Friday, November 9, 2012

പൊലീസിനെ തട്ടിക്കളിക്കുന്നു

ഭരണകക്ഷി നേതാക്കളുടെ മഞ്ചല്‍ചുമട്ടുകാരും ചെരുപ്പുനക്കികളുമായി പൊലീസ് സേനയെ മാറ്റാനുള്ള നീക്കം സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്. സത്യസന്ധമായും നീതിപൂര്‍വമായും ക്രമസമാധനപാലനവും കുറ്റാന്വേഷണവും നടത്താന്‍ പൊലീസിന് കഴിയുന്നില്ല. കൊടുംകുറ്റവാളികളായ ഭരണക്കാരെ രക്ഷിക്കാനും ഭരണപക്ഷത്തിന് അനഭിമതരായ നിരപരാധികളെപ്പോലും കുറ്റവാളികളായി ചിത്രീകരിക്കാനുമുള്ളവരായി പൊലീസ് സേന മാറിയിരിക്കുന്നു. യുഡിഎഫ് ഭീകരതയാണ് പൊലീസിനുനേരെയും പൊലീസിലൂടെ ജനങ്ങള്‍ക്കുനേരെയും നടത്തുന്നത്.

സമീപകാലത്ത് വാര്‍ത്താ പ്രാധാന്യം നേടിയ കേസുകളുടെ അന്വേഷണരീതിയും മാഫിയാ പ്രവര്‍ത്തങ്ങള്‍ക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടികളെ നിര്‍വീര്യമാക്കിയ രീതിയും വിശകലനംചെയ്താല്‍ ഇത് സംശയരഹിതമായി ബോധ്യപ്പെടും. ഷുക്കൂര്‍ വധവും ടി പി ചന്ദ്രശേഖരന്‍ വധവും സിപിഐ എം എന്ന പ്രസ്ഥാനത്തെ കേരളത്തില്‍നിന്ന് തുടച്ചുനീക്കാനുള്ള ആയുധമാക്കാനാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. കേസന്വേഷണത്തിന്റെ ദിശ എങ്ങനെയാകണമെന്ന് യുഡിഎഫ് നേതാക്കള്‍ നിശ്ചയിച്ചുകൊടുത്തു. ഭരണനേതൃത്വം രചിച്ച തിരക്കഥയ്ക്കനുസരിച്ച് കേസന്വേഷണനാടകമാടി സിപിഐ എം നേതാക്കളെ അന്യായമായി പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച വിനീതവിധേയരായ പൊലീസ് ഓഫീസര്‍മാരുണ്ട്. ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാതിരിക്കാന്‍ പാമൊലിന്‍ കേസ് വഴിതിരിച്ചുവിടുന്നതും ഇങ്ങനെ ചിലര്‍തന്നെ.

മാഫിയ- ക്രിമിനല്‍ ബന്ധമുള്ള അനുയായികളെയും നേതാക്കളെയും രക്ഷപ്പെടുത്തുന്നതിന്, പൊലീസുദ്യോഗസ്ഥരെയും പൊലീസ് സ്റ്റേഷന്‍തന്നെയും ആക്രമിക്കാന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന ജുഗുപ്സാവഹമായ അനുഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മണല്‍കടത്തുകാരെ വിട്ടയക്കണമെന്ന ആവശ്യം തള്ളിയതിന്റെ പേരില്‍ കെ സുധാകരന്‍ എംപിയുടെ അതിക്രമത്തിന് ഇരയായ വളപട്ടണം എസ്ഐ വി കെ സിജുവിനെ കൃത്യനിര്‍വഹണത്തിലെ അവധാനതയുടെ പേരില്‍ അഭിനന്ദിക്കാനല്ല, സുധാകരന്റെ ഭീഷണിക്കു വഴങ്ങി സ്ഥലംമാറ്റാനാണ് സര്‍ക്കാര്‍ തയ്യാറായത്. ഈ എസ്ഐ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സുധാകരനോട് മാന്യമായാണ് പെരുമാറിയതെന്നും, മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും ഐജി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആ റിപ്പോര്‍ട്ടനുസരിച്ച് സുധാകരനാണ് കുറ്റക്കാരന്‍. ജനപ്രതിനിധി എന്ന പദവി ദുരുപയോഗംചെയ്ത് പൊലീസ്സ്റ്റേഷനില്‍ അതിക്രമം കാണിച്ച സുധാകരനെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. എന്നാല്‍, സുധാകരനെ വെള്ളപൂശാന്‍ ഐജിയുടെ റിപ്പോര്‍ട്ട് വളച്ചൊടിച്ചു. പൊതുപ്രസംഗത്തില്‍ പൊലീസതിക്രമത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നവരാണ്, സുധാകരനെ സ്നേഹാലിംഗനംചെയ്യുന്നത്.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ സ്വീകരിക്കാന്‍ ചെന്നത് മണല്‍കടത്തുകേസുകളിലെ കുപ്രസിദ്ധ പ്രതിയാണ്. തെക്കന്‍ കേരളത്തില്‍ പൊലീസ് പ്രമുഖനെ കൊലപ്പെടുത്താന്‍ മണല്‍മാഫിയ തയ്യാറായി എന്നാണ് വാര്‍ത്ത. കണ്ണൂരില്‍ വളപട്ടണം എസ്ഐയെ സ്ഥലംമാറ്റിയതിലൂടെ മണല്‍മാഫിയയെ സംരക്ഷിക്കുന്ന സുധാകരന് സര്‍ക്കാര്‍ പൂര്‍ണമായി കീഴടങ്ങുകയാണുണ്ടായത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസ് ഓഫീസുകളാക്കി മാറ്റിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുള്‍പ്പെടെയുള്ള ഭരണകക്ഷിനേതാക്കള്‍ പൊലീസിനെ രണ്ടുചേരിയാക്കി. അതിലൂടെ സംസ്ഥാനത്തെ ക്രമസമാധാനില തകര്‍ത്തു. ഇടതുഭരണകാലത്തെ അഞ്ചുവര്‍ഷവും ക്രമസമാധാനപാലനത്തില്‍ ഒന്നാംസ്ഥാനത്തായിരുന്നു കേരള പൊലീസ്. ഇന്ന് അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി പരണത്തുവച്ചു. പൊലീസിനെ ജനവിരുദ്ധസേനയാക്കി കേരളത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കണ്ണൂരില്‍ പൊലീസ് ഭരണം നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ അനുയായികളായ രണ്ടുപേരാണ് എന്നുകാണാം. അതിനെതിരെ സുധാകരനും അനുയായികളായ ഏതാനും പൊലീസുദ്യോഗസ്ഥരും ഇടപെടുന്നു. ഇവര്‍ തമ്മിലുള്ള മത്സരം പൊലീസ് സേനയെ പലതട്ടിലാക്കുന്നു; സേനയിലെ പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്നു.

ചട്ടം ലംഘിച്ച് പോസ്റ്റര്‍ പതിച്ച പൊലീസുകാരെ സസ്പെന്‍ഡുചെയ്തതിന് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം എസ്പിയുടെ വീടിനുമുന്നില്‍ കോലം കത്തിച്ച അനുഭവം കണ്ണൂരിലാണുണ്ടായത്. അത് തടയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നിരവധി പരിഷ്കരണ നടപടികള്‍ തകിടംമറിച്ചും പൊലീസുകാരെ അമിതജോലിഭാരത്തിലേക്ക് തള്ളിവിട്ടും ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഇരകളാക്കിയും പൊലീസിന്റെ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും ഗ്രൂപ്പുവല്‍ക്കരണത്തിന്റെയും അജന്‍ഡ വിജയകരമായി നടപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. അതിന്റെ പ്രകടരൂപമാണ് സുധാകരന്റെ വിളയാട്ടത്തെത്തുടര്‍ന്ന് അരങ്ങേറുന്നത്. ഇത് അപകടകരമായ പോക്കാണ്. അവസാനിപ്പിച്ചേ തീരൂ.


****


ദേശാഭിമാനി മുഖപ്രസംഗം 09-11-12

No comments: