Wednesday, September 12, 2012

കര്‍ഷക രക്ഷയ്ക്കായി

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശത്തെ ഒന്നൊന്നായി നിഷേധിക്കുകയാണ്. കേന്ദ്രത്തിന്റെ നവലിബറല്‍ നയം കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാരും കിണഞ്ഞുപരിശ്രമിക്കുന്നു. തദ്വാര കേരളത്തില്‍ കര്‍ഷക ആത്മഹത്യ നാള്‍ക്കുനാള്‍ വര്‍ധിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. വിലയുടെ വിളയാട്ടത്തിന് കര്‍ഷകരെ വിട്ടുകൊടുക്കുന്നു. രാസവളങ്ങളുടെ വിലക്കയറ്റം കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലധികമായി. കരാര്‍കൃഷിയിലേക്കും കമ്പനി കൃഷിയിലേക്കുമുള്ള അണിയറനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കര്‍ഷകര്‍ നിരന്തര സമരത്തിലേക്ക് നീങ്ങുന്നത്.

ഒന്നാംഘട്ടമായി ഏപ്രില്‍ 23 മുതല്‍ 27 വരെ പഞ്ചദിന സത്യഗ്രഹം ജില്ലാ കേന്ദ്രങ്ങളില്‍ നടന്നു. പതിനായിരക്കണക്കിന് കര്‍ഷകര്‍ ആ സമരത്തില്‍ പങ്കാളിയായി. രണ്ടാംഘട്ടമായി സെപ്തംബര്‍ 28ന് രാവിലെ 9 മുതല്‍ കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും 25 മണിക്കൂര്‍ ഉപരോധിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ധിക്കാരപരമായ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ കേരളത്തിലെ കര്‍ഷകസമൂഹത്തെ ഒന്നടങ്കം അണിനിരത്താനാണ് ഈ സമരം. സമരസന്ദേശവുമായി ഒരാഴ്ച നീളുന്ന മൂന്ന് മേഖലാ കര്‍ഷക സമരസന്ദേശ യാത്രകള്‍ കേരളത്തില്‍ പര്യടനം നടത്തും. ഇന്ത്യന്‍ കാര്‍ഷികമേഖലയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ഇന്ത്യയിലെ ശതകോടീശ്വരന്മാരെയും ഭൂപ്രഭുത്വമേധാവിത്വത്തെയുമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. കരാര്‍കൃഷിയിലൂടെ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികമേഖല വിട്ടുകൊടുത്തു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള വിളഭൂമിയായി ഭാരതത്തെ മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനുവേണ്ടി കൃഷിഭൂമിയില്‍നിന്ന് കര്‍ഷകരെ ആട്ടിയിറക്കുന്നു. സബ്സിഡികള്‍ ഒന്നൊന്നായി നിര്‍ത്തല്‍ചെയ്യുന്നു. രാസവളവില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കി. കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപത്തില്‍ വലിയ വെട്ടിക്കുറവ് വരുത്തി. ശാസ്ത്ര- സാങ്കേതിക വിദ്യയെ സ്വകാര്യമേഖലയെ ഏല്‍പ്പിച്ചു. പരോക്ഷസബ്സിഡികള്‍ നിര്‍ത്തി. കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉപേക്ഷിച്ചു. ഇറക്കുമതിയുടെ അളവുപരമായ നിയന്ത്രണവും, ചുങ്കരഹിതമായി ഇറക്കുമതിക്കുള്ള കരാറും ഇന്ത്യ ഒപ്പിട്ടു. പ്രാദേശിക സ്വതന്ത്രവ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടു. കരാര്‍കൃഷിക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വിത്ത് ഉല്‍പ്പാദിപ്പിക്കുവാനും അനുകൂലമായ നയം രൂപീകരിച്ചു. 2006ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ കാര്‍ഷികനയത്തിന് ബദലായ കാര്‍ഷികനയം നടപ്പാക്കാന്‍ ആരംഭിച്ചു. അത് ഒരു പുത്തന്‍ ഉണര്‍വ് കേരളത്തിലെ കര്‍ഷകരിലുണ്ടാക്കി.

പൊതുനന്മ കണക്കിലെടുത്തും നെല്ലുല്‍പ്പാദന വര്‍ധനയില്‍ ഊന്നിയും നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമം കൊണ്ടുവന്നു. കാര്‍ഷികമേഖലയിലേക്കുള്ള പൊതുനിക്ഷേപത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ 40 ശതമാനം ഉല്‍പ്പാദനമേഖലയിലേക്ക് നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം സജീവമാക്കി. വിത്തും വളവും യന്ത്രങ്ങളും വാങ്ങുന്നതിനും, ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കും വിപണനത്തിനും ഗ്രൂപ്പ് ഫാമിങ്, ഗാലസ, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കര്‍ഷകച്ചന്തകള്‍ എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നല്‍കി. നെല്ലിന്റെ താങ്ങുവില പടിപടിയായി ഉയര്‍ത്തി കിലോവിന് 15 രൂപവരെയാക്കി. കൊപ്രയുടെ സംഭരണവും പച്ചത്തേങ്ങാ സംഭരണവും ശക്തിപ്പെടുത്തി. റബര്‍കൃഷിയെ കൃഷിയായി അംഗീകരിച്ച് പ്രത്യേക പരിഗണന നല്‍കി. ഇന്ത്യയില്‍ ആദ്യമായി കര്‍ഷക പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. ഇതിന്റെയെല്ലാം ഫലമായി കാര്‍ഷിക വളര്‍ച്ചാ നിരക്ക് വര്‍ധിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികനയങ്ങളെ ഒന്നൊന്നായി അട്ടിമറിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഭൂപരിഷ്കരണ നിയമത്തെ തകര്‍ക്കാനുള്ള നിയമനിര്‍മാണത്തിന് നടപടികളാരംഭിച്ചു. ഭൂമാഫിയകളും ഉദ്യോഗസ്ഥ മേധാവികളും ഭരണകക്ഷി നേതാക്കളുമടക്കമുള്ള കൂട്ടുകെട്ടാണ് ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്. വ്യവസായവല്‍ക്കരണത്തിന്റെയും വിമാനത്താവളത്തിന്റെയും വികസനത്തിന്റെയും പേരില്‍ കൃഷിയിടങ്ങള്‍ നികത്തുന്നു. രാസവള വിലവര്‍ധനയും ലഭ്യതക്കുറവും കാര്‍ഷികോല്‍പ്പാദനമേഖലയെ വന്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഇത് ധാന്യവിളകളെയും ഭക്ഷ്യവിളകളെയും തോട്ടവിളകളെയും സാരമായി ബാധിക്കുന്നു. സംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. നെല്ലിന്റെ സംഭരണവില യഥാസമയം നല്‍കുന്നില്ല. ഉല്‍പ്പാദിപ്പിച്ച നെല്ലുമുഴുവന്‍ സംഭരിക്കുന്നില്ല. കൊപ്രയുടെ താങ്ങുവില കേന്ദ്രം പ്രഖ്യാപിച്ചിട്ടും സംഭരിക്കുന്നതിനുള്ള നടപടികള്‍ ഒന്നുമെടുക്കുന്നില്ല.

ഏപ്രില്‍ ഒന്നുമുതല്‍ നെല്‍കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തിവച്ചു. നാളികേര കര്‍ഷകപെന്‍ഷന്‍ പദ്ധതി ചുവപ്പുനാടയില്‍ കുരുങ്ങി. കുട്ടനാട് പാക്കേജ് കോണ്‍ട്രാക്ട് ലോബികള്‍ക്കുവേണ്ടി തകര്‍ത്തു. ഇടുക്കി, പാലക്കാട് പാക്കേജ് വനരോദനമായി. ഭക്ഷ്യസുരക്ഷ- നെല്‍കൃഷിപദ്ധതിയില്‍ പാലക്കാടിനെ ഉള്‍പ്പെടുത്തിയെങ്കിലും നെല്ലുല്‍പ്പാദനകേന്ദ്രങ്ങളായ കുട്ടനാടിനെയും തൃശൂര്‍കോള്‍നിലത്തെയും ഒഴിവാക്കി. കുട്ടനാട്ടെ പമ്പിങ് സബ്സിഡി പ്രഖ്യാപനത്തില്‍ ഒതുക്കി. അടയ്ക്കാകൃഷിയെ പാടെ അവഗണിച്ചു. മില്‍മാപ്പാലിന്റെ വില വര്‍ധിപ്പിച്ചുവെങ്കിലും അതിന്റെ ഗുണം ക്ഷീരകര്‍ഷകന് ലഭിക്കുന്നില്ല. കാലിത്തീറ്റയുടെ വില കുതിച്ചുയര്‍ന്നു. സസ്യഎണ്ണയുടെ വ്യാപകമായ ഇറക്കുമതിയോടെയാണ് നാളികേര പ്രതിസന്ധി രൂക്ഷമായത്. ഏകദേശം ഒന്‍പത് ലക്ഷം ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങുകൃഷിയെ ആശ്രയിച്ച് 35 ലക്ഷം കര്‍ഷകകുടുംബങ്ങളാണ് ജീവിക്കുന്നത്. നാളികേരത്തിന്റെ ഉല്‍പ്പാദനം 46 ശതമാനമായി കുറഞ്ഞു. ഇറക്കുമതിച്ചുങ്കം ഇല്ലാതായതോടെ പ്രതിവര്‍ഷം 88 ലക്ഷം ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്നു. നമുക്ക് ശരാശരി ആവശ്യം ഒന്നരകോടി ടണ്‍ എണ്ണയാണ്. ഇതില്‍ 62 ലക്ഷം ടണ്‍മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ പ്രത്യാഘാതം കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നാളികേര കര്‍ഷകരാണ്. വിലയുടെ വിളയാട്ടത്തിന് വിധേയരാകുന്നതും കേരകര്‍ഷകര്‍തന്നെ. 2011-12 ല്‍ കൊപ്രയുടെ താങ്ങുവില 5100 രൂപയായി പ്രഖ്യാപിച്ചെങ്കിലും നാഫെഡുമുഖേനയോ കേരഫെഡുമുഖേനയോ മറ്റ് സംവിധാനങ്ങള്‍ മുഖേനയോ സംഭരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. പൊതുമാര്‍ക്കറ്റുവില 3800 രൂപവരെ താണു. കര്‍ഷകന്റെ കൈയില്‍ എത്തിച്ചേരേണ്ട ലക്ഷക്കണക്കിന് രൂപ ഊഹക്കച്ചവടലോബിയുടെ കരങ്ങളിലേക്ക് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ എത്തിച്ചുകൊടുത്തു. ലോകവ്യാപാര സംഘടനയുമായുള്ള കരാറും ആസിയന്‍ കരാറും ഒപ്പിട്ടശേഷം റബര്‍കൃഷിയിലും വ്യാപാരത്തിലും ചാഞ്ചാട്ടങ്ങളുണ്ടായി. റബര്‍വില കൂടിയാലും കുറഞ്ഞാലും ലാഭം ടയര്‍ലോബിക്കുതന്നെ. കേരളത്തില്‍ റബര്‍കൃഷി വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. 12 ലക്ഷം റബര്‍ കര്‍ഷകരുള്ളതില്‍ ഭൂരിപക്ഷവും ചെറുകിട നാമമാത്ര കര്‍ഷകരാണ്. ലോകവ്യാപാരക്കരാറിന്റെ അടിസ്ഥാനത്തില്‍ റബര്‍കൃഷിയെ വ്യവസായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. തല്‍ഫലമായി കാര്‍ഷികവിളകള്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും റബര്‍ കര്‍ഷകന് ലഭിക്കുന്നില്ല. വിലയിലെ ചാഞ്ചാട്ടം കര്‍ഷകരെ വലയ്ക്കുന്നു. 240 രൂപ വിലയുണ്ടായിരുന്ന റബറിന് 153 രൂപവരെയെത്തി. ഭൂപരിഷ്കരണ നിയമത്തിന്റെ ഭേദഗതി റബര്‍തോട്ടങ്ങളെ സാരമായി ബാധിക്കാന്‍ പോകുകയാണ്. റബര്‍ കൃഷിചെയ്യുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു. വയസ്സന്‍ റബര്‍ വെട്ടിമാറ്റി പുതിയ പ്ലാന്റേഷന്‍ ആരംഭിക്കുന്നതിനുപകരം ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍ ഭൂമാഫിയകള്‍ വിലയ്ക്കുവാങ്ങി അവിടെനിന്ന് വന്‍തോതില്‍ മണ്ണെടുത്ത് വികസനത്തിന്റെ പേരില്‍ നെല്‍പ്പാടങ്ങള്‍ നികത്തുന്നു. പുതിയ കൃഷിക്കും ആവര്‍ത്തനകൃഷിക്കും റബര്‍ബോര്‍ഡ് വേണ്ട സഹായം നല്‍കുന്നില്ല. പതിറ്റാണ്ടുകളായി റബര്‍ബോര്‍ഡ് കൃഷിക്ക് നല്‍കുന്ന കടം ഹെക്ടറിന് 19500 രൂപമാത്രമാണ്. ഇത് തികച്ചും അപര്യാപ്തമാണ്. റബര്‍ബോര്‍ഡിന്റെ ശ്രദ്ധ ഇപ്പോള്‍ വടക്കേ ഇന്ത്യയില്‍ പുതിയ റബര്‍തോട്ടങ്ങള്‍ നിര്‍മിക്കുന്നതിലാണ്. ടയര്‍ കമ്പനികള്‍ ഇന്ത്യക്കു പുറത്ത് വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിനേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് റബര്‍കൃഷി ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിലാണ് ഇത് വ്യാപകമായി ആരംഭിച്ചിട്ടുള്ളത്.

2015 ആവുമ്പോഴേക്കും ലക്ഷക്കണക്കിന് ടണ്‍ റബര്‍ ഇന്ത്യയിലേക്ക് നികുതിരഹിതമായി ഇറക്കുമതിചെയ്യും. റബര്‍ തടി ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നു. ഇതിന്റെ ഫലമായി ടണ്ണിന് 68000 രൂപ റബര്‍ തടിക്ക് ലഭിച്ചിരുന്നത് ഇന്ന് 55000 രൂപയായി കുറഞ്ഞു. വ്യാജ കാര്‍ഷിക വികസനത്തിന്റെ പുകമറ സൃഷ്ടിച്ച് കാര്‍ഷികമേഖലയില്‍ ആഗോളവല്‍ക്കരണനയം നടപ്പാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തു വിലകൊടുത്തും ഇത് പരാജയപ്പെടുത്തിയാല്‍മാത്രമേ കേരളത്തിന് രക്ഷയുള്ളൂ.

കര്‍ഷകരെ തകര്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 28ന് രാവിലെ 9 മുതല്‍ 29ന് രാവിലെ 10വരെ കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും കര്‍ഷകര്‍ കുടുംബസമേതം ഉപരോധിക്കും. കാര്‍ഷികരംഗം കൈയടക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കര്‍ഷകര്‍ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

*
കെ വി രാമകൃഷ്ണന്‍ (കേരള കര്‍ഷകസംഘം സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശത്തെ ഒന്നൊന്നായി നിഷേധിക്കുകയാണ്. കേന്ദ്രത്തിന്റെ നവലിബറല്‍ നയം കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാരും കിണഞ്ഞുപരിശ്രമിക്കുന്നു. തദ്വാര കേരളത്തില്‍ കര്‍ഷക ആത്മഹത്യ നാള്‍ക്കുനാള്‍ വര്‍ധിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. വിലയുടെ വിളയാട്ടത്തിന് കര്‍ഷകരെ വിട്ടുകൊടുക്കുന്നു. രാസവളങ്ങളുടെ വിലക്കയറ്റം കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലധികമായി. കരാര്‍കൃഷിയിലേക്കും കമ്പനി കൃഷിയിലേക്കുമുള്ള അണിയറനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കര്‍ഷകര്‍ നിരന്തര സമരത്തിലേക്ക് നീങ്ങുന്നത്.