Saturday, November 3, 2012

സര്‍വകലാശാലകള്‍ക്ക് മരണമണി

സര്‍വകലാശാലകളുടെ സ്വയംഭരണവും ജനാധിപത്യ സ്വഭാവവും അക്കാദമിക് മികവും കേരളമാതൃകയുടെതന്നെ ഭാഗമാണ്. യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്ന ഏകാധിപത്യ മനോഭാവം ഇന്ന് ഏറ്റവും പ്രകടമാകുന്നത് സര്‍വകലാശാലകളില്‍ നടത്തുന്ന നഗ്നമായ ഇടപെടലുകളിലൂടെയാണ്. അടിയന്തരാവസ്ഥയുടെ ലഹരി ഇപ്പോഴും ആസ്വദിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം, പരമാവധി കഴുക്കോലുകള്‍ ഊരിയെടുക്കാനുള്ള ലീഗ് വ്യഗ്രതയും ചേര്‍ന്നപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രകടമായ അടിയന്തരാവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അക്കാദമിക് മികവിന്റെയും സ്വയംഭരണാവകാശത്തിന്റെയും കേന്ദ്രങ്ങള്‍ ഭരണനേതൃത്വത്തിലെ ആജ്ഞാനുവര്‍ത്തികളുടെ വിഹാരമേഖലയായി മാറും. അക്കാദമിക് സമൂഹത്തില്‍ ഇന്ന് പ്രകടമാകുന്ന നിശബ്ദതയുടെ പ്രതിഫലനമാണ് ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് കണ്ടത്.

കേരളത്തിലെ സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റംഗങ്ങളുടെ യോഗമാണ് വിളിച്ചുചേര്‍ത്തത്. പങ്കെടുത്ത 96 സിന്‍ഡിക്കറ്റംഗങ്ങളില്‍ 90 പേരും അക്കാദമിക് മേഖലയിലെ ഏകാധിപത്യകര്‍മത്തിന്റെ ഏറാന്‍മൂളികളായിരുന്നുവെന്നത് ഒരു സൂചകമാണ്. ജനാധിപത്യ ബോധത്തെയും നിയമത്തെ സംബന്ധിച്ച കാഴ്ചപ്പാടിനെയും തകിടം മറിച്ച് സിന്‍ഡിക്കറ്റുകളില്‍ ഉണ്ടാക്കിയ മേല്‍ക്കൈയുടെ പശ്ചാത്തലത്തിലാണ് ചോയ്സ് ബെയ്സ്ഡ് സെമസ്റ്റര്‍ സിസ്റ്റം സംബന്ധിച്ച സിന്‍ഡിക്കറ്റ് അംഗങ്ങളുടെ യോഗം ചേര്‍ന്നത്. പദ്ധതി കാലോചിതമായി നവീകരിക്കപ്പെടേണ്ടതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍, ഒരു ചര്‍ച്ചയുടെയോ സംവാദത്തിന്റെയോ സാധ്യത ഉണ്ടാവുന്ന തരത്തിലായിരുന്നില്ല സമീപനം.

യോഗം നടക്കുന്ന ദിവസം പങ്കെടുക്കാനെത്തിയ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്ക് ലഭിച്ചത് ഹൃദയകുമാരി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരുത്തരവായിരുന്നുവെന്നതിന്റെ രേഖകള്‍. ശുപാര്‍ശകള്‍ സര്‍ക്കാരുത്തരവുകളാകുന്നു; പിന്നീട് ചര്‍ച്ചകള്‍. ജനാധിപത്യാവകാശങ്ങളെയും സംവാദങ്ങളെയും എങ്ങനെയാണ് സമീപിക്കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു സര്‍ക്കാര്‍. കാലോചിതമായ നവീകരണത്തെ സംബന്ധിച്ച ചിന്തകള്‍ ഇല്ലാതാക്കി നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണിവിടെ കണ്ടത്. എല്ലാ ശുപാര്‍ശകളും തിരസ്കരിക്കേണ്ടതാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. എന്നാല്‍, ചില കോളേജുകളെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി പ്രഖ്യാപിച്ച് ഓട്ടോണമസ് കോളേജുകളാക്കി പ്രഖ്യാപിക്കാനാണ് തീരുമാനിക്കുന്നത്. ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന ലക്ഷ്യം വളരെ വ്യക്തമാണല്ലോ? ഗ്രേഡിങ്ങിനെയും സെമസ്റ്റര്‍ സിസ്റ്റത്തെയും അടിമുടി മാറ്റുക, നിലവാരസൂചകം ഇംഗ്ലീഷ് ഭാഷാപ്രയോഗനൈപുണ്യം മാത്രമാണെന്ന ദുരുദ്ദേശപരവും, അപകടകരവുമായ നിര്‍ദേശങ്ങള്‍കൂടി അടങ്ങുന്ന ശുപാര്‍ശകളാണ് അക്കാദമിക് സമൂഹത്തിന്റെ ചര്‍ച്ചകള്‍കൂടാതെ നടപ്പാക്കാന്‍ ഉത്തരവായത്.

ബ്രിട്ടീഷ്വാഴ്ചയുടെ ശേഷിപ്പുകളിലൊന്നായി ഭരണത്തിലിടം തേടിയ Doctrine of Pleasure തലങ്ങും വിലങ്ങും ഉപയോഗിച്ചാണ് സര്‍വകലാശാലകളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്. രാജ്ഞിയുടെ സന്തുഷ്ടി നഷ്ടപ്പെടുമ്പോള്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുക എന്ന ഉദ്ദേശമായിരുന്നു പ്രസ്തുത വകുപ്പിനുള്ളത്. ഭരണ ഘടനയുടെ 311-ാം വകുപ്പു സംബന്ധിച്ച നിരവധി കേസുകളില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്കെതിരാണ് സിന്‍ഡിക്കറ്റ് ഭരണസമിതികളെ കൈയടക്കാനുള്ള നീക്കം. കേരളത്തില്‍ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ മാറ്റാന്‍ ഉപയോഗിച്ചതും ഈ മാര്‍ഗംതന്നെ. ചുട്ട മറുപടി ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചു. ഇത്തരത്തില്‍ സ്വയംഭരണാവകാശത്തെയും ജനാധിപത്യസ്വഭാവത്തെയും തകര്‍ത്ത് നടത്തുന്ന ഭരണമാമാങ്കം അക്കാദമിക് സമൂഹത്തിനുതന്നെ കളങ്കമാകുന്നു. സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞതാണ്. എന്നാല്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ അടക്കമുള്ള തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. കൊടിയ അഴിമതിക്ക് കളമൊരുക്കുകയാണിവിടെ. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള കമ്മിറ്റിയില്‍നിന്ന്, സിന്‍ഡിക്കറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കുക എന്ന ജനാധിപത്യവിരുദ്ധ നീക്കം നടത്തുന്നു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരം ഉറപ്പിക്കേണ്ട നിര്‍ണായകഘട്ടത്തില്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. കച്ചവടക്കണ്ണോടെമാത്രം പ്രവര്‍ത്തിക്കുന്ന നിലവാരമില്ലാത്ത സ്വാശ്രയ കോളേജുകള്‍ക്കെതിരെ ഹൈക്കോടതിയുടെതന്നെ നിശിതവിമര്‍ശം ഉയര്‍ന്നത് സമീപകാലത്താണ്. ഈ ഘട്ടത്തിലാണ് നിയമ കോളേജുകള്‍ സ്വശ്രയമേഖലയില്‍ അനുവദിക്കാന്‍ തീരുമാനിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും നിയമ ബിരുദധാരികള്‍ക്ക് അഭിഭാഷക ഓഫീസുകളില്‍ ഡിടിപി ഓപ്പറേറ്ററുടെയും ക്ലര്‍ക്കിന്റെയും ചുമതലയാണ് ലഭിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതുകൂടി ചേര്‍ത്തുവായിക്കുക.

മികവുറ്റ അക്കാദമിക് അന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളും ഉന്നതവിദ്യാഭ്യാസരംഗത്ത് അപ്രത്യക്ഷമാകുന്നു. അക്കാദമിക് കൗണ്‍സില്‍, സെനറ്റ് തുടങ്ങിയ സമിതികള്‍ അപ്രസക്തവും അനാവശ്യവുമാണെന്ന കാഴ്ചപ്പാടാണ് ഭരണാധികാരികള്‍ക്കുള്ളത്. ചുരുക്കത്തില്‍ സര്‍വകലാശാലകളുടെ ജനാധിപത്യാവകാശത്തിന്റെയും സ്വയംഭരണ സ്വഭാവത്തിന്റെയും മരണമണി മുഴങ്ങിയിരിക്കുന്നു. അഹങ്കാരത്തിന്റെയും ഏകാധിപത്യത്തിന്റെയും സീല്‍ക്കാരമാണുയരുന്നത്. അക്കാദമിക് മികവിന്റെയും കാലോചിതമായ നവീകരണത്തിന്റെയും സാധ്യതകളെ സംരക്ഷിക്കാന്‍ സമയം വൈകാതെയുള്ള ശക്തമായ ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നു. യോജിച്ച പ്രക്ഷോഭങ്ങളും ചെറുത്തുനില്‍പ്പുകളും ഉയരാന്‍ കാലതാമസമുണ്ടായിക്കൂടാ.


*****

എസ് പി ദീപക്

No comments: