Monday, September 3, 2012

പങ്കാളിത്ത പെന്‍ഷന്‍ കൊടും വഞ്ചന

സാമൂഹ്യ സുരക്ഷാപദ്ധതികളില്‍ പരമപ്രധാനമായ സ്ഥാനമാണ് പെന്‍ഷന് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 1871ല്‍ ബ്രിട്ടീഷുകാര്‍ പെന്‍ഷന്‍ ആക്ട് നടപ്പാക്കുന്നതിലൂടെയാണ് നമ്മുടെ രാജ്യത്ത് പെന്‍ഷന്റെ ചരിത്രം ആരംഭിക്കുന്നത്. പെന്‍ഷന്‍ എന്നത് ദാതാവിന്റെ ഔദാര്യമോ സമ്മാനമോ കാരുണ്യമോ അനുഭാവമോ കൊണ്ടുമാത്രം തൊഴിലാളിക്ക് കരഗതമാകുന്ന ഒരു ആനുകൂല്യമെന്നാണ് അന്ന് വിവക്ഷിക്കപ്പെട്ടിരുന്നത്. പെന്‍ഷന്‍ തൊഴിലാളിയുടെ അവകാശമാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നില്ല. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷവും പെന്‍ഷനോടുള്ള ഭരണകൂടത്തിന്റെ സമീപനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടുകള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചതുമില്ല. 1972ല്‍ ഗജേന്ദ്ര ഗാഡ്ഗില്‍ നിയമ കമീഷന്‍ ബ്രിട്ടീഷ് പെന്‍ഷന്‍ ആക്ടിലെ പല വ്യവസ്ഥയും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിന് വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു.

1972ല്‍ തയ്യാറാക്കപ്പെട്ട സിവില്‍ സര്‍വീസ് പെന്‍ഷന്‍ ചട്ടങ്ങള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പദവി നല്‍കിയത് ഇന്ത്യന്‍ ഭരണഘടനയുടെ 309, 148 (5) വകുപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ജീവിതത്തിന്റെ സായംകാലത്ത് തൊഴില്‍രംഗത്തുനിന്ന് പിരിയുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ആനുകൂല്യം നിഷേധിക്കുന്നത് വ്യാപകമായ അസംതൃപ്തിക്കിടയാക്കി. ഈ വിഷയത്തില്‍ നിയമയുദ്ധത്തിനും കളമൊരുങ്ങി. 1971ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡി എസ് നഖാര എന്ന ഉദ്യോഗസ്ഥന്‍ നീതിതേടി സുപ്രീംകോടതിയിലെത്തി. നഖാര കേസില്‍ പരമോന്നത നീതിപീഠത്തിന്റെ, 1982 ഡിസംബര്‍ 17ന്റെ സുപ്രധാന വിധിന്യായം പെന്‍ഷന്‍കാരുടെ മാഗ്നകാര്‍ട്ടയായി ചരിത്രത്തിലിടം നേടി. പെന്‍ഷന്‍ തൊഴിലാളിയുടെ അവകാശമാണെന്നും അത് നല്‍കുകയെന്നത് രാജ്യത്തിന്റെ കടമയാണെന്നും അന്ന് വിധിച്ചു. പെന്‍ഷന്‍ നല്‍കുന്നതിലൂടെ വിരമിച്ച വ്യക്തിക്ക് അല്ലലില്ലാതെയും മാന്യമായും സ്വതന്ത്രമായും ആത്മാഭിമാനത്തോടെയും ശിഷ്ടകാലം ജീവിക്കാന്‍ കഴിയണമെന്നും ഒപ്പം സേവനകാലത്തേതിനുതത്തുല്യമായ ജീവിതസാഹചര്യം ഉണ്ടാകണമെന്നും ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആ വിധിയിലൂടെ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചു.

ഈ വിധിയെതുടര്‍ന്ന് നാലാം ശമ്പളകമീഷന്‍ പെന്‍ഷന്‍പരിഷ്കരണത്തിന് തുടക്കംകുറിച്ചു. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് നടപ്പാക്കിയതോടെ സാമൂഹ്യസുരക്ഷ എന്ന വിശാലമായ വീക്ഷണത്തിന്റെ പ്രസക്തിപോലും ചോദ്യംചെയ്യപ്പെട്ടു. 2001ല്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്കരണത്തിന്റെ സാധ്യതകളുമായി ഐഎംഎഫ് പുറത്തിറക്കിയ നിര്‍ദേശപത്രിക ഇതിന്റെ ആദ്യപടിയായിരുന്നു. തുടര്‍ന്ന് രാജ്യം ഭരിച്ച ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതിയെപ്പറ്റി പഠിക്കുന്നതിന് ഉന്നതതലസമിതിയെ നിയമിച്ചു. 1991ല്‍ 3271 കോടി രൂപയില്‍നിന്ന് 2002ല്‍ എത്തുമ്പോള്‍ 22,410 കോടി രൂപ പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ ചെലവിടുന്നു എന്നാണ് ഭട്ടാചാര്യകമ്മിറ്റിയെന്ന് അറിയപ്പെടുന്ന ഈ സമിതി വിലയിരുത്തിയത്. വര്‍ധിച്ചുവരുന്ന ഈ സാമ്പത്തികഭാരം സര്‍ക്കാരുകള്‍ക്ക് താങ്ങാനാകില്ലെന്ന നിഗമനത്തിലേക്ക് സമിതി എത്തി. ഇതിനുമുമ്പ് 1999ല്‍ ഡാവേ കമ്മിറ്റിയും 2001ല്‍തന്നെ ഐആര്‍ഡിഎ സമിതിയും പെന്‍ഷന്‍പരിഷ്കരണത്തിന് സമാന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഐഎംഎഫ് ലോകബാങ്കിന്റെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി എന്‍ഡിഎ സര്‍ക്കാര്‍ 2003 ഡിസംബറില്‍ പെന്‍ഷന്‍ഫണ്ട് റഗുലേറ്ററി അതോറിറ്റിയെ നിയമിച്ചുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനുപോലും കാത്തുനില്‍ക്കാതെ 2004 ജനുവരി ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കി.

2005ല്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പിഎഫ്ആര്‍ഡിഎ ബില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ടികളുടെ ശക്തമായ എതിര്‍പ്പിന്റെയും ജീവനക്കാരുടെ ദേശവ്യാപകമായ പ്രക്ഷോഭങ്ങളുടെയും ഫലമായി പാസാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 2011ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ബില്‍ വീണ്ടും അവതരിപ്പിച്ചു. പാര്‍ലമെന്റിന്റെ ഈ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ഒന്നുമാത്രമാണ് ബില്‍ പാസാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നിശ്ചിതാനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതിയില്‍നിന്ന് നിശ്ചിതവിഹിതം ഈടാക്കുന്ന പദ്ധതിയിലേക്കുള്ള പ്രതിലോമകരമായ ഒരു മാറ്റമാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി.

അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തുശതമാനം തുക നിര്‍ബന്ധിതവിഹിതമായി ജീവനക്കാര്‍ നല്‍കണം. തത്തുല്യമായ സര്‍ക്കാര്‍വിഹിതവും ചേര്‍ത്താണ് പെന്‍ഷന്‍ഫണ്ട് രൂപീകൃതമാകുന്നത്. അമേരിക്കയടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യവും ആ രാജ്യങ്ങളിലെ ബാങ്കുകളുടെയും മറ്റ് സാമ്പത്തികസ്ഥാപനങ്ങളുടെയും തകര്‍ച്ചയുമാണ് മൂലധനത്തിനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഒരു വമ്പന്‍ വിപണിയാണ് അവര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ മേഖലയില്‍മാത്രം ഏതാണ്ട് 33 ലക്ഷം ജീവനക്കാരും 40 ലക്ഷം പെന്‍ഷന്‍കാരും ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാന സര്‍വീസുകളില്‍ ഏകദേശം 90 ലക്ഷം ജീവനക്കാരുമുണ്ട്. കേരളത്തില്‍ നിലവില്‍ 5.5 ലക്ഷം പെന്‍ഷന്‍കാരും 5.2 ലക്ഷം ജീവനക്കാരുമുണ്ടെന്നാണ് കണക്ക്. ഇപിഎഫ് പദ്ധതിയിലാകട്ടെ നാലരക്കോടിയോളം തൊഴിലാളികള്‍ വരിക്കാരായിട്ടുണ്ട്.

ഇപിഎഫ് പെന്‍ഷന്‍കാര്‍ 18 ലക്ഷത്തിലധികംവരും. ഇതോടൊപ്പം അസംഘടിതമേഖലയിലെ 46 കോടി തൊഴിലാളികള്‍കൂടി പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാല്‍ ധനമൂലധന ശക്തികള്‍ക്ക് ഭീമമായ ഒരു സാമ്പത്തികസ്രോതസ്സാണ് ലഭിക്കുക. തൊഴിലാളികളുടെയും ജീവനക്കാരുടെയും അധ്വാനത്തിന്റെ വിഹിതവും സര്‍ക്കാര്‍പങ്കും ചേര്‍ന്നുകിട്ടുന്ന പൊതുപണമാണ് ചൂതാട്ടത്തിനായി ഓഹരിക്കമ്പോളത്തിലേക്ക് ഒഴുകുന്നത്. പുതിയ പെന്‍ഷന്‍പദ്ധതിയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിനായി വിദേശ- സ്വദേശ ഫണ്ട് മാനേജര്‍മാര്‍ക്ക് കൈമാറും. പിഎഫ്ആര്‍ഡിഎ ബില്ലില്‍ മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു വിപണി ആഘാതം ഉണ്ടായാല്‍ വാര്‍ഷിക ആനുകൂല്യം ലഭിക്കുമെന്നതിന് ഉറപ്പില്ലെന്നതുമാത്രമല്ല അടച്ച മുഴുവന്‍ തുകയും നഷ്ടപ്പെടുകയും ചെയ്യും.

ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തില്‍ നഷ്ടം സംഭവിച്ചാല്‍ ഒരു ഉത്തരവാദിത്തവും പിഎഫ്ആര്‍ഡിഎ വഹിക്കുന്നതല്ലെന്നും എല്ലാ നിക്ഷേപവും വിപണിയുടെ ചേതങ്ങള്‍ക്ക് വിധേയമാണെന്നുമുള്ള മുന്നറിയിപ്പ് പങ്കാളിത്ത പെന്‍ഷനില്‍ പതിയിരിക്കുന്ന ചതിക്കുഴികളെ വ്യക്തമാക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയ്ക്കനുസൃതമായി ലഭിച്ചുവരുന്ന ക്ഷാമബത്തയ്ക്ക് പുതിയ പെന്‍ഷന്‍പദ്ധതിയില്‍ അര്‍ഹതയുണ്ടാകില്ല. നിലവിലെ ജനറല്‍ പ്രോവിഡന്റ് ഫണ്ടിനും കുടുംബ പെന്‍ഷനും മാനസികവൈകല്യമുള്ള കുട്ടികള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും ലഭിക്കുന്ന ഉറപ്പുള്ള പെന്‍ഷനും ഇനി ഉണ്ടാകില്ല. പുതിയ പെന്‍ഷന്‍പദ്ധതിപ്രകാരം നിക്ഷേപത്തിനുള്ള സ്ഥാപനം തെരഞ്ഞെടുക്കാനുള്ള അവകാശം ഉപയോക്താവിനുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വസ്തുത അതല്ല. നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഇപ്പോള്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്കും നിയമപരമായി നിശ്ചിത ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതി നിഷേധിക്കാനോ മാറ്റംവരുത്താനോ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ഈ ബില്ലിലുണ്ട്.

പെന്‍ഷന്‍ഫണ്ട് മാനേജര്‍മാരായി എസ്ബിഐ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, കൊഡാക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ക്യാപിറ്റല്‍, ഐഡിഎഫ്സി, എല്‍ഐസി എന്നീ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള ഇന്ത്യയിലെ വിവിധ കമ്പനികള്‍ പെന്‍ഷന്‍ഫണ്ട് വ്യവസായത്തിലേക്ക് കടന്നുവരാനായി കാത്തിരിക്കുന്നു. പെന്‍ഷന്‍മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ജീവനക്കാര്‍ക്ക് ഗുണകരമാണെന്ന പ്രചാരവേല ശുദ്ധതട്ടിപ്പാണെന്ന് വിവിധ രാജ്യങ്ങളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

1990ന്റെ ആദ്യപാദങ്ങളില്‍തന്നെ ബ്രിട്ടനിലെ പദ്ധതിയില്‍ അംഗങ്ങളായ 20 ലക്ഷം തൊഴിലാളികള്‍ക്ക്, ഫണ്ട് മാനേജര്‍മാരുടെ തെറ്റായ ഉപദേശത്തെതുടര്‍ന്ന് പണം നഷ്ടപ്പെട്ടു. ബ്രിട്ടീഷ് പെന്‍ഷന്‍ റഗുലേറ്ററി സംവിധാനം 1993ല്‍ നടത്തിയ പഠനത്തില്‍ 91 ശതമാനം ഉപയോക്താക്കളും തെറ്റായ ഉപദേശങ്ങള്‍ക്ക് വശംവദരായതായി പറയുന്നു. 1990ല്‍ വിരമിച്ച ഒരു ബ്രിട്ടീഷ് ജീവനക്കാരന് ലഭിച്ച പെന്‍ഷന്‍ ആനുകൂല്യത്തേക്കാള്‍ 42 ശതമാനം കുറഞ്ഞ ആനുകൂല്യമാണ് 2000ല്‍ വിരമിച്ച ജീവനക്കാരന് ലഭിച്ചതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. 2050ഓടെ ബ്രിട്ടനിലെ വയോജനസമൂഹത്തിന്റെ 33 ശതമാനം പട്ടിണിയുടെ ദുരവസ്ഥയിലാകും ജീവിക്കുകയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

*
സി ചന്ദ്രന്‍പിള്ള ദേശാഭിമാനി 03 സെപ്തംബര്‍ 2012

No comments: