Tuesday, November 13, 2012

ദളിതനും സ്ത്രീയും ക്ഷേത്രത്തിനു പുറത്ത്

വിവാദമായ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിന്റെ നിയമവിരുദ്ധ വശങ്ങള്‍ക്കപ്പുറത്തുള്ള ഗൂഢാലോചന അങ്ങേയറ്റം വിപല്‍ക്കരമാണ്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ നാം നേടിയെടുത്ത സംസ്കാരികവും ആത്മീയവും ധാര്‍മികവുമായ എല്ലാ നേട്ടങ്ങളെയും പാടേ തമസ്കരിക്കുന്നതാണ് ഈ കരിനിയമം. കേളപ്പനും എ കെ ഗോപാലനും കൃഷ്ണപിള്ളയും അടക്കമുള്ള ഉല്‍പ്പതിഷ്ണുക്കളായ നേതാക്കള്‍ കൊടിയ മര്‍ദനങ്ങളെ അതിജീവിച്ച് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനാവകാശം നേടിക്കൊടുത്തു. ആ സമരത്തിന്റെ പരിണതഫലമായിരുന്നു ക്ഷേത്ര പ്രവേശനവിളംബരം. ഗാന്ധിജിയും ശ്രീനാരായണ ഗുരുവുമടക്കമുള്ളവരുടെ പ്രവര്‍ത്തനവും അതിന്റെ പിന്നിലുണ്ടായിരുന്നു. നാം നേടിയ നവോത്ഥാനമൂല്യങ്ങളെ തകര്‍ത്ത് വീണ്ടും ക്ഷേത്രങ്ങളിലേക്ക് ജാതീയത കൊണ്ടുവരാനുള്ള ശ്രമമാണ് ഈ ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എത്രയോ വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന സംവരണം എടുത്തുകളഞ്ഞു. ക്ഷേത്രങ്ങളില്‍ ഒരുശതമാനംപോലും ഭരണത്തിലോ സാമ്പത്തിക കാര്യത്തിലോ സ്ത്രീകള്‍ക്ക് പങ്കാളിത്തമില്ല. ആകെ ഉണ്ടായിരുന്നത് ദേവസ്വം ബോര്‍ഡുകളിലെ പ്രതിനിധ്യമായിരുന്നു. അത് പിന്‍വലിക്കപ്പെട്ടു. ക്ഷേത്രങ്ങളില്‍നിന്ന് ദളിതരെ പുകച്ചുചാടിക്കാനുള്ള ഗൂഢശ്രമവും നടക്കുന്നു.

നിലവിലുള്ള സര്‍ക്കാരിന് തെരഞ്ഞെടുക്കുന്ന അംഗത്തെ ഹിന്ദു എംഎല്‍എമാരില്‍നിന്ന് വിജയിപ്പിക്കാന്‍ സാധിക്കുന്നതല്ല. വിശ്വാസികളായ എംഎല്‍എമാര്‍ക്കു മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുമ്പോള്‍ അത് സങ്കീര്‍ണമായ നിയമ തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തുന്നതും സംഗതികള്‍ നിയമയുദ്ധത്തില്‍ കലാശിക്കുന്നതുമാണ്. സര്‍ക്കാരിന് അതുതന്നെയാണ് വേണ്ടത്. രണ്ട് സവര്‍ണ അംഗങ്ങളെ സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാവുന്നതാണ്്. അതില്‍ ഒരാളെ പ്രസിഡന്റാക്കി ഭരണം നടത്താന്‍ സാധിക്കും. അങ്ങനെ ഹരിജന്‍ അംഗത്തിന്റെ തെരഞ്ഞെടുപ്പ് നടക്കാതാകുമ്പോഴും തര്‍ക്കത്തില്‍ നിലനില്‍ക്കുമ്പോഴും രണ്ട് സവര്‍ണ അംഗങ്ങള്‍ക്ക് സുഖമായി ഭരണം നടത്താം.

സ്ത്രീസംവരണവും ഹരിജന്‍ സംവരണവും ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രമാണ് ഓര്‍ഡിനന്‍സിലൂടെ വെളിവാകുന്നത്. ഇപ്പോള്‍ തന്നെ ക്ഷേത്രഭരണത്തിലും ജോലിയിലും ഒരു ശതമാനംപോലും അവര്‍ണരും സ്ത്രീകളും ഇല്ല എന്നത് ദുഃഖസത്യമാണ്. റിക്രൂട്ട് മെന്റ് ബോര്‍ഡ് എന്ന സംവിധാനംകൂടി വരുമ്പോള്‍ സാമൂഹിക നീതിയും സംവരണതത്വങ്ങളും അട്ടിമറിക്കാന്‍ സാധിക്കും. സുതാര്യവും നിഷ്പക്ഷവും പൊതുജനങ്ങളുടെ അംഗീകാരവുമുള്ള പിഎസ്സിയെ പുറത്താക്കി റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്ന സംവിധാനം വരുന്നത് അഴിമതിക്കു വേണ്ടി മാത്രമല്ല, സാമൂഹിക നീതി നിഷേധിക്കാനുംകൂടിയാണ്. ഇത്തരത്തിലുള്ള നീതിനിഷേധവും സവര്‍ണവല്‍ക്കരണവും നമ്മുടെ ക്ഷേത്രങ്ങളെ ഭക്തരില്‍നിന്ന് ഒറ്റപ്പെടുത്താനും ക്ഷേത്രങ്ങളുടെ അധഃപതനത്തിനും കാരണമാകും. കഴിഞ്ഞ കാലങ്ങളില്‍ നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്താനും ക്ഷേത്രങ്ങള്‍ ഭക്തരുടെ പൊതുസ്വത്താക്കാനും ജനാധിപത്യ വ്യവസ്ഥയ്ക്കാണ് സര്‍ക്കാര്‍ പരിശ്രമിക്കേണ്ടത്. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളും, ജാതീയ താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തിയുള്ള നടപടികള്‍ ക്ഷേത്രങ്ങളുടെ വികസനത്തിന് തടസ്സമാകും.

*
അഡ്വ. പി ചാത്തുക്കുട്ടി ദേശാഭിമാനി 13 നവംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിവാദമായ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിന്റെ നിയമവിരുദ്ധ വശങ്ങള്‍ക്കപ്പുറത്തുള്ള ഗൂഢാലോചന അങ്ങേയറ്റം വിപല്‍ക്കരമാണ്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ നാം നേടിയെടുത്ത സംസ്കാരികവും ആത്മീയവും ധാര്‍മികവുമായ എല്ലാ നേട്ടങ്ങളെയും പാടേ തമസ്കരിക്കുന്നതാണ് ഈ കരിനിയമം. കേളപ്പനും എ കെ ഗോപാലനും കൃഷ്ണപിള്ളയും അടക്കമുള്ള ഉല്‍പ്പതിഷ്ണുക്കളായ നേതാക്കള്‍ കൊടിയ മര്‍ദനങ്ങളെ അതിജീവിച്ച് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനാവകാശം നേടിക്കൊടുത്തു. ആ സമരത്തിന്റെ പരിണതഫലമായിരുന്നു ക്ഷേത്ര പ്രവേശനവിളംബരം. ഗാന്ധിജിയും ശ്രീനാരായണ ഗുരുവുമടക്കമുള്ളവരുടെ പ്രവര്‍ത്തനവും അതിന്റെ പിന്നിലുണ്ടായിരുന്നു. നാം നേടിയ നവോത്ഥാനമൂല്യങ്ങളെ തകര്‍ത്ത് വീണ്ടും ക്ഷേത്രങ്ങളിലേക്ക് ജാതീയത കൊണ്ടുവരാനുള്ള ശ്രമമാണ് ഈ ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എത്രയോ വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന സംവരണം എടുത്തുകളഞ്ഞു. ക്ഷേത്രങ്ങളില്‍ ഒരുശതമാനംപോലും ഭരണത്തിലോ സാമ്പത്തിക കാര്യത്തിലോ സ്ത്രീകള്‍ക്ക് പങ്കാളിത്തമില്ല. ആകെ ഉണ്ടായിരുന്നത് ദേവസ്വം ബോര്‍ഡുകളിലെ പ്രതിനിധ്യമായിരുന്നു. അത് പിന്‍വലിക്കപ്പെട്ടു. ക്ഷേത്രങ്ങളില്‍നിന്ന് ദളിതരെ പുകച്ചുചാടിക്കാനുള്ള ഗൂഢശ്രമവും നടക്കു