Saturday, September 1, 2012

നരോദപാട്യക്കേസും മോഡിയുടെ തനിനിറവും

ഒടുവില്‍ നരോദപാട്യകേസിന്റെ വിധിയും വന്നു. 2002 ലെ ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും  നിഷ്ഠൂരമായ സംഭവമായിരുന്നു ആ കേസ്. ഇവിടെയാണ് കസുര്‍ബാനു എന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി ഗര്‍ഭസ്ഥശിശുവിനെ ശൂലത്തില്‍ കുത്തി പുറത്തെടുത്ത് ചുട്ടെരിച്ചത്. അതുമാത്രമല്ല കൊച്ചു കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച ശേഷം അവരുടെ വായയിലേക്ക് തീപ്പെട്ടിക്കോല്‍ ഉരച്ചിട്ട് യഥാര്‍ഥ മനുഷ്യബോംബ് പരീക്ഷണവും നടന്നതവിടെയാണ്. അതായത് ഫാസിസ്റ്റാചാര്യനായ ഹിറ്റ്‌ലര്‍ പോലും ചെയ്യാന്‍ മടിച്ച തരം ക്രൂരതകളാണ് ഹിറ്റ്‌ലറിനു പഠിക്കുന്ന മോഡിയുടെ കാര്‍മ്മികത്വത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ആ ശപിക്കപ്പെട്ട 2002 ഫെബ്രുവരി 28-ാം തീയതി ഗുജറാത്തില്‍ അരങ്ങേറിയത്. ഒടുവില്‍ ജീവനോടെ കത്തിക്കരിഞ്ഞത് മാത്രം 97 പേര്‍.

വംശഹത്യാനന്തരം വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട ഗുജറാത്ത് കോടതികളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുക മാത്രമല്ല, അവര്‍ സര്‍ക്കാര്‍ നല്‍കിയ സ്വന്തം അഭിഭാഷകനാല്‍ വരെ പരിഹസിക്കപ്പെടുകയും ചെയ്തപ്പോഴാണ് 2008 ല്‍ സുപ്രിംകോടതി നേരിട്ട് പ്രതേ്യകാനേ്വഷണ സംഘത്തെ നിയോഗിച്ചതും, വിചാരണക്കായി പ്രതേ്യക കോടതി തന്നെ സ്ഥാപിച്ചതും. ഇതിന്‍പ്രകാരം ഒന്‍പതു വംശഹത്യാ കേസുകള്‍ പുനരനേ്വഷിക്കപ്പെട്ടു. ഇതില്‍ സുല്‍ത്താന്‍പുര, ഓദ്, ദീപ്തദര്‍വാസ, നരോദപാട്യ കേസുകളുടെ വിധിയാണിതുവരെ വന്നത്. നാല് കേസുകളിലും ഹിന്ദുത്വവാദികളായ ഭീകരര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ നരോദപാട്യക്കേസിന്റെ പ്രതേ്യകത അവിടെ അരങ്ങേറിയ ക്രൂരതകളുടെ ഭീകരത മാത്രമല്ല ഇതിനെല്ലാം പകല്‍ വെളിച്ചത്തില്‍ നേതൃത്വം നല്‍കിയ സ്ഥലം എം എല്‍ എ ആയ ഡോക്ടര്‍ മായ ബെന്‍ കൊട്‌നാനിയും ബജ്‌റംഗ്ദള്‍ എന്ന ഭീകരസംഘടനയുടെ നേതാവായ ബാബു ബജ്‌റംഗിയും ശിക്ഷിക്കപ്പെട്ടു എന്നതാണ്. മറ്റ് 30 പേരുകൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു.

ഗുരുതരമായ കുറ്റങ്ങളാണ് മായബെന്‍കൊട്‌നാനിയുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. 2002 ഫെബ്രുവരി 28-ാം തീയതി ഇവര്‍ വംശഹത്യ നടത്തിയ ആള്‍ക്കൂട്ടത്തിന് മാരകായുധങ്ങള്‍ വിതരണം ചെയ്യുകയും മുസ്ലീംങ്ങളെ കൊന്നൊടുക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഒപ്പം ബാബു ബജ്‌റംഗിയുമുണ്ടായിരുന്നു. തുടര്‍ന്നാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നടുക്കുകയും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുകയും ചെയ്ത ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്ക് നരോദംപാട്യ സാക്ഷ്യംവഹിച്ചത്. കുട്ടികളെയും സ്ത്രീകളെയും പ്രതേ്യകം ലക്ഷ്യംവെച്ച ഈ ഫാസിസ്റ്റാക്രമണത്തിന് നേതൃത്വം നല്‍കിയതിനുള്ള അംഗീകാരം എന്ന നിലയില്‍ തുടര്‍ന്ന് അധികാരത്തിലെത്തിയപ്പോള്‍ വനിതാ-ശിശുക്ഷേമ വകുപ്പുതന്നെ കോട്‌നാനിക്കു നല്‍കുവാന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി തയ്യാറായി. ആ സ്ഥാനത്തിരിക്കുമ്പോഴാണ് അവരെ പ്രതേ്യക അനേ്വഷണസംഘം അറസ്റ്റ് ചെയ്തത്.

രണ്ട് പ്രധാന കാര്യങ്ങളിലേക്കാണ് മായ ബെന്‍ കൊട്‌നാനി വെളിച്ചംവീശുന്നത്. ഒന്നാമതായി അവര്‍ ഒരു സ്ത്രീയാണ്. എന്നാല്‍ ഗുജറാത്തിലെ സംഘപരിവാര്‍ സംഘടനയിലെ അംഗമായ മറ്റനേകം സ്ത്രീകളെപ്പോലെ സ്വന്തം അനുയായികളെയും ഉറ്റവരെയും ബലാല്‍സംഗത്തിനും കൂട്ടകൊലയ്ക്കും സജ്ജരാക്കി ആരതി ഉഴിഞ്ഞുവിടുകയായിരുന്നു ഇവര്‍. ഇതാണോ ഹിന്ദുത്വവാദികള്‍ സരസ്വതിയെ മുന്‍നിര്‍ത്തി ചൂണ്ടിക്കാണിക്കുന്ന ഭാരത സ്ത്രീകളുടെ ഭാവശുദ്ധി? ആണെന്നു മനസ്സിലാക്കുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ഭാരതീയത സരസ്വതീദേവിയുടെ ദൈവീകത്വമല്ലായെന്നും ചുടലയക്ഷിയുടെ പൈശാചികത്വമാണെന്നും വ്യക്തമാക്കുന്നു. രണ്ടാമതായി മായാബെന്‍ കൊട്‌നാനി ഒരു ഡോക്ടറാണ്.

ഏതു സാഹചര്യത്തിലും മനുഷ്യജീവന്‍ രക്ഷിക്കുകയാണ് ഒരു ഡോക്ടറുടെ ചുമതല. എന്നാല്‍ നിരാലംബരും നിഷ്‌കളങ്കരുമായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ചുട്ടുകരിക്കുവാന്‍ ആഹ്വാനം ചെയ്ത അവര്‍ ചരകനും സുശ്രുതനും ധന്വന്തരിയും പ്രതിനിധീകരിക്കുന്ന നമ്മുടെ മഹത്തായ വൈദ്യശാസ്ത്ര പാരമ്പര്യത്തിനു തന്നെ കളങ്കമാണ്. കാരണം ഹിന്ദുത്വവാദികളായ പ്രവീണ്‍തൊഗാഡിയടക്കമുള്ള അനേകം ഗുജറാത്തി, ഇന്ത്യന്‍ ഡോക്ടര്‍മാരെപ്പോലെ സ്വന്തം ആത്മാവ് ചെകുത്താനു വിറ്റ ഡോക്ടര്‍ ഫ്രോസ്റ്റിന്റെ അനുയായിയാണവര്‍. അപ്പോള്‍ ഇവരെയെല്ലാം സംരക്ഷിക്കുന്ന, ഇവര്‍ക്കെല്ലാം നേതൃത്വം നല്‍കിയ നരേന്ദ്രമോഡി ഡ്രാക്കുളയുടെ ഇന്ത്യന്‍ പ്രതിനിധിയാകുന്നു. ഇത്തരമൊരാളെയാണ് ഭാവി പ്രധാനമന്ത്രിയായി ഭാരതീയത പേരില്‍ മാത്രമുള്ള ബി ജെ പിയിലെ പലരും ഉയര്‍ത്തിപിടിക്കുന്നത് എന്നതാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

ഇന്ത്യക്കുനേരെ സംഘപരിവാരപ്രഭൃതികള്‍  ഉയര്‍ത്തുന്ന ഭീഷണി ഇവിടെക്കൊണ്ടു നിലനിര്‍ത്തുന്നില്ല. അടുത്തിടെ നമ്മുടെ ഐക്യവും അഖണ്ഡതയും നശിപ്പിക്കുവാന്‍ ലക്ഷ്യം വെച്ചുകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ തൊഴിലാളികളില്‍ ഭയം ജനിപ്പിക്കുവാന്‍ ഉദ്ദേശ്യം വെച്ചുകൊണ്ടുള്ള സൈബര്‍ യുദ്ധം ആസൂത്രണം ചെയ്തവരില്‍ പാകിസ്ഥാനോടൊപ്പം 20 % തീവ്ര ഹിന്ദുത്വവാദികളുടെ വെബ്‌സൈറ്റുകളുമായിരുന്നെന്ന് ഒരാഴ്ച മുമ്പ് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

കഴിഞ്ഞ വ്യാഴാഴ്ച മാണ്ഡ്യയില്‍ വെച്ച് 98 ഉത്തരേന്ത്യന്‍ പൂര്‍വേന്ത്യന്‍ തൊഴിലാളികളെ ഹിന്ദുത്വവാദികളുടെ യുവജന വിഭാഗമായ എ ബി വി പിയുടെ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ബംഗ്ലാദേശികളെന്നു പറഞ്ഞായിരുന്നു ഭാരതാംബയുടെ ഈ നിരാലംബരായ മക്കളെ ആധുനിക ഇന്ത്യയിലെ കിരാതന്മാരുടെ വിദ്യാര്‍ഥി വിഭാഗം ആക്രമിച്ചത്. സത്യത്തില്‍ പശ്ചിമബംഗാള്‍, ഒഡിഷ, രാജസ്ഥാന്‍, ബിഹാര്‍ സ്വദേശികളായിരുന്നു ഹതഭാഗ്യരായ ആ തൊഴിലാളികള്‍.  അവരില്‍ മഹാഭൂരിപക്ഷം ഹൈന്ദവരുമായിരുന്നു. ഇങ്ങനെ മനുഷ്യത്വത്തിനു തന്നെ എതിരായ ഒട്ടനവധി ചെയ്തികള്‍ ഹിന്ദുത്വവാദികളുടേതായുണ്ട്. ഒപ്പം ഗുജറാത്തി പെണ്‍കുട്ടികള്‍ മെലിഞ്ഞിരിക്കുന്നത് ഭക്ഷണം കഴിച്ചാല്‍ സൗന്ദര്യം നഷ്ടപ്പെടുമെന്ന് കരുതുന്ന മധ്യവര്‍ഗ്ഗമാണ് ഗുജറാത്തികള്‍ എന്നതുകൊണ്ടാണെന്ന് വിചിത്ര ന്യായം അവതരിപ്പിച്ച നരേന്ദ്രമോഡിയുടെ തനിനിറം കൂടുതല്‍ വ്യക്തമാക്കുന്നത് കാണാം. 
ഗുജറാത്തിലെ മഹാഭൂരിപക്ഷവും മധ്യവര്‍ഗ്ഗമല്ല എന്നതാണ് വാസ്തവം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരും  ദാരിദ്ര്യവുമുള്ള സംസ്ഥാനമാണ് ഗുജറാത്തെന്നും അവിടുത്തെ കൊട്ടിഘോഷിക്കുന്ന 'വികസനമാതൃക' ഒരു ന്യൂനപക്ഷത്തെ മാത്രം സഹായിക്കുന്നതും മോഡിയുടെ കാലത്തിനും  മുമ്പെതന്നെ നിലനിന്നിരുന്നതുമാണെന്ന് സാമ്പത്തിക സര്‍വ്വെകള്‍ തെളിയിച്ചിട്ടുണ്ട്.  മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മധ്യവര്‍ഗ്ഗമുള്ള കേരളത്തില്‍ പോഷകാഹാരക്കുറവും ദാരിദ്ര്യവും മറ്റും യൂറോപ്യന്‍ രാജ്യങ്ങളെപ്പോലും വെല്ലുന്നവിധം കുറവാണ്. പിന്നെയെങ്ങനെയാണ് മോഡി പറയുന്ന ഗുജറാത്തിലെ മധ്യവര്‍ഗ്ഗത്തില്‍ മാത്രം ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളെ വെല്ലുന്ന രീതിയിലുള്ള പോഷകാഹാരക്കുറവ് നിലനില്‍ക്കുന്നത്.  മോഡിയുടെയും ഹിന്ദുത്വവാദികളുടെയും എല്ലാ വാദങ്ങളുടെയും സ്വഭാവം ഇങ്ങനെ അടിസ്ഥാനമില്ലാത്തതും യുക്തിക്കു നിരക്കാത്തതുമാണ്. അതുകൊണ്ടാണ് എളുപ്പം ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ കഴിയുന്ന വര്‍ഗ്ഗീയതയും മതഭീകരവാദവും അവര്‍ ആയുധമാക്കുന്നത്.

തങ്ങള്‍ക്ക് ഗുണകരമായതിനാല്‍ ഇന്ത്യയിലെ വന്‍ വ്യവസായികള്‍ നടത്തുന്ന പല മുഖ്യധാരാ മാധ്യമങ്ങളും ഈ ഫാസിസ്റ്റുകളുടെ പൊള്ളയായ വാദങ്ങള്‍ ആഘോഷിക്കുമ്പോള്‍ പൊതുസമൂഹത്തില്‍ മോഡിയുള്‍പ്പെടെയുള്ളവര്‍ സ്വീകാര്യരാവുന്നു.  കാരണം വരികള്‍ക്കിടയില്‍ വായിച്ച് സത്യം കണ്ടെത്താനുള്ള സമയമോ സൗകര്യമോ അത്താഴപട്ടിണിക്കാരായ സാധാരണക്കാര്‍ക്കില്ല.

മോഡിയുടെ മറ്റൊരഭിപ്രായം സസ്യഹാരാശീലത്തിനെതിരെയാണ്. ഗുജറാത്തികള്‍ സസ്യാഹാരികളായതിനാലാണ് പോഷകാഹാര കുറവ് നേരിടുന്നതെന്നാണ് വാദം. അങ്ങനെയെങ്കില്‍ ബുദ്ധമതക്കാരും ബ്രാഹ്മണരും എല്ലും തോലുമായിരിക്കണമല്ലോ. എന്നാല്‍ അതല്ല നമ്മള്‍ കാണുന്നത്. മറിച്ച് സസ്യേയതര ഭക്ഷണം കഴിക്കുന്ന, ഭക്ഷണം ലഭിക്കാത്ത ആഫ്രിക്കന്‍ ജനതയാണ് അങ്ങനെയിരിക്കുന്നത്.  അപ്പോള്‍ മഹാഭൂരിപക്ഷം ഗുജറാത്തികളുടെയും പ്രശ്‌നം ഭക്ഷണം ലഭിക്കായ്കയാണെന്നു വരുന്നു. ഇനി ബുദ്ധമതക്കാരനായ അശോകചക്രവര്‍ത്തിയാണ് ഇന്ത്യയില്‍ സസ്യാഹാര ശീലം പ്രോത്സാഹിപ്പിച്ചത് എന്നതുകൊണ്ടാണോ മോഡി സസ്യാഹാരത്തിനെതിരായത്.

*

മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 01 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒടുവില്‍ നരോദപാട്യകേസിന്റെ വിധിയും വന്നു. 2002 ലെ ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും നിഷ്ഠൂരമായ സംഭവമായിരുന്നു ആ കേസ്. ഇവിടെയാണ് കസുര്‍ബാനു എന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി ഗര്‍ഭസ്ഥശിശുവിനെ ശൂലത്തില്‍ കുത്തി പുറത്തെടുത്ത് ചുട്ടെരിച്ചത്. അതുമാത്രമല്ല കൊച്ചു കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച ശേഷം അവരുടെ വായയിലേക്ക് തീപ്പെട്ടിക്കോല്‍ ഉരച്ചിട്ട് യഥാര്‍ഥ മനുഷ്യബോംബ് പരീക്ഷണവും നടന്നതവിടെയാണ്. അതായത് ഫാസിസ്റ്റാചാര്യനായ ഹിറ്റ്‌ലര്‍ പോലും ചെയ്യാന്‍ മടിച്ച തരം ക്രൂരതകളാണ് ഹിറ്റ്‌ലറിനു പഠിക്കുന്ന മോഡിയുടെ കാര്‍മ്മികത്വത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ആ ശപിക്കപ്പെട്ട 2002 ഫെബ്രുവരി 28-ാം തീയതി ഗുജറാത്തില്‍ അരങ്ങേറിയത്. ഒടുവില്‍ ജീവനോടെ കത്തിക്കരിഞ്ഞത് മാത്രം 97 പേര്‍.