Saturday, November 24, 2012

റെഡ് സല്യൂട്ട്

മരണം ജീവിതത്തിന്റെ അവസാനമല്ലെന്നു തെളിയിച്ച ധിഷണാശാലികള്‍ കുറച്ചേയുള്ളൂ. ജീവിതത്തെയും മരണത്തെയും വിഭജിക്കുന്ന രേഖ മുറിച്ചുകടക്കുന്നവരെ ചിരഞ്ജീവികളെന്നു വിളിക്കാമെങ്കില്‍, പി ഗോവിന്ദപ്പിള്ള എന്ന കമ്യൂണിസ്റ്റുകാരന്‍ ആ വിളി അര്‍ഹിക്കുന്നു. പി ജിയുടെ ശരീരം ചുവന്ന കൊടിയില്‍ പുതച്ച് എ കെ ജി സെന്ററില്‍ കിടക്കുമ്പോഴാണ്, ആ മഹാമനീഷിയുടെ രണ്ടു പുസ്തകങ്ങള്‍ പ്രകാശിതമായത്. ഡല്‍ഹി ആകാര്‍ ബുക്സ് പ്രസിദ്ധീകരിച്ച "ഭക്തി മൂവ്മെന്റ് ഇന്‍ ഇന്ത്യ: റിനൈസന്‍സ് ഓര്‍ റിവൈവലിസം" എന്ന ഇംഗ്ലീഷ് കൃതിയും ചിന്ത പബ്ലിഷേഴ്സിന്റെ കേരള നവോത്ഥാനം: മാധ്യമപര്‍വവും. വിരഹദുഃഖത്തിന്റെ കണ്ണീര്‍ക്കണങ്ങള്‍ തനിക്കുചുറ്റും പ്രവാഹമായി മാറുമ്പോഴും താന്‍ മരിച്ചിട്ടില്ല എന്നാണ് അതിലൂടെ പി ജി തെളിയിച്ചത്. പി ജിയോട് മത്സരിക്കാന്‍ പി ജിയേ ഉള്ളൂ.

പി കൃഷ്ണപിള്ളയില്‍നിന്ന് മനുഷ്യമോചനത്തിന്റെ തത്വശാസ്ത്രം ഹൃദയത്തിലേറ്റുവാങ്ങി, ലോകത്തെ മാറ്റിമറിക്കാന്‍ വായിച്ചും ചിന്തിച്ചും പഠിപ്പിച്ചും കലഹിച്ചും എഴുതിയും പ്രഭാഷണം നടത്തിയും ജീവിച്ച പിജി. താന്‍ ചിന്തകനോ പണ്ഡിതനോ അല്ല; ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമാണെന്ന് വിനയപൂര്‍വം പറഞ്ഞുകൊണ്ടിരുന്ന പി ജി. ആദ്യത്തെ കേരള നിയമസഭയില്‍ ഇടിനാദംപോലെ മുഴങ്ങിയ ശബ്ദങ്ങളിലൊന്ന് പി ജിയുടേതായിരുന്നു. പുല്ലുവഴി എന്ന ഗ്രാമത്തിലെ ജന്മികുടുംബത്തില്‍നിന്ന് ചെങ്കൊടിയേന്തി പെരുമ്പാവൂരിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയപ്പോള്‍, കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ യുദ്ധതന്ത്രങ്ങളെ അരിഞ്ഞുവീഴ്ത്താനുള്ള ദൗത്യമായിരുന്നു പി ജിക്ക്.

മാരകമായ ഉദരരോഗം ശരീരത്തെ തളര്‍ത്തിയ എണ്‍പത്താറാം വയസ്സിലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കെതിരായ പോര്‍മുഖത്തുതന്നെയായിരുന്നു പി ജി. ലോകത്തിന്റെ സൂക്ഷ്മചലനങ്ങളെപ്പോലും മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ അപഗ്രഥിച്ച് മലയാളിക്കുമുന്നില്‍ അവതരിപ്പിക്കുക പി ജിയുടെ ജീവിതചര്യതന്നെയായിരുന്നു. അസാമാന്യമായ സംവേദനക്ഷമതയും സാഹിത്യാഭിരുചിയും ഗവേഷണചാതുരിയും തീക്ഷ്ണമായ വിവേകശേഷിയും ഇടപെട്ട എല്ലാ രംഗങ്ങളിലും പി ജിയെ ഔന്നത്യത്തിലേക്ക് പിടിച്ചുയര്‍ത്തി. ശാസ്ത്രത്തിന്റെ സങ്കീര്‍ണതകളിലേക്കും രാഷ്ട്രമീമാംസയുടെ കാണാപ്പുറങ്ങളിലേക്കും വായനയുടെ തോണിയിലേറി പി ജി അനായാസ യാത്രകള്‍ നടത്തി.

പി ജിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനന്യനാണ്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന് ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന് വേറിട്ട പ്രവര്‍ത്തന പന്ഥാവാണ് പി ജി വെട്ടിത്തെളിച്ചത്. നിസ്വവര്‍ഗത്തോടുള്ള പക്ഷപാതിത്വവും സത്യത്തോടുള്ള പ്രതിബദ്ധതയും അനീതിയോടുള്ള അടങ്ങാത്ത എതിര്‍പ്പുമാകണം ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന്റെ പ്രാണവായുവെന്ന് പി ജി ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. പത്രഭാഷയ്ക്കുണ്ടാകേണ്ട ശുദ്ധിയും ലാളിത്യവും എന്തെന്നും എങ്ങനെയെന്നും സഹപ്രവര്‍ത്തകരെ നിരന്തരം പഠിപ്പിച്ചു. മാധ്യമരംഗത്തെ മുഖംമൂടികളെ വലിച്ചുകീറാനും കാപട്യങ്ങളെ തല്ലിത്തകര്‍ക്കാനും നിര്‍ബന്ധബുദ്ധിയോടെ പി ജി മുന്നില്‍നിന്നു.

വിശേഷണത്തിന് എളുപ്പവഴികളില്ല. രാഷ്ട്രീയ നേതാവ്, സൈദ്ധാന്തികന്‍, ചിന്തകന്‍, പ്രഭാഷകന്‍, ഗവേഷകന്‍, പാര്‍ലമെന്റേറിയന്‍, സാഹിത്യ വിമര്‍ശകന്‍, ജീവചരിത്രകാരന്‍, പുരോഗമന സാഹിത്യ പ്രചാരകന്‍, അധ്യാപകന്‍, പത്രാധിപര്‍, ഭാവനാസമ്പന്നനായ ഭരണാധികാരി, ചലച്ചിത്ര നിരൂപകന്‍, വിവര്‍ത്തകന്‍, വായനക്കാരന്‍, ശാസ്ത്രകുതുകി- ഇങ്ങനെയുള്ള ഏത് വിശേഷണവും പി ജിക്ക് ചേരും. മാര്‍ക്സിസത്തെയും ലോകത്തെയും കുറിച്ച് കേരളീയമനസ്സില്‍ പതിഞ്ഞ ശരിയായ അവബോധം പി ജിയുടെകൂടി സംഭാവനയാണ്. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തെ ഇ എം എസിനുശേഷം ഇത്രമാത്രം വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്ത മറ്റാരുമില്ല. മാര്‍ക്സിസത്തെ ജനകീയവല്‍ക്കരിച്ച സൈദ്ധാന്തികരുടെ മുന്‍നിരയിലാണ് പി ജിയുടെ സ്ഥാനം. പാര്‍ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഉത്തരവാദിത്തനിര്‍വഹണത്തില്‍ പി ജിക്കും പോരായ്മകള്‍ വന്നിട്ടുണ്ട്. അവ തിരുത്താനുള്ള സന്നദ്ധതയും പാര്‍ടിബോധത്തില്‍നിന്ന് അണുകിട വ്യതിചലിക്കാതിരിക്കാനുള്ള നിര്‍ബന്ധവും പി ജി കാത്തുസൂക്ഷിച്ചു. എതിരാളികളുടെ നിഷ്ഠുരമായ പരിഹാസത്തെയും ആക്രമണത്തെയും നിഷ്പ്രഭമാക്കുന്നതായിരുന്നു ആ നിശ്ചയദാര്‍ഢ്യം. പി ജി കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പടിയിറങ്ങുന്നു എന്ന് പ്രവചിച്ചവരെയും അങ്ങനെ സ്വപ്നംകണ്ടവരെയും നൈരാശ്യത്തിന്റെ പടുകുഴിയിലേക്കെറിഞ്ഞ്, പി ജിയിലെ മാര്‍ക്സിസ്റ്റ് ഊതിക്കാച്ചിയ പൊന്നായി പിന്നെയും ജനങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തി നിന്നു.

കമ്യൂണിസ്റ്റ് മൂല്യബോധത്തിന്റെയും പ്രായോഗികതയുടെയും ധീരതയുടെയും നിസ്വവര്‍ഗ പക്ഷപാതിത്വത്തിന്റെയും ആള്‍രൂപമായ പി ജി അകന്നുപോകുമ്പോള്‍ നഷ്ടത്തിന്റെ നീറ്റുന്ന മുറിവാണ് കേരളത്തിന്റെ ഹൃദയത്തിലുണ്ടാകുന്നത്. സമത്വസുന്ദരമായ ലോകം കിനാക്കാണുന്ന ഓരോരുത്തരുടെയും നൊമ്പരമാണ് ഈ വേര്‍പാട്. ദേശാഭിമാനിക്ക് എല്ലാമെല്ലാമായിരുന്നു പി ജി. ആ പ്രതിഭയുടെ പേനത്തുമ്പിലൂടെ പ്രവഹിച്ച അക്ഷരലക്ഷങ്ങള്‍കൊണ്ട് ധന്യമായ പത്രമാണിത്. കമ്യൂണിസ്റ്റായി ജീവിച്ച്, കമ്യൂണിസ്റ്റായി മരിച്ച പി ജിയുടെ ഓര്‍മകള്‍ ഞങ്ങളെ കൂടുതല്‍ കര്‍മനിരതരാക്കുന്നു. ആ ജ്വലിക്കുന്ന സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ മുഷ്ടി ചുരുട്ടി അഭിവാദ്യമര്‍പ്പിക്കുന്നു- പ്രിയ പി ജി, ലാല്‍സലാം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: