നാടകസാഹിത്യവും നാടകരംഗവും പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി'യെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു ഞാന്‍ കരുതുന്നു. മാത്രമല്ല 'പാട്ടബാക്കി'യുടെ കര്‍ത്താവായ കെ. ദാമോദരന്റെ ജന്മശതാബ്ദി (1912 ഫെബ്രുവരി 26 - 2012 ഫെബ്രുവരി 26) വര്‍ഷവും കൂടിയാണ് ഈ കാലം. സഖാവ് ഇ.എം.എസിന്റെ ആത്മകഥയില്‍ 'ജീവല്‍ സാഹിത്യസമ്മേളനം' എന്ന അന്‍പതാമധ്യായത്തിലൊരു ഭാഗത്തു പറയുന്നു.
"തൃശൂര്‍ സമ്മേളനം (1937 മധ്യവേനലവധിക്കാലം) കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് ജീവല്‍ സാഹിത്യപ്രസ്ഥാനത്തിന്റെ 'ആദ്യസന്തതി'യെന്ന് വിശേഷിപ്പിക്കാവുന്ന 'പാട്ടബാക്കി' എന്ന നാടകം അങ്ങേറിയത്. നാടകലക്ഷണങ്ങള്‍ എന്ന നിലക്ക് പണ്ഡിതരംഗീകരിച്ചിരുന്ന യാതൊന്നും ആ നാടകത്തില്‍ ഒരു പക്ഷേ കാണാനുണ്ടാവില്ല. പക്ഷേ 'പാമരന്‍'മാരായ കൃഷിക്കാര്‍ അതുകണ്ടു രസിച്ചു. അവരുടെ ജീവിതത്തിന്റെ ചിലഭാഗങ്ങളാണ് അവരതില്‍ കണ്ടത്. തങ്ങള്‍ക്കനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ചിത്രീകരിക്കുന്നതോടൊപ്പം തന്നെ അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗവും അതില്‍ പൊതുവേ നിര്‍ദേശിക്കപ്പെട്ടിരുന്നു. മലയാള സാഹിത്യരംഗത്ത് വര്‍ഗസമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യബോധത്തോടെ എഴുതപ്പെട്ട ആദ്യനാടകമാണ് കെ. ദാമോദരന്റെ പാട്ടബാക്കി.''
മലയാള സാഹിത്യത്തിന്റേയും സാഹിത്യ കലാരൂപങ്ങളുടേയും രൂപത്തിലും ഭാവത്തിലും അടിസ്ഥാനപരമായ മാറ്റുമുണ്ടാക്കിയ പ്രസ്ഥാനമാണ് 'ജീവല്‍ സാഹിത്യപ്രസ്ഥാനം'. 1936 ഏപ്രില്‍ 10ന് ലഖ്നൌവില്‍ ചേര്‍ന്ന പുരോഗമനസാഹിത്യനായകന്മാരുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ പ്രചോദനത്തിലാണ് കേരളത്തിലും അത്തരത്തില്‍ ഒരു സംഘം രൂപീകരണത്തിനുള്ള ശ്രമം നടന്നത്. ഇ.എം.എസിന്റെ വാക്കുകളില്‍ "ഇതിനുമുന്‍കൈ എടുത്തത് പതുക്കെ പതുക്കെ ആയി കമ്യൂണിസത്തിലേക്ക് മാറിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റുകാരാണ്.'' 'കല കലയ്ക്കുവേണ്ടി' എന്ന സമീപനം അംഗീകരിച്ചു രചന നടത്തിയിരുന്ന യാഥാസ്ഥിതിക സാഹിത്യകാരന്മാര്‍ക്കെതിരെ 'കല ജീവിതത്തിനുവേണ്ടി'യാണെന്നും, കലയെ സാമൂഹ്യപുരോഗതിയുടെ ആയുധമാക്കുകയാണ് വേണ്ടതെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പുരോഗമനവാദികളാണ്, അഖിലേന്ത്യാ പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ 'ജീവല്‍ സാഹിത്യ' സംഘം രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത്. ഇ.എം.എസ്., കെ. ദാമോദരന്‍, എന്‍.പി. ദാമോദരന്‍, എ. മാധവന്‍, കെ.കെ. വാര്യര്‍ എന്നിവര്‍ മുന്‍കൈ എടുത്ത് 1937-ല്‍ ഏപ്രില്‍ 20ന് തൃശൂര്‍ ട്യൂട്ടോറിയല്‍ അക്കാദമിയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനമാണ് ജീവല്‍സാഹിത്യസംഘത്തിന് രൂപം നല്‍കിയത്. പിന്നീടത് പുരോഗമനസാഹിത്യസംഘമായി.
അധ്വാനത്തിന്റെ മഹത്വവും, അധ്വാനിക്കുന്നവരുടെ പ്രണയവും ആദ്യം സര്‍ഗാത്മകരചനയ്ക്ക് വിഷയമാക്കിയത് മഹാകവി കുമാരനാശാനാണ്. അധ്വാനത്തിന്റെ മഹത്വത്തെ ആശാന്‍ 'ദുരവസ്ഥ' യില്‍ ഇങ്ങിനെ ഘോഷിച്ചു:
"..ല്ലില്ല ഞാനെന്റെ കാലം നയിക്കുമി
പുല്ലുമാടത്തില്‍ പ്പുലയിയായ്ത്താന്‍
അല്ലല്‍ മറന്നു ചെറുമികളോടുഞാന്‍
എല്ലാപണികളും ശീലിച്ചിടും''
ചാത്തന്റെ ഉല്‍ക്കൃഷ്ട പ്രണയത്തെക്കുറിച്ച് സാവിത്രിയിലൂടെ ആശാന്‍ പറഞ്ഞു:
"എത്ര വിലപെറും വസ്തു നീ ഹാ ചാത്താ
ചിത്രം നീ നിന്നെ അറിയുന്നില്ല.''
താണുകിടക്കുമീ രത്നത്തെ മുങ്ങും ഞാന്‍
കാണുമാറായ് വിധിസങ്കല്‍പത്താല്‍''
എന്നാല്‍ വാഴനട്ടവനാണ് അതിന്റെ 'കുലയുടെ' അവകാശി എന്ന പ്രഖ്യാപനത്തിലൂടെ ചൂഷിതനും, ചൂഷകനും തമ്മിലുള്ള ഏറ്റുമുട്ടല്‍ - വര്‍ഗസമരം - മലയാളസാഹിത്യത്തില്‍ തന്നെ ആദ്യം അവതരിപ്പിച്ചത് ചങ്ങമ്പുഴ 'വാഴക്കുല' എന്ന തന്റെ കവിതയിലൂടെയാണ്. മലയപ്പുലയന്റെ കഥ ഹൃദയസ്പൃക്കായി അവതരിപ്പിച്ചുകൊണ്ട് ജന്മിത്തത്തിന്റെ അക്രമത്തിനും അനീതിക്കും ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധം, കാവ്യാത്മകപ്രസംഗത്തിലൂടെ കവി തന്നെ നടത്തിയത് സഹിക്കാത്ത കേവലസൌന്ദര്യ പക്ഷപാതികള്‍ അത് അനൌചിത്യമായി ചൂണ്ടിക്കാട്ടി 'പല്ലുകടിക്കുകയും' കണ്ണുരുട്ടുകയും ആക്രോശിക്കുകയും ചെയ്തു. അത്തരം കേവല സൌന്ദര്യപക്ഷപാതികള്‍ 'പാട്ടബാക്കി'ക്കെതിരേയും ആക്ഷേപശരംതൊടുത്തുവിട്ടു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
കഥകളിയും കൂടിയാട്ടവും തകര്‍ത്താടിയ മലയാളത്തിന് ഏറെക്കാലത്തേക്ക് സ്വന്തം തിയറ്ററിന്റെ അഭാവം അനുഭവപ്പെടാത്തതില്‍ അല്‍ഭുതപ്പെട്ടിട്ടു കാര്യമില്ല. ജാതിവ്യവസ്ഥയുടെ മുറുകിയ ചട്ടക്കൂട്ടില്‍ വെള്ളരി നാടകങ്ങളും, നാടോടിനാടകങ്ങളും കൊണ്ട് കീഴാളര്‍ തൃപ്തിപ്പെട്ടു കഴിഞ്ഞതും സ്വാഭാവികം. ഇതിനിടയ്ക്കാണ് കച്ചവടക്കണ്ണും കണ്ണഞ്ചിക്കുന്ന വേഷപ്പകിട്ടും കാതടപ്പിക്കുന്ന 'രാഗവിസ്തരാവുമായി തമിഴ് നാടകസംഘങ്ങള്‍ കേരളത്തിലേക്കെത്തിയത്. തുടര്‍ന്ന് അതിനെ അനുകരിച്ച് മലയാളത്തിലും നാടകങ്ങളും നാടകക്കമ്പനികളുമുണ്ടായി. കേരളവര്‍മ വലിയ കോയിത്തമ്പുരാനെപ്പോലുള്ളവര്‍ കാളിദാസനുപോലും പിടികിട്ടാത്ത പണ്ഡിതോചിത ഭാഷയില്‍ 'ശാകുന്താളാദികള്‍' തര്‍ജ്ജമ ചെയ്ത് കേരള കാളിദാസന്മാരായ ഒരു ഘട്ടവും നമ്മുടെ നാടകപ്രസ്ഥാനത്തിനുണ്ട്. പുരാണകഥകള്‍ മറയാക്കി ദേശീയ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിക്കാന്‍ നാടകമെഴുതി യ കുറേ നാടകകൃത്തുക്കളും നമ്മുടെ നാടകപ്രസ്ഥാനത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരവും, അതില്‍ നിന്നുല്‍ഭൂതമായ പുതിയ ഒരു സംഘം ബുദ്ധിജീവികളും കലാശാലാ പ്രൊഫസറന്മാരും വിദ്യാര്‍ഥികളും സ്വാഭാവികമായി ഷേക്സ്പിയര്‍ നാടകങ്ങളും തുടര്‍ന്ന് പുതിയ പാശ്ചാത്യ നാടകങ്ങളും മലയാളരംഗവേദിയിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. ഈ പാശ്ചാത്യനാടക സാഹിത്യസങ്കേതങ്ങള്‍ സ്വീകരിച്ച് 'പ്രഹസനങ്ങള്‍' എന്ന പേരില്‍ മലയാള നാടകവേദിക്ക് ഒരു പുതുമ നല്‍കാന്‍ ശ്രമിച്ച ആദ്യത്തെ പ്രതിഭാശാലി സി.വി. രാമന്‍പിള്ളയാണെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ കൂടി മുന്‍കൈയില്‍ തിരുവനന്തപുരത്തു രൂപീകരിക്കപ്പെട്ട 'നാഷണല്‍ ക്ളബിന്റെ' വാര്‍ഷികങ്ങള്‍ക്കും ഓണാഘോഷങ്ങള്‍ക്കും മറ്റുമായി അദ്ദേഹം എഴുതിയ പ്രഹസനങ്ങളാണ് ഒരര്‍ഥത്തില്‍ മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകങ്ങള്‍.
എന്നാല്‍ മുപ്പതുകളില്‍ തെക്കേ മലബാറില്‍ ദേശീയപ്രസ്ഥാനത്തിനു സമാന്തരമായി ഉടലെടുത്ത സാമൂഹ്യനവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായ 'നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള' യോഗക്ഷേമസഭയുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സാമൂഹ്യപുരോഗതിയെ ആസ്പദമാക്കിയുള്ള നാടകപ്രസ്ഥാനം ഉടലെടുത്തത്. വി.ടി. ഭട്ടതിരിപ്പാടും ഇ.എം.എസുമായിരുന്നു ഇതിന്റെ മുഖ്യസംഘാടകര്‍. നാടകം എന്ന രംഗകലയെ ഒരു പ്രചരണോപാധിയും, സംഘാടന ഉപാധിയുമാക്കി മാറ്റാന്‍ തീരുമാനിച്ച അക്കാലത്തെക്കുറിച്ച് ഇ.എം.എസ്. തന്റെ ആത്മകഥയില്‍ ഇങ്ങിനെ പറയുന്നു:
"കൂടുതല്‍ സജീവമായ സംഘടനാ പ്രവര്‍ത്തനത്തിനായി വി.ടി. തൃശൂര്‍ വിടുകയുണ്ടായെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഈ സംഘടനാപ്രവര്‍ത്തനത്തിന്റെ ആദ്യരൂപം ഒരു നാടകസംഘരൂപീകരിക്കലും അതിന്റെ പരിപാടികളുമായിരുന്നു. വ്യക്തമായ ഒരു പൊതുലക്ഷ്യം മുന്‍നിര്‍ത്തി അതിന്റെ പ്രചാരണത്തിനുവേണ്ടി നാടകമെഴുതുക. ആ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന കുറേ ആളുകള്‍ കൂടി അത് അഭിനയിക്കുക. അങ്ങനെ രൂപം കൊള്ളുന്ന നാടകം ഒരിടത്തുനിന്ന് മറ്റൊരിടത്തുപോയി അഭിനയിക്കുന്നതിലൂടെ പ്രചാരവേലയും സംഘടനാ ജോലിയും നടത്തുക.'' (ഇ.എം.എസ്. ആത്മകഥ - 19-ാം അധ്യായം).
ഇങ്ങനെ രൂപപ്പെട്ട നാടകസംഘമാണ് വി.ടിയുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം അഭിനയിച്ചത്. മലയാളനാടക സാഹിത്യത്തിലും രംഗവേദിയിലും 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' ഒരു വഴിത്തിരിവായിരുന്നു.
ഒരര്‍ഥത്തില്‍ 'പാട്ടബാക്കി', 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്റെ ആരോഗ്യകരമായ ഒരു തുടര്‍ച്ചയാണെന്നു പറയാം. രണ്ടും സോദ്ദേശ നാടകങ്ങളാണ്. എന്നാല്‍ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന് 'സമുദായ പരിഷ്കരണം - നമ്പൂതിരിസമുദായത്തിലെ അന്ധവിശ്വാസം അനാചാരം തുടങ്ങിയവയ്ക്കെതിരായ പോരാട്ടം എന്ന സങ്കുചിതമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 'പാട്ടബാക്കി' ഒരു സാമൂഹ്യഘടനയെ 'സമ്പത്തിന്റെ കേന്ദ്രീകരണം' സാമൂഹ്യതിന്മകള്‍, ഇവയെ സംരക്ഷിക്കുന്ന അധികാരഘടന - ആകെ ഉടച്ചുവാര്‍ക്കുക എന്ന വിശാലമായ ലക്ഷ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. നിന്ദിതരും പീഡിതരുമായ അധ്വാനിക്കുന്ന വര്‍ഗത്തെ മോചിപ്പക്കുക എന്ന വര്‍ഗസമരമാണ് അതു ലക്ഷ്യം വച്ചത്. അതുകൊണ്ടുതന്നെ 'പാട്ടബാക്കി'യില്‍ ആവിഷ്കരിക്കപ്പെട്ടത് സാധാരണ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ചെറുകച്ചവടക്കാരുടെയും അവരെ ചൂഷണം ചെയ്യുന്ന ജന്മി മുതലാളിമാരുടെയും ജീവിതമാണ്.
കെ. ദാമോദരന്റെ 'പാട്ടബാക്കി'ക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സംഘര്‍ഷാത്മകമായ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്. 1930ലെ മഹാത്മാഗാന്ധിയുടെ ദണ്ഡിമാര്‍ച്ചിനെ തുടര്‍ന്ന് കേരളത്തില്‍ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹവും തുടര്‍ന്ന് കോഴിക്കോട്ടു കടപ്പുറത്തു നടന്ന നിയമലംഘനപ്രസ്ഥാനവും കേരളത്തില്‍ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വഴിത്തിരിവു കുറിച്ച ഒരു ഘട്ടമായിരുന്നു. അക്കാലത്ത് കോണ്‍ഗ്രസിലേക്ക് കടന്നുവന്ന ഒരു സംഘം ചെറുപ്പക്കാര്‍ അവരില്‍ ഭൂരിപക്ഷവും പിന്നിട് കമ്യൂണിസ്റുകാരായി - അന്നത്തെ 'ഞായറാഴ്ച കോണ്‍ഗ്രസുകാരാ'യ വക്കീല്‍ മേനവന്മാരില്‍ നിന്ന് സംഘടനയുടെ നേതൃത്വം പിടിച്ചെടുക്കുകയും കോണ്‍ഗ്രസിനെ ഒരു സജീവദേശീയസമരസംഘടനയാക്കുകയും ചെയ്തു. കൃഷിക്കാരുടേയും, തൊഴിലാളികളുടേയും വര്‍ഗസംഘടനകള്‍ രൂപീകരിച്ച് അവരെ കൂടി വിശ്വാസത്തിലെടുത്തു ദേശീയ പ്രസ്ഥാനത്തെ വിപുലീകരിക്കുന്നതിലായിരുന്നു അവരുടെ ശ്രമം. കര്‍ഷകസംഘവും തൊഴിലാളിയൂണിയനും വിദ്യാര്‍ഥിസംഘവുമെല്ലാം കെട്ടിപ്പടുത്തുകൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമമാണ് ഇടതുപക്ഷ കെ.പി.സി.സി. നേതാക്കളായ ചെറുപ്പക്കാര്‍ അക്കാലത്ത് ചെയ്തത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ. ഗോപാലന്‍, കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍, അബ്ദുല്‍ റഹ്മാന്‍ സാഹിബ് തുടങ്ങിയവരായിരുന്നു അന്ന് നേതൃനിരയിലുണ്ടായിരുന്നത്.
കൃഷിക്കാര്‍ക്കെതിരെ ജന്മിമാര്‍ നടത്തുന്ന പാട്ടപ്പിരിവ്, കുടിയൊഴിക്കല്‍ തുടങ്ങിയ അക്രമത്തെ ചെറുക്കാനും കര്‍ഷകരെ സംരക്ഷിക്കാനും നാടൊട്ടുക്ക് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനും അവര്‍ തീരുമാനിച്ചു. സമ്മേളനങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ എന്തൊക്കെയാവാമെന്ന് അവര്‍ ആലോചിച്ചു. ആ ആലോചനയുടെ ക്രിയാത്മകഫലങ്ങളിലൊന്നാണ് 'പാട്ടബാക്കി' എന്ന നാടകം.പാട്ടബാക്കിയുടെ രചനക്ക് പിന്നിലെ സംഭവങ്ങളെക്കുറിച്ച് കെ. ദാമോദരന്‍ തന്നെ പറഞ്ഞിട്ടുള്ളത് ഇവിടെ ഉദ്ധരിക്കട്ടെ:
"കൊല്ലം 1937. ഗുരുവായൂരില്‍നിന്ന് അഞ്ചാറുനാഴിക വടക്ക് വൈലത്തൂര്‍ എന്ന സ്ഥലത്തുവച്ച് പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനം നടക്കാന്‍ പോവുകയാണ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്നുചേര്‍ന്ന് നേതാക്കന്മാര്‍ കടലായി മനയ്ക്കലിരുന്നു കൊണ്ട് സമ്മേളനം വിജയിപ്പിക്കേണ്ടത് എങ്ങിനെയെന്നതിനെപ്പറ്റി കൂടിയാലോചനകള്‍ നടത്തുകയാണ്. ഞാനൊരഭിപ്രായമെടുത്തിട്ടു. ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കില്‍ കൂടുതല്‍ കൃഷിക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞു
"നാടകമുണ്ടെന്നറിഞ്ഞാല്‍ സമ്മേളനത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കും. എന്തെങ്കിലും നാടകമായാല്‍പ്പോര. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം. പക്ഷേ അത്തരമൊരു നാടകം മലയാളത്തിലാരും ഇതേവരെ എഴുതിയിട്ടില്ല. പ്രായോഗികമായ വല്ല നിര്‍ദേശങ്ങളുമുണ്ടോ?''
എന്നിട്ട് എന്റെ നേര്‍ക്കുതിരിഞ്ഞുകൊണ്ടു ചോദിച്ചു "തനിക്കൊരു നാടകമെഴുതിക്കൂടേ?'' നിശബ്ദത. എല്ലാവരും എന്റെ നേരെ നോക്കുന്നു. ഞാന്‍ പറഞ്ഞു "ശ്രമിച്ചുനോക്കാം'' ഇ.എം.എസ്. "നോക്കാമെന്നുപറഞ്ഞാല്‍ പോര ഇനി ഒരാഴ്ചയേയുള്ളൂ'' ഞാന്‍ 'ശരി എഴുതാം' ... എന്റെ മനസ്സു മന്ത്രിച്ചു 'കഴിയുമോ ഏല്‍ക്കേണ്ടിയിരുന്നില്ല'. പക്ഷേ ഏറ്റുപോയി... രണ്ടുദിവസം കൊണ്ടുനാടകം എഴുതിതീര്‍ത്തു'' (കെ. ദാമോദരന്റെ സമ്പൂര്‍ണ കൃതികള്‍ ഏഴാംഭാഗത്തില്‍ നിന്ന്)
പതിനാലുരംഗങ്ങളും മുഖ്യകഥാപാത്രങ്ങളും, അപ്രധാനകഥാപാത്രങ്ങളുമടക്കം പതിനെട്ടിലേറെ കഥാപാത്രങ്ങളുമുള്ള നാടകമാണ് പാട്ടബാക്കി. മുക്കാട്ടിരിമനയ്ക്കലെ കുടിയാന്റെ മകനായ കിട്ടുണ്ണി, കൃഷികൊണ്ടുജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പട്ടണത്തിലെ കമ്പനിയില്‍ തൊഴിലാളിയായി പണിയെടുക്കാന്‍ നിര്‍ബന്ധിതനായി തലചായ്ക്കാനൊരു കൂരയ്ക്കുവേണ്ടിയാണ് കിട്ടുണ്ണി അയാളുടെ അമ്മ, യൌവ്വനയുക്തയായ പെങ്ങള്‍ കുഞ്ഞിമാളു, നാലുവയസുകാരനായ സഹോദരന്‍ ബാലന്‍ എന്നിവര്‍ അടങ്ങിയ ആ കുടുംബം മുക്കാട്ടിരിമനയ്ക്കലെ പാട്ടാക്കാരായത്. കിട്ടുന്ന നെല്ലുമുഴുവന്‍ 'പാട്ട'മളക്കുകയും. നാളികേരം മാത്രമുള്ള തുണ്ടുപറമ്പിലേ ആദായം നിത്യവൃത്തിക്കുപോലും തികയാത്ത അവസ്ഥയില്‍ 'പാട്ടബാക്കി' പിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായര്‍, അനുദിനം ആ കുടുംബത്തിന് പേടിസ്വപ്നമായി മാറുന്നു.
മുക്കാട്ടിരിമനയ്ക്കലെ ജന്മിയും - കിട്ടുണ്ണിയുടെ കുടുംബവും തമ്മില്‍ 'പാട്ടബാക്കി'യുടെ പേരില്‍ നടക്കുന്ന ഏറ്റുമുട്ടലാണ് നാടകത്തിന്റെ മര്‍മം. ഒപ്പം തൊഴിലാളി - മുതലാളി ഏറ്റുമുട്ടലും കൊളോണിയല്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ ഇരകളായ സാധാരണക്കാരുടെ ജീവിതത്തിന്റെ പൊറുതിമുട്ടലും. 1930കളിലെ ലോകമുതലാളിത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടതാണ് നാടകത്തിലെ ഇതിവൃത്തം.
നാടകം ആരംഭിക്കുന്നത് കിട്ടുണ്ണിയുടെ ചെറ്റപ്പുരയുടെ പശ്ചാത്തലത്തിലാണ്. പാവപ്പെട്ട സാധാരണക്കാരന്റെ പട്ടിണിയുടെയും വറുതിയുടെയും പ്രതീകമായി ഒട്ടിയ വയറുതടവി "അമ്മേ വിശക്കുന്നു... വല്ലാതെ വിശക്കുന്നു'' എന്നുറക്കെ കരഞ്ഞുവിളിച്ചു കയറിവരുന്ന ബാലന്റെ രംഗപ്രവേശം തുടക്കത്തിലേ നാടകീയതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. കടം മേടിച്ചെങ്കിലും ഒരു നേരത്തെ കഞ്ഞിക്കു വകതേടാന്‍ 'കുഞ്ഞിമാളു' ഓപ്പോള്‍ പോയിട്ടുണ്ടെന്നും അവള്‍ എന്തെങ്കിലും കൊണ്ടുവരാതിരിക്കില്ലെന്നും വന്നാല്‍ കഞ്ഞി ഉണ്ടാക്കി കൊടുക്കാമെന്നും സമാധാനപ്പെടുത്തി കുഞ്ഞുമകനെ കളിക്കാന്‍ പറഞ്ഞയയ്ക്കുന്ന അമ്മയും പാട്ടബാക്കി പിരിക്കാനെത്തുന്ന കാര്യസ്ഥന്‍ രാമന്‍നായരുടെ സംസ്കാരശൂന്യമായ പരുക്കന്‍ പെരുമാറ്റവും വറ്റില്ലാത്ത കഞ്ഞിവെള്ളവുമായെത്തുന്ന കുഞ്ഞിമാളുവും അതു കുടിച്ച് അതൃപ്തി പ്രകടിപ്പിക്കുന്ന ബാലനും ഒക്കെ ചേര്‍ന്ന് അക്കാലത്തെ കുടിയാന്റെ ജീവിതചിത്രം തന്മയത്വത്തോടെ സഹൃദയര്‍ക്ക് അനുഭവവേദ്യമാക്കുന്നു.
കൂലിക്കുറവും ഉല്‍പന്നവിലയിടിവും തൊഴിലില്ലായ്മയും കൊണ്ട് നിരന്തരം ദരിദ്രവാസികളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന സാധാരണക്കാരും അതിന്റെ തിക്തഫലം അനുഭവിക്കുന്ന ചെറുകച്ചവടക്കാരും രൊക്കം പണം കൊടുത്ത് ഒരു ചായപോലും വാങ്ങിക്കുടിക്കാന്‍ കഴിയാത്ത സാധാരണക്കാരും അവരുടെ ധര്‍മസങ്കടങ്ങളും ചിത്രീകരിച്ച് ബദല്‍ രാഷ്ട്രീയസാമ്പത്തിക ജീവിതചിന്തകള്‍ അവതരിപ്പിക്കുകയാണ് രണ്ടാംരംഗത്തില്‍. ചായപ്പീടികയില്‍ ചായകുടിക്കാന്‍ കയറിയ മുഹമ്മദ് എന്ന തൊഴിലാളി തന്റെ സുഹൃത്തായ കിട്ടുണ്ണിയെ പീടികയിലേയ്ക്ക് ക്ഷണിക്കുന്നു. അയാള്‍ക്കൊരു ചായയും പുട്ടും നല്‍കാന്‍ പീടികക്കാരനോടു പറയുന്നു. എന്നിട്ട് തങ്ങളുടെ പങ്കപ്പാടുകള്‍ പരസ്പരം കൈമാറുന്നു. കിട്ടുണ്ണി തന്റെ മുതലാളി ഒരു തൊഴിലാളിയുടെ മുഖത്തു തുപ്പിയകാര്യം മുഹമ്മദിനോട് പറയുമ്പോള്‍ രോഷകുലനാകുന്ന വര്‍ഗബോധമുള്ള മുഹമ്മദ് എന്ന തൊഴിലാളിയെ നാടകകൃത്ത് അവതരിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.
"മുഹമ്മദ് - തുപ്പുക എന്ത് തെമ്മാടിത്തം. എല്ലു മുറിയെ പണിചെയ്താല്‍ പോര ഇവരുടെ ചവിട്ടും കുത്തും കൊള്ളണം! അപമാനം സഹിക്കണം!
കിട്ടുണ്ണി - എന്തുചെയ്യാം! യാതൊരുനിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഞാന്‍ കമ്പനിയില്‍ പോകുന്നത്. അച്ഛനുള്ള കാലത്ത് കൃഷിമാത്രമേ നടത്തിയിരുന്നുള്ളൂ. അനുഭവം കിട്ടുമെന്നു വിചാരിച്ചിട്ടല്ല. കിടന്നു പാര്‍ക്കാന്‍ ഒരു സ്ഥലം വേണം.
മുഹമ്മദ് - എന്തൊരുനിര്‍ദയത. ഇന്നത്തെ നീചമായ സമുദായത്തില്‍ മനുഷ്യന്‍ മൃഗമാണ്. പിടിച്ചുപറിനീതിയും. അതേ ഒരു സോഷ്യലിസ്റു സമുദായത്തില്‍ മാത്രമേ മനുഷ്യനു മനുഷ്യനായി ജീവിക്കാന്‍ കഴിയൂ''
പാവപ്പെട്ടവരും കൂലിവേലക്കാരുമായ മനുഷ്യര്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മറ്റൊരു ബദല്‍ വ്യവസ്ഥയുണ്ടെന്ന പ്രത്യാശ തന്റെ നാടകത്തിലൂടെ സൂചിപ്പിക്കുകയാണ് നാടകകൃത്ത് ഇവിടെ ചെയ്തിട്ടുള്ളത്. നാടകലക്ഷ്യത്തിന്റെ സാക്ഷാല്‍കാരത്തിന് ഈ സംഭാഷണശകലം വളരെയേറെ സഹായിക്കുന്നുമുണ്ട്.
നിത്യപട്ടിണിയിലായ കിട്ടുണ്ണിയുടെ വീട്ടില്‍, കടംപിരിക്കാനെത്തുന്ന അവറാനും പാട്ടംപിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായരും സൃഷ്ടിക്കുന്ന ബാഹ്യസംഘര്‍ഷങ്ങളും വിശന്നുകരയുന്ന കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ 'കടം' തേടിപ്പോകുന്ന കിട്ടുണ്ണിയുടെ അന്തസംഘര്‍ഷവും കൊണ്ട് നാടകത്തിനുപിരിമുറുക്കം കൂട്ടുന്നതരത്തിലാണ് മൂന്നാംരംഗം ഒരുക്കിയിട്ടുള്ളത്.
കിട്ടുണ്ണിയുടെ മുതലാളിയുടെ ഭവനത്തിലാണ് നാലാംരംഗത്തിലെ സംഭവങ്ങള്‍. 30കളില്‍ സോഷ്യലിസത്തിനും തൊഴിലാളിസംഘടനയ്ക്കും അത് സംഘടിപ്പിക്കുന്ന നേതാക്കള്‍ക്കുമെതിരായ അപവാദങ്ങളും അനാവശ്യ ഇടപെടലുകളും യൂണിയന്‍ തകര്‍ക്കാന്‍ പോലീസിനെ ഇടപെടുത്തലും ഒക്കെ ചിത്രീകരിക്കുന്നതാണ് ഈ രംഗത്തിന്റെ ഉള്ളടക്കം. ആശയരംഗത്ത് ജന്മി - മുതലാളിചൂഷണത്തെ വെള്ളപൂശാന്‍ പണം കൊടുത്ത് കൂലിക്കെഴുത്തുകാരെ സംഘടിപ്പിക്കുന്ന മുതലാളിമാരുടെ നാണംകെട്ട പ്രവൃത്തിയേയും ഈ രംഗം അനാവരണം ചെയ്യുന്നുണ്ട്.
കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ പലപല പടിവാതില്‍ക്കലും മുട്ടിയിട്ടും കടം കിട്ടാതെ സ്വന്തം മുതലാളിയുടെ മുന്നില്‍ കടം യാചിച്ചെത്തിയ കിട്ടുണ്ണിക്ക് കടംകിട്ടിയില്ലാ എന്നു മാത്രമല്ല, നായയെ വിട്ടുകടിപ്പിക്കുമെന്ന സ്ഥിതിവരെ വന്നപ്പോള്‍ അയാള്‍ തെരുവിലേയ്ക്കിറങ്ങി ഓടേണ്ടതായിവന്നു. അങ്ങനെ എല്ലാം നഷ്ടപ്പെട്ട്, തന്റെ കുഞ്ഞനുജന്റെ വിശപ്പുമാറ്റാന്‍ എന്തു ചെയ്യണമെന്നറിയാതെ തെരുവിലലഞ്ഞ കിട്ടുണ്ണി... കട്ടിട്ടായാലും അനുജന്റെ വിശപ്പു കെടുത്തണമെന്ന് ഒരു നിമിഷം ചിന്തിച്ചുപോകുന്നു. ഒടുവില്‍ അതൊരിക്കലും ശരിയല്ല എന്ന് സ്വയം ഉറച്ച് ഒരു സേര്‍ അരിയെങ്കിലും കടംവാങ്ങാമെന്ന ചിന്തയോടെ അത്തന്‍കുട്ടിയുടെ കടയിലേക്ക് കയറിച്ചെല്ലുന്നു. കിട്ടുണ്ണി എത്ര കെഞ്ചിയിട്ടും അത്തന്‍കുട്ടി അരികൊടുക്കാന്‍ തയ്യാറായില്ല. ഒരു ദുര്‍ബല നിമിഷത്തില്‍ തഞ്ചത്തില്‍ അത്തന്‍കുട്ടി അറിയാതെ കിട്ടുണ്ണി ഒരുപിടി അരി മോഷ്ടിക്കുന്നു. അതു കൈയോടെ പിടിച്ച അത്തന്‍കുട്ടി കിട്ടുണ്ണിയെ പോലീസിലേല്‍പ്പിക്കുന്നു. താന്‍ കള്ളനല്ലെന്നും സാഹചര്യം കൊണ്ട് മോഷ്ടിക്കേണ്ടിവന്നതാണെന്നു പറഞ്ഞിട്ടും കിട്ടുണ്ണിയെ കണ്ണൂര്‍ ജയിലില്‍ ആറുമാസത്തേയ്ക്ക് ശിക്ഷിച്ചയയ്ക്കുന്നു. കുഞ്ഞുമാളുവിനോട് അപമര്യാദയായി പെരുമാറിയ കാര്യസ്ഥന്‍ രാമന്‍നായരെ അവള്‍ ചൂലുകൊണ്ടടിച്ചതിന്റെ പ്രതികാരമായി ആ കുടുംബത്തെ കുടിയിറക്കുന്നു. രോഗിയായ അമ്മയുടേയും കുഞ്ഞനുജന്റെയും കൈയും പിടിച്ച് കുഞ്ഞിമാളുതെരുവിലേയ്ക്കിറങ്ങുന്നു. പട്ടിണിയും രോഗവുംകൊണ്ട് അമ്മ തെരുവില്‍ കിടന്നു മരിക്കുന്നു. തന്റെ കുഞ്ഞനുജന്റെ വിശപ്പടക്കാന്‍ ഗത്യന്തരമില്ലാതെ കുഞ്ഞിമാളു വ്യഭിചാരശാലയെ അഭയം പ്രാപിക്കുന്നു. ജയില്‍ ശിക്ഷകഴിഞ്ഞുനാട്ടിലെത്തുന്ന കിട്ടുണ്ണി വ്യഭിചാരശാലയില്‍ സ്വന്തം പെങ്ങളെ തേടിയെത്തുന്നു. ആദ്യം പൊട്ടിത്തെറിച്ചെങ്കിലും കാര്യങ്ങള്‍ മനസിലാക്കി അയാള്‍ സമചിത്തതയോടെ അവളെ സാന്ത്വനപ്പെടുത്തുന്നു.
നാടകാന്ത്യത്തിലെ ഈ സന്ദര്‍ഭം വികാരഭരിതവും വിശ്വാസയോഗ്യവുമായാണ് നാടകകൃത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെ ജയിലില്‍നിന്ന് കുടുംബത്തെ തേടി നാട്ടിലേയ്ക്കെത്തിയ കിട്ടുണ്ണി അമ്മയുടെ മരണവും പെങ്ങളുടെ അപ്പോഴത്തെ അവസ്ഥയും താങ്ങാനാവാതെ വ്യഭിചാരശാലയിലെത്തുന്നു. അവളെ കണ്ടുമുട്ടുന്നു. രോഷാകുലനായ കിട്ടുണ്ണി പെങ്ങളുടെ പുതിയമാറ്റത്തിന്റെ സാഹചര്യം മനസ്സിലാക്കി മനസാന്തരപ്പെടുക മാത്രമല്ല, അവളെ സമാശ്വസിപ്പിക്കുകയും ഇതിനൊക്കെ കാരണമായ സാമൂഹ്യസാമ്പത്തികനീതിയോടും അതിനെ സംരക്ഷിക്കുന്ന അധികാരത്തോടും പൊരുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നാടകം അവസാനിക്കുന്നത് ഇങ്ങനെയാണ്:
"കിട്ടുണ്ണി - അതേ ക്രൂരമായ സമുദായത്തില്‍ മുതലാളികളുടേയും അവരുടെ കിങ്കരന്മാരുടേയും ഉപദ്രവംകൊണ്ട്, മര്‍ദനംകൊണ്ട് അനേകം ജനങ്ങള്‍ക്ക് പട്ടിണികിടക്കേണ്ടിവരുന്ന ഇന്നത്തെ സമുദായത്തില്‍ കളവും വ്യഭിചാരവും പാപമല്ല! കുഞ്ഞിമാളു, ദാരിദ്ര്യമാണ് മനുഷ്യരെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. മോഷണവും വ്യഭിചാരവും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം നശിക്കണം. ദാരിദ്ര്യം നശിക്കണമെങ്കിലോ ഇന്നത്തെ ഭരണസമ്പ്രദായം മാറണം
കുഞ്ഞിമാളു - മാറണം. പക്ഷേ എങ്ങിനെ?
കിട്ടുണ്ണി - കുഞ്ഞിമാളൂ നമുക്കീ സമുദായത്തോടു പകരം ചോദിക്കണം. ഈ സമുദായസംഘടനയെ നമുക്കൊന്നുടച്ചുവാര്‍ക്കണം.
കുഞ്ഞുമാളു - പകരം ചോദിക്കണം! ഉടച്ചുവാര്‍ക്കണം. പക്ഷേ എങ്ങിനെ.
കിട്ടുണ്ണി - എങ്ങിനെയെന്നു ഞാന്‍ പറഞ്ഞുതരാം.''
കിട്ടുണ്ണിയുടെ ഈ വാക്കുകളോടെയാണ് നാടകത്തിന്റെ തിരശീല വീഴുന്നത്. കെ. ദാമോദരനും ദാമോദരന്റെ പാര്‍ടിയും പറഞ്ഞുതന്ന ആ വഴികളിലൂടെയാണ് കേരളത്തിലെ കൃഷിക്കാരും തൊഴിലാളികളും അവരുടെ സ്വപ്നങ്ങള്‍ പൂവണിയിച്ച 1957 ഏപ്രില്‍ 5ന്റെ പുലരിപൂമുഖത്തു ചെങ്കൊടി ഉയര്‍ത്തിയത്. നാടകത്തിന്റെ മുഖ്യപ്രേരകനായ ഇ.എം.എസിനെ അതിന്റെ നായകനാക്കിയത്.
നാടകാന്ത്യത്തിലെ നാടകീയതയെയും ഔചിത്യത്തേയും ചമല്‍ക്കാരഭംഗിയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പ്രശസ്ത നാടകചിന്തകനും നാടകകൃത്തുമായ സി.ജെ. തോമസ് പ്രകടിപ്പിച്ച അഭിപ്രായത്തിലെ പ്രസക്തമായ വരികള്‍ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ!
"പാട്ടബാക്കിയില്‍ മറ്റൊരു പ്രത്യേകതയുള്ളത് അതിന്റെ അവസാനമാണ്. മറ്റൊരു സാഹിത്യകാരനായിരുന്നെങ്കില്‍ കുഞ്ഞിമാളു കിട്ടുണ്ണിയുടെ കഠാരയ്ക്കിരയാവുകയെന്നത് തീര്‍ച്ചയായിരുന്നു. പക്ഷേ ഇവിടെ പശ്ചാത്താപം പരാജയമനോഭാവത്തിലേക്കോ ആത്മഹത്യയിലേക്കോ അല്ല വഴി തെളിക്കുന്നത്. അത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചിന്താഗതിയായിരുന്നുകൂടാ. അതു സത്യമായിരുന്നെങ്കില്‍ ഇന്നു വടക്കേ മലബാറിലേയും ചേര്‍ത്തലയിലേയും ഒട്ടുവളരെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നു. കിട്ടുണ്ണി "എങ്ങിനെയെന്നു കാണിച്ചുതരാം വരൂ!'' എന്നു പറഞ്ഞു കുഞ്ഞിമാളുവിന്റെ കൈയും പിടിച്ച് പടക്കളത്തിലേയ്ക്കിറങ്ങുകയാണ്.''
തുടര്‍ന്ന് സി.ജെ. പറയുന്നു. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും 'പാട്ടബാക്കി'യെ മലയാളത്തിലെ ഏറ്റവും വിജയകരമായ നാടകമാക്കിത്തീര്‍ക്കുന്നു.
ആദ്യാവതരണത്തിന്റെ അനുഭവം ഏതൊരു നാടകകൃത്തിനും മറക്കാനാവില്ല. ആദ്യാവതരണ അനുഭവം ദാമോദരന്‍ ഇങ്ങിനെ സ്മരിക്കുന്നു.
"നാടകം അവസാനിച്ചയുടനേ പ്രവര്‍ത്തകര്‍ എന്റെ ചുറ്റുംകൂടി. "നാടകം അസ്സലായി'' "ഗംഭീരമായി'' "കാണികള്‍ക്കിഷ്ടായി''
ഇ.എം.എസ്. അഭിപ്രായപ്പെട്ടു, "നമുക്കൊരു കാര്യം ചെയ്യണം. മറ്റു താലൂക്കുകളിലും നമുക്കീനാടകം കളിക്കണം.''
നാടകം നടന്നുകൊണ്ടിരുന്നപ്പോള്‍ കൈ അടിച്ചവരുടെ കൂട്ടത്തില്‍ സ: പി. കൃഷ്ണപിള്ളയുമുണ്ടായിരുന്നു. കളികഴിഞ്ഞ് കാണികള്‍ പിരിഞ്ഞുപോയശേഷം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു:
"ആകപ്പാടെ നന്നായിട്ടുണ്ട് പക്ഷേ ചില രംഗങ്ങള്‍ കുറച്ചുകൂടി നന്നാക്കണം. ഉദാഹരണത്തിന് ചായപ്പീടിക. മുഹമ്മദിനെപ്പോലെ സംസ്കൃതത്തില്‍ പ്രസംഗിക്കുന്ന ഏതെങ്കിലും തൊഴിലാളിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? താന്‍ പ്ളാറ്റുഫോറത്തില്‍ കയറി പ്രസംഗിക്കുന്നതുപോലെയുണ്ട്. ഒരു കാര്യം ചെയ്താലെന്താണ്. ചായപ്പീടിക അതാതു സന്ദര്‍ഭത്തിലെ രാഷ്ട്രീയകാര്യങ്ങളെപ്പറ്റിയും അതത് സ്ഥലത്തെ മര്‍ദനങ്ങളെപ്പറ്റിയുമെല്ലാം സാധാരണജനങ്ങളുടെ ഭാഷയില്‍ വാദപ്രതിവാദം നടത്തുന്ന ഒരു രംഗമായികൂടേ'' -
ഇതുപോലെ ക്രിയാത്മകമായ നിരവധി ഉപദേശങ്ങളും നിര്‍ദേശങ്ങളും നാടകത്തെകുറിച്ച് അക്കാലത്തുണ്ടായി.
നാടകമര്‍മജ്ഞനും, സാഹിത്യചരിത്രകാരനുമായ പി.കെ. പരമേശ്വരന്‍നായര്‍ തന്റെ സാഹിത്യചരിത്രത്തില്‍ 'പാട്ടബാക്കി'യുടെ സ്ഥാനം അടയാളപ്പെടുത്തിയതിങ്ങനെയാണ്.
"കഥാഘടന വിശ്വസനീയവും കലാസുന്ദരവുമായ രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതത്തില്‍നിന്ന് അടര്‍ത്തി എടുത്ത ഒരേടാണ് അത്. അതിനാല്‍ സാമാന്യജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കി എടുക്കാന്‍ പ്രയാസമില്ല. അതിലെ സംഘട്ടനം അവരെ ആവേശം കൊള്ളിക്കുകയും ചെയ്യും''
എന്നാല്‍ അന്നത്തെ യാഥാസ്ഥിതിക സാഹിത്യ നിരൂപകന്മാര്‍ തികഞ്ഞ പുച്ഛത്തോടും, ശത്രുതയോടുമാണ് 'പാട്ടബാക്കി' എന്ന മലയാളസാഹിത്യത്തിലെ രാഷ്ട്രീയ നാടകശാഖക്ക് അടിത്തറയിട്ട 'പാട്ടബാക്കി'യെ വിലയിരുത്തിയത്. പ്രശസ്ത മാര്‍ക്സിയന്‍ സൌന്ദര്യചിന്തകനായ പി. ഗോവിന്ദപ്പിള്ള തന്റെ 'കെ. ദാമോദരന്‍ പോരും പൊരുളും' എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്
"നിരൂപകവരേണ്യരില്‍ പ്രമുഖരും കമ്യൂണിസത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുക്കളും ആയിരുന്ന കുട്ടിക്കൃഷ്ണമാരാരും എം.ആര്‍. നായര്‍ എന്ന സഞ്ജയനും 'പാട്ടബാക്കി' കലാമൂല്യമില്ലാത്ത വെറും പ്രചരണോപാധിയാണെന്നക്ഷേപിക്കുകയുണ്ടായി'' എന്നാണ്.
'പാട്ടബാക്കി' പുസ്തകമാക്കിയതിനു പിന്നിലും ഒരു ചരിത്രമുണ്ട്. നാടകം എഴുതിക്കഴിഞ്ഞ് റിഹേഴ്സല്‍ ഉടനേ തുടങ്ങണം. എഴുതിയ പുസ്തകത്തിലെ താളുകള്‍ കീറിയെടുത്തു നടന്മാര്‍ക്കുകൊടുത്തു. നാടകം വിജയകരമായി അരങ്ങേറുകയും ചെയ്തു. അപ്പോഴാണ് നാടകകൃതി കൈയ്യിലില്ലെന്ന ബോധ്യം നാടകകൃത്തിനുണ്ടായത്. പിന്നെ നടന്മാര്‍ക്കുകൊടുത്ത കടലാസുകളെല്ലാം തിരികെ വാങ്ങി തുന്നിചേര്‍ത്ത് അതിന്റെ പകര്‍പ്പെടുത്താണ് മാതൃഭൂമിയ്ക്കയച്ചുകൊടുത്തത്. മൂന്നുലക്കങ്ങളിലായി 'മാതൃഭൂമി' അത് പ്രസിദ്ധീകരിച്ചു.
എം.പി. ഭട്ടതിരിപ്പാട് (പ്രേംജി) പരിയാനംപറ്റ, എം.എസ്. നമ്പൂതിരി തുടങ്ങിയ അക്കാലത്തെ ജനകീയകലാകാരന്മാരടക്കം നിരവധിപേര്‍ നൂറുകണക്കിനു വേദികളില്‍ നാടിന്റെ നാനാഭാഗത്തുമായി ഈ നാടകം അരങ്ങേറി. ആദ്യനാടകാവതരണം കണ്ട് പി. കൃഷ്ണപിള്ള അഭിപ്രായപ്പെട്ടപോലെ പില്‍ക്കാലത്ത് ഓരോ വേദിയിലും അവശ്യം ആവശ്യമായ മാറ്റങ്ങളോടുകൂടിയാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. അങ്ങിനെ അക്കാലത്തെ കാര്‍ഷികപ്രശ്നങ്ങളും സംഘര്‍ഷങ്ങളും അതിസമര്‍ഥമായി അവതരിപ്പിക്കുന്ന ലക്ഷ്യബോധമുള്ള ശക്തമായ ഒരു കലാശില്‍പമായി 'പാട്ടബാക്കി' സ്വയംമാറി. ഇതൊന്നും അറിയാതെ നാടകകൃത്തായ ദാമോദരനാകട്ടെ ഒളിവില്‍ നിന്നു ജയിലിലും ജയിലില്‍നിന്ന് ഒളിവിലുമായി രാഷ്ട്രീയ സംഘടനാപപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കേരളത്തിലൂടനീളം സഞ്ചരിക്കുന്നതിനിടയില്‍ 'പാട്ടബാക്കി'യുടെ കാര്യം തന്നെ വിസ്മരിച്ചമട്ടായി. മുന്‍പ് 'അടുക്കളയില്‍ നിന്നരങ്ങത്തേയ്ക്കെന്ന' നാടകത്തെപ്പോലെ സമാനമനസ്കരായ നിരവധി കലാകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 'പാട്ടബാക്കി' യും കലാസുഭഗവും ശക്തവുമായ ഒരു ദൃശ്യശില്‍പമായി മാറിക്കഴിഞ്ഞിരുന്നു.
ഈ മാറ്റത്തെ കെ. ദാമോദരന്‍ പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. “1946-ല്‍ തൃശൂരിലെ വി.എസ്. പ്രസിന്റെ ഉടമസ്ഥന്‍ കോഴിക്കോട്ടുവന്നു. മാതൃഭൂമിയില്‍ പണ്ട് പ്രസിദ്ധീകരിച്ച നാടകം പുസ്തകരൂപത്തിലാക്കാനാണ് അനുവാദം ചോദിച്ചത്. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് ഞാനുടനെ സമ്മതം മൂളി.
പുസ്തകം വായിച്ചപ്പോളാണ് അബദ്ധം മനസിലായത്. ഇത് നൂറുകണക്കിനുള്ള ഗ്രാമങ്ങളിലുള്ള കൃഷിക്കാര്‍ കണ്ടാസ്വദിച്ച നാടകമല്ല. കടലായി മനയ്ക്കല്‍ വച്ചെഴുതിയ പഴയനാടകമാണ്. എനിയ്ക്കല്‍പം ലജ്ജ തോന്നി. നാടകമാകെ മാറ്റിയെഴുതി ഒരു പുതിയ പതിപ്പ് അച്ചടിക്കാന്‍ പ്ളാനിട്ടു. അപ്പോഴേയ്ക്ക് ഞാന്‍ വീണ്ടും അറസ്റിലായി.''
1950ല്‍ പരോളില്‍ വരികയും പരോളില്‍നിന്ന് ഒളിവില്‍ പോവുകയും ചെയ്ത ഘട്ടത്തില്‍ ടി.എന്‍. നമ്പൂതിരിയുടെയും പി. ഭാസ്കരന്റെയും സഹായത്തോടെ ഇരിങ്ങാലക്കുടയിലെ ഒരു ശ്രീകണ്ഠവാരിയരുടെ വിജയാ പ്രസിലാണ് 'പാട്ടബാക്കി' പുസ്തകരൂപത്തില്‍ ആദ്യമായി അച്ചടിപ്പിച്ചത്. പ്രസ്സുടമ നാടകകൃത്തിനയച്ച രണ്ടു കോപ്പി ഒഴികെ മറ്റു കോപ്പികളും പ്രസും കൊച്ചി ഗവമെന്റ് കണ്ടുകെട്ടി. ഇങ്ങിനെ സംഭവബഹുലമായ ഒരു ചരിത്രം കൂടി 'പാട്ടബാക്കി' യ്ക്കുണ്ട്.
'പാട്ടബാക്കി'യുടെ രചനയിലൂടെ കേരളത്തിലെ 'രാഷ്ട്രീയ നാടക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച കെ. ദാമോദരന്റെ ഈ ജന്മശതാബ്ദി വേളയില്‍ വിപ്ളവകേരളത്തിന്റെ ആ അനശ്വര പുത്രന് നമുക്ക് അക്ഷരാഞ്ജലി അര്‍പ്പിച്ച് കൃതാര്‍ഥരാകാം.
*****
പിരപ്പന്‍കോട് മുരളി, കടപ്പാട് : ഗ്രന്ഥാലോകം
അധിക വായനയ്ക്ക്:
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി
പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...
പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം
വൈജ്ഞാനികതയും വിമതത്വവും
ദാമോദരേട്ടന്‍
പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്
ഓര്‍മകളിലെ ദാമോദരന്‍
കുളിര്‍തെന്നലേറ്റ കുറെക്കാലം

No comments:
Post a Comment