Saturday, November 24, 2012

പി.ജി സ്മരണ

ആശയലോകത്തെ അചഞ്ചല പോരാളി

എം എ ബേബി

പി ജിയെപ്പോലെ മൂന്നുനാലുപേര്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ സാംസ്കാരിക-സാമൂഹ്യ മണ്ഡലങ്ങളില്‍ മാറ്റത്തിന്റെ വന്‍ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു.;അതുല്യ ചലച്ചിത്രകാരനും ചിന്തകനുമായ മൃണാള്‍ സെന്നിന്റെ വാക്കുകളാണിത്. നേരില്‍ കാണുമ്പോള്‍ മൃണാള്‍ദാ ആവര്‍ത്തിച്ചിട്ടുള്ള ആശയം. മലയാളികളായ പലരും സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെടുമെങ്കിലും പി ജിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും അന്വേഷിക്കാതെ മൃണാള്‍ദാ സംഭാഷണം അവസാനിപ്പിക്കാറില്ല. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളുമായി ഇഴുകിച്ചേര്‍ന്ന ജീവിതമായിരുന്നു പി ജിയുടേത്. സ്വാതന്ത്ര്യസമരനാളുകളില്‍ ബോംബെയിലെ അഖിലേന്ത്യാ പാര്‍ടി കേന്ദ്രത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴേ നാനാതരം ഉത്തരവാദിത്തങ്ങള്‍ സഖാവ് ഏറ്റെടുത്തു.

തിരു-കൊച്ചി അസംബ്ലി മുതല്‍ 1957 ലെ ചരിത്രം സൃഷ്ടിച്ച പ്രഥമ നിയമസഭയിലും തുടര്‍ന്ന്, 1967 ലെ സഭയിലും പി ജി നടത്തിയ ഇടപെടലുകള്‍ അവിസ്മരണീയമാണ്. ആശയ-രാഷ്ട്രീയ രംഗങ്ങളിലെ വര്‍ഗസമരത്തിന് പി ജി നല്‍കിയ സംഭാവനയാണ് ഏറ്റവും അമൂല്യം. കേവല യുക്തിവാദത്തിന്റെ സ്വാധീനത്തിലായിരുന്ന ഈ ലേഖകനെപ്പോലെയുള്ളവരെ അവിടെനിന്ന് സമഗ്രമായ ശാസ്ത്രീയബോധത്തിലേക്ക്-വൈരുധ്യാത്മകവും ചരിത്രപരവുമായ ഭഭൗതികവാദ വീക്ഷണത്തിലേക്ക് - വളര്‍ത്തുന്നതില്‍ പി ജി വലിയ പങ്ക് വഹിച്ചു. ദേശാഭിമാനിയെ സമ്പൂര്‍ണമായൊരു പത്രമാക്കാന്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യമെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളത് ഇ എമ്മും പി ജിയുമാണ്. ഇതുതന്നെ പുരോഗമന കല-സാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കാര്യത്തിലും പ്രസക്തമാണ്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ നേതൃത്വം വഹിച്ച കാലത്ത് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) സ്ഥാപിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കേരള സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതില്‍ പുതിയ ചരിത്രം കുറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരിക്കുലം കമ്മിറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു പി ജി.

പി ജിയുടെ സഖാക്കളും ശിഷ്യരും ആരാധകരും പലപ്പോഴും പരാതിപ്പെട്ട ഒരു കാര്യം പിജിയുടെ വിസ്തൃതവും സൂക്ഷ്മവുമായ പഠനത്തില്‍നിന്ന് സമൂഹത്തിന് ലഭിക്കേണ്ടിയിരുന്നത്ര രചനകള്‍, പാര്‍ടിയുമായി ബന്ധപ്പെട്ട ജോലിത്തിരക്കുകള്‍മൂലം നല്‍കാന്‍ പി ജിക്ക് കഴിയാതെ പോയി എന്നതായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷം ഒരുതരം വാശിയോടുകൂടി ആ പരാതിക്ക് പരിഹാരം കാണാന്‍ എന്നപോലെ ഈടുറ്റ രചനകളുടെ ഒരു പരമ്പര പി ജി നമുക്ക് നല്‍കിവരികയായിരുന്നു. അതു മുഴുവന്‍ പകര്‍ന്നുതരും മുമ്പ് ആ വെളിച്ചം മാഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ ക്ലാസുകളും പ്രസംഗങ്ങളും പോരാട്ടങ്ങളും കൃതികളും തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തെ എന്നും മുന്നോട്ടുനയിക്കും.

ദേശാഭിമാനിക്ക് വഴികാട്ടി

വി വി ദക്ഷിണാമൂര്‍ത്തി

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ സമ്മേളിച്ച സിപിഐ എം ഏഴാം കോണ്‍ഗ്രസിലാണ് പാര്‍ടി ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പരിപാടി അംഗീകരിച്ചത്. ആ വര്‍ഷംമുതല്‍ ദേശാഭിമാനി സിപിഐ എം മുഖപത്രമായാണ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിയുടെ തുടക്കവും 1942ല്‍ കോഴിക്കോട്ടുനിന്നായിരുന്നു.

1964ല്‍ പി ജി ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി ചുമതലയേറ്റു. അക്കാലത്ത് ദേശാഭിമാനിയുടെ പ്രവര്‍ത്തകനാകുക എന്നത് വളരെ പ്രയാസമുള്ള ചുമതലയായിരുന്നു. ക്ലേശം സഹിച്ചാണ് പി ജി മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചത്. ദേശാഭിമാനിക്ക് സമീപം ക്രൗണ്‍ തിയറ്ററിനടുത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്ന പേരില്‍ അറിയപ്പെട്ട ആക്രിക്കടയുടെ മുകളിലത്തെ നിലയില്‍ ഇടുങ്ങിയ കൊച്ചുമുറിയിലായിരുന്നു പി ജിയുടെ താമസം. അന്ന് മുതലാണ് ഞാന്‍ പി ജിയെ നേരിട്ടു പരിചയപ്പെടുന്നത്. 1965ല്‍ പി ജി പെരുമ്പാവൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്രയില്‍നിന്ന് ഞാനും നിയമസഭയിലെത്തി.

പി ജി ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സിപിഐ എം സ്ഥാനാര്‍ഥികളും മത്സരിച്ചത് കാരിരുമ്പഴികള്‍ക്കകത്തുനിന്നായിരുന്നു. ചൈനാ ചാരന്മാര്‍ എന്ന് മുദ്രകുത്തി ഭരണാധികാരികള്‍ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ച കാലം. ജയിലിനകത്തുള്ളവര്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍, ജനാധിപത്യമര്യാദ അനുസരിച്ച് നിയമസഭ ചേര്‍ന്നില്ല. ആദ്യയോഗംപോലും ചേരാതെ നിയമസഭ പിരിച്ചുവിട്ടു. ജയിലിലടയ്ക്കപ്പെട്ടവര്‍ 1966ല്‍ മോചിതരായി. 1967ല്‍ വീണ്ടും തെരഞ്ഞെടുപ്പുവന്നപ്പോള്‍ പി ജി മൂന്നാമതും നിയമസഭാംഗം. നിയമസഭയില്‍ പി ജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നേരിട്ടു മനസിലാക്കാന്‍ കഴിഞ്ഞതോടെ സഖാവിനോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ് വര്‍ധിച്ചു.

പുതിയ പുസ്തകം തേടിയുള്ള പി ജിയുടെ പരക്കംപാച്ചിലും തുടരെയുള്ള വായനയും ആരെയും ആകര്‍ഷിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ദേശാഭിമാനി മുഖ്യപത്രാധിപരായിരിക്കെത്തന്നെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും പി ജി നിറസാന്നിധ്യമായിരുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കുവഹിച്ചു. എം എന്‍ കുറുപ്പ്, കെ സി ശ്രീധരന്‍, സി എം അബ്ദുറഹ്മാന്‍, സി കെ ചക്രപാണി തുടങ്ങി നിരവധിപേര്‍ പി ജിയെ സഹായിക്കാനുണ്ടായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്താനും വളര്‍ത്തിയെടുക്കാനും പ്രധാനപങ്കു വഹിച്ചു.

കോഴിക്കോട് കറന്റ്ബുക്ക് ഹൗസ്, ഒഴിവുസമയം ചെലവഴിക്കാനുള്ള പി ജിയുടെ കേന്ദ്രമായിരുന്നു. പുതിയ പുസ്തകം വരുന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും. പുസ്തകം എത്തിയെന്നറിഞ്ഞാല്‍ അത് സ്വന്തമാക്കാനും വായിച്ചുതീര്‍ക്കാനും ശ്രദ്ധചെലുത്തി. സന്ദര്‍ശന സമയങ്ങളില്‍ പട്ടണങ്ങളിലെത്തിയാല്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കേന്ദ്രം എവിടെയായാലും പി ജി അവിടെയെത്തും. പി ജിയുടെ നിറസാന്നിധ്യം കോഴിക്കോടിന് വലിയ അനുഗ്രഹമായിരുന്നു. ഇ എം എസിനെപ്പോലെ പി ജിയും അവസാനിമിഷംവരെ ദേശാഭിമാനിക്കുവേണ്ടി എഴുതി. മാര്‍ക്സിസ്റ്റ് സിദ്ധാന്തം ബുദ്ധിജീവികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും പ്രചരിപ്പിക്കുന്നതിന് പി ജി അശ്രാന്തപരിശ്രമം നടത്തി. പി ജിക്ക് പകരം മറ്റൊരു വിജ്ഞാനഭണ്ഡാഗാരമില്ല. പി ജി മാത്രം.

അറിവിന്റെ സമരാചാര്യന്‍

പ്രഭാവര്‍മ

ലോ കത്ത് അറിവുള്ളവരുണ്ട്; പോരാളികളുമുണ്ട്. എന്നാല്‍ പോരാട്ടത്തിനുള്ള ആയുധമായി അറിവിനെ കാണുകയും ആയുസ്സിലെ ഓരോ നിമിഷവും ആ ആയുധത്തിന്റെ മൂര്‍ച്ച കൂട്ടാനായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ അധികമില്ല. അധികമില്ലാത്ത ആ വിധത്തിലുള്ള പണ്ഡിതപോരാളികളുടെ നിരയിലാണ് പിജിയുടെ സ്ഥാനം. അറിവ് കേവലം അലങ്കാരമല്ലെന്നും സ്ഥിതവ്യവസ്ഥയുടെ നീതിപ്രമാണങ്ങളെ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക നീതി പ്രമാണങ്ങള്‍ കൊണ്ടു പകരം വെക്കാനുള്ള ആയുധമാണെന്നും ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു പിജി. അതുകൊണ്ടുതന്നെയാണ് ഉപരിപഠനത്തിന്റെ സ്വച്ഛസുന്ദരമായ ഇടനാഴികളില്‍നിന്ന് കൊടുങ്കാറ്റുയരുന്ന സമരജീവിതത്തിന്റെ കനല്‍പ്പാതകളിലേക്കും ആശ്രമ ജീവിതത്തിന്റെ ആത്മാന്വേഷണങ്ങളില്‍നിന്ന് ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുന്ന സാമൂഹിക സത്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കും പിജി വിദ്യാര്‍ഥിജീവിതഘട്ടത്തില്‍തന്നെ വഴിമാറി നടന്നത്.

വ്യവസ്ഥിതി മാറ്റമില്ലാതെ തുടര്‍ന്നാലും അതുകൊണ്ടു വലിയ തകരാറൊന്നുമില്ലാത്ത തരത്തിലുള്ള കുടുംബപശ്ചാത്തലത്തില്‍നിന്ന് വ്യവസ്ഥിതി മാറ്റിയെടുക്കാനുള്ള സമരപാതകളിലേക്ക് സ്വയം തീരുമാനിച്ചുനടന്നുമാറിയവര്‍ പലരുണ്ട്. എന്‍ക്രുമ മുതല്‍ മണ്ടേല വരെയുള്ളവര്‍. ഇ എം എസ് മുതല്‍ ബിടിആര്‍ വരെയുള്ളവര്‍. അവരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാവണം ഭൗതിക ജീവിതസാഹചര്യങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം തൃപ്തികരമായിരുന്നിട്ടും സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങളെക്കരുതി വിമോചനത്തിന്റെ സമരപാതയിലേക്കു വഴിതിരിയാന്‍ പിജി നിശ്ചയിച്ചത്. ഉന്നതമായ മനുഷ്യവിമോചന സ്വപ്നങ്ങളായിരുന്നു അതിനുപിന്നിലെ പ്രേരകഘടകം. ആ മഹനീയ മൂല്യങ്ങള്‍ സമൂഹത്തില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ശാസ്ത്രീയവും യുക്തിസഹവുമായ മാര്‍ഗം ശാസ്ത്രീയ സോഷ്യലിസത്തിന്റേതുതന്നെയാണെന്ന് വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ പിജി കണ്ടെത്തി. പിജി ആ ഘട്ടത്തിലേ കണ്ടെത്തിയതുതന്നെയായിരുന്നു ശരിയുടെ മാര്‍ഗം എന്ന് അദ്ദേഹത്തിന്റെ തന്നെ തലമുറയില്‍പ്പെട്ട പല മഹാപണ്ഡിതന്മാര്‍ക്കും തിരിച്ചറിയാന്‍ അവര്‍ക്ക് റിട്ടയര്‍മെന്റ് പ്രായമെത്തേണ്ടിവന്നു. അങ്ങനെ വൈകി തിരിച്ചറിഞ്ഞവരില്‍ ചിലര്‍ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കാഹളം മുഴുക്കുന്ന വിരുദ്ധചേരിയില്‍ ചെന്ന് സ്വയം നിലയുറപ്പിക്കുന്നതും കേരളം കണ്ടു. എന്നാല്‍ ഈ ഘട്ടങ്ങളിലൊക്കെ സ്വപ്രത്യയസ്ഥൈര്യത്തോടെ അചഞ്ചലനായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംരക്ഷണനിരയില്‍ പോരാളിയായി നിലകൊണ്ടു പിജി; അവസാന ശ്വാസം വരെ. മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ് വിരുദ്ധജ്വരം സമൂഹത്തിലാകെ പടര്‍ന്നുവ്യാപിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍, സിജെ മുതല്‍ എം ഗോവിന്ദന്‍ വരെയുള്ളവര്‍ അതിന്റെ ചാമ്പ്യന്മാരായി ഉയര്‍ന്നുനിന്നഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ പിജിയെ കേരളം കണ്ടു. ഇ എം എസിന്റെയും മറ്റും തൊട്ടുപിന്നിലായി നിന്നുകൊണ്ട് ചിന്തയുടെയും വാദപ്രതിവാദങ്ങളുടെയും തലങ്ങളില്‍ പിജി തീര്‍ത്ത പ്രതിരോധം ചരിത്രപരമായ പ്രാധാന്യമുള്ള ഇടപെടലായി. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തുതന്നെ നിയമസഭാംഗമായിരുന്ന പിജി പില്‍ക്കാലത്ത് പാര്‍ലമെന്ററിരംഗത്തല്ല, ആശയസമരരംഗത്താണ് പ്രധാനമായും കേന്ദ്രീകരിച്ചത്. ആ പ്രക്രിയയുടെ ഭാഗമായാണ് ദേശാഭിമാനിയുടെ മുഖ്യപത്രാധിപസ്ഥാനത്തെത്തിയതും. കല്ലച്ചില്‍നിന്ന് ഫാക്സ്മിലി സമ്പ്രായത്തിലേക്കും ഡസ്ക്ടോപ്പ് എഡിറ്റിങ്ങിലേക്കും ഒക്കെയുള്ള ദേശാഭിമാനിയുടെ വളര്‍ച്ചയുടെ വിവിധങ്ങളായ ഘട്ടങ്ങളില്‍ പിജിയുടെ ഭാവനാശാലിത്വത്തിന്റെ മുദ്രപതിഞ്ഞുകിടക്കുന്നുണ്ട്. നിസ്സാരങ്ങളായ കൗതുകങ്ങള്‍ വായനക്കാരുടെ മനസ്സിലുണര്‍ത്തി പിന്‍വാങ്ങുന്ന സെന്‍സേഷനലിസത്തെ ഗൗരവാവഹമായ അപഗ്രഥനപഠനങ്ങള്‍കൊണ്ടു പകരംവെക്കുന്ന ഉള്‍ക്കനമാര്‍ന്ന പത്രപ്രവര്‍ത്തനശൈലി മലയാള പത്രലോകത്തിന് സംഭാവന ചെയ്തവരുടെ നിരയില്‍ പ്രധാനിയായിത്തന്നെ പിജിയെ കാണാം. അടിയന്തരാവസ്ഥക്കാലത്ത് ഏര്‍പ്പെടുത്തപ്പെട്ട വിലക്കുകളെ അതിലംഘിക്കുന്ന കുറുക്കുവഴികള്‍ കണ്ടെത്തുന്നതിലും അതു വലിയ പങ്കുവഹിച്ചു.

ജനാധിപത്യത്തെക്കുറിച്ച് എഴുതിക്കൂടാത്ത സെന്‍സര്‍ഷിപ്പിന്റെ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഒക്കെ ഉദ്ധരിണികള്‍ കൊടുത്ത് അമിതാധികാര സ്വേച്ഛാവാഴ്ചക്കെതിരായ വികാരം വായനക്കാരുടെ മനസ്സിലുണര്‍ത്തുക എന്നത് അത്തരമൊരു കുറുക്കുവഴിയായിരുന്നു. അതേഘട്ടത്തിലാണ് ഡിജിപി ജയറാംപടിക്കല്‍ പിജിയെ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യുന്നത്. മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയാണെന്നാണ് ഭാവം; അല്ലേ? എന്നതായിരുന്നു ചോദ്യം. "മാര്‍ക്സിസ്റ്റാണ്; ബുദ്ധിജീവിയാണെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ലല്ലോ". എന്ന മറുപടിക്കുമുമ്പില്‍ സ്കോട്ട്ലന്റ്ലാഡ് പരിശീലനം സിദ്ധിച്ച പടിക്കല്‍ പതറി. ദേശാഭിമാനിയുടെ പത്രാധിപരായി വന്ന ഘട്ടം മുതല്‍ അറിവിന്റെ രംഗത്ത് കൂടുതല്‍ വ്യാപരിക്കാനുള്ള ശ്രമം അദ്ദേഹം ശക്തിപ്പെടുത്തി. ഒരു വശത്ത് പത്രത്തെ രൂപംകൊണ്ടും ഉള്ളടക്കം കൊണ്ടും നവീകരിക്കുക; മറുവശത്ത് പുത്തന്‍ അറിവുകളത്രയും സ്വാംശീകരിച്ചുകൊണ്ടു സ്വയം നവീകരിക്കുക. തന്റെ അടുത്ത ബന്ധുക്കളും സുഹുത്തുക്കളും ഒരു വശത്ത് റിവിഷനിസത്തിന്റെയോ മറുവശത്ത് അതിസാഹസിക തീവ്ര ഇടതുപക്ഷവാദത്തിന്റെയോ വഴിയിലേക്ക് മാറിയ വേളയില്‍പോലും ഒരു വിധത്തിലും അവരാല്‍ സ്വാധീനിക്കപ്പെടാതെ ഇരുപാളിച്ചകള്‍ക്കുമെതിരെ ശരിയും ശാസ്ത്രീയവുമായ നിലപാടുതറയില്‍ നില്‍ക്കാന്‍വേണ്ട തരത്തിലുള്ള ആശയത്തെളിമ അദ്ദേഹം മനസ്സിലുറപ്പിച്ചു.

ലോകചിന്തയിലെ തെളിവെളിച്ചങ്ങള്‍ പിജിയിലൂടെ മലയാളക്കരയിലേക്ക് കടന്നുവന്നു. അന്റോണിയോഗ്രാംഷി മുതല്‍ നോംചോംസ്കി വരെ, ബാര്‍ത്തു മുതല്‍ ദറീദവരെ, എഡ്മണ്ട്ബര്‍ക് മുതല്‍ ഹണ്ടിങ്ടണ്‍വരെ മലയാള ചിന്താലോകത്ത് സജീവസാന്നിധ്യമായത് പിജിയുടെ അവതരണങ്ങളിലൂടെയാണ്. നമ്മുടെ സാഹിത്യ-സാംസ്കാരിക രംഗങ്ങള്‍ക്ക് പിജി നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തവയാണ്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പരിപ്രേക്ഷ്യം എല്ലാ പരിമിതികളെയും മറികടന്ന് വിശാലമാകണമെന്ന കാര്യത്തില്‍ പിജി പുലര്‍ത്തിയ നിഷ്കര്‍ഷ പെരുമ്പാവൂര്‍ രേഖയില്‍ വരെ പ്രതിഫലിച്ചുനില്‍ക്കുന്നു. അമ്പതുകളില്‍ "ന്യൂലെഫ്റ്റ്" എന്നറിയപ്പെട്ട പുത്തന്‍ ഇടതുപക്ഷം മുമ്പോട്ടുവെച്ച കാര്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ടെന്ന് ആദ്യം കണ്ടെത്തിയവരിലൊരാള്‍ പിജിയാണ്. പുത്തന്‍ ഇടതുപക്ഷം സാഹിത്യ-സാംസ്കാരികതലങ്ങളില്‍ പടര്‍ത്തിയ ഉദാരതയുടെ പുതുവെളിച്ചത്തെ സാമ്രാജ്യത്വാനുകൂല വ്യതിചലനം ആയി പലരും തെറ്റിദ്ധരിച്ചിരുന്ന കാലത്താണ് പിജി പുതിയ കണ്ടെത്തല്‍ നടത്തിയത്. അത് ടെറി ഈഗിള്‍ട്ടന്റെയും ഇ പി തോംപ്സന്റെയും ഒക്കെ ചിന്തകളുടെ വെളിച്ചം അല്‍പം വൈകിയായാലും ഇവിടെയും എത്താന്‍ സഹായിച്ചു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള വിശാല സാംസ്കാരിക മുന്നണിക്ക് അടിത്തറയാവേണ്ട വിധത്തിലുള്ള ചിന്തയുടെ നവീകരണത്തിന്റെ വഴികളാണ് "ന്യൂലെഫ്റ്റ്" തുറന്നിടുന്നതെന്ന് ആദ്യമായി പറഞ്ഞത് പിജിയാണ്. ന്യൂലെഫ്റ്റിനെ ചൂഴ്ചന്നുനിന്ന പുകമറ നീങ്ങുന്നതിനും അതിന്റെ പ്രകാശം കൊണ്ട് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സമീപനങ്ങള്‍ ഉദാരവും വിശാലവുമാകുന്നതിനും ആ കണ്ടെത്തലുകള്‍ വഴിവച്ചു. രൂപഭദ്രതാവാദത്തിന്റെ നാള്‍കളില്‍ സാഹിത്യകാരനു രാഷ്ട്രീയമുണ്ടായാല്‍ സര്‍ഗ്ഗാത്മകതയ്ക്കു ഹൃദയച്ചുരുക്കം വന്നുപോകും എന്ന യാഥാസ്ഥിതിക പക്ഷത്തിന്റെ വാദത്തെ അതിശക്തമായി നേരിട്ടു പിജി. ഹൃദയച്ചുരുക്കവാദക്കാരുടെ മാനിഫെസ്റ്റോ ആയിരുന്നു അന്ന് ഗുപ്തന്‍നായരുടെ "ഇസങ്ങള്‍ക്കപ്പുറം". ഗുപ്തന്‍നായരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിലെ ചിന്തകള്‍ക്ക് കൃത്യമായി പിജി മറുപടി പറഞ്ഞു. ആ മറുപടിയാണ് "ഇസങ്ങള്‍ക്കിപ്പുറം". ഇസങ്ങള്‍ക്കപ്പുറമേ സാഹിത്യമുണ്ടാവൂ എന്ന വാദത്തെ ഇസങ്ങള്‍ക്കിപ്പുറം സാഹിത്യമുണ്ടാവാമെന്നതിന്റെ ഉദാഹരണങ്ങള്‍ നിരത്തി പിജി ഖണ്ഡിച്ചു. പാബ്ലോ പിക്കാസോ മുതല്‍ പാബ്ലാനെരൂദവരെയുള്ളവര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. ഇവരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഒരു കലാസാഹിത്യചരിത്രരചന സാധ്യമാണോ? ഇവരൊക്കെ ഹൃദയച്ചുരുക്കമുള്ളവരും സര്‍ഗ്ഗാത്മകത നശിച്ചുവരുമായിരുന്നോ? ആ ചോദ്യത്തില്‍ തട്ടിയാണ് രൂപഭദ്രതാവാദത്തിന്റെ മുനയൊടിഞ്ഞത്. അതേസമയം കാലോചിതമായി പുതിയ ചിന്തകളെ ഉള്‍ക്കൊള്ളാന്‍ പിജി മടികാട്ടിയതുമില്ല. ഉള്ളടക്കം കേമമായതുകൊണ്ടുമാത്രമായില്ല; സംവേദനക്ഷമമായ രൂപംകൂടി അതിനുണ്ടാവേണ്ടതുണ്ട് എന്ന് പിജി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. വിപ്ലവം മാത്രമല്ല, പ്രണയവും വിപ്ലവകവിതക്ക് വിഷയമാകാം എന്ന് വിശദീകരിച്ചിട്ടുണ്ട്. ഈ മാറ്റമാകട്ടെ, ന്യൂലെഫ്റ്റിന്റെ ചിന്തയുടെ പ്രകാശത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന് കാണാന്‍ വിഷമമില്ല.

ഏത് ദിക്കില്‍നിന്ന് വരുന്ന അറിവിന്റെ ഏത് പ്രകാശകിരണത്തിനും നേര്‍ക്ക് മുഖമുയര്‍ത്തിനിന്ന പ്രതിഭയായിരുന്നു പിജി. നേഷന്‍സ്റ്റേറ്റ്സിന്റെ അതിരുകളെ അതിലംഘിച്ചുകൊണ്ട് ധനമൂലധനവും അതിന്റെ പ്രത്യയശാസ്ത്രവും വെല്ലുവിളി ഉയര്‍ത്തുന്നകാലം. ഓരോ രാജ്യത്തിന്റെയും പ്രകൃതിവിഭവങ്ങള്‍തൊട്ട് ഭാവുകത്വംവരെ അപകടത്തിലാവുന്ന കാലം. കലയില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവിതവുമായി ബന്ധപ്പെട്ട പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെയും ആധുനിക മുതലാളിത്തവും  അതിന്റെ കലയിലെ പ്രകടരൂപമായ ആധുനികോത്തരതയും  പുറത്താക്കുന്നകാലം. ആഗോളവല്‍ക്കരണത്തിന്റെ വിപത്ത് നാനാമേഖലകളെയും ഗ്രസിക്കുന്ന ഈ കാലം ഏറ്റവുമധികം ആവശ്യപ്പെടുന്നത് പിജിയെപ്പോലുള്ള സാംസ്കാരിക വ്യക്തിത്വങ്ങളെയാണ്. അത്തരമൊരു ഘട്ടത്തിലായി ഈ വിടവാങ്ങല്‍ എന്നത് നഷ്ടത്തിന്റെ ഗൗരവം വീണ്ടും വര്‍ധിപ്പിക്കുന്നു. ലാറ്റിനമേരിക്കന്‍-ബ്ലാക്ക്

അമേരിക്കന്‍ സാഹിത്യത്തിലെ ചലനങ്ങളെയും അവിടത്തെ രാഷ്ട്രീയചലനങ്ങളെയും പിജി കൂട്ടിവായിച്ചു. ദാമോദര്‍ കോസാംബിയുടെയും ദേവീപ്രസാദ് ചതോപാധ്യായയുടെയും വഴിയേ സഞ്ചരിച്ച് ഇന്ത്യന്‍ സംസ്കൃതിയെ പുരോഗമനാത്മകമായി അപഗ്രഥിച്ചു. ബിഷപ്പ് പൗലോസ് മാര്‍ ഗ്രിഗോറിയോസ് അടക്കമുള്ളവരുമായുള്ള സര്‍ഗ്ഗാത്മക സംവാദങ്ങളിലൂടെ ക്രൈസ്തവസഭക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കുമിടയില്‍ സഹകരണത്തിന്റെ ഇടനാഴി സൃഷ്ടിച്ചു. വേദാന്തം മുതല്‍ ദൈവകണംവരെ മനസ്സിന്റെ സൂക്ഷ്മദര്‍ശിനിക്കുകീഴില്‍ അപഗ്രഥിച്ചു.

ശങ്കരാചാര്യയേും ഐന്‍സ്റ്റീനേയുംവരെ അവരുടെ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചവതരിപ്പിച്ചു. മനഃശാസ്ത്രം മുതല്‍ ജ്യോതിശാസ്ത്രംവരെ, കണാദന്‍ മുതല്‍ സ്റ്റീഫന്‍ ഹോക്കിങ് വരെ, വാല്‍മീകി മുതല്‍ സച്ചിദാനന്ദന്‍വരെ, ഭഗവത്ഗീത മുതല്‍ ആടുജീവിതം വരെ ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍നിന്നും വഴിമാറിനിന്നില്ല. എന്തിനെ സമീപിക്കുന്നതിനുമുള്ള മുഴക്കോല്‍ അദ്ദേഹത്തിന് ഡയലക്ടിക്കല്‍ മെറ്റീരിയലിസത്തിന്റെ മാനദണ്ഡങ്ങളായി. വിജ്ഞാനവിപ്ലവത്തിന്റെ കാലത്ത് എവിടെയുണ്ടാവുന്ന ജ്ഞാനത്തിന്റെ ശകലങ്ങളെയും ആ മനസ്സ് ഒപ്പിയെടുത്ത് വരുംതലമുറയ്ക്കുള്ള ഈടുവെയ്പ്പാക്കി. അതിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ് വൈജ്ഞാനിക വിപ്ലവം- ഒരു സാംസ്കാരിക ചരിത്രം എന്ന ബൃഹത്തായ ഗ്രന്ഥം. ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേനയുമായി അറിവിന്റെ ഈ സമരാചാര്യന്‍ വിടവാങ്ങുന്നു. കേരളത്തിന്റെ വൈജ്ഞാനികതയും സാംസ്കാരികതയും ഈ നഷ്ടത്തിനൊത്ത് ദരിദ്രമാവുകയും ചെയ്യുന്നു.

അറിവ് ആയുധമാക്കിയ പോരാളി, ഗുരു

എസ് രാമചന്ദ്രന്‍പിള്ള

ഏതാണ്ട് അഞ്ച് പതിറ്റാണ്ടിന്റെ പരിചയവും ഒരുമിച്ച് പ്രവര്‍ത്തിച്ച അടുപ്പവും അനുഭവവുമാണ് പി ജിയുടെ വേര്‍പാടിലൂടെ വ്യക്തിപരമായി നഷ്ടപ്പെട്ടത്. എപ്പോഴും വായിക്കാന്‍ പ്രേരിപ്പിക്കുകയും അറിവിന്റെ മൂര്‍ച്ച കൂട്ടാന്‍ പ്രചോദിപ്പിക്കുകയും ചെയ്ത മഹാനായ ആ അധ്യാപകന്റെ ജീവിതം ഇനി ഓര്‍മയില്‍ മാത്രം. പി ജിയെ ഓര്‍ക്കുമ്പോള്‍ എവിടെ തുടങ്ങണമെന്ന് നിശ്ചയമില്ല. ഒരു കമ്യൂണിസ്റ്റുകാരന് ഉണ്ടാകേണ്ട എല്ലാ സവിശേഷതകളും ആ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. പി ജിയുടെ ഏറ്റവും വലിയ സംഭാവനയായി കാണുന്നത് മറ്റു യോഗ്യതകള്‍ക്കൊപ്പം അധ്യാപകനും പ്രചാരകനും എന്ന നിലയിലെ പ്രവര്‍ത്തനമാണ്. സമകാലിക സംഭവങ്ങളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങളെയും മാര്‍ക്സിസ്റ്റ് സമീപനം അനുസരിച്ച് വിശകലനം ചെയ്യാനും നിഗമനങ്ങളിലെത്താനും അസാധാരണ പാടവം കാണിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ശാസ്ത്രബോധത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള തുറന്ന ജനാധിപത്യ അന്തരീക്ഷം വളരെ പ്രധാനമാണ്. ഇത്തരമൊരു ആശയപരവും സാംസ്കാരികവുമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരാന്‍ പി ജി നടത്തിയ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ വളരെയധികം സഹായിച്ചു. അദ്ദേഹം നടത്തിയ ആശയസമരങ്ങളും അത് സൃഷ്ടിച്ച ബോധത്തിന്റെ വളര്‍ച്ചയുമാണ്കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനത്തിനും നല്‍കിയ ഏറ്റവും ഉന്നതമായ സംഭാവന. സങ്കീര്‍ണമായ സൈദ്ധാന്തികപ്രശ്നങ്ങള്‍ പ്രായോഗിക അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വളരെ സരസമായി അവതരിപ്പിക്കുന്ന ശൈലി അന്യാദൃശമായിരുന്നു. അത് ഒരു പ്രത്യേകാനുഭവം തന്നെയായിരുന്നു. പുതുതലമുറയെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കാനും അവരെ ശ്രദ്ധാപൂര്‍വം പരിശീലിപ്പിച്ച് വളര്‍ത്തിക്കാണ്ടുവരാനും അതീവതാല്‍പ്പര്യവും സാമര്‍ഥ്യവും കാട്ടി. പുതുതലമുറ എഴുതുന്നതും പ്രസംഗിക്കുന്നതും പി ജി ശ്രദ്ധാപൂര്‍വം പിന്തുടരും. അവര്‍ക്ക് ആശയപരമായി കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ പ്രോത്സാഹനവും പ്രചോദനവും നല്‍കി. കെഎസ്വൈഎഫില്‍ പ്രവര്‍ത്തിക്കവെ സംഘടനയുടെ പ്രധാന ക്ലാസുകളിലെല്ലാം അധ്യാപകനായി പി ജിയെ ആണ് വിളിക്കുക. പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ നാം ഊന്നുന്ന ചില വിഷയങ്ങളില്‍ പി ജി ശ്രദ്ധവയ്ക്കും. യോഗം കഴിയുമ്പോള്‍ അതേക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. യോഗങ്ങളില്‍ സംസാരിക്കുമ്പോള്‍ പ്രയോഗിക്കുന്ന ചില വാക്കുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കും. ആ സന്ദര്‍ഭത്തിനു ചേര്‍ന്ന വാക്ക് അതല്ലെന്ന് പിന്നീട് സ്വകാര്യമായി പറയും. ഒരിക്കല്‍ ചര്‍ച്ചയ്ക്കിടെ ഏതോ ഒരുവിഷയത്തില്‍  interfere എന്നു പ്രയോഗിച്ചു. യോഗത്തിനുശേഷം പി ജി അവിടെ പ്രയോഗിക്കേണ്ടത്  interfereഎന്നാണെന്ന് പറഞ്ഞു. ഭാഷാപ്രയോഗത്തില്‍ നാം പാലിക്കേണ്ട സൂക്ഷ്മതയും കൃത്യതയും പ്രധാനമാണെന്ന് ഒരു ഗുരുവിനെപ്പോലെ അന്ന് പറഞ്ഞുതന്നു.

18, 19, 20 നൂറ്റാണ്ടുകളിലെ സോഷ്യലിസത്തിന്റെ വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് ആധികാരികമായ ഒരു ഗ്രന്ഥം തയ്യാറാക്കണമെന്ന് പി ജിയോട് അഭ്യര്‍ഥിച്ചിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹം ഒടുവിലെഴുതിയ ബൃഹദ്ഗ്രന്ഥമായ "വൈജ്ഞാനികവിപ്ലവം-ഒരു സാംസ്കാരികചരിത്ര"ത്തിന്റെ കോപ്പി സമ്മാനിച്ചിട്ടു പറഞ്ഞു. "സഖാവ് അന്നു പറഞ്ഞ കാര്യങ്ങളുടെ പ്രാഥമികമായ ചില ഭാഗങ്ങള്‍ ഇതിലുണ്ട്."" എങ്കിലും സോഷ്യലിസത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പുസ്തകം എഴുതുമെന്ന് വാക്കുതന്നു. ആ വാക്ക് പാലിക്കാതെയാണ് പി ജി പോയതെങ്കിലും അദ്ദേഹം കേരളത്തിന് നല്‍കിയ ആശയപ്രപഞ്ചം അനശ്വരമാണ്.

മാനവികതയ്ക്കായുള്ള പോരാട്ടങ്ങള്‍

കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖരായ സൈദ്ധാന്തികരുടെ നേതൃനിരയിലാണ് സഖാവ് പി ഗോവിന്ദപ്പിള്ളയ്ക്കുള്ള സ്ഥാനം. മാര്‍ക്സിയന്‍ ദര്‍ശനമായ വൈരുധ്യാത്മക ഭൗതികവാദത്തെ ലളിതമായി തലമുറകള്‍ക്ക് പങ്കിട്ട സഖാവ് പി ജി ഗഹനമായ വിഷയങ്ങളെ ലളിതമായി പാകപ്പെടുത്താന്‍ വിദഗ്ധനായിരുന്നു. 69ല്‍ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ സംസ്ഥാന പഠനക്യാമ്പ് പിണറായിയില്‍ സംഘടിപ്പിച്ചപ്പോഴാണ് ഞാന്‍ പി ജിയെ പരിചയപ്പെട്ടത്. അന്നവിടെ അദ്ദേഹം നടത്തിയ ക്ലാസ് കമ്യൂണിസ്റ്റുകാരനായി ജീവിക്കണം എന്ന എന്റെ അഭിലാഷം അരക്കിട്ടുറപ്പിച്ചു. അന്ന് സഖാവുമായുണ്ടായ ബന്ധം രണ്ടാഴ്ചമുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിക്കുമ്പോഴും ഉലച്ചില്‍തട്ടാതെ സുദൃഢമായി നിന്നു. പരന്ന വായനയും അഗാധമായ പാണ്ഡിത്യവും പി ജിയുടെ സവിശേഷതയായിരുന്നു.

സാര്‍വദേശീയ-ദേശീയ കാര്യങ്ങള്‍ മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങളിലൂന്നി ലളിതഭാഷയില്‍ വിശകലനം ചെയ്ത പി ജി, ശാരീരികാവശതകളാല്‍ ബുദ്ധിമുട്ടുമ്പോഴും അതിനുവേണ്ടി യത്നിച്ചു. കലയും സാഹിത്യവും സംഗീതവുമൊക്കെ പി ജിക്ക് വഴങ്ങിയിരുന്നു. ഏത് വിഷയത്തെ കുറിച്ചും അവഗാഹതയോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷമുന്നേറ്റങ്ങളെ കുറിച്ച് അദ്ദേഹം മണിക്കൂറുകളോളം മുഷിപ്പില്ലാതെ സംസാരിക്കുമായിരുന്നു. ഏത് വിഷയത്തെ കുറിച്ച് സംവദിച്ചാലും പുതിയ വിവരങ്ങളുടെ ശേഖരവുമായി സജീവമാകുന്ന പി ജി എനിക്ക് വിസ്മയമാണ്.

52ല്‍ പി ജിയെ തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുത്തു. ഐക്യകേരളം രൂപംകൊണ്ടതിന് ശേഷം 57ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും പി ജി നിയമസഭാംഗമായി. 67ലും അദ്ദേഹം നിയമസഭാംഗമായി. പെരുമ്പാവൂരില്‍നിന്നാണ് മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് യുവാവായിരുന്ന പി ജി, നിയമസഭാസാമാജികര്‍ എങ്ങനെയാണ് വിഷയാവതരണം നടത്തേണ്ടത് എന്നതിനുള്ള മികച്ച ഉദാഹരണമായിരുന്നു. എതിരാളികളെ നിഷ്പ്രഭമാക്കുന്ന വാഗ്വിലാസത്തിനുടമയായിരുന്നു അദ്ദേഹം. 57ലെ ഇ എം എസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസബില്‍ തയ്യാറാക്കുന്നതിലും നിയമസഭകളില്‍ നടത്തിയ ചര്‍ച്ചകളിലൂടെ അത് സമ്പുഷ്ടമാക്കുന്നതിനും സംഭാവനകള്‍ ചെയ്തു. അക്ഷരത്തെ ആയുധമാക്കി മാറ്റി ആശയസമരത്തിനായി ഉപയോഗിക്കുന്നതില്‍ പി ജി കാണിച്ച സാമര്‍ഥ്യം പുതുതലമുറയ്ക്ക് പിന്തുടരാവുന്ന മാതൃകയാണ്.

കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം ശക്തിപ്പെടുത്താന്‍ പി ജി നടത്തിയ ഇടപെടലുകള്‍ എന്റെ ഓര്‍മകളിലുണ്ട്. 87ല്‍ അധികാരത്തില്‍വന്ന നായനാര്‍ സര്‍ക്കാരാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് (ഗ്രന്ഥശാലാസംഘം) കൊണ്ടുവന്നത്. അന്ന് ഞാന്‍ നിയമസഭാംഗമായിരുന്നു. ആ ബില്‍ തയ്യാറാക്കുന്നതില്‍ പി ജി നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ബില്ലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശകമുറിയില്‍ അദ്ദേഹം വരുമായിരുന്നു. സഭാനടപടികള്‍ വീക്ഷിച്ച്, ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കുറിപ്പുകളിലൂടെ ഞങ്ങളെ അറിയിക്കും. അത് ഞങ്ങളുടെ ചര്‍ച്ചകള്‍ക്ക് സഹായകമായി.

ഇടപെടലുകള്‍ എവിടെയും സാധ്യമാണെന്ന് പി ജി തെളിയിക്കുകയായിരുന്നു. കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് പി ജി പകര്‍ന്ന കരുത്ത് ചില്ലറയല്ല. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും എതിര്‍ക്കുന്ന വലതുപക്ഷത്തിന്റെ വക്താക്കളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അവരുടെ വാദങ്ങള്‍ കീറിമുറിച്ച് പൊള്ളത്തരങ്ങള്‍ എടുത്തുകാട്ടി. പുരോഗമന സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശയപരമായ വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചു. പി ജി യുടെ പോരാട്ടങ്ങള്‍ക്ക് ലക്ഷ്യം ഒന്നുമാത്രമാണെങ്കിലും രീതികള്‍ പല തരത്തിലുള്ളതായിരുന്നു. അതാണ് പി ജിയെ വ്യത്യസ്തനാക്കിയത്. പി ജി നമുക്ക് തന്നത് കമ്യൂണിസ്റ്റ് ജീവിതത്തിന്റെ വിലയേറിയ സന്ദേശമാണ്. മനുഷ്യമോചനത്തിനായുള്ള പ്രത്യയശാസ്ത്രത്തെ സര്‍ഗാത്മകമായി പ്രയോഗിക്കാനും മാനവികതയെ നശിപ്പിക്കുന്ന ചിന്തകള്‍ക്കെതിരെ പോരാടാനും പി ജി ആഹ്വാനം ചെയ്തു. പി ജിയുടെ ശൂന്യത നികത്താന്‍ കൂട്ടായ്മയുടെ സംഘശക്തിയായി നമുക്ക് അദ്ദേഹം കാണിച്ചുതന്ന വഴികളിലൂടെ നടക്കാം.


സര്‍വവിജ്ഞാനവും ഒരാളില്‍

ജി കാര്‍ത്തികേയന്‍

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പാണ് പി ഗോവിന്ദപ്പിള്ളയെ പരിചയപ്പെടുന്നത്. റോഡരികിലും പുസ്തകക്കടകളിലും സിനിമാശാലകളിലും അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ട്. എപ്പോഴും അദ്ദേഹത്തിന്റെ കൈയില്‍ പുസ്തകങ്ങളും കാണും. കാണുമ്പോഴെല്ലാം സ്നേഹവും സൗഹൃദവും പ്രകടിപ്പിക്കും. പുസ്തകങ്ങളെയും സിനിമയെയും പറ്റി സംസാരിക്കും. ലോകത്തെ സകല വിഷയങ്ങളെക്കുറിച്ചും അദ്ദേഹത്തിനറിയാമായിരുന്നു. എന്നാല്‍, ബുദ്ധിജീവി ജാടയും കാപട്യവും ഇല്ല. ഏതു തരം പുസ്തകവും വായിക്കും; ഏതു തരം സിനിമയും കാണും. ബുദ്ധിജീവികള്‍ ഇതൊന്നും ചെയ്തുകൂടെന്ന അലിഖിത നിയമം അദ്ദേഹത്തെ ബാധിച്ചില്ല. ഇംഗ്ലീഷ് എഴുത്തുകാരന്‍ ഇര്‍വിങ് വാലസ് മരിച്ചപ്പോള്‍, പി ജി അദ്ദേഹത്തെപ്പറ്റി ലേഖനമെഴുതി. ഇര്‍വിങ് വാലസ് ഇംഗ്ലീഷിലെ മുട്ടത്തുവര്‍ക്കിയാണെന്ന് നമ്മള്‍ കളിയാക്കാറുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹമാണ് ആദ്യമായി, അമേരിക്കയില്‍ കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്റായി വരും എന്നെഴുതിയത്. ഈ വിവരം പിജിയുടെ ലേഖനത്തിലുണ്ടായിരുന്നു. വാലസിന്റെ മഹത്വം കണ്ടറിയാന്‍ പി ജിക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമായി.

രാഷ്ട്രീയവും സാഹിത്യവും സാമൂഹികവുമായ മേഖലകള്‍ മാത്രമല്ല, വൈദ്യവും ജ്യോതിഷവും വരെ അദ്ദേഹത്തിന് അവഗാഹമുള്ള വിഷയങ്ങള്‍. വായിക്കുന്നതെല്ലാം ഓര്‍മയില്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ടിയുടെ സൈദ്ധാന്തികമുഖമായിരുന്നു പിജി- ആ ഒരൊറ്റ വിശേഷണത്തില്‍ ഒതുക്കാന്‍ മനസ്സുകാട്ടാത്ത വ്യക്തിയും. വിശ്വപൗരന്‍ എന്ന നിലയില്‍ ലോകത്തെവിടെയുമുള്ള മാനുഷികപ്രശ്നങ്ങളോട് സത്യസന്ധമായി പ്രതികരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വായനക്കാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ മഹാത്ഭുതം. സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നും പറയാം. സൈദ്ധാന്തികമായ പിടിവാശികളുടെ പേരില്‍ മനുഷ്യമുഖം നഷ്ടപ്പെടുത്താറുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തന്‍. പ്രശ്നങ്ങളോടുള്ള നിലപാടിനുസരിച്ച് സൈദ്ധാന്തികവാദിയോ ജനാധിപത്യവാദിയോ ആയി മാറാനുള്ള ബുദ്ധിപരമായ സത്യസന്ധത അദ്ദേഹം പ്രകടിപ്പിച്ചു. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍, മാന്യമായ പെരുമാറ്റത്തിലൂടെ സകലരുടെയും ആദരവ് അദ്ദേഹം നേടി.

തിരു-കൊച്ചി നിയമസഭയിലും കേരളത്തിലെ ആദ്യ നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായിരുന്നു അദ്ദേഹം. ഏതു വിഷയവും പൂര്‍ണമായും പഠിച്ച് അവതരിപ്പിച്ചു. നിയമസഭാ രേഖകളില്‍ അദ്ദേഹത്തിന്റെ ശക്തമായ പ്രസംഗങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം മനസിലാകും. സര്‍വകലാശാലകളെയും അധ്യാപകരെയും വിദ്യാഭ്യാസരംഗത്തെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ക്ക് ഇന്നും കാലികപ്രസക്തി നഷ്ടമായിട്ടില്ല. പി ജിയുടെ രചനകള്‍ വിജ്ഞാനവാഹിനികളാണ്. ഒരു വിഷയത്തെപ്പറ്റി എഴുതുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരുകാര്യവും അദ്ദേഹം മറക്കില്ല. അച്ചടി മാധ്യമത്തില്‍നിന്ന് വളര്‍ന്ന് ഇലക്ട്രോണിക് മാധ്യമത്തിലെത്തിയപ്പോഴും പി ജി മാറിനിന്നില്ല. കൈരളിയില്‍ അവതരിപ്പിച്ച "പി ജിയും ലോകവും" എല്ലാവരെയും ആകര്‍ഷിച്ചു. കേരളത്തിന്, ലോകത്തിന്റെ മുന്‍പില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന സാംസ്കാരിക പ്രതിഭയുടെ നഷ്ടമാണ് പി ജിയുടെ വേര്‍പാട്. അറിവിന്റെ ഭണ്ഡാരമായ അദ്ദേഹത്തിന്റെ വേര്‍പാട് നികത്തപ്പെടാതെ കിടക്കും.

*
ദേശാഭിമാനി

No comments: