Friday, November 9, 2012

താളംതെറ്റുന്ന ജനറിക് ഔഷധവിതരണം

വന്‍ പത്രപരസ്യങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്ത, സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ജനറിക് മരുന്ന് നല്‍കാനുള്ള പരിപാടി തുടക്കത്തിലേ താളംതെറ്റിയെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. 952 ഇനം ജനറിക് മരുന്ന് വിതരണം ചെയ്യാനുദ്ദേശിച്ചാണ് പരിപാടി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 828 ഇനം മരുന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ ആശുപത്രികളിലും അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. മറ്റ് ജില്ലാ ആശുപത്രികളിലും 15 ജനറല്‍ ആശുപത്രികളിലും അടുത്തഘട്ടത്തിലും തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും ജനറിക് മരുന്ന് നല്‍കാനാണ് പരിപാടി തയ്യാറാക്കിയത്.

ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടും ഡോക്ടര്‍മാരുടെ നിസ്സഹകരണവുംമൂലം പരിപാടി തുടക്കത്തിലേ പാളി. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ വെയര്‍ഹൗസുകളില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുകയാണെങ്കിലും അവ ആശുപത്രികളില്‍ എത്തിച്ച് രോഗികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ ഒരു താല്‍പ്പര്യവും കാട്ടുന്നില്ല. മരുന്നു സൂക്ഷിക്കേണ്ട വെയര്‍ഹൗസുകളില്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഓരോ ആശുപത്രികളിലേക്കും ആവശ്യമായ മരുന്നുകള്‍ ഏതൊക്കെയെന്നും എത്രത്തോളം വേണമെന്നും മരുന്ന് വിതരണംചെയ്യേണ്ട മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെ അറിയിച്ചിട്ടില്ല. ഇതിന്റെയെല്ലാം ഫലമായി ജനപ്രിയമെന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റൊരു പൊതുജന കബളിപ്പിക്കല്‍ പരിപാടിയായി സൗജന്യമരുന്നുവിതരണവും മാറി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്യക്ഷമതയോടെ നടപ്പാക്കിയ നിരവധി പരിപാടികളിലൂടെ സര്‍ക്കാര്‍ ആശുപത്രികളിലെ അവശ്യമരുന്നുക്ഷാമം വലിയൊരളവ് പരിഹരിച്ചിരുന്നു. തമിഴ്നാട് മാതൃകയില്‍ കേരളത്തിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ രൂപീകരിച്ചാണ് ഔഷധമേഖലയില്‍ ഇടതുസര്‍ക്കാര്‍ ഫലവത്തായി ഇടപെട്ടു തുടങ്ങിയത്. കൊള്ളലാഭം ഈടാക്കി വന്ന വന്‍കിട മരുന്നുവിതരണ ഏജന്‍സികളെ ഒഴിവാക്കി, സുതാര്യമായ ടെന്‍ഡര്‍ രീതിയിലൂടെ മരുന്നുകമ്പനികളില്‍നിന്ന് അവശ്യമരുന്നുകള്‍ മിതമായ വിലയ്ക്ക് നേരിട്ട് വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടപടി സ്വീകരിച്ചു. ആദ്യഘട്ടമായി 512 ഇനം മരുന്നുകളാണ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്തത്. വിലകൂടിയ മരുന്നുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായും, ക്യാന്‍സര്‍ ചികിത്സയ്ക്കും കുട്ടികളുടെ രോഗങ്ങള്‍ക്കുമുള്ള പ്രത്യേക ചികിത്സാ പദ്ധതികളുടെ ഭാഗമായും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി. നീതി മെഡിക്കല്‍ സ്റ്റോറുകളുടെ വലിയൊരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, സ്വകാര്യ ആശുപത്രികളില്‍ പോകേണ്ടവര്‍ക്കും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആശ്വാസമായി. പൊതുമേഖലാ ഔഷധ നിര്‍മാണക്കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെഎസ്ഡിപി) പുനരുജ്ജീവിപ്പിച്ചതാണ് ഇടത് സര്‍ക്കാരിന്റെ മറ്റൊരു സുപ്രധാന നേട്ടം. ഇടത് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 40 കോടിയോളം രൂപയുടെ ഔഷധങ്ങളാണ് കെഎസ്ഡിപി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിവന്നത്.

1996-2001ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഡോക്ടര്‍മാര്‍ക്ക് മരുന്നുകളെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി പ്രസിദ്ധീകരിച്ചത്. പിന്നീട് അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ഡ്രഗ് ഫോര്‍മുലറി പരിഷ്കരിച്ച് പ്രസിദ്ധീകരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഔഷധ ഫോര്‍മുലറി പുതുക്കി പ്രസിദ്ധീകരിച്ചു. അവശ്യമരുന്ന് ലഭ്യതയുടെ കാര്യത്തില്‍ വിസ്മയകരമായ മാറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യം പോകട്ടെ, മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാട്ടുന്ന താല്‍പ്പര്യംപോലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം. തമിഴ്നാട്, കേരള മാതൃക പിന്തുടരുകയാണെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2011 ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി മരുന്ന് വിതരണംചെയ്യുന്നതിനുള്ള പരിപാടി ആരംഭിച്ചു. രാജസ്ഥാന്‍ സര്‍ക്കാരും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ രൂപീകരിച്ച് മരുന്നുകമ്പനികളില്‍നിന്ന് നേരിട്ട് മരുന്നുകള്‍ വാങ്ങി വിതരണം ചെയ്തു. ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കലിന്റെ കീഴില്‍ രാജസ്ഥാനിലുണ്ടായിരുന്ന രാജസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. 80 കോടി രൂപയുടെ മരുന്നുകളാണ് ഈ കമ്പനി ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്നത്.

ബ്രാന്‍ഡ് ഔഷധങ്ങളേക്കാള്‍ വലിയ വിലക്കുറവില്‍ ജനറിക് ഔഷധങ്ങള്‍ വാങ്ങാനും അതുവഴി ആരോഗ്യചെലവ് കുറയ്ക്കാനും കഴിയും. എന്നാല്‍, അങ്ങനെചെയ്യുമ്പോള്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടിവരും. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഇപ്പോള്‍ ഏഴോളം സ്വകാര്യ ലാബുകളെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അപര്യാപ്തമാണെന്നും മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലാബുകള്‍ തുടങ്ങണമെന്നും പ്രതാപന്‍ കമ്മിറ്റി ശുപാര്‍ശചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ജനറിക് മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് ഡോക്ടര്‍മാരുടെ സമീപനമാണ്. മരുന്നുകമ്പനികളുമായുള്ള അവിഹിത സാമ്പത്തിക ബന്ധംമൂലവും ജനറിക് മരുന്നുകളുടെ ഫലപ്രാപ്തിയെയും ഗുണനിലവാരത്തെയും പറ്റിയുള്ള തെറ്റിദ്ധാരണമൂലവുമാണ് ഡോക്ടര്‍മാര്‍ ജനറിക് ഔഷധം നിര്‍ദേശിക്കാന്‍ മടിക്കുന്നത്. ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കാതെയും ഉചിതമായ പരിശീലനം നല്‍കാതെയും പരിപാടി ആരംഭിച്ചത് ജനറിക് മരുന്നുവിതരണം തുടക്കത്തിലേ പരാജയപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് അവശ്യമരുന്നുകളെയും ജനറിക് ഔഷധങ്ങളെയും സംബന്ധിച്ച് അറിവ് നല്‍കിക്കൊണ്ടാണ് ഈ പ്രശ്നത്തെ നേരിടേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി കാണുന്നില്ല.

കഴിഞ്ഞസ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍, ഇന്ത്യയിലെ മുഴുവന്‍ ദരിദ്രര്‍ക്കും ജനറിക് ഔഷധങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഇതിലേക്കായി വര്‍ഷംതോറും 5500 കോടി രൂപ മാറ്റിവയ്ക്കണമെന്ന് 12 -ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വിദഗ്ധ സമിതി ശുപാര്‍ശചെയ്തിരുന്നു. ഇതിലൂടെ 52 ശതമാനം ജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കാനാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍, പന്ത്രണ്ടാം പദ്ധതിയുടെ ആദ്യവര്‍ഷം കേവലം 100 കോടി മാത്രമാണ് നീക്കിവച്ചത്. ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇപ്പോള്‍ ഈ തുക 1350 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും തീര്‍ത്തും അപര്യാപ്തമാണെന്ന് പറയേണ്ടതില്ലല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ഔഷധനയം ജനവിരുദ്ധമായി തുടരുന്നിടത്തോളം കാലം മിതമായ വിലയ്ക്ക് മരുന്നു നല്‍കാനുള്ള പരിപാടികളൊന്നും വിജയിക്കാന്‍ പോകുന്നില്ല.

ജനതാ സര്‍ക്കാരിന്റെ കാലത്ത് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചിരുന്നു. മരുന്നുകമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍വരുന്ന മരുന്നുകളുടെ എണ്ണം പലതവണയായി കുറച്ച് ഇപ്പോള്‍ 74 മരുന്നുകള്‍ക്കായി പരിമിതപ്പെടുത്തി. ഉല്‍പ്പാദനച്ചെലവ് കണക്കാക്കി മരുന്നിന്റെ വില നിശ്ചയിക്കുന്നതിനു പകരം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ വിലയുടെ അടിസ്ഥാനത്തില്‍ കമ്പോളാധിഷ്ഠിത വില നിശ്ചയിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ മരുന്നുകളുടെ വില കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍നീക്കം ഔഷധവില ഇനിയും കുതിച്ചുയരാന്‍ കാരണമാകും. കേരളത്തില്‍ പ്രഖ്യാപിച്ച ജനറിക് ഔഷധ വിതരണം പഴുതുകളടച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ഔഷധനയം മാറ്റിയെടുക്കാനും 12-ാം പദ്ധതിയില്‍ ആവശ്യമായ തുക സൗജന്യമരുന്നുവിതരണ പരിപാടിക്ക് വകകൊള്ളിക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.


*****

ഡോ. ബി ഇക്ബാല്‍, കടപ്പാട്:ദേശാഭിമാനി

No comments: