ബുധനാഴ്ച തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ് മതത്തിനുവേണ്ടിയല്ല; മതഭ്രാന്ത് പിടിപെട്ടല്ല മറിച്ച്, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണംചെയ്യപ്പെട്ട ഭീകരാക്രമണത്തില്‍ പങ്കാളിയായാണ് ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങിയത്. പാകിസ്ഥാനിലെ പഞ്ചാബ് ഫരീദ്കോട്ട് സ്വദേശിയായ കസബ്, സ്കൂള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് പണംസമ്പാദിക്കാന്‍ വളഞ്ഞ വഴിതേടിയ ഘട്ടത്തിലാണ് ലഷ്കര്‍ ഇ തോയിബ എന്ന ഭീകര സംഘടനയിലെത്തുന്നത്. "അല്ലാഹു എന്നോട് ക്ഷമിക്കട്ടെ, ദൈവനാമത്തില്‍ ഞാന്‍ സത്യംചെയ്യുന്നു. ഇനിയൊരിക്കലും ഈ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല" എന്നാണ് കഴുമരത്തില്‍ കയറുംമുമ്പ് കസബ് പറഞ്ഞത്. അതിനര്‍ഥം താന്‍ചെയ്ത കൊടുംപാതകങ്ങള്‍ ദൈവത്തിനു നിരക്കുന്നതല്ല എന്ന് കസബ് വിശ്വസിച്ചിരുന്നു എന്നാണ്.
വിവിധ ജനവിഭാഗങ്ങളിലെ ദാരിദ്ര്യവും പണത്തോടുള്ള ആര്‍ത്തിയും ചൂഷണംചെയ്താണ് തീവ്രവാദം വളരുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഭീകരവാദം ശക്തിപ്പെടുന്നതിന് പ്രധാന കാരണക്കാര്‍ സംഘപരിവാര്‍ ശക്തികളാണ്. അവരുടെ ആക്രമാസക്തമായ സമീപനവും പീഡനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ ഭരണകൂടത്തിന് പോരായ്മ സംഭവിക്കുന്നു. ഇത് ന്യൂനപക്ഷങ്ങളിലെ ഒരു ചെറുവിഭാഗത്തെ ഭീകരവാദ പ്രസ്ഥാനത്തിലേക്ക് നയിക്കുന്നു. ഭീകരവാദം ഒരു മതത്തില്‍നിന്നുമാത്രം രൂപപ്പെടുന്ന ഒന്നാണെന്ന മട്ടില്‍ സംഘപരിവാര്‍ നിരന്തര പ്രചാരണം നടത്തുന്നു. മഹാരാഷ്ട്രയിലെ മലേഗാവിലും ഹൈദരാബാദിലെ മക്കാമസ്ജിദിലും ഡല്‍ഹി-ലാഹോര്‍ സംഝോത എക്സപ്രസിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്കുപിന്നില്‍ സംഘപരിവാറാണെന്ന് തെളിഞ്ഞതോടെ ആ പ്രചാരണത്തിന്റെ അപഹാസ്യതയാണ് വ്യക്തമാക്കപ്പെട്ടത്.
പക്ഷേ, മുസ്ലിം എന്നാല്‍ തീവ്രവാദിയാണെന്ന മുന്‍വിധിയോടെയുള്ള പീഡനങ്ങള്‍ രാജ്യത്ത് ഇന്നും തുടരുകയാണ്. തീവ്രവാദം ചെറുക്കാനെന്ന പേരില്‍ മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലിടുന്നു. സിപിഐ എം കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കുമുന്നില്‍ ചൂണ്ടിക്കാട്ടിയത് മുസ്ലിങ്ങള്‍ക്കെതിരെ നടമാടുന്ന ഈ അനീതിയാണ്. വര്‍ഷങ്ങളോളം ജയിലില്‍ കഴിയുകയും കോടതി വെറുതെ വിടുകയുംചെയ്തവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുക, ഇത്തരം കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സ്ഥാപിച്ച് ഒരുവര്‍ഷത്തിനകം തീര്‍പ്പുണ്ടാക്കുക, കള്ളക്കേസാണെടുത്തതെന്ന് ബോധ്യപ്പെടുന്ന സംഭവങ്ങളില്‍ ഉത്തരവാദികളായ പൊലീസ്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക, നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമത്തിലെ മനുഷ്യാവകാശവിരുദ്ധമായ വകുപ്പുകള്‍ മാറ്റി നിയമം ഭേദഗതിചെയ്യുക എന്നീ ആവശ്യങ്ങളാണ് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃത്വം നല്‍കിയ സംഘം രാഷ്ട്രപതിക്ക് മുന്നില്‍ ഉന്നയിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനവിരുദ്ധ നിയമം (യുഎപിഎ) ആണ് മുസ്ലിം യുവാക്കള്‍ക്ക് സാമാന്യനീതി നിഷേധിക്കാനായി ഉപയോഗിക്കുന്നത്. ഈ നിയമപ്രകാരം അറസ്റ്റുചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യവും സമയബന്ധിത വിചാരണയുമടക്കമുള്ള നിയമനടപടികള്‍ നിഷേധിക്കുന്നു. 14 വര്‍ഷംവരെ ജയില്‍വാസമനുഭവിച്ചശേഷം നിരപരാധിയെന്ന് ബോധ്യപ്പെട്ട് കോടതി വെറുതെവിട്ട കേസുകളുണ്ട്.
തീവ്രവാദ ആക്രമണം നടത്തുന്നവരോട് ദാക്ഷിണ്യമരുത്. എന്നാല്‍, നിരപരാധികളെ അറസ്റ്റുചെയ്യുന്നത് ഗൗരവതരമായ പ്രശ്നമാണ്. എല്ലാ മുസ്ലിങ്ങളെയും തീവ്രാദികളുടെ കള്ളിയില്‍പെടുത്തി വേട്ടയാടുന്ന ഭരണകൂടത്തിന്റെ സമീപനം രാജ്യത്തിന്റെ ഭരണഘടനയെതന്നെയാണ് അപകടപ്പെടുത്തുന്നത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവര്‍ ഏതുമതത്തില്‍പ്പെട്ടവരായാലും പിടികൂടുക; ശിക്ഷ ഉറപ്പാക്കുക എന്നതിനുപകരം മുസ്ലിം വേട്ടയ്ക്കിറങ്ങുന്ന ഭരണകൂടഭീകരതയ്ക്കെതിരെ രാജ്യവ്യാപകമായ എതിര്‍പ്പുയരേണ്ടതുണ്ട്. ഒരു കസബിനെയോ കുറെ കസബുമാരെയോ ചൂണ്ടി ഒരു സമുദായത്തിലെ എല്ലാവരും അങ്ങനെയാണെന്ന് വരുത്താനുള്ള ഏതുശ്രമവും നഖശിഖാന്തം എതിര്‍ക്കപ്പെടണം.
*
ദേശാഭിമാനി മുഖപ്രസംഗം

No comments:
Post a Comment