Friday, November 23, 2012

ഒരേ ഒരു പിജി

പി ജി വിടവാങ്ങി

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനിയുടെ മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി ഗോവിന്ദപിള്ള അന്തരിച്ചു. 86 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11.15ന് തിരുവനന്തപുരംകിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു പി ജി എന്ന പി ഗോവിന്ദപിള്ള. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമ പ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സയന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25ന് ജനം. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി.ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭ ചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള- കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സംസ്കാരം വൈകിട്ട് 4ന് ശാന്തികവാടത്തില്‍

പി ഗോവിന്ദപ്പിള്ളയുടെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍. മൃതദേഹം പകല്‍ പതിനൊന്നിന് സുഭാഷ് നഗറിലെ വസതിയില്‍നിന്ന് പൊതുദര്‍ശനത്തിനായി എ കെ ജി സെന്ററിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. പതിനൊന്നു മുതല്‍ പന്ത്രണ്ട് വരെ എ കെ ജി സെന്ററിലും തുടര്‍ന്ന് വിജെടി ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.

പി ജിക്ക് സമാനായി പി ജി മാത്രം: പിണറായി

പി ജിക്ക് സമാനായി പി ജി മാത്രമേ ഉള്ളൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാര്‍ക്സിസത്തെക്കുറിച്ചും വര്‍ഗസമരത്തെക്കുറിച്ചും കേരളത്തെ പഠിപ്പിച്ച അധ്യാപകരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ജീവിതസായാഹ്നത്തിലും അവശതകളെ അതിജീവിച്ചും ലോകരാഷ്ട്രീയ സംഭവഗതികളെ മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും അത് ജനങ്ങളിലെത്തിക്കാനും പി ജി ശ്രദ്ധാലുവായിരുന്നു-പിണറായി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ഒരേ ഒരു പിജി

ജര്‍മനിയിലെ സ്റ്റുഡ്ഗര്‍ട് നഗരത്തിലെ റെയില്‍വെ സ്റ്റേഷന്‍. ഗുണ്ടര്‍ട് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആറുപേര്‍ അവിടെ വന്നിറങ്ങുന്നു. സമ്മേളന സ്ഥലത്തേക്ക് ഇനി കാല്‍നടയായി പോകാവുന്നതേയുള്ളൂ. വഴികാട്ടാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഒപ്പമുള്ളത് ഗുണ്ടര്‍ട് കുടുംബത്തിലെ ശ്രീമതി യു ഗുണ്ടര്‍ട്. പ്ലാറ്റ്ഫോമില്‍നിന്ന് എല്ലാവരും ഒന്നിച്ചിറങ്ങി പൊതുനിരത്തിലെത്തുമ്പോള്‍ യു ഗുണ്ടര്‍ട് സംഘാംഗങ്ങളെല്ലാം ഒപ്പമില്ലേ എന്നു നോക്കുന്നു. ഒരാളെ കാണുന്നില്ലല്ലോ, എവിടെ മി. പിള്ള? എല്ലാവരുടേയും കണ്ണുകള്‍ പലവഴിക്കു പായുന്നു. ഒപ്പം ഉണ്ടായിരുന്ന ഈ ലേഖകന്‍ ചിരപരിചയം കൊണ്ടുള്ള ഉള്‍വിളിയോടെ നേരത്തെകണ്ട ഒരു പ്രത്യേക സ്റ്റാളിലേക്കു നടക്കുന്നു.

വിവിധ യൂറോപ്യന്‍ ഭാഷകളിലുള്ള വര്‍ത്തമാന പത്രങ്ങളും ആനുകാലികങ്ങളും മറ്റും വില്‍കുന്ന ഒരു സ്റ്റാളിലേക്ക്. അതാ അവിടെ മി. പിള്ള നില്‍ക്കുന്നു. തന്നോടൊപ്പം ഒരു സംഘമുണ്ടായിരുന്നുവെന്നതെല്ലാം മറന്ന് അവിടെക്കണ്ട ചില മാസികകളില്‍ സകലശ്രദ്ധയുമായി നിന്നിരുന്ന മി. പിള്ള സാക്ഷാല്‍ പി ഗോവിന്ദപിള്ളയല്ലാതെ മറ്റാരും ആയിരുന്നില്ല. അദ്ദേഹത്തെ ഒട്ടുദൂരെയെത്തിയ സുഹൃദ്സംഘത്തിലേക്ക് ഞാന്‍ കൂട്ടിക്കൊണ്ടു ചെന്നപ്പോള്‍ ഒരു കുട്ടച്ചിരിയാണുണ്ടായത്. ആ കൂട്ടച്ചിരിയുടെ അര്‍ഥം സംഘത്തിലാരോ ശ്രീമതി യു ഗുണ്ടര്‍ടിന് വിവരിച്ചുകൊടുത്തപ്പോള്‍ അവരും ചിരിച്ചു. ഒന്നിച്ച് ഒരു പ്രത്യേക അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന ആ സംഘത്തില്‍ പ്രായമുറയ്ക്ക് പറഞ്ഞാല്‍ സര്‍വശ്രീ മൂര്‍ക്കോത്ത് രാമുണ്ണി, ഡി സി കിഴക്കേമുറി, പ്രൊഫ. എസ് ഗുപ്തന്‍ നായര്‍, ഡോ. വി ഐ സുബ്രഹ്മണ്യം, പി ഗോവിന്ദപിള്ള എന്നിവരും ഈ ലേഖകനുമാണുണ്ടായിരുന്നത്. എല്ലാവരും പുസ്തകപ്രേമികകള്‍ തന്നെ. ആനുകാലികങ്ങളിലും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഏറ്റവും പുതിയ ലേഖനങ്ങളിലും എല്ലാവര്‍ക്കും ഓരോ തരത്തില്‍ താല്‍പര്യവുമുണ്ട്. പക്ഷേ ആ പത്രമാസികകള്‍ നിരത്തിവച്ചിരിക്കുന്ന പീടികയുടെ മുന്നില്‍ പരിസരം മറന്ന് തന്നെയും മറന്നങ്ങനെ നില്‍ക്കുന്ന പി ജിയുടെ മുഗ്ധകൗതുകം ഒന്നു വേറെതന്നെ. പി ജി രാഷ്ട്രീയ പ്രവര്‍ത്തകനാണ്, ചിന്തകനും നിരൂപകനുമാണ, പ്രഭാഷകനും പത്രാധിപരുമാണ്, എന്നാല്‍ ഈ ഒരു ഗണത്തിലും അദ്ദേഹം ആയിരത്തിലൊരുവന്‍ അല്ല. ഒരു വലിയ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടുനില്‍ക്കെ തന്നെ അപുര്‍വ ഗുണവിശേഷങ്ങള്‍കൊണ്ട് പി ജി വ്യത്യസ്തനാകുന്നു. പി ജി എന്ന രണ്ടക്ഷരത്തിനു പിന്നില്‍ എത്ര വലിയ ഒരു വ്യക്തിത്വമാണൊതുങ്ങി നില്‍ക്കുന്നതെന്ന് സന്തതസഹചാരികളില്‍തന്നെ പലരും ഓര്‍ക്കാറുണ്ടോ എന്നു സംശയം. എന്തിന്, പി ജിയും അതോര്‍ക്കുന്നില്ലെന്നതാണ് രസകരം. ഒരാളുടെ മഹത്വം അയാളുടെ അവബോധത്തിലല്ല കുടികൊള്ളുന്നത് എന്ന വസ്തുതയും പരോക്ഷമായി പി ജിയില്‍നിന്ന് നമുക്ക് പഠിക്കാം.

പഴയ തിരു- കൊച്ചി നിയമനിര്‍മാണ സഭയില്‍ യുവാക്കളായ ചില ജനപ്രതിനിധികള്‍ ഉണ്ടായിരുന്നു. അന്ന് വിദ്യാര്‍ഥിയായിരുന്ന എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഏറ്റവും പ്രിയപ്പെട്ട യുവ എംഎല്‍എയായിരുന്നു പി ജി. അദ്ദേഹം അന്നും കൂടുതല്‍ ഗൗരവപ്രകൃതിയായിരുന്നു. ഭരണകക്ഷിയെ വിമര്‍ശിക്കുമ്പോള്‍ ഭാഷ നിശിതവും കര്‍ക്കശവുമാകുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തെപ്പറ്റി ഉറക്കമൊഴിഞ്ഞ് പഠിച്ചു തയ്യാറായി വരുന്നതിന്റെ തെളിവുകളായിരുന്നു പി ജിയുടെ നിയമസഭാ പ്രസംഗങ്ങള്‍. വിദ്യാഭ്യാസ രംഗത്തെ അനീതികളെയും അവകാശ ലംഘനങ്ങളെയും വിദഗ്ധമായി നിയമസഭയില്‍ ഉന്നയിച്ചിരുന്ന പി ജിയെപ്പറ്റി മറ്റൊരു നിയമസഭാംഗമായിരുന്ന മുണ്ടശേരി മാസ്റ്റര്‍ക്കുണ്ടായിരുന്ന മതിപ്പ് എനിക്കു നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബസിറങ്ങി നേരെ സേവിയേഴ്സിലേക്കോ പാംഗ്രോവിലേക്കോ പുസ്തകങ്ങള്‍ കുത്തിനിറച്ച തോള്‍ സഞ്ചിയും പേറിക്കൊണ്ടാകും പിജിയുടെ വരവ്. സഞ്ചിയിലെ പുസ്തകങ്ങളില്‍ ധാരാളം സാഹിത്യ കൃതികളും സാഹിത്യ നിരൂപണ കൃതികളും ഉണ്ടാവുക പതിവായിരുന്നു. പി ജിയുടെ കൈയിലുണ്ടാവുക ഏറെ അപുര്‍വ ലബ്ധങ്ങളായ പുസ്തകങ്ങളായിരിക്കും. മുറിക്കയ്യന്‍ ഷര്‍ടും മുണ്ടും ധരിച്ച് ഷൂസുമിട്ട് ഒരു കൈയില്‍ തുകല്‍സഞ്ചിയും മറ്റെ കൈയില്‍ പുകയുന്ന ചുരുട്ടുമായി നടന്നുവരുന്ന പി ജി കാഴ്ചയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റേതെന്നതിനേക്കാള്‍ ഒരു കോളേജ് അധ്യാപകന്റെ പ്രതീതിയാണ് ഞങ്ങളിലുളവാക്കിയിരുന്നത്. അതെന്തായാലും പി ജി രാഷ്ട്രീയരംഗത്ത് ഒരു നല്ല അധ്യാപകന്റെ റോള്‍ നിറവേറ്റിയിട്ടുണ്ട്-

വാമൊഴികൊണ്ടും വരമൊഴികൊണ്ടും. പി ജിയുമൊന്നിച്ച് കേരളത്തിനകത്തും പുറത്തും വളരെയേറെ സഞ്ചരിക്കുവാനും ഇടത്താവളങ്ങളില്‍ താമസിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. സൂര്യനു കീഴിലൊന്നും അദ്ദേഹത്തിന് അന്യമല്ലെന്നും മാനവികമായ എന്തിലും അസാമാന്യവും പ്രഗാഢവുമായ താല്‍പര്യമുണ്ടെന്ന് സ്വയം വെളിപ്പെടുത്തുന്ന സുദീര്‍ഘ സംഭാഷണങ്ങള്‍ പലതും മനസില്‍ രേഖപ്പെട്ടു കിടക്കുന്നു. ക്ഷീണിപ്പിക്കുന്ന യാത്രയ്ക്കും പ്രസംഗത്തിനുമൊക്കെയിടയില്‍തന്നെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരു പുസ്തകം വായിച്ചുതീര്‍ക്കാനും പതിവ് പത്രപങ്തികളിലേക്കുള്ള ലേഖനങ്ങള്‍ എഴുതിവയ്ക്കാനും പി ജിക്ക് അനായാസമായി കഴിയുന്നു. എനിക്ക് അതില്‍ അസൂയ തോന്നിയിട്ടുണ്ട്. ഇന്‍സുലിന്‍ കുത്തിവച്ചാല്‍ തുടര്‍ന്ന് ഒരു പുസ്തകം ഭക്ഷിച്ചാല്‍ പോരാ എന്ന വസ്തുത പലപ്പോഴും പി ജിയെ ഓര്‍മിപ്പിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത പി ജി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായപ്പോള്‍ അല്‍പജ്ഞരായ പലരും അത് വെറുമൊരു രാഷ്ട്രീയമായ നിയമനമായി കരുതുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവം എത്ര ഭംഗിയായും ഫലപ്രദമായും നടന്നു എന്നത് ഇന്ന് പലരും ഓര്‍ക്കുന്നുണ്ടാവും. ആ കാലഘട്ടത്തിലാണ് സി ഡിറ്റ് രൂപംകൊണ്ടത്. അതിന്റെ പിന്നിലുള്ള ഭാവനയും ആത്മാര്‍ഥമായ താല്‍പര്യവും പി ജിയുടേതായിരുന്നു. ചലച്ചിത്രരംഗത്തെ ചില പ്രമുഖര്‍ അതിനെ തെറ്റിദ്ധരിക്കുകയോ എതിര്‍ക്കുകയോ ചെയ്തപ്പോള്‍ പി ജി പാറപോലെ ഉറച്ചു നിന്നില്ലായിരുന്നെങ്കില്‍ സി ഡിറ്റ് ഒരു യാഥാര്‍ഥ്യമാകുമായിരുന്നില്ല. എന്നാല്‍ സി ഡിറ്റിന് പിജിയുടെ നേതൃത്വം അകാലത്തില്‍ നഷ്ടപ്പെട്ടത് അതിന്റെ വളര്‍ച്ചയെ വല്ലാതെ ബാധിച്ചു എന്നു പറയാതെ വയ്യ. ശരീരത്തില്‍ കുറെയേറെ രോഗങ്ങളും ശിരസില്‍ അപൂര്‍വവിജ്ഞാനഭാരവും ഹൃദയത്തില്‍ നിസ്വവര്‍ഗത്തോടുള്ള നിസീമമായ കുറുംപേറി പി ജി നമ്മുടെ കാലഘട്ടത്തിലൂടെ ഒരു നാട്യവുമില്ലാതെ നടന്നുപോകുന്നു.

അധികാരത്തെ ഒരിക്കലും സ്വപ്നം കാണാത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍, ബഹുമതികളും പുരസ്കാരങ്ങളും കാംക്ഷിക്കാത്ത എഴുത്തുകാരന്‍, എന്നും എവിടെയും മനുഷ്യനെ മഹത്വപ്പെടുത്തുവാന്‍ യത്നിക്കുന്നവരുടെ ഉറ്റതോഴന്‍, അറിവിന്റെ വെളിച്ചം തന്നിലും തന്റെ ചുറ്റിലും ഓരോ ശ്വാസത്തിലും താനറിയാതെ ഊതിത്തെളിക്കുന്നതിന്റെ ആത്മസാഫല്യം അനുഭവിക്കുന്നയാള്‍- ഇതെല്ലാമായ ഗുരുതുല്യനായ ഈ ജ്യേഷ്ഠ സുഹൃത്തിനെപ്പറ്റി സാഭിമാനം എനിക്കു പറയാന്‍ തോന്നുന്നു: ഇതാ നമുക്കിടയില്‍ ഒരേയൊരു പി ജി. (1995ല്‍ ഗ്രാന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്)
(ഒ എന്‍ വി)

ലഹരിപിടിക്കും വായന

പെരുമ്പാവൂര്‍കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ട ഗോപിച്ചേട്ടന്‍. അക്ഷരം അറിയുന്ന ലോകത്തെ സമസ്ത മലയാളികള്‍ക്കും ആരാധ്യനായ പിജി- സാക്ഷാല്‍ പി ഗോവിന്ദപിള്ള. വായിച്ചുകൂട്ടുന്ന കാര്യങ്ങളത്രയും സരസവും സരളവുമായി മറ്റുള്ളവര്‍ക്കുമുന്നില്‍ വിളമ്പാനുള്ള അത്യപൂര്‍വ സാമര്‍ഥ്യമാണ് പിജിയെ അതിരും എതിരുമറ്റ പ്രഭാഷകനായി മാറ്റിയത്. അരനൂറ്റാണ്ടിലേറെ പഴക്കമാണ് പിജിയിലെ പ്രഭാഷകന്. വിവിധ ചാനലുകളിലും ദിനപത്രങ്ങളിലും ലോക രാഷ്ട്രീയത്തിന്റേയും സംസ്കാരത്തിന്റെയും സമൂഹജീവിതത്തിന്റെയും ആധുനാതന കമ്പോള നിലവാരമറിയാന്‍ സമസ്ത മലയാളിയും ശരണം തേടിയത് ശരാശരിയിലും ഒത്തിരി താഴെ പൊക്കമുള്ള ഈ ഉന്നത ശീര്‍ഷനെയായിരുന്നു. ഏതുവിഷയത്തെക്കുറിച്ചും ആധികാരികമായി രണ്ടുവര്‍ത്തമാനം പറയാന്‍ സകലരും പിജിയെ ആശ്രയിച്ചു. ലാറ്റിനമേരിക്കന്‍ നാടുകളിലെ പുരോഗമന മുന്നേറ്റം മുതല്‍ നാട്ടുപച്ചിലകളുടെ വംശ പുന്നാരങ്ങള്‍വരെ നീളുന്ന അത്യന്തം വിസ്മയകരമായ വിഷയ വൈവിധ്യം പിജിയെ മറ്റെല്ലാ പ്രഭാഷകരില്‍നിന്നും വേര്‍തിരിച്ചു.

മലയാറ്റൂരിന്റെ അഞ്ചുസെന്റ് എന്ന നോവല്‍ അദേഹത്തിന്റെ പല ഇതര കൃതികളേയും പോലെ ആത്മകഥാപരമാണ്. ഒത്തിരികാലയളവില്‍ തത്വചിന്തകനായി കൂട്ടംതെറ്റി മേയുന്ന ഗോവിന്ദന്‍ എന്ന ദാര്‍ശനികന്‍ അതിലെ കഥാപാത്രമാണ്. എം എം അബ്ദുള്‍ ഖാദര്‍, എം എം ചെറിയാന്‍, പി കെ വി, മലയാറ്റൂര്‍ എന്നിവര്‍ക്കൊപ്പം ഒരുകാലത്ത് ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായി അരങ്ങുതകര്‍ത്ത പി ജി എന്ന സതീര്‍ഥ്യനെത്തന്നെയാണ് നോവലിസ്റ്റ് ഗോവിന്ദനാക്കിത്തന്നെ ചിത്രീകരിച്ചത്. എഴുത്തുകാരന്‍, ശാസ്ത്ര ചിന്തകന്‍, ചരിത്ര പണ്ഡിതന്‍, പത്രാധിപര്‍, കലാതത്വചിന്തകന്‍, ചലച്ചിത്ര വിമര്‍ശകന്‍, തികഞ്ഞ വായനക്കാരന്‍ കൂടിയായ സഹൃദയന്‍, മാര്‍ക്സിസ്റ്റ് ദാര്‍ശനികന്‍ തുടങ്ങി പിജിക്ക് ഇണങ്ങാത്ത വിശേഷണങ്ങളൊന്നുമില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ച് സംസാരിക്കുന്ന അതേ ആധികാരികതയോടെ മതബോധന പാഠങ്ങളെപ്പറ്റിയും അതേ വിശ്വാസത്തോടെ ലോകായത ദള്‍ശനങ്ങളെപ്പറ്റിയും ഒപ്പം ശാസ്ത്രസാങ്കേതിക സങ്കീര്‍ണതകളെക്കുറിച്ചും സംസാരിക്കുന്ന പി ജി തന്നെയാണ് ലോക ഭൂപടം നിവര്‍ത്തിയിട്ട് ഭൂഖണ്ഡാന്തര രാഷ്ട്രീയ പരിവര്‍ത്തനങ്ങളെപ്പറ്റിയും വാചാലനാകുന്നത്. ഉദകപോള കണക്കെയുള്ള ഈ നിമിഷാര്‍ധ ദൈര്‍ഘ്യമാത്രമായ ജീവിതത്തിനിടയില്‍ ഇത്രയൊക്കെ വായിച്ചുകൂട്ടാന്‍ കഴിഞ്ഞതെപ്പോഴാണ്. വിസ്മയം തോന്നാം. വീണുകിട്ടുന്ന കൊച്ചു നിമിഷങ്ങളെപ്പോലും വായനക്കു വേണ്ടി ഉപയോഗിച്ച ഇതുപോലൊരാളെ കാണാന്‍ വിഷമം.

കൊച്ചിയിലെ കലൂരില്‍ ദേശാഭിമാനിയുടെ പുതിയ ആപ്പീസ് പണി പൂര്‍ത്തിയായി. പത്രാധിപരുടെ മുറിയിലെ കുളിമുറിയില്‍ ഒരു ഇംഗ്ലീഷ് ക്ലോസറ്റ്. കാലത്തെ അതിനകത്തേക്ക് ഒരു കെട്ട് പത്രവുമായി കയറി കതകുചാരുന്ന പത്രാധിപരെ മറ്റുള്ളവര്‍ കൗതുകത്തോടെയാണ് കണ്ടിരുന്നത്. പിന്നെപിന്നെ തടിച്ച പുസ്തകങ്ങളും കക്കൂസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ കളി കാര്യമായി. കൂടെക്കൂടെ തലകറക്കം വരുന്നുണ്ട് പിജിക്ക്. അതിനാല്‍ ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ കതകില്‍ ഒന്നു മുട്ടണമെന്ന് വാച്ചര്‍ രാമകൃഷ്ണനെ കണ്ണന്‍നായര്‍ (അന്നത്തെ ദേശാഭിമാനി മാനേജര്‍) പ്രത്യേകം ചട്ടംകെട്ടിയിരുന്നു. ഏറെ നേരം കഴിഞ്ഞ് കതകു തുറക്കാതെ വരുമ്പോള്‍ വാതിലില്‍ മുട്ടും. വായനയുടെ രസച്ചരടു പൊട്ടിയ വൈക്ലബ്യത്തോടെ പിജി പുറത്തുവരും.

മറവിയുടെ കാര്യത്തില്‍ കഴിഞ്ഞ തലമുറയിലെ പ്രസിദ്ധകവി കെ കെ രാജ സ്ഥാപിച്ചിരുന്ന റെക്കോഡ് തകര്‍ത്തത് പിന്നീട് പിജിയാണ്. അതേപ്പറ്റിയുണ്ട് രസകരമായ ഒട്ടേറെ കഥകള്‍. ദേശാഭിമാനി ആപ്പീസ് കൊച്ചിയിലെ വളഞ്ഞമ്പലത്ത് ആയിരുന്നപ്പോള്‍ പതിവുപോലെ വൈകുന്നേരത്തെ നടപ്പും പുസ്തക വേട്ടയും കഴിഞ്ഞ് പിജി ആപ്പീസിലെത്തി. രാത്രി എട്ടര മണി. വിശപ്പ് കലശലായപ്പോള്‍ കഴിക്കാന്‍ സഞ്ചിയില്‍ കരുതിയിരുന്ന ബ്രെഡ് തപ്പി. കാണുന്നില്ല. അപ്പോഴാണ് തെല്ല് ഇളിഭ്യതയോടെ കാര്യം തിരിഞ്ഞത്. തേവരയിലെ തപാല്‍പെട്ടിയില്‍ ബ്രെഡിന്റെ ചെറിയ പൊതി നിക്ഷേപിച്ചു. പകരം പോസ്റ്റുചെയ്യാന്‍ കരുതിയ മൂന്ന് നാലു കത്തുകള്‍ സഞ്ചിയില്‍ ഭദ്രമായി ഇരിക്കുന്നു. ഈ കഥ ഇതെഴുതുന്നയാള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. പിജിയെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഇതും ഇതിലപ്പുറവും നടക്കുമെന്ന് ബോധ്യമായി. സ്വകാര്യ ജീവിതത്തിലെ ഈ കൊടും മറവിക്കാരന്‍ എങ്ങനെയാണ് കമ്പ്യൂട്ടര്‍ കണക്കെ ഇതൊക്കെ ഓര്‍ത്തുവയ്ക്കുന്നതെന്ന് പലപ്പോഴും വിസ്മയം തോന്നിയിട്ടുണ്ട്.

സംസാരിച്ചു വരുന്നതിനിടെ ഇ എം എസിനെപ്പോലെ കൂടെക്കൂടെ വാക്കുകള്‍ തപ്പുന്നത് കാഴ്ചക്കാര്‍ക്ക് ഒരു രസമാണ്. ദക്ഷിണാഫ്രിക്കയിലെ ഏതെങ്കിലും ഒരു ഇരുണ്ട കാപ്പിരി ദ്വീപിന്റേയോ ലാറ്റിനമേരിക്കയിലെ ഏതെങ്കിലും ഒരു ചുകപ്പന്‍ കവിയുടേയോ പേരാവാം പരതുന്നത്. പ്രഭാഷകന്‍ എന്ന നിലയിലുള്ള പിജിയുടെ സ്ഥാനം കടലുകള്‍ക്കക്കരെയും പരക്കെ അംഗീകരിക്കപ്പെടുന്നതാണ്. എന്നാല്‍ അതോടൊപ്പം തന്നെ സ്വത്വതേജസ്വിയെന്ന സര്‍ഗപരമായ സാഹിത്യ പരിശ്രമങ്ങളെ ഔദ്യോഗിക സ്ഥാപനങ്ങള്‍ വേണ്ടുംവിധം പരിഗണിക്കാത്തതിന്റെ മാനക്കേട് അവര്‍ക്കു തന്നെ.
(ഏഴാച്ചേരി രാമചന്ദ്രന്‍)

വിശ്വവിജ്ഞാന കോശം

പി ജി രാഷ്ട്രീയ പ്രവര്‍ത്തകനാണ്, നേതാവാണ്, ചിന്തകനും നിരൂപകനുമാണ്, പ്രഭാഷകനും പത്രാധിപരുമാണ്. പി ജി എന്ന പേരിനൊപ്പം ചേര്‍ക്കേണ്ട വിശേഷണം ഇതിലേതുമാകാം. സര്‍വമേഖലകളിലും സഞ്ചരിക്കുന്ന അദ്ദേഹം അറിവിന്റെ വിജ്ഞാനകോശം തന്നെയായിരുന്നു. പരന്ന വായനയും അഗാധമായ പാണ്ഡിത്യവും കൊണ്ട് സമ്പന്നമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്ന പി ജിയ്ക്ക് കലയും സാഹിത്യവും അന്യമായിരുന്നില്ല, ചിത്രകലയും ചലച്ചിത്രവും സംഗീതവും ചരിത്രവും നരവംശ ശാസ്ത്രവുമെല്ലാം ഇഷ്ട വിഷയങ്ങള്‍. സാംസ്കാരിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും കൂട്ടിയിണക്കാന്‍ പിജിക്ക് അനായാസം കഴിഞ്ഞു. കഥ, കവിത, ചരിത്രം, ചിത്രകല, തത്വശാസ്ത്രം, സിനിമ, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധങ്ങളായ വൈജ്ഞാനിക ശാഖകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും സജീവമായി വ്യാപരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള സാഹിത്യത്തില്‍ വായനയിലും പാണ്ഡിത്യത്തലും "ഓള്‍ റൗണ്ടര്‍ തന്നെയായിരുന്നു അദ്ദേഹം; ഏതുവിഷയത്തെക്കുറിച്ചും എന്തു സംശയവും എപ്പോള്‍ ചോദിച്ചാലും വിശദമായി സംസാരിക്കാന്‍ കഴിയുന്ന ആള്‍. സാര്‍വദേശീയ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രാദേശികമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന അതേ ലാഘവത്തോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു നേരം ചിത്രകലയിലെ പുതിയ പ്രവണതകളെക്കുറിച്ച് വാചാലനാവുന്ന പി ജി തൊട്ടടുത്ത നിമിഷം ലാറ്റിനമേരിക്കന്‍ കവിതയെക്കുറിച്ച് വിശദമായി സംസാരിക്കുന്നത് കാണാം. അമേരിക്കന്‍ നോവലുകളെക്കുറിച്ചും ആസ്ട്രോ ഫിസിക്സിനെക്കുറിച്ചും ഏറ്റവും പുതിയ സിനിമകളെയും കവിതകളെയും മറ്റ് സര്‍വമേഖലകളെയും കുറിച്ച് സംസാരിക്കുന്ന അദ്ദേഹം മലയാളികള്‍ക്കിടയിലെ സഞ്ചരിക്കുന്ന എന്‍സൈക്ലോപ്പീഡിയ തന്നെയായിരുന്നു.

ഒരേ സമയം പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പി ജി യിലെ നിരൂപകന്‍ ആധുനിക ചിന്തയുടെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ചു. കേരളത്തിലെ മാര്‍ക്സിസ്റ്റേതരവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ ചിന്താഗതികളോട് വിട്ടുവീഴ്ചയില്ലാതെ പോരാടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടികൃഷ്ണമാരാരുടെയും സജ്ഞയന്റെയും കാലം മുതല്‍ കമ്യൂണിസ്റ്റ് സിദ്ധാന്തത്തെയും പ്രയോഗത്തെയും എതിര്‍ക്കുകയും അവഹേളിക്കുകയും ചെയ്ത വലതുപക്ഷ ചേരിക്കെതിരെ ശക്തമായ കടന്നാക്രമണം നടത്തുന്നതില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. പി ജിയുടെ "സാഹിത്യം അധോഗതിയും പുരോഗതിയും" എന്ന പുസ്തകം പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആശയപരമായ കാര്യങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഒന്നാണ്. എസ് ഗുപ്തന്‍ നായരുടെ "ഇസങ്ങള്‍ക്കപ്പുറം" എന്ന പുസ്തകത്തിനു പ്രതികരണമായി എഴുതിയ "ഇസങ്ങള്‍ക്കിപ്പുറം" എന്ന പുസ്തകവും പി ജിയുടെ ഈ പോരാട്ടങ്ങളുടെ ദൃഷ്ടാന്തമാണ്. വിപ്ലവനായകന്‍മാരായിരുന്ന പ്രതിഭാശാലികളെ പരിചയപ്പെടുത്തുന്ന നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവ കാരിയായ ബാബയുഫ്, ലാറ്റിനമേരിക്കന്‍ വിപ്ലവ നായകന്‍ ചെ ഗുവേര, കത്തോലിക്കാ മതാധികാരിയായിരുന്നിട്ടും ഗറില്ലാപ്പോരാളിയായി മാറിയ കാമിലോ തോറെ, ചൈനീസ് വിപ്ലവത്തിലെ ഇതിഹാസ പുരുഷന്‍ ചൂട്ടെ മുതലായവരുടെ ജീവചരിത്രങ്ങള്‍ അടങ്ങുന്നതാണ് "വിപ്ലവ പ്രതിഭ" എന്ന പുസ്തകം. ഗുസ്താവ് കുര്‍ബെ, പാബ്ലോ നെരൂദ, ജെ ഡി ബെര്‍ണല്‍, ജോസഫ് നീഡ മുതലായവരും പി ജിയുടെ പഠനത്തിന് വിഷയമായിട്ടുണ്ട്. വിമര്‍ശന കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ "മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉദ്ഭവവും വളര്‍ച്ചയും" എന്ന പുസ്തകം മലയാളത്തിലെ മാര്‍ക്സിസ്റ്റ് കലാ-സാഹിത്യ വിമര്‍ശന സാഹിത്യശാഖയിലെ ശ്രദ്ധേയമായ ഒരു ചുവടു വെപ്പാണ്. മലയാള വായനക്കാര്‍ക്ക് മാര്‍ക്സിസ്റ്റ് കൃതികളെ പരിചയപ്പെടുത്തുക എന്ന ദൗത്യവും പി ജി നിര്‍വഹിച്ചു. മാര്‍ക്സിെന്‍റ "മൂലധ"ത്തിന് അദ്ദേഹം എഴുതിയ പഠനസഹായി മലയാളികളായ വായനക്കാര്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്നു.

കേരള ചലച്ചിത്ര വികസന കോര്‍പറേഷന് സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടായത് പി ഗോവിന്ദപ്പിള്ള ചെയര്‍മാനായ കാലത്താണ്. ദേശീയ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രമേള ആദ്യമായി കേരളത്തില്‍ നടന്നത് പി ജി അധ്യക്ഷപദം അലങ്കരിച്ച കെഎസ്എഫ്ഡിസിയുടെ ആതിഥേയത്വത്തിലാണ്. ചലച്ചിത്രമേളകളിലെ സജീവ പങ്കാളി കൂടിയായിരുന്നു അദ്ദേഹം. മേളകളോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ഫോറങ്ങള്‍ക്ക് തുടക്കമിട്ടതുതന്നെ 1988ലെ ചലചിത്രോത്സവത്തിലാണ്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്ര മേള (ഐഎഫ്എഫ്കെ)യില്‍ പ്രശസ്ത പോളിഷ് ചലച്ചിത്രകാരന്‍ ക്രിസ്റ്റോഫ് സനൂസിയുമായി ഓപ്പണ്‍ ഫോറത്തില്‍ നടന്ന സംവാദം പി ജി എന്ന മാര്‍ക്സിസ്റ്റ് ധൈഷണികന്റെ പ്രതിഭയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. കേരളത്തിലെ ഐടി വിദ്യാഭ്യാസ രംഗത്തെ പ്രാഥമിക സംരംഭമെന്ന് പറയാവുന്ന തിരുവനന്തപുരത്തെ "സി-ഡിറ്റ്" എന്ന സ്ഥാപനം നിലവില്‍ വന്നത് പി ജിയുടെ മുന്‍കൈയില്‍ ആയിരുന്നു. അതിന്റെ സ്ഥാപക ഡയറക്ടറാണ് അദ്ദേഹം. ഇമേജിങ്ങ് ടെക്നോളജിയെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികളായ ചെറുപ്പക്കാര്‍ക്കുള്ള ഒരു അത്താണി ആയി "സി-ഡിറ്റി"നെ വളര്‍ത്തിയെടുക്കുന്നതിലും പി ജി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായി പി ജി പ്രവര്‍ത്തിമ്പോള്‍ പത്രഭാഷയെ സംബന്ധിച്ച് ഗൗരവപൂര്‍ണമായ ആലോചനകള്‍ നടന്നു. 1981ല്‍ എറണാകുളത്ത് പത്രഭാഷയെ സംബന്ധിച്ച് അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ പിന്നീട് "പത്രഭാഷ" എന്ന പേരില്‍ പ്രസ് അക്കാദമി പുസ്തക രൂപത്തില്‍ പുറത്തിറക്കി. ടെലിവിഷന്‍ രംഗത്തും പി ജി സാന്നിധ്യം തെളിയിച്ചു. കൈരളി ടിവിയിലെ "പി ജിയും ലോകവും" പീപ്പിള്‍ ടിവിയിലെ "ലോകവാരാവലോകനം" എന്നീ പരിപാടികള്‍ "ദേശാഭിമാനി"യിലും "ചിന്ത"യിലും മറ്റും അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പംക്തികള്‍ പോലെ അന്താരാഷ്ട്ര സംഭവവികാസങ്ങളുടെ പൊരുളറിയാന്‍ ഉപകരിച്ചു. ഒരു കൈകൊണ്ട് അന്താരാഷ്ട്രീയ കുറിപ്പുകളും മറുകൈകൊണ്ട് കലാ- സാഹിത്യ വിമര്‍ശനവും ഒരേസമയം എഴുതുന്നുവെന്ന് തോന്നിപ്പിക്കും വിധമുള്ള സവ്യസാചിത്വം അദ്ദേഹത്തിനു ലഭിച്ചിരുന്നു. എങ്കിലും ആ പാണ്ഡിത്യത്തിനാനുപാതികമായി അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിന് ലഭിച്ചുവോ എന്ന സന്ദേഹം ബാക്കിയാകുന്നു.

തളരാത്ത വിജ്ഞാനതൃഷ്ണ

നാലഞ്ച് വര്‍ഷം മുമ്പുള്ള ഓണക്കാലം. ദേശാഭിമാനി വാരാന്തപതിപ്പിലേക്കുള്ള അഭിമുഖത്തിനായി പി ജിയെ കണ്ടു. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനായ പി ജി അപ്പോള്‍ സമ്മാനം കിട്ടിയ കുട്ടിയുടെ ആഹ്ലാദത്തിലായിരുന്നു. തിരുവനന്തപുരം സുഭാഷ് നഗറിലെ വീട്ടില്‍ ആഗ്രഹിച്ച രീതിയില്‍ ഗ്രന്ഥശാല സജ്ജീകരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. മുപ്പതിനായിരത്തോളം പുസ്തകങ്ങള്‍ കഠിനയത്നത്തിനുശേഷം റാക്കുകളിലായി. മക്കളും പേരക്കുട്ടികളും സഹായികളും ഒക്കെയായി വിശ്രമമില്ലാത്ത ജോലി. വീട്ടിലെ മുകളിലത്തെ ഹാളില്‍ ഒരുക്കിയ ഗ്രന്ഥശാലയില്‍ കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെപ്പോലെ പി ജി പുസ്തകങ്ങളെ താലോലിക്കുന്നു. നാടാകെ ഓണമേളത്തില്‍ മുങ്ങിയിരിക്കെ ഷേക്സ്പിയറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു അന്ന് പി ജി. ബ്രിട്ടനില്‍ മറ്റെല്ലാ വ്യവസായങ്ങളും തകര്‍ച്ചയിലായിട്ടും ഷേക്സ്പിയര്‍ ലാഭകരമായ മേഖലയാണെന്ന് അന്ന് പി ജി ചൂണ്ടിക്കാട്ടി. ഷേക്സ്പിയറിനെകുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ പൊളിറ്റിക്കല്‍ ഷേക്സ്പിയര്‍, മെറ്റീരിയല്‍ ഷേക്സ്പിയര്‍, മാര്‍ക്സിസ്റ്റ് ഷേക്സ്പിയര്‍, എമ്പിരിക്കല്‍ ഷേക്സ്പിയര്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചുകൂട്ടുകയായിരുന്നു അന്നത്തെ ഓണനാളുകളില്‍ അദ്ദേഹം. ലോകസാഹിത്യചര്‍ച്ചയില്‍ മാര്‍ക്സിസത്തിന് പുത്തനുണര്‍വ് കൈവന്നിരിക്കയാണെന്ന് പി ജി ആവേശത്തോടെ പറഞ്ഞു. മാര്‍ക്സിസ്റ്റ് സാഹിത്യവിമര്‍ശനത്തിന് പുതിയ വസന്തകാലമാണ്. പ്രധാനമായും കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന ശാഖയുമായി ബന്ധപ്പെട്ടാണിത്. സംസ്കാരത്തെക്കുറിച്ചുള്ള പഠനമല്ല. സാംസ്കാരികകാഴ്ചപ്പാടില്‍ ഏതു കൃതിയെയും വിലയിരുത്തുകയെന്നതാണ് പ്രധാനം. ആധുനിക ബ്രിട്ടന്റെ ബൗദ്ധികചരിത്രത്തില്‍ ഗണ്യമായ സംഭാവനല്‍കിയ റെയ്മണ്ട് വില്യംസ് എഴുതിയ "പൊളിറ്റിക്കല്‍ ഷേക്സ്പിയര്‍" ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നത് കള്‍ച്ചറല്‍ മെറ്റീരിയലിസം പ്രയോഗിച്ച് ഷേക്സ്പിയര്‍ എഴുതിയ കൃതികളാണ് വളരെയേറെ മാറ്റങ്ങള്‍ വരുത്തിയതെന്നാണ്. കള്‍ച്ചറല്‍മെറ്റീരിയലിസം മാര്‍ക്സിസ്റ്റ് സാഹിത്യവിമര്‍ശനരീതിയോട് വളരെ അടുത്തുനില്‍ക്കുന്നതാണ്.

പി ജിയുടെ വായനയുടെ ആദ്യകാലം പെരുമ്പാവൂരില്‍നിന്നുതന്നെയാണ് തുടങ്ങുന്നത്. പെരുമ്പാവൂര്‍ ടൗണില്‍ തരക്കേടില്ലാത്ത ലൈബ്രറിയുണ്ടായിരുന്നു. അവിടെനിന്നും കോളേജില്‍നിന്നും കൂട്ടുകാര്‍വഴിയുമൊക്കെ പുസ്തകങ്ങള്‍ സംഘടിപ്പിച്ചു വായിച്ചു. വിവേകാനന്ദസാഹിത്യം, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും പുസ്തകങ്ങള്‍ എന്നിവയൊക്കെ വായിച്ചു. നെഹ്റുവിന്റെ "ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി" ആണ് ചെറുപ്പത്തില്‍ പി ജിയെ ഏറ്റവും സ്വാധീനിച്ച ഗ്രന്ഥം. സാര്‍വദേശീയ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ശ്രമത്തിന്റെ തുടക്കം ഈ പുസ്തകത്തില്‍ നിന്നാണ്. അന്ന് റാഡിക്കല്‍- സോഷ്യലിസ്റ്റ് വീക്ഷണത്തില്‍ ലോകചരിത്രം വിലയിരുത്തുന്ന മറ്റു പുസ്തകങ്ങള്‍ ഒന്നും ലഭ്യമല്ല. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആത്മകഥകളും അദ്ദേഹത്തെ വളരെയധികം ആകര്‍ഷിച്ച പുസ്തകങ്ങള്‍ തന്നെ. വളരെ ചെറുപ്പത്തില്‍ ബര്‍ട്രാന്‍ഡ് റസ്സലിന്റെ പുസ്തകങ്ങള്‍ വായിച്ചു. റസ്സലിന്റെ കടുത്ത ആരാധകനായ ഒരു സ്നേഹിതനാണ് റസ്സലിന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്. അവധികാലങ്ങളില്‍ കാലടിയില്‍ ശ്രീരാമകൃഷ്ണന്റെ അദൈ്വതാശ്രമത്തില്‍ പോയി പുസ്തകം വായിക്കുമായിരുന്നു. സ്വാമി ആഗമാനന്ദയാണ് ഇത് സ്ഥാപിച്ചത്. അവിടെ നല്ല ലൈബ്രറിയായിരുന്നു. വിവേകാനന്ദന്റെ പുസ്തകങ്ങള്‍, വിവേകാനന്ദനെക്കുറിച്ചുള്ള പുസ്തകങ്ങള്‍, ദേശീയപ്രസ്ഥാനം, ബംഗാള്‍ നവോത്ഥാനം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇവയെല്ലാം അവിടെയുണ്ടായിരുന്നു. എന്‍ വി കൃഷ്ണവാര്യരും സ്വാമി ആഗമാനന്ദയും വായനയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ആലുവ യുസി കോളേജില്‍ നല്ല ലൈബ്രറിയുണ്ടായിരുന്നു. യൂറോപ്യന്‍ മിഷണറിയായിരുന്ന ഫാ. കോളി അന്ന് കോളേജില്‍ അധ്യാപകനാണ്. അദ്ദേഹം ഓരോതവണ ബ്രിട്ടനില്‍ പോയിവരുമ്പോഴും ആയിരംവരെ പുസ്തകങ്ങള്‍ കൊണ്ടുവരും. ബഹുഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു പി ഗോവിന്ദപിള്ള. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സംസ്കൃതം തുടങ്ങി ഒട്ടുമിക്ക ഭാഷകളും അദ്ദേഹത്തിന് വശം. ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച രാഘവപ്പിഷാരടി (ആര്‍ പി)യാണ് സംസ്കൃതം പഠിപ്പിച്ചത്. മുംബൈ ജയിലില്‍ ആയിരുന്നപ്പോള്‍ മറാത്തിയും ഹിന്ദിയും പഠിച്ചു. കണ്ണൂരില്‍ ആയിരുന്നപ്പോള്‍ കന്നടയും തമിഴും പഠിച്ചു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവ് ടി ചാത്തുവാണ് തമിഴ് പഠിപ്പിച്ചത്. ജി നാരായണഅയ്യരെയാണ് വായനയില്‍ പി ജി മാതൃകയാക്കിയത്. ബാങ്ക് ഉദ്യോഗസ്ഥനായ നാരായണഅയ്യര്‍ അസാമാന്യ പണ്ഡിതനായിരുന്നു. ശാസ്ത്രത്തിലും സാഹിത്യത്തിലും ചരിത്രത്തിലും അയ്യര്‍ ഒരുപോലെ വിജ്ഞാനം നേടി. അദ്ദേഹം പി ജിയുടെ സഹായിയും ഗുരുവും ചങ്ങാതിയും ഒക്കെയായിരുന്നു. ചിലതൊക്കെ അങ്ങോട്ടും പറഞ്ഞുകൊടുത്തിട്ടുണ്ട്. 25 വര്‍ഷംമുമ്പ് പാക് ഗണിതശാസ്ത്രജ്ഞന്‍ അബ്ദുള്‍ സലാമിന് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ആ വിഷയത്തെക്കുറിച്ച് പി ജിക്ക് ഗ്രാഹ്യമില്ലായിരുന്നു. നാരായണഅയ്യരെ ഫോണില്‍ വിളിച്ചു. ഒറ്റനില്‍പ്പില്‍ അദ്ദേഹം ഇരുപതുവാചകം പറഞ്ഞു കൊടുത്തു. പിറ്റേന്നു അബ്ദുള്‍സലാമിന്റെ നേട്ടത്തെക്കുറിച്ച് മുഖപ്രസംഗം എഴുതിയത് ദേശാഭിമാനിമാത്രം. ഐന്‍സ്റ്റീന്‍, റോസാ ലക്സംബര്‍ഗ് എന്നിവര്‍ അന്തരിച്ചപ്പോള്‍ അടുത്തദിവസം മുഖപ്രസംഗം എഴുതിയത് ദേശാഭിമാനിമാത്രമായിരുന്നു. ഇതിനുപിന്നിലും നാരായണഅയ്യരുടെ സഹായമായിരുന്നു.

മതംമുതല്‍ സാങ്കേതികശാസ്ത്രംവരെയും നരവംശശാസ്ത്രംമുതല്‍ പാരമ്പര്യകലകള്‍വരെയും പ്രതിപാദിക്കുന്ന വിപുലമായ ഗ്രന്ഥശേഖരമാണ് പി ജിയുടെ വീട്ടില്‍ സജ്ജീകരിച്ചിട്ടുള്ളത്. കാള്‍ മാര്‍ക്സിന്റെ ജീവചരിത്രംതന്നെ 28 തരമുണ്ട്. ക്രിസ്തുമതം, ഇസ്ലാം, ബുദ്ധിസം, ജൈനിസം എന്നിവയെക്കുറിച്ച് ഡസന്‍കണക്കിന് പുസ്തകങ്ങള്‍. വേദങ്ങള്‍, ഭഗവത്ഗീത, തത്വചിന്ത, നാരായണീയം എന്നിങ്ങനെ ഒരു വിഭാഗം. ഇന്ത്യാചരിത്രം, ദേശീയപ്രസ്ഥാനം, ലോകചരിത്രം, കേരളനവോത്ഥാന നായകര്‍, കമ്യൂണിസ്റ്റ്പ്രസ്ഥാനം എന്നിവയെക്കുറിച്ചുള്ള പ്രൗഢഗ്രന്ഥങ്ങള്‍. മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, റോസ ലക്സംബര്‍ഗ്, ഗ്രാംഷി, കൊസാമ്പി തുടങ്ങിയവരുടെ പുസ്തകങ്ങളും ഇവരെക്കുറിച്ചുള്ള രചനകളും. വിദ്യാഭ്യാസം, ഭാഷാശാസ്ത്രം, ഭക്തിപ്രസ്ഥാനം, ക്ലാസിക്കുകള്‍, നിഘണ്ടുകള്‍, ജീവചരിത്രങ്ങള്‍, നോവലുകള്‍, കവിതകള്‍ തുടങ്ങിയവ. സാങ്കേതികശാസ്ത്രഗ്രന്ഥങ്ങളുമുണ്ട്. ലൈബ്രറിയായി ഉപയോഗിക്കുന്ന ഹാളില്‍ സ്ഥലം തികയാതെ വീട്ടിലെ മറ്റു മുറികളിലും പുസ്തകങ്ങള്‍ ശേഖരിച്ചിരിക്കുകയാണ്. ആഗ്രഹിക്കുന്ന രീതിയില്‍ വായിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു അവസാനാളുകളില്‍ പി ജിയുടെ വലിയ ദുഃഖം.
(സാജന്‍ എവുജിന്‍)

നിയമസഭയിലെ പിള്ളേര്‍സംഘം

വാക്ശരങ്ങള്‍കൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്ത്തുകയും സര്‍ക്കാരിനെതിരായ ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ തമാശകള്‍ പൊട്ടിക്കുകയും സഭയെ ചിരിയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ചെരുപ്പക്കാരുടെ ഒരു നിരതന്നെ ആദ്യ നിയമസഭയിലുണ്ടായിരുന്നു. ഇരുത്തംചെന്ന പ്രഗത്ഭമതികള്‍ക്കിടയില്‍ സഭാസമ്മേളനങ്ങള്‍ക്ക് ശബ്ദഭംഗിയും വര്‍ണ്ണപ്പൊലിമയും നല്‍കിയ യുവനിര. ഞാനും ഉള്‍പ്പെട്ടിരുന്ന ആ സംഘത്തിന്റെ നേതാവായിരുന്നു പി ഗോവിന്ദപിള്ള. വെളിയം ഭാര്‍ഗവന്‍, പുനലൂര്‍ രാജഗോപാലന്‍ നായര്‍, എം കല്യാണകൃഷ്ണന്‍ നായര്‍, തോപ്പില്‍ ഭാസി തുടങ്ങിയവാരിരുന്നു സംഘാഗംങ്ങള്‍. അന്നത്തെ പത്രക്കാര്‍ക്ക് "ജിന്‍ജര്‍ ഗ്രൂപ്പ്" അഥവാ "ഇഞ്ചിസംഘം". പി ടി ചാക്കോ, പി പി ഉമ്മര്‍കോയ, പട്ടം താണുപിള്ള, കെ എം ജോര്‍ജ്, സി എച്ച് മുഹമ്മദ് കോയ, ഹസന്‍ ഗനി, അഹമ്മദ് കുരുക്കള്‍, ജോസഫ് ചാഴിക്കാടന്‍ തുടങ്ങിയ വമ്പന്‍മാര്‍ അടങ്ങിയ പ്രതിപക്ഷ നിരയുടെ നിരന്തര ആക്രമണമാണ് മന്ത്രിമാര്‍ നേരിടേണ്ടിവന്നത്. മത-സാമൂദായിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങളായിരുന്നു ഏറെയും. ഇതില്‍നിന്ന് മന്ത്രിമാരെ പ്രതിരോധിക്കുന്നത് യുവനിരയായിരുന്നു. സഭാ സമ്മേളന ദിവസങ്ങളില്‍ ദിവസവും രാത്രിയില്‍ ഒത്തുകൂടി അടുത്ത ദിവസത്തേയ്ക്കുള്ള തന്ത്രങ്ങള്‍ മെനയും. ചോദ്യങ്ങളും അതിന്‍മേല്‍ നയിക്കേണ്ട ഉപചോദ്യങ്ങളുമടക്കം ചര്‍ച്ചയിലൂടെ തീരുമാനിക്കും. അന്ന് താമസം സെക്രട്ടറിയറ്റിനുസമീപത്തെ സേവ്യേഴ്സ് ഹോട്ടലിലായിരുന്നു. ഗോവിന്ദപിള്ള താഴെ നിലയിലും ഞാനും വെളിയവും തോപ്പില്‍ഭാസിയും രാജഗോപാലന്‍ നായരും മുകളിലുമായിരുന്നു. ഗോവിന്ദപിള്ളയ്ക്ക് ഒരിക്കലും കട്ടിലില്‍ കിടക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നും അതിഥികള്‍ക്കായിരുന്നു അവസരം.

സേവ്യേഴ്സില്‍ നടക്കുന്ന ചര്‍ച്ചകളായിരുന്നു ഞങ്ങളുടെ നിയമസഭയ്ക്കകത്തെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. കാര്‍ഷിക പരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഭരണ പരിഷ്കരണം, ജലസേചന പദ്ധതി തുടങ്ങിയവ നടപ്പാക്കിയപ്പോഴേയ്ക്കും വിമോചന സമരമെത്തി. എന്നാല്‍, ലോകം അംഗീകരിച്ച ഈ കേരള മാതൃകകളുടെ ഇ എം എസ് സര്‍ക്കാര്‍ സൃഷ്ടിച്ചത് പ്രതിപക്ഷത്തിന്റെ കടുത്ത എതിപ്പിനെ നേരിട്ടായിരുന്നു. പല കാര്യത്തിലും മത-സാമുദായിക ശക്തികളുടെ താല്‍പര്യമാണ് പ്രതിപക്ഷം സംരക്ഷിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, നിയമസഭയ്ക്കകത്തും പുറത്തും ഈ യുവനിരയെ നയിച്ചത് ഗോവിന്ദപിള്ളയായിരുന്നു. കാര്‍ഷികബന്ധ നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സെലക്ട് കമ്മിറ്റി അംഗമായതിനാല്‍ കൃഷിയിലായിരുന്നു ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഗോവിന്ദപിള്ള വിദ്യാഭ്യാസ കാര്യങ്ങളിലും. വിദ്യാഭ്യാസ ബില്ലിന്റെ ചര്‍ച്ചയിലെല്ലാം ഗോവിന്ദപിള്ള നിറഞ്ഞുനിന്നു. പട്ടം താണുപിള്ള എന്ന അതികായകന്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനും യുവസംഘത്തിന്റെ ഇടപെടീല്‍ കാരണമായി. ഗോവിന്ദപിള്ളയും വെളിയവും തോപ്പില്‍ഭാസിയും ഞാനും അടങ്ങിയ സംഘം പട്ടത്തെ "ഭൂതകാലത്തിന്റെ പ്രേതം" എന്നു വിളിച്ചു. ക്ഷുഭിതനായ പട്ടം സഭ വിട്ടിറങ്ങി. നിയമസഭയില്‍ എന്തിനീപിള്ളേര്‍! എന്ന ചോദ്യം ഉന്നയിച്ചവര്‍ക്ക് ആദ്യ നിയമസഭാ സമ്മേളനത്തില്‍തന്നെ തിരുത്തേണ്ടിവന്നു. "ഒരനുഭവുമില്ലാത്ത ഇവരെ എന്തിനു നിയമസഭയിലേക്ക് അയച്ചു" എന്ന കെ ബാലകൃഷ്ണന്‍ കേരള കൗമുദിയില്‍ എഴുതി. സമ്മേളനം കഴിഞ്ഞപാടെ കെ ബാലകൃഷ്ണന്‍ തിരുത്തി. തനിക്കു തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച ബാലകൃഷ്ണന്‍ ചെറുപ്പക്കാരായ എംഎല്‍എമാര്‍ അതിസമര്‍ഥരാണെന്നും നാടിന് അഭിമാനിക്കാമെന്നും പത്രത്തില്‍ എഴുതി.
(ഇ ചന്ദ്രശേഖരന്‍ നായര്‍)

*

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പി.ജിക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലി.