Saturday, November 17, 2012

സാമൂഹ്യക്ഷേമപദ്ധതികള്‍ പരിരക്ഷിക്കണം

അടുക്കളയില്‍ കൂലിയില്ലാ വേലചെയ്യുന്ന സ്ത്രീകളുടെ അധ്വാനശേഷി അടുക്കളയ്ക്കു പുറത്തും കൂലിയില്ലാതെയോ കുറഞ്ഞ കൂലി നല്‍കിയോ ചൂഷണംചെയ്യപ്പെടുന്ന ഗൗരവതരമായ അവസ്ഥയാണ് നമ്മുടെ സാമൂഹ്യസേവനമേഖലകളില്‍ ദൃശ്യമാകുന്നത്. സാമൂഹ്യസേവനത്തിന്റെ പേരില്‍ സ്ത്രീകളുടെ അധ്വാനശേഷി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നു. തുല്യജോലിക്ക് തുല്യവേതന നിയമവും മിനിമംകൂലി നിയമവുമെല്ലാം നിലവിലുണ്ടെങ്കിലും, ഈ അവകാശങ്ങളൊന്നും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ല. ഭരണഘടന വിഭാവനംചെയ്യുന്ന സ്ത്രീ- പുരുഷ സമത്വം തൊഴില്‍മേഖലയില്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 
 
രാജ്യത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തി ആവിഷ്കരിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐസിഡിഎസ്, ആശ, സ്കൂള്‍കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയായ എംഡിഎംപി, എംപിബികെവൈ, എംഎന്‍ആര്‍ഇജിഎ എന്നിവയെല്ലാം ഇന്ന് പ്രവര്‍ത്തനപഥത്തിലെത്തിക്കുന്നത് സ്ത്രീകളിലൂടെയാണ്. ഈ പദ്ധതികളുടെ ഭാഗമായിചെയ്യുന്ന ജോലികളെ മികച്ച സാമൂഹ്യപ്രവര്‍ത്തനമായി സര്‍ക്കാര്‍ കാണുന്നുണ്ടെങ്കിലും അവരുടെ അധ്വാനത്തിന് മിനിമം വേതനമെങ്കിലും നല്‍കണമെന്ന പ്രാഥമികമായ ചുമതലപോലും നിറവേറ്റുന്നില്ല. 
 
കേന്ദ്ര വനിത- ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി കഴിഞ്ഞ 37 വര്‍ഷമായി സംയോജിത ശിശുക്ഷേമ പദ്ധതി നിലവിലുണ്ട്. ഈ മേഖലയെ സംബന്ധിച്ച് വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, പദ്ധതിയുടെ ഭാഗമായുള്ള അങ്കണവാടികള്‍ പ്രവര്‍ത്തനക്ഷമമായ പ്രദേശങ്ങളിലാണ് കുട്ടികളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞത് എന്നാണ്. അതുകൊണ്ടാണ് ആറു വയസ്സിനു താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം സാര്‍വത്രികമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. ശിശുക്ഷേമമന്ത്രാലയതിന്റെ കണക്കുപ്രകാരം രാജ്യത്ത് 13,70,718 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, 1,25,418 അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെയും 1,100,13 സെന്ററുകളില്‍ ഹെല്‍പ്പര്‍മാരുടെയും ഒഴിവുകള്‍ നികത്തപ്പെടാതെയുണ്ട്. 6021 സിഡിപിഒമാരുടെയും 38 ശതമാനം സൂപ്പര്‍വൈസര്‍മാരുടെയും ഒഴിവുകളുമുണ്ട്്. സുരക്ഷിതമായ നിലയില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നതിനുള്ള അവസ്ഥപോലും പലയിടങ്ങളിലുമില്ല. പദ്ധതിയുടെ പ്രയോജനം ഏറ്റവുമധികം ആവശ്യമായ ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിനി അങ്കണവാടികളില്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനുപോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 
 
കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനും അവരെ വിദ്യാഭ്യാസത്തിന് സജ്ജരാക്കുന്നതിനുമുള്ള ഉത്തരവാദിത്തമായിരുന്നു തുടക്കത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുണ്ടായിരുന്നത്. കാലക്രമേണ വിവിധ വകുപ്പുകള്‍ക്കു കീഴിലെ ഒട്ടനവധി ജോലികള്‍ ഇവരുടെ ചുമതലയിലായി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തല്‍, വിവിധ വകുപ്പുകളുടെ കീഴിലുള്ള സര്‍വേകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയെല്ലാം അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ചുമതലയായി. എന്നാല്‍, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോഴും അതൊന്നും കൂലിയര്‍ഹിക്കുന്ന ജോലിയാണെന്ന് അംഗീകരിച്ചിട്ടില്ല. ഇവര്‍ ചെയ്യുന്ന സാമൂഹ്യസേവനത്തിന് രാജ്യത്ത് നിലവിലുള്ള മിനിമംകൂലിയുടെ പകുതിപോലുമില്ലാത്ത ഓണറേറിയമാണ് നല്‍കുന്നത്. 
 
അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും ഏകോപിപ്പിച്ച് ദേശീയാടിസ്ഥാനത്തില്‍ സംഘടന രൂപീകരിച്ചശേഷമാണ്, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ കഴിഞ്ഞത്. മനുഷ്യസഹജമായ അവകാശങ്ങള്‍പോലും ലഭ്യമാകാത്ത സ്ഥിതിയായിരുന്നു തുടക്കത്തില്‍. പ്രസവാനുകൂല്യ നിയമം ബാധകമാക്കിയത് വര്‍ഷങ്ങള്‍നീണ്ട പോരാട്ടങ്ങളിലൂടെയാണ്. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് എന്ന സംഘടന സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തശേഷം ദേശവ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭങ്ങളില്‍ അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. 
 
ഐസിഡിഎസ് പദ്ധതിയുടെ ഘടനാപരമായ പരിഷ്കാരങ്ങളെന്നും സ്ത്രീശാക്തീകരണമെന്നുമൊക്കെ പറഞ്ഞ് നടപ്പില്‍വരുത്തുന്ന മാറ്റങ്ങള്‍ അങ്കണവാടികേന്ദ്രങ്ങളെ ശക്തിപ്പെടുത്തുകയല്ല മറിച്ച്, നിലവിലുള്ളതിനേക്കാള്‍ ശോചനീയമാക്കുന്ന അവസ്ഥയാണ്. അങ്കണവാടി ജീവനക്കാരുടെയോ ഗുണഭോക്താക്കളുടെയോ അഭിപ്രായങ്ങള്‍ ആരായാതെ തികച്ചും ഏകപക്ഷീയമായാണ് ഈ പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ പദ്ധതികള്‍ ഏറ്റവും ആദ്യം നടപ്പാക്കുന്നത് സാമൂഹ്യക്ഷേമ പദ്ധതികളിലാണ്. രാജ്യത്തെ കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവിന്റെയും വിളര്‍ച്ചാരോഗത്തിന്റെയും ഇരകളാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയ മന്‍മോഹന്‍ സര്‍ക്കാര്‍തന്നെ ഐസിഡിഎസ് പദ്ധതിയുടെ ചെലവു ചുരുക്കാനുള്ള തീരുമാനവും കൈക്കൊള്ളുന്നുവെന്നതാണ് വിരോധാഭാസം. അങ്കണവാടികളില്‍ പാചകവാതകം ലഭ്യമാക്കുന്നതും നിര്‍ത്തലാക്കി. അങ്കണവാടി പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടച്ചുമതല സന്നദ്ധ സംഘടനകള്‍ക്ക് നല്‍കാനാണ് തീരുമാനം. 
 
എന്‍ആര്‍എച്ച്എമ്മിന്റെ അവസ്ഥയും വ്യത്യസ്തമല്ല. 2005ലാണ് ആശാവര്‍ക്കര്‍മാരെ നിയുക്തമാക്കുന്നത്. എന്നാല്‍, കേരളത്തില്‍ ഈ പദ്ധതി നിലവില്‍വരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടിവന്നു. ഇന്ന് കേരളത്തില്‍ 30,000ല്‍പരം ആശാവര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ രാപ്പകല്‍ ഭേദമെന്യേ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരും സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ മഹത്തായ സേവനമനുഷ്ഠിക്കുന്നവരാണ്. പ്രതിമാസ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിന് നൂറുരൂപയും മാസം അഞ്ചില്‍കൂടുതല്‍ പ്രതിരോധ കുത്തിവയ്പുകള്‍ നടത്തിച്ചാല്‍ നൂറുരൂപയുമാണ് ഇവര്‍ക്ക് കിട്ടുന്നത്. ജനീ സുരക്ഷാ യോജനയുടെ ഭാഗമായി പ്രസവാനുകൂല്യമെന്ന നിലയില്‍ ഉപയോക്താവിന് 1000 രൂപ നല്‍കിയിരുന്നത് ഇപ്പോള്‍ 700 ആയി ചുരുക്കി. ആശാവര്‍ക്കര്‍ക്ക് 200 രൂപയാണ് ഇതിന്റെ ഭാഗമായി ലഭ്യമാകുന്നത്. 
 
2010 ഫെബ്രുവരിയിലാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരെ ഏകോപിപ്പിച്ച് ആശാവര്‍ക്കേഴ്സ് യൂണിയന്‍ ആരംഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്ക് 300 രൂപ ഓണറേറിയം പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് 500 ആയി വര്‍ധിപ്പിച്ചു. എന്നാല്‍, പരിമിതമായ ഈ ഓണറേറിയംപോലും സമയബന്ധിതമായി നല്‍കുന്നില്ല. ആശാവര്‍ക്കര്‍മാര്‍ക്ക് മിനിമം വേതനമെങ്കിലും ഉറപ്പുവരുത്തണമെന്നും സേവനം സ്ഥിരപ്പെടുത്തണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. 
 
സ്കൂള്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വര്‍ധിച്ച കാലയളവിലാണ് രാജ്യത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണപദ്ധതി ആരംഭിച്ചത്. എന്നാല്‍, കേരളത്തിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പരിപാടി ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. കേരളത്തില്‍ ഉച്ചഭക്ഷണപദ്ധതി പടിപടിയായി നിര്‍ത്തലാക്കാനും യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി 500 കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ പാചകത്തൊഴിലാളികളെ നിയുക്തമാക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇത് പലയിടങ്ങളിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഭാരിച്ച ഉത്തരവാദിത്തമാണ് പാചകത്തൊഴിലാളികള്‍ നിര്‍വഹിക്കുന്നതെങ്കിലും മിനിമംവേതനമെന്നത് ഇവര്‍ക്കും ബാധകമാക്കിയിട്ടില്ല. ദിവസം 150 മുതല്‍ 200 രൂപയാണ് ഇവര്‍ക്ക് വേതനം. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിഎ കമ്മിറ്റിയാണ് ഈ ഉത്തരവാദിത്തം നിറവേറ്റുന്നത്. പിടിഎക്ക് ഇവരെ പിരിച്ചുവിടാന്‍ അധികാരമുണ്ട് എന്ന വ്യവസ്ഥയും നിലനില്‍ക്കുന്നു. പാചകത്തൊഴിലാളികളില്‍ 99 ശതമാനം സ്ത്രീകളാണ്. ഈ സ്ത്രീകളെ സംഘടിപ്പിച്ച് പാചകത്തൊഴിലാളി യൂണിയനും പ്രക്ഷോഭത്തിന്റെ പാതയിലാണ്. 
 
സ്ത്രീകളുടെ അധ്വാനശേഷി കൂലി നല്‍കാതെയോ കുറഞ്ഞ കൂലി നല്‍കിയോ ലഭ്യമാക്കാന്‍ കഴിയുന്നു എന്നതിനാലാണ് ഇത്തരം പദ്ധതികളുടെയെല്ലാം നിര്‍വഹണത്തിന് സ്ത്രീകളെ നിയുക്തരാക്കുന്നത്. ക്ഷേമപദ്ധതികളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ നിയുക്തരാക്കപ്പെടുന്ന, ഭാഗികമായി തൊഴിലുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയുന്ന സേവനദാതാക്കളായ സ്ത്രീകള്‍ക്ക് മിനിമം കൂലിയെങ്കിലും ലഭ്യമാക്കണമെന്നും ക്ഷേമപദ്ധതികള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. നവംബര്‍ 26ന് പാര്‍ലമെന്റിനു മുന്നില്‍ രാജ്യത്തെ അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ ഒത്തുചേര്‍ന്നുള്ള മാര്‍ച്ച് നടത്തുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആവിഷ്കരിച്ച ഐസിഡിഎസ്, എന്‍ആര്‍എച്ച്എം, എംഡിഎംപി പദ്ധതികളുടെയെല്ലാം പ്രവര്‍ത്തനം അവതാളത്തിലാകുന്ന സാഹചര്യത്തിലാണ് ഈ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ സംഘടിതമായ മുന്നേറ്റം ഉയര്‍ന്നുവരുന്നത്. പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയായി ശനിയാഴ്ച എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പിലും പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്. ഈ പോരാട്ടം നാടിന്റെ ഭാവിതലമുറയുടെ പരിരക്ഷ ഉറപ്പുവരുത്തുകയെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ്. 
 
 
****
 
പി സതീദേവി 

No comments: