Tuesday, November 13, 2012

ഭഗത്സിങ്ങിന്റെയും കൂട്ടരുടെയും വിപ്ലവസങ്കല്‍പ്പങ്ങള്‍

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലെ രക്തനക്ഷത്രങ്ങളായ ഭഗത്സിങ്ങിനും സഖാക്കള്‍ക്കും ഔദ്യോഗികചരിത്രത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല. വഴിതെറ്റിയ വിപ്ലവകാരികളായി ഇവരെ വിശേഷിപ്പിക്കാനാണ് ബൂര്‍ഷ്വാചരിത്രകാരന്മാര്‍ക്ക് താല്‍പ്പര്യം. ഇതിന്റെ കാരണം അന്വേഷിക്കുന്നവര്‍ക്ക് ഉത്തരം നല്‍കുന്ന കൃതിയാണ് എസ് ഇര്‍ഫാന്‍ ഹബീബിന്റെ "ബധിരകര്‍ണങ്ങള്‍ തുറക്കാന്‍." ദേശീയവിപ്ലകാരികള്‍ 1920കളിലും 30കളുടെ തുടക്കത്തിലും ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിന്റെയും പരിപാടിയുടെയും ഉറവിടങ്ങള്‍ രേഖപ്പെടുത്തുന്ന രചനയാണിത്.

ഭഗത്സിങ്ങും സഹപ്രവര്‍ത്തകരും ദേശീയവും അന്തര്‍ദേശീയവുമായി ഇന്നും പ്രസക്തമായ രണ്ടു വിഷയത്തില്‍ അതീവതല്‍പ്പരരായിരുന്നു- മതനിരപേക്ഷതയും അതുമായി ബന്ധപ്പെട്ട ശാസ്ത്രീയമനോഭാവവും, സമൂഹത്തിന്റെ സോഷ്യലിസ്റ്റ് ക്രമത്തിലുള്ള പുനഃസംഘടന എന്നിവയില്‍. വര്‍ഗീയതയുടെ വിപത്തിനെക്കുറിച്ച് ഭഗത്സിങ് തികച്ചും ബോധവാനായിരുന്നു. 1920കളുടെ തുടക്കത്തിലാണ് ഹിന്ദുമഹാസഭയും ആര്‍എസ്എസും ഒപ്പം മുസ്ലിങ്ങള്‍ക്കിടയില്‍ സമാനസ്വഭാവമുള്ള തബ്ലീഗ് ജമാഅത്തും ഉയര്‍ന്നുവന്നത്. 1857നു മുമ്പ് രാജ്യത്ത് വര്‍ഗീയവിദ്വേഷം നിലനിന്നിരുന്നില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. എന്നാല്‍,സംഘര്‍ഷാത്മകമായ അകല്‍ച്ച അന്യമായിരുന്നു. ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയില്‍ സംഘടിതമായ പോരാട്ടം ആരംഭിച്ചപ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താന്‍ ബ്രിട്ടീഷ്സാമ്രാജ്യത്വം ഇവിടെ തന്ത്രപൂര്‍വം വര്‍ഗീയതയുടെ വിത്ത് പാകി. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെ ഭഗത്സിങ് അന്നുതന്നെ ചോദ്യംചെയ്തിരുന്നു. അതുപോലെ സാമ്രാജ്യത്വസംവിധാനത്തിന് അന്ത്യംകുറിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനവരാശിയെ ഭീഷണിപ്പെടുത്തുന്ന ദുരിതങ്ങളും കൂട്ടക്കൊലകളും തടയാനാകില്ലെന്നും ഭഗത്സിങ്ങിന്റെ പ്രസ്ഥാനം മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് സമ്മാനിച്ച മോഹഭംഗമാണ് 1924ല്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. ഭഗത്സിങ് ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് പ്രസ്ഥാനത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷന്‍ എന്ന് മാറ്റിയത്. 1926ല്‍ ഭഗത്സിങ്ങിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നവജവാന്‍ ഭാരത്സഭ പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ ആയിരക്കണക്കിനാണ് വിറ്റഴിഞ്ഞത്. ഇവയുടെ ഉള്ളടക്കവും ഇവയ്ക്ക് ലഭിച്ച സ്വീകാര്യതയും ബ്രിട്ടീഷ് ഭരണകൂടത്തെ വിറളിപിടിപ്പിച്ചു. "ദാരിദ്ര്യമാണ് ഏറ്റവും വലിയ പാപം" എന്ന പേരിലുള്ള ലഘുലേഖ ദാരിദ്ര്യത്തെ വേരോടെ പിഴുതുകളഞ്ഞ് സമ്പത്തിന്റെ തുല്യമായ വിതരണവും അവസരസമത്വവും അധികാരത്തില്‍ പങ്കും ഉറപ്പുവരുത്താന്‍ യുവജനങ്ങളോട് ആഹ്വാനംചെയ്തു. കമ്യൂണിസം, ബോള്‍ഷെവിസം എന്നീ പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഈ ലഘുലേഖ വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. ഗുരുമുഖി ഭാഷയില്‍ പ്രകാശിതമായ "സൂത്രക്കാരായ വെള്ളക്കാര്‍" എന്ന ലഘുലേഖ ബ്രിട്ടീഷുകാര്‍ക്ക് തീരെ സഹിക്കാന്‍ കഴിഞ്ഞില്ല. ഈ ലഘുലേഖ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ നിരോധിച്ചു. പഞ്ചാബിലെ പണ്ഡിതനായിരുന്ന ചബീല്‍ദാസ് തയ്യാറാക്കിയ ലഘുലേഖയുടെ ആദ്യപേജില്‍ത്തന്നെ താഴെപ്പറയുന്ന ഉറുദു കവിതാശകലം ചേര്‍ത്തിരുന്നു: "സകല കാലത്തേക്കുമായി ഞാന്‍ അടിമത്തം അവസാനിപ്പിക്കും. ഒരിക്കല്‍ ലോകത്തെ മുഴുവന്‍ മോചിപ്പിക്കും. ചൂഷിതരുടെമേല്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്ന സകലരെയും അര്‍ഹിക്കുന്ന പ്രതികാരവിധി സന്ദര്‍ശിക്കും. 


ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ വിപ്ലവം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് നവജവാന്‍ ഭാരത് സഭ പ്രഖ്യാപിച്ചു. ക്രമേണ ഭഗത്സിങ്ങിന്റെയും സഹപ്രവര്‍ത്തകരുടെയും ശാസ്ത്രീയസമീപനം കൂടുതല്‍ പക്വതയാര്‍ജിച്ചു. അവരില്‍ ഭൂരിപക്ഷംപേരും ഒറ്റപ്പെട്ട ബലപ്രയോഗങ്ങള്‍ക്കള്‍ക്കുപകരം ജനകീയപ്രക്ഷോഭങ്ങളില്‍ വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റുകാരുമായി കൂടുതല്‍ അടുത്തു. ഇന്ത്യന്‍ദാസ്യത്തിന്റെ സാമൂഹിക-സാമ്പത്തിക അടിസ്ഥാനം വിപ്ലവകാരികള്‍ വ്യക്തമായി ഉള്‍ക്കൊണ്ടു.

മറുപക്ഷത്ത് ബിട്ടീഷുകാരെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ആശയത്തിന്റെ പ്രചാരണം അമ്പരപ്പിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വം ഗാന്ധിജിയെയും കൂട്ടരെയും ഒട്ടൊക്കെ സഹിഷ്ണുതയോടെ കാണുകയും ഭഗത്സിങ് ഉയര്‍ത്തിപ്പിടിച്ച ധാരയെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതിന്റെ കാരണം ഇതില്‍നിന്ന് വ്യക്തം. ബ്രിട്ടീഷ് സാമ്രാജ്യത്വം എത്ര കടുത്ത പാതകമാണ് ഇന്ത്യക്കാരോട് ചെയ്തതെന്ന് ബോധ്യപ്പെടുത്തുന്ന ഈ പുസ്തകം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ഏറെ പ്രസക്തമാണ്. നാഷണല്‍ ആര്‍ക്കൈവ്സ്, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടറിയറ്റ് ലൈബ്രറി, മീററ്റ് കോളേജ് ലൈബ്രറി, തീന്‍മൂര്‍ത്തി ഭവന്‍ ഗ്രന്ഥാലയം, നെഹ്റു മെമ്മോറിയല്‍ മ്യൂസിയം എന്നിവിടങ്ങളില്‍നിന്നുള്ള ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പി ജെ ജെ ആന്റണിയാണ് ഇതിന്റെ പരിഭാഷ നിര്‍വഹിച്ചത്.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലെ രക്തനക്ഷത്രങ്ങളായ ഭഗത്സിങ്ങിനും സഖാക്കള്‍ക്കും ഔദ്യോഗികചരിത്രത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല. വഴിതെറ്റിയ വിപ്ലവകാരികളായി ഇവരെ വിശേഷിപ്പിക്കാനാണ് ബൂര്‍ഷ്വാചരിത്രകാരന്മാര്‍ക്ക് താല്‍പ്പര്യം. ഇതിന്റെ കാരണം അന്വേഷിക്കുന്നവര്‍ക്ക് ഉത്തരം നല്‍കുന്ന കൃതിയാണ് എസ് ഇര്‍ഫാന്‍ ഹബീബിന്റെ "ബധിരകര്‍ണങ്ങള്‍ തുറക്കാന്‍." ദേശീയവിപ്ലകാരികള്‍ 1920കളിലും 30കളുടെ തുടക്കത്തിലും ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിന്റെയും പരിപാടിയുടെയും ഉറവിടങ്ങള്‍ രേഖപ്പെടുത്തുന്ന രചനയാണിത്.

SATHEESH T said...

Lal Salam