Friday, November 23, 2012

പുതിയ നേതൃത്വവുമായി ചൈന

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതിയ തലമുറ നേതൃത്വമേറ്റെടുത്തുവെന്നതാണ് ഇപ്പോള്‍ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതിനെട്ടാം കോണ്‍ഗ്രസിന്റെ പ്രത്യേകതയായി മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ മാറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പത്തുവര്‍ഷം കുടുമ്പോള്‍ നേതൃമാറ്റമെന്നത് ഭരണഘടനാപ്രകാരം നിഷ്കര്‍ഷിക്കുന്ന പാര്‍ടിയാണ് ചൈനയിലേത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിക്കും ഭരണത്തിനും പുതിയ ഉണര്‍വുനല്‍കാനാണ് അവര്‍ ഈ മാറ്റം വരുത്തിയത്. ജിയാങ് സെമിനില്‍ തുടങ്ങിയ ഈ മാറ്റം ഇപ്പോള്‍ ഹുജിന്റാവോയിലൂടെ സീ ജിപെങിലേക്ക് എത്തിയിരിക്കുന്നു. അദ്ദേഹം പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്നതിന്റെ തുടര്‍ച്ചയില്‍ രാഷ്ട്രത്തിന്റെ ഭരണഉത്തരവാദിത്തവും പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റെടുക്കും. ഇതോടൊപ്പം പുതിയ പ്രധാനമന്ത്രിയായി ലിയും ചുമതലയേല്‍ക്കും. സി-ലീ കൂട്ടുകെട്ട് പാര്‍ടിയെ നയിക്കുമെന്നാണ് പൊതുവെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

യഥാര്‍ഥത്തില്‍ പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച നയത്തിന് അനുസൃതമായി ചൈനയെ നയിക്കുകയെന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് ഇവര്‍ ഏറ്റെടുക്കുന്നത്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് 25 അംഗ പൊളിറ്റ്ബ്യൂറോയാണ് ഉള്ളത്. ഇപ്പോള്‍ ഏഴാക്കി ചുരുക്കിയ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ദൈനംദിന ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇതില്‍ അംഗങ്ങളാകുന്നവര്‍ തന്നെയാണ് ഭരണത്തിലെ പ്രധാന ചുമതലകളും ഏറ്റെറടുക്കുന്നത്. ജിയാങ് സെമിന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷം രണ്ടുവര്‍ഷത്തോളം കേന്ദ്ര മിലിറ്ററി കമീഷന്റെ ഉത്തരവാദിത്തം വഹിച്ചിരുന്നതുപോലെ ഹുവും ചെയ്യുമെന്നാണ് പൊതുവെ പ്രചരിപ്പിച്ചിരുന്നത്. അങ്ങനെയല്ലാതായപ്പോള്‍ അത് അത്ഭുതമെന്ന മട്ടിലും ചിലര്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, ജിയാങ് അധികാരമൊഴിയുമ്പോള്‍ പുതിയ നേതൃത്വത്തിലേക്ക് പത്തുവര്‍ഷം കുടുമ്പോള്‍ മാറുകയെന്നത് പരിചിതമാകാത്ത അനുഭവമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവിടത്തെ പാര്‍ടി അതിന് പറ്റുംവിധം പക്വമാകയതുകൊണ്ടായിരിക്കണം കേന്ദ്ര മിലിട്ടറി കമീഷനിലെ ചുമതലയും ഹു ഒഴിഞ്ഞിട്ടുണ്ടാവുക. 23 ലക്ഷത്തോളം അംഗത്വമുളള ചൈനീസ് പട്ടാളത്തിന് ശരിയായ ദിശാബോധം നല്‍കുകയെന്നത് ചെറിയ കാര്യമല്ല.

 വളര്‍ച്ചയുടെയും കുതിച്ചുചാട്ടത്തിന്റെയും കാലത്തിലൂടെയാണ് ഹു ജിന്റാവോ നേതൃത്വം നല്‍കിയ കാലത്ത് ചൈന കടന്നുപോയത്. അമേരിക്കയിലും യൂറോപ്പിലും പടര്‍ന്നുകയറിയ സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും ചൈനക്ക് കഴിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന വളര്‍ന്നു. വളര്‍ച്ചയിലും ചൈനീസ് സവിശേഷതകളുണ്ട്. ജനങ്ങളുടെ പ്രതിശീര്‍ഷവരുമാനത്തില്‍ മൂന്നിരട്ടിയുടെ വര്‍ധനയാണ് ഉണ്ടായത്. എല്ലായിടങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നു. വിപ്ലവം നടക്കുന്ന സന്ദര്‍ഭത്തില്‍ വളരെ പിന്നിലായിരുന്ന രാജ്യമായിരുന്നു ചൈനയെന്ന കാര്യം പ്രത്യേകം പ്രസക്തം. ഉല്‍പ്പാദകശക്തികള്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യത്തെ ജനകീയ ജനാധിപത്യത്തിന്‍ കീഴില്‍ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളര്‍ത്താന്‍ കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. എന്നാല്‍, ഹു ജിന്റാവോ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെയും കമ്യൂണിസ്റ്റ് പാര്‍ടി ശരിയായി തിരിച്ചറിഞ്ഞതുപോലെയും അഴിമതി ഗൗരവമായ പ്രശ്നമായി വളര്‍ന്നിരിക്കുന്നു. പാര്‍ടിയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന, ബോസിലായി ഗൗരവമേറിയ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ടിയില്‍നിന്നും പുറത്താക്കപ്പെട്ടത് അതിന്റെ ഒരു പ്രതിഫലനമാണ്. ഈ വര്‍ഷം രണ്ടുലക്ഷത്തോളം അഴിമതിക്കേസുകളാണ് ചാര്‍ജ് ചെയ്യപ്പെട്ടത്. ഈ വിപത്തിനെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ടിയും രാജ്യവും തകര്‍ച്ചയിലേക്ക് കൂപ്പുകൂത്തുമെന്ന ഹു ജിന്റാവോയുടെ മുന്നറിയിപ്പ് അതുകൊണ്ടുതന്നെ വളരെ ഗൗരവമുള്ളതാണ്.

വിദേശമൂലധനത്തെ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലേതുപോലെയും അത് ആശ്രിതത്വത്തിലേക്ക് അധഃപതിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ഞൂറ് കമ്പനികളുടെ കൂട്ടത്തില്‍ 42 ചൈനീസ് കമ്പനികളുണ്ടെങ്കിലും അതില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം പൊതുമേഖലാസ്ഥാപനങ്ങളാണ്. സാമ്പത്തികവളര്‍ച്ചയില്‍ ഗണ്യമായ പുരോഗതിയാണ് പിന്നിട്ട വര്‍ഷങ്ങളില്‍ ചൈന കൈവരിച്ചത്. മൊത്തം സാമ്പത്തികോല്‍പ്പാദനത്തില്‍ 1978 നെ അപേക്ഷിച്ച് 16 മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍, ഇതിന് അനുസരിച്ച് അസമത്വവും ശക്തിപ്പെട്ടിട്ടുണ്ട്. പത്തുശതമാനം സമ്പന്നരുടെ വരുമാനമെന്നത് പത്തുശതമാനം ദരിദ്രരുടെ വരുമാനത്തിന്റെ 22 മടങ്ങ് അധികമാണ്. നഗര-ഗ്രാമ അന്തരവും ശക്തിപ്പെട്ടിട്ടുണ്ട്. പതിനെട്ടു വര്‍ഷത്തിനുള്ളില്‍ 13 മടങ്ങാണ് അന്തരവര്‍ധനയിലുണ്ടായത്. ഇത്തരം പ്രശ്നങ്ങള്‍ ചൈനതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ എങ്ങനെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കൈകാര്യം ചെയ്യുന്നതെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ മുതലാളിമാര്‍ക്ക് അംഗത്വം നല്‍കിയത് പാര്‍ടിയുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിലവാരത്തെ എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠയും പ്രസക്തം. അതോടൊപ്പം ഉയര്‍ന്നുവരുന്ന ഒരു വിമര്‍ശനം അവര്‍ സാമ്രാജ്യത്വവിരുദ്ധതയിലും സാര്‍വദേശീയതയിലും പഴയതുപോലെ ഊന്നുന്നില്ലെന്നതാണ്. ഇത്തരം ആശങ്കകളെ പാര്‍ടി കോണ്‍ഗ്രസ് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന കാര്യം അറിയാനിരിക്കുന്നേയുള്ളൂ. എന്നാല്‍, ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികളെയും ആഴത്തിലുള്ള പ്രശ്നങ്ങളെയും കൈകാര്യം ചെയ്ത അനുഭവസമ്പത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിക്കുണ്ട്. മറ്റാര്‍ക്കും ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ഒറ്റമൂലി നിശ്ചയിക്കാന്‍ കഴിയില്ല. ഹു ജിന്റാവോ ചൂണ്ടിക്കാട്ടിയ രീതിയില്‍ പുതിയ നേതൃത്വം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയാണ് ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ പുലര്‍ത്തുന്നത്.
 
അമേരിക്കന്‍ ആധിപത്യത്തിനെതിരായ ബദല്‍ നിലപാടുകള്‍ പലപ്പോഴും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് കുറേക്കൂടി ശക്തിപ്പെടണമെന്ന ആഗ്രഹവും പ്രസക്തം. എന്തായാലും അമേരിക്കയെ തന്നെ പിന്തള്ളി ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയായി അധികം വൈകാതെ ചൈന വളരുമെന്ന പ്രതീക്ഷ ലോകം വച്ചുപുലര്‍ത്തുന്ന ഘട്ടത്തില്‍ ഇത്തരം ജാഗ്രത പ്രധാനമാണ്.

*
പി രാജീവ് ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതിയ തലമുറ നേതൃത്വമേറ്റെടുത്തുവെന്നതാണ് ഇപ്പോള്‍ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതിനെട്ടാം കോണ്‍ഗ്രസിന്റെ പ്രത്യേകതയായി മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ മാറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പത്തുവര്‍ഷം കുടുമ്പോള്‍ നേതൃമാറ്റമെന്നത് ഭരണഘടനാപ്രകാരം നിഷ്കര്‍ഷിക്കുന്ന പാര്‍ടിയാണ് ചൈനയിലേത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിക്കും ഭരണത്തിനും പുതിയ ഉണര്‍വുനല്‍കാനാണ് അവര്‍ ഈ മാറ്റം വരുത്തിയത്. ജിയാങ് സെമിനില്‍ തുടങ്ങിയ ഈ മാറ്റം ഇപ്പോള്‍ ഹുജിന്റാവോയിലൂടെ സീ ജിപെങിലേക്ക് എത്തിയിരിക്കുന്നു. അദ്ദേഹം പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്നതിന്റെ തുടര്‍ച്ചയില്‍ രാഷ്ട്രത്തിന്റെ ഭരണഉത്തരവാദിത്തവും പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റെടുക്കും. ഇതോടൊപ്പം പുതിയ പ്രധാനമന്ത്രിയായി ലിയും ചുമതലയേല്‍ക്കും. സി-ലീ കൂട്ടുകെട്ട് പാര്‍ടിയെ നയിക്കുമെന്നാണ് പൊതുവെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.