Tuesday, September 18, 2012

കോണ്‍ഗ്രസിന്റെ മനസിലിരിപ്പ്

ജനങ്ങളെയും ജനാധിപത്യ പ്രക്രിയയിലൂടെയുള്ള ജനവിധിയെയും ഭയക്കാതെ വമ്പന്‍ അഴിമതികളിലും ജനദ്രോഹ പ്രവൃത്തികളിലും തുടര്‍ച്ചയായി വ്യാപരിക്കാന്‍ കോണ്‍ഗ്രസിനും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും ധൈര്യമുണ്ടാവുന്നതെങ്ങനെ എന്ന ജനമനസ്സുകളിലെ ചോദ്യത്തിനുള്ള ഉത്തരമാണ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയില്‍നിന്ന് ലഭിച്ചത്. "ജനം ഒന്നും ഓര്‍ത്തുവയ്ക്കില്ല; എല്ലാം മറന്നുകൊള്ളും" എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. ദുഷ്ചെയ്തികളില്‍ വ്യാപരിക്കുമ്പോഴുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യുപിഎ നേതൃത്വത്തിന്റെയും യഥാര്‍ഥ മനസിലിരിപ്പ് വെളിവാകുന്നുണ്ട് ഷിന്‍ഡെയുടെ വാക്കുകളിലൂടെ. ജനത്തോടുള്ള പുച്ഛവും അധിക്ഷേപവുമാണ് അതിന്റെ യഥാര്‍ഥ അന്തര്‍ധാര. കല്‍ക്കരി കുംഭകോണവും ബൊഫോഴ്സ് കുംഭകോണമെന്നതുപോലെ ജനങ്ങളുടെ മനസ്സില്‍നിന്ന് മറഞ്ഞുകൊള്ളും എന്നാണ് ഷിന്‍ഡെ പറഞ്ഞത്. ആരും ഒന്നും ഓര്‍ത്തുവയ്ക്കില്ലെങ്കില്‍ എന്തുമാകാമല്ലോ എന്ന ജനാധിപത്യവിരുദ്ധ ഹുങ്കാണ് ഷിന്‍ഡെയിലൂടെ പുറത്തുവന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം കുംഭകോണങ്ങള്‍ക്ക് ധൈര്യംപകര്‍ന്ന ഘടകവും വമ്പന്‍ അഴിമതി തുടരാമെന്ന കണക്കുകൂട്ടലും കോണ്‍ഗ്രസിനുണ്ടാവുന്നത് ജനങ്ങളുടെ ഓര്‍മശക്തി ഹ്രസ്വമാണെന്ന ചിന്തയുടെകൂടി അടിസ്ഥാനത്തിലാണ്. ജനം മനസ്സില്‍ സൂക്ഷിച്ച് മറുപടി നല്‍കേണ്ട കാര്യമാണിത്.

കോണ്‍ഗ്രസ് എന്നും വന്‍കിട അഴിമതികളുടെ രാഷ്ട്രീയശക്തിയായിരുന്നു. ജീപ്പ് കരാറും ബൊഫോഴ്സും ഹൊവിറ്റ്സര്‍ ഇടപാടുമടക്കം ഓരോ കാലത്തും എത്രയോ അഴിമതികള്‍. അഴിമതിയിലൂടെ കുന്നുകൂടുന്ന പണത്തിന്റെ ഒരു ഭാഗം സ്വകാര്യനിക്ഷേപങ്ങളിലേക്കും മറ്റൊരുഭാഗം തെരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്കും പോകുന്നു. അവിഹിതമാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കിയാല്‍ ആ പണത്തിന്റെ ഒരു ഓഹരി ചെലവാക്കി തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ചുരുക്കത്തില്‍ പണസമ്പാദനത്തിനുള്ള ഉപാധിയായി കോണ്‍ഗ്രസിന് "രാഷ്ട്രീയം" മാറിയിരിക്കുന്നു. കോര്‍പറേറ്റ് വമ്പന്മാര്‍ പറയുന്നവരെ മന്ത്രിമാരാക്കുന്നതും കോര്‍പറേറ്റുകളുടെ ആയിരക്കണക്കിന് ലക്ഷംകോടികള്‍ എഴുതിത്തള്ളുന്നതും വീണ്ടും അവര്‍ക്കുതന്നെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതും കേന്ദ്രമന്ത്രിമാരായിരിക്കുന്നവര്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ഡസന്‍കണക്കിനിരട്ടിയാക്കി ആസ്തി വര്‍ധിപ്പിക്കുന്നതുമെല്ലാം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

കള്ളപ്പണത്തിനെതിരെയോ കള്ളവിദേശനിക്ഷേപങ്ങള്‍ക്കെതിരെയോ നടപടിയില്ല. വിദേശ ബാങ്കുകളിലെ നിയമവിരുദ്ധ കള്ളപ്പണനിക്ഷേപങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായ ബാങ്ക് മാനേജ്മെന്റുകളോടുപോലും അത് ചോദിച്ചുവാങ്ങാന്‍ സന്നദ്ധമാവുന്നില്ല. അതേസമയം പെട്രോളിയത്തിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലനിര്‍ണയാധികാരം സര്‍ക്കാരില്‍നിന്ന് എണ്ണക്കമ്പനികളിലേക്ക് മാറ്റി അവരെ പ്രീതിപ്പെടുത്തുന്നു. ചെറുകിട വ്യാപാരരംഗത്ത് വാള്‍മാര്‍ട്ടിനെമുതല്‍ കൃഷിരംഗത്ത് "മൊണ്‍സാന്റോ"യെവരെ കൊണ്ടുവന്ന് ബഹുരാഷ്ട്ര കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കുന്നു. സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും വിലക്കയറ്റത്തില്‍ ഇടപെടാതെയും സാധാരണക്കാരെ ദ്രോഹിക്കുന്നു. ദാരിദ്ര്യരേഖയില്‍ കൃത്രിമംകാട്ടി ദരിദ്രര്‍ കുറവാണെന്ന കണക്കുണ്ടാക്കി ലോകസമക്ഷം അവതരിപ്പിച്ചും യൂറോപ്യന്‍ യൂണിയനുംമറ്റും ഇന്ത്യക്ക് താങ്ങാനാകാത്ത തുക സംഭാവനചെയ്തും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കൈയടിനേടാന്‍ നോക്കുന്നു. പഴകിപ്പൊളിഞ്ഞ ആണവറിയാക്ടറുകള്‍ വാങ്ങിക്കൂട്ടിയും ആണവസ്ഫോടനമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് വിദേശ ആണവക്കമ്പനികളെ മുക്തരാക്കിയും വിദേശക്കൂറ് തെളിയിക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളെ കോടികള്‍ കൈക്കോഴകൊടുത്ത് കാലുമാറ്റി വിശ്വാസവോട്ട് നേടുന്നു. ഏത് അധാര്‍മിക പ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്തവരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ഏത് ദ്രോഹപ്രവൃത്തി ചെയ്താലും ജനം അത് മറന്നുകൊള്ളുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഓര്‍ത്തുവച്ച് പ്രതികരിക്കാനുള്ള സൂക്ഷ്മജാഗ്രതയുള്ള മസ്തിഷ്കമാണ് തങ്ങള്‍ക്കുള്ളതെന്ന് ജനങ്ങള്‍ തെളിയിക്കുകയാണ് വേണ്ടത്. ജനം അത് തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഷിന്‍ഡെയും കൂട്ടരും മറക്കരുത്.

അടിയന്തരാവസ്ഥയുടെ പിന്നാലെ പൊതുതെരഞ്ഞെടുപ്പു നടന്നപ്പോള്‍ എന്തായി സ്ഥിതിയെന്ന് കോണ്‍ഗ്രസ് ആലോചിക്കണം. ബൊഫോഴ്സ് കുംഭകോണം നടത്തിയതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എന്തായി കോണ്‍ഗ്രസിന്റെ ഗതി? പിന്നീടങ്ങോട്ട് നടന്ന എത്ര തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി? ഏകകക്ഷിഭരണമെന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യം മിഥ്യയായിമാറി. നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരം കൈയെത്താത്തത്ര അകലത്തിലായി. ജനം എല്ലാം കാണും എന്നതിന് വേറെ തെളിവു വേണോ? അവര്‍ 2014ലെ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്ന കാര്യം കോണ്‍ഗ്രസ് മറക്കേണ്ടതില്ല. സ്പെക്ട്രവും കല്‍ക്കരിപ്പാടവും കോമണ്‍വെല്‍ത്ത് ഗെയിംസുമൊക്കെ ഉള്‍പ്പെടെയുള്ള കുംഭകോണങ്ങള്‍ ജനങ്ങള്‍ മറന്നുവോ എന്നത് 2014 കഴിഞ്ഞ് പറയുന്നതാവും ഉചിതം. ഏതായാലും കോണ്‍ഗ്രസിന്റെ യഥാര്‍ഥ മനസിലിരിപ്പ് വെളിവാക്കിയതിന് രാജ്യം ഷിന്‍ഡെയ്ക്ക് നന്ദി പറയണം.

*
ദേശാഭിമാനി മുഖപ്രസംഗം 18 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനങ്ങളെയും ജനാധിപത്യ പ്രക്രിയയിലൂടെയുള്ള ജനവിധിയെയും ഭയക്കാതെ വമ്പന്‍ അഴിമതികളിലും ജനദ്രോഹ പ്രവൃത്തികളിലും തുടര്‍ച്ചയായി വ്യാപരിക്കാന്‍ കോണ്‍ഗ്രസിനും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും ധൈര്യമുണ്ടാവുന്നതെങ്ങനെ എന്ന ജനമനസ്സുകളിലെ ചോദ്യത്തിനുള്ള ഉത്തരമാണ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയില്‍നിന്ന് ലഭിച്ചത്. "ജനം ഒന്നും ഓര്‍ത്തുവയ്ക്കില്ല; എല്ലാം മറന്നുകൊള്ളും" എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.