതത്തിന്റെ വിലയേറിയ സന്ദേശമാണ്. മനുഷ്യമോചനത്തിനായുള്ള പ്രത്യയശാസ്ത്രത്തെ സര്‍ഗാത്മകമായി പ്രയോഗിക്കാനും മാനവികതയെ നശിപ്പിക്കുന്ന ചിന്തകള്‍ക്കെതിരെ പോരാടാനും പി ജി ആഹ്വാനം ചെയ്തു. പി ജിയുടെ ശൂന്യത നികത്താന്‍ കൂട്ടായ്മയുടെ സംഘശക്തിയായി നമുക്ക് അദ്ദേഹം കാണിച്ചുതന്ന വഴികളിലൂടെ നടക്കാം.


സര്‍വവിജ്ഞാനവും ഒരാളില്‍

ജി കാര്‍ത്തികേയന്‍

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പാണ് പി ഗോവിന്ദപ്പിള്ളയെ പരിചയപ്പെടുന്നത്. റോഡരികിലും പുസ്തകക്കടകളിലും സിനിമാശാലകളിലും അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ട്. എപ്പോഴും അദ്ദേഹത്തിന്റെ കൈയില്‍ പുസ്തകങ്ങളും കാണും. കാണുമ്പോഴെല്ലാം സ്നേഹവും സൗഹൃദവും പ്രകടിപ്പിക്കും. പുസ്തകങ്ങളെയും സിനിമയെയും പറ്റി സംസാരിക്കും. ലോകത്തെ സകല വിഷയങ്ങളെക്കുറിച്ചും അദ്ദേഹത്തിനറിയാമായിരുന്നു. എന്നാല്‍, ബുദ്ധിജീവി ജാടയും കാപട്യവും ഇല്ല. ഏതു തരം പുസ്തകവും വായിക്കും; ഏതു തരം സിനിമയും കാണും. ബുദ്ധിജീവികള്‍ ഇതൊന്നും ചെയ്തുകൂടെന്ന അലിഖിത നിയമം അദ്ദേഹത്തെ ബാധിച്ചില്ല. ഇംഗ്ലീഷ് എഴുത്തുകാരന്‍ ഇര്‍വിങ് വാലസ് മരിച്ചപ്പോള്‍, പി ജി അദ്ദേഹത്തെപ്പറ്റി ലേഖനമെഴുതി. ഇര്‍വിങ് വാലസ് ഇംഗ്ലീഷിലെ മുട്ടത്തുവര്‍ക്കിയാണെന്ന് നമ്മള്‍ കളിയാക്കാറുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹമാണ് ആദ്യമായി, അമേരിക്കയില്‍ കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്റായി വരും എന്നെഴുതിയത്. ഈ വിവരം പിജിയുടെ ലേഖനത്തിലുണ്ടായിരുന്നു. വാലസിന്റെ മഹത്വം കണ്ടറിയാന്‍ പി ജിക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമായി.

രാഷ്ട്രീയവും സാഹിത്യവും സാമൂഹികവുമായ മേഖലകള്‍ മാത്രമല്ല, വൈദ്യവും ജ്യോതിഷവും വരെ അദ്ദേഹത്തിന് അവഗാഹമുള്ള വിഷയങ്ങള്‍. വായിക്കുന്നതെല്ലാം ഓര്‍മയില്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ടിയുടെ സൈദ്ധാന്തികമുഖമായിരുന്നു പിജി- ആ ഒരൊറ്റ വിശേഷണത്തില്‍ ഒതുക്കാന്‍ മനസ്സുകാട്ടാത്ത വ്യക്തിയും. വിശ്വപൗരന്‍ എന്ന നിലയില്‍ ലോകത്തെവിടെയുമുള്ള മാനുഷികപ്രശ്നങ്ങളോട് സത്യസന്ധമായി പ്രതികരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വായനക്കാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ മഹാത്ഭുതം. സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നും പറയാം. സൈദ്ധാന്തികമായ പിടിവാശികളുടെ പേരില്‍ മനുഷ്യമുഖം നഷ്ടപ്പെടുത്താറുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തന്‍. പ്രശ്നങ്ങളോടുള്ള നിലപാടിനുസരിച്ച് സൈദ്ധാന്തികവാദിയോ ജനാധിപത്യവാദിയോ ആയി മാറാനുള്ള ബുദ്ധിപരമായ സത്യസന്ധത അദ്ദേഹം പ്രകടിപ്പിച്ചു. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍, മാന്യമായ പെരുമാറ്റത്തിലൂടെ സകലരുടെയും ആദരവ് അദ്ദേഹം നേടി.

തിരു-കൊച്ചി നിയമസഭയിലും കേരളത്തിലെ ആദ്യ നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായിരുന്നു അദ്ദേഹം. ഏതു വിഷയവും പൂര്‍ണമായും പഠിച്ച് അവതരിപ്പിച്ചു. നിയമസഭാ രേഖകളില്‍ അദ്ദേഹത്തിന്റെ ശക്തമായ പ്രസംഗങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം മനസിലാകും. സര്‍വകലാശാലകളെയും അധ്യാപകരെയും വിദ്യാഭ്യാസരംഗത്തെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ക്ക് ഇന്നും കാലികപ്രസക്തി നഷ്ടമായിട്ടില്ല. പി ജിയുടെ രചനകള്‍ വിജ്ഞാനവാഹിനികളാണ്. ഒരു വിഷയത്തെപ്പറ്റി എഴുതുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരുകാര്യവും അദ്ദേഹം മറക്കില്ല. അച്ചടി മാധ്യമത്തില്‍നിന്ന് വളര്‍ന്ന് ഇലക്ട്രോണിക് മാധ്യമത്തിലെത്തിയപ്പോഴും പി ജി മാറിനിന്നില്ല. കൈരളിയില്‍ അവതരിപ്പിച്ച "പി ജിയും ലോകവും" എല്ലാവരെയും ആകര്‍ഷിച്ചു. കേരളത്തിന്, ലോകത്തിന്റെ മുന്‍പില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന സാംസ്കാരിക പ്രതിഭയുടെ നഷ്ടമാണ് പി ജിയുടെ വേര്‍പാട്. അറിവിന്റെ ഭണ്ഡാരമായ അദ്ദേഹത്തിന്റെ വേര്‍പാട് നികത്തപ്പെടാതെ കിടക്കും.

*
ദേശാഭിമാനി