Showing posts with label എമര്‍ജിങ് കേരള. Show all posts
Showing posts with label എമര്‍ജിങ് കേരള. Show all posts

Thursday, October 4, 2012

എമര്‍ജിങ് കേരള-ഒരു ചരിത്രാന്വേഷണം

പുതിയ വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പൂര്‍വകാലത്തെ വിശകലനം ചെയ്യുക എന്നത് പൊതുവെയുള്ള ശൈലിയാണ്. വ്യക്തിക്കും സമൂഹത്തിനും ഇത് ബാധകമാണ്. ഒരാള്‍ക്ക് ഞാന്‍ ചതിയനാണെന്ന് ബോധ്യപ്പെട്ടാല്‍ എന്റെ ഭൂതകാലം മുഴുവന്‍ ആ "ചതിരേഖ" മാര്‍ഗരേഖയാക്കി പരിശോധിക്കും. ചരിത്രവും അങ്ങനെതന്നെ. സമകാലിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ചരിത്രത്തെ വ്യാഖ്യാനിക്കുക. പാവം ചരിത്രം!. എല്ലാത്തിനും നിന്നുകൊടുക്കും!. "അന്നന്നത്തെ അന്നം" കണ്ടെത്താന്‍ ഓരോരുത്തരും കണ്ടെത്തുന്ന വഴി. "അന്നം" എന്നുള്ളത് ചീത്തവാക്കല്ലെങ്കില്‍ ഈ പഴഞ്ചൊല്ലും നിഷേധാത്മകമല്ല. ഊണുകഴിക്കുക, അതിനുള്ള വക തേടുക എന്നുള്ളതൊക്കെ മോശം കാര്യമല്ല.

കേരള ചരിത്രം സമകാലിക സൈദ്ധാന്തിക- സാമൂഹിക പശ്ചാത്തലത്തില്‍ മാറ്റി എഴുതാനുള്ള എളിയ ശ്രമമാണ് ഇത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുമാതിരി ആവശ്യങ്ങളൊക്കെ കാലഘട്ടത്തിന്റെ പിടലിക്ക് കെട്ടുകയാണല്ലോ സാധാരണ. പാവം കാലഘട്ടം!. എല്ലാ ഭാരവും താങ്ങി വിയര്‍ത്തൊലിച്ച് നില്‍ക്കുകയാണ്, ഋതുക്കള്‍ മാറുന്നതറിയാതെ!. കേരള ചരിത്രരചനയെ ഒരു പുനര്‍വായനക്ക് വിധേയമാക്കുകയാണ് ഇവിടെ. പുനഃസൃഷ്ടി, പുനര്‍രചന എന്നീ വാക്കുകള്‍ ഒഴിവാക്കി പുനര്‍വായന എന്നത് മനപ്പൂര്‍വം പ്രയോഗിച്ചതാണ്. ഗ്രന്ഥകാരന്‍ പണ്ഡിതനും, സമകാലിക ജ്ഞാനവ്യാപാരത്തിലെ മോശമല്ലാത്ത ഒരു കച്ചവടക്കാരനുമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമം മാത്രമാണ് അത്. അല്ലാതെ മറ്റൊരു ദുരുദ്ദേശ്യവും അതിലില്ല.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വായിക്കുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ച കിട്ടുമെന്നതിനാല്‍ പുനര്‍വായന എന്ന് പ്രയോഗിക്കാമെന്നാണ് ഇതിന്റെ കച്ചവടക്കാര്‍ പറയുന്നത്. കഴിയുന്നത്ര പുതിയ വാക്കുകള്‍ ഉപയോഗിച്ചു തന്നെയാണ് ഇത് നിര്‍വഹിക്കുന്നത്. എവിടെയെങ്കിലും അതിന് കുഴപ്പം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗ്രന്ഥകര്‍ത്താവിന്റെ പ്രാപ്തിക്കുറവായി മാത്രം കണ്ടാല്‍ മതി. " ഡെവലപ്മെന്റാ"ണ് ഇപ്പോഴത്തെ പ്രധാന ഭാഷ. ദൈനംദിന ജീവിത വ്യാപാരത്തിലെ പ്രധാന പ്രയോഗവും "ഡെവലപ്മെന്റ്" തന്നെ. ഡെയ്ലി ഡയലോഗടിയില്‍ ഡെവലപ്മെന്റ് എന്ന വാക്കാണ് കൂടുതലും കയറിവരുന്നതെന്നാണ് ഉദ്ദേശിച്ചത്. ഇത് മുന്‍ പറഞ്ഞ വാചകം വായിച്ചപ്പോള്‍ മനസ്സിലായിക്കാണും എന്ന് കരുതുന്നു.

ദൈവം കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രചാരമുള്ള വാക്ക് "ഡെവലപ്മെന്റാ"ണ്. ഒരു മാതിരി എല്ലാക്കാര്യത്തിനും ഇപ്പോള്‍ "ഡെവലപ്മെന്റാ"ണ് ഉപയോഗിക്കുന്നത്. വീട് പൊളിച്ചു പണിയുന്ന കാലം പോയി. ഇപ്പോള്‍ വീടൊന്ന് "ഡെവലപ്" ചെയ്യലാണ്. ചായക്കടയില്‍ സ്ഥിരം പരിപ്പുവടക്ക് പകരം മസാലദോശ വന്നാല്‍ കട ഒന്ന് "ഡെവലപ്" ചെയ്യലാവും. കല്യാണം കഴിഞ്ഞ പെണ്ണിനോട് "ഡെവലപ്മെന്റൊന്നും ആയില്ലേടീ" എന്നു ചോദിക്കുന്ന ബന്ധുക്കള്‍ ഉണ്ട്. ഗര്‍ഭിണിയായോ എന്നാണ് വിവക്ഷ. മരമൊക്കെ വെട്ടിക്കളഞ്ഞ് രണ്ട് ടിപ്പറിടിച്ചാല്‍ "അവിടെയൊക്കെ ഭയങ്കരമായി ഡെവലപ്മെന്റാവും." ഇപ്പോള്‍ പണിയുള്ളവന്‍, പണിയില്ലാത്തവന്‍ എന്നീ വാക്കുകള്‍ ഇല്ല. പണിയുള്ളവന്‍ ഡെവലപ്പന്‍, പണിയില്ലാത്തവന്‍ അണ്‍ഡെവലപ്പന്‍. പുതിയ വാക്കുകള്‍ ഉപയോഗിച്ച്, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ചരിത്രരചനയുടെ ആദ്യസംരംഭമാണ് ഇത്. ഇത് പുതിയ സമീപനം കൂടിയാണ്. രചനയുടെ സാമ്പിള്‍ വെടിക്കെട്ട് താഴെ. അതിപ്രാചീന കാലത്ത് വെള്ളം മൂടി ഒരു ഡെവലപ്പ്മെന്റുമില്ലാതെ കിടക്കുകയായിരുന്നു കേരളം.

വെള്ളം മൂടിയാണ് കിടന്നിരുന്നതെങ്കിലും കേരളത്തിന്റെ സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞത് പരശുരാമനായിരുന്നു. പരശുരാമന്‍ എവിടെനിന്നാണ് വന്നതെന്നറിയില്ല. എന്നാലും കേരളത്തിന്റെ ഭാവി കണ്ടറിഞ്ഞ് മൂലധനമിറക്കാന്‍ തയ്യാറായി വന്ന ആദ്യത്തെ നിക്ഷേപകനാണ് എന്ന് നിസ്സംശയം പറയാം. ഏതൊരു വ്യവസായത്തിനും അത്യന്താപേക്ഷിതമായത് ഭൂമിയാണ്. വെള്ളത്തിനടിയില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി കണ്ടെത്തി എന്നതിലാണ് പരശുരാമന്റെ ക്രാന്തദര്‍ശിത്വം. കേരളവികസന മാതൃകയുടെ "സോഴ്സ്" കണ്ടെത്തിയ ആദ്യത്തെ "റിസോഴ്സ് പേഴ്സണാണ്" പരശുരാമന്‍. അതുകൊണ്ട് കേരളത്തിന്റെ ഡെവലപ്മെന്റിന്റെ പിതാവ് എന്ന് പരശുരാമനെ അടയാളപ്പെടുത്തുന്നതില്‍ അപാകമില്ല. വെള്ളം വറ്റിച്ച് ഭൂമി വീണ്ടെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ അന്ന് പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ല. അതുകൊണ്ട് മറ്റു മാര്‍ഗങ്ങള്‍ പരശുരാമന് ആരായേണ്ടി വന്നു. ഒരു എന്റര്‍പ്രണര്‍ അഥവാ ഒരു സംരംഭകന്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ പരാജയപ്പെട്ടില്ല പരശു. വിന്ധ്യാപര്‍വതത്തിനപ്പുറത്ത് അന്ന് വര്‍ക്ക്ഫോഴ്സ് ഉണ്ട്. കച്ചവടത്തിന് വന്ന ഇബ്നുബത്തൂത്ത ഇത്തരം ലേബര്‍ ഫോഴ്സിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അക്കാലം പണിമുടക്കുകളോ, ഹര്‍ത്താലോ ഇല്ല. തൊഴില്‍ ദിനങ്ങള്‍ അങ്ങനെ നഷ്ടപ്പെടുകയുമില്ല. നോക്കുകൂലിയുമില്ല. എങ്കിലും വിന്ധ്യനപ്പുറത്തുനിന്ന് വര്‍ക്ക്ഫോഴ്സിനെ കൊണ്ടു വരേണ്ടന്ന് തന്നെ പരശുരാമന്‍ തീരുമാനിച്ചു. പ്രാദേശിക വികസനരീതി വികസിപ്പിച്ചെടുക്കണമെന്ന് തന്നെ പരശുരാമന് തോന്നി. സ്വന്തം സാധ്യതകളെ ആരായുകയായിരുന്നു പരശുരാമന്‍. അതുകൊണ്ട് പുതിയ സംരംഭങ്ങളുടെ പിതാവ് എന്നും പരശുരാമനെ വിളിക്കാം. പുറത്തുനിന്ന് വര്‍ക്ക് ഫോഴ്സ് കൊണ്ടുവരുന്നതിനുള്ള എക്സ്പെന്റിച്ചര്‍, അതിന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് എല്ലാം കണക്കുകൂട്ടുമ്പോള്‍ അത് ഒരു ചെറിയ ബജറ്റായിരിക്കില്ല. കേരളത്തിന്റെ ജി ഡി പിയേക്കാള്‍ അധികം വരും. എങ്കിലും പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ലോകത്താകെ നടക്കുന്ന മാറ്റങ്ങളുമായി കേരളത്തെ "ഇന്റഗ്രേറ്റ്" ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നു തന്നെ പരശുരാമന് തോന്നി. സ്വയം ഒരു ഡിസ്ക്കഷന് വഴങ്ങുകയായിരുന്നു പരശു. ഒരു തീരുമാനമെടുക്കുന്നതിന് തന്നെത്തന്നെ രൂപപ്പെടുത്തുന്ന ഒരു പ്രകിയയിലേക്ക് പരിവര്‍ത്തനം ചെയ്യലായിരുന്നു അത്. ഇതിനെ അന്ന് തപസ്സ് എന്നാണ് പറഞ്ഞിരുന്നത്. ഇത് നിര്‍വികാരമോ, നിസ്സംഗതയോ, നിര്‍ഗുണമോ അല്ല. അങ്ങനെ ഇന്റര്‍പ്രട്ട് ചെയ്യാന്‍ അന്ന് ചില ആന്റിഡെവലപ്മെന്റ് ഫോഴ്സസ് തയ്യാറായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് വളരെ പൊട്ടന്‍ഷ്യല്‍ ആവശ്യമുള്ള ഒരു പ്രക്രിയയാണ്. നിലവിലുള്ള സിസ്റ്റം ഓഫ് ബിലീവ്സിനെ അഥവാ വിശ്വാസരൂപത്തെ തകര്‍ക്കാനുള്ള മെന്റല്‍ സ്ട്രെങ്ത്ത് അഥവാ മാനസികധൈര്യം ആവാഹിക്കാനുള്ള വളരെ ജൈവികമായ പ്രക്രിയയാണ്. ഏത് സംരംഭത്തിനും നാല്‍പ്പതു ശതമാനത്തോളം റിസ്ക്ക് ഫാക്റ്ററുണ്ടാവും. ഒരു റിസ്ക്ക് ഫാക്റ്റര്‍ ഫേസ് ചെയ്യലാണ് ഡെവലപ്മെന്റിന്റെ ഫസ്റ്റ് സ്റ്റെപ്. ആ സ്റ്റെപ്പെടുക്കലാണ് സത്യത്തില്‍ ഈ തപസ്സ്. തപസ്സിനു തന്നെ പല സ്റ്റെപ്പുകളുണ്ടെന്ന് അറിയാമല്ലോ. തന്റെ കൈയ്യിലുള്ള വിഭവം എങ്ങനെയാണ് ഡെവലപ്മെന്റിനു വേണ്ടി വിനിയോഗിക്കാവുന്നത് എന്നാണ് പരശുരാമന്‍ ചിന്തിച്ചത്. പരിമിത വിഭവന്മാരായ കേരളീയര്‍ക്കുള്ള നവീന ചിന്താപദ്ധതിയുടെ വഴിവെട്ടല്‍ കൂടിയായിരുന്നു പരശുരാമന്റെ അപ്രോച്ച്.

സ്വന്തം സാഹചര്യം ഫലപ്രദമായി കണ്ടെത്തുകയും അതിന്റെ വിപണിസാധ്യതകള്‍ ആരായുകയും തുറക്കുകയും ചെയ്തു. സത്യത്തില്‍ പരശുരാമന്‍ വരുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് ഒരു മഴു മാത്രമാണ്. മഴു എന്നതിന്റെ സംസ്കൃതരൂപമാണ് പരശു. പരശു ഏന്തിയവന്‍ പരശുരാമന്‍. തന്റെ വിഭവവുമായി ബന്ധപ്പെട്ടായിരുന്നു പരശുരാമന്റെ സ്വത്വവും. തന്റെ കൈയ്യിലുള്ള ഈ ഏകവിഭവം പരശുരാമന്‍ സമര്‍ഥമായി കന്യാകുമാരിയിലേക്ക് വിന്യസിപ്പിച്ചു. അങ്ങനെ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ വന്‍ വ്യവസായ സാധ്യതകളുള്ള ഭൂമി പ്രത്യക്ഷമായി. എമര്‍ജിങ് കേരള. ഭൂമി വെറുതെ ഭൂമിയായി കിടക്കുന്നതുകൊണ്ട് എന്ത് കാര്യം? പറമ്പും തൊടികളുമൊക്കെയായി അത് ഒട്ടും വാണിജ്യപ്രാധാന്യമില്ലാതെ മാറ്റിയാല്‍ വരും തലമുറക്കെന്ത് പ്രയോജനം?

ഇവിടെ വ്യവസായം വരണം, നിക്ഷേപം വരണം, തൊഴില്‍ സാധ്യതകള്‍ ഉണ്ടാവണം. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമവും പരശുരാമന്‍ തന്നെ തുടങ്ങി. വീണ്ടും എമര്‍ജിങ് കേരള. ആദ്യത്തെ ആഗോളനിക്ഷേപ സംഗമവും തുടങ്ങിയത് പരശുരാമനാണ്. അതിനു വേണ്ടി അദ്ദേഹം നന്നായി ക്ലേശിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടെങ്കിലും കമ്യൂണിക്കേഷന്‍ സാധ്യത കുറവായതിനാല്‍ ആരെ യും കണ്ടെത്താനായില്ല. മാത്രമല്ല, മാധ്യമശ്രദ്ധയും കുറവായിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അന്ന് നമ്പൂതിരിമാരില്ലാതിരുന്നതും പരശുരാമന്റെ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. എങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 64 നമ്പൂതിരിമാരെ കുടുംബസമേതം പ്രഥമ ആഗോളനിക്ഷേപ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ പരശുരാമന് കഴിഞ്ഞു. ഇവരെ വെറും നമ്പൂതിരിമാരായി കാണാന്‍ മാത്രമാണ് പല ചരിത്രകാരന്മാരും തയ്യാറായത്. പക്ഷേ, ഇവരില്‍ പലരും ഒന്നാന്തരം നിക്ഷേപകരായിരുന്നു എന്നുള്ള സത്യം മറച്ചുവച്ചു.

64 വ്യക്തികളെ കൊണ്ടുവരാതെ അവരുടെ കുടുംബത്തെ തന്നെ കൂട്ടത്തോടെ കൊണ്ടുവന്നതിലാണ് പരശുരാമന്റെ ദീര്‍ഘവീക്ഷണം കിടക്കുന്നത്. ഇതാണ് പ്ലാനിങ്. പിന്നീട് ഒരു പ്ലാനിങ് ബോര്‍ഡിലേക്കു വരെ എത്തിച്ചത് പരശുരാമന്റെ ഈ നവീന ആശയമായിരുന്നു. കേരളം വിട്ടുപോകാതെ അവരെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താനാണ് പരശുരാമന്‍ കുടുംബസമേതം അവരെക്കൊണ്ടു വന്നത്. ഈ കുടുംബങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും പരശുരാമന്‍ തരപ്പെടുത്തി. ബ്യൂറോക്രസിയുടെ നൂലാമാലകളൊന്നും ഉണ്ടായില്ല, ചുവപ്പുനാടകളില്‍ കുടുങ്ങിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകളില്‍ കയറി നരകിച്ചില്ല. കുടിക്കിട സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പോക്കു വരവ് സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒറ്റയടിക്ക് നടത്തിക്കൊടുത്തു. എല്ലാം സുതാര്യമായിരുന്നു. അതിവേഗം, ബഹുദൂരം. ഒരു ക്യാപിറ്റല്‍ ഫ്രണ്ട്ലി അഥവാ മൂലധന സൗഹാര്‍ദ രാജ്യമായി കേരളത്തെ മാറ്റാനുള്ള പരശുരാമന്റെ കാഴ്ചപ്പാട് തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്.

നമ്പൂതിരിമാരുടെ വരവോടെ കേരളത്തില്‍ ഒരു വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു. വ്യവസായവും തുടങ്ങി. കേരളത്തിന്റെ തനതു സാധനങ്ങള്‍ തന്നെ ഉപയാഗിച്ചുള്ള വ്യവസായമാണ് തുടങ്ങിയത്. അത് ഉപയോഗിച്ച് എങ്ങനെ ലോകമാര്‍ക്കറ്റിലെത്താം എന്നായിരുന്നു നോക്കിയത്. വായ്പാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് പണത്തിനുള്ള സ്രോതസ്സ് കുറവായിരുന്നു. എങ്കിലും ഇതൊന്നും വ്യവസായത്തെ ബാധിച്ചില്ല. വിപണി കീഴടക്കിയ ഉല്‍പ്പന്നം തന്നെയായിരുന്നു ഇവര്‍ ഉണ്ടാക്കിയത്-ചൂട്ടുകറ്റ. വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതും ഈ ചൂട്ടുകറ്റകള്‍ തന്നെയായിരുന്നു. സുഗന്ധദ്രവ്യങ്ങളാണ് ഇതിനു കാരണം എന്നൊരു തെറ്റിദ്ധാരണ ചരിത്രത്തിലുണ്ട്. പുതിയ തെളിവുകള്‍ ഇത് നിഷേധിക്കുകയാണ്. സമുദ്രസഞ്ചാരത്തിനിടെ അറബികളും, പാശ്ചാത്യരും ഈ ചൂട്ടുകറ്റയുടെ വെളിച്ചം കണ്ട് കപ്പല്‍ കിഴക്കോട്ട് തിരിച്ചുവിടുകയായിരുന്നു. ഒന്നാം അധ്യായം അവസാനിച്ചു. രണ്ടാം അധ്യായം ഈ രീതിയില്‍ ജ്ഞാനസമ്പത്തും ഉള്‍ക്കാഴ്ചയുമുള്ള ആര്‍ക്കു വേണമെങ്കിലും എഴുതാവുന്നതാണ്.

*
എം എം പൗലോസ് ദേശാഭിമാനി വാരിക 07 ഒക്ടോബര്‍ 2012

Sunday, September 23, 2012

ഉമ്മന്‍ചാണ്ടി കേരളത്തെ തീറെഴുതുമ്പോള്‍

നാളിതുവരെയില്ലാത്ത ബഹുജനപ്രക്ഷോഭത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കാന്‍ പോകുകയാണ്. മൂലധന മാഫിയയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ അകപ്പെട്ട് കേരളത്തിന്റെ പ്രകൃതിസമ്പത്തും പരിസ്ഥിതിയും ജനജീവിതവും തവിടുപൊടിയാവുക എന്നതുതന്നെയായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ "എമര്‍ജിങ് കേരള" പദ്ധതിയുടെ ഫലം. 2003 ല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള മൂലധനിക്ഷേപ മാമാങ്കത്തിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള പദ്ധതി. പിന്മടക്കവും പരിഹാരവുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള അമേരിക്കയിലെയും മറ്റും കോര്‍പറേറ്റ് ഭീമന്മാരുടെ കഴുകന്‍ കണ്ണുകള്‍ കേരളത്തെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നവോത്ഥാന-ഇടതുപക്ഷപ്രസ്ഥാനങ്ങളിലൂടെ രൂപംകൊണ്ട കേരളത്തിന്റെ അടിസ്ഥാന മാതൃകകള്‍ ലോകപ്രസിദ്ധമാണ്.

സംഘടിത തൊഴിലാളിവര്‍ഗ-കര്‍ഷകപ്രസ്ഥാനം, ഭൂപരിഷ്കരണം, ജാതിവിരുദ്ധ-മതനിരപേക്ഷ സമൂഹം, സാര്‍വത്രിക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണസമ്പ്രദായം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ, വനഭൂമി സംരക്ഷണം, ശുദ്ധജലവിതരണം തുടങ്ങിയ മേഖലകളില്‍ കേരളം വളര്‍ത്തിയെടുത്ത മാതൃകകളെല്ലാം തകര്‍ത്തെറിഞ്ഞ് ഈ കൊച്ചുസംസ്ഥാനത്തെ മൂലധന മാഫിയകള്‍ക്ക് വിറ്റഴിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കുടിലനീക്കങ്ങള്‍ക്കെതിരെ വമ്പിച്ച ജനരോഷം ഉയര്‍ന്നുവരികതന്നെ ചെയ്യും. ആഗോളവല്‍ക്കരണ നടപടികളുടെ കൊട്ടിക്കലാശമാണ് എമര്‍ജിങ് കേരളയിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. കോര്‍പറേറ്റ് മാഫിയകളുടെ ഇന്ത്യന്‍ സംഘടനയായ "കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(CII), ഐടി സംഘടനയായ നാസ്കോം തുടങ്ങി മൂലധനഭീമന്മാരുടെ ദല്ലാള്‍മാരായ സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥമേധാവികള്‍, ബിസിനസ്-ഇന്‍ഡസ്ട്രിയല്‍ കണ്‍സല്‍ട്ടന്‍സികള്‍, ഭൂമാഫിയകള്‍, കരാറുകാര്‍-ഇവരുടെയെല്ലാം അഭൂതപൂര്‍വമായ അവിഹിത കൂട്ടുകെട്ടിന്റെ ജാരസന്തതിയാണ് "എമര്‍ജിങ് കേരള" യെന്ന ഓമനപ്പേരില്‍ കേരളത്തിലെ ജനലക്ഷങ്ങളെ പെരുവഴിയിലാക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, ആറന്മുള വിമാനത്താവളം, തൃശൂര്‍, എറണാകുളം തുടങ്ങിയ നിരവധി ജില്ലകളെ കേന്ദ്രീകരിക്കുന്ന വാണിജ്യപദ്ധതി, നൂറുകണക്കിന് ടൂറിസ്റ്റ് പദ്ധതികള്‍, ബാര്‍ഹോട്ടലുകള്‍, നിശാനൃത്ത ശാലകള്‍, കാബറേ ശാലകള്‍, മസാജ് സെന്ററുകള്‍, ടെക്നോപാര്‍ക്കുകള്‍, കുപ്പിവെള്ള നിര്‍മാണ പ്രൊജക്ടുകള്‍, സൈബര്‍സിറ്റികള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി അറ്റമില്ലാത്ത പദ്ധതികളാണ് എമര്‍ജിങ് കേരളയുടെ വികസന പദ്ധതികള്‍. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നേതൃത്വത്തില്‍ കൊള്ളക്കച്ചവടം നടത്തി പതിനായിരങ്ങളെ പെരുവഴിയിലാക്കാന്‍ ഇടയുള്ള ഈ ജനവിരുദ്ധപദ്ധതി അത്യന്തം ഗൂഢവും രഹസ്യവുമായാണ് രൂപകല്പനചെയ്യപ്പെടുന്നതും നടപ്പിലാക്കാന്‍ പോകുന്നതും. സര്‍ക്കാര്‍ വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് എമര്‍ജിങ് കേരള പദ്ധതി വിവാദം സൃഷ്ടിക്കുന്നത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്?

പല പദ്ധതികളും നിഗൂഢമായാണ് പ്ലാന്‍ ചെയ്തത്. റദ്ദാക്കപ്പെട്ട പല പദ്ധതികളും പരിശോധിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും കള്ളത്തരം വെളിച്ചത്താകും. മൂന്നുസംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയ മുംബൈ ആസ്ഥാനമായ എസ്ടിയുപിയുടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറാണ് ഇങ്ങനെ റദ്ദാക്കപ്പെട്ട ഒന്ന്. എമര്‍ജിങ് കേരളപദ്ധതിയുടെ ഭാഗമായ "ഇന്‍കെലി"ന് ഒരു വ്യവസ്ഥയുമില്ലാതെ ഭൂമി നല്‍കാനാവില്ലെന്ന് സര്‍ക്കാരിന്റെ റവന്യൂവകുപ്പുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ആലുവയിലെ ഫര്‍ണിച്ചര്‍ ഫാക്ടറി, തിരുവനന്തപുരത്തെ ഒളിമ്പിക്സ് ടവര്‍, രാമനാട്ടുകരയിലെ 85 ഏക്കറിലധികം വരുന്ന വികസനപദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ക്ക് ഭൂമി നല്‍കാന്‍ കഴിയില്ലെന്നാണ് റവന്യൂവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. നാളിതുവരെയുള്ള സര്‍ക്കാരുകള്‍ പാലിച്ചുപോന്ന ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നഗ്നമായി ലംഘിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. അതില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് വിവാദമായ കരിമണല്‍ സംസ്കരണപദ്ധതി. ആലപ്പുഴ, കൊല്ലം ജില്ലകളെ കേന്ദ്രീകരിച്ച് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പഞ്ചായത്തുകളില്‍ സ്വകാര്യകുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി ആഴമേറിയ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ വിവാദപദ്ധതി കരിമണല്‍ഖന ലോബിയെ തടിപ്പിക്കാനും അതുവഴി കോടികള്‍ തട്ടിയെടുക്കാന്‍ തയ്യാറെടുക്കുന്ന സര്‍ക്കാര്‍ പിണിയാളുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനുമുള്ളതാണെന്ന് വ്യക്തം. എതിര്‍പ്പിനെ തുടര്‍ന്ന് ഈ വിവാദപദ്ധതി പിന്‍വലിച്ചെങ്കിലും അത് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങള്‍ തുടരുകയാണ്.

എമര്‍ജിങ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരും എന്ന് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ അത് കൈമാറ്റം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥയില്ല. ഭൂമി പണയപ്പെടുത്താതിരിക്കാനും മേല്‍പ്പാട്ടത്തിനു കൊടുക്കാതിരിക്കാനുമുള്ള വ്യവസ്ഥയുമില്ല. ഭൂമി കൈമാറ്റവ്യവസ്ഥയില്‍ റവന്യൂവകുപ്പിന് പൂര്‍ണമായ അധികാരം നല്‍കുന്ന വ്യവസ്ഥയില്ല. പാട്ടക്കാലാവധി നിശ്ചയിച്ചിട്ടില്ല. പദ്ധതികളെപ്പറ്റി വിശദവും സമഗ്രവും ജനപക്ഷത്തുനിന്നുകൊണ്ടുള്ള കാഴ്ചപ്പാടും പഠനവും പരിശോധനയും കണക്കെടുപ്പുമില്ല. എല്ലാം സ്വകാര്യ ഏജന്‍സികളുടെ ധനാര്‍ത്തിയുടെ ലക്കും ലഗാനുമില്ലാത്ത അഴിഞ്ഞാട്ടത്തിന് വിട്ടുകൊടുക്കുന്ന ഈ സര്‍ക്കാര്‍ മൂലധന മാഫിയയുടെ ദല്ലാള്‍ജോലിയാണ് ചെയ്തുതീര്‍ക്കുന്നത്. ഭൂമിയില്‍നിന്ന് ആയിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിനെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നത് ആരെയും അമ്പരപ്പിക്കും. എമര്‍ജിങ് കേരള പദ്ധതി എത്ര തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുമെന്നോ, കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കുമെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല. കേരളത്തെ നെടുകെ പിളര്‍ത്തി തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ രണ്ടര മണിക്കൂര്‍കൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സംസ്ഥാനത്തെ അരലക്ഷത്തിലേറെ വരുന്ന ജനങ്ങളുടെ നെഞ്ചില്‍ തുളഞ്ഞുകയറുന്ന ബുള്ളറ്റ് തന്നെയാണ്. നൂറുകണക്കിന് വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും തൊഴിലിടങ്ങളും പുഴകളും, തോടുകളും ജലാശയങ്ങളും കണ്ടല്‍ക്കാടുകളും നീര്‍ത്തടങ്ങളും നെല്‍വയലുകളും പാടങ്ങളും തോപ്പുകളും തൊടികളും ഔഷധസസ്യങ്ങളും ജൈവവൈവിധ്യവുമെല്ലാം നശിപ്പിച്ചും ആയിരങ്ങളെ തെരുവാധാരമാക്കിയും ആരുടെ അതിവേഗയാത്രയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുരക്ഷിതമാക്കുന്നത്. തട്ടുകടകളും ലോട്ടറിയും തുണിത്തരങ്ങളും പഴങ്ങളും പച്ചക്കറികളും ഇളനീരും മത്സ്യവും മറ്റും വിറ്റ് അന്നന്നത്തെ അഷ്ടിക്കു വകനേടുന്ന ആയിരങ്ങളെ തെരുവോരങ്ങളില്‍നിന്ന് ആട്ടിയോടിച്ച് ഏത് കുലീനവര്‍ഗ സന്തതികളെയാണ് സര്‍ക്കാര്‍ പരിരക്ഷിക്കുന്നത്.

പാരിസ്ഥിതിക ആഘാതം

ഹരിതവാദികളെന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന യുഡിഎഫിലെ പുരോഗമന മുഖംമൂടിയണിഞ്ഞ നേതാക്കള്‍ നടത്തുന്ന ചക്കളത്തിപ്പോരാട്ടം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രംമാത്രമാണ്. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങള്‍തന്നെയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അടവ്. മറ്റൊരു മൗലിക താല്‍പ്പര്യംകൂടി ഹരിതവാദികളായ ഈ നേതാക്കള്‍ സംരക്ഷിക്കുന്നുണ്ട്. ഈ നേതാക്കള്‍ എമര്‍ജിങ് കേരളക്ക് അംഗീകാരം നല്‍കി ഭരണ സുഖത്തിന്റെ മാളങ്ങളിലേക്കു ഉള്‍വലിഞ്ഞാല്‍ എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന വ്യാജബോധം സൃഷ്ടിക്കാന്‍ അത് സര്‍ക്കാരിനെയും കോര്‍പറേറ്റ് കൊള്ളക്കാരെയും സഹായിക്കും.

കാര്‍ഷിക സമൃദ്ധവും പ്രകൃതി-പരിസ്ഥിതി സമ്പന്നവുമായ കേരളം അത്യഗാധമായ പാരിസ്ഥിതിക-ജനജീവിതാഘാതങ്ങള്‍ക്ക് അടിപ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കയാണ്. കപട പരിസ്ഥിതി വാദികളും ഹരിതപ്രേമികളുമായ ഉദാരവാദികള്‍ അന്തിമമായി ചേക്കേറുന്നത് ഭരണവര്‍ഗത്തിന്റേയും മൂലധനശക്തിയുടെയും താവളങ്ങളിലാണ്. അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളുടെ ജീവിതവും ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്നതുകൂടിയാണ് നമ്മുടെ പരിസ്ഥിതിയെന്ന് ഈ ഹരിതപ്രേമികള്‍ക്കറിയില്ല. ജലാശയങ്ങളും പാടങ്ങളും മേടുകളും സസ്യജാലവും തോപ്പുകളുമെല്ലാം ജനങ്ങളുടെ സാമൂഹികവും ചരിത്രപരവുമായ അധ്വാനശക്തി ഉള്‍ച്ചേര്‍ന്ന് ഉയര്‍ന്നുവന്നതാണെന്നറിയാത്തതാണ് കേവല പാരിസ്ഥിതികവാദത്തിന്റെ അടിസ്ഥാന ദൗര്‍ബല്യം. കാര്‍ഷികോല്‍പ്പാദനത്തിലെ വിഭിന്ന മാതൃകകള്‍ മുതല്‍ അധ്വാനത്തിന്റെ വിവിധഘട്ടങ്ങളിലൂടെ കടന്നു പോവുന്നതിനിടയില്‍ ഒട്ടേറെ ജന്തു-ജീവജാലത്തിന്റെ വളര്‍ച്ചയ്ക്കും ജൈവാവാസവ്യവസ്ഥയുടെ പുനഃസംഘാടനത്തിനും മനുഷ്യസമൂഹം വഴിതെളിച്ചിട്ടുണ്ട് എന്ന യാഥാര്‍ഥ്യം കേവല പരിസ്ഥിതി പ്രേമികള്‍ക്കറിയില്ല. പട്ടുവസ്ത്രനിര്‍മാണം, തേന്‍സംഭരണം, വൃക്ഷ-സസ്യ ഉല്‍പ്പാദനം, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ പാരിസ്ഥിതിക മേഖലയില്‍ പുനഃസംഘാടനം നടത്താനുള്ള മനുഷ്യന്റെ കഴിവ്, മനുഷ്യനെ ഇതര ജീവരാശിയില്‍നിന്ന് വ്യത്യസ്തനാക്കുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ നഗ്നമായ ചൂഷണരീതികള്‍ ഭൂമിയില്‍നിന്ന് പല ജീവരാശിയെയും ഉന്മൂലനം ചെയ്യുന്നതിനും പലതിനും ഭീഷണിയുയര്‍ത്തുന്നതിനും ഇടയാക്കിയിരിക്കുന്നു. മുതലാളിത്ത മൂലധനത്തിന്റെ അനിയന്ത്രിതമായ ഈ കുത്തൊഴുക്കില്‍പെട്ട് അതിഭീകരമായ പരിസ്ഥിതി നാശമുണ്ടാവുമ്പോള്‍, മനുഷ്യരാശിയുടെ ഈ പരിസ്ഥിതി പുനഃസംഘാടനത്തിന്റെ ചിത്രം വിസ്മൃതമാവുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രകൃതി-പരിസ്ഥിതി സംരക്ഷണം തൊഴില്‍, വിദ്യാഭ്യാസം, വികസനം, പുരോഗതി തുടങ്ങിയ ആശയങ്ങളെയെല്ലാം സമഗ്രവും പരസ്പര പൂരകവുമായിട്ടാണ് മാര്‍ക്സിസം വിശകലനം ചെയ്യുന്നത്.

മൂലധനത്തിന്റെ സമ്പൂര്‍ണമായ ആവാഹനഘട്ടമാണ് ആഗോളവല്‍ക്കരണകാലം. മൂലധനത്തിന്റെ സ്ഫോടനാത്മകമായ ഈ വികാസഘട്ടം എല്ലാറ്റിന്റെയും മേല്‍ സര്‍വാധിനിവേശം നടത്തുന്നു. അടിത്തറയെ അത് ഉപരിഘടനയാക്കുന്നു. (മൂലധനത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കൃഷിയെന്നത് വിസ്മൃത സംസ്കാരമോ കേവലം അക്കാദമിക് വിഷയമോ ആയി അധഃപതിക്കുന്നത് ഉദാഹരണം) ഉപരിഘടനയായിരുന്നത് അടിത്തറയാവുന്നു. (മാധ്യമ-ഭാഷാകേന്ദ്രിത സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍) അടിത്തറ/ഉപരിഘടന ദ്വന്ദത്തെ മൂലധനസര്‍വാധിനിവേശം പൊളിച്ചെഴുതുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അത് മൂലധനമാഫിയകളുടെ ചെരുപ്പുനക്കികളായ ദല്ലാളന്മാരായി അധഃപതിപ്പിക്കുന്നു. ഇടത്തരക്കാരെ തെരുവാധാരമാക്കുന്നു. ദല്ലാളന്മാരെയും ഊഹക്കച്ചവടക്കാരെയും കൊള്ളപ്പലിശക്കാരെയും ശതകോടീശ്വരന്മാരാക്കുന്നു. കൃഷിക്കാരെ പാപ്പരാക്കി മരണത്തിലേക്ക് വലിച്ചെറിയുന്നു. തൊഴിലാളികളെ കടക്കെണിയിലാഴ്ത്തുന്നു. സ്ത്രീകളെ അധമമായ ജോലികളിലേക്കും ലൈംഗിക ചൂഷണത്തിലേക്കും വലിച്ചെറിയുന്നു. ബുദ്ധിജീവികളെ മൂലധനതാല്‍പ്പര്യങ്ങളുടെ ഗുണഭോക്താക്കളാക്കി അധഃപതിപ്പിക്കുന്നു. ഭാഷയെയും സംസ്കാരത്തെയും ചരിത്രത്തെയും അത് ഉപഭോഗവസ്തുക്കളും വില്‍പ്പനച്ചരക്കുകളുമാക്കി നശിപ്പിക്കുന്നു. ഉല്‍പ്പാദനാത്മകമായ മൂലധനത്തിന്റെ സ്ഥാനത്ത് മൃതമായ മൂലധനം, വാണിജ്യാധിഷ്ഠിതവും ഉപഭോഗാധിഷ്ഠിതവുമായ ഒരു ലോകം സൃഷ്ടിച്ച് ബഹുഭൂരിപക്ഷത്തെ പാപ്പരാക്കുകയും പരിസ്ഥിതിയില്‍ ആഴമേറിയ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു.

മുതലാളിത്തവുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധിയാണ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിത്തറ എന്നര്‍ഥം. മൃതമൂലധനം അധ്വാനശക്തിയുടെ സഹായമില്ലാതെതന്നെ മിച്ചമൂല്യം കുന്നുകൂട്ടാനുള്ള തത്രപ്പാടിലാണ്. പരസ്യങ്ങളുടെ ഭയാനകലോകത്തില്‍ ഒരാള്‍ക്ക് അധ്വാനശക്തി ചെലവഴിക്കാതെ തന്നെ വരുമാനം സൃഷ്ടിക്കാനും ഊഹക്കച്ചവടക്കാര്‍ക്ക് നിര്‍ലോപം മൂലധന മേഖലയില്‍ അഴിഞ്ഞാട്ടം നടത്താനും കഴിയുന്നു.

അന്താരാഷ്ട്ര കോര്‍പറേറ്റ് ഭീമന്മാരുടെ വലയിലകപ്പെട്ട ഗാന്ധിശിഷ്യന്മാരായ കോണ്‍ഗ്രസ് നേതൃത്വവും ഗോഡ്സെ ശിഷ്യരായ സംഘപരിവാര്‍ നേതൃത്വവും ഇന്ത്യയെ വലിച്ചിഴച്ചുകൊണ്ടുപോവുന്നത് പിന്മടക്കമില്ലാത്ത ഒരു ആത്മഹത്യാ മുനമ്പിലേക്കാണ്. സമുദ്രസമ്പത്തും സമുദ്രതീരവും പുഴകളും ജലാശയങ്ങളും മണ്ണും മണലും പാറകളും പാടങ്ങളും കുന്നുകളും കാടുകളും മരങ്ങളും സസ്യങ്ങളും മുതല്‍ പൂക്കളെയും പുഴുക്കളെയും ഔഷധങ്ങളെയും ജൈവവൈവിധ്യങ്ങളെയും ആവാസവ്യവസ്ഥയേയും എന്തിന് മനുഷ്യരക്തത്തെയും ബീജത്തെയും അവയവങ്ങളെയും വരെ കൊള്ളചെയ്ത് വില്പനച്ചരക്കാക്കുന്നു. ഇതിന്റെയെല്ലാം വിശ്വരൂപമാണ് കേരളത്തില്‍ കാണുന്നത്. കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും ഹോട്ടലുകളാവുന്നു. ആദിവാസികളും വനജീവികളും സൈ്വരമായി ജീവിച്ചുപോന്ന വനങ്ങള്‍ ടൂറിസം മാഫിയയുടെ വിഹാരരംഗമായി അധഃപതിക്കുന്നു. കായലുകള്‍ നികത്തി ബാര്‍ഹോട്ടലുകള്‍ ഉയരുന്നു. കണ്ടല്‍ക്കാടുകളും പാടങ്ങളും നികത്തി റിസോര്‍ട്ടുകളും നിശാ നൃത്തശാലകളും ഉയരുന്നു. സാംസ്കാരികകേന്ദ്രങ്ങള്‍ മയക്കുമരുന്നു കേന്ദ്രങ്ങളാവുന്നു. തിരുവനന്തപുരത്തെ കഠിനംകുളം കായല്‍, വേളി കായല്‍, കേരളത്തിലെ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണി കായല്‍ എന്നിവയെല്ലാം ഇത്തരം ഭീഷണികളെ നേരിടുകയാണ്.

നഗരവാസികളും ഹോട്ടലുടമകളും ബാര്‍മുതലാളിമാരും പ്ലാസ്റ്റിക് സഞ്ചികളിലാക്കി വലിച്ചെറിയുന്ന മാലിന്യം കുന്നുകൂടുന്ന നഗരങ്ങളും ഗ്രാമങ്ങളും ഇന്ന് കേരളത്തിന് തീരാശാപമായിമാറിയിരിക്കുന്നു. ഗ്രാമങ്ങള്‍ നഗരമാലിന്യം പേറേണ്ട പ്രദേശങ്ങളാണെന്ന ധാരണ ഭരണവര്‍ഗവും പൊതുസമൂഹവും കോടതികള്‍പോലും കൈയൊഴിഞ്ഞിട്ടില്ല. തിരുവനന്തപുരം നഗരത്തില്‍ മാത്രം 250 ടണ്‍ മാലിന്യം പ്രതിദിനം വലിച്ചെറിയപ്പെടുകയാണ്. പ്ലാസ്റ്റിക് ബാഗുകള്‍ പൊതുനിരത്തുകളിലിട്ട് കത്തിക്കുന്നു. മാലിന്യവിഷം കലര്‍ന്നൊഴുകുന്ന നദികളും മറ്റും സ്ഥിരം കാഴ്ചയാണ്. ഇതിന്റെയെല്ലാം ഫലമായി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. രൂക്ഷമാവുന്ന മാലിന്യപ്രശ്നത്തെപ്പോലും വ്യവസായമാക്കി അധഃപതിപ്പിച്ച് പണമുണ്ടാക്കാന്‍ വേണ്ടി വന്‍കിട കമ്പനികള്‍ നടത്തുന്ന നീക്കങ്ങളാണ് നാം കാണുന്നത്. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നത്തിന് ആരോഗ്യകരവും ശാശ്വതവുമായ പരിഹാരം കാണാന്‍കഴിയാത്ത സാഹചര്യത്തില്‍ പുതിയപദ്ധതികള്‍ കൂടി വന്നുകഴിഞ്ഞാലത്തെ സ്ഥിതി എന്തുഭയാനകമായിരിക്കും. മാലിന്യപ്രശ്നത്തിന്റെ ഇരകളാവുന്നതില്‍ നല്ലൊരുഭാഗവും പാവപ്പെട്ട ജനങ്ങളാണ് എന്നതാണ് മാലിന്യത്തിന്റെ വര്‍ഗരാഷ്ട്രീയം.

കേവലം സാങ്കേതികവും ശാസ്ത്രപരവുമായി പരിഹരിക്കാന്‍ കഴിയുന്നതല്ല മാലിന്യപ്രശ്നം എന്നതാണ് നാം തിരിച്ചറിയേണ്ടത്. ഒരിഞ്ചുപോലും ഭൂമിയില്ലാത്തതും പൂര്‍ണമായും കോണ്‍ക്രീറ്റ് വല്‍ക്കരിക്കപ്പെട്ടതുമായ വീടുകളും കൂരകളുമാണ് നഗരങ്ങളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ദരിദ്ര-ഇടത്തരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യമാലിന്യം സംസ്കരിക്കാന്‍ ഇടവുമില്ല. ഭൂമാഫിയകളും കൊള്ളപ്പലിശക്കാരും അവരുടെ ബിനാമികളും വ്യാപാരികളും കരാറുകാരും ചേര്‍ന്നുരൂപപ്പെട്ട ക്ലോണിക്യാപ്പിറ്റലിസത്തിന്റെ ഭാഗമായി സാധാരണജനങ്ങള്‍ക്ക് നഗരത്തില്‍ ഭൂമി ലഭ്യമാവുന്നില്ല. നല്ലഭാഗം ചേരികളിലേക്കും മറ്റും ആട്ടിപ്പായിക്കപ്പെടുന്നു. ഭൂമിയുടെ മേലുള്ള സ്വകാര്യ ഉടമസ്ഥതയും വര്‍ധിച്ചുവരുന്ന ഭൂമി വാങ്ങിക്കൂട്ടലും ഭൂപരിഷ്കരണത്തെ അട്ടിമറിച്ചുകൊണ്ടുള്ള വനം കൃഷിഭൂമി കൈയേറ്റവും പാവപ്പെട്ടവരുടെ ഭൂമി അന്യാധീനപ്പെടലും മാലിന്യപ്രശ്നത്തെ രൂക്ഷമാക്കിയ അടിസ്ഥാന ഘടകങ്ങളാണ് എന്നു തിരിച്ചറിയാതെ ഈ പ്രശ്നം ചുളിവില്‍ പരിഹരിക്കാമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും.

ഭൂമിയിലെ സ്റ്റേറ്റ്, സ്വകാര്യ മുതലാളിത്തം

കേരളത്തിന്റെ വര്‍ധിച്ചുവരുന്ന തൊഴില്‍പ്രശ്നം, സാമ്പത്തികാസമത്വം, സാമൂഹികമര്‍ദനം, പാരിസ്ഥിതിക ദുരന്തങ്ങള്‍ ഇവയുടെയെല്ലാം അടിവേരുകള്‍ അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് ഉല്‍പ്പാദനരംഗത്തെ അടിസ്ഥാനപരമായ പ്രതിസന്ധിയിലാണ്. കാര്‍ഷികമേഖലയും പരമ്പരാഗത വ്യവസായമേഖലയും നേരിടുന്ന മൗലികമായ പ്രതിസന്ധികള്‍ പരിഹരിക്കാതെയുള്ള ഏതൊന്വേഷണവും പദ്ധതിസംരംഭങ്ങളും എരിതീയില്‍ എണ്ണയൊഴിക്കുന്നതിനേ ഉപകരിക്കുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.

കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയുടെ സിംഹഭാഗവും കൃഷി അസാധ്യമാവുംവിധം സര്‍ക്കാരിന്റെയോ സ്വകാര്യകുത്തകകളുടെയോ കീഴിലാണ് എന്നതാണ് നമ്മുടെ കാര്‍ഷിക പ്രതിസന്ധിയുടെ രഹസ്യം. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ് നല്ലൊരു ഭാഗം കൃഷിഭൂമിയും തോട്ടം മേഖലയാക്കി പരിവര്‍ത്തിപ്പിച്ചത്. വ്യവസായാടിസ്ഥാനത്തിലുള്ള നാണ്യവിളകള്‍ കൃഷിചെയ്യുന്ന ഇത്തരം ആയിരക്കണക്കിന് ഏക്കര്‍ എസ്റ്റേറ്റുഭൂമികള്‍ കൈവശം വയ്ക്കുന്നതിന് ഒരു പരിധിയുമില്ല. കൊളോണിയല്‍ ഭരണകാലത്തു നിലനിന്ന വന-തോട്ടം ഭൂ നിയമങ്ങളുടെ പഴുതുകളുപയോഗിച്ചുകൊണ്ട് പുത്തന്‍ ഭൂവുടമകള്‍ ഭൂമിയില്‍ അധീശത്വം സ്ഥാപിച്ചത് നമ്മുടെ കാര്‍ഷികോല്‍പ്പാദനത്തെയും ഭൂവിതരണത്തെയും സാമ്പത്തിക-സാമൂഹിക സമത്വസങ്കല്‍പ്പത്തെയുമാണ് അട്ടിമറിച്ചത്.

പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട ദളിതരും ആദിവാസികളുമടങ്ങുന്ന വലിയ വിഭാഗം ജനത കൃഷിഭൂമിയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടു. ഇന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം ഏക്കര്‍ വനഭൂമി കേരളത്തിലുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 42,420 ഏക്കര്‍ ഭൂമി കൈയേറ്റക്കാരുടെ പിടിയിലാണ്. ആകെ സര്‍ക്കാര്‍ വനഭൂമിയുടെ മൂന്നിലൊന്ന് ഭൂമാഫിയകളുടേയും മറ്റു കൈയേറ്റക്കാരുടെയും അധീനതയിലാണ് എന്നര്‍ഥം. കേരളത്തിലെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കാണിത്. യഥാര്‍ഥ കൈയേറ്റം ഇതിലുമധികം വരും.

കേരളത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധിയും ഉല്‍പ്പാദന മുരടിപ്പും തൊഴിലില്ലായ്മയും പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയും, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. പ്ലാനിങ് ബോര്‍ഡ് പ്രസിദ്ധീകരിച്ച എക്കണോമിക് റിവ്യൂവിന്റെ 2011-ലെ പതിപ്പില്‍ കേരളത്തിന്റെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ കണക്ക് 4342 ലക്ഷമാണ്. കാര്‍ഷികമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടേയും കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും എണ്ണം ഗണ്യമാംവിധം കുറഞ്ഞിരിക്കുന്നു. കാര്‍ഷികോല്പ്പന്നങ്ങള്‍ക്കും ആഹാരത്തിനുംവേണ്ടി കേരളം സഹോദരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഭൂരഹിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ സാമ്പത്തികാസമത്വം മൂര്‍ച്ഛിച്ചു.

തൊഴില്‍രഹിതരായ അനേകലക്ഷമാളുകള്‍ തൊഴിലന്വേഷിച്ച് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറി. ബാക്കിവരുന്നവര്‍ കുറഞ്ഞകൂലിക്ക് തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി. മുപ്പതുലക്ഷത്തിലധികം വരുന്ന പീടിക-ഹോട്ടല്‍ തൊഴിലാളികള്‍ ഇന്നും അസംഘടിതരാണ്. വളരെ കുറഞ്ഞകൂലിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലയുടെ തകര്‍ച്ച, തോട്ടം തൊഴിലാളികള്‍ നേരിടുന്ന കടുത്ത ചൂഷണം എന്നിവയെല്ലാം പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. കൊളോണിയല്‍ ഭൂനിയമം പൊളിച്ചെഴുതി വനം-തോട്ടം ഭൂമികള്‍ പരമ്പരാഗത കൃഷിക്കും പരമ്പരാഗത തൊഴിലുകള്‍ക്കും അനുയോജ്യമാക്കിയിരുന്നെങ്കില്‍ കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക വ്യവസ്ഥ പരിരക്ഷിക്കാമായിരുന്നു. സര്‍ക്കാര്‍ വനഭൂമി അവിടെ പരമ്പരാഗതമായി അധിവസിച്ചുപോന്ന ആദിവാസികള്‍ക്കും മറ്റുകൃഷിക്കാര്‍ക്കും അധ്വാനിച്ചും വീടുവച്ചും ജീവിക്കാന്‍ പാകത്തില്‍ ഉപയോഗപ്പെടുത്തുക, തോട്ടം ഭൂനിയമം പൊളിച്ചെഴുതി അതെല്ലാം ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നശേഷം, അത് ഭൂരഹിതര്‍ക്കും കൃഷിക്കാര്‍ക്കുമായി പുനര്‍വിതരണം നടത്തുക എന്നതെല്ലാം എളുപ്പമുള്ള വിഷയങ്ങളല്ല. കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെടുന്നവയാണവ.

എന്നാല്‍ അത് പൊളിച്ചെഴുതി സമഗ്രമായ കാര്‍ഷികവിപ്ലവം നടത്താനാവശ്യമായ പ്രക്ഷോഭസമരങ്ങള്‍മാത്രമേ ഇനി പരിഹാരമാര്‍ഗമായുള്ളൂ. അസംസ്കൃത വസ്തുക്കള്‍ മൂലധനഭീമന്മാര്‍ക്കുവേണ്ടി കയറ്റി അയയ്ക്കാനും ആഡംബര വസ്തുക്കള്‍ ഇറക്കുമതിചെയ്യാനുമുള്ള സംസ്ഥാനമാണ് കേരളം എന്ന കൊളോണിയല്‍ സങ്കല്‍പനത്തിനു മുകളിലാണ് ഇന്നത്തെ മൂലധനമാഫിയകളും മറ്റും സൈ്വരവിഹാരം നടത്തുന്നത്. വെള്ളക്കോളര്‍ ജോലിയോടുള്ള ആസക്തി, മേലനങ്ങാതെ പണമുണ്ടാക്കുക, ആഡംബരജീവിതം നയിക്കുക, കാര്‍ഷിക വൃത്തിയിലുള്ള വിരക്തി തുടങ്ങിയവയെല്ലാം ഈ അടിത്തറയില്‍ നിന്നും ഉയര്‍ന്നുവന്നതാണ്. എമര്‍ജിങ് കേരളയുമായി ഉയര്‍ന്നുവന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത് ഈ അടിസ്ഥാനസാമ്പത്തിക കാഴ്ചപ്പാടില്‍നിന്നുകൊണ്ടായിരിക്കണം. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായവാദം.

എമര്‍ജിങ് കേരള പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാം വികസന വിരോധികളാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇത് പഴകി ജീര്‍ണിച്ച ഒരാരോപണമാണ്. ഇടതുപക്ഷപ്രസ്ഥാനം വികസനത്തിനെതിരല്ല, ശാസ്ത്രസാങ്കേതിക പുരോഗതിയും അറിവുകളും സമൂഹത്തിന്റെ മൊത്തം ക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം അടിസ്ഥാനപരമായ കാഴ്ചപ്പാട്. സാമ്പത്തിക സമത്വം, സാമൂഹിക തുല്യത, പ്രാന്തവല്‍ക്കൃതരുടെയും ദളിത് -ആദിവാസി-സ്തീ സമൂഹങ്ങളുടെയും അടിസ്ഥാനപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉല്‍ക്കൊള്ളുന്നതും പ്രകൃതി-പാരിസ്ഥിതിക-ആവാസവ്യവസ്ഥകളെ പരിരക്ഷിക്കുന്നതുമായ ഒരു ജനാധിപത്യസമൂഹമായിരിക്കണം വികസനപദ്ധതികളിലൂടെ ഉയര്‍ന്നുവരേണ്ടത്. എന്നാല്‍ ഉമ്മന്‍ചാണ്ടി നേതൃത്വംകൊടുക്കുന്ന സര്‍ക്കാരിന് ഇത്തരമൊരു കാഴ്ചപ്പാട് ഇല്ല എന്നുമാത്രമല്ല, അത് സംരക്ഷിക്കുന്നത് അധോലോകമൂലധനമാഫിയകളുടെ ധനാസക്തിയെയാണ്.

ഉല്‍പ്പാദനാധിഷ്ഠിതമായ തൊഴില്‍ മേഖലയക്കുപകരം ഉപഭോഗാധിഷ്ഠിതവും കമ്പോളാധിഷ്ഠിതവുമായ ഒരു പിടി കുലീനവര്‍ഗത്തിന്റെ ലാഭക്കൊതി പൂവണിയുന്ന പദ്ധതിയാണിത്. കാര്‍ഷികമേഖലയെ പുരോഗതിയിലേക്ക് നയിക്കുന്ന ഒന്നും ഈ പദ്ധതിയിലില്ല എന്നുമാത്രമല്ല കേരളത്തിലെ അവശേഷിക്കുന്ന കാര്‍ഷികമേഖലയെത്തന്നെ കുഴിച്ചുമൂടുന്ന ക്രൂരമായ പദ്ധതിയാണ് കൃഷിഭൂമിയും ജലാശയങ്ങളും മണ്ണിട്ട് കുന്നാക്കിയും കുന്നിടിച്ച് ഭൂമി നിലംപരിശാക്കിയും പാവപ്പെട്ടവന്റെ പറമ്പും തൊടിയും തുരന്ന് തുരങ്കമൂണ്ടാക്കിയും എന്തിന് വായു, ജലം, മണ്ണ്, ആഹാരം എന്നിവയിലെല്ലാം വിഷംകലര്‍ത്തി ജീവരാശിയെത്തന്നെ അപായപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികളാണ് ഇവിടെ നടപ്പിലാവാന്‍ പോവുന്നത്.

ബുള്ളറ്റ് ട്രെയിനും വിമാനത്താവളങ്ങളും റിസോര്‍ട്ടുകളും മസാജ് പാര്‍ലറുകളും നിശാനൃത്തശാലകളും കാബറേ തിയേറ്ററുകളും ചൂതാട്ട കേന്ദ്രങ്ങളും എല്ലാം ഉയര്‍ന്നുവരുമ്പോള്‍ ദുരിതക്കയത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്ന ജനങ്ങള്‍ അവര്‍ പതിനായിരങ്ങളാണ് എന്നതും നഷ്ടപ്പെടുന്നത് ഉമ്മന്‍ചാണ്ടിയുടെ വിദേശനിക്ഷേപകര്‍ക്കോ മൂലധനശക്തികള്‍ക്കോ ഒരിക്കലും നികത്താനാവാത്ത കേരളത്തിന്റെ ഭാവിയാണ് എന്നതും ചോദ്യചിഹ്നമായി നിലനില്‍ക്കും. അനേകരാജ്യങ്ങളെയും അവയുടെ സമ്പദ്ഘടനയെയും തകര്‍ത്തുതരിപ്പണമാക്കിയ ഈ കോര്‍പറേറ്റ് പരീക്ഷണങ്ങളുടെ ഇരയാക്കി കേരളത്തെ പിച്ചിച്ചീന്തുന്നതിന് ദല്ലാള്‍ പണിചെയ്യുന്നവരില്‍ കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന വ്യാജ സാമ്പത്തികവിദഗ്ധരും ഉള്‍പ്പെടുന്നുവെന്നത് ചിരിക്കാന്‍ വക നല്‍കുന്നു.

*
പി പി സത്യന്‍ ദേശാഭിമാനി വാരിക 23 സെപ്തംബര്‍ 2012

എമര്‍ജിങ് മാഫിയ

ലെ മെറിഡിയനിലെ(മരടിലുള്ള ഈ പഞ്ചനക്ഷത്ര ഹോട്ടലിനെ ഫലിതപ്രിയരായ കൊച്ചിക്കാര്‍ ലെ മരടിയന്‍ എന്നും വിളിക്കും) ഗോവണി പതിയെ കയറിപ്പോകുന്ന ആ സ്ത്രീയെ കണ്ടപ്പോള്‍ ആരോഹണം നോവലില്‍ വി കെ എന്‍ പിശുക്കില്ലാതെ വര്‍ണിച്ച സുനന്ദയെയാണ് ഓര്‍മവന്നത്. പയ്യന്റെ പല കാമുകിമാരില്‍ ഒരാള്‍. ചേരി നിര്‍മാര്‍ജനമെന്ന ഡല്‍ഹിയിലെ സുപ്രധാന സാമൂഹ്യദൗത്യം ഏറ്റെടുക്കുകയും പരിധികളില്ലാത്ത രാഷ്ട്രീയാഭ്യുന്നതി ലക്ഷ്യംവയ്ക്കുകയും ചെയ്ത സുനന്ദ നാലുപതിറ്റാണ്ടനപ്പുറം ലെ മെറിഡിയനില്‍ പുനരവതരിച്ചിരിക്കയാണോ? വികെഎന്‍ ആരോഹണമെഴുതിയ എഴുപതുകളിലെ സുനന്ദക്ക് ഈ നവലിബറല്‍ കാലത്തെ നിക്ഷേപക സംഗമത്തില്‍ എന്തായിരിക്കും റോള്‍. സുനന്ദയില്‍ ആഗോളവല്‍ക്കരണത്തിന്റെ ഇരുപതാണ്ടുകള്‍ എന്തു മാറ്റമാവും വരുത്തിയിരിക്കുക.

പ്രതിനിധിയുടെ ബാഡ്ജുണ്ട് കഴുത്തില്‍. വിദേശത്തും സ്വദേശത്തുമുള്ള ബിസിനസ്സുകാരുമായി അടുത്ത പരിചയം. സര്‍ക്കാര്‍ പ്രതിനിധികളുമായി ഇടയ്ക്ക് പരിചയം പുതുക്കുന്നു. സംരംഭകയാവാം; ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോലുമാകാം. പുതിയ സുനന്ദക്ക് വന്ന രൂപമാറ്റത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തെളിയുന്ന ചിത്രം മറ്റൊരു നീരാ റാഡിയയുടേത്. സംശയിക്കേണ്ട. 2ജി സ്പെക്ട്രം കേസിലൂടെ നാം വായിച്ചും കേട്ടുമറിഞ്ഞ നീഡിയപ്പോലെ ഒരാളാണ് ഈ സുനന്ദ. പേര് രേണു മല്‍ഹോത്ര. പാലക്കാട്ടെ നെല്ലിയാമ്പതിയിലെയും ഇടുക്കിയിലെ വാഗമണിലെയും പ്രകൃതി സുന്ദരമായ ഭൂമി ബംഗ്ലൂര്‍ കേന്ദ്രമായ സിനര്‍ജി ഇമേജസ് എന്ന കമ്പനിക്കുവേണ്ടി ചുളുവിലയ്ക്ക് സ്വന്തമാക്കുകയാണ് അവതാരലക്ഷ്യം. അതിനായി ഒരു വര്‍ഷമായി കേരള വ്യവസായ മന്ത്രിയുമായും വകുപ്പിലെ പ്രധാനികളുമായ ചര്‍ച്ച നടത്തിവരികയാണ് ഈ പുതിയ സുനന്ദ. ആ ചര്‍ച്ചകളുടെ പരിസമാപ്തി ലക്ഷ്യമിട്ടാണ് ലെ മെറിഡിയനില്‍ സെപ്തംബര്‍ 12, 13, 14 ദിവസങ്ങളില്‍ ഗോള്‍ഫ് കോഴ്സ്, മസാജ്പാര്‍ലര്‍, മലപ്പുറത്ത് എഡ്യുസിറ്റി, നെല്ലിയാമ്പതിയില്‍ വേ ഓഫ് ലൈഫ് എന്ന പേരില്‍ ഹോളിസ്റ്റിക് മെഡിക്കല്‍ കേന്ദ്രം, കൊച്ചി കലൂരിലെ മണപ്പാട്ടിപ്പറമ്പില്‍ കാര്‍പാര്‍ക്കിങ്ങിന് വിപുലമായസൗകര്യങ്ങളോടെയുള്ള പടകൂറ്റന്‍ ഹോട്ടല്‍, വിവിധ ഐടി സംരംഭ ങ്ങള്‍. സിനര്‍ജി ഇമേജസ് കേരളത്തില്‍ മുതല്‍ മുടക്കാന്‍ പോകുന്നത് ഇവയടക്കം എട്ടു പ്രധാന പദ്ധതികളിലാണ്. ഇവയ്ക്കെല്ലാം അവര്‍ക്ക് വേണ്ടത് ഒന്നുമാത്രം, ഭൂമി.

ദീര്‍ഘമായ സമരങ്ങളിലൂടെയും 1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിലൂടെയും എഴുപതുകളിലെ മിച്ചഭൂമി സമരങ്ങളിലൂടെയും പാവങ്ങള്‍ സ്വന്തമാക്കിയ ഒരുതുണ്ടു ഭൂമിയിലാണ് മിസ് മല്‍ഹോത്രയുടെ മസ്കാരയിട്ട നീലക്കണ്ണ് ചുറ്റിക്കളിക്കുന്നത്. അതിനവര്‍ക്ക് ചുവന്ന പരവതാനി വിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മത്സരിക്കുകയും ചെയ്യുന്നു. മിസ് മല്‍ഹോത്രമാര്‍ വെറും ദല്ലാളുകള്‍ മാത്രം. വാഗമണും നെല്ലിയാമ്പതിയും കൊത്തിപ്പറക്കാന്‍ അവരെ അഴിച്ചുവിട്ട പണച്ചാക്കുകള്‍ ആരെല്ലാമാവും. ഇത്തരം സമ്മര്‍ദഗ്രൂപ്പുകള്‍ക്ക് ഒരു ഉളുപ്പുമില്ലാതെ കേരളത്തിന്റെ വിലപ്പെട്ട മണ്ണ് വിലപേശാന്‍ അവസരം നല്‍കുന്നവരെ എന്തുപേരിട്ട് വിളിക്കണം. വാഗമണിലെയും നെല്ലിയാമ്പതിയിലെയും ഭൂമി വില്‍പ്പനയ്ക്ക് വച്ചതിനെച്ചൊല്ലി എമര്‍ജിങ് കേരളയ്ക്കു മുമ്പേ കേരളത്തിലുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച് ഈ ദല്ലാളുമാര്‍ കേട്ടറിഞ്ഞിട്ടുണ്ട്. പ്രതിഷേധമെല്ലാം താനെ അടങ്ങിക്കോളുമെന്ന ആത്മവിശ്വാസത്തിലാണ് മിസ് മല്‍ഹോത്രയെപ്പോലുള്ള ദല്ലാളുമാര്‍. എമര്‍ജിങ് കേരളയുടെ ആദ്യനാളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ സ്വകാര്യനിക്ഷേപത്തിന്റെ അനിവാര്യതയെക്കുറിച്ച് വാദിച്ചപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ കേരളത്തില്‍ നെല്‍കൃഷി ഇനി ആവശ്യമില്ലെന്ന വിചിത്രമായ വാദമുന്നയിച്ചത് നേരത്തെ പറഞ്ഞ ഭൂമാഫിയയുടെ താല്‍പര്യങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കേരളം ഭക്ഷ്യ സ്വയംപര്യാപ്തതയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നും വരുമാനംകൂടുതലുള്ള കേരളീയര്‍ ഭക്ഷണത്തിന് എത്ര വിലകൂടിയാലും അത് വാങ്ങിക്കഴിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു. അലുവാലിയയുടെ പ്രസംഗം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് വ്യവസായങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി കുറയ്ക്കരുതെന്ന വ്യവസായികളുടെ മുറവിളി ഉയര്‍ന്നത്. ശക്തമായ ജനകീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പാട്ടക്കാലാവധി മുപ്പതുവര്‍ഷമാക്കാനുള്ള നീക്കത്തിനെതിരെ വ്യവസായികള്‍ ഒറ്റക്കെട്ടായാണ് രംഗത്തെത്തിയത്.

പാട്ടക്കാലാവധി കുറച്ചാല്‍ മുതല്‍മുടക്ക് തിരികെക്കിട്ടില്ലെന്നാണ് വ്യവസായികള്‍ വാദിച്ചത്. പാട്ടക്കാലാവധി പുതുക്കാതെയും പാട്ടക്കരാര്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന തോട്ടങ്ങള്‍ക്കെതിരെ നെല്ലിയാമ്പതിയില്‍ ഭരണകക്ഷി എംഎല്‍എമാരുള്‍പ്പെടെ പ്രക്ഷോഭം തുടരുമ്പോഴാണ് ഇങ്ങനെയൊരു വാദമുന്നയിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ വേദിയൊരുക്കിയത്. ഈ നിക്ഷേപക സംഗമത്തിന്റെ ശരിതെറ്റുകളിലേക്ക് കടക്കുംമുമ്പ് 2003ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഇതേ നഗരത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്(ജിം) എന്ന ആഗോള നിക്ഷേപക സംഗമം കേരളത്തില്‍ സൃഷ്ടിച്ച ആഘാതം എന്തെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. 2003 ജനുവരി 18 മുതല്‍ 21 വരെയായിരുന്നു ജിം. അന്നതിന് ചെലവിട്ടത് അഞ്ചുകോടി രൂപ. വികസനത്തിലേക്കുള്ള അവസാന ബസ് ആണ് ജിം എന്ന് ആന്റണി അന്ന് പ്രചരിപ്പിച്ചു. അഞ്ച് വര്‍ഷംകൊണ്ട് 50,000 കോടി നിക്ഷേപവും 15,000 പേര്‍ക്ക് തൊഴിലും നല്‍കുമെന്നായിരുന്നു വാഗ്ദാനം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകുമെന്നും ഉത്പാദന മേഖല ഊര്‍ജസ്വലമാകും വിധം വികസനം ത്വരിതപ്പെടും എന്നും അന്ന് കണക്കുകൂട്ടി. റിലയന്‍സ് അടക്കം ഇന്ത്യന്‍ കമ്പനികള്‍ 3000 കോടി രൂപ ഉറപ്പായി നിക്ഷേപിക്കുമെന്ന് ഉറപ്പ്. 95 കമ്പനികളുമായി ധാരണാപത്രം ഒപ്പിടല്‍. കൂടാതെ 11,000 കോടിയുടെ നിക്ഷേപ വാഗ്ദാനം. വേറെ. അതിനും പുറമെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വക 10,000 കോടിരൂപയുടെ നിക്ഷേപവാഗ്ദാനം. ബിജെപിക്കാരനായ പ്രധാനമന്ത്രിയും കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയും സിപിഐ എമ്മുകാരനായ പ്രതിപക്ഷനേതാവും ഒരു വേദിയിലിരുന്നപ്പോള്‍ വികസനത്തില്‍ സമവായമുണ്ടായെന്ന പ്രഖ്യാപനവും. ജിമ്മിന്റെ നീക്കിബാക്കിയെന്തെന്ന് ഇന്നാരും ചോദിക്കുന്നില്ല.

അന്നത്തെ മുഖ്യമന്ത്രി ഇന്ന് എമര്‍ജിങ് കേരളയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രതിരോധനമന്ത്രി. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍(അതോ പവാറിനും പിന്നില്‍ മൂന്നാമനോ?). എമര്‍ജിങ് കേരളയുടെ ഉദ്ഘാടന ചടങ്ങില്‍ ജിമ്മിനെക്കുറിച്ച് ആന്റണി നടത്തിയത് ഒരേ ഒരു പരാമര്‍ശം മാത്രം. ജിമ്മിനെക്കാള്‍ വിപുലമായ ദൗത്യമാണിതെന്ന് മാത്രമാണ് ജിമ്മിന്റെ ശില്‍പ്പിക്ക് പറയാനുണ്ടായിരുന്നത്. ജിം നടന്ന 2003 മെയ് മുതല്‍ 2006 മെയ്വരെയുള്ള മൂന്നര വര്‍ഷത്തോളം യുഡിഎഫ് അധികാരത്തിലിരുന്നിട്ടും(2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ആന്റണി രാജിവച്ചു, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി) നിക്ഷേപമൊന്നും കൊണ്ടുവരാനായില്ലെങ്കിലും നവലിബറല്‍ നയങ്ങള്‍ എളുപ്പം നടപ്പാക്കാനുതകുംവിധം ജനമനസ്സുകളെ പരുവപ്പെടുത്താന്‍ ജിമ്മിനു കഴിഞ്ഞു. വലതുപക്ഷത്തിന് പ്രിയങ്കരമായ നീക്കങ്ങള്‍ക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ ജിം വിജയിച്ചു എന്ന ആപല്‍ക്കരമായ സത്യം നാം തൊട്ടറിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാതലായ മേഖലകള്‍ സ്വകാര്യമേഖലയ്ക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറ്റുന്നതില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വിജയിച്ചു. പരമ്പരാഗത വ്യവസായ മേഖലയെ തകര്‍ക്കുകയും പൊതുമേഖലയെ നഷ്ടത്തിലാക്കുകയും ചെയ്തു എന്നതാണ് ജിമ്മിന്റെയും അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ബാക്കി പത്രത്തിലുള്ളത്. ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരായി മുദ്രകുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. സിപിഐ എമ്മിനും ഡിവൈഎഫ്ഐയ്ക്കും പരിസ്ഥിതിവാദികള്‍ക്കുമെല്ലാം ഇങ്ങനെ വികസനവിരുദ്ധരുടെ പട്ടം ചാര്‍ത്തിക്കിട്ടി. പൊതു സ്വകാര്യ പങ്കാളിത്തം, ബിഒടി, തുടങ്ങിയ ആഗോള മൂലധന തന്ത്രങ്ങള്‍ കേരളത്തില്‍ നടപ്പാക്കപ്പെട്ടു. സ്വാശ്രയകോളേജുകളുടെ വ്യാപനം, ദേശീയ പാതയിലെ ടോള്‍ പിരിവ് തുടങ്ങിയ ആ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍. സ്വകാര്യവല്‍ക്കരണനീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചതിന്റെ ഫലമായാണ് കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിനോടു ചേര്‍ന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഹോളിഡേ ഗ്രൂപ്പില്‍നിന്ന് സംരക്ഷിച്ചത്. കേരളത്തില്‍ ആഞ്ഞടിച്ച പ്രതിരോധസമരങ്ങളില്‍ ഒന്നുമാത്രമാണിത്. പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും രക്ഷിച്ചെടുക്കാന്‍ തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന് വളരെയേറെ പണിപ്പെടേണ്ടിവന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ലാഭത്തിലെത്തിക്കുന്നതിന് 2006-2011 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വീണ്ടും തകര്‍ക്കുന്ന സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ സുതാര്യതയില്ലായ്മയെക്കുറിച്ച് പ്രതിഷേധമുയര്‍ന്നപ്പോള്‍ പല പദ്ധതികളും വെബ്സൈറ്റില്‍നിന്ന് മാറ്റുകയുണ്ടായി. ഏതെല്ലാം പദ്ധതികളാണ് വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളതെന്ന കാര്യത്തില്‍ എമര്‍ജിങ് കേരള സമാപിച്ചപ്പോഴും അവ്യക്തത തുടരുകയാണ്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വാണിജ്യസംരംഭങ്ങള്‍, സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്ന് ഉറപ്പ്. ഉല്‍പ്പാദന കേന്ദ്രിതമായ വികസനത്തില്‍നിന്ന് കേരളത്തിന്റെ ദിശമാറ്റുകയാണ് എമര്‍ജിങ് കേരളയുടെ ഉന്നം. മാനുഫാക്ചറിങ് മേഖലയിലെ ഏക പ്രധാന പദ്ധതിയായ പെട്രോകെമിക്കല്‍ ഹബ് കൊച്ചിയിലെ ജനവാസകേന്ദ്രത്തില്‍ പതിനായിരത്തോളം ഏക്കര്‍ ഭൂമി ആവശ്യമുള്ളതും കുടിയിറക്ക് വേണ്ടിവരുന്നതുമാണ്. ഇത്തരമൊരു പദ്ധതി പ്രായോഗികമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണോ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തോട്ടഭൂമിയില്‍ അഞ്ചുശതമാനം കാര്‍ഷികേതര ആവശ്യത്തിന് അനുവദിക്കുന്നതിനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയാണ് നെല്ലിയാമ്പതി വനമേഖലയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനുള്ള നീക്കം.

ചീമേനിപദ്ധതി ലക്ഷ്യമിട്ട 1671 ഏക്കര്‍ പദ്ധതിയുടെ ഭാഗമാക്കിയത് സര്‍ക്കാരിെന്‍റ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്തുന്നു. തീരദേശനിയമം, വനസംരക്ഷണനിയമം തുടങ്ങിയവയൊക്കെ മറികടന്നുകൊണ്ട് പദ്ധതികള്‍ അനുവദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എമര്‍ജിങ് കേരളയില്‍ മൂന്നുദിവസം കേട്ട പ്രസംഗങ്ങളേറെയും കേരളത്തിന്റെ ഭൂപ്രകൃതിയെയും ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളത്തിനുള്ള അനന്ത സാധ്യതകളെക്കുറിച്ചുമാണ്. ഒപ്പം അടിസ്ഥാന സൗകര്യവികസന മേഖലയിലടക്കം പൊതു-സ്വകാര്യ-പങ്കാളിത്തമുള്ള പദ്ധതികളല്ലാതെ മറ്റ് പോംവഴികളിലെന്നും.

കേന്ദ്രമന്ത്രിമാരും വ്യവസായപ്രമുഖരും കോര്‍പറേറ്റ് ദല്ലാളുമാരും സംസ്ഥാനത്തെ പ്രതിനിധികളുമെല്ലാം ഈ മൂന്നുദിവസവും പറഞ്ഞത് ഒരേ കാര്യം. സര്‍ക്കാര്‍ കണക്കില്‍ 25 കോടി രൂപ ചെലവിട്ട് (യഥാര്‍ഥത്തില്‍ ചെലവ് എത്രയോ അധികമാവും) നടത്തിയ ഈ ധൂര്‍ത്തിന്റെ മാമാങ്കം കഴിയുമ്പോള്‍ ഒരു സംശയം ബാക്കി. വിദ്യാഭ്യാസവും ആരോഗ്യവും അടക്കമുള്ള സേവനമേഖലകളിലത്രയും സ്വകാര്യപങ്കാളിത്തം തീവ്രമാക്കുമ്പോള്‍ നമ്മുടെ പൊലീസ് പണിയും പട്ടാളപ്പണിയും ഇനി ഏതെങ്കിലും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുമോ എന്ന സംശയം. അതിനു നാമറിയാതെ ഏതെങ്കിലും രേണു മല്‍ഹോത്രമാര്‍ കൊച്ചിയില്‍ എത്തിയോ എന്തോ?

*
എന്‍ എസ് സജിത് ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012

Saturday, September 22, 2012

ലാസ്റ്റ് ബസ് പോയാല്‍ ബസ്സുണ്ടോ?

"എമര്‍ജിങ് കേരള" മാമാങ്കത്തിന്റെ ഒന്നാംദിവസം കഴിയുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്-നവലിബറല്‍ സാമ്പത്തിക വിദഗ്ധന്‍ മൊണ്ടേക് സിങ് അലുവാലിയയുടെയും നവലിബറല്‍ ആസൂത്രണ വിദഗ്ധന്‍ സാം പിത്രോഡയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അക്രീതദാസന്‍ മന്‍മോഹന്‍സിങ്ങിന്റെയും പ്രസംഗങ്ങള്‍ കേട്ടതിനുശേഷം. വലിയൊരു വികസനക്കുതിപ്പിനൊരുങ്ങുന്നു എന്ന് പെരുമ്പറ കൊട്ടിയറിയിക്കുന്ന മാമാങ്കത്തില്‍ കേരളത്തിന് നല്‍കാന്‍ അരയ്ക്കാലുറുപ്പികയുടെ വാഗ്ദാനംപോലും നമ്മുടെ പ്രധാനമന്ത്രിയുടെ കൈയിലുണ്ടായിരുന്നില്ല.

വിത്തു കുത്തി ഉണ്ണാനൊരുങ്ങുന്നവര്‍ക്ക് ഒരു പ്രശംസ മാത്രം നല്‍കി അദ്ദേഹം. കേരളം പ്രത്യേകിച്ച് കൃഷിയൊന്നും ചെയ്തില്ലെങ്കിലും വലിയ കുഴപ്പമൊന്നും വരാനില്ല, നിങ്ങള്‍ നിങ്ങളുടെ നീര്‍ത്തടങ്ങളും കൃഷിഭൂമികളും എല്ലാം നികത്തി വിറ്റോളൂ എന്ന് അലുവാലിയയുടെ ഉപദേശം. ഇത്രയ്ക്കങ്ങ് സമ്പന്ന പക്ഷപാതിത്വം വേണോ, കുറച്ചൊക്കെ ചെറുകിട കര്‍ഷകരെയും ഉല്‍പാദകരെയും ശ്രദ്ധിക്കേണ്ടേ എന്ന് സാം പിത്രോഡയ്ക്ക് സംശയം. മൊണ്ടെക്സിങ് അലുവാലിയ കോര്‍പറേറ്റ് ഫാമിങ്ങിന്റെയും അഗ്രി ബിസിനസ്സിന്റെയും ആളാണ് പണ്ടേത്തന്നെ. പഴയ തറ്റുടുപ്പും കരിയും നുകവും എരുതുകാളകളുമായി കര്‍ഷകന്‍ പാടത്തിറങ്ങിയിട്ട് വലിയ കാര്യമൊന്നും ഇനിയില്ലെന്ന് തീരുമാനിച്ച ആള്‍. ഉള്ള തുണ്ടു ഭൂമി വല്ല പണക്കാരനും വിറ്റ് കിട്ടിയ കാശുകൊണ്ട് ഉപജീവനം കഴിക്കാന്‍ ഉത്തരേന്ത്യയിലെ പാവപ്പെട്ട കൃഷിക്കാരന് ഉപദേശം നല്‍കിയ ആള്‍. കൃഷിയൊക്കെ ഭാവിയില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ ചെയ്തുകൊള്ളും, ഭൂമിയൊക്കെ അവരെ ഏല്‍പ്പിച്ചാല്‍ മതി. അത്രയ്ക്കു പോകാന്‍ സാം പിത്രോഡ തയ്യാറായില്ല. ഒഡീഷയില്‍ ഒരു പാവം കുടുംബത്തില്‍ അഞ്ചാറു സഹോദരന്മാര്‍ക്കിടയില്‍ വളര്‍ന്ന തന്റെ ബാല്യത്തെ ഓര്‍ത്ത് അല്‍പം വികാരാധീനായി പിത്രോഡ പറഞ്ഞത് ഇപ്പോഴും അങ്ങനെയുള്ളവര്‍ അങ്ങിങ്ങ് കുറച്ചൊക്കെ കാണും അവരെക്കൂടി നമ്മള്‍ ഓര്‍ക്കണം എന്നാണ്. പിത്രോഡയുടെ വാക്കുകള്‍ പുത്തരിയില്‍ത്തന്നെ കല്ലുകടിച്ച അനുഭവം ഉണ്ടാക്കി. ""കുളം കുഴിക്കുമ്പോഴെന്തു കുറിയ കുറ്റി"" എന്ന് മറ്റുള്ളവര്‍ പിത്രോഡയോട് പിന്നീട് ചോദിക്കുകയും ചെയ്തു. അങ്ങനെ ഒന്നാം ദിവസം. തുടര്‍ന്നുള്ള കാഴ്ചകള്‍ കാണാതിരിക്കുന്നതേയുള്ളൂ.

"എമര്‍ജിങ് കേരള"യുടെ യഥാര്‍ഥ മലയാളം എന്താണ്? കേരളത്തിന്റെ കൊട്ടിപ്പുറപ്പാട് എന്നായിരിക്കുമോ? അതോ കേരളത്തിന്റെ കുതിപ്പ് എന്നോ? അറിഞ്ഞുകൂട. എല്ലാം സമ്പന്നര്‍ക്കുവേണ്ടിയും സായ്പന്മാര്‍ക്കുവേണ്ടിയും ഉള്ളതാകയാല്‍ പേരും ഇംഗ്ലീഷില്‍ത്തന്നെ മതിയാകും. പക്ഷേ പരിപാടികൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയടക്കമുള്ള ഭരണനേതാക്കള്‍ മുമ്പുതന്നെ ഇങ്ങനെ വ്യക്തമാക്കിയിരുന്നു. അതു പറഞ്ഞത് ഇംഗ്ലീഷില്‍തന്നെയായിരുന്നു. ഒരു പേജ് ""ഏണിങ് സൊസൈറ്റി""യില്‍നിന്ന് ഒരു ""എന്റര്‍പ്രണര്‍ സൊസൈറ്റി""യിലേക്കുള്ള കുതിപ്പായിരിക്കും "എമര്‍ജിങ് കേരള" എന്ന്. അതായത് നക്കാപ്പിച്ച തൊഴിലും നക്കാപ്പിച്ച കൃഷിയും പശുപരിപാലനവുമായി കഴിഞ്ഞവരൊക്കെ നിക്ഷേപ സംരംഭകരും തൊഴില്‍ദായകരുമാകാന്‍ പോകുന്നു എന്ന് മലയാളം. എന്തൊരു നടക്കാത്ത, സുന്ദരമായ സ്വപ്നം! അപ്പോള്‍ കേരളത്തിനാവശ്യമായ കൊച്ചു തൊഴിലുകളെടുക്കാന്‍ ആരു വരും? കൃഷി ചെയ്യേണ്ടതില്ല. ടിഫിന്‍കേരിയറില്‍ ചോറുകൊണ്ടുവന്നുതരാം എന്ന് മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞുകഴിഞ്ഞു. രണ്ടാം സര്‍ദാര്‍ജി പറഞ്ഞാല്‍ പിന്നെ പേടിവേണ്ട. കൊച്ചു പണികളൊക്കെ എടുക്കാന്‍ ബിഹാറില്‍നിന്നും ഒഡീഷയില്‍നിന്നുമൊക്കെ ആളുകള്‍ വരും. "എന്റര്‍പ്രണര്‍"മാര്‍ ഉള്ള ഭൂമി ആവശ്യക്കാര്‍ക്ക് വിറ്റ് ചാരുകസേരയില്‍ എന്റര്‍പ്രണര്‍മാരായി കാലുംനീട്ടി കിടന്നാല്‍ മാത്രം മതി. ഇനി നിങ്ങള്‍ പഠിച്ച് ബിരുദം നേടിയ സാങ്കേതിക ശാസ്ത്ര വിദ്യാര്‍ഥിയാണോ, എന്നാല്‍ ഇരുപത്തഞ്ചു ശതമാനം നിങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അധികമായിത്തന്നെ ലഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. സാങ്കേതിക വികസന രംഗത്ത് ചെറുകിട നിക്ഷേപക സംരംഭകരുടെ പൂര്‍വാനുഭവങ്ങള്‍ ഓര്‍മയുള്ളവര്‍ക്കറിയാം വിജയം ഉല്‍പാദനത്തില്‍ മാത്രം തെളിയിച്ചാല്‍ പോര, വിപണിയിലും തെളിയിക്കണം എന്ന കാര്യം. അവിടെ എന്തുണ്ടാകും എന്നതിന്റെ കയ്പേറിയ പൂര്‍വാനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. എമര്‍ജിങ് കേരളയെക്കുറിച്ച് പറയാന്‍ തുടങ്ങിയതു മുതല്‍ക്ക് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞുതുടങ്ങിയ ഒരു കാര്യമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ 2003 ജനുവരിയില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് (ജിം) പോലെയല്ല ഈ പദ്ധതി എന്ന്. പറയാന്‍ കാരണമുണ്ട,് അന്നും ആ പദ്ധതിയുടെ മുഖ്യ സൂത്രധാരന്മാര്‍ ഇവര്‍ രണ്ടുപേരും തന്നെയായിരുന്നു. ഇരുപത്തിആറായിരം കോടി രൂപ നിക്ഷേപം വരും എന്ന് പറകൊട്ടി പറഞ്ഞിട്ട് വന്നത് വെറും നൂറ്റിഇരുപത് കോടിയുടെ സോപ്പുചീപ്പ് പരിപാടികള്‍. ചുളുവില്‍ ഭൂമി കിട്ടും എന്നുകരുതി ഓടിയെത്തിയവര്‍, ജനകീയ പ്രതിരോധം കാരണം ഭൂമിവില്‍പന നടക്കാതെ വന്നപ്പോള്‍ മടിശ്ശീല തുറക്കാതെ മടങ്ങിപ്പോയി.

2003-2006 കാലയവളില്‍ കേരളത്തിലെ വ്യവസായ നിക്ഷേപം 700 കോടി രൂപ കണ്ട് കുറഞ്ഞു. ശരിക്കും മല എലിയെ പ്രസവിച്ച അനുഭവമായിരുന്നു ജിമ്മിന്റേത്. "എമര്‍ജിങ് കേരള" എന്നും പറഞ്ഞ് പുറപ്പെട്ടിരിക്കുന്നത് പഴയ ആസാമികള്‍ തന്നെയായതിനാല്‍ ഒരു ഏറ്റുപറച്ചില്‍ സ്വാഭാവികമായും ആവശ്യമുണ്ട്. ഇത് പഴയ ജിമ്മല്ല. കണ്ടില്ലേ ഞങ്ങള്‍ തുറന്നുവെച്ച വെബ്സൈറ്റ്. എല്ലാ ആക്രി സാധനങ്ങളും ഇവിടെ കൊണ്ടുവന്നിടാം, വളരെ സുതാര്യം, ആര്‍ക്കും കള്ളത്തരം ചെയ്യാന്‍ പറ്റില്ല, ഇരുപത്തിനാലു മണിക്കൂറും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലിരിക്കുന്ന ഞങ്ങളല്ലേ പറയുന്നത്?

നല്ലതു മാത്രമേ എടുക്കൂ, വെറും പ്രൊജക്ട് ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂ. ഒരിഞ്ച് സര്‍ക്കാര്‍ ഭൂമിയോ വനഭൂമിയോ വിറ്റുതുലയ്ക്കില്ല, പാട്ടക്കരാര്‍ മാത്രമേ ഉള്ളൂ, അതും മുപ്പതു വര്‍ഷത്തേക്കുമാത്രം, കുഴല്‍വിളിയുടെ പീ... പീ പീ (പബ്ലിക് പ്രൈവറ്റ് പാര്‍ടിസിപ്പേഷന്‍) എന്ന സുഖദമായ നാദം കേള്‍ക്കുന്നില്ലേ, ഇനി നാടെങ്ങും ഈ കുഴല്‍വിളി നാദം മാത്രം. നൂറുദിന കര്‍മപരിപാടിയില്‍നിന്ന് എമര്‍ജിങ് കേരളയിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ സമയംകൂടി ശ്രദ്ധിക്കണം. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും സര്‍ക്കാര്‍ പ്രചാരണയന്ത്രങ്ങളും എല്ലാം ചേര്‍ന്ന് വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന കേരളത്തിലെ സാധാരണക്കാരന് നട്ടെല്ലില്‍ കുത്തിവെച്ചു നല്‍കിയ അരാഷ്ട്രീയ അനസ്തീസിയയുടെ സവിശേഷ പശ്ചാത്തലം, മമതാബാനര്‍ജിക്കെന്നപോലെ ഉമ്മന്‍ചാണ്ടിക്കും അമേരിക്കന്‍ സ്ഥാനപതി വച്ചുനീട്ടുന്ന കൈത്താങ്ങ്, പ്രകൃതിസമ്പത്തും മനുഷ്യാധ്വാനവും പോലുള്ള പ്രാകൃത മൂലധന രൂപങ്ങളില്‍ നവലിബറല്‍ മൂലധനം കൊളുത്തിയിട്ട കൊതിക്കണ്ണ് ഇതെല്ലാം നല്‍കുന്ന പിന്‍ബലത്തിലാണ് എമര്‍ജിങ് കേരളയുടെ വരവ്.

അനസ്തീസിയയുടെ ഹാങ്ഓവര്‍ മാറി വേദനയറിയാന്‍ തുടങ്ങിയവരോടാണ് ഇപ്പോള്‍ ഇടതുപക്ഷം സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. ജനപക്ഷ വികസനത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട് സവിശേഷമായ ഒരു കേരള മോഡല്‍ വികസനയം സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം എന്ന് ഓര്‍ക്കണം. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത ആ വികസനയത്തിന്റെ പരിമിതികളും പോരായ്മകളും തിരിച്ചറിഞ്ഞുകൊണ്ടാണ് രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാംതന്നെ മാറ്റിവച്ച് ഒരു പുതിയ വികസനയം രൂപപ്പെടുത്താന്‍വേണ്ടി പഠനകോണ്‍ഗ്രസുകളും ജനകീയാസൂത്രണവും ഇടതുപക്ഷം മുന്നോട്ടുവച്ചത്. മാറിവന്ന ഓരോ യുഡിഎഫ് ഗവണ്‍മെന്റുകളും ആ ജനപക്ഷ വികസന നയങ്ങളുടെ കടയ്ക്കലാണ് കത്തിവച്ചത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ എമര്‍ജിങ് കേരളയില്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഇക്കാരണത്താലാണ്, അല്ലാതെ വികസന വിരുദ്ധരായതുകൊണ്ടല്ല ഇടതുപക്ഷം എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്.

എമര്‍ജിങ് കേരളയുടെ ആദ്യദിനത്തില്‍ വികസനത്തിന്റെ പഴയ ലാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ എ കെ ആന്റണി പറഞ്ഞു: കിണ്ണത്തിന്റെ വക്കത്തെ നെന്മണിപോലെയാണ് ഞങ്ങളുടെ ഇരിപ്പ്. അതുകൊണ്ട് സമവായ ചര്‍ച്ചകള്‍ ആവശ്യമായിവരും എന്ന്. എവിടെ സമവായ ചര്‍ച്ചകള്‍? എമര്‍ജിങ് കേരളയുടെ മൊത്തം പരിപ്രേക്ഷ്യം കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ? ഇനിയും ചര്‍ച്ച ചെയ്യപ്പെടുമോ? അഴിമതിയുടെയും ധനദുര്‍വിനിയോഗത്തിന്റെയും നാറുന്ന കഥകളാണ് ഓരോ സി ആന്‍ഡ് എ ജി റിപ്പോര്‍ട്ടിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരം സ്വതന്ത്ര പരമാധികാര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടുകളെ രാഷ്ട്രീയ പക്ഷപാതിത്വമായി ചിത്രീകരിക്കാനാണ് യുപിഎ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ആ യുപിഎ സര്‍ക്കാരിന്റെ നേരവകാശികള്‍ നടത്തുന്ന വികസനമാമാങ്കത്തില്‍നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. ഈ ജനവിരുദ്ധ വികസനയങ്ങളെ ഇടതുപക്ഷം എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് എണ്ണമിട്ടുതന്നെ പറയാം.

1) കേരളത്തിന്റെ പ്രകൃതിസമ്പത്തും മനുഷ്യാധ്വാനവും വൈദേശിക - ദേശീയ മൂലധന നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് പണയം വയ്ക്കാനാണ് ശ്രമം എന്നതുകൊണ്ട്.

2) പി പി പി ഇടപാടുകളിലെ ജനവിരുദ്ധതയും നിക്ഷിപ്ത മൂലധന താല്‍പര്യങ്ങളും തിരിച്ചറിയുന്നതുകൊണ്ട്.

3) സാധാരണക്കാരന്റെ മിനിമം ജീവിത ഗുണനിലവാരവും പൊതുവിഭവങ്ങള്‍ക്കുമേല്‍ സാമൂഹ്യ നിയന്ത്രണവും ഉറപ്പുവരുത്താത്തതുകൊണ്ട്.

4) അടിസ്ഥാനപരമായി ഒരു ജനതയുടെ സാംസ്കാരിക ബോധത്തെത്തന്നെ വെല്ലുവിളിക്കുന്നതുകൊണ്ട്.

5) വികസനത്തെ സംബന്ധിച്ച ജനപക്ഷ സമീപനങ്ങളും സ്ഥായിയായ വികസനത്തിന്റെ കാഴ്ചപ്പാടുകളും ഇല്ലാത്തതുകൊണ്ട്.

6) വികസനയങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ജനങ്ങളില്‍നിന്ന് എടുത്തുമാറ്റി

നവലിബറലിസത്തിന്റെ വക്താക്കള്‍ക്ക് പണയം വയ്ക്കുന്നതുകൊണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ എടുത്തുപറയാനുണ്ടാകും. ഇപ്പോള്‍ നടത്തുന്ന കാര്യങ്ങളൊക്കെ മുന്‍ ഗവണ്‍മെന്റെടുത്ത തീരുമാനങ്ങളുടെ മേലെയാണെന്ന കള്ളപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. മുന്‍ ഗവണ്‍മെന്റ് എടുത്ത തത്വാധിഷ്ഠിത നിലപാടുകളുടെ അകക്കാമ്പ് പറിച്ചെറിഞ്ഞ് പുറംകുപ്പായം എടുത്തണിയുന്ന തട്ടിപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ പൊരുതി നില്‍ക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. 2003നെ അപേക്ഷിച്ച് കൂടുതല്‍ അനുമതികളുടെ സാംസ്കാരിക പശ്ചാത്തലം നിര്‍മിച്ചുകൊണ്ടാണ് എമര്‍ജിങ് കേരള അരങ്ങേറുന്നത്. സമൂഹത്തെ കൂടുതല്‍ അരാഷ്ട്രീയവല്‍കരിക്കാനും മധ്യവര്‍ഗവല്‍കരിക്കാനും നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലം എമര്‍ജിങ് കേരളയ്ക്കു പിറകിലുണ്ട്.

ചൂതാട്ട കാസിനോകളും മസാജിങ് പാര്‍ലറുകളും കാബറേ പാര്‍ലറുകളും വന്നാലെന്താണ് കുഴപ്പം എന്നു ചോദിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിതാന്തമായ സാംസ്കാരിക ജാഗരൂകത ആവശ്യപ്പെടുന്ന ഈ ഇടത്തിന്റെ ബലത്തില്‍ കൂടിയാണ് എമര്‍ജിങ് കേരളയുടെ നില്‍പ്. എമര്‍ജിങ് കേരളയുടെ ലോഗോ നിങ്ങള്‍ ശ്രദ്ധിച്ചോ? ഒരു ചിത്രത്തിന് ദൃഷ്ടി പതിയുന്ന ഒരു മുകള്‍ഫ്രെയിമും പെട്ടെന്ന് ദൃഷ്ടി പതിയാത്ത ഒരു കീഴ്ഫ്രെയിമുമുണ്ടാകും. ഈ ലോഗോയുടെ മറച്ചുപിടിക്കപ്പെട്ട കീഴ്ഫ്രെയിം മനസ്സിലൊന്നു വരച്ചുനോക്കൂ. ചിറകടിച്ചു പറന്നുപോകുന്ന ആ മാരിവില്‍ പക്ഷിയെ നോക്കി കീഴെ ഭൂമിയില്‍ മേലോട്ടുനോക്കി നില്‍ക്കുന്ന എല്ലുംതോലുമായ കുറേ മനുഷ്യര്‍. കേരളത്തിന്റെ ഐശ്വര്യലക്ഷ്മിതന്നെയാണ് ആ പറന്നുപോകുന്നത്. പഴയ കഥയില്‍നിന്ന് വ്യത്യസ്തമായി വാരുന്ന ഓരോ പിടി അവിലും ഏതോ ദ്വാരകയെയാണ് സമ്പന്നമാക്കുന്നത്! എന്തൊരു അര്‍ഥസാന്ദ്രമായ ലോഗോ! കുലീനമായ ഭാഷയിലും കപടരൂപകങ്ങളിലും ഉമ്മന്‍ചാണ്ടിയെ വെല്ലാന്‍ ആരുണ്ട്! ഓരോ പ്രഹരവും ഓരോ തലോടലുകളാണെന്ന് എത്ര ചിരിച്ചും ഭംഗിയിലുമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്! അദ്ദേഹം പറയുന്നു: ""ലാസ്റ്റ് ബസ് 2003ല്‍ പോയി. വികസനത്തിന്റെ അവസാനത്തെ വിമാനമാണിത്. വികസനവണ്ടികളുമായി ഇടക്കിടെ വരാന്‍ കോണ്‍ഗ്രസും ലീഗും എന്നും ഉണ്ടായിക്കൊള്ളണമെന്നില്ല"

*
ഡോ. കെ പി മോഹനന്‍ ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012

Friday, September 14, 2012

അലുവാലിയയുടെ ഉപദേശം

ഉചിതമായ വേദിതന്നെയാണ് കേരളത്തില്‍ നെല്‍ക്കൃഷി വേണ്ട എന്ന് പ്രഖ്യാപിക്കാന്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ തെരഞ്ഞെടുത്തത്. "എമര്‍ജിങ് കേരള"യുടെ വേദി. അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുംകൂടി നികത്തി കേരളത്തിന്റെ ഭൂമി വിറ്റുതുലയ്ക്കാനുള്ള സുവര്‍ണാവസരമായി "എമര്‍ജിങ് കേരള"യെ കാണുകയും ആ വഴിക്കുള്ള നീക്കങ്ങള്‍ മുന്‍കൂറായിത്തന്നെ തുടങ്ങിവയ്ക്കുകയുംചെയ്ത സംഘാടകര്‍ക്ക്- യുഡിഎഫ് മന്ത്രിസഭയ്ക്ക്- അലുവാലിയയുടെ വാക്കുകള്‍ കാതിന് കുളിര്‍മപകരുന്ന ഒന്നായി അനുഭവപ്പെട്ടിരിക്കണം. ആഗോളവല്‍ക്കരണത്തിന്റെ നയപ്രയോക്താക്കള്‍ എങ്ങനെ ഒരേവിധം പലയിടത്തിരുന്ന് ചിന്തിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് യുഡിഎഫിന്റെ നീക്കവും അലുവാലിയയുടെ വാക്കും തമ്മിലുള്ള പൊരുത്തം!

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം, ഭൂപരിഷ്കരണനിയമം, ഭൂവിനിയോഗനിയമം, ഭൂപരിധിനിയമം തുടങ്ങിയവയൊക്കെ മറികടന്നുകൊണ്ടാണ് "എമര്‍ജിങ് കേരള"യുടെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ കണ്ണായ ഭൂമി വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. ഇതില്‍ വലിയൊരു ഭാഗം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമാണ്. ഇതിനെതിരെ കേരളത്തിലാകെ രോഷമുയരുന്ന ഘട്ടത്തിലാണ് അലുവാലിയയുടെ ആശ്വാസവചനം. ആസൂത്രണകമീഷന്‍ പറഞ്ഞിട്ടാണെന്ന വിശദീകരണത്തോടെ ഇവര്‍ക്കിനി അവശേഷിക്കുന്ന നെല്‍വയലുകള്‍കൂടി നികത്താം. എന്നാല്‍, ആസൂത്രണകമീഷന്‍ പറയുന്നത് കേട്ടുനടന്നാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഒരുദാഹരണം നമുക്ക് അനുഭവപാഠമായുണ്ട്. സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ ആസൂത്രണകമീഷന്‍ കേരളത്തോട് പറഞ്ഞത് നെല്‍ക്കൃഷി കൈയൊഴിഞ്ഞ് സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനത്തില്‍ കേന്ദ്രീകരിക്കാനാണ്. നെല്‍ക്കൃഷിയെ കൈവിടുന്നതുകൊണ്ട് ഭക്ഷ്യധാന്യത്തില്‍ വരുന്ന കമ്മി തങ്ങള്‍ കേന്ദ്രസംഭരണിയില്‍നിന്ന് നികത്തിത്തന്നുകൊള്ളാമെന്നും കേന്ദ്രം പറഞ്ഞു. കേരളം കുറെയൊക്കെ ഇത് ചെയ്തു. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനം കൂടി. അതിന്റെ കയറ്റുമതിയിലൂടെ രാജ്യത്തിന്റെ വിദേശനാണ്യശേഖരം കൂടുതല്‍ കനത്തു. എന്നാല്‍, അതേസമയം, കേരളത്തിന് അരി തരാനുള്ള ചുമതലയില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങുകയും ചെയ്തു. 1,75,000 ടണ്‍ എന്ന പ്രതിമാസ വിഹിതം 25,000 ടണ്‍ ആയിവരെ ചുരുങ്ങി. കേരളം വിഷമത്തിലായി. ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുമ്പോള്‍ ഈ അനുഭവപാഠം കേരളം മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയും യുഡിഎഫ് സര്‍ക്കാരുമാകട്ടെ നിലംനികത്തലിനെയാകെ സാധൂകരിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്ന് നോക്കിനടക്കുകയാണ്. അപ്പോഴാണ് അലുവാലിയയുടെ ഉപദേശം! 2005 വരെയുള്ള സകല നിലംനികത്തലിനെയും സാധൂകരിക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനമെടുത്തത് 2012 ഫെബ്രുവരി ഏഴിനാണ്. മറ്റു മന്ത്രിസഭാ തീരുമാനങ്ങളെല്ലാം പതിവു ബ്രീഫിങ്ങില്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള മന്തിസഭായോഗതീരുമാനം രഹസ്യമാക്കിത്തന്നെ സൂക്ഷിച്ചു. "എമര്‍ജിങ് കേരള"യ്ക്ക് അരങ്ങൊരുക്കുന്നതിന്റെ ഭാഗമായിരുന്നു ഈ രഹസ്യനടപടി. തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ 50,000 ഏക്കര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന പദ്ധതി നിര്‍ദേശങ്ങള്‍ എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ വന്നപ്പോള്‍ മന്ത്രിസഭായോഗതീരുമാനത്തിന്റെയും അത് രഹസ്യമായി സൂക്ഷിച്ചതിന്റെയും താല്‍പ്പര്യങ്ങള്‍ കൂടുതല്‍ വെളിവായി. പെട്രോകെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജണില്‍ 24,710 ഏക്കര്‍, കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണിന് എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി 12,844 ഏക്കര്‍. വ്യാപകമായി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താതെ ഇത്രയും ഭൂമി ഏറ്റെടുക്കാനാകില്ല. വാഗമണ്‍, മൂന്നാര്‍, നെല്ലിയാമ്പതി, പീരുമേട്, കാരാപ്പുഴ, പെരുവണ്ണാമൂഴി, കക്കയം, വര്‍ക്കല, വെള്ളായണി, ധര്‍മടം, മുഴുപ്പിലങ്ങാട്, ബേക്കല്‍, ഇലവീഴാപ്പൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലേക്കായി പ്രഖ്യാപിച്ച പദ്ധതികളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ക്കോ വനപ്രദേശങ്ങള്‍ക്കോ വയലുകള്‍ക്കോ തണ്ണീര്‍ത്തടങ്ങള്‍ക്കോ ആഘാതമേല്‍പ്പിച്ചുകൊണ്ടല്ലാതെ നടത്താനാകാത്തവയാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍, അവശേഷിക്കുന്ന നെല്‍വയലുകളുടെ കഥകഴിച്ച് ഭൂമി വിറ്റ് കാശാക്കുക എന്നതാണ് എമര്‍ജിങ് കേരളയ്ക്കു പിന്നിലുള്ള ലക്ഷ്യം. അത് സാധിക്കാന്‍ ചൂട്ടുപിടിക്കുകയാണ് അലുവാലിയ ചെയ്യുന്നത്.

വിവേചനരഹിതമായ നിലംനികത്തലിന് സാധൂകരണമില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസ്ഥചെയ്തിരുന്നു. നെല്‍വയലേത്, തരിശുഭൂമിയേത്, കരഭൂമിയേത്, ചതുപ്പുനിലമേത് എന്നൊക്കെ വ്യക്തമാക്കുന്ന വിധത്തില്‍ ഭൂമിയുടെ ഡാറ്റാബാങ്ക് തയ്യാറാക്കണമെന്നും കൃഷിയോഗ്യമല്ലാത്ത ഭൂമി നികത്തിയതിനെ മാത്രമേ അംഗീകരിക്കാവൂ എന്നും സര്‍ക്കാരിന്റെ പൊതു ആവശ്യത്തിനുവേണ്ടിയുള്ള നിലംനികത്തലാണെങ്കില്‍പ്പോലും നിയമത്തില്‍നിന്ന് ഒഴിവുകൊടുക്കണമെങ്കില്‍ അത് സംസ്ഥാനതലത്തിലുള്ള ഉന്നതാധികാരസമിതിയുടെ അനുമതിയോടെയേ പാടുള്ളൂവെന്നും വ്യവസ്ഥചെയ്തിരുന്നു. അതിനെയാകെ അട്ടിമറിച്ചിരിക്കയാണ് യുഡിഎഫ് സര്‍ക്കാര്‍. സിങ്കിള്‍ വിന്‍ഡോ സംവിധാനത്തിലേക്ക് നിലംനികത്തലിനെക്കൂടി കൊണ്ടുവന്ന് ഉന്നതാധികാരസമിതിയെയും നടപടിക്രമങ്ങളെയും സര്‍ക്കാര്‍ മറികടന്നു.

ഈ നിയമവിരുദ്ധ പ്രവൃത്തികള്‍ക്കൊക്കെ ന്യായീകരണം നല്‍കുന്നവിധത്തിലാണ് ഇപ്പോള്‍ അലുവാലിയ ഇടപെടുന്നത്. കേരളത്തിന്റെ പ്രത്യേകതകളോ കാര്‍ഷിക സംസ്കൃതിയോ ഭക്ഷ്യക്രമങ്ങളോ ഒന്നും അറിയുന്നയാളല്ല അലുവാലിയ. ചാരുകസേരാ ഉപദേഷ്ടാക്കള്‍ എന്ന് ഒരു കേന്ദ്രമന്ത്രിതന്നെ വിളിച്ചത് അലുവാലിയയെയും കൂട്ടരെയുമാണ്. കേരളത്തെ അറിയാതെ, ഇവിടത്തെ പ്രശ്നങ്ങള്‍ പഠിക്കാതെ അവസാനവാക്കുമായി അലുവാലിയ ഇറങ്ങിത്തിരിക്കരുത്. 1975ല്‍ ഉണ്ടായിരുന്നതിന്റെ 25 ശതമാനം വയലുകളേ ഇന്ന് കൃഷി നടക്കുന്നതായി അവശേഷിച്ചിട്ടുള്ളൂ എന്നതാണ് ഔദ്യോഗിക കണക്ക്. ആപല്‍ക്കരമായ അവസ്ഥയാണിത്. ലോകം ഭക്ഷ്യപ്രതിസന്ധിയിലേക്ക് പോവുകയാണെന്ന് ഐക്യരാഷ്ട്രസഭപോലും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഒരു കാലത്ത്, ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിഭൂമി കൈയടക്കി കൃഷിയിറക്കി ലാഭംകൊയ്യാന്‍ മൊണ്‍സാന്റോയെപ്പോലുള്ള ബഹുരാഷ്ട്ര അഗ്രി കോര്‍പറേറ്റുകള്‍ മത്സരിക്കുന്ന ഒരു കാലത്ത്, കേരളത്തില്‍ വന്ന് ഇനി ഇവിടെ നെല്‍ക്കൃഷി വേണ്ട എന്നു പറയണമെങ്കില്‍ ചെറിയതോതിലുള്ള മൗഢ്യമൊന്നും പോരാ.

*
ദേശാഭിമാനി മുഖപ്രസംഗം 14 സെപ്തംബര്‍ 2012

Wednesday, September 12, 2012

കേരളത്തെ കൈയൊഴിഞ്ഞ് പ്രധാനമന്ത്രി

കേരളത്തിന് നല്‍കാന്‍ ആശംസകളല്ലാതെ കേന്ദ്രത്തിന്റെ പക്കല്‍ പണമോ പദ്ധതികളോ ഇല്ല എന്ന് വിളംബരംചെയ്യുന്നതായി "എമര്‍ജിങ് കേരള" ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം. വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകട്ടെ കേരളത്തില്‍ എന്ന് ആശംസിച്ച പ്രധാനമന്ത്രി പുതിയ ഒരു പദ്ധതിപോലും കേരളത്തിനായി പ്രഖ്യാപിച്ചില്ല. നേരത്തെതന്നെ നടന്നുവരുന്ന ചില പദ്ധതികളെ പരാമര്‍ശിച്ചു. ഐഐടി സജീവ പരിഗണനയിലാണെന്നു പറഞ്ഞു. സംഘാടകരുടെതന്നെ സമസ്ത പ്രതീക്ഷകളെയും തകര്‍ത്തുകളയുന്ന വിധത്തിലായി പേരിനെങ്കിലും ഒരു പദ്ധതി പ്രഖ്യാപിക്കാതെയുള്ള പ്രധാനമന്ത്രിയുടെ എമര്‍ജിങ് കേരള ഉദ്ഘാടനം.

കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 22 ശതമാനം വിദേശ മലയാളികളുടെ നിക്ഷേപമാണെന്നു പറഞ്ഞ പ്രധാനമന്ത്രി അവര്‍ക്കായി എന്തെങ്കിലും പദ്ധതികളോ അവരുടെ പണമുപയോഗിച്ച് നടത്താവുന്ന വ്യവസായസംരംഭങ്ങളോ മുന്നോട്ടുവയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. വലിയ തുകയുടെ കേന്ദ്രനിക്ഷേപം, ആ രംഗത്ത് മാന്ദ്യത്തില്‍ തുടരുന്ന കേരളത്തിനായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ തെറ്റി. വാസ്കോഡഗാമ വന്നതിന്റെ ചരിത്രവും കേരളത്തിന്റെ സവിശേഷതയും ഒക്കെ മുന്‍നിര്‍ത്തിയുള്ള ഭംഗിവാക്കുകളില്‍ മാത്രമായി പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഒതുങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപോലും ഇത്തരമൊരു തണുപ്പന്‍ പ്രതികരണം പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ചുകാണില്ല.

ഓരോ സംസ്ഥാനത്തും പോയി അവിടേക്കുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധവയ്ക്കാറില്ലാത്തയാളല്ല പ്രധാനമന്ത്രി. തമിഴ്നാട് സന്ദര്‍ശനവും ബിഹാര്‍ സന്ദര്‍ശനവും അവിടെ ചെന്നു നടത്തിയ പതിനായിരക്കണക്കിനു കോടികളുടെ പ്രഖ്യാപനങ്ങളും അറിയാത്തവരല്ല കേരളീയര്‍. കേരളത്തിലെത്തിയപ്പോള്‍, ആ സന്ദര്‍ശനം ഒരു വ്യവസായസംരംഭ സമ്മേളന പശ്ചാത്തലത്തിലായിട്ടുകൂടി പേരിനൊരു പദ്ധതിയോ ഫണ്ടോ പ്രഖ്യാപിക്കാന്‍ അദ്ദേഹം സന്മനസ്സു കാട്ടിയില്ല. വല്ലാര്‍പാടം ടെര്‍മിനലിനായി കബോട്ടാഷ് നിയമത്തില്‍ ഇളവു വരുത്തുക തുടങ്ങിയ കാര്യങ്ങളിലല്ലാതെ വികസനോന്മുഖമായ ഒരു കാര്യത്തിലേക്കും പ്രധാനമന്ത്രി കടന്നില്ല. സാമൂഹ്യവികസന സൂചകങ്ങളുടെ കാര്യത്തില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിന്റെ നിലയെന്നു പറഞ്ഞ പ്രധാനമന്ത്രി അങ്ങനെയായത് സാമൂഹ്യമേഖലകളില്‍ ഊന്നിയുള്ള നിക്ഷേപ- വികസനപദ്ധതികള്‍ കേരളത്തില്‍ ആവിഷ്കരിച്ചു നടപ്പാക്കിയതുകൊണ്ടാണെന്നും സാമൂഹ്യസേവനമേഖലകളില്‍നിന്ന് പിന്‍വലിയുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ കേരളത്തിന് ഇന്നുള്ള നേട്ടങ്ങളെ പടിപടിയായി ഇല്ലാതാക്കുകയേ ചെയ്യൂ എന്നും തിരിച്ചറിയേണ്ടതുണ്ട്. എന്നുമാത്രമല്ല, ഇപ്പോള്‍ നടക്കുന്ന എമര്‍ജിങ് കേരള കേരളം പതിറ്റാണ്ടുകളായി ഉണ്ടാക്കിയെടുത്ത സാമൂഹികമേഖലകളിലെ നേട്ടങ്ങളെ അതിവേഗത്തില്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നത് മനസ്സിലാക്കേണ്ടതും അതിലെ ആപത്തിനെക്കുറിച്ച് സംഘാടകരെ ബോധവല്‍ക്കരിക്കേണ്ടതുമുണ്ട്. എന്നാല്‍, ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങളുടെ പ്രയോക്താവായ പ്രധാനമന്ത്രിക്ക് അതിനൊന്നും കഴിയുകയില്ല. സാമൂഹ്യസൂചകങ്ങളുടെ കാര്യത്തിലെ നേട്ടത്തെക്കുറിച്ചു പറഞ്ഞ് അത് നേരിടുന്ന വിപത്തിലേക്ക് കടക്കാന്‍ നില്‍ക്കാതെ അര്‍ധോക്തിയില്‍ വിരമിക്കാനേ സാധിക്കൂ. അതുതന്നെയാണ് അദ്ദേഹം ചെയ്തതും. ഏതായാലും ക്രിയാത്മകമായ ഒരു നിര്‍ദേശമോ എന്തെങ്കിലും സാമ്പത്തിക പാക്കേജോ ഒന്നുമില്ലാത്ത പ്രധാനമന്ത്രിയുടെ പ്രസംഗം കേരളത്തെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. ഇതിന്റെ മ്ലാനത എമര്‍ജിങ് കേരളയുടെ ചര്‍ച്ചാ സെഷനുകളില്‍ നിഴല്‍പരത്തി നില്‍ക്കും എന്നതും തീര്‍ച്ചയാണ്.

കേന്ദ്രം ഒരുതരത്തിലും കേരളത്തെ സഹായിക്കാനോ, ഇവിടെ മുതല്‍മുടക്കാനോ സന്നദ്ധമല്ല എന്ന നിശബ്ദമായ സന്ദേശമാണ് എമര്‍ജിങ് കേരളയ്ക്കെത്തുന്ന സംരംഭകര്‍ക്ക് ലഭിക്കുന്നത്. അത് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാണോ? കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിക്കുന്നതുകൊണ്ട് ഉണ്ടാകാനിടയുള്ള ഗുണങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ കേന്ദ്രത്തിലേതില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന നേട്ടങ്ങള്‍ കാണട്ടെ. ദാസ്യമനോഭാവത്തോടെ കേന്ദ്രത്തില്‍ ചെന്ന് നില്‍ക്കുന്നതിലൂടെ യുഡിഎഫ് കേരളത്തിന് നഷ്ടപ്പെടുത്തുന്നത് എന്താണെന്ന് തിരിച്ചറിയട്ടെ. എമര്‍ജിങ് കേരള (ഉയര്‍ന്നുവരുന്ന കേരളം) എന്നത് സബ്മേര്‍ജിങ് കേരള (മുങ്ങിത്താഴുന്ന കേരളം) എന്ന് തിരുത്തേണ്ട അവസ്ഥയാണുണ്ടാകുന്നത് എന്നു പറയേണ്ടിവരുന്നത് ദുഃഖത്തോടെയാണ്.

കേരളവിരുദ്ധ താല്‍പ്പര്യങ്ങളുടെ പ്രളയത്തില്‍ കേരളത്തെ മുക്കിത്താഴ്ത്തുന്ന തരത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരണമായി കുറച്ചു ഭൂമി, മലിനീകരണമില്ലായ്മ, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എന്നിവ ഉറപ്പുതരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി, ഇലക്ട്രോണിക്സ് രംഗങ്ങളിലാണ് ഊന്നല്‍ വേണ്ടത്. എന്നാല്‍, ഭൂമി കച്ചവടമാക്കാന്‍ വേണ്ട സാധ്യത തുറന്നുകൊടുക്കാത്ത ഒരു പദ്ധതിക്കും എമര്‍ജിങ് കേരളയില്‍ സ്ഥാനമില്ല.

വ്യവസായത്തിന്റെ പേരില്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ നേരത്തെതന്നെ യുഡിഎഫ് സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു. 2005 വരേക്കുള്ള നിലംനികത്തലാകെ വിവേചനരഹിതമായി സാധൂകരിച്ചുകൊടുക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതും ആ തീരുമാനം മന്ത്രിസഭാ ബ്രീഫിങ്ങില്‍പ്പോലും പറയാതെ രഹസ്യമാക്കി സൂക്ഷിച്ചതും അതിനാണ്. തോട്ടങ്ങളുടെ അഞ്ചു ശതമാനം വകമാറ്റി ഉപയോഗിക്കാമെന്നു നിശ്ചയിച്ചതും കശുവണ്ടിയെക്കൂടി തോട്ടം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതും അതിനാണ്. നെല്‍വയല്‍- തണ്ണീര്‍ത്തട- ഭൂപരിധി- ഭൂവിനിയോഗ നിയമങ്ങളെല്ലാം ലംഘിക്കാന്‍ പാകത്തില്‍ ഭൂമികൈമാറ്റം ഏകജാലക സംവിധാനത്തിലാക്കിയതും അതിനാണ്. 4000 ഏക്കര്‍മാത്രം വേണ്ട പെട്രോകെമിക്കല്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് പദ്ധതിക്ക് 10,000 ഏക്കര്‍ കൈമാറാന്‍ നിശ്ചയിച്ചതും 200 ഏക്കര്‍മാത്രം വേണ്ട ചീമേനിപദ്ധതിയുടെ പേരില്‍ 1400 ഏക്കര്‍ കൈമാറാന്‍ പുറപ്പെട്ടതും മറ്റും വ്യവസായസംരംഭത്തെ മറയാക്കി ഭൂമികച്ചവടം തകൃതിയായി നടത്താനുള്ള കള്ളക്കളിയായിരുന്നു. അതുകൊണ്ടുതന്നെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ള മറയായി എമര്‍ജിങ് കേരള മാറി.

ആശയക്കുഴപ്പങ്ങളുടെ അരങ്ങായി നില്‍ക്കുകയാണ് ഇപ്പോഴും എമര്‍ജിങ് കേരള. വെബ്സൈറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 50 എണ്ണം സമ്മേളനം തുടങ്ങാന്‍ മൂന്നുനാള്‍ ബാക്കിനില്‍ക്കെ പിന്‍വലിക്കേണ്ടിവന്നു. ഒരു വകുപ്പ് കൊടുത്ത പദ്ധതിയെ മറ്റൊരു വകുപ്പ് എതിര്‍ക്കുന്ന നിലവന്നു. പദ്ധതികളുടെ പ്രായോഗികതയെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍പോലും സംശയം പ്രകടിപ്പിക്കുന്ന സ്ഥിതിവന്നു. സാങ്കേതിക- സാമ്പത്തിക സാധ്യതാപഠനങ്ങളോ പരിസ്ഥിതിപഠനമോ ഒന്നും നടത്താതെ പദ്ധതികള്‍ അവതരിപ്പിക്കുന്ന നിലവന്നു. ഒരു ഗൃഹപാഠവും ചെയ്യാതെ സര്‍ക്കാര്‍തന്നെ ആശയക്കുഴപ്പത്തില്‍ ഉഴലുന്ന നിലവന്നു. ഈ ആശയക്കുഴപ്പം എമര്‍ജിങ് കേരള സംരംഭത്തിലാകെ പ്രകടമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇത് ഒന്നും നേടിത്തരില്ലെന്നും എന്തോ മഹാകാര്യം ചെയ്യുന്നു എന്ന മേനി നടിക്കലല്ലാതെ യുഡിഎഫ് സര്‍ക്കാര്‍ ഇതുകൊണ്ട് മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കരുതേണ്ട നിലവന്നു. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടെന്നവണ്ണമാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയതും എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ കേരളത്തെ പാടേ വിസ്മരിക്കുന്നതാവുമായിരുന്നില്ലല്ലോ, ഇത്തരമൊരു സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തുന്ന ഉദ്ഘാടന പ്രസംഗം!

*
ദേശാഭിമാനി മുഖപ്രസംഗം 13 സെപ്തംബര്‍ 2012

എമര്‍ജിങ് "മൂലധനം"

സാമൂഹ്യനീതിയും സാമുദായികമൈത്രിയുമാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. രണ്ടു നേട്ടവും കൈവരുത്തി കേരളത്തെ ലോകത്തിന്റെതന്നെ ശ്രദ്ധാവിഷയമാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഇല്ലെങ്കില്‍ കേരളത്തിന്റെ രൂപം എന്താകുമായിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്. ജാതി-മത ശക്തികളും ഭൂപ്രഭുക്കളും അരങ്ങുവാഴുന്ന ബിഹാറിന്റേയോ രാജസ്ഥാന്റേയോ തനി പകര്‍പ്പാകുമായിരുന്നു കേരളം. ഈ ചിന്തയും അതുള്‍ക്കൊള്ളുന്ന സാധ്യതയും യുഡിഎഫ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അവര്‍ കേരളത്തെ 1957ന് പിന്നിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എതിരുനില്‍ക്കുന്നത് സിപിഐ എം ആണ്. സ്വാഭാവികമായും യുഡിഎഫ് സിപിഐ എമ്മിനെ ശത്രുപക്ഷത്തുനിര്‍ത്തി ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നു.

കേരളം കാര്‍ഷികാഭിവൃദ്ധി കൈവരിച്ചിട്ടില്ല. വ്യവസായ വളര്‍ച്ചയും നേടിയിട്ടില്ല. അതുകൊണ്ട് കര്‍ഷകമുതലാളികളും വ്യവസായമുതലാളികളും കേരളത്തിലില്ല. മുതലാളിത്ത വളര്‍ച്ച കേരളത്തില്‍ വഴിമുട്ടിനില്‍ക്കുന്നു. മൂലധനം വളര്‍ത്തിയാണ് മുതലാളിത്തം വികസിക്കുന്നത്. പ്രകൃതിഭംഗി നിറഞ്ഞതാണ് കേരളം. നിബിഡവനങ്ങള്‍, പുഴകള്‍, തടാകങ്ങള്‍, പച്ചപ്പുകള്‍, വിളഭൂമികള്‍ എല്ലാംകൊണ്ടും സമ്പന്നമായ സംസ്ഥാനം. ഇതിനെ ചൂഷണംചെയ്ത് മൂലധനം വളര്‍ത്താനാണ് എമര്‍ജിങ് കേരളകൊണ്ട് ലക്ഷ്യമിടുന്നത്. ഇങ്ങനെ കൃഷിഭൂമിയെയും പ്രകൃതിസമ്പത്തിനെയും ചൂഷണംചെയ്ത് മൂലധനം വളര്‍ത്തുന്നതിനെയാണ് "മാര്‍ക്സ് ആദിമമൂലധന സഞ്ചയം" എന്ന് വിശേഷിപ്പിച്ചത്. യുഡിഎഫ് ആണ് ശരിയെന്നോ അല്ലെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നതാണ് പ്രയോജനകരമെന്നോ ചിന്തിക്കുന്നവര്‍ ഉണ്ട്. അവരില്‍ സാധാരണക്കാരുമുണ്ട്. പക്ഷേ, ഈ സാധാരണക്കാരുടെ താല്‍പ്പര്യങ്ങളല്ല യുഡിഎഫ് സംരക്ഷിക്കാന്‍ വെമ്പുന്നത്. സമ്പന്നരുടെ മൂലധന താല്‍പ്പര്യങ്ങളാണ്. സമ്പന്നര്‍ക്കും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ക്കും സാമുദായികശക്തികള്‍ക്കും സമാഹരിക്കാന്‍ കഴിയുന്ന വോട്ടുകള്‍ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. അതുകൊണ്ട് സമ്പന്നപക്ഷത്ത് എപ്പോഴും നിലയുറപ്പിക്കുന്നു. സാമുദായികശക്തികളെ വളര്‍ത്തുന്നു. രണ്ടു സമുദായങ്ങളിലെ മേല്‍ത്തട്ടുകാര്‍ തമ്മിലെ ഒത്തുതീര്‍പ്പിനെപ്പറ്റി അനുകൂലമായോ പ്രതികൂലമായോ അഭിപ്രായം പറയാത്തത് ഭാവിയില്‍ അവരെയും പ്രീണിപ്പിച്ച് കൂടെനിര്‍ത്തി അധികാരം നിലനിര്‍ത്താമെന്ന കാഴ്ചപ്പാടിലാണ്. വളരുന്ന സാമുദായിക ചേരിതിരിവും സ്പര്‍ധയും യുഡിഎഫിന് വളമാണ്. സമുദായ മൈത്രി തകര്‍ന്നാല്‍ യുഡിഎഫിനെന്ത്?

സാമ്പത്തികവികസനം സംബന്ധിച്ച് ബൂര്‍ഷ്വാപാര്‍ടികള്‍ക്ക് പ്രത്യേക നയസമീപനമുണ്ട്. വാസ്തവത്തില്‍ വികസനത്തിന് വ്യക്തമായ അര്‍ഥമുണ്ട്. അത് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തണം. അതായത്, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, കൈവേലക്കാര്‍, വ്യവസായത്തൊഴിലാളികള്‍, ജോലിയും കൂലിയുമില്ലാത്ത സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ ആവശ്യത്തിന് മെച്ചപ്പെട്ട ഭക്ഷണം, നല്ല വസ്ത്രങ്ങള്‍, പാര്‍പ്പിടം, വൈദ്യശുശ്രൂഷ, വിദ്യാഭ്യാസം, നല്ല റോഡുകള്‍, പൊതുവാഹനങ്ങള്‍ ഇവയെല്ലാം ലഭ്യമാക്കണം. മാത്രമല്ല, ഇവയെല്ലാം വാങ്ങി ഉപയോഗിക്കാന്‍ കഴിയുംവിധം തൊഴിലും ന്യായമായ വരുമാനവും ഉണ്ടാകണം. എന്നാല്‍, ഈ കാഴ്ചപ്പാടല്ല കോണ്‍ഗ്രസിനുള്ളത്. സമ്പന്നരുടെ വരുമാനമുയര്‍ത്തി മൊത്തം വരുമാനം വളര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തിന്റെ പൊരുള്‍. വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഷോപ്പിങ് മാളുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, നിശാ ക്ലബ്ബുകള്‍ തുടങ്ങിയവ ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളാണ്. കൂടുതല്‍ നിക്ഷേപം ആവശ്യമായതും കൂടുതല്‍ ലാഭം നേടിത്തരുന്നതുമായ ഇത്തരം പ്രോജക്ടുകള്‍ എമര്‍ജിങ് കേരളയില്‍ സ്ഥാനംപിടിച്ചത് യാദൃച്ഛികമല്ല. തങ്ങള്‍ ഭരിക്കുന്നത് പണക്കാര്‍ക്കുവേണ്ടിയാണെന്ന് ഭംഗ്യന്തരേണ വിളംബരംചെയ്യുകയാണ് യുഡിഎഫ്. പ്രസ്തുത ലക്ഷ്യം നേടാന്‍ കേരളത്തിന്റെ വിളഭൂമികളും നിബിഡവനങ്ങളും പുഴകളും തടാകങ്ങളും സ്വകാര്യമൂലധനത്തിന് അടിമപ്പെടുത്താന്‍ സര്‍വവിധ ഒത്താശയും ചെയ്യുന്നു. മുന്‍ ചിലിയന്‍ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടം ആദ്യംചെയ്തത് മുന്‍ ഭൂവുടമകളുടെ കൈവശമിരുന്ന ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കുകയാണ്. ഭൂപരിഷ്കരണഫലമായി സാധാരണക്കാരുടെ കൈവശമെത്തിയ കൃഷിഭൂമി പിടിച്ചെടുക്കാന്‍ യുഡിഎഫിന് അധികാരമുണ്ടായിരുന്നെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നു. അതിനു സാധ്യമല്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ഭൂമിതന്നെ സ്വകാര്യ മൂലധനത്തിനു കീഴ്പെടുത്തുന്നത്. എമര്‍ജിങ് കേരളയുടെ ഫലമായി സര്‍ക്കാര്‍ഭൂമി നഷ്ടപ്പെടുകയും പരിസ്ഥിതിക്ക് അപരിഹാര്യമായ പരിക്കേല്‍ക്കുകയും ചെയ്യുന്നു എന്നത് പരമാര്‍ഥം. എന്നാല്‍, അത് മാത്രമല്ല കാര്യം. യഥാര്‍ഥ പ്രശ്നം കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നുള്ളതാണ്. തകരുന്ന കാര്‍ഷികമേഖല, കുറഞ്ഞുവരുന്ന ഉല്‍പ്പാദനക്ഷമത, പ്രതിസന്ധിയിലകപ്പെട്ട പരമ്പരാഗത വ്യവസായങ്ങള്‍, തേങ്ങയുടെയും റബറിന്റെയും വിലത്തകര്‍ച്ച, ഉയരുന്ന ഉല്‍പ്പാദനച്ചെലവ്, അതിരൂക്ഷമായ വിലക്കയറ്റം, വര്‍ധിക്കുന്ന തൊഴിലില്ലായ്മ; അടിയന്തര പരിഹാരം ആവശ്യമാക്കുന്നവയാണ് ഈ പ്രശ്നങ്ങള്‍. അതെല്ലാം മറന്നേക്കൂ, പട്ടിണിക്കാരാണെങ്കിലും നിശാക്ലബ്ബുകളിലേക്കും ഷോപ്പിങ് മാളുകളിലേക്കും വരൂ എന്നാണ് യുഡിഎഫ് കേരളീയരോട് ആഹ്വാനംചെയ്യുന്നത്. തലചായ്ക്കാന്‍ ഒരിഞ്ചുഭൂമിപോലുമില്ലാത്ത പതിനായിരക്കണക്കിന് ആദിവാസികള്‍ക്ക് എമര്‍ജിങ് കേരള എന്ത് സന്ദേശമാണ് നല്‍കുന്നത്? എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ചെയ്ത് തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന 43,42,267 ചെറുപ്പക്കാര്‍ക്ക് എന്ത് പ്രത്യാശയാണ് അത് നല്‍കുന്നത്? സാധാരണക്കാര്‍ക്ക് വേണ്ടത്ര ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, വരുമാനം ഇതെല്ലാം നല്‍കുമോ എമര്‍ജിങ് കേരള? സാധാരണക്കാരുടെ മനസ്സിലുയരുന്ന ഈവക ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടി പറയുന്നില്ല. മറുപടി ഇല്ലാത്തതുകൊണ്ടാണ് പറയാത്തത്. എമര്‍ജിങ് കേരളയിലെ ചില പ്രോജക്ടുകളെങ്കിലും ഫലപ്രാപ്തിയിലെത്തുന്നു എന്നു കരുതുക. ആരായിരിക്കും ഉപയോക്താക്കള്‍? റിസോര്‍ട്ടുകളുടെ? ഷോപ്പിങ് മാളുകളുടെ? നിശാക്ലബ്ബുകളുടെ?

തീര്‍ച്ചയായും അതീവ സമ്പന്നരായിരിക്കും. പട്ടിണിപോക്കാന്‍ പാടുപെടുന്ന പാവങ്ങള്‍ക്ക് അവയിലൊന്നും ഒരു കാര്യവുമില്ല. എന്തല്ല വികസനം എന്ന് ചോദിച്ചാല്‍, എമര്‍ജിങ് കേരളയല്ല എന്നാണ് ഉത്തരം. കൃഷിയും ചെറുകിട ഇടത്തരം വ്യവസായങ്ങളും ഐടിയും ബിടിയുമാണ് കേരള വികസനത്തിന്റെ താക്കോലുകള്‍. ഇരുമ്പ്, ഉരുക്ക്, കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം, ആവശ്യത്തിന് വൈദ്യുതി ഇവയൊന്നുമില്ലാത്ത കേരളം വന്‍കിട വ്യവസായങ്ങള്‍ സ്വപ്നംകണ്ടിട്ട് കാര്യമില്ല. പരിമിതമായ ഭൂവിസ്തൃതിയും ഗ്രാമ-നഗര വ്യത്യാസമില്ലാത്ത ആവാസവ്യവസ്ഥയും വര്‍ധിച്ച ജനസംഖ്യയുമുള്ള കേരളത്തില്‍, വന്‍തോതില്‍ ഭൂമി ആവശ്യമുള്ള സംരംഭങ്ങള്‍ക്കും സാധ്യതക്കുറവുണ്ട്. വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും സിദ്ധിച്ച ജനങ്ങള്‍ സംസ്ഥാനത്തിന്റെ മികച്ച സമ്പത്താണ്. അവ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആ വഴിക്കൊന്നും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. വികസനം അവര്‍ക്ക് ലാഭവരുമാനത്തിന്റെ ഉറവയത്രേ.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 12 സെപ്തംബര്‍ 2012

Saturday, September 8, 2012

എമര്‍ജിങ് കേരളയ്ക്കൊരു ജനകീയ ബദല്‍

എമര്‍ജിങ് കേരള എന്ന നിക്ഷേപ സംഗമത്തിന്റെ ഉള്ളടക്കം തുറന്നുകാണിക്കുക, അത്തരം പരിപാടികള്‍ക്ക് പിന്‍ബലമായ സര്‍ക്കാരിന്റെ വികസന നയങ്ങളെ പ്രതിരോധിക്കുക, ജനകീയമായ ബദല്‍ വികസന സമീപനം അവതരിപ്പിക്കുക, അതിന് സഹായകമായ പരിപാടികള്‍ നിര്‍ദേശിക്കുക ഇവയ്ക്കെല്ലാം കേരളത്തിലെ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ വേണം.

എമര്‍ജിങ് കേരളയില്‍ മുന്നോട്ടുവയ്ക്കുന്ന മിക്ക പ്രോജക്ടുകളും സമ്പന്നവിഭാഗത്തിന്റെ ഉപഭോഗം ലക്ഷ്യമാക്കിയുള്ളവയാണ്. അവ സമ്പന്നരെ അതിസമ്പന്നരാക്കി സാമൂഹ്യ-സാമ്പത്തിക അസമത്വം വര്‍ധിപ്പിക്കും. പ്രോജക്ടുകള്‍ പ്രകൃതിവിഭവങ്ങളെ വര്‍ധിച്ചതോതില്‍ സ്വകാര്യവല്‍ക്കരിക്കാനും ചൂഷണംചെയ്യാനും ഇടയാക്കുന്നവയാണ്. നിര്‍ദേശിക്കപ്പെട്ട പ്രോജക്ടുകള്‍ ഒന്നുപോലും സുതാര്യമല്ലെന്നതാണ് മറ്റൊരു പ്രശ്നം. കൈവശപ്പെടുത്താവുന്ന ആസ്തികളുടെ വിലവര്‍ധന, അവ മറിച്ചു വില്‍ക്കാനുള്ള സ്വാതന്ത്ര്യം, വനഭൂമിയിലെ വികസന പ്രവര്‍ത്തനം, സ്വാശ്രയ സ്ഥാപനങ്ങളുടെ ആധിക്യം എന്നിവയൊക്കെ പല പ്രോജക്ടുകളിലായി പരാമര്‍ശിക്കുന്നുണ്ട്. റോഡരികില്‍ 10-20 സെന്റ് ഭൂമിയുള്ളവര്‍ക്ക് ;വഴിയോരംപദ്ധതി, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് അത് വില്‍ക്കാനുള്ള ഭൂബാങ്ക് പദ്ധതി, തോട്ടങ്ങളിലെ ഫാം ടൂറിസം, കാടുകളിലെ ഹെല്‍ത്ത് ടൂറിസം എന്നിവയിലൊക്കെ സംശയത്തിന്റെ നിഴലുകള്‍ ഒളിഞ്ഞിരിക്കുന്നു.

മിക്ക പ്രോജക്ടുകളും കെട്ടിടനിര്‍മാണത്തിലാണ് ഊന്നുന്നത്. വ്യവസായത്തിന്റെ പ്രോജക്ടുകളില്‍പ്പോലും സ്ഥലമെടുപ്പും കെട്ടിടനിര്‍മാണവുംമാത്രമേ പറയുന്നുള്ളൂ. വ്യവസായത്തിന്റെ വിശദാംശങ്ങള്‍ ഒന്നുംതന്നെയില്ല. വ്യവസായം വന്നേക്കാം എന്ന് അനുമാനിക്കാനേ പറ്റൂ. പക്ഷേ, സ്ഥലമെടുപ്പും, കെട്ടിടനിര്‍മാണവും നടക്കും. ക്രിയാത്മകമായ ചില സൂചനകളെങ്കിലും ഉള്ളത് പശ്ചാത്തല വികസനം സംബന്ധിച്ച് മാത്രമാണ്. അവയാകട്ടെ, ഗ്യാസ് പൈപ്പ്ലൈന്‍, വിഴിഞ്ഞം തുറമുഖം, മെട്രോ-മോണോ റെയിലുകള്‍ എന്നിവയൊക്കെയാണ്. കൊച്ചിയിലെ പെട്രോകെമിക്കല്‍സ്, തൃശൂര്‍- പാലക്കാട് ഇടനാഴിയിലെ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയൊക്കെ പതിനായിരം ഹെക്ടര്‍ ഭൂമിയെങ്കിലും വേണമെന്ന് ആവശ്യപ്പെടുന്നവയാണ്. ബാക്കിയെല്ലാം പല പേരുകളിലുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. പലതിലും സര്‍ക്കാരിന്റെ പങ്കാളിത്തം 10 ശതമാനത്തില്‍ താഴെയാണ്. ചുരുക്കത്തില്‍, കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഒരു പരിപാടിയല്ല, സര്‍ക്കാര്‍ നേതൃത്വത്തില്‍ പൊതുപണം ചെലവഴിച്ചുനടപ്പാക്കുന്ന എമര്‍ജിങ് കേരള എന്ന നിക്ഷേപ സംഗമം. സ്വകാര്യ നിക്ഷേപം യഥേഷ്ടം ഉപയോഗിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്‍കുകയാണ് ഈ സംഗമത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തില്‍ നിലവിലുള്ള ഭൂബന്ധിത വ്യവസ്ഥകളെയും തൊഴില്‍ രംഗത്തെ സേവന-വേതന വ്യവസ്ഥകളെയും പാടെ തകര്‍ക്കുന്ന അന്തരീക്ഷം എമര്‍ജിങ് കേരളയിലൂടെ സൃഷ്ടിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിക്കൊണ്ടിരുന്നാല്‍ പൊതു വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കും. ഭൂമികൈയേറ്റം ത്വരിതപ്പെടുത്തിയാല്‍ ആവാസവ്യവസ്ഥതന്നെ തകരും. കാട് കൈയേറാന്‍ അനുമതി നല്‍കിയാല്‍ ആദിവാസിജീവിതം മാത്രമല്ല; കാടിന്റെ പാരിസ്ഥിതിക ധര്‍മംപോലും നിര്‍വഹിക്കാന്‍ കഴിയാതാകും. കാലാവസ്ഥ താളം തെറ്റും. അത് വീണ്ടും ജനജീവിതത്തിന് പ്രതികൂലമായിത്തീരും. പൊതു- സ്വകാര്യ സന്തുലനവും സംരക്ഷിക്കാന്‍ കഴിയാത്തവിധം പൊതുമേഖലയും ദുര്‍ബലപ്പെടും.

കേരളത്തിലിന്ന് രണ്ട് തരം വികസന നിലപാടുകള്‍ പ്രചാരത്തിലുണ്ട്. ഒന്നാമത്തേത്, നവലിബറല്‍ പരിഷ്കാരത്തിന്റെ ഭാഗമായുള്ളതാണ്. രണ്ടാമത്തേത് ജനപക്ഷത്തു നിന്നുള്ള സുസ്ഥിര വികസന നിലപാടാണ്. നവലിബറല്‍ പരിഷ്കാരത്തില്‍ ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. സുസ്ഥിര വികസന സമീപനം ദരിദ്രവല്‍ക്കരിക്കപ്പെടുന്നവരെ സംരക്ഷിക്കാനുദ്ദേശിക്കുന്നു. ഒപ്പം അതിനുള്ള പരിപാടികളും പോരാട്ടങ്ങളും സംഘടിപ്പിക്കാനും ശ്രമിക്കുന്നു. നവലിബറലിസം വികസനത്തെ സമ്പത്തിന്റെ വളര്‍ച്ചയ്ക്ക് തുല്യമായി കാണുന്നു. എന്നാല്‍, ജനപക്ഷ വികസനം സാമൂഹ്യനീതിയില്‍ ഊന്നുന്നതും ഒപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി നിലകൊള്ളുകയുംചെയ്യുന്നതാണ്. അതിനാല്‍ ക്ഷേമപ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ അവകാശമായി കണക്കാക്കുന്നു. പരസ്പരവിരുദ്ധമായ ഈ സമീപനങ്ങളില്‍ നവലിബറലിസത്തെയാണ്&ഹറൂൗീ;എമര്‍ജിങ് കേരള പ്രതിനിധാനംചെയ്യുന്നത്. മുന്‍ഗണന ലഭിക്കേണ്ടത് ജനപക്ഷ വികസനത്തിനാണ്. നവലിബറലിസം, എല്ലാതരം ജനപക്ഷ വികസനത്തിനും എതിരാണ്. അതുകൊണ്ടുതന്നെ നവലിബറല്‍ നടപടികളെയും, അതില്‍ ഊന്നുന്ന എമര്‍ജിങ് കേരള പോലുള്ള സംരംഭങ്ങളെയും പ്രതിരോധിച്ചുകൊണ്ടുമാത്രമേ ബദല്‍ വികസന സമീപനം സാധ്യമാവുകയുള്ളൂ. വിനോദ-വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചും റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ധാരണയെങ്കില്‍ അത് ആത്മഹത്യാപരമായ നിലപാടാണ് എന്നതില്‍ തര്‍ക്കമില്ല.

ഇന്ന് കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഭൂമി കച്ചവടക്കാര്‍, മദ്യവ്യാപാരികള്‍, സ്വാശ്രയ മുതലാളിമാര്‍, റിസോര്‍ട്ടുടമകള്‍, കരാറുകാര്‍, സാമുദായിക നേതാക്കള്‍, സ്വര്‍ണ ഇടപാടുകാര്‍ എന്നിവരൊക്കെയടങ്ങിയ പുത്തന്‍കൂറ്റ് പണക്കാരുടെ കൂട്ടുകെട്ടാണ്. സര്‍ക്കാരിന്റെ വികസന നയത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായിത്തീരുന്നത് ഇക്കൂട്ടരാണ്. ഇവരുടെ പരസ്യപ്പണത്തെ ആശ്രയിച്ചാണ് മാധ്യമ നിരീക്ഷണങ്ങളുണ്ടാകുന്നത്. ഇക്കൂട്ടരുടെ ഇടപെടല്‍ എല്ലാ രംഗങ്ങളിലും ശക്തിപ്പെട്ടതോടെ സാമൂഹ്യനീതി, ദരിദ്രപക്ഷ മുന്‍ഗണന, സാമൂഹ്യ സുരക്ഷ എന്നിവയൊക്കെ തകര്‍ന്നു. അതിനാല്‍, പണത്തിനു വേണ്ടി എന്തും ചെയ്യാനും, പണം ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നുമുള്ള പ്രവണത ശക്തിപ്പെട്ടു.

ഉല്‍പ്പാദനത്തകര്‍ച്ച, വികലമായ വിദ്യാഭ്യാസം, പരസ്പരം ശത്രുത വളര്‍ത്തുന്ന രാഷ്ട്രീയ അന്തരീക്ഷം, ധൂര്‍ത്ത്, അഴിമതി, അതാര്യമായ ദല്ലാള്‍ ഇടപാടുകള്‍ എന്നിവയൊക്കെ ചേര്‍ന്ന്, കൈവരിച്ച സാമൂഹ്യനേട്ടങ്ങള്‍പോലും ഇല്ലാതാക്കിക്കൊണ്ടിരിക്കയാണ്. എമര്‍ജിങ് കേരള ഈ സ്ഥിതി വിശേഷത്തെ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സാധ്യത. അതേ സമയംതന്നെ കേരള വികസനത്തിന് സ്വകാര്യ മൂലധനവും ആവശ്യമാണെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. മൂലധന സ്രോതസ്സ് ഏതായാലും അതിന്റെ വിനിയോഗത്തില്‍ സാമൂഹ്യ നിയന്ത്രണവും പ്രകൃതിസംരക്ഷണവും ഉറപ്പാക്കിയിരിക്കണം. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ലിംഗപരമായ തുല്യത ഇല്ലായ്മ. സാമൂഹ്യപദവിയിലെ സ്ത്രീസാന്നിധ്യക്കുറവ്, ദളിത്-ആദിവാസി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ, കയറ്റുമതി പ്രധാനമായ കാര്‍ഷിക-വ്യാവസായിക ഘടന, കാര്‍ഷികോല്‍പ്പന്നങ്ങളുടെ നിരന്തരമായ വിലയിടിവ് എന്നിവയെല്ലാം. എമര്‍ജിങ് കേരളപോലുള്ള സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഒരു നിക്ഷേപ സംഗമം ഇത്തരം മുഖ്യപ്രശ്നങ്ങളെയെല്ലാം അവഗണിക്കുന്നു എന്നത് മാത്രമല്ല, അവയെ ഇനിയും രൂക്ഷമാക്കുന്ന രീതിയിലുള്ള പരിപാടികള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. ഇവിടെയാണ് ബദല്‍ വികസനയവും അതിന്റെ പരിപാടികളും പ്രസക്തമാകുന്നത്. കേരളത്തിലെ നിലവിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ മാത്രം പോരാ, മറ്റൊരു കേരളം സാധ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. അത് പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. വികസനത്തെ സാമ്പത്തികവളര്‍ച്ചയെന്ന നിലയിലല്ല കാണേണ്ടത്. സാമൂഹ്യനീതിയും സുസ്ഥിരതയും ദരിദ്രപക്ഷ മുന്‍ഗണനയും പ്രധാനമാണ്. ദരിദ്രജനങ്ങളില്‍ ഊന്നിയുള്ള വരുംതലമുറകളോട് നീതിപുലര്‍ത്തുന്ന, ധനിക-ദരിദ്ര അന്തരം കുറച്ചുകൊണ്ടുവരുന്ന നിരന്തരമായ ഒരു രാഷ്ട്രീയ പ്രക്രിയയായി വികസനത്തെ കാണണം. കൃഷി അടക്കമുള്ള ഉല്‍പ്പാദന സംരംഭങ്ങളെ ശക്തിപ്പെടുത്തണം. തദ്ദേശീയ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാന്‍ കഴിയണം. ഭൂമി, വെള്ളം, പുഴകള്‍, കായലുകള്‍, കുന്നുകള്‍, ധാതുസമ്പത്തുകള്‍ മുതലായവ സമൂഹത്തിനാകെ അവകാശപ്പെട്ട പ്രകൃതിസമ്പത്താണ്. അവയുടെ ഉപയോഗത്തിന്മേല്‍ സാമൂഹികമായ നിയന്ത്രണം ഉറപ്പാക്കണം. അതുകൊണ്ടുതന്നെ, എമര്‍ജിങ് കേരളയുടെ വികസന സമീപനത്തെ പ്രതിരോധിക്കുകയും ബദല്‍ വികസനയത്തിന് അനുയോജ്യമായ പ്രവര്‍ത്തന പരിപാടികള്‍ നടപ്പാക്കുകയും വേണം. ആഗോളവല്‍കൃതമായ നവലിബറല്‍ വ്യവസ്ഥയാല്‍ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകം പലതരം പ്രതിസന്ധികളെ ഒരേസമയം അഭിമുഖീകരിക്കുകയാണ്.

ജനാധിപത്യം, സാമൂഹ്യനീതി എന്നിവ തകരുക വഴി രൂപപ്പെടുന്ന രാഷ്ട്രീയ-പ്രതിസന്ധി; അസമത്വവും കേന്ദ്രീകരണവും വര്‍ധിപ്പിക്കുക വഴിയുള്ള സാമ്പത്തിക പ്രതിസന്ധി; ഉദാരവല്‍ക്കരണവും ഊഹക്കച്ചവടവും സൃഷ്ടിക്കുന്ന ധനപ്രതിസന്ധി, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും രൂപം നല്‍കുന്ന പാരിസ്ഥിതിക പ്രതിസന്ധി; ഉല്‍പ്പാദനത്തകര്‍ച്ചയും വിലക്കയറ്റവും സൃഷ്ടിക്കുന്ന ഭക്ഷ്യ പ്രതിസന്ധി എന്നിവയൊക്കെ ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയാണ്. അവയ്ക്കെല്ലാം അടിസ്ഥാനമാകട്ടെ, ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള, കമ്പോളത്താല്‍ നിയന്ത്രിക്കുന്ന ധനമൂലധനത്തിന്റെ കടന്നുകയറ്റമാണ്. അതിന്റെ പിടിയിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയും അതിന്റെ ഭാഗമായ കേരളവും. ഈ പ്രതിസന്ധിയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത് ദരിദ്രരാജ്യങ്ങളും ദരിദ്രജനങ്ങളുമാണ്. നമ്മുടെ നാട്ടിലും അതുതന്നെയാണ് സ്ഥിതി.

അതുകൊണ്ടുതന്നെ, ദരിദ്രപക്ഷവികസനം, ഭക്ഷ്യ ഉല്‍പ്പാദനം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിവയൊക്കെ ജനങ്ങളുടെ ഉപജീവനത്തിന്റെയും നിലനില്‍പ്പിന്റെയും ഒഴിവാക്കാനാവാത്ത സമരമുഖങ്ങളായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിലനില്‍പ്പിനായി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ അതിന്റെ വിശാലതയില്‍ ഉള്‍ക്കൊള്ളാനും ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയണം. അതിന്റെ ഭാഗമായി ശനിയാഴ്ചത്തെ കൂട്ടായ്മയെ കേരളത്തിലെ ദരിദ്രജനങ്ങളുടെ അവരോടൊപ്പം നില്‍ക്കുന്നവരുടെ വലിയൊരു പ്രക്ഷോഭമായി ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയണം. അതുവഴിമാത്രമേ മറ്റൊരു കേരളം സാധ്യമാകൂ.

*
ടി പി കുഞ്ഞിക്കണ്ണന്‍

Friday, September 7, 2012

എമര്‍ജിങ് മറ്റൊരു "ജിം"

എമര്‍ജിങ് കേരള പദ്ധതികള്‍ ഉല്‍പ്പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുംവിധം മാറ്റംവരുത്തണം. സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള പരിപാടി ഇതിനകംതന്നെ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, പദ്ധതികളുടെ വിശദാംശങ്ങള്‍ പൂര്‍ണമായും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. എമര്‍ജിങ് കേരള വെബ്സൈറ്റില്‍ ലഭ്യമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, കേരളത്തിന്റെ പൊതുവികസനത്തിന് വിനാശകരമാണ് പല പദ്ധതികളും. ഉയര്‍ന്ന സാമൂഹ്യസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അതനുസരിച്ച് ഉല്‍പ്പാദനമേഖലകള്‍ ശക്തിപ്പെട്ടിട്ടില്ല എന്നതാണ് കേരളം നേരിടുന്ന വികസനപ്രശ്നം. ഈ വികസന പ്രതിസന്ധി നേരിടുന്നതിന് കൃഷി, അടിസ്ഥാന വ്യവസായങ്ങള്‍, ചെറുകിട വന്‍കിട നിര്‍മാണ വ്യവസായങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയടക്കമുള്ള ആധുനിക ഉല്‍പ്പാദനമേഖലകള്‍ എന്നിങ്ങനെ കേരളത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും നിക്ഷേപം ഉറപ്പുവരുത്താനും കഴിയണം. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങളും സൃഷ്ടിക്കണം.

എന്നാല്‍, എമര്‍ജിങ് കേരള ഈ ലക്ഷ്യത്തിന് ഉതകുന്നതല്ല. കേരളത്തിന്റെ വ്യവസായവികസനത്തിന് പ്രധാനപ്പെട്ട പശ്ചാത്തല മേഖലയാണ് വൈദ്യുതി. കേരളം കടുത്ത ഊര്‍ജപ്രതിസന്ധിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് നാലായിരത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കംകുറിച്ചിരുന്നു. ഒറീസയില്‍ ആയിരം മെഗാവാട്ട് വൈദ്യുതിക്കാവശ്യമായ കല്‍ക്കരിപ്പാടം നേടിയെടുക്കാനും ഖനത്തിനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കാനും നമുക്ക് കഴിഞ്ഞു. ബ്രഹ്മപുരത്തും ചീമേനിയിലും ആയിരം മെഗാവാട്ടിന്റെ താപനിലയങ്ങള്‍ക്ക് രൂപംകൊടുത്തു. ഡിപിആര്‍ തയ്യാറാക്കി. ചെറുതും വലുതുമായ ഇരുപതോളം ജലവൈദ്യുത പദ്ധതികള്‍ തുടങ്ങി. ഊര്‍ജ ഉല്‍പ്പാദനത്തിന് അനര്‍ട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് അക്ഷയ ഊര്‍ജകമ്പനി രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കാറ്റില്‍നിന്ന് 33 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുകയും 300 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, പണിയാരംഭിച്ച പദ്ധതികള്‍പോലും മോണിറ്ററിങ് ഇല്ലാത്തതിനാല്‍ ഇന്ന് സ്തംഭനാവസ്ഥയിലാണ്. അക്ഷയ ഊര്‍ജകമ്പനി ഉപേക്ഷിക്കപ്പെട്ടു. ഒറീസയില്‍ ലഭ്യമായ കല്‍ക്കരിപ്പാടത്തുനിന്നുള്ള ഖന നടപടികളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കല്‍ക്കരിനിലയത്തിന്, കാസര്‍കോട്ട് ചീമേനിയില്‍ 1671 ഏക്കര്‍ ഭൂമി പ്ലാന്റേഷന്‍ കോര്‍പറേഷനില്‍നിന്ന് അനുവദിച്ചിരുന്നു. എന്നാല്‍, എമര്‍ജിങ് കേരളയുടെ മറവില്‍ ഈ ഭൂമി പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം. വാതകനിലയത്തിന് 50 ഏക്കറോളം ഭൂമി മാത്രമാണ് ആവശ്യം. വൈദ്യുതിബോര്‍ഡ് ബ്രഹ്മപുരത്ത് ലഭ്യമായ അമ്പതോളം ഏക്കര്‍ സ്ഥലത്ത് 1000 മെഗാവാട്ടിന്റെ ഡിപിആര്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ കുറഞ്ഞ ഭൂമിമാത്രം ആവശ്യമായ വാതകനിലയത്തിന് ചീമേനിയിലെ 1671 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള നീക്കത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണെന്ന് വ്യക്തം.

എമര്‍ജിങ് കേരളയില്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കിക്കഴിഞ്ഞ 14ഉം ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായ 22ഉം അടക്കം 57 ചെറുകിട ജലപദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതിബോര്‍ഡിന് ഏറ്റെടുത്തു നടത്തുന്നതിന് ഒരു തടസ്സവുമില്ലാത്ത പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ട ഒരു സാഹചര്യവും നിലവിലില്ല. കഴിഞ്ഞ യുഡിഎഫ് ഭരണം കൊണ്ടുവന്ന ജിമ്മിന്റെ ഭാഗമായി 13 പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറിയിരുന്നു. അതില്‍ ഒരു പദ്ധതിമാത്രമാണ് പൂര്‍ത്തിയായത്.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വാണിജ്യസംരംഭങ്ങള്‍, സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് എമര്‍ജിങ് കേരളയിലെ പദ്ധതികള്‍. വിദ്യാഭ്യാസ ആരോഗ്യമേഖലകളുടെ കച്ചവടവല്‍ക്കരണമടക്കമുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ കേരളം നേരിടുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വളര്‍ന്നുവരുന്നത്. ഉല്‍പ്പാദന കേന്ദ്രീകൃതമായ വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, ഈ ദിശയല്ല എമര്‍ജിങ് കേരള ലക്ഷ്യമിടുന്നത്. മാനുഫാക്ചറിങ് മേഖലയിലെ ഏക പ്രധാന പദ്ധതിയായ പെട്രോകെമിക്കല്‍ ഹബ് കൊച്ചിയിലെ ജനവാസകേന്ദ്രത്തില്‍ പതിനായിരത്തോളം ഏക്കര്‍ ഭൂമി ആവശ്യമുള്ളതും കുടിയിറക്ക് വേണ്ടിവരുന്നതുമാണ്. ഇത്തരമൊരു പദ്ധതി പ്രായോഗികമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണോ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

തോട്ടഭൂമിയില്‍ അഞ്ചുശതമാനം കാര്‍ഷികേതര ആവശ്യത്തിന് അനുവദിക്കുന്നതിനുള്ള തീരുമാനം, നെല്ലിയാമ്പതി വനമേഖല റിസോര്‍ട്ട് നിര്‍മാണത്തിന് നല്‍കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്, ചീമേനിപദ്ധതി ലക്ഷ്യമിട്ട 1671 ഏക്കര്‍ പദ്ധതിയുടെ ഭാഗമാക്കിയത് എന്നിങ്ങനെ സര്‍ക്കാര്‍ഭൂമി റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഉദാഹരണങ്ങള്‍ അനവധിയാണ്. നെല്ലിയാമ്പതി, വാഗമണ്‍, കക്കയം തുടങ്ങിയ വനമേഖലകളെല്ലാം പദ്ധതിയുടെ ഭാഗമായി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശനിയമം, വനസംരക്ഷണനിയമം തുടങ്ങിയവയൊക്കെ മറികടന്നുകൊണ്ട് പദ്ധതികള്‍ അനുവദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പൊതുമേഖലാവ്യവസായങ്ങള്‍ ഉപേക്ഷിക്കുന്ന സമീപനമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. ടൂറിസം അടക്കമുള്ള മേഖലകളില്‍ റെസ്പോണ്‍സിബിലിറ്റി ടൂറിസം, മുസിരിസ് പൈതൃകനഗരം, തലശേരി പൈതൃകനഗരം എന്നിങ്ങനെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞു. എന്നാല്‍, ഇത്തരം മാതൃകകള്‍ ഇല്ലാതാകുകയും ബാങ്കോക്ക്, തായ്ലന്‍ഡ് മാതൃകകള്‍ പകരംവയ്ക്കുകയും ചെയ്യുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. കേരളം ഉയര്‍ത്തിപ്പിടിച്ച ബദല്‍ വികസനമാതൃക തകര്‍ക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പരിസ്ഥിതിനാശവും റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമുള്ള പദ്ധതികള്‍ ഉപേക്ഷിക്കണം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തില്‍ സമഗ്രമായ മാറ്റം വരുത്തി കേരളത്തിന്റെ സ്ഥായിയായ വികസനത്തിനുതകുന്ന നിലയില്‍ ഉല്‍പ്പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുംവിധത്തില്‍ എമര്‍ജിങ് കേരള പദ്ധതികളെ മാറ്റണമെന്ന് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ കൊട്ടിഘോഷിക്കപ്പെട്ട "ജിമ്മി"ന്റെ അവസ്ഥ "എമര്‍ജിങ് കേരള"യ്ക്കും ഉണ്ടാകും.

ജിമ്മിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ വെള്ളം ഒരു വിദേശ സ്വകാര്യകമ്പനിക്ക് വില്‍ക്കാന്‍ നടപടി സ്വീകരിച്ചപ്പോഴാണ് പാലക്കാട്ടെ ജനത അപകടം തിരിച്ചറിഞ്ഞത്. ഇതിനെതിരെ പാലക്കാട്ട് നടന്ന മനുഷ്യച്ചങ്ങലയില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ അണിചേര്‍ന്നു. ജിമ്മിന്റെ അപകടം കേരളം അറിഞ്ഞത് ഈ പ്രതിഷേധത്തിലൂടെയാണ്. ഭൂപരിഷ്കരണത്തിനും എപ്പോഴും കോടാലിവച്ചവരാണ് യുഡിഎഫ്. മിച്ചഭൂമി ഇല്ലാതാക്കുന്നതിനും ഭൂപ്രമാണിമാര്‍ക്ക് നിയമപരിധിക്ക് അപ്പുറമുള്ള ഭൂമി അനധികൃതമായി സ്വന്തമാക്കാനും എമര്‍ജിങ് കേരളയിലൂടെ എല്ലാ വഴികളും തുറന്നുകഴിഞ്ഞു. ഈ പഴുത് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഉപയോഗപ്പെടുത്താന്‍ വളരെ സമര്‍ഥമായിട്ടാണ് കേരള സര്‍ക്കാര്‍, പ്രത്യേകിച്ച് വ്യവസായവകുപ്പ് കരുനീക്കം നടത്തുന്നത്. മലമ്പുഴയിലെ അപകടം ജിമ്മിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതുപോലെ കേരള ജനത ഇതും തിരിച്ചറിയും.

*
എ കെ ബാലന്‍ ദേശാഭിമാനി 06 സെപ്തംബര്‍ 2012

Thursday, September 6, 2012

അപ്പോള്‍ നമുക്ക് എമര്‍ജിംഗ് കേരള വേണ്ടേ?

കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളെയും കൂടി അപകടപ്പെടുത്തുന്ന, പ്ലാന്റേഷനുകളുടെ അഞ്ച് ശതമാനം ഭൂമി ടൂറിസത്തിന് വേണ്ടി വകമാറ്റാന്‍ അനുവദിക്കുന്ന,  പാട്ടക്കരാറുകള്‍ ലംഘിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുന്ന സ്ഥലത്ത് ടൂറിസ്റ്റ് ലോഡ്ജുകള്‍ പണിയാന്‍ പ്ലാനിടുന്ന, ഈ കൊച്ചു കേരളത്തില്‍ നാലാമത്തെയും അഞ്ചാമത്തെയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക്‌വേണ്ടി നെല്‍വയലുകള്‍ നികത്തുന്ന, ചില വികസന പദ്ധതികളെപ്പറ്റി ആശങ്ക അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം, 'അപ്പോള്‍ നമുക്ക് എമര്‍ജിംഗ് കേരള വേണ്ടേ? കേരളത്തിന് വികസനം വേണ്ടേ?' എന്നായിരുന്നു. ദോഷം പറയരുതല്ലോ. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കും എന്ന് അദ്ദേഹം ഉറപ്പുതന്നിട്ടുണ്ട്. പക്ഷേ, എമര്‍ജിംഗ് കേരളയില്‍ നിന്ന് പിന്നോട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പണ്ടാരാണ്ട് പറഞ്ഞതുപോലെ, 'വിഷമിക്കേണ്ട, നിങ്ങളെ തൂക്കിക്കൊല്ലുന്നതിനു മുന്‍പ് ഒരു നീതിയുക്തമായ വിചാരണ നടത്തിയിരിക്കും' എന്ന മട്ടിലാണ് ഇത്. സാധാരണഗതിയില്‍ നാം കരുതുക പാരിസ്ഥിതിക ആഘാതങ്ങള്‍ വിലയിരുത്തി സ്വീകാര്യമെന്ന് തോന്നുന്ന പദ്ധതികള്‍ക്ക് വേണ്ടിയായിരിക്കും നിക്ഷേപകരെ ക്ഷണിക്കുക എന്നാണല്ലോ. അല്ലെങ്കില്‍, അവരെ ലാഭകരമായ നിക്ഷേപാവസരങ്ങള്‍ കാട്ടി കൊതിപ്പിച്ചു കുറേ പണവും മുടക്കിച്ച ശേഷം 'സോറി, ഈ പദ്ധതി ഒരു സെന്റു നെല്‍പാടം പോലും നികത്താന്‍ അനുവദിക്കില്ല എന്ന ഞങ്ങളുടെ നയത്തിന് വിരുദ്ധമാണ്,' അല്ലെങ്കില്‍, 'വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി കൊടുക്കില്ല എന്ന നയത്തിന്  വിരുദ്ധമാണ്,' അല്ലെങ്കില്‍, 'തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനു ഞങ്ങള്‍ എതിരാണ്, സോറി, ഈ പദ്ധതി അനുവദിക്കാനാവില്ല' എന്നൊക്കെ പറയേണ്ടിവരില്ലേ? ഇത് തന്നെയല്ലേ കഴിഞ്ഞ തവണ ജിമ്മിലും പറ്റിയത്? കടലില്‍ നിന്ന് മണല്‍ വാരാനുള്ള പദ്ധതി, വേണ്ടത്ര മുന്‍വിചാരമോ പഠനങ്ങളോ കൂടാതെ കൊട്ടിഘോഷിച്ചു അവതരിപ്പിച്ച ശേഷം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വേണ്ടെന്നു വയ്‌ക്കേണ്ടിവന്നില്ലേ? ഇത്തരം മേളകളില്‍ പങ്കെടുക്കുന്ന നിക്ഷേപകര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ആണെങ്കില്‍, 'ശരി, ഇതെപ്പറ്റി പഠിച്ചിട്ട് നോക്കാം' എന്ന് പറയാം. പക്ഷേ, സര്‍ക്കാര്‍ സ്വയം മുന്നോട്ടു വയ്ക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസന മുന്‍ഗണനകള്‍ അനുസരിച്ചുള്ളവയും, നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയവും ആകണ്ടേ? അല്ലാതെ, ആകസ്മികമായി മനസ്സില്‍ തോന്നിയ കുറേ പദ്ധതിരൂപരേഖകള്‍ ആണോ നിക്ഷേപകരുടെ  മുന്‍പില്‍ അവതരിപ്പിക്കേണ്ടത്? അതോ, എതിര്‍പ്പുകളെ മറികടന്നു കുന്നുകളിടിച്ചുനിരത്തി നെല്‍വയല്‍ നികത്തിയും തണ്ണീര്‍ത്തടം തൂര്‍ത്തും കായലോരം പതിച്ചുകൊടുത്തും പൊതുസ്ഥലങ്ങള്‍ ചുളുവിലയ്ക്ക് കൈമാറിയും വനം വാടകയ്ക്ക് കൊടുത്തും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തന്നെയാണോ തീരുമാനം? നിക്ഷേപകര്‍ വന്നു കുറേ പണം മുടക്കിക്കഴിഞ്ഞാല്‍, പിന്നെ എതിര്‍പ്പുകള്‍ അവര്‍ കൈകാര്യം ചെയ്തുകൊള്ളും എന്നും മനസ്സിലിരിപ്പുണ്ടോ ആവോ! എങ്കില്‍ സംഘര്‍ഷങ്ങളുടെ നാളുകളാണ് മുന്നില്‍ എന്ന് പറയേണ്ടിവരും. 

എമര്‍ജിംഗ് കേരളയില്‍ വന്നിട്ടുള്ള നിര്‍ദേശങ്ങളില്‍ പലതും വെറും റിയല്‍ എസ്‌റ്റേറ്റ് വികസനം എന്ന വകുപ്പില്‍പെട്ടവയാണ്. എഡ്യൂഹെല്‍ത്ത്  സിറ്റി, സെന്റര്‍ ഓഫ് എക്‌സെലെന്‍സ്, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ എന്നിങ്ങനെ പല ഓമനപേരുകളിലും പ്രത്യക്ഷപ്പെടുന്ന നിര്‍ദേശങ്ങള്‍ അന്തിമ വിശകലനത്തില്‍ നമ്മുടെ സ്വാശ്രയ കോളജുകളുടെയും പഞ്ചനക്ഷത്ര ആശുപത്രികളുടെയും വേറൊരു പതിപ്പ് മാത്രമാണ്. ഇതൊക്കെയാണോ നമുക്ക് ഇനിയും വേണ്ടത്? ഇപ്പോള്‍ തന്നെ ഇവിടെ 'സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളില്‍ ആളില്ലാതെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു, അതുകൊണ്ട് മിനിമം യോഗ്യതയില്‍ ഇളവുകൊടുക്കണം' എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു. അപ്പോഴാണ് ഇനിയുമൊരു ഇന്‍സ്റ്റിട്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിക്കുള്ള നിര്‍ദേശം! ഒരുപാട് നിര്‍ദേശങ്ങള്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ്. പലതരം വ്യവസായങ്ങളുടെ പേര് പറഞ്ഞ് സ്ഥലം കൈക്കലാക്കി കെട്ടിടം കെട്ടി വാടകയ്ക്ക് കൊടുക്കലാണ്  ലക്ഷ്യം എന്ന് വ്യക്തം. ഇത് കണ്ടാല്‍ തോന്നും കേരളത്തില്‍ വ്യവസായം വരാത്തത് തക്കതായ കെട്ടിടങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് എന്ന്! വ്യവസായം വന്നാലും ഇല്ലെങ്കിലും സ്ഥലവും കെട്ടിടവും കൈയിലിരിക്കുമല്ലോ എന്നായിരിക്കും ചിന്ത. പൊതുസ്വകാര്യകൂട്ടായ്മ (പി പി പി) എന്ന പേരില്‍ പൊതു സ്വത്ത് സ്വകാര്യവത്കരിക്കാനുള്ള അജണ്ട ഇതിന്നുപിന്നില്‍ ആരോപിച്ചാല്‍ കുറ്റം പറയാനാവില്ല. അല്ലെങ്കിലും കെട്ടിടം പണിയെ അമിതമായി ആശ്രയിക്കുന്ന വികസനക്കുമിളയുടെ അപകടം മറ്റു രാജ്യങ്ങളുടെ അനുഭവം കണ്ടിട്ടും നാം പഠിക്കാന്‍ തയാറില്ലേ? അമേരിക്കയിലെ പ്രതിസന്ധി പോകട്ടെ, നമ്മുടെ വികസനവാദികള്‍ക്ക്  സുപരിചിതമായ ദുബായിയില്‍ പോലും ഓരോ തെരുവിലും ഒന്നും രണ്ടും കെട്ടിടങ്ങള്‍ പാതി പണിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ദീര്‍ഘകാലമായി കിടക്കുന്നത് അവര്‍ കണ്ടുകാണുമല്ലോ. നിര്‍മ്മാണക്കുമിള പൊട്ടാന്‍ അധിക സമയമൊന്നും വേണ്ട. സ്വകാര്യ വ്യക്തികള്‍ അതിലൊക്കെ മുതല്‍ മുടക്കുന്നെങ്കില്‍ അതവരുടെ കാര്യം. പക്ഷേ, സര്‍ക്കാര്‍ അതിനെയാണോ പ്രോത്സാഹിപ്പിക്കേണ്ടത്? പി പി പി യുടെ പേരില്‍ അതില്‍ പൊതുപണം മുടക്കാമോ? അവയിലൂടെ ഉണ്ടാകുന്ന താത്കാലിക തൊഴിലവസരങ്ങള്‍ പോലും മലയാളികള്‍ക്കല്ല പരദേശി തൊഴിലാളികള്‍ക്കാണ് കൂടുതലും കിട്ടുന്നത് എന്നും നാം കാണുന്നുണ്ട്. നമുക്ക്  മിച്ചം നമ്മുടെ വയലും മണലും കല്ലും നഷ്ടപ്പെടുന്നു എന്നത് മാത്രം.  ആര്‍ക്കുവേണ്ടിയാണ് ഇത്തരം വികസനം?

ഗതാഗതം, ഊര്‍ജം മുതലായ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില പദ്ധതി നിര്‍ദേശങ്ങള്‍ എമര്‍ജിംഗ് കേരളയിലുണ്ട് എന്നത് സന്തോഷകരമാണ്. വാതക വിതരണ ശൃംഖല, ചെറുകിട ജലവൈദ്യുത പദ്ധതികള്‍, കാറ്റാടിപ്പാടങ്ങള്‍ എന്നിവ കണ്ടു. പക്ഷേ, സൗരോര്‍ജ നിലയങ്ങള്‍ കണ്ടില്ല. ഏറെ ആഘോഷിക്കപ്പെടുന്ന അതിവേഗ റെയില്‍ പാതയും അക്കൂട്ടത്തിലുണ്ട്. അതാണോ ഗതാഗത വികസനത്തില്‍ നമ്മുടെ അടിയന്തിര ആവശ്യം? നിലവിലുള്ള റെയില്‍ പാതകളുടെ സാധ്യത പരമാവധി മുതലാക്കിയാല്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ടും കോഴിക്കോട്ടേയ്ക്ക് ആറു മണിക്കൂര്‍ കൊണ്ടും തീവണ്ടികള്‍ക്ക്  എത്താന്‍ കഴിയും. രണ്ടുവരിപ്പാത നാലുവരി ആക്കിയാല്‍ ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ഒപ്പത്തിനൊപ്പം സഞ്ചരിക്കാനും കഴിയും. (അപ്പോള്‍ ദീര്‍ഘദൂര വണ്ടികളുടെ സ്‌റ്റോപ്പുകള്‍ കുറയ്ക്കാനും കഴിയും.) അങ്ങനെയൊക്കെയല്ലേ എല്ലാ നാടുകളിലും ഗതാഗത വികസനം നടക്കുന്നത്? അല്ലാതെ, ഇരിക്കും മുമ്പ് കാല്‍ നീട്ടണോ? അതുപോലെ മോണോറെയില്‍ എന്നൊക്കെ കേട്ടാല്‍ കോള്‍മയിര്‍കൊള്ളുന്ന പദ്ധതികള്‍ എത്ര ലാഘവത്തോടെയാണ് നാം എടുത്ത് പന്താടുന്നത്! 'കൊച്ചിക്ക് ഒന്നുണ്ടെങ്കില്‍ തിരുവനന്തപുരത്തിനും വേണം ഒന്ന്. പിന്നെ കോഴിക്കോട് പിന്നിലാകാമോ?' എന്നിങ്ങനെയുള്ള ചിന്തയല്ലാതെ, ഈ നഗരങ്ങളില്‍ ഏതിലെങ്കിലും ഇത്തരം ഒരു പദ്ധതി നീതീകരിക്കാന്‍ വേണ്ട ജനസംഖ്യയോ ഗതാഗതരീതിയോ, സര്‍വോപരി ഈ ചെലവ് താങ്ങാന്‍ തയാറുള്ള യാത്രക്കാരോ ഉണ്ടോ, എന്നെങ്കിലും ഉണ്ടാകുമോ എന്നുള്ള പഠനം ആരെങ്കിലും നടത്തിയോ? അതൊന്നുമില്ലാതെ, 'ഇരിക്കട്ടെ ഒരു മെഗാ പദ്ധതി' എന്ന ലാഘവബുദ്ധിയോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്? ഇവയിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കണമെങ്കില്‍ അവര്‍ക്ക്  തക്കതായ ലാഭം ഉറപ്പ് കൊടുക്കുന്ന സര്‍ക്കാര്‍ ഗാരന്റികള്‍ വേണ്ടിവരും. അതിന്റെയര്‍ഥം 'ഭാരം പൊതുജനത്തിനും ലാഭം അവര്‍ക്കും' എന്നായിരിക്കും. അതാണോ വികസനം? ആരുടെ വികസനം?       

എമര്‍ജിംഗ് കേരളയുടെ പദ്ധതി നിര്‍ദേശങ്ങള്‍ മുഴുവന്‍ പരതിയാലും അതില്‍ കേരളവികസനത്തെപ്പറ്റി ഒരു ദര്‍ശനം കാണാന്‍ കഴിയില്ല. ഒരുപക്ഷെ അത് കേവലം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ഒരു മേള എന്നേ ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. എങ്കിലും കേരളവികസനത്തിനുള്ള 'അവസാന ലാസ്റ്റ് ബസ് (!)' എന്നൊക്കെ കൊട്ടിഘോഷിക്കുമ്പോള്‍ അതില്‍ പൊക്കിപ്പിടിക്കുന്ന പദ്ധതികളിലൂടെ നമ്മുടെ വികസന സ്വപ്‌നങ്ങളാണല്ലോ അനാവൃതമാകേണ്ടത്. അങ്ങനെ നോക്കിയാല്‍ അതില്‍  മുഴച്ചുനില്‍ക്കുന്നത് കേരളത്തെ ഒരു വിനോദ സഞ്ചാര വിശ്രമ  ലക്ഷ്യസ്ഥാനം ആക്കുക എന്ന കാഴ്ചപ്പാടാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അതിനെ താങ്ങിനിര്‍ത്തും എന്ന് നാം പ്രതീക്ഷിക്കുന്നത് പ്രവാസികളുടെ പണവും. അത് വീതിച്ചെടുക്കാനുള്ള തത്രപ്പാടാണ് എങ്ങും. അതിന് പകരം, ഇവിടത്തെ തനതു വിഭവങ്ങള്‍ വികസിപ്പിക്കാനും അതിന്റെ തണലില്‍ ഒരു സുസ്ഥിര വികസനപാത തെളിയിക്കാനുമുള്ള ശ്രമങ്ങള്‍ അല്ലെ ഉണ്ടാകേണ്ടത്? നാളികേര ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, ടൈറ്റാനിയം സ്‌പോന്‍ജ് എന്നിങ്ങനെ ചില സൂചനകളല്ലാതെ വേറെ അധികമൊന്നും ഈ നിര്‍ദേശങ്ങളില്‍ കണ്ടില്ല. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം ഉണ്ട്. തരിശായിക്കിടന്ന ഒരു ലക്ഷത്തോളം ഏക്കര്‍ വയലുകളാണ് നമ്മുടെ കുടുംബശ്രീ സഹോദരിമാര്‍ നെല്‍കൃഷിയിലേക്ക്  തിരിച്ചുകൊണ്ടുവന്നത്. 'ഞങ്ങള്‍ക്ക് അധ്വാനിക്കാന്‍ ഭൂമി തരൂ' എന്ന മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് വന്‍കിട തോട്ടമുടമകള്‍ അനധികൃതമായി കൈയേറിയിരുന്ന പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള അവസരം തെളിഞ്ഞിരിക്കുന്നത്. ഭക്ഷ്യ സംസ്‌കരണത്തിലും ചെറുകിട ഉല്‍പാദനത്തിലുമായി പതിനായിരക്കണക്കിനു ലഘുസംരംഭങ്ങളാണ്  അടുത്ത കാലത്ത്  സ്വയംസഹായ സംഘങ്ങളിലൂടെ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിലൂടെയൊക്കെ ഇവിടെ തൊഴിലവസരം സൃഷ്ടിക്കാനുള്ള സാദ്ധ്യതകള്‍ കാണാതെ ഏതു എമര്‍ജിംഗ് കേരളയെക്കുറിച്ചാണ്  നാം ചര്‍ച്ച ചെയ്യുക?

*
ആര്‍ വി ജി മേനോന്‍  ജനയുഗം 03 സെപ്തംബര്‍ 2012

Tuesday, September 4, 2012

എവിടെ ജിം

അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്ന് കേരളത്തില്‍ പാലുംതേനും ഒഴുക്കുമെന്ന് പ്രഖ്യാപിച്ചാണ് 2003 ജനുവരിയില്‍ "ജിം" എന്നു പേരിട്ട ആഗോള നിക്ഷേപക സംഗമം നടന്നത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അഞ്ച് വര്‍ഷംകൊണ്ട് ഐടി രംഗത്ത് പത്തുലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് സംഗമത്തിന് ആന്റണി പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചത്. പ്രതിപക്ഷം സഹകരിച്ചു. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ജിമ്മിന്റെ ഉദ്ഘാടനവേദിയില്‍ ചെന്ന് ആശംസകള്‍ അറിയിച്ചു. 11159.45 കോടി രൂപയുടെ ധാരണാപത്രം സംഗമത്തില്‍തന്നെ ഒപ്പുവച്ചു. പ്രധാനസംഘാടകനായിരുന്ന വ്യവസായമന്ത്രി പി കെ കുഞ്ഞാലികുട്ടി അന്ന് പറഞ്ഞു; "ജിമ്മില്‍ ഉരുത്തിരിഞ്ഞു വരുന്ന പദ്ധതികള്‍ക്ക് പ്രശ്നലേശമെന്യേ അനുമതികള്‍ നല്‍കും. അവയ്ക്കു മാത്രമായി ആനുകൂല്യങ്ങളുടെ പ്രത്യേക പാക്കേജ് ഉണ്ടാക്കും.

ജിം കഴിഞ്ഞുള്ള ദിവസങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം." 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങിപോകുമ്പോള്‍ ജിമ്മിനെക്കുറിച്ച് ഒരക്ഷരം പറയാനുണ്ടായിരുന്നില്ല. അമ്പതിനായിരം കോടിയും 11159 കോടിയും എങ്ങും കണ്ടില്ല. എല്ലാം ഒരു തട്ടിപ്പായി അവസാനിച്ചു. ആകെ വന്നത് ഏതോ ചില സ്വര്‍ണക്കടകളും റിസോര്‍ട്ടുകളും. ധാരണാപത്രം ഒപ്പിട്ട സ്ഥാപനങ്ങളോ, പദ്ധതികളോ ഏതെന്നുപോലും പിന്നീട് ആരും ചര്‍ച്ചചെയ്തില്ല. ആന്റണിയെ പറഞ്ഞുവിട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോഴും നിക്ഷേപം വന്നില്ല. എന്നുമാത്രമല്ല യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ ജിമ്മിനുശേഷമുള്ള നാല് വര്‍ഷംകൊണ്ട് വ്യവസായമേഖലയിലെ നിക്ഷേപത്തില്‍ 700 കോടിയോളം രൂപയുടെ കുറവാണുണ്ടായതെന്ന് വ്യവസായമന്ത്രിക്ക് നിയമസഭയില്‍ സമ്മതിക്കേണ്ടിവരികയുംചെയ്തു.

ഖജനാവില്‍നിന്ന് 15 കോടി രൂപ ചെലവിട്ട് നടത്തിയ ജിം വ്യാമോഹവ്യവസായം മാത്രമായി അധഃപതിച്ചു. വികസനത്തിന്റെ ലാസ്റ്റ് ബസ് ജിമ്മിനോടൊപ്പം പോയി. 2003ലെ ജിം നടക്കുമ്പോള്‍ ഇടതുപക്ഷം അതിനെ കണ്ണുമടച്ച് എതിര്‍ക്കുകയല്ല ഉണ്ടായത്. അന്ന്, ജിമ്മിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എഴുതിയത്, ""മണലും വെള്ളവുമടക്കം വില്‍പ്പനച്ചരക്കാക്കുക എന്നതിനര്‍ഥം വിത്തെടുത്ത് കുത്തുക എന്നുതന്നെയാണ്. ഒരു പിടിപ്പുകെട്ട ഗവണ്‍മെന്റിന് നിവര്‍ന്നുനില്‍ക്കാന്‍ നാടിന്റെ പ്രകൃതിവിഭവങ്ങള്‍ വിറ്റുതുലയ്ക്കുന്നത് നാടിനെ സ്നേഹിക്കുന്ന ആര്‍ക്കും കണ്ടുനില്‍ക്കാനാവില്ല"" എന്നാണ്. അക്ഷരാര്‍ഥത്തില്‍, കേരളത്തെ വിറ്റു കാശാക്കുകയായിരുന്നു ആ നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യമെന്ന് പിന്നീടുള്ള അനുഭവത്തില്‍ തെളിഞ്ഞു. ഇന്നിപ്പോള്‍, എമര്‍ജിങ് കേരള എന്ന പുതിയ അഭ്യാസവുമായി യുഡിഎഫ് സര്‍ക്കാര്‍ എത്തുമ്പോള്‍ പഴയ ജിമ്മിന്റെ ഓര്‍മകള്‍തന്നെയാണ് തിരിച്ചുവരേണ്ടത്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് വ്യക്തമാകുന്ന നിരവധി സൂചനകള്‍ വന്നുകഴിഞ്ഞു. 50,000 ഏക്കര്‍ നെല്‍വയല്‍ നികത്തിയതിന് ഒറ്റ ഉത്തരവിലൂടെ അംഗീകാരം കൊടുത്ത് പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള സമീപനം തെളിയിച്ചവരാണ് യുഡിഎഫ്. ഇപ്പോള്‍ എമര്‍ജിങ് കേരളയല്ല, "എമര്‍ജിങ് മാഫിയ" ആണെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനാണ്; പ്രകൃതിയെ കൊള്ളയടിക്കലാണ് ലക്ഷ്യമെന്ന് അലമുറയിടുന്നത് യുഡിഎഫ് എംഎല്‍എമാരാണ്. പുതിയ മാമാങ്കത്തിനൊരുങ്ങുന്നവരുടെ ഉദ്ദേശ്യം മനസിലാക്കാന്‍ അവര്‍ ഇതുവരെ എന്ത് ചെയ്തു എന്ന് പരിശോധിക്കണം. വ്യവസായങ്ങള്‍, അത് പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും കടുത്ത പ്രതിസന്ധിയാണിന്ന് നേരിടുന്നത്. ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്തെ 44 പൊതുമേഖലാ സ്ഥാപനത്തില്‍ 24ഉം നഷ്ടത്തിലായി. എല്‍ഡിഎഫ് അധികാരം വിടുമ്പോള്‍ 32 സ്ഥാപനം ലാഭത്തിലായിരുന്നു. പൊതുമേഖലയെ രക്ഷപ്പെടുത്താനല്ല, അതിന്റെ ഭൂമി വിറ്റ് കാശ് മാറാനാണ് "എമര്‍ജിങ് കേരള" ലക്ഷ്യമിടുന്നത്. പൊതുസ്ഥലം സ്വകാര്യനിക്ഷേപകര്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെയാണ്, ആറ് യുഡിഎഫ് എംഎല്‍എമാര്‍ രംഗത്തിറങ്ങിയത്. ഭൂമി ഇടപാട് സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പാക്കണമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിനാക്കണമെന്നും അവര്‍ പറയുന്നു. ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് നടക്കാതപോയ കരിമണല്‍ ഖനം എമര്‍ജിങ് കേരളയില്‍ തിരിച്ചുവരുന്നു എന്നാണ് വി എം സുധീരന്‍ ഉയര്‍ത്തുന്ന ആക്ഷേപം. എമര്‍ജിങ് കേരളയെ മുസ്ലിംലീഗ് ഹൈജാക്ക് ചെയ്തെന്ന് കേരള കോണ്‍ഗ്രസ് മാണിവിഭാഗം പരാതിപ്പെടുന്നു. ചുരുക്കത്തില്‍ യുഡിഎഫിന് ഉറപ്പില്ല എന്താണ് നടക്കാന്‍ പോകുന്നതെന്ന്. വലിയ കൊള്ളയാണ് എമര്‍ജിങ് കേരള ലക്ഷ്യമിടുന്നതെന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ല.

മൂലധനിക്ഷേപം വരുന്നതിനെയും തൊഴില്‍ദായക സംരംഭങ്ങളുണ്ടാകുന്നതിനെയും എല്ലാവരും സ്വാഗതംചെയ്യുന്നു. എന്നാല്‍, ഈ പദ്ധതികള്‍ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് ഗുണകരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യുഡിഎഫ് ഭരണത്തിന് കഴിഞ്ഞിട്ടില്ല. ഭൂപരിഷ്കരണം അട്ടിമറിക്കാനും പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനും ഭൂമാഫിയക്ക് സര്‍ക്കാര്‍ഭൂമി ദാനംചെയ്യാനുമുള്ള നീക്കങ്ങള്‍ പ്രകടമാണ്. എമര്‍ജിങ് കേരളയുടെ പേരില്‍ വാചകമടിക്കുന്ന യുഡിഎഫ് നേതൃത്വം ആദ്യം ജിമ്മിന്റെ അനുഭവം ജനങ്ങളോട് വിശദീകരിക്കണം.

നാടിനെയും ജനങ്ങളെയും പരിസ്ഥിതിയെയും ബലികൊടുത്തുകൊണ്ടുള്ള പദ്ധതികള്‍ക്കാണ് പരവതാനി വിരിക്കുന്നത് എന്നതടക്കം നിലവില്‍ ഉയര്‍ന്ന സംശയങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കുകയുംവേണം. ഏതാനും വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ കേരളത്തെ വിറ്റ് പണപ്പെട്ടികള്‍ നിറയ്ക്കാനുള്ള പരിപാടികളുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍, ആ പോക്ക് സ്വന്തം വിനാശത്തിലേക്കാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് യുഡിഎഫ് നേതൃത്വത്തില്‍നിന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നത്. നാടിനെ വിറ്റുതുലയ്ക്കുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കാനുള്ള മാനസികാവസ്ഥയല്ല കേരളത്തിന്റേത് എന്ന് അത്തരക്കാര്‍ മനസിലാക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 04 സെപ്തംബര്‍ 2012