Tuesday, November 6, 2012

ദാമോദരേട്ടന്‍

ദാമോദരേട്ടനെ ആദ്യമായി കാണുന്നത് 1946ല്‍ ഞാന്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ്. എന്റെ വീട്ടിനടുത്തുള്ള നെടിയില്‍ വീട്ടിലാണ് അന്ന് താമസം. കീഴേടത്ത് തറവാട്ട് വീട്ടില്‍നിന്ന് മാറി താമസിക്കുകയായിരുന്നു. അമ്മ, ഏടത്തിഅമ്മ, അനുജന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരോടൊത്താണ് അവിടെ താമസം തുടങ്ങിയത്. എന്റെ ഏട്ടന്‍ വി.സി. മാധവമേനോന്‍ പാര്‍ടി പ്രവര്‍ത്തകനായിരുന്നതിനാല്‍ നല്ല അടുപ്പമായിരുന്നു ദാമോദരേട്ടനുമായിട്ട്. എന്നു മാത്രമല്ല ഞങ്ങളുടെ തറവാടും കീഴേടത്തു തറവാടും പാരമ്പര്യമായി ബന്ധുക്കളുമായിരുന്നു. നെടിയില്‍ വീട്ടില്‍ നല്ലൊരു ഗ്രന്ഥശാലതന്നെ ഉണ്ടായിരുന്നു. വായനയില്‍ താല്‍പര്യമുള്ള ഞാന്‍ അവിടെ പോയി ഏട്ടത്തിഅമ്മയില്‍നിന്ന് പുസ്തകം വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് വായിച്ച് മടക്കിക്കൊടുക്കും. അതൊരു പതിവായിരുന്നു. ഞാന്‍ വായിച്ച പുസ്തകം മടക്കിക്കൊടുക്കുന്നതിനും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനുമായി അവിടെ ചെന്നപ്പോള്‍ ദാമോദരേട്ടന്‍ അവിടെ ഉണ്ടായിരുന്നു. ഏട്ടത്തിഅമ്മയാണ് വി.സിയുടെ അനുജത്തിയാണ് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയത്.

അന്നാണ് ആദ്യമായി ദാമോദരേട്ടനെ ഞാന്‍ കാണുന്നതും സംസാരിക്കുന്നതും. എന്നോട് പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള താല്‍പര്യത്തെപ്പറ്റി ചോദിച്ചു. എസ്.കെ. പൊറ്റെക്കാട്, ചങ്ങമ്പുഴ, വള്ളത്തോള്‍, വൈലോപ്പിള്ളി തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. എല്ലാം എടുത്തുവായിക്കണം. വായനയില്‍ നിന്നാണ് അറിവ് നേടാന്‍ കഴിയുക എന്നൊക്കെ പറഞ്ഞുതന്നു.

1947 ആഗസ്റ് 15. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചദിനം. രാവിലെ 8 മണിക്ക് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഞാനും എന്റെ സ്നേഹിതയും തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിലേക്ക് പോകുമ്പോള്‍ റെയില്‍വേസ്റേഷനിലേക്ക് പോകുന്ന ദാമോദരേട്ടനെ വഴിക്കല്‍ വെച്ചുകണ്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ചും ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് വിമോചിതരായ ഭാരതീയരെകുറിച്ചും വളരെ സന്തോഷത്തോടെ ഞങ്ങളുമായി സംസാരിച്ചു. ഞങ്ങള്‍ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പങ്കെടുക്കാന്‍ സ്ക്കൂളിലേക്ക് പോകുമ്പോള്‍ ദാമോദരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ അന്യോന്യം സംസാരിച്ചുകൊണ്ടാണ് പോയത്. ഇന്നും ദാമോദരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുന്നു. പിന്നീട് ഞാന്‍ അധ്യാപികയായപ്പോള്‍ നമ്മുടെ മുന്‍ഗാമികള്‍ ജീവത്യാഗം നടത്തിയതിന്റെ, ജയില്‍വാസമനുഭവിച്ചതിന്റെ ഫലമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം എന്നു പറയാനുള്ള തന്റേടം അന്നത്തെ സംഭാഷണത്തില്‍നിന്ന് ലഭിച്ച ഊര്‍ജമാണ്.

അക്കാലത്തുതന്നെയാണ് പാട്ടബാക്കി, രക്തപാനം, മനുഷ്യന്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചതും. 1948ല്‍ ദാമോദരേട്ടന്‍ അറസ്റു ചെയ്യപ്പെട്ടു. 1951ല്‍ മോചിപ്പിക്ക
പ്പെട്ടു. പക്ഷെ ഇക്കാലത്ത് നെടിയില്‍വീട് പൂട്ടി വീണ്ടും താമസം തറവാട്ടുവീട്ടിലേക്ക് മാറ്റി. ഇടക്ക് അമ്മ, ഊട്ടിയില്‍ അധ്യാപകനായി ജോലി നോക്കുന്ന രണ്ടാമത്തെ മകന്‍ നാരായണേട്ടന്റെ കൂടെയായി താമസം.

1955 ഏപ്രില്‍ 4ന് ദാമോദരേട്ടന്റെ അനുജന്‍ എന്നെ വിവാഹം കഴിച്ചു. അന്ന് ഞാന്‍ ടീച്ചറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. 'നവയുഗം' പത്രത്തിന്റെ പത്രാധിപരായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ദാമോദരേട്ടന്‍. ദാമോദരേട്ടനും കുടുംബവും കോഴിക്കോട് പത്രപ്രവര്‍ത്തനവുമായി പ്രവര്‍ത്തിക്കുന്ന കാലത്ത് അവിടെ ഞങ്ങള്‍ പോയി താമസിക്കാറുണ്ടായിരുന്നു. സാഹിത്യകാരന്മാരും, രാഷ്ട്രീയപ്രവര്‍ത്തകരുമായ ധാരാളം വിശിഷ്ടവ്യക്തികളെ കാണാന്‍ ഈ സന്ദര്‍ഭത്തില്‍ എനിക്ക് സാധിച്ചു. എസ്.കെ. പൊറ്റെക്കാട്, എം.ആര്‍.ബി. എന്നിവരെ നേരില്‍ കാണാന്‍ സാധിച്ചത് അക്കാലത്താണ്. ദാമോദരേട്ടന്‍ പങ്കെടുത്ത പല പൊതുയോഗങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ദാമോദരേട്ടന്റെ പ്രസംഗം ഓരോ വസ്തുതകളെപ്പറ്റിയുമുള്ള അവഗാഹമായ പഠനമാണ്.

ദാമോദരേട്ടന്‍ പ്രഭാതത്തില്‍ മൂന്ന് മണിക്കുതന്നെ എഴുന്നേറ്റ് നടന്ന് എഴുതാനുള്ള കാര്യങ്ങള്‍ ചിന്തിച്ച് രൂപപ്പെടുത്തി കുറിച്ചുവെക്കുന്ന ശീലക്കാരനായിരുന്നു. പിന്നീടാണത് വിശദീകരിച്ചെഴുതിയിരുന്നത്. അതിന് ഏറ്റവും അധികം സഹായിച്ചിരുന്നത് ഏട്ടത്തിഅമ്മ പത്മം ആയിരുന്നു.

1958 ഏപ്രില്‍ മാസത്തിലാണ് ഇപ്പോഴുള്ള ഞങ്ങളുടെ തറവാട്ടുവീടിന്റെ ഗൃഹപ്രവേശം നടന്നത്. അന്ന് എല്ലാവരും വീട്ടില്‍ ഒരാഴ്ചയോളം ഒത്തുകൂടിയിരുന്നു. അമ്മ ഇവിടെത്തന്നെയായിരുന്നു സ്ഥിരതാമസം. അതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം ഇവിടെവരുമായിരുന്നു. അപ്പോഴെല്ലാം ദാമോദരേട്ടനെ കാണുവാനും സംസാരിക്കാനും നാട്ടുകാരും വീട്ടുകാരും ധാരാളംവരും. അന്നൊക്കെ വീട്ടില്‍ നല്ലതിരക്കായിരിക്കും.

1960ല്‍ നിറമരുതൂരില്‍ വള്ളിക്കാഞ്ഞിരത്തുള്ള 'ജനത' വായനശാല ഉല്‍ഘാടനം ചെയ്തത് ദാമോദരേട്ടനായിരുന്നു. ധാരാളം ആളുകള്‍ ഏട്ടന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു. ഇന്നും പലരും ദാമോദരേട്ടന്റെ പ്രസംഗത്തെപ്പറ്റി പറയാറുണ്ട്. എനിക്കും പ്രസ്തുതയോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

തൃശൂരില്‍ കുര്യാച്ചിറയില്‍ 1970നുശേഷം പത്രപ്രവര്‍ത്തനവുമായി അദ്ദേഹം താമസമാക്കിയിരുന്നു. ഞങ്ങള്‍ എല്ലാവരും ഇടക്കിടക്ക് അവിടെ പോയി താമസിക്കും. സാഹിത്യകാരന്മാരും രാഷ്ട്രീയപ്രവര്‍ത്തകരുമായ നിരവധിപേര്‍ അവിടെ വരുമായിരുന്നു. അവര്‍ ഒന്നിച്ചുകൂടിയിരുന്നു ചര്‍ച്ചകളും മറ്റും കേള്‍ക്കാന്‍ എനിക്കും കുട്ടികള്‍ക്കും ഉണ്ണിക്കൃഷ്ണേട്ടനും സാധിച്ചു എന്നതില്‍ ഇപ്പോഴും സന്തോഷമുണ്ട്.

തൃശൂരില്‍വെച്ചാണ് വയലാര്‍ രാമവര്‍മയെ ഞാന്‍ കാണുന്നത്. ദാമോദരേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. അമ്മ അവിടെയുള്ള ഒരു ദിവസം അദ്ദേഹം വന്നു. അമ്മ നല്ലൊരു വായനക്കാരിയായിരുന്നു. രാമായണം, ഭാഗവതം, നാരായണീയം, ഭഗവത്ഗീത തുടങ്ങി നിരവധി പുസ്തകങ്ങള്‍ അമ്മയുടെ മുതല്‍ക്കൂട്ടാണ്. അമ്മ എവിടെ പോകുന്നുവോ അവിടെയെല്ലാം ഈ ഗ്രന്ഥങ്ങളും പെട്ടിയില്‍വെച്ചുകൊണ്ടു പോകും. രാവിലെകുളി പ്രഭാതഭക്ഷണം എന്നിവ കഴിഞ്ഞാല്‍ പിന്നെ വായനയാണ്. ഇടക്കിടക്ക് തൃശൂരില്‍ വരുമ്പോള്‍ അമ്മയുമായി നല്ലൊരു സ്നേഹബന്ധം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീകൃഷ്ണഭക്തയായ അമ്മയുടെ ഭാഗവതം ഗ്രന്ഥത്തില്‍ പിന്‍പേജില്‍ ഒരു കവിത എഴുതിവെച്ചിരുന്നു. അത് ഭക്തിഗാനമാണെങ്കിലും ദാമോദരേട്ടനെപ്പോലെയുള്ള ഒരു പുത്രനെ ലഭിച്ചതിന്റെ സൂചനയും അതില്‍ കാണിച്ചിരുന്നു. ഇപ്പോള്‍ ആ ഗ്രന്ഥം എന്റെ കൈയില്‍ ഇല്ല എന്ന് ഞാന്‍ വിഷമത്തോടെ ഓര്‍ക്കുന്നു. ആദ്യകാലഘട്ടങ്ങളില്‍ തികഞ്ഞ ഗാന്ധിയ ചിന്തകനായ ദാമോദരേട്ടന്‍ വേവിച്ച ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്ന് ഉണ്ണികൃഷ്ണേട്ടന്‍ പറഞ്ഞിട്ടുണ്ട്. പഴം, ഇളനീര്‍, വേവിക്കാതെ വെള്ളത്തിലിട്ട് കുതിര്‍ത്ത പയര്‍ എന്നിവയായിരുന്നുവത്രെ ഭക്ഷണം. കീഴേടത്ത് തറവാട്ടുകാര്‍ കൂട്ടുകുടുംബമായി താമസിച്ചിരുന്ന കാലത്ത് കുളമല്‍സ്യം കഴിച്ചതിന് ഉണ്ണിക്കൃഷ്ണേട്ടന് ദാമോദരേട്ടന്റെ ശകാരവും അടിയും കിട്ടിയത്രെ. ഉണ്ണിക്കൃഷ്ണേട്ടനോട് മല്‍സ്യം കൂട്ടാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോളാണ് ഇക്കാര്യം പറഞ്ഞത്.

വളാഞ്ചേരിക്കടുത്ത് രണ്ടു മനകളുടെ തട്ടിന്‍പുറത്ത് ടി.സി. നാരായണന്‍ നമ്പ്യാരും ദാമോദരേട്ടനും ഒളിച്ചുതാമസിച്ചിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഈ മനകള്‍ ദൂരെനിന്നു ഞാന്‍ കാണുകയുണ്ടായി.

1976 ജനുവരിയില്‍ അമ്മ മരിച്ചു. അന്ന് ദാമോദരേട്ടനും ഏട്ടത്തിഅമ്മയും കുട്ടികളും ഡല്‍ഹിയിലായിരുന്നു. വിവരം ഉടനെ അറിയിച്ചു. ദാമോദരേട്ടന്‍ ഡല്‍ഹിയില്‍ നിന്ന് എത്തി. സംസ്കാരം കഴിഞ്ഞതിനുശേഷമാണ് എത്തിയത്. അമ്മയുടെ അന്ത്യനിമിഷങ്ങളില്‍ അടുത്തുണ്ടായിരുന്ന എന്നോട് അമ്മയുടെ അവസാനനിമിഷങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് പലവട്ടം ചോദിച്ചുമനസ്സിലാക്കി. ഏകാദശി വ്രതം നോറ്റിരുന്ന അമ്മ 11 മണിക്ക് പാല്‍ വാങ്ങി കുടിച്ചശേഷം 'ഞാനൊന്നു വിശ്രമിക്കട്ടെ' എന്നു പറഞ്ഞ് കിടന്ന് പത്ത് മിനിട്ടിനുള്ളില്‍ മരണം സംഭവിക്കുകയാണുണ്ടായതെന്ന് പറഞ്ഞപ്പോള്‍ 'പൂര്‍ണവിശ്രമമായി അല്ലേ?' എന്ന് എന്നോടു ചോദിച്ചു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞശേഷമാണ് ഡല്‍ഹിക്ക് തിരിച്ചുപോയത്.
അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നതുകൊണ്ട് അമ്മയെയും അനുജന്‍മാരെയും ദാമോദരേട്ടന്‍ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. നാരായണേട്ടന്‍ ഊട്ടിയിലും, ഉണ്ണിക്കൃഷ്ണേട്ടന്‍ നാട്ടിലും. ദാമോദരേട്ടന്‍ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളില്‍. അമ്മയെ എല്ലാ പ്രദേശത്തേക്കും കൊണ്ടുപോകും. അവിടെ താമസിക്കും. നാട്ടില്‍ - തറവാട്ടില്‍ ഇങ്ങനെ.
എല്ലാവരും ഒന്നിച്ച് വീട്ടില്‍ ഒത്തുകൂടുന്നത് വിരളമാണെങ്കിലും വന്നുകഴിഞ്ഞാല്‍ ഒരു ഉല്‍സവപ്രതീതിയാണ്. ആ നല്ല നാളുകള്‍ ഇനി ഇല്ലല്ലോ എന്ന് ദുഃഖിക്കുന്നു.


 *****

വി.സി. കമലം

അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

 

No comments: