Wednesday, November 7, 2012

ബഹിഷ്കരണത്തിന്റെ ആവിഷ്കരണം

തിരുവനന്തപുരത്ത് നടന്ന വിശ്വമലയാള മഹോത്സവം വിവാദങ്ങളാലാണ് ശ്രദ്ധേയമായത്. സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടക്കത്തിലേ ഈ പരിപാടിയുടെ നിറംകെടുത്തി. അക്കാദമി നിര്‍വാഹകസമിതിയംഗങ്ങള്‍ ഒരു വശത്തും പ്രസിഡന്റും സെക്രട്ടറിയും സര്‍ക്കാരുമായി ചേര്‍ന്നുനിന്നും പ്രാരംഭദശയില്‍തന്നെ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു. ഈ വൈരുധ്യങ്ങള്‍ അങ്ങേയറ്റം സംസ്കാരരാഹിത്യ വിളംബരമായത്, മഹോത്സവത്തിന്റെ വിളംബര (വിളംബിതവും) പരിപാടികളിലും പ്രചാരണ പരിപാടികളിലുമാണ്. സഹൃദയത്വത്തിന്റെയും ആവിഷ്കരണത്തിന്റെയും ശ്രേഷ്ഠമായ ചരിത്രം പേറുന്ന അനന്തപുരിക്ക് സാംസ്കാരിക പരിപാടികളോ, കലാസംഗമങ്ങളോ പുത്തരിയല്ല. എന്നാല്‍ "സമൃദ്ധമായ" വേദിയും "പരമദാരിദ്ര്യത്തിന്റെ" വിളിച്ചോതലായ സദസ്സുമായാണ് വിളംബര പരിപാടികള്‍ ആവിഷ്കരിക്കപ്പെട്ടത്. ഇത് സാമാന്യജനങ്ങളുടെ ബഹിഷ്കരണത്തിന്റെ ആവിഷ്കരണംതന്നെയായിരുന്നു. അത്രമേല്‍ ശുഷ്കമായിരുന്നു ബഹുജനപങ്കാളിത്തം.

ഈ സാംസ്കാരികസംഗമത്തിന്റെ നടത്തിപ്പിലെ അനവധാനത ഏറ്റവും പ്രകടമായത്, പ്രചാരണത്തിന് സ്ഥാപിച്ച പരസ്യപ്പലകകളിലും സ്തൂപങ്ങളിലുമായിരുന്നു. അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ നല്‍കേണ്ട അടിക്കുറിപ്പുകള്‍ സത്യവിരുദ്ധമായും വസ്തുതകളുടെ കണികപോലുമില്ലാതെയും നല്‍കിയ നടപടി ലജ്ജാകരവും അക്ഷരകേരളത്തിന് അപമാനവുമായി. ഇവന്റ് മാനേജ്മെന്റിന്റെ സ്വാഭാവിക പിഴവുകളായി ലളിതവല്‍ക്കരിച്ചു കാണേണ്ടതല്ല ഇത്തരം വസ്തുതാവിരുദ്ധവും അബദ്ധജടിലങ്ങളുമായ പ്രഖ്യാപനങ്ങള്‍. ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന നൊബേല്‍ ജേതാവായ ഭൗതികശാസ്ത്രജ്ഞന്‍, മലയാളഭാഷയിലെ ഒന്നാം തലമുറ ആഖ്യായികാകാരനും നോവലിസ്റ്റുമായ, സി വി രാമന്‍പിള്ളയെന്ന പേരില്‍ "രണ്ടാം ജന്മമെടുക്കുന്" കാഴ്ച കണ്ട് കേരളം ഞെട്ടി! യുവാവായിരിക്കെ അകാലചരമമടഞ്ഞ മലയാളത്തിന്റെ കാല്‍പ്പനിക കവി ചങ്ങമ്പുഴ വൃദ്ധവേഷത്തില്‍ "പ്രതിമ"യായി! അടിക്കുറിപ്പുകളാകട്ടെ, വികലവാക്യപ്പെരുമഴയുമായിരുന്നു. കേരളത്തിന്റെ പൊതുചരിത്രത്തോടും സാഹിത്യചരിത്രത്തോടും പുറംതിരിഞ്ഞു നില്‍ക്കുകയും കൊഞ്ഞനം കുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ വേണ്ടുവോളമുണ്ട് കുറിപ്പുകളില്‍. ഇത്രയും, വിശ്വമലയാള സമ്മേളനത്തിന്റെ പ്രാഥമികതലത്തിലാണ് നടന്നതെങ്കില്‍ 30-ാം തീയതിയിലെ ഉദ്ഘാടനദിന പരിപാടി ഓര്‍ക്കുക. ഇന്ത്യന്‍ പ്രസിഡന്റ് ഉദ്ഘാടകനായെത്തിയ പരിപാടിയിലെ വേദിയില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, വിവിധ മന്ത്രിമാര്‍, ഭരണമുന്നണി നേതാക്കള്‍ തുടങ്ങി രാഷ്ട്രീയമേഖലയിലെ വലിയവര്‍ ഒത്തിരിയെത്തി. അക്ഷരകേരളത്തിന്റെ സൂര്യതേജസ്സുകളായ എം ടിയും ഒ എന്‍ വിയും വേദിയിലുണ്ടായിരുന്നു. സര്‍ഗാത്മകതയുടെയും എഴുത്തിന്റെയും അനുഭവ പരിസരം മാനദണ്ഡമായെടുത്താല്‍ അവര്‍ക്കപ്പുറം പ്രതിഭയുള്ളവരാരും ആ വേദിയില്‍ ഉണ്ടായിരുന്നില്ല. പറഞ്ഞിട്ടെന്താ... രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന നമ്മുടെ "വിശ്വമലയാള"ക്കാര്‍ക്ക് എം ടിക്കും ഒ എന്‍ വിക്കും രണ്ടുവാക്ക് സംസാരിക്കാനാവസരം നല്‍കാന്‍ തോന്നിയില്ല! തോന്നുന്നതെങ്ങനെ, ഭാഷയുടെ ഉന്നമനമോ, അതിലൂടെ സാധ്യമാകേണ്ട സാംസ്കാരിക പരിപ്രേക്ഷ്യത്തിന്റെ വിപുലനമോ ഒന്നുമല്ലല്ലോ വകുപ്പുകളുടെ ലക്ഷ്യം.

രണ്ട്- രണ്ടരക്കോടിയോളം രൂപ "രണ്ടുനാലു ദിനം കൊണ്ടങ്ങനെ" ചെലവഴിക്കാം എന്നതില്‍ ഗവേഷണ കുതുകികളായ സംഘാടകര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഭരണപക്ഷം നിറഞ്ഞാടിയ വേദിയില്‍ സാംസ്കാരിക കേരളത്തിന്റെ ദീപസ്തംഭങ്ങളായ രണ്ട് എഴുത്തുകാര്‍, ജ്ഞാനപീഠ പുരസ്കൃതര്‍ "ഒതുക്കപ്പെട്ടു". പ്രതിപക്ഷനേതാവിന്റെ ബഹിഷ്കരണം എത്രമേല്‍ അര്‍ഥവത്തായി. ഇനി സമ്മേളന നടത്തിപ്പിലെ സത്യസന്ധതയും ഭരണകൂട നിലപാടും എന്താണെന്നന്വേഷിക്കുക. മലയാളം, ഒന്നാംഭാഷയായും പ്രാഥമിക വിദ്യാഭ്യാസ പ്രക്രിയയില്‍ ഒരു നിര്‍ബന്ധഭാഷയായും പരിഗണിക്കപ്പെടും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ട് വര്‍ഷം ഒന്നായി. പ്രഖ്യാപനം, ഇപ്പോഴും ഏട്ടിലെ പശുതന്നെ. "എമര്‍ജിങ് കേരള" പോലെ ഒരു തട്ടുപൊളിപ്പന്‍ കാര്‍ണിവലാണ്, ഈ പരിപാടി നടത്തിപ്പിലൂടെയും ഭരണാധികാരികളുടെ ഉള്ളിലിരിപ്പെന്ന് വ്യക്തം.

വരേണ്ടുന്ന നിക്ഷേപത്തെക്കുറിച്ചും മൂലധനത്തെക്കുറിച്ചും സംസാരിക്കുന്നവര്‍, "സാംസ്കാരിക മൂലധനം" (cultural capital) എന്ന പരികല്‍പ്പനയെക്കുറിച്ച് ധാരണയുള്ളവരാണോ എന്നത് സംശയകരമാണ്. പിയറി ബോര്‍ഡ്യുവിനെ (Pierrie Bordieu) പോലുള്ള സാമൂഹ്യചിന്തകര്‍ സൂചിപ്പിച്ചതുപോലെ, ഭാഷയും സംസ്കാരവും ഈടുറ്റ മൂലധനങ്ങളാണെന്ന് നമ്മുടെ ഭരണകൂടത്തിന് അഭിപ്രായമില്ല. ഓരോ ഭാഷയും ഓരോ സംസ്കാരികമുദ്രണമാണ് (Cultural Registration). സംസ്കാരമാകട്ടെ, വായു, വെള്ളം, മണ്ണ്, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുമായി ഇഴപിരിക്കാനാവാത്ത ബന്ധമുള്ള ഒരു അന്യ പ്രതിഭാസവുമാണ്. അതുകൊണ്ടാണ് ഭരണമുഖ്യന്‍ "അശ്വത്ഥാമാ ഹതഃ" എന്ന് ഉച്ചത്തിലും "കുഞ്ജര" എന്ന് സ്വരം താഴ്ത്തിയും പറയുംപോലെ ഉറക്കെ ഭാഷയ്ക്കുവേണ്ടിയും സ്വരം താഴ്ത്തി അതിനെതിരായും പ്രവര്‍ത്തിക്കുന്നത്. പ്രഖ്യാപനങ്ങളില്‍ കാലവിളംബം വരുത്തുന്നത് ഒളിച്ചോട്ടത്തിന്റെ ലക്ഷണംതന്നെയാണ്. വിശ്വമലയാളമഹോത്സവത്തിന്റെ പരിപാടികളില്‍ നടന്ന ഒരു "എലിമിനേഷന്റെ"യും മറ്റൊരു "സബ്സ്റ്റിറ്റ്യൂഷന്റെ"യും കാര്യംകൂടി സൂചിപ്പിക്കാം. പരിപാടിയുടെ ഭാഗമായി കനകക്കുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏര്‍പ്പാടു ചെയ്തിരുന്ന "ചിത്രോദകം" എന്ന ചിത്രപ്രദര്‍ശനം അവസാനമാണ് മാറ്റിവച്ചത്. രാജ്യത്തിനകത്തും പുറത്തുമായി നടന്ന വിവിധ പ്രദര്‍ശനങ്ങളില്‍ പണ്ഡിത-പാമര ഭേദമെന്യേ പുകഴ്ത്തപ്പെട്ട പ്രദര്‍ശനമാണ് ചിത്രോദകം. വിനോദ് പട്ടാണിപ്പാറയെന്ന സാഹിത്യപ്രേമിയുടെ ഈ പരിപാടി ആദ്യംമുതല്‍തന്നെ ബ്രോഷറില്‍ ഇടം നേടി. വിവിധ തലമുറകളിലെ പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ സചിത്രവിവരണം പെയിന്റിങ്ങിലൂടെ പ്രതിനിധാനംചെയ്ത ഈ പരിപാടി മാറ്റിവച്ചതിന്റെ യുക്തി, കലാസ്നേഹികള്‍ക്കാര്‍ക്കും പിടികിട്ടിയിട്ടില്ല.

വിശ്വമലയാള മഹോത്സവത്തിന്റെ അവസാനദിനത്തിലെ ""നാളത്തെ കേരളം- വികസന കാഴ്ചപ്പാട്"" എന്ന സെമിനാറിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് സുഗതകുമാരിയെ ഒഴിവാക്കിയത്, ഇക്കൂട്ടരുടെ ധൈര്യമില്ലായ്മയുടെയും സാംസ്കാരികരാഹിത്യത്തിന്റെയും പ്രഖ്യാപനമാണ്. പിടിപ്പുകേടിന്റെ "മിടുക്ക്" പ്രസ്തുത സെമിനാറിന്റെ മാറ്റിവയ്ക്കലിലാണ് കലാശിച്ചത്. നമ്മുടെ സംസ്കൃതിയുടെ പ്രോജ്വല പ്രതീകങ്ങളായ സാഹിത്യപ്രതിഭകളെ അപമാനിക്കുക വഴി, ഭാഷയെത്തന്നെ അപമാനിച്ചവര്‍ക്കെതിരെ പ്രതികരണം ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ട്.


*****

എന്‍ കെ സുനില്‍കുമാര്‍

No comments: