Sunday, November 11, 2012

ഹാരിസണ്‍ മലയാളം കൈവശം വെയ്ക്കുന്ന അനധികൃത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം

2002 മുതല്‍ വയനാട് ജില്ല ശക്തമായ ഭൂസമരത്തിന്റെ കേന്ദ്രമാണ്. ഭൂരഹിതരായ ആദിവാസികള്‍ നിക്ഷിപ്ത വനഭൂമിയില്‍ പ്രവേശിച്ച് തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ കുടില്‍ കെട്ടി താമസിച്ചു. 1476 ആദിവാസികളെ ആന്റണി സര്‍ക്കാര്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഗര്‍ഭിണിയായ ശാന്ത ജയിലില്‍ കിടന്നു പ്രസവിച്ചു.നവജാത ശിശു മരിച്ചു. പിന്നീട് ശാന്തയും മരിച്ചു. 2006 ല്‍ അധികാരത്തില്‍ വന്ന വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 5000 ല്‍ പരം കുടുംബങ്ങള്‍ക്ക് ഭൂമിനല്‍കി. 2008 ഫെബ്രവരി 6 ന് ആദിവാസികള്‍ക്ക നല്‍കേണ്ട ഭൂമി കൈവശം വെച്ച എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ യുടെ കൈവശമുള്ള റവന്യൂഭൂമി, അനധികൃതമായി രേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തിയ അഡ്വ: ജോര്‍ജ് പോത്തന്റെ ഭൂമി, എച്ച്.എം.എല്‍ ഭൂമി എന്നിവിടങ്ങളില്‍ ആദിവാസികള്‍ സമരരംഗത്തെത്തി. ഹൈക്കോടതി ഇടപെട്ടതിനാല്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് കേസുകള്‍ പരിഗണനയിലാണ്. 2012 മെയ് 7 ന് നിക്ഷിപ്ത വനഭൂമിയില്‍ പ്രവേശിച്ച് ആദിവാസികള്‍ വീണ്ടും ഭൂസമരം ആരംഭിച്ചു. ആദിവാസി ക്ഷേമ സമിതി ആരംഭിച്ച ഭൂസമരത്തില്‍ ജില്ലയിലെ മുഴുവന്‍ ആദിവാസി സംഘടനകളും യോജിച്ചു. 1159 ആദിവാസികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 530 ആദിവാസികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ടനിരാഹാര സമരം നടത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിച്ച് ആദിവാസികളെ ജയിലില്‍ നിന്ന് വിട്ടയച്ചു. 30 കേന്ദ്രങ്ങളില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം ഇപ്പോഴും തുടരുന്നു.

2012 ഒക്ടോബര്‍ 6 ന് പാലക്കാട് ചേര്‍ന്ന ഭൂപരിഷ്കരണ സംരക്ഷണ കണ്‍വെന്‍ഷന്‍ വയനാട്ടിലെ ഭൂസമരത്തിന് കൂടുതല്‍ ദിശാബോധവും കരുത്തും പകര്‍ന്നു നല്‍കും. കര്‍ഷക സംഘം,കര്‍ഷക തൊഴിലാളി യൂണിയന്‍,ആദിവാസി ക്ഷേമ സമിതി,കോളനി അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി ജനുവരി ഒന്നുമുതല്‍ ഭൂസമരം ആരംഭിക്കുകയാണ്.വയനാട്ടില്‍ ഭൂപ്രമാണിമാര്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. മിക്ക തോട്ടത്തിലും രേഖയില്‍ പറഞ്ഞതിനേക്കാള്‍ അധികഭൂമി അനധികൃതമായി കൈവശം ഉണ്ട്. ഈ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. ഭൂപരിഷ്കരണ നിയമത്തില്‍ ഭൂപരിധിയില്‍ നിന്ന് പ്ലാന്റേഷന്‍ ഒഴിവാക്കിയിരുന്നു. ഇങ്ങനെയുള്ള ഭൂമിയില്‍ പലതിലും ഇപ്പോള്‍ തോട്ടം നിലവിലില്ല. തോട്ടം നടത്താന്‍ ഭൂമി ഇനം മാറ്റി ഉപയോഗിക്കുകയാണ്. ഇത്തരം ഭൂമിയാകെ ഏറ്റെടുക്കേണ്ടതുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമികള്‍ ഉണ്ട്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതും ശരിയായ രേഖകള്‍ ഇല്ലാത്തതുമാണ്. ഇത് സംബന്ധിച്ച് നിരവധി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഭൂമി പൂര്‍ണമായി ഏറ്റെടുക്കേണ്ടതുണ്ട്.

തോട്ടം തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കോ, കേരള പ്ലാന്റേഷന്‍ കോര്‍പറേഷനോ ഭൂമി കൈമാറി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാവുന്നതാണ്. അതോടൊപ്പം ഭൂരഹിത തോട്ടം തൊഴിലാളികള്‍ - കര്‍ഷക തൊഴിലാളികള്‍,പട്ടികജാതി-പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍,ഭൂമി വര്‍ഷങ്ങളായി കൈവശമുള്ള ഈ മേഖലയിലെ ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്ക് ഭൂമി നല്‍കാവുന്നതാണ്. 2013 ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ഭൂപ്രക്ഷോഭം ഈ ആവശ്യങ്ങള്‍നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ള ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിവശം വയനാട്ടില്‍ മാത്രം 26,000 ഏക്കര്‍ ഭൂമിയും സംസ്ഥാനത്താകെ 76,659 ഏക്കര്‍ ഭൂമിയും ഉണ്ടെന്നാണ് മുന്‍ ഹൈക്കോടതി ജഡ്ജി എന്‍ മനോഹരന്‍ അധ്യക്ഷനായ ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. രേഖകളില്ലാത്തതും നികുതി അടയ്ക്കാത്തതും പാട്ടക്കാലാവധി കഴിഞ്ഞതും നിയമപരമായി കൈവശം വെയ്ക്കാന്‍ സാധുതയില്ലാത്തതുമാണ് ഈ ഭൂമി. കേരള ഭൂസംരക്ഷണ നിയമപ്രകാരം ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമോപദേശം നല്‍കിയ ജസ്റ്റിസ് മനോഹരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. സംസ്ഥാനത്താകെ 8 ജില്ലകളിലായി 59623.50 ഏക്കര്‍ ഭൂമി തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഹാരിസണ്‍ കമ്പനി അവകാശപ്പെടുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരമാകട്ടെ കമ്പനി അവകാശപ്പെടുന്നതിനേക്കാള്‍ 17146.30 ഏക്കര്‍ അധികഭൂമി കൈവശമുണ്ടുതാനും.

1922 ല്‍ ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍ കമ്പനി കൈവശമുണ്ടായിരുന്ന ഭൂമിയാണ് നിലവില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി കൈവശം വയ്ക്കുന്നത്. 1978 ല്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ)ലിമിറ്റഡ് കമ്പനിയും 1977 ല്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഹാരിസണ്‍സ് ക്രോസ് ഫീല്‍ഡ് (ഇന്ത്യാ)ലിമിറ്റഡ് കമ്പനിയും തമ്മില്‍ 1983 ല്‍ അമാല്‍ഗമേറ്റ് ചെയ്ത് രൂപീകരിച്ചതാണ് നിലവിലുള്ള ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി.

ലണ്ടന്‍ കമ്പനി വശമുണ്ടായിരുന്ന ഭൂമി നിയമപരമായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനിയോ അതിനു മുമ്പുണ്ടായിരുന്ന കമ്പനികളോ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയിട്ടില്ലെന്ന് ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ എച്ച്.എം.എല്‍ കമ്പനിക്ക് തങ്ങളുടെ കൈവശമുള്ള ഭൂമിക്ക് കൈവശാവകാശമല്ലാതെ നിയമപരമായ ഉടമസ്ഥത അവകാശപ്പെടാനാകില്ല. പ്രസ്തുത ഭൂമിക്ക് എച്ച്.എം.എല്‍ കമ്പനി പാട്ടമോ നികുതിയോ അടയ്ക്കുന്നില്ല. പാട്ടമോ നികുതിയോ അടയ്ക്കാതെയും നിയമാനുസൃതമല്ലാതെയും കൈവശം വെക്കുന്നതും ഉടമസ്ഥാവകാശം ഇല്ലാത്തതുമായ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാതിരിക്കാന്‍ എച്ച്.എം.എല്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സര്‍ക്കാരിന് അധികാരവും ഉത്തരവാദിത്വവും ഉണ്ട് എന്നാണ് ജസ്റ്റിസ് എന്‍ മനോഹരന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എച്ച്.എം.എല്‍ വശമുള്ള ഭൂമി ലണ്ടന്‍ കമ്പനിക്ക് മുന്‍കാല ജന്മിമാരില്‍ നിന്നും ദീര്‍ഘകാല പാട്ടഭൂമിയായി ലഭിച്ചതാണ്.

1963 ലെ ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 72 പ്രകാരം ഭൂമിയുടെ ജന്മാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പാട്ടമായി ലഭിച്ച ഭൂമി മറു പാട്ടം നല്‍കുന്നതും വില്‍പ്പന നടത്തി കൈമാറുന്നതും നിയമ വിരുദ്ധമാണ്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ 12,658.16 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി പലര്‍ക്കായി വില്‍പ്പന നടത്തിയതായി ഹൈലെവല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1957 ലെ കേരള ഭൂസംരക്ഷണ നിയമം സെക്ഷന്‍ 11,12 പ്രകാരം നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത് എച്ച്.എം.എല്‍ കമ്പനി വശമുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണ് എന്ന് ജസ്റ്റിസ് മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ പതിനായിരക്കണക്കിന് ഏക്കര്‍ ഭുമി എച്ച്.എം.എല്‍ നിയമ വിരുദ്ധമായി കൈവശം വെയ്ക്കുന്നുണ്ട്.

ഹാരിസണ്‍ മലയാളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് 7400 ഹെക്ടര്‍ റബ്ബര്‍, 6000 ഹെക്ടര്‍ തേയില, 1000 ഹെക്ടര്‍ പൈനാപ്പിള്‍ എന്നിങ്ങനെ ഏതാണ്ട് 14000 ഹെക്ടര്‍ ഭൂമിയിലാണ് തോട്ടകൃഷി ഉള്ളതായി പറയുന്നത്. ഇതില്‍ പൈനാപ്പിള്‍ തോട്ടവിളയായി പരിഗണിക്കുകയില്ല. 13000 ഹെക്ടര്‍ തോട്ടവിളയായി കണക്കാക്കിയാല്‍ 31200 ഏക്കര്‍ ഭൂമി തോട്ടമാണെന്ന് കാണാം. സര്‍ക്കാര്‍ കണക്കു പ്രകാരം കമ്പനി വശമുള്ള 76769.80 ഏക്കറില്‍ നിന്ന് തോട്ടവിളകൃഷിയുള്ളതായി കമ്പനി അവകാശപ്പെടുന്ന 31200 ഏക്കര്‍ കുറച്ചാല്‍ 45569.80 ഏക്കര്‍ തോട്ടവിളയില്ലാത്ത ഭൂമി കമ്പനി വശമുണ്ട്.പ്രസ്തുത ഭൂമിയില്‍ ഇന്ധനാവശ്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി തോട്ടവിളഭൂമിയുടെ 10 % ഭൂമി കൂടി അനുവദിച്ചാല്‍ ശേഷിക്കുന്ന 42500 ഏക്കര്‍ ഭൂമിയും ഹാരിസണ്‍ കമ്പനി വശം തരിശായിക്കിടക്കുകയാണ്. ഈ ഭൂമി സര്‍ക്കാരിന് നിയമനിര്‍മാണത്തിലൂടെ തിരിച്ചെടുക്കാവുന്നതാണ്. ഭൂപരിഷ്കരണ സംരക്ഷണത്തിനുവേണ്ടി നടക്കുന്ന ഉജ്ജ്വലമായ ജനകീയപ്രക്ഷോഭത്തിലൂടെ തീര്‍ച്ചയായും ഈ ലക്ഷ്യം കൈവരിക്കാന്‍ പ്രചോദനമാകും.


*****

സി.കെ ശശീന്ദ്രന്‍

No comments: