Friday, September 14, 2012

അലുവാലിയയുടെ ഉപദേശം

ഉചിതമായ വേദിതന്നെയാണ് കേരളത്തില്‍ നെല്‍ക്കൃഷി വേണ്ട എന്ന് പ്രഖ്യാപിക്കാന്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ തെരഞ്ഞെടുത്തത്. "എമര്‍ജിങ് കേരള"യുടെ വേദി. അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുംകൂടി നികത്തി കേരളത്തിന്റെ ഭൂമി വിറ്റുതുലയ്ക്കാനുള്ള സുവര്‍ണാവസരമായി "എമര്‍ജിങ് കേരള"യെ കാണുകയും ആ വഴിക്കുള്ള നീക്കങ്ങള്‍ മുന്‍കൂറായിത്തന്നെ തുടങ്ങിവയ്ക്കുകയുംചെയ്ത സംഘാടകര്‍ക്ക്- യുഡിഎഫ് മന്ത്രിസഭയ്ക്ക്- അലുവാലിയയുടെ വാക്കുകള്‍ കാതിന് കുളിര്‍മപകരുന്ന ഒന്നായി അനുഭവപ്പെട്ടിരിക്കണം. ആഗോളവല്‍ക്കരണത്തിന്റെ നയപ്രയോക്താക്കള്‍ എങ്ങനെ ഒരേവിധം പലയിടത്തിരുന്ന് ചിന്തിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് യുഡിഎഫിന്റെ നീക്കവും അലുവാലിയയുടെ വാക്കും തമ്മിലുള്ള പൊരുത്തം!

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം, ഭൂപരിഷ്കരണനിയമം, ഭൂവിനിയോഗനിയമം, ഭൂപരിധിനിയമം തുടങ്ങിയവയൊക്കെ മറികടന്നുകൊണ്ടാണ് "എമര്‍ജിങ് കേരള"യുടെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ കണ്ണായ ഭൂമി വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. ഇതില്‍ വലിയൊരു ഭാഗം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമാണ്. ഇതിനെതിരെ കേരളത്തിലാകെ രോഷമുയരുന്ന ഘട്ടത്തിലാണ് അലുവാലിയയുടെ ആശ്വാസവചനം. ആസൂത്രണകമീഷന്‍ പറഞ്ഞിട്ടാണെന്ന വിശദീകരണത്തോടെ ഇവര്‍ക്കിനി അവശേഷിക്കുന്ന നെല്‍വയലുകള്‍കൂടി നികത്താം. എന്നാല്‍, ആസൂത്രണകമീഷന്‍ പറയുന്നത് കേട്ടുനടന്നാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഒരുദാഹരണം നമുക്ക് അനുഭവപാഠമായുണ്ട്. സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ ആസൂത്രണകമീഷന്‍ കേരളത്തോട് പറഞ്ഞത് നെല്‍ക്കൃഷി കൈയൊഴിഞ്ഞ് സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനത്തില്‍ കേന്ദ്രീകരിക്കാനാണ്. നെല്‍ക്കൃഷിയെ കൈവിടുന്നതുകൊണ്ട് ഭക്ഷ്യധാന്യത്തില്‍ വരുന്ന കമ്മി തങ്ങള്‍ കേന്ദ്രസംഭരണിയില്‍നിന്ന് നികത്തിത്തന്നുകൊള്ളാമെന്നും കേന്ദ്രം പറഞ്ഞു. കേരളം കുറെയൊക്കെ ഇത് ചെയ്തു. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനം കൂടി. അതിന്റെ കയറ്റുമതിയിലൂടെ രാജ്യത്തിന്റെ വിദേശനാണ്യശേഖരം കൂടുതല്‍ കനത്തു. എന്നാല്‍, അതേസമയം, കേരളത്തിന് അരി തരാനുള്ള ചുമതലയില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങുകയും ചെയ്തു. 1,75,000 ടണ്‍ എന്ന പ്രതിമാസ വിഹിതം 25,000 ടണ്‍ ആയിവരെ ചുരുങ്ങി. കേരളം വിഷമത്തിലായി. ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുമ്പോള്‍ ഈ അനുഭവപാഠം കേരളം മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയും യുഡിഎഫ് സര്‍ക്കാരുമാകട്ടെ നിലംനികത്തലിനെയാകെ സാധൂകരിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്ന് നോക്കിനടക്കുകയാണ്. അപ്പോഴാണ് അലുവാലിയയുടെ ഉപദേശം! 2005 വരെയുള്ള സകല നിലംനികത്തലിനെയും സാധൂകരിക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനമെടുത്തത് 2012 ഫെബ്രുവരി ഏഴിനാണ്. മറ്റു മന്ത്രിസഭാ തീരുമാനങ്ങളെല്ലാം പതിവു ബ്രീഫിങ്ങില്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള മന്തിസഭായോഗതീരുമാനം രഹസ്യമാക്കിത്തന്നെ സൂക്ഷിച്ചു. "എമര്‍ജിങ് കേരള"യ്ക്ക് അരങ്ങൊരുക്കുന്നതിന്റെ ഭാഗമായിരുന്നു ഈ രഹസ്യനടപടി. തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ 50,000 ഏക്കര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന പദ്ധതി നിര്‍ദേശങ്ങള്‍ എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ വന്നപ്പോള്‍ മന്ത്രിസഭായോഗതീരുമാനത്തിന്റെയും അത് രഹസ്യമായി സൂക്ഷിച്ചതിന്റെയും താല്‍പ്പര്യങ്ങള്‍ കൂടുതല്‍ വെളിവായി. പെട്രോകെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജണില്‍ 24,710 ഏക്കര്‍, കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണിന് എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി 12,844 ഏക്കര്‍. വ്യാപകമായി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താതെ ഇത്രയും ഭൂമി ഏറ്റെടുക്കാനാകില്ല. വാഗമണ്‍, മൂന്നാര്‍, നെല്ലിയാമ്പതി, പീരുമേട്, കാരാപ്പുഴ, പെരുവണ്ണാമൂഴി, കക്കയം, വര്‍ക്കല, വെള്ളായണി, ധര്‍മടം, മുഴുപ്പിലങ്ങാട്, ബേക്കല്‍, ഇലവീഴാപ്പൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലേക്കായി പ്രഖ്യാപിച്ച പദ്ധതികളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ക്കോ വനപ്രദേശങ്ങള്‍ക്കോ വയലുകള്‍ക്കോ തണ്ണീര്‍ത്തടങ്ങള്‍ക്കോ ആഘാതമേല്‍പ്പിച്ചുകൊണ്ടല്ലാതെ നടത്താനാകാത്തവയാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍, അവശേഷിക്കുന്ന നെല്‍വയലുകളുടെ കഥകഴിച്ച് ഭൂമി വിറ്റ് കാശാക്കുക എന്നതാണ് എമര്‍ജിങ് കേരളയ്ക്കു പിന്നിലുള്ള ലക്ഷ്യം. അത് സാധിക്കാന്‍ ചൂട്ടുപിടിക്കുകയാണ് അലുവാലിയ ചെയ്യുന്നത്.

വിവേചനരഹിതമായ നിലംനികത്തലിന് സാധൂകരണമില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസ്ഥചെയ്തിരുന്നു. നെല്‍വയലേത്, തരിശുഭൂമിയേത്, കരഭൂമിയേത്, ചതുപ്പുനിലമേത് എന്നൊക്കെ വ്യക്തമാക്കുന്ന വിധത്തില്‍ ഭൂമിയുടെ ഡാറ്റാബാങ്ക് തയ്യാറാക്കണമെന്നും കൃഷിയോഗ്യമല്ലാത്ത ഭൂമി നികത്തിയതിനെ മാത്രമേ അംഗീകരിക്കാവൂ എന്നും സര്‍ക്കാരിന്റെ പൊതു ആവശ്യത്തിനുവേണ്ടിയുള്ള നിലംനികത്തലാണെങ്കില്‍പ്പോലും നിയമത്തില്‍നിന്ന് ഒഴിവുകൊടുക്കണമെങ്കില്‍ അത് സംസ്ഥാനതലത്തിലുള്ള ഉന്നതാധികാരസമിതിയുടെ അനുമതിയോടെയേ പാടുള്ളൂവെന്നും വ്യവസ്ഥചെയ്തിരുന്നു. അതിനെയാകെ അട്ടിമറിച്ചിരിക്കയാണ് യുഡിഎഫ് സര്‍ക്കാര്‍. സിങ്കിള്‍ വിന്‍ഡോ സംവിധാനത്തിലേക്ക് നിലംനികത്തലിനെക്കൂടി കൊണ്ടുവന്ന് ഉന്നതാധികാരസമിതിയെയും നടപടിക്രമങ്ങളെയും സര്‍ക്കാര്‍ മറികടന്നു.

ഈ നിയമവിരുദ്ധ പ്രവൃത്തികള്‍ക്കൊക്കെ ന്യായീകരണം നല്‍കുന്നവിധത്തിലാണ് ഇപ്പോള്‍ അലുവാലിയ ഇടപെടുന്നത്. കേരളത്തിന്റെ പ്രത്യേകതകളോ കാര്‍ഷിക സംസ്കൃതിയോ ഭക്ഷ്യക്രമങ്ങളോ ഒന്നും അറിയുന്നയാളല്ല അലുവാലിയ. ചാരുകസേരാ ഉപദേഷ്ടാക്കള്‍ എന്ന് ഒരു കേന്ദ്രമന്ത്രിതന്നെ വിളിച്ചത് അലുവാലിയയെയും കൂട്ടരെയുമാണ്. കേരളത്തെ അറിയാതെ, ഇവിടത്തെ പ്രശ്നങ്ങള്‍ പഠിക്കാതെ അവസാനവാക്കുമായി അലുവാലിയ ഇറങ്ങിത്തിരിക്കരുത്. 1975ല്‍ ഉണ്ടായിരുന്നതിന്റെ 25 ശതമാനം വയലുകളേ ഇന്ന് കൃഷി നടക്കുന്നതായി അവശേഷിച്ചിട്ടുള്ളൂ എന്നതാണ് ഔദ്യോഗിക കണക്ക്. ആപല്‍ക്കരമായ അവസ്ഥയാണിത്. ലോകം ഭക്ഷ്യപ്രതിസന്ധിയിലേക്ക് പോവുകയാണെന്ന് ഐക്യരാഷ്ട്രസഭപോലും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഒരു കാലത്ത്, ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിഭൂമി കൈയടക്കി കൃഷിയിറക്കി ലാഭംകൊയ്യാന്‍ മൊണ്‍സാന്റോയെപ്പോലുള്ള ബഹുരാഷ്ട്ര അഗ്രി കോര്‍പറേറ്റുകള്‍ മത്സരിക്കുന്ന ഒരു കാലത്ത്, കേരളത്തില്‍ വന്ന് ഇനി ഇവിടെ നെല്‍ക്കൃഷി വേണ്ട എന്നു പറയണമെങ്കില്‍ ചെറിയതോതിലുള്ള മൗഢ്യമൊന്നും പോരാ.

*
ദേശാഭിമാനി മുഖപ്രസംഗം 14 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉചിതമായ വേദിതന്നെയാണ് കേരളത്തില്‍ നെല്‍ക്കൃഷി വേണ്ട എന്ന് പ്രഖ്യാപിക്കാന്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ തെരഞ്ഞെടുത്തത്. "എമര്‍ജിങ് കേരള"യുടെ വേദി. അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുംകൂടി നികത്തി കേരളത്തിന്റെ ഭൂമി വിറ്റുതുലയ്ക്കാനുള്ള സുവര്‍ണാവസരമായി "എമര്‍ജിങ് കേരള"യെ കാണുകയും ആ വഴിക്കുള്ള നീക്കങ്ങള്‍ മുന്‍കൂറായിത്തന്നെ തുടങ്ങിവയ്ക്കുകയുംചെയ്ത സംഘാടകര്‍ക്ക്- യുഡിഎഫ് മന്ത്രിസഭയ്ക്ക്- അലുവാലിയയുടെ വാക്കുകള്‍ കാതിന് കുളിര്‍മപകരുന്ന ഒന്നായി അനുഭവപ്പെട്ടിരിക്കണം. ആഗോളവല്‍ക്കരണത്തിന്റെ നയപ്രയോക്താക്കള്‍ എങ്ങനെ ഒരേവിധം പലയിടത്തിരുന്ന് ചിന്തിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് യുഡിഎഫിന്റെ നീക്കവും അലുവാലിയയുടെ വാക്കും തമ്മിലുള്ള പൊരുത്തം!