Friday, November 23, 2012

ലീഗിന്റെ കുതിരകയറ്റം

""മതേതരചിന്തകളുടെ വിളനിലമായ കേരളത്തില്‍ ലീഗിന്റെ തോന്ന്യാസങ്ങളുടെ പേരില്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയചേരിതിരിവ് ഉണ്ടായിരിക്കുന്നു. ലീഗിന്റെ അനാവശ്യ ഇടപെടലുകളുടെ പേരില്‍ ഭരണം നഷ്ടപ്പെടുത്തേണ്ടിവന്നാലും അതാകും ഇതിലും അന്തസ്സ്. ലീഗിനെയും അതിന്റെ നേതാക്കളെയും മൂക്കുകയറിട്ട് വരുതിയില്‍ നിര്‍ത്തണം. അധികാരത്തിന്റെ സുഖലോലുപതയില്‍ നാടിനെ മറന്ന് ലീഗ് നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്ക് ഇനിയും കൂട്ടുനിന്നാല്‍ ഒരുപക്ഷേ സംസ്ഥാനത്തെ അവസാന കോണ്‍ഗ്രസ് സര്‍ക്കാരെന്ന ഖ്യാതിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പടിയിറങ്ങേണ്ടിവന്നേക്കാം."" സിപിഐ എമ്മോ മറ്റേതെങ്കിലും പ്രതിപക്ഷകക്ഷിയോ പറഞ്ഞതല്ല ഈ വാചകങ്ങള്‍. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ കെഎസ്യുവിന്റെ സംസ്ഥാന നേതൃക്യാമ്പ് കഴിഞ്ഞദിവസം ചരല്‍കുന്നില്‍ ചേര്‍ന്ന് ചര്‍ച്ചചെയ്ത് പാസാക്കിയ രാഷ്ട്രീയപ്രമേയത്തിലെ വാചകങ്ങളാണ്. ഇതേ വികാരം ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് കേരളം പലവുരു കേട്ടു. മുസ്ലിംലീഗിന് ഇതിനെതിരെ പ്രതികരിക്കാനുള്ള ആര്‍ജവമില്ല. മാത്രമല്ല, ഇത്തരം പ്രചാരണങ്ങളുടെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍വച്ചുകെട്ടാനുള്ള അപഹാസ്യനീക്കത്തിലാണ് ഇന്ന് ലീഗ് നേതൃത്വം.

സിപിഐ എമ്മിനെ ചൂണ്ടി ലീഗ് മുഖപത്രമായ ചന്ദ്രിക പറയുന്നു: ""ഈ ഭരണം ലീഗിന്റേതാണെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വെറും ബിനാമി മാത്രമാണെന്നും പാണക്കാട് തങ്ങളാണ് സൂപ്പര്‍ മുഖ്യമന്ത്രി എന്നും അധികാരം ഉപയോഗിച്ച് ലീഗ് എന്തൊക്കെയോ അനര്‍ഹമായ കാര്യങ്ങള്‍ മുസ്ലിം സമുദായത്തിന് വാരിക്കോരി കൊടുക്കുകയാണെന്നും മറ്റുമാണ് പ്രചാരണം."" (സിപിഎമ്മിലെ ശൈലിമാറ്റം-ചന്ദ്രിക, നവം 17) ലേഖനം തുടരുന്നു: ""പക്ഷേ സഖാവ് പിണറായി, പഴയ മുസ്ലിംലീഗല്ല ഇപ്പോഴത്തേത് എന്നും പുതിയ ലീഗ് വര്‍ഗീയസംഘടനകളുടെ കൂടെ ആണെന്നും പറയുമ്പോള്‍ അങ്ങ് വ്യക്തമാക്കേണ്ട ഒരുകാര്യം ഉണ്ട്. ഏതൊക്കെ വര്‍ഗീയസംഘടനകളുമായിട്ടാണ് ലീഗിന് കൂട്ടുകെട്ട്? അവര്‍ ആരൊക്കെയാണ്? എന്തൊക്കെ വര്‍ഗീയ പ്രശ്നങ്ങളാണ് ലീഗുണ്ടാക്കിയത് എന്നൊക്കെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞുതരേണ്ട ബാധ്യതകൂടി അങ്ങ് ഏറ്റെടുക്കണം"" ഇത് ലീഗ് സമീപകാലത്ത് നടത്തുന്ന പൊതു പ്രചാരണമാണ്. തങ്ങള്‍ ഒരു മതത്തെ, വര്‍ഗീയതയെയാണ് പ്രതിനിധാനംചെയ്യുന്നത് എന്ന് വാക്കിലും പ്രവൃത്തിയിലും അവര്‍തന്നെ ആവര്‍ത്തിക്കുന്നു. എന്നിട്ട്, ലീഗിനെ വര്‍ഗീയമായി കാണുന്നു എന്ന് വിലപിക്കുകയും ചെയ്യുന്നു- വര്‍ഗീയതയെ വോട്ടാക്കി മാറ്റുന്നവരുടെ പതിവു തന്ത്രംതന്നെ അത്. മുസ്ലിം ലീഗ് വര്‍ഗീയതയെ മുറുകെപ്പിടിക്കുന്നു എന്നതിനും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുള്ള നീക്കങ്ങളിലുള്‍പ്പെടെ മുഴുകുന്നു എന്നതിനും തെളിവുകള്‍ കുറച്ചൊന്നുമല്ല നമുക്ക് മുന്നിലുള്ളത്. തീവ്രവാദപ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന നിലപാടാണ് പരസ്യമായിത്തന്നെ ലീഗ് സ്വീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഈയിടെ നടന്ന സദാചാര ഗുണ്ടാ ആക്രമണങ്ങളിലെല്ലാം പ്രതികള്‍ ലീഗുകാരാണ്. വിവിധ മത വിഭാഗങ്ങളിലെ സ്ത്രീപുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ തമ്മില്‍ സംസാരിക്കുന്നതുപോലും വിലക്കുന്ന തീവ്രവാദ-ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ ലീഗ് നേതൃത്വം ഇന്നുവരെ ഒരക്ഷരമുരിയാടിയിട്ടില്ല. ഭരണത്തിന്റെ തണലില്‍ മുസ്ലിം ഏകീകരണം വേണമെന്നാണ് അവര്‍ ചിന്തിക്കുന്നത്. സമുദായത്തിനകത്തെ തെറ്റായ ചിന്താഗതികളെ എതിര്‍ക്കാനവര്‍ തയ്യാറാകുന്നില്ല.

തളിപ്പറമ്പില്‍ മക്തബ് പ്രസ് കത്തിച്ച ലീഗുകാരെ പൊലീസ് പിടികൂടിയിരുന്നു. അവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍, വര്‍ഗീയകലാപമുണ്ടാക്കാനുള്ള ആസൂത്രണമാണ് വെളിപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍മാത്രം നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ മുസ്ലിം ലീഗടക്കമുള്ള രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആരുടെയും മതം പറഞ്ഞ് വികാരമുണര്‍ത്താന്‍ പാര്‍ടി തയ്യാറായിട്ടില്ല. എന്നാല്‍, ഷുക്കൂര്‍, ഫസല്‍ കൊലപാതകങ്ങളെ വര്‍ഗീയമായി ഉപയോഗിക്കാനാണ് ലീഗ് ശ്രമിച്ചത്; ശ്രമിക്കുന്നത്.

1988ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ ദുരുപയോഗനിരോധനിയമം, അമ്പലമുറ്റത്ത് ആയുധ പരിശീലനത്തിനൊരുങ്ങുന്ന ആര്‍എസ്എസിനും പള്ളികള്‍ രാഷ്ട്രീയപിരിവിന് വേദിയാക്കുന്ന ലീഗിനും ഒരുപോലെ ബാധകമാണ്. കണ്ണൂര്‍ ജില്ലയിലെ പള്ളികളില്‍ ഷുക്കൂറിന്റെ പേരില്‍ പിരിവ് നടത്താന്‍ ലീഗ് ആഹ്വാനംചെയ്തതും അക്കാര്യം ചന്ദ്രികപത്രത്തില്‍ അച്ചടിച്ചതും ലീഗിന് നിഷേധിക്കാനാകുമോ? അതിനെതിരെ പരാതി ഉയര്‍ന്നതില്‍ എന്താണ് അപാകത? ആ പരാതിയനുസരിച്ച് മഹല്ല് സെക്രട്ടറിമാരുമായി പൊലീസുദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നിശ്ചയിച്ചപ്പോള്‍, മുഖ്യമന്ത്രിയെ ഇടപെടുവിച്ച് ആ കൂടിക്കാഴ്ച തടഞ്ഞത് ലീഗ് നേതൃത്വമല്ലേ? സംഘപരിവാരത്തെ എതിര്‍ക്കാനെന്ന പേരില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ തീവ്രവാദപ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത് ഫലത്തില്‍ ആര്‍എസ്എസിനു സഹായകരമാണ്. ഭക്തിയെയും വിശ്വാസത്തെയും രാഷ്ട്രീയനേട്ടത്തിന് ഉപയോഗപ്പെടുത്താനാണ് ആര്‍എസ്എസും എന്‍ഡിഎഫും ലീഗുമെല്ലാം ശ്രമിക്കുന്നത്. രണ്ടു ചെറുപ്പക്കാര്‍ കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ലീഗ് നേതൃത്വം ഷുക്കൂര്‍മുതല്‍ ഫസല്‍വരെയെന്നും, എന്‍ഡിഎഫുകാര്‍ ഫസല്‍മുതല്‍ ഷുക്കൂര്‍വരെയെന്നും പ്രചരിപ്പിച്ചാണ് വികാരമുണ്ടാക്കാന്‍ ശ്രമിച്ചത്. മത വികാരം ഇളക്കിവിട്ട് മുസ്ലിം ബഹുജനങ്ങളെ അണിനിരത്താനാണ് ലീഗ് തയ്യാറാകുന്നത്. അതിന്റെ ഭാഗമാണ് നവംബര്‍ 17ന്റെ ചന്ദ്രികലേഖനത്തിലെ മുട്ടന്‍ നുണകള്‍.

നുണ ഒന്ന്- കൂത്തുപറമ്പ് പ്രദേശത്തെ രണ്ട് മുസ്ലിം പള്ളികളില്‍ ഒന്നാണ് അടിയറപ്പാറ. അടിയറപ്പാറയില്‍ മൂന്നുവര്‍ഷമായി നിസ്കാരം മുടക്കിയത് സിപിഐ(എം) ആണ്. അവിടെ മദ്രസയും പള്ളിയും വേണ്ടെന്നാണ് പാര്‍ടി തീരുമാനിച്ചിട്ടുള്ളത്. പാര്‍ടി നേതാവ് വത്സന്‍ പനോളിയുടെ സഹോദരനാണ് ഇതിനായി ഹിന്ദുസമിതി ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത്.

യാഥാര്‍ഥ്യം- അവിടെ പ്രവര്‍ത്തിക്കുന്നത് മദ്രസയാണ്. ഇപ്പോഴും അതിന് ഒരു തടസ്സവുമില്ല. 13 വര്‍ഷംമുമ്പ് നോമ്പ് കാലത്ത് അവിടെ നിസ്കാരം ആരംഭിച്ചപ്പോള്‍ പരിസരത്തെ ഹിന്ദുക്കളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പൊലീസില്‍ പരാതിയായി. ഈ ഘട്ടത്തില്‍ പാര്‍ടി നേതാവ് വത്സന്‍ പനോളി അടക്കം ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. അതനുസരിച്ച് നോമ്പുകാലത്ത് പരിസരത്തെ വിശ്വാസികള്‍ ഇപ്പോഴും അവിടെ നിസ്കാരം നടത്തുന്നുണ്ട്. രണ്ടുവര്‍ഷംമുമ്പ്, ഇവിടെ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തകര്‍ എല്ലാ ദിവസവും ആരാധന നടത്താന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടു. മുമ്പ് ഉണ്ടായതുപോലെ ഹിന്ദുക്കളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. പൊലീസില്‍ പരാതിയായി. അന്ന് കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന ഈ ലേഖകനും വത്സന്‍ പനോളി അടക്കമുള്ള പാര്‍ടി നേതാക്കളും പ്രശ്നത്തില്‍ ഇടപെട്ടു. നോമ്പുകാലം ഒഴികെയുള്ള ദിവസങ്ങളില്‍ മദ്രസയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിസ്കാരത്തിന് അവസരം നല്‍കണമെന്നാണ് പാര്‍ടി നിലപാട് സ്വീകരിച്ചത്. അവിടെ നടത്തിയ പൊതുയോഗത്തില്‍ പാര്‍ടി നിലപാട് പരസ്യപ്പെടുത്തുകയുംചെയ്തു. അവിടത്തെ ഹിന്ദു- മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ടി അംഗങ്ങളും അനുഭാവികളും ഉണ്ട്. ഇപ്പോള്‍ ലീഗ് പ്രചരിപ്പിക്കുന്നത് പാര്‍ടി മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്നു എന്നാണ്. എന്നാല്‍, ഈ പ്രശ്നത്തിലിടപെട്ട കൂത്തുപറമ്പ് മഹല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അടക്കമുള്ളവര്‍ പാര്‍ടി നേതൃത്വം ശരിയായ നിലപാടാണ് എടുത്തതെന്ന് അംഗീകരിക്കുന്നു. ലീഗ് നേതൃത്വത്തിലുള്ള എസ്കെഎസ്എസ്എഫിന്റെ ജില്ലാ നേതാക്കള്‍ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ജില്ലാ സെക്രട്ടറിയെ കണ്ട് പാര്‍ടി പരസ്യമായി പറഞ്ഞ നിലപാടിനെ അടിസ്ഥാനപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ആര്‍എസ്എസും ലീഗിലെ ചില തീവ്രവാദികളും ഇടപെട്ടതിന്റെ ഫലമായാണ് പ്രശ്നം ആ രീതിയില്‍ പരിഹരിക്കാനാകാഞ്ഞത്. ഇപ്പോള്‍ തര്‍ക്കം കേസായി നിലനില്‍ക്കുന്നു.

നുണ രണ്ട്- കോട്ടയം പഞ്ചായത്തില്‍ പൂക്കോട് പള്ളി ആരംഭിക്കുന്നത് തടയാന്‍ സിപിഐ(എം) ശ്രമിച്ചു.

യാഥാര്‍ഥ്യം- കോട്ടയം പഞ്ചായത്തില്‍ അങ്ങനെയൊന്നും തന്നെ നടന്നിട്ടില്ല. എന്നാല്‍,പാട്യം പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ഒരു വ്യാപാരസ്ഥാപനം ആരംഭിക്കുന്നതിന് കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കി. അനുമതി ലഭിച്ചപ്പോള്‍ കെട്ടിടത്തിന് ചുറ്റുമതില്‍ കെട്ടി നിസ്കാരം ആരംഭിച്ചു. പരിസരത്തെ ഹിന്ദുക്കളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. പള്ളി ആരംഭിക്കുന്നതിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നിയമപരമായ നടപടികള്‍ പാലിക്കാത്തതിന്റെ പേരില്‍ പൊലീസ് ഇടപെട്ടാണ് ഇത് തടഞ്ഞത്. സിപിഐ എം അതില്‍ കക്ഷിയേ അല്ല. ഇതിന്റെ പേരില്‍ പരിസരവാസി പോലുമല്ലാത്ത പാര്‍ടി ജില്ലാ സെക്രട്ടറിയുടെ മകന്‍ കാവിവേഷം ധരിച്ച് ആക്രമിക്കാന്‍ വന്നു എന്ന പെരുംനുണയാണ് ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. പള്ളി ആരംഭിക്കാന്‍ ശ്രമിച്ചവര്‍പോലും ഇതേവരെ ഉന്നയിക്കാത്ത വിചിത്രമായ വെളിപാടാണിത്.

നുണ മൂന്ന്- പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍ മദ്രസ ആരംഭിക്കുന്നതിനെ സിപിഐ(എം) എതിര്‍ത്തു. പാര്‍ടി സംഘര്‍ഷം ഉണ്ടാക്കി.

യാഥാര്‍ഥ്യം- ഇവിടെ മദ്രസയും നിസ്കാരവും ആരംഭിക്കാനുള്ള ശ്രമം ആര്‍എസ്എസ് ആണ് തടഞ്ഞത്. അവരാണ് സംഘര്‍ഷം ഉണ്ടാക്കിയത്. അത് സിപിഐ എമ്മിന്റെ തലയിലിട്ട് അതുവഴി അക്രമികളായ ആര്‍എസ്എസിനെ രക്ഷിക്കാനാണ് ലീഗ് ശ്രമം.

നുണ നാല്- കാടാച്ചിറ ആഡൂരില്‍ കബര്‍സ്ഥാന്‍ തടസ്സപ്പെടുത്താന്‍ സിപിഐ എം ശ്രമം.

യാഥാര്‍ഥ്യം- പാര്‍ടിക്ക് അതില്‍ ഒരുബന്ധവുമില്ല. അവിടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള തര്‍ക്കം പരിഹരിക്കാനുള്ള പരിശ്രമമാണ് പാര്‍ടി നടത്തിയത്. ഈ പ്രശ്നം ഇപ്പോള്‍ നിയമതര്‍ക്കത്തിലാണ്.

സിപിഐ എമ്മിനെതിരെ മുസ്ലിംവികാരം ഉണര്‍ത്താന്‍ ഏത് നെറികെട്ട പ്രചാരണത്തിനും ലീഗ് നേതൃത്വം മടിക്കാറില്ല. തങ്ങളും സിപിഐ എമ്മും തമ്മില്‍ ഭിന്നതയില്ലെന്ന പ്രചാരണം ആര്‍എസ്എസ് നടത്തുന്നത് വര്‍ഗീയലക്ഷ്യത്തോടെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനും മതേതര വിശ്വാസികളില്‍ ന്യൂനപക്ഷ വിരോധമുണ്ടാക്കുന്നതിനുമാണ് സംഘപരിവാര്‍ ശക്തികള്‍ ഈ പ്രചാരണം നടത്തിയത്. അത് ഏറ്റുപിടിച്ച് മുസ്ലിം വര്‍ഗീയത ആളിക്കത്തിക്കാനാണ് ലീഗ് ശ്രമിച്ചത്. ലീഗിന്റെയും ആര്‍എസ്എസിന്റെയും ഈ പ്രചാരണം പരസ്പരം സഹായിക്കുന്നതിനും വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുമാണിടയാക്കുക. ലീഗ് മുഖപത്രം ലേഖനത്തിലൂടെ ശ്രമിക്കുന്നതും അതിനുതന്നെ. സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാട് ലീഗുകാര്‍ ഏതെങ്കിലും കള്ളം പ്രചരിപ്പിച്ചാല്‍ ഉലഞ്ഞുപോകുന്നതല്ല. കോണ്‍ഗ്രസ് നേതൃത്വം ലീഗിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് അവര്‍ ആദ്യം മറുപടി പറയേണ്ടത്. അതിനു തയ്യാറാകാതെ സിപിഐ എമ്മിനുമേല്‍ കുതിരകയറുന്നത് വൃഥാ വ്യായാമം മാത്രം.

*
പി ജയരാജന്‍ ദേശാഭിമാനി

No comments: