Tuesday, November 6, 2012

മനോരോഗ വിദഗ്ധര്‍ തല പരിശോധിക്കട്ടെ

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് വിശ്വാസ്യത പോരെന്ന് പറഞ്ഞ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ വരദാചാരിയുടെ തല ഒരു മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് 1997ല്‍ അന്നത്തെ സഹകരണമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് കുറിപ്പയച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. പഞ്ചായത്തുകളുടെ ഫണ്ട് മാനേജ്മെന്റില്‍ സഹകരണ മേഖലയെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശത്തെയാണ് വരദാചാരി എതിര്‍ത്തത്. പിണറായിയുടെ ആ കുറിപ്പ് ലാവ്ലിന്‍ കേസില്‍ ആണെന്ന് വരുത്തി പിന്നീട് മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നുണയന്മാരും സിബിഐയും നടത്തിയ നാടകങ്ങള്‍ ഈ കേരളത്തില്‍ ദയനീയമായി പൊളിഞ്ഞതാണ്. ഇന്ന് സഹകരണമേഖലയുമായി ബന്ധപ്പെട്ടുതന്നെ മനോരോഗ വിദഗ്ധരുടെ സേവനം വേണ്ടിവന്നിരിക്കുന്നു. സഹകരണ മേഖലയെ സംഘടിതമായി ആക്രമിച്ചു തകര്‍ക്കാനൊരുമ്പെടുകയാണ് ആഗോളവല്‍ക്കരണത്തിന്റെ നടത്തിപ്പുകാര്‍. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്, കേരളത്തിന്റെ സഹകരണ മേഖലയിലെ 70,000 കോടി രൂപയിലേറെയുള്ള നിക്ഷേപം വഴിതിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ്.

കേരളത്തിലെ കര്‍ഷകരും ഗ്രാമീണരും നഗരവാസികളുമെല്ലാം സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ജീവിതത്തിന്റെ ഏതെങ്കിലും തലത്തില്‍ സഹകരണ പ്രസ്ഥാനവുമായി ബന്ധംവയ്ക്കാത്ത ഒരു കേരളീയനെ കണ്ടെത്തുക വിഷമകരമാണ്. സഹകരണം സംസ്ഥാന വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ അതില്‍ ഇടപെടേണ്ടതില്ല. എന്നാല്‍, ഭരണഘടനാപരമായ പരിമിതികളെ ഗൗനിക്കാതെ സഹകരണ പ്രസ്ഥാനത്തിന്റെ അന്ത്യകൂദാശക്കൊരുങ്ങുകയാണ് കേന്ദ്ര യുപിഎ സര്‍ക്കാര്‍. ഹുണ്ടികക്കാരുടെ നീരാളിപ്പിടിയില്‍നിന്ന് കൃഷിക്കാരെയും ഗ്രാമവാസികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 1904ല്‍ ഇന്ത്യന്‍ സഹകരണ നിയമം പാസാക്കിയത്. ഈ നിയമം സഹകരണസംഘങ്ങളെ ലാഭനികുതിയില്‍ നിന്നൊഴിവാക്കി. ആറാം പഞ്ചവത്സര പദ്ധതിവരെ സഹകരണ മേഖലയ്ക്ക് നിര്‍ലോഭമായ പ്രോത്സാഹനം ലഭിച്ചു. 1995ലെ കമ്പനി നിയമ ഭേദഗതി (2002) സഹകരണ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനശിലയ്ക്ക് ഉഗ്രപ്രഹരമാണേല്‍പ്പിച്ചത്. 1997ല്‍ ആരംഭിച്ച ഒമ്പതാം പദ്ധതി മുതല്‍ സഹകരണം ആസൂത്രണത്തിനു പുറത്തായി. 1990ലെ ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി മാതൃകാ സഹകരണ നിയമം ശുപാര്‍ശ ചെയ്തു. 1990 മുതല്‍ സഹകരണ പ്രസ്ഥാനങ്ങളെ ഉദ്ധരിക്കാനെന്ന പേരില്‍ നിരവധി വിദഗ്ധ സമിതികള്‍ക്ക് രൂപംനല്‍കി (കപൂര്‍ കമ്മിറ്റി, പാട്ടീല്‍ കമ്മിറ്റി, വ്യാസ് കമ്മിറ്റി, 1998ലെ നരസിംഹം കമ്മിറ്റി, 2005ലെ എ വൈദ്യനാഥന്‍ ടാസ്ക്ഫോഴ്സ്, 2007ലെ രഘുറാം ജി രാജന്‍ കമ്മിറ്റി). സേവനത്തിനു പകരം ധനലാഭവും, സഹകരണത്തിനു പകരം മത്സരവും, സമഭാവനയ്ക്കു പകരം സ്വാര്‍ഥതയും, പങ്കുവയ്ക്കലിനു പകരം ആര്‍ത്തിയുമാണവര്‍ പ്രതിഷ്ഠിച്ചത്. സഹകരണ ബാങ്കുകളുടെ കമ്പനിവല്‍ക്കരണവും അവര്‍ ശുപാര്‍ശചെയ്തു.

2011ലെ ബാങ്കിങ് നിയമ (ഭേദഗതി) ബില്ലില്‍ തിരുത്താന്‍വച്ചിട്ടുള്ള ഒമ്പതു നിയമങ്ങളില്‍ രണ്ടെണ്ണം സഹകരണ നിയമങ്ങളാണ്. ഒന്ന്, 1904ലെ സഹകരണ നിയമം. രണ്ട്, 2002ലെ സംസ്ഥാന സഹകരണസംഘ നിയമം. 2012 ജനുവരിയില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയൊപ്പു വീണ 97-ാം ഭരണഘടനാ ഭേദഗതി സഹകരണത്തെ ഡല്‍ഹിയിലേക്ക് റാഞ്ചിയെടുത്തു. ഭരണഘടനയുടെ 7-ാം പട്ടികപ്രകാരം സഹകരണം സംസ്ഥാന വിഷയമായിരുന്നു. പ്രത്യക്ഷത്തില്‍ ഗുണകരമെങ്കിലും ഭേദഗതിയില്‍ മൂന്ന് അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ഒന്ന്, സംഘങ്ങളുടെ ബാഹുല്യം സൃഷ്ടിച്ചേക്കാവുന്ന കിടമത്സരവും അരാജകത്വ പ്രവണതയും. രണ്ട,് പ്രൊഫഷണലിസത്തിന്റെ പേരില്‍ ജനകീയ സ്വഭാവത്തിന്റെയും ഇടപെടലിന്റെയും മേലുള്ള കൈയേറ്റം. മൂന്ന്, സഹകാരികളുടെ സമ്പാദ്യം പലിശ ലക്ഷ്യമിട്ട് സഹകരണബാങ്കുകള്‍ക്കു പുറത്ത് നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം. സഹകരണബാങ്കുകള്‍ സ്വകാര്യ, വിദേശ, പുതുതലമുറ ബാങ്കുകളുമായി മത്സരിച്ച് മുന്നേറുകയെന്ന വിദഗ്ധ വേദാന്തം വിലപ്പോവില്ല.

പരസ്പര സഹകരണ സംഘങ്ങള്‍ക്കു പകരം സ്വാശ്രയ സംഘങ്ങള്‍ എന്ന ആശയം അപ്രായോഗികവും അസംബന്ധവുമാണ്. സഹകരണസ്ഥാപനങ്ങളെ കമ്പനികളാക്കുന്നത് ആപല്‍ക്കരമായിരിക്കും. സഹകരണ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ളവരാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍. നമ്മുടെ സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്വത്താണ്. തങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും പട്ടിണിയും കഷ്ടപ്പാടും അകറ്റുന്നതിനും അത്താണിയായി വര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നടക്കുന്നവരുടെ തല പരിശോധിപ്പിക്കാനും അവശ്യം വേണ്ട ചികിത്സ നല്‍കാനും അതുകൊണ്ടുതന്നെ ജനങ്ങള്‍ മുന്നോട്ടുവരുമെന്നതില്‍ സംശയമില്ല.


*****


മുഖപ്രസംഗം, ദേശാഭിമാനി 6/11/2012

No comments: