Thursday, September 6, 2012

സ്ത്രീ സംരക്ഷണ ബില്‍: വിശദമായ ചര്‍ച്ചവേണം

പാര്‍ലമെന്റ് നടപടികള്‍ മുടങ്ങിയിട്ട് പത്തുനാള്‍ കഴിഞ്ഞു. ജനാധിപത്യത്തില്‍ ഇത്തരം സ്തംഭനാവസ്ഥകള്‍ ഉണ്ടാക്കുന്ന സാഹചര്യം നല്ലതല്ല. പാര്‍ലമെന്റു നടപടികള്‍ തടസ്സപ്പെടുന്നതിനിടയിലും ചില ബില്ലുകള്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ യു പി എ ലോകസഭയില്‍ പാസാക്കി എടുക്കുന്നുണ്ട്. ഇത്തരത്തില്‍ പാസാക്കിയ ഒരു ബില്ലാണ് ജോലിസ്ഥലത്തെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കല്‍ സംബന്ധിച്ച ബില്‍. ഒരു ബഹളാന്തരീക്ഷത്തില്‍ ചുളുവില്‍ പാസാക്കിയെടുക്കേണ്ട ഒന്നായി ഈ ബില്ലിനെ കണക്കാക്കിയത് തന്നെ ഗുരുതരമായ തെറ്റാണ്.

സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വീട്ടിനകത്തും പുറത്തും ഇടപഴകുന്ന മേഖലകളിലെല്ലാം തന്നെ സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥയും കൂടിവരുന്നു. ലൈംഗികമായും അല്ലാതെയും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ രാജ്യത്തെ പകുതിയിലധികം വരുന്ന സ്ത്രീസമൂഹത്തിന് അപമാനമാണ്. ഇന്നത്തെ ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമല്ല.

സ്ത്രീകളെ സംരക്ഷിക്കുന്നതിന് ഇന്ത്യയില്‍ ധാരാളം നിയമങ്ങളുണ്ട്. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, തൊഴില്‍ സംരക്ഷണ നിയമം തുടങ്ങിയ എല്ലാ നിയമങ്ങളും സ്ത്രീകളുടെ സാമൂഹ്യ സുരക്ഷയും പദവിയും ഉയര്‍ത്തുന്നതിന് ഒരളവുവരെ സഹായകരമാണ്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതുവഴി കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍രംഗത്തും മറ്റ് മേഖലകളിലും കടന്നുവരുന്നുണ്ട്. എന്നാല്‍ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ കൂടുതലായി ഇടപഴകാന്‍ തുടങ്ങിയതോടെ അവരുടെ പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമായി.

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനവും ചൂഷണവും തടയണമെന്ന ഉദ്ദേശത്തോടെ 2010 ല്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടിയ ബില്ലാണ് ലോകസഭ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ യാതൊരു ചര്‍ച്ചയും കൂടാതെ ബില്‍ പാസാക്കുകയാണുണ്ടായത്. ബില്ലിന്റെ കരട് വന്നതിനുശേഷം രാജ്യത്തെ വിവിധ സ്ത്രീസംഘടനകള്‍ ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഈ ബില്ലില്‍ പല ഭേദഗതികളും ആവശ്യമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലൈംഗിക പീഡനമെന്നതില്‍ ഏത് തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഏതൊക്കെ തരത്തിലുള്ള ശിക്ഷകളാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ജോലി സ്ഥലങ്ങളില്‍ ശാരീരികമല്ലാത്ത രീതിയിലും സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകാറുണ്ട്. ആണ്ടിറങ്ങിയ സംഭോഗമെന്ന രീതിയില്‍ നടക്കുന്ന ബലാല്‍ക്കാരങ്ങളെപ്പോലെതന്നെ ഗൗരവമേറിയതാണ് പ്രകൃതിവിരുദ്ധമായ രീതികളും, നോട്ടം, സ്പര്‍ശം എന്നിവകൊണ്ടും ഉണ്ടാകുന്ന ലൈംഗിക ആക്രണം. ഇവയെ കൃത്യമായി നിര്‍വചിക്കുന്നതില്‍ ബില്ലിലെ വകുപ്പുകള്‍ ശക്തമല്ലെന്നും അതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും സ്ത്രീ സംഘടനകള്‍ ആവശ്യപ്പെടുകയുണ്ടായി.

വിയോജനക്കുറിപ്പുകള്‍ക്ക് തീര്‍പ്പുണ്ടാക്കാതെ ചുളുവില്‍ ഈ ബില്‍ പാസ്സാക്കാന്‍ ഒരുങ്ങിയത് സ്ത്രീപ്രശ്‌നങ്ങളിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്.
വനിതാ സംവരണ ബില്ലിനെക്കുറിച്ച് 16 വര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും മതിവരാത്തവര്‍ക്ക് ഈ ബില്‍ രൂപീകൃതമായി രണ്ടുവര്‍ഷം തികയും മുമ്പ് പാസാക്കിയെടുക്കാന്‍ ഇത്ര ധൃതിയെന്തിനാണ്?

സ്ത്രീയുടെ സ്വത്വത്തെ ബാധിക്കുന്ന അതീവ ഗൗരവമായൊരു വിഷയമെന്ന നിലയില്‍ യാതൊരു പഴുതുമില്ലാതെ ബന്തവസ്സായൊരു ബില്ലാണ് നമുക്കാവശ്യം. അതിനുള്ള ക്ഷമയും സാവകാശവും നീതിബോധവും ജനങ്ങളുടെ പരമോന്നത സഭയ്ക്കില്ലാതെപോയാല്‍ അത് സ്ത്രീകളോടുള്ള നീതികേടും ക്രൂരതയുമാകും.

*
ജനയുഗം മുഖപ്രസംഗം 05 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ലമെന്റ് നടപടികള്‍ മുടങ്ങിയിട്ട് പത്തുനാള്‍ കഴിഞ്ഞു. ജനാധിപത്യത്തില്‍ ഇത്തരം സ്തംഭനാവസ്ഥകള്‍ ഉണ്ടാക്കുന്ന സാഹചര്യം നല്ലതല്ല. പാര്‍ലമെന്റു നടപടികള്‍ തടസ്സപ്പെടുന്നതിനിടയിലും ചില ബില്ലുകള്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ യു പി എ ലോകസഭയില്‍ പാസാക്കി എടുക്കുന്നുണ്ട്. ഇത്തരത്തില്‍ പാസാക്കിയ ഒരു ബില്ലാണ് ജോലിസ്ഥലത്തെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കല്‍ സംബന്ധിച്ച ബില്‍. ഒരു ബഹളാന്തരീക്ഷത്തില്‍ ചുളുവില്‍ പാസാക്കിയെടുക്കേണ്ട ഒന്നായി ഈ ബില്ലിനെ കണക്കാക്കിയത് തന്നെ ഗുരുതരമായ തെറ്റാണ്.