Showing posts with label ബയോടെൿനോളജി. Show all posts
Showing posts with label ബയോടെൿനോളജി. Show all posts

Tuesday, August 9, 2011

ബിടി വിളകളും ഇന്ത്യന്‍ കാര്‍ഷികരംഗവും

"റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസ്" ജേര്‍ണല്‍ ഡോ. എം എസ് സ്വാമിനാഥനുമായി നടത്തിയ അഭിമുഖം

? ജൈവസാങ്കേതികവിദ്യ വഴിയുള്ള വിളകള്‍ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം കൂട്ടാനും ഇന്ത്യന്‍ കാര്‍ഷികരംഗത്തെ വിളസമാഹരണം മെച്ചപ്പെടുത്താനും ഉതകുന്നവിധത്തില്‍ പുതിയതും ഇന്നേവരെ ലഭ്യമാകാത്തതുമായ മാര്‍ഗം തുറന്നുതരുമോ
ഡോ. എം എസ് സ്വാമിനാഥന്‍ : തീരെ ബന്ധമില്ലാത്ത ജീനുകള്‍ സംയോജിപ്പിച്ചാണ് ജൈവസാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങള്‍ (ബിടി വിളകള്‍) സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ഉപ്പുരസം അതിജീവിക്കാന്‍ തീരദേശ സസ്യങ്ങള്‍ക്ക് ശേഷി പകരുന്ന ജീനുകളെ ഇന്ന് നമുക്ക് മറ്റ് സസ്യഇനങ്ങളിലേക്ക് മാറ്റാന്‍ കഴിയും.

1900ല്‍ മെന്‍ഡല്‍ കണ്ടെത്തിയ പിന്തുടര്‍ച്ചാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎന്‍എ സാങ്കേതികവിദ്യക്ക് തുടക്കംകുറിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ക്രോമസോം ഇരട്ടിപ്പിക്കല്‍പോലുള്ള വിദ്യകളിലൂടെ ജനിതകസംയോജനങ്ങള്‍ വികസിപ്പിച്ചു. ഇപ്പോള്‍ നവീന സാങ്കേതികവിദ്യകളിലൂടെ ഇത്തരം ജീന്‍മാറ്റങ്ങള്‍ എളുപ്പത്തില്‍ നടത്താം. കീടബാധ, മറ്റ് രോഗങ്ങള്‍ , പ്രളയം, വരള്‍ച്ച തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ജീന്‍മാറ്റം വഴിയുള്ള ഫലപ്രദമായ വിദ്യകള്‍ക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇക്കാലത്ത് ഇതിന് വര്‍ധിച്ച പ്രാധാന്യമുണ്ട്. എന്നാല്‍ , മെന്‍ഡലിന്റെ സാങ്കേതികവിദ്യമാത്രം ഉപയോഗിച്ച് ഇന്നത്തെ പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയില്ല. ഉദാഹരണത്തിന്, രാത്രി ഉയരുന്ന താപനില ചെറുക്കാന്‍ കഴിയുന്ന ഗോതമ്പ് വിളകള്‍ വികസിപ്പിക്കാന്‍ കഴിയണം; ഉപ്പുരസവും വരള്‍ച്ചയും അതിജീവിക്കാന്‍ ശേഷിയുള്ള വിളകള്‍ വികസിപ്പിക്കണം. കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ളവയും നമുക്ക് ആവശ്യമാണ്. സങ്കരവിളകളേക്കാള്‍ ഇന്ന് നമുക്ക് വേണ്ടത് ജൈവസാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങളാണ്. കാരണം സങ്കരവിളകളുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും കമ്പനിയില്‍നിന്ന് വാങ്ങേണ്ടിവരും. എന്നാല്‍ , ജനിതകവിളകളുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് സൂക്ഷിക്കാന്‍ കഴിയും.

? ബിടി വിളകള്‍ ജൈവവൈവിധ്യത്തിന് ഭീഷണിയാണോ. യഥാര്‍ഥ കൃഷിയില്‍ ഇത്തരം വിളകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അനന്തരഫലം എന്താകും
ഡോ. സ്വാമിനാഥന്‍ : ബിടി വിളകളുടെ വിത്തുകള്‍ കര്‍ഷകര്‍ക്കുതന്നെ സംരക്ഷിക്കാന്‍ കഴിയുന്നതുകൊണ്ട് ഇവ ജൈവവൈവിധ്യത്തിന് ഭീഷണിയല്ല. വിത്തുകള്‍ ഓരോ വര്‍ഷവും വാങ്ങേണ്ടിവരുമെന്നതിനാല്‍ സങ്കരവിളകളാണ് ഭീഷണി ഉയര്‍ത്തുക. രണ്ട് വ്യത്യസ്ത ഇനങ്ങളില്‍നിന്ന് സൃഷ്ടിക്കുന്ന സങ്കരവിളകള്‍ സംയോജനത്തിന്റെ ഫലമായി സങ്കരസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. വീണ്ടും വളര്‍ത്തിയാലും ഇവകൊണ്ട് ഫലമില്ല. പാരമ്പര്യരീതികള്‍ വഴിയോ ജൈവസാങ്കേതികവിദ്യ ഉപയോഗിച്ചോ സങ്കരവിളകള്‍ സൃഷ്ടിക്കാം.

ചോളംപോലുള്ള വിളകളുടെ വിത്തുകള്‍ ലാഭകരമായി ഉല്‍പ്പാദിപ്പിക്കാന്‍ സങ്കരസൃഷ്ടി പ്രയോജനപ്പെടുത്താം. എന്നാല്‍ , പ്രാദേശികമായി ലഭ്യമായ അനേകം വിളജാതികള്‍ക്ക് പകരം ഒന്നോ രണ്ടോ സങ്കരവിളകളെമാത്രം ഉപയോഗിക്കുന്നത് ഉല്‍പ്പാദനത്തിന്റെ സുസ്ഥിരതയെ ദോഷകരമായി ബാധിക്കും. സങ്കരവിളകള്‍ക്ക് കീടങ്ങളെയോ രോഗങ്ങളെയോ അധികകാലം ചെറുക്കാന്‍ കഴിയില്ല.

? ബിടി വിളകള്‍ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാണോ.

ഡോ. സ്വാമിനാഥന്‍ : ജൈവസുരക്ഷയ്ക്ക് ആവശ്യമായ പരിശോധനകള്‍ സൂക്ഷ്മമായി നടത്താതെ ബിടി വിളകള്‍ ഉപയോഗിച്ചാല്‍ അത് മനുഷ്യാരോഗ്യത്തിന് ഹാനികരമാകും. അമേരിക്കയില്‍ ബിടി വിളകള്‍ മനുഷ്യാരോഗ്യം, ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആഘാതം സംബന്ധിച്ച് മൂന്ന് ഔദ്യോഗിക ഏജന്‍സികള്‍ പഠനം നടത്തിവരുന്നു. എഫ്ഡിഎ( ഭക്ഷ്യ-ഔഷധ വിഭാഗം), ഇപിഎ(പരിസ്ഥിതി സംരക്ഷണ വകുപ്പ്), എപിഎച്ച്ഐഎസ്(കാര്‍ഷിക സസ്യാരോഗ്യ പരിശോധന വിഭാഗം) എന്നിവയാണ് ഈ ഏജന്‍സികള്‍ . സര്‍ക്കാര്‍ ലാബുകളില്‍ വിശദമായ പരിശോധന നടത്തിയശേഷം മാത്രമേ അമേരിക്കയില്‍ ബിടി വിളകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കൂ.

? ഇന്ത്യയിലെങ്കിലും, കാര്‍ഷിക രംഗത്തെ വന്‍സാങ്കേതിക വിപ്ലവത്തിന്റെ പ്രതീകമായ ബിടിയുടെ ഉടമസ്ഥതയും ഗവേഷണവും വിതരണവും ഉപഭോഗവും ബഹുരാഷ്ട്രകമ്പനികളും സ്വകാര്യ മേഖലയുംമാത്രം കൈയാളുന്ന സ്ഥിതിയാണ്. ജനപക്ഷ വികസനത്തില്‍ ഈ പ്രതിഭാസം സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്തായിരിക്കും

ഡോ. സ്വാമിനാഥന്‍ : ഹരിതവിപ്ലവം പൊതുമേഖലയുടെ ഉല്‍പ്പന്നമായിരിക്കെ ജീന്‍വിപ്ലവം സ്വകാര്യമേഖലയുടെ സംരംഭമാണ്. ആദ്യത്തേത് പൊതുനന്മ ലക്ഷ്യമിട്ടുള്ള ഗവേഷണത്തിന്റെ ഫലമാണ്. രണ്ടാമത്തേത് ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ പിന്‍ബലമുള്ള വാണിജ്യാധിഷ്ഠിത ഗവേഷണത്തിന്റെ സൃഷ്ടിയും. അതുകൊണ്ട്, ജൈവസാങ്കേതികവിദ്യാരംഗത്ത് സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജനക്ഷേമം ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഭാഗ്യവശാല്‍ , നമ്മുടെ രാജ്യത്ത് ജൈവസാങ്കേതികവിദ്യാരംഗത്ത് ജനക്ഷേമം ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ കാര്യമായ തോതില്‍ പുരോഗമിച്ചുവരുന്നു. ബിടി വിളകള്‍ വിജയകരമായി വളര്‍ത്താന്‍ ആവശ്യമായ ഘടകങ്ങള്‍ സമ്പത്ത്, പരിസ്ഥിതി, ധാര്‍മികത, തൊഴില്‍ശേഷി എന്നിവയാണ്. സാമ്പത്തികവശത്ത്, ചെലവും അപകടസാധ്യതയും വരുമാനഘടനയും ചേര്‍ന്നാണ് കര്‍ഷകന്‍ തെരഞ്ഞെടുക്കുന്ന സാങ്കേതികവിദ്യയും നിക്ഷേപവും നിശ്ചയിക്കുന്നത്. ധാര്‍മികത നോക്കുമ്പോള്‍ എല്ലാത്തരം കര്‍ഷകര്‍ക്കും അവരുടെ ശേഷി മാനദണ്ഡമാകാതെ ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കണം. തൊഴിലിന്റെ കാര്യത്തില്‍ , സങ്കരവിളകള്‍ കൃഷിചെയ്യാന്‍ ഗ്രാമങ്ങള്‍തോറും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കാം. കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍പോലുള്ള സംവിധാനങ്ങള്‍ വഴി ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാം.

? ബിടി വിളകള്‍ പൊതുമേഖലയില്‍ ഉപയോഗിക്കാനും ജനക്ഷേമം സാധ്യമാക്കാനും ഇന്ത്യ സജ്ജമാണോ

ഡോ. സ്വാമിനാഥന്‍ : കേന്ദ്രസര്‍ക്കാരിന്റെ ജൈവസാങ്കേതിക വിദ്യാ വകുപ്പിന്റെ പിന്തുണയോടെ ഈ മേഖലയില്‍ കുറെ പുരോഗതി നേടിയിട്ടുണ്ട്. ഐസിഎആര്‍ , സിഎസ്ഐആര്‍ , ഐസിഎംആര്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഡിഎന്‍എ സാങ്കേതികവിദ്യ വഴി ദരിദ്രകര്‍ഷകരെയും ഉപയോക്താക്കളെയും സഹായിക്കാനുള്ള ഗവേഷണം നടത്തിവരുന്നു. ഈ ജോലിയില്‍ മതിയായ പുരോഗതി കൈവരിക്കാന്‍ നമുക്ക് കഴിയണം.

? ബിടി വിളകള്‍ വികസിപ്പിച്ചെടുക്കാനും ജൈവസുരക്ഷ ഉറപ്പാക്കാനും നടക്കുന്ന ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാനും വിലയിരുത്താനും ഇന്ത്യയിലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ പര്യാപ്തമാണോ
ഡോ. സ്വാമിനാഥന്‍ : സ്വന്തമായി പരീക്ഷണ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. അതുകൊണ്ട് ഞാന്‍ 2004ല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ , നമ്മുടെ ദേശീയ കാര്‍ഷിക ജൈവസാങ്കേതികവിദ്യാ നയത്തിന് അടിസ്ഥാനമാകേണ്ടത് കാര്‍ഷികകുടുംബങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ, ഉപയോക്താക്കളുടെ ആരോഗ്യസുരക്ഷ, കാര്‍ഷിക-ആരോഗ്യ ജൈവസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വാണിജ്യത്തില്‍ ദേശീയ-അന്തര്‍ദേശീയ സംരക്ഷണം എന്നിവയായിരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റില്‍ നിയമം പാസാക്കി ദേശീയ ജൈവസാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനം കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്. ജൈവസുരക്ഷയുടെയും സംരക്ഷണത്തിന്റെയും എല്ലാ മേഖലകളും പരിശോധിക്കാന്‍ കഴിയുന്ന ഒരു നിയന്ത്രണ സംവിധാനമായിരിക്കണം അത്. ഒന്നാമതായി, ജൈവവൈവിധ്യത്തില്‍ ഉള്‍പ്പെടെ, പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം പഠിക്കണം. സാമ്പത്തികരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയും നേട്ടവും സുതാര്യമായും വിശ്വാസ്യതയോടെയും വിലയിരുത്തണം. അവസാനമായി, എല്ലാ ബിടി വിളകളുടെയും ദീര്‍ഘകാല പ്രത്യാഘാതം പരിശോധിക്കണം. വഴുതനപോലുള്ള വിളകളുടെ മൂലവിത്തുകള്‍ ശേഖരിച്ച് സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കണം. സംരക്ഷണം, കൃഷി, ഉപഭോഗം, വാണിജ്യം എന്നീ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കണം.

? ബിടി വഴുതനയുടെ നിരോധനം അനിവാര്യമാണോ

ഡോ. സ്വാമിനാഥന്‍ : ബിടി വഴുതന നിരോധിക്കേണ്ട കാര്യമില്ല, അതേസമയം, വ്യത്യസ്ത സ്വഭാവമുള്ള നൂറുകണക്കിന് തനത് ഇനങ്ങള്‍ക്ക് പകരം ഒന്നോ രണ്ടോ സങ്കരഇനങ്ങള്‍മാത്രം കൃഷി ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. ഇന്ത്യ വഴുതനയുടെ ജന്മനാടാണ്. ഈ വിളയുടെ കാര്യത്തില്‍ സമ്പന്നമായ ജൈവസമ്പത്ത് നമുക്കുണ്ട്. വിസ്മയാവഹമായ ഈ ജീന്‍ശേഖരം സംരക്ഷിക്കണം. ഒരാളുടെ ജീവിതകാലത്ത് ഉടനീളം ബിടി വഴുതന ഉപയോഗിക്കുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതവും പഠിക്കണം.


*****


ദേശാഭിമാനി 05 ആഗസ്റ്റ് 2011


ബിടി വിളകളെക്കുറിച്ച് എസ് രാമചന്ദ്രന്‍പിള്ള


"റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസ്" ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡോ. എം എസ് സ്വാമിനാഥന്‍ നല്‍കിയ മറുപടികളോട് വിശാലമായ അര്‍ഥത്തില്‍ ഞാന്‍ യോജിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തവും കൃത്യവും വളച്ചുകെട്ടില്ലാത്തതുമായ മറുപടികള്‍ ബിടി വിളകളുടെ ഉപയോഗത്തെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതാണ്. യൂറോപ്പിനു പുറത്തുനിന്നു വരുന്ന കാര്‍ഷികോല്‍പ്പന്നങ്ങളെ തങ്ങളുടെ കമ്പോളത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ യൂറോപ്പിലെ ബിടി വിള വിരുദ്ധ സംഘടനകള്‍ ജൈവസുരക്ഷ എന്ന വാദം ഉയര്‍ത്തുന്നു. ഇവരുടെ പ്രചാരണവും സ്വാധീനവും അമേരിക്കയിലെ ബിടി വിള കമ്പനികളുടെ പ്രചാരണവും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളില്‍ വന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ശാസ്ത്ര-സാങ്കേതിക മുന്നേറ്റം കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന ശക്തമായ വാദമാണ് എനിക്കുള്ളത്. ഇന്ത്യയിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഇത് അനിവാര്യമാണ്. കര്‍ഷകരില്‍ ഗണ്യമായ വിഭാഗത്തിന്, പ്രത്യേകിച്ച് ദരിദ്രകര്‍ഷകര്‍ക്ക് കൃഷി ആദായകരമല്ലാതായി മാറുകയാണ്. അവരുടെ ഇന്നത്തെ പ്രയാസകരമായ ഘട്ടം തരണംചെയ്യാന്‍ ബിടി വിളകള്‍ തീര്‍ച്ചയായും സഹായിക്കും. പ്രകൃതിയുടെയും രോഗങ്ങളുടെയും പലവിധ കടന്നാക്രമണങ്ങളില്‍നിന്ന് വിളകളെ രക്ഷിക്കാന്‍ ജീന്‍മാറ്റംപോലുള്ള വിദ്യകള്‍ വഴി കഴിയുന്നതായി ഡോ. സ്വാമിനാഥന്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും ഇതിന് പ്രസക്തിയുണ്ട്. ദേശീയ കാര്‍ഷിക കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ വരള്‍ച്ച, ജലത്തിലെ ഉപ്പുരസം എന്നിവ പോലുള്ള ദുരന്തങ്ങളില്‍നിന്ന് കൃഷിയെ രക്ഷിക്കാന്‍ ഉതകുന്ന ജനിതകമാറ്റ വിദ്യകള്‍ക്ക് മുന്‍ഗണന നല്‍കണം.

ജല ഉപയോഗത്തിലെ കാര്യക്ഷമതയും പോഷകസമൃദ്ധി-സംസ്കരണ സാധ്യത എന്നിവയും ബിടി വിളകള്‍ വികസിപ്പിക്കുമ്പോള്‍ മാനദണ്ഡമാക്കണം. ജനിതകവിളകള്‍ ഉപയോഗിക്കുംമുമ്പ് മനുഷ്യാരോഗ്യം, ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതം സംബന്ധിച്ച് ജൈവസുരക്ഷ പരിശോധനകളും നടത്തണം. ഇക്കാര്യത്തില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സംവിധാനം ഡോ. സ്വാമിനാഥന്‍ വിശദീകരിച്ചിട്ടുണ്ട്. സമാനമായ സംവിധാനം ഇവിടെയും ഏര്‍പ്പെടുത്തണം. ബിടി വിളകളുടെ അപകടസാധ്യത സംബന്ധിച്ച് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ, ഇവയുടെ പരീക്ഷണവും സുരക്ഷാ പരിശോധനയും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ ലഭ്യമാക്കണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി(ജിഇഎസി)യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഇന്നത്തെ സംവിധാനം അടിമുടി മാറ്റണം.

പരീക്ഷണഘട്ടത്തില്‍തന്നെ സുരക്ഷാപരിശോധനകള്‍ നടത്തണം. ബിടി പരുത്തിവിളയുടെ അനുഭവം വ്യക്തമാക്കുന്നത് ഇതിന്റെ സാമ്പത്തികവശത്തെക്കുറിച്ച് ശരിയായ പഠനം നടന്നിട്ടില്ലെന്നാണ്. അവതരിപ്പിക്കുന്ന ഓരോ ബിടി വിളയുടെയും സാമ്പത്തികപ്രത്യാഘാതവും പരിശോധിക്കണം. വിളകളുടെ വില നിശ്ചയിക്കാന്‍ സംവിധാനം ഉണ്ടാകണം; വിത്തുകള്‍ പരാജയപ്പെട്ടാല്‍ ഉണ്ടാകുന്ന വിളനഷ്ടത്തിന് ഉത്തരവാദിത്തം ഏല്‍ക്കാന്‍ വ്യവസ്ഥ ചെയ്യണം. ബിടി വിളകളും സങ്കരവിളകളും ഉപയോഗിക്കുമ്പോള്‍ത്തന്നെ തനത് വിളകളുടെ മൂലവിത്തുകള്‍ സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ഈ സാങ്കേതികവിദ്യയുടെ ഉപയോഗം ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യന്‍ കാര്‍ഷികരംഗം നിയന്ത്രിക്കുന്ന അവസ്ഥ സൃഷ്ടിക്കരുത്. ബിടി പരുത്തിയുടെയും വഴുതനയുടെയും അനുഭവം വ്യക്തമാക്കുന്നത് ഭാവിയില്‍ കൂടുതല്‍ വിളകളുമായി ബഹുരാഷ്ട്ര കമ്പനികള്‍ കടന്നുവന്ന് ഇന്ത്യന്‍കര്‍ഷകരെ കൊള്ളയടിക്കുമെന്നാണ്. കൃഷിയുടെയും കര്‍ഷകരുടെയും ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടല്ല ബഹുരാഷ്ട്രകമ്പനികള്‍ ബിടി വിളകള്‍ പ്രയോജനപ്പെടുത്തുന്നത്, അവരുടെ ലക്ഷ്യം തല്‍ക്കാല ലാഭം മാത്രമാണ്. സ്വകാര്യമേഖലയ്ക്ക് പ്രചോദനം പകരുന്നത് ലാഭേച്ഛ മാത്രമാണ്; സുരക്ഷാകാര്യങ്ങളില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. ഭക്ഷ്യദൗര്‍ലഭ്യം, പോഷകാഹാരക്കുറവ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, പിന്നോക്കാവസ്ഥ എന്നിവയ്ക്ക് പരിഹാരം കാണാന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കില്ല. സ്വകാര്യമേഖല വിത്തുകള്‍ക്ക് കൊള്ളവിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് ബിടി രംഗത്ത് പൊതുമേഖലയ്ക്ക് മേല്‍ക്കൈ ലഭിക്കണം. ജൈവസാങ്കേതികവിദ്യയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.

മൊണ്‍സാന്റോയുടെയും ഇന്ത്യ-അമേരിക്ക സഹകരണ കരാറിന്റെയും ശിങ്കിടി എന്ന മട്ടിലാണ് ഐസിഎആറും ഐഎആര്‍ഐയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്രകമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമം. കേന്ദ്രസര്‍ക്കാരിന്റെ ഈ നയം സമൂലമായി മാറണം. നിര്‍ദിഷ്ട ദേശീയ ജൈവസാങ്കേതികവിദ്യ നിയന്ത്രണ സംവിധാനം അപര്യാപ്തമാണ്. ശാസ്ത്രജ്ഞരുടെയും സാമൂഹിക ഗവേഷകരുടെയും കര്‍ഷകസംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇതിന്റെ പ്രവര്‍ത്തനം ജനാധിപത്യപരമാക്കണം. കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ, സംസ്ഥാനസര്‍ക്കാരുകളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തണം. ബിടി വഴുതനയുടെ കാര്യത്തില്‍ ജിഇഎസിയുടെ പരിഗണനയിലുള്ള വിവരങ്ങള്‍ പൊതുജന അംഗീകാരത്തിന് വിധേയമാക്കാതെ അനുമതി നല്‍കരുത്. സുരക്ഷാ പരിശോധനകളുടെ ഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. തീരുമാനം എടുക്കല്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സുതാര്യത ഉറപ്പാക്കണം. ബിടി വഴുതന ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുന്ന ഒരാളില്‍ സൃഷ്ടിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതവും വിലയിരുത്തണം.


*****


എസ് രാമചന്ദ്രന്‍പിള്ള ദേശാഭിമാനി 06 ആഗസ്റ്റ് 2011

Tuesday, January 4, 2011

ശാസ്‌ത്രനേട്ടം കുത്തകകളുടെ കൈയില്‍ അമരരുത്

ജനിതകമാറ്റം വരുത്തിയ എല്ലാ വിത്തിനങ്ങളോടുമുള്ള എതിര്‍പ്പ് യാഥാസ്ഥിതികത്വത്തിന്റെ പ്രകടനമാണ്. ശാസ്‌ത്ര-സാങ്കേതിക പുരോഗതിക്കെതിരെ മുഖം തിരിച്ചുനില്‍ക്കാതെ തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ആധുനിക ശാസ്‌ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ബഹുരാഷ്‌ട്രകുത്തകകളുടെ കൈയിലമരരുത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. തുറന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലേ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച് ജനങ്ങളുടെ ബോധത്തെ ഉയര്‍ത്തി സ്വീകാര്യമാക്കാനാണ് ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്.

ജനിതകവിത്തുകള്‍ ഉപയോഗിക്കുന്നത് വിഡ്ഢിത്തമാണെന്ന വന്ദന ശിവയുടെ പ്രതികരണം യാഥാസ്ഥിതികബോധത്തിന്റെ പ്രകടനമാണ്. ശാസ്‌ത്രപുരോഗതിക്കെതിരെ മുഖം തിരിച്ചുനില്‍ക്കുന്ന നിലപാടാണ് പലകാര്യങ്ങളിലും വന്ദന ശിവ സ്വീകരിച്ചു പോന്നിട്ടുള്ളത്. ചില വിഷയങ്ങളില്‍ അവര്‍ ശരിയുടെ പക്ഷത്താണ്. ശാസ്‌ത്രവിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത് പഴിചാരിയല്ല, നിലപാടിന്റെ ശാസ്‌ത്രീയത ബോധ്യപ്പെടുത്തിയാകണം.

ചരിത്രം പരിശോധിച്ചാല്‍ ആദ്യമെടുത്ത പല നിലപാടും തിരുത്തിയാണ് ശാസ്‌ത്രം മുന്നേറിയതെന്നു കാണാം. ജനിതകവിത്തിനങ്ങള്‍ പാടേ നിരാകരിക്കരുതെന്ന നിലപാട് കുത്തകകളെ സഹായിക്കാനാണെന്ന ആക്ഷേപം പരിഹാസ്യമാണ്. ഇന്ന് ശാസ്‌ത്രസാങ്കേതിക വിദ്യയാകെ കുത്തകകളുടെ കൈയിലാണ്. അത് പൊതുമേഖലാസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ഗവേഷണകാര്യങ്ങളില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ കുത്തകകമ്പനികളില്‍ ഒതുങ്ങിപ്പോകും.

ഇന്നത്തെ ലോകസാഹചര്യത്തില്‍ ജനിതകമാറ്റം വരുത്തിയ വസ്‌തുക്കളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. പ്രമേഹത്തിനുപയോഗിക്കുന്ന ഇന്‍സുലിന്റെ വലിയ പങ്ക് ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഹിമോഫീലിയ രോഗത്തിന് ജനിതകമാറ്റം വരുത്തിയ മരുന്നാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ബിടി പരുത്തിവിത്ത് ഉപയോഗിക്കുന്നുണ്ട്. ഇതുവഴി ഉല്‍പ്പാദിപ്പിക്കുന്ന പരുത്തിയും അതുപയോഗിച്ചുള്ള വസ്‌ത്രവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് വരുന്നുമുണ്ട്.

അന്തകവിത്തിനെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തു. ബിടി വഴുതനയ്ക്കെതിരായ എതിര്‍പ്പും ശക്തമായി തുടരും. ദോഷഫലങ്ങളുണ്ടാക്കില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്തിയേ ഇത്തരം വിത്ത് ഉപയോഗപ്പെടുത്താവൂ. സാങ്കേതികവിദ്യയെ ബഹുരാഷ്‌ട്ര കമ്പനികളില്‍നിന്ന് മോചിപ്പിക്കണം. സിപിഐ എം നിലപാട് മാറ്റിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. ശാസ്‌ത്രസാങ്കേതികപുരോഗതി സാമാന്യജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കത്തക്കവിധം പ്രയോജനപ്പെടുത്തുന്ന നിലപാടാണ് സിപിഐ എം എന്നും സ്വീകരിച്ചത്.

രാജ്യത്ത് വരള്‍ച്ച ബാധിച്ച ഒട്ടേറെ പ്രദേശങ്ങളുണ്ട്. ഉപ്പുരസമുള്ള മണ്ണും വെള്ളവുമുള്ള പ്രദേശമുണ്ട്. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇത്തരം പ്രദേശങ്ങളില്‍ കൃഷിചെയ്യാനാകും. ഉപ്പുരസം ചെറുക്കാനുള്ള കണ്ടല്‍ച്ചെടികളുടെ ശേഷിയെയും നെല്ലിനെയും പരസ്പരം സംയോജിപ്പിക്കാനുള്ള ഗവേഷണം നടന്നുവരികയാണ്.

1994ല്‍ നടന്ന ഒന്നാം പഠനകോൺഗ്രസില്‍ ഇ എം എസ് പ്രധാനപ്പെട്ട രണ്ടു കാര്യം ചൂണ്ടിക്കാണിച്ചു- കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനാകില്ല.

ശാസ്‌ത്രസാങ്കേതിക മേഖലയില്‍ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളിലൊന്നാണ് ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉല്‍പ്പാദനം. ലാഭേഛയാണ് ബഹുരാഷ്ട്ര കമ്പനികളെ നയിക്കുന്നത്. ആവശ്യമായ സുരക്ഷാക്രമീകരണം കുത്തകകമ്പനികള്‍ അവഗണിച്ചെന്നു വരാം. പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ഘട്ടത്തില്‍ മറ്റു ജീവജാലങ്ങള്‍ക്കും സസ്യസമ്പത്തിനും ഒരപകടവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. ബിടി വഴുതന വിത്തിന്റെ അനുഭവം നമുക്കു മുമ്പിലുണ്ട്. വേണ്ടത്ര പരീക്ഷണം നടത്താതെയാണ് കേന്ദ്രസര്‍ക്കാരിന്റെ സമിതികള്‍ ഈ വിത്തിന് അനുമതി നല്‍കിയത്. ഈ സമിതികളെ മൊസാന്റോ സ്വാധീനിച്ചെന്ന് ആക്ഷേപമുയര്‍ന്നതാണ്. ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തിമാത്രമേ ഈ വിത്തിനങ്ങള്‍ ഉപയോഗപ്പെടുത്താവൂ.


*****

എസ് രാമചന്ദ്രന്‍പിള്ള, കടപ്പാട് : ദേശാഭിമാനി (തയ്യാറാക്കിയത് കെ എം മോഹന്‍ദാസ്)

Friday, August 27, 2010

ജീവന്റെ നിര്‍മ്മിതി - ചില ധാര്‍മ്മിക പ്രശ്‌നങ്ങള്‍

ജീവശാസ്‌ത്ര ഗവേഷണ രംഗം സ്വകാര്യ മുതലാളിമാരുടെ ഏറ്റവും പുതിയ മേച്ചില്‍പ്പുറമാണ്. ആയിരക്കണത്തിന് കോടി രൂപയാണ് ഇന്ന് ജീവശാസ്‌ത്ര ഗവേഷണ രംഗത്തേക്ക് ഒഴുകുന്നത്. കണ്ണു കെട്ടിയ കുതിരയെപ്പോലെ പായുന്ന കോര്‍പ്പറേറ്റ് ശാസ്‌ത്രലോകം അവസാനം കൃത്രിമമായി ജീവനും സൃഷ്‌ടിച്ചു. ആധുനിക ജീവശാസ്‌ത്രം ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൈനംദിന ജീവിതത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നാം തല്‍ക്കാലത്തേക്കെങ്കിലും സന്തോഷിക്കുന്നു. പിന്നീട് ചിക്കിച്ചികഞ്ഞ്, ഇത്തരം ശാസ്‌ത്ര മുന്നേറ്റങ്ങളൊക്കെ സ്വകാര്യ ശാസ്‌ത്ര ഗവേഷണ ശാലകളില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ഇത്തരം കണ്ടുപിടുത്തങ്ങളുടെ ധാര്‍മ്മിക നൈതിക വശങ്ങളൊക്കെ നാം അന്വേഷിക്കാറ്. മൊന്‍സാന്റോ കമ്പനി ടെര്‍മിനേറ്റര്‍ വിത്തിനങ്ങള്‍ വികസിപ്പിച്ചപ്പോഴും, റോസ്‌ലിന്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഡോ. ഇയാന്‍ വില്‍മുട്ട് സസ്‌തനിയെ ക്ളോണിങ്ങിലൂടെ സൃഷ്‌ടിച്ചെടുത്തപ്പോഴും മനുഷ്യ ജനിതക ഘടന അനാവൃതമായപ്പോഴും നാം ധാര്‍മ്മിക-നൈതിക പ്രശ്‌നങ്ങള്‍ക്കപ്പുറം ശാസ്‌ത്ര മുന്നേറ്റത്തിന്റെ വാര്‍ത്താമൂല്യത്തിനാണ് മുന്‍തൂക്കം കൊടുത്തത്.

യഥാര്‍ത്ഥത്തില്‍ ആധുനിക കാര്‍ഷിക രംഗത്തും വൈദ്യശാസ്‌ത്ര രംഗത്തും വളരെ മുന്നേറാന്‍ സഹായിക്കുന്ന ഇത്തരം കണ്ടുപിടുത്തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാന്‍ പ്രധാന കാരണം ഈ രംഗത്തെ അമിതമായ കച്ചവടവല്‍ക്കരണം തന്നെയാണ്. കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി ജീവശാസ്‌ത്ര ഗവേഷണങ്ങളിലേറെയും നടക്കുന്നത് സ്വകാര്യ കമ്പനികളുടെ ഗവേഷണ ശാലകളിലാണെന്നുള്ളത് ഈ രംഗത്തെ കച്ചവട താല്പര്യം വിളിച്ചോതുന്നുണ്ട്. കുത്തക കമ്പനികള്‍ക്ക് ഏതുതരം ഗവേഷണമായാലും പൊതുതാല്പര്യത്തിലുപരി ലാഭം തന്നെയാണ് പ്രധാനം. അവിടെ ധാര്‍മ്മികതക്കോ നൈതികതക്കോ ലവലേശം പ്രാധാന്യമില്ല. ഈ ഒരു പശ്ചാത്തലത്തിലാണ് പരസഹായമില്ലാതെ വിഭജിക്കാന്‍ കഴിവുള്ള ബാക്‌ടീരിയങ്ങളെ കൃത്യമമായി സൃഷ്‌ടിക്കുന്നതില്‍ അമേരിക്കയിലെ ക്രൈഗ് വെന്റര്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഇരുപത്തഞ്ചോളം വരുന്ന ശാസ്‌ത്രജ്ഞര്‍ നേടിയ വിജയത്തെ നാം കാണേണ്ടത്. ആധുനിക ജനിതക ശാസ്‌ത്രത്തിലെ കുലപതിയായ ഡോ. ക്രൈഗ് വെന്റര്‍ നടത്തുന്ന ഈ സ്വകാര്യ സ്ഥാപനം മൈകൊപ്ളാസ്‌മ മയികോഡെസ് എന്ന സൂക്ഷ്‌മജീവിയുടെ ഒരു നൂതന മായ കൃത്രിമ സൃഷ്‌ടിയാണ് നടത്തിയത്. മൈകൊപ്ളാസ്‌മ മയികൊഡെസ് (JCVI-SYN-1)എന്ന് പേരിട്ടിരിക്കുന്ന ഈ കൃത്രിമ ജീവന്റെ സൃഷ്‌ടിക്കായി പതിനഞ്ച് വര്‍ഷത്തോളമാണ് ശാസ്‌ത്രസംഘം പ്രയത്നിച്ചത്.

കോശത്തിന്റെ ജനിതക ഘടനയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ രൂപപ്പെടുത്തിയശേഷം ഒരു ദശലക്ഷത്തിലധികം വരുന്ന ജനിതകഘടകങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി രാസപ്രവര്‍ത്തനത്തിലൂടെ നിര്‍മ്മിച്ച് മുന്‍ സൂചിപ്പിച്ച മൈകൊപ്ളാസ്‌മ മയികൊഡെസ് എന്ന അണുജീവിയിലേക്ക് സന്നിവേശിപ്പിക്കുകയാണ് ശാസ്‌ത്രജ്ഞര്‍ ചെയ്‌തത്. ഈ പുതിയ സൂൿഷ്‌മജീവിയുടെ പ്രത്യുല്പാദനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് പരീക്ഷണശാലയില്‍ ശാസ്‌ത്രജ്ഞര്‍ സൃഷ്‌ടിച്ച ജീനുകളാണെന്നിരിക്കെ അതിനെ നമുക്ക് ജീവന്റെ കൃത്രിമ സൃഷ്‌ടി എന്ന് വിളിക്കാതെ വയ്യ. ഒപ്പം ക്രൈഗ് വെന്ററിനെ ‘ദൈവം’ എന്നും വിളിക്കേണ്ടിവരും. ഈ കണ്ടുപിടുത്തം വിഖ്യാത ശാസ്‌ത്ര മാസികയായ സയന്‍സ് എക് ‌സ്‌പ്രസ്സ് അതിന്റെ മേയ് 20 ലക്കത്തില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

ക്രൈഗ് വെന്ററും സംഘവും തങ്ങളുടെ സൃഷ്‌ടിയുടെ ഗുണ-ഗണങ്ങളിലും അത് ഭാവിയില്‍ ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് നല്‍കാന്‍ സാധ്യതയുള്ള സേവനങ്ങളെക്കുറിച്ചും ശുഭപ്രതീക്ഷയാണ് പുലര്‍ത്തുന്നത്. കൃത്രിമ സൂൿഷ്‌മജീവികളെ ഇത്തരത്തില്‍ സൃഷ്‌ടിച്ച് ജൈവ ഇന്ധനം ഉത്പാദിപ്പിക്കാനും, പരിസര മലിനീകരണം ഉളവാക്കുന്ന പദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കാനും, ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ചെറുചിലവില്‍ ഉത്പാദിപ്പിക്കാനും കഴിയുമെന്ന് ശാസ്‌ത്രലോകവും കരുതുന്നു. എന്നാല്‍ കോര്‍പ്പറേറ്റ് ശാസ്‌ത്രജ്ഞരുടെ ഈ പ്രതീക്ഷ അസ്ഥാനത്താണെന്ന് പറയാതെ വയ്യ. അവരെ നിയന്ത്രിക്കുന്നത് ലാഭക്കൊതിയന്മാരായ കുത്തക മുതലാളിമാരാണ് എന്നിരിക്കെ കൃത്രിമ ജീവന്റെ ഗുണ ഫലങ്ങള്‍ മുഴുവന്‍ മാനവരാശിക്കും ലഭിക്കുന്നതെങ്ങിനെ? ഇതിനൊക്കെ അപ്പുറമാണ് ഇത്തരം കൃത്രിമജീവികളുടെ സൃഷ്‌ടിയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍. നമ്മുടെ ഭൂമിയെ സംബന്ധിച്ചിടത്തോളം അതില്‍ വസിക്കുന്ന ജീവന്റെ എല്ലാ രൂപങ്ങള്‍ക്കും അതിന്റേതായ ഒരു ദൌത്യമുണ്ട്. പരിണാമ സിദ്ധാത്തില്‍ അധിഷ്‌ടിതമായാണ് ജീവിവര്‍ഗ്ഗങ്ങള്‍ പ്രകൃതിയിലെ അവയുടെ ദൌത്യം നിര്‍വ്വഹിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ പുതിയ ജീവന്റെ ഉത്പന്നങ്ങള്‍ പരീക്ഷണശാലയില്‍ നിന്ന് പുറത്തേക്ക് വന്നാല്‍ പ്രകൃതിയിലെ അതിന്റെ ദൌത്യം എന്തായിരിക്കുമെന്ന് ആര്‍ക്കും പിടിയില്ല. കൃത്രിമ ജീവന്റെ സൃഷ്‌ടാക്കള്‍ ഇതിന് ഉത്തരം പറയേണ്ട ഒരു സാഹചര്യം ഇക്കാരണത്താല്‍ സംജാതമായിട്ടുണ്ട്. കൃത്രിമജീവകോശങ്ങള്‍ ഉപയോഗിച്ച് ജൈവ ഇന്ധനങ്ങളും, മരുന്നും, എന്നുവേണ്ട ഭൂമിയെ സ്വര്‍ഗ്ഗതുല്യമാക്കുന്ന എല്ലാം ഉത്പാദിപ്പിക്കാം എന്നവകാശപ്പെടുന്ന കോര്‍പ്പറേറ്റ് ശാസ്‌ത്ര സമൂഹം ഇതേ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ല. ഇന്ധനങ്ങളും, മരുന്നുമൊക്കെ ഉത്പാദിപ്പിക്കുന്ന കൃത്രിമ ജീവകോശങ്ങള്‍ നിര്‍മ്മിക്കുന്ന അതേ സാങ്കേതിക വിദ്യയിലൂടെ തന്നെ മാനവരാശിക്ക് ഭീഷണി ഉയര്‍ത്തുന്ന സൂക്ഷ്‌മജീവകോശങ്ങളും സൃഷ്‌ടിക്കാന്‍ കഴിയുമെന്ന കാര്യം നാം മറക്കരുത്.

കഴിഞ്ഞ ഒരു ദശകത്തിലെ ശാസ്‌ത്ര ഗവേഷണ രംഗത്തെ നിക്ഷേപത്തെ സൂൿഷ്‌മമായി നിരീക്ഷിച്ചാല്‍ ഈ രംഗത്ത് നിന്ന് പൊതു മേഖല സാവധാനം പിന്മാറുന്നതായികാണാം. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് പ്രത്യേകിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ശാസ്‌ത്ര സാങ്കേതിക രംഗത്തേക്ക് സ്വകാര്യ മൂലധനം വരുന്നതിലാണ് താല്പര്യം. ഇന്ത്യയിലും ഈ പ്രവണത ശക്തമാകുന്നുണ്ട്. എന്നാല്‍ ജീവന്‍രക്ഷാ ഔഷധങ്ങളുടെയും പുതിയ വിത്തിനങ്ങളുടെയും വികാസത്തിന് സ്വകാര്യ മേഖല മുന്നിട്ടിറങ്ങിയാല്‍ സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകന്നുകഴിയുന്ന ലോകത്തെ ഒരു നല്ല ശതമാനം പാവപ്പെട്ടവര്‍ക്ക് അത് തിരിച്ചടിയാകും. സ്വകാര്യ കോര്‍പ്പറേറ്റ് ഗവേഷണശാലകള്‍ സാമൂഹിക പ്രതിബദ്ധതക്കപ്പുറം ലാഭക്കൊയ്‌ത്തിലായിരിക്കും താല്പര്യം കാട്ടുക. ബി ടി വഴുതന ഉള്‍പ്പെടെയുള്ള ആധുനിക ജൈവസാങ്കേതിക ഉത്പന്നങ്ങള്‍ ലോകത്തെമ്പാടുമുള്ള കമ്പോളങ്ങളില്‍ ശക്തമായ തിരിച്ചടി നേരിട്ടതിന് പ്രധാന കാരണം അവയുടെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കുന്നതില്‍ അവയുടെ ഉപജ്ഞാതാക്കളായ സ്വകാര്യ കമ്പനികള്‍ ദയനീയമായി പരാജയപ്പെട്ടതുകൊണ്ടാണ്.

ശാസ്‌ത്രഗവേഷണ രംഗത്തേക്കുള്ള സ്വകാര്യ മൂലധനത്തിന്റെ ഒഴുക്ക് കൃത്യമായി നിയന്ത്രിക്കാനും പരിശോധിക്കാനുമുള്ള സംവിധാനം ലോകത്തെമ്പാടും നിലവില്‍ വരേണ്ടതുണ്ട്. ജീവന്‍രക്ഷാ ഔഷധങ്ങളുടെ കമ്പോളത്തിലെ വില നോക്കിയാണ് പല കുത്തക കമ്പനികളും അവരുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഉദാഹരണത്തിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന പല പകര്‍ച്ച വ്യാധികള്‍ക്കു മെതിരെയുള്ള മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ മരുന്ന് കമ്പനികള്‍ക്ക് താല്പര്യമില്ല. കാരണം പട്ടിണിക്കാരുടെ രാജ്യമായ ആഫ്രിക്കയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന ലാഭമെടുത്തുകൊണ്ട് വലിയ വിലയ്‌ക്ക് വില്‍ക്കാന്‍ കഴിയില്ല.

ജീവകോശങ്ങളുടെ കൃത്രിമ നിര്‍മ്മിതിയും അതിന്റെ തുടര്‍ന്നുള്ള ഉപയോഗവുമെല്ലാം നല്ലതുതന്നെ, എന്നാല്‍ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പൊതു ഉടമസ്ഥതയിലിലുള്ള പരീക്ഷണശാലകളില്‍ കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്തുന്നതായിരിക്കും മാനവരാശിയുടെ ശാശ്വതമായ നിലനില്‍പ്പിന് നല്ലത്. ശാസ്‌ത്രം, പ്രത്യേകിച്ച് ജീവശാസ്‌ത്രം ഇനിയും മുന്നേറേണ്ടതുണ്ട്. പക്ഷെ ജീവശാസ്‌ത്ര ഗവേഷണ രംഗത്തെ നമ്മുടെ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടത് ഒരിക്കലും ലാഭത്താല്‍ നിയന്ത്രിക്കപ്പെടുന്ന കമ്പോള ശക്തികളാകരുത്. ബി. ടി. വിത്തിനങ്ങള്‍ ഉള്‍പ്പെടെ ജീവശാസ്‌ത്ര ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് നിരവധി പുതിയ ഉത്പന്നങ്ങള്‍ പുറത്തുവരുന്നുണ്ട്. അവയെ, പ്രത്യേകിച്ച് സ്വകാര്യ ഗവേഷണശാലകളില്‍ നിന്ന് പുറത്തിറങ്ങുന്നവയെ ഗൌരവമായ സുരക്ഷാപരിശോധനകള്‍ക്കുശേഷമേ മനുഷ്യ ഉപയോഗത്തിനായി അനുവദിക്കാന്‍ പാടുള്ളൂ. ഈ രംഗത്തെ സ്വകാര്യ കമ്പനികളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ട്.

*****

ഡോ. എ. സാബു, കടപ്പാട് :യുവധാര ആഗസ്‌റ്റ് 2010

drsabu@gmail.com