Wednesday, September 26, 2012

ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്

വെനിസ്വേല തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളെയും ജനങ്ങളെയും സംബന്ധിച്ച് അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടത്തിലാണ്. അമേരിക്കന്‍ ഐക്യനാടുകളും യൂറോപ്പും ഉള്‍പ്പെട്ട സാമ്രാജ്യത്വലോകവും കോര്‍പ്പറേറ്റ് ധനശക്തികളും ലോകമെമ്പാടുമുള്ള സാമ്രാജ്യവിരുദ്ധ ഇടതു-ജനാധിപത്യ ശക്തികളും ജനവിഭാഗങ്ങളും ഒരുപോലെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഒക്‌ടോബര്‍ ഏഴിന് നടക്കുന്നത്. സാമ്രാജ്യത്വത്തിനും കോര്‍പ്പറേറ്റ് ധനാധിപത്യത്തിനും എതിരെ 21-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുസമരങ്ങളുടെ കുന്തമുനയായാണ് ഇടത് ജനാധിപത്യ ശക്തികള്‍ വെനിസ്വേലയെ നോക്കിക്കാണുന്നത്. പതിനാലു വര്‍ഷങ്ങളായി തെക്കേ അമേരിക്ക ദര്‍ശിക്കുന്ന ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തെയും അതിന് ധീരോദാത്ത നേതൃത്വം നല്‍കുന്ന ഹൂഗോ ഷാവേസിനെയും തടയാനായില്ലെങ്കില്‍ അത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പ്രതിലോമ ശക്തികള്‍ തീര്‍ത്തും ബോധവാന്മാരാണ്. എന്തുവിലകൊടുത്തും ഷാവേസിനെ പരാജയപ്പെടുത്താനുള്ള തത്രപ്പാടിലാണ് അവര്‍.

തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചതുമുതല്‍ നാളിതുവരെ ദിനംപ്രതിയെന്നോണം നടക്കുന്ന തെരഞ്ഞെടുപ്പു പഠനപ്രവചനങ്ങള്‍ പ്രസിഡന്റ് ഹൂഗോ ഷാവേസ് തന്റെ എതിരാളി വലതുപക്ഷ സ്ഥാനാര്‍ഥി ഹെന്റിക് കാര്‍പിലെസിനെക്കാള്‍ വളരെയേറെ മുന്നിലാണെന്നു പ്രവചിക്കുന്നു. കാര്‍പിലെസ് തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജനസമ്മിതിയില്‍ മുന്നേറുന്നുവെന്ന് അവകാശപ്പെടുന്ന വലതുപക്ഷ മാധ്യമ പഠനങ്ങള്‍പോലും ഷാവേസ് പത്ത് ശതമാനം മുന്നിലാണെന്ന് സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുമെന്നും പ്രക്രിയ സുതാര്യമല്ലെന്നുമുള്ള ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വെനിസ്വേലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി മുന്‍ യു എസ്  പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ നടത്തിയ പരാമര്‍ശം. തെരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റതെന്നു മാത്രമല്ല അത് ലോകോത്തരമെന്നാണ് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പു നിരീക്ഷണത്തിന്റെ ഔപചാരിക ചുമതല വഹിക്കുന്ന തെക്കേ അമേരിക്കന്‍ രാഷ്ട്ര സംഘടനയായ ഉനാസോറും അതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

ലോകത്തേറ്റവുമധികം എണ്ണനിക്ഷേപമുള്ള വെനിസ്വേലയില്‍ അതില്‍ നിന്നുള്ള വരുമാനമാകെ ഷാവേസ് വോട്ടു വിലക്കെടുക്കാനായി വിനിയോഗിക്കുന്നുവെന്നാണ് മുതലാളിത്ത ലോകവും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ആരോപിക്കുന്നത്. എണ്ണ സമ്പന്നമായ രാജ്യത്ത് അതുകയ്യടക്കിവച്ചിരുന്ന എക്‌സോണ്‍, മൊബീല്‍, ഷെല്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും വെനിസ്വേല അവയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അതിനെതിരെ വിദേശകോടതിയെ സമീപിച്ച എക്‌സോണിന്റെ കേസ് പോലും തള്ളിപ്പോയി. വിദേശ കുത്തകകള്‍ കടത്തിക്കൊണ്ടുപോയിരുന്ന എണ്ണയുടെ ലാഭം ഇന്ന് വന്‍തോതില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു.

ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ ഭക്ഷ്യവസ്തുക്കളടക്കം നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് വിതരണം ചെയ്യുന്ന ന്യായവിലഷാപ്പുകള്‍, രാജ്യവ്യാപകമായ സൗജന്യ സാക്ഷരതാ - വിദ്യാഭ്യാസ പരിപാടി, സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതികള്‍, ഭൂപരിഷ്‌ക്കരണ നടപടികള്‍, ഭവന നിര്‍മാണ പദ്ധതികള്‍, ദേശീയ റെയില്‍വെ സംവിധാനം എന്നിവയ്ക്കായി ഖജനാവില്‍ നിന്നു ചെലവഴിക്കുന്ന പണത്തെയാണ് വോട്ടുവിലക്കെടുക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാനും ചിത്രീകരിക്കാനും ശ്രമിക്കുന്നത്.
1998 ല്‍ ഷാവേസ് വിജയിച്ച തെരഞ്ഞെടുപ്പിനുമുമ്പ് വെനിസ്വേലയില്‍ അതിസമ്പന്നര്‍ നിയന്ത്രിച്ചിരുന്ന സ്വേച്ഛാധിപത്യ ഭരണസംവിധാനമാണ് നിലനിന്നിരുന്നത്. അമേരിക്കന്‍ കമ്പനികള്‍ എണ്ണ സമ്പത്തിന്റെ സിംഹഭാഗവും കടത്തിക്കൊണ്ടുപോയിരുന്നു. റോയല്‍റ്റി ഇനത്തില്‍ ലഭിച്ചിരുന്ന തുച്ഛമായ തുകകള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിനാണ് ഉപയോഗിച്ചിരുന്നത്. എണ്ണക്കു പുറമെ രാജ്യത്ത് ഉല്‍പാദിപ്പിച്ചിരുന്ന ധാതുക്കള്‍, പഴങ്ങള്‍, പഞ്ചസാര എന്നിവയെല്ലാം അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് മൊത്തമായി കയറ്റുമതി ചെയ്തിരുന്നു. അവ മൂല്യവര്‍ധിത വസ്തുക്കളാക്കി തിരിച്ച് ഇറക്കുമതി ചെയ്യുന്ന കൊള്ളയാണ് തുടര്‍ന്നുവന്നിരുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട കോളനിവാഴ്ച ജനങ്ങളെ നിരക്ഷരരും അടിമകളും ദരിദ്രരുമാക്കി മാറ്റി.

1989 ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കാര്‍ലോസ് ആന്ദ്രേസ് പെരസിനെതിരെ ജനങ്ങള്‍ കലാപം ആരംഭിച്ചു. സൈന്യവും പൊലീസും ജനകീയ വിപ്ലവത്തെ അക്ഷരാര്‍ഥത്തില്‍ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. അടിച്ചമര്‍ത്തലില്‍ ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടു. മരിച്ചവരെപ്പറ്റി കൃത്യമായ കണക്കുകള്‍പോലും പുറത്തുവന്നില്ല. 1992 ല്‍ യുവ സൈനിക ലഫ്റ്റനന്റ് കേണലായിരുന്ന ഹൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ സൈനിക കലാപം പൊട്ടിപ്പുറപ്പെട്ടെങ്കിലും അത് പരാജയപ്പെട്ടു. പിടിക്കപ്പെടാതെ രക്ഷപ്പെട്ട ഷാവേസ് അതേവര്‍ഷം തന്നെ രണ്ടാമതും പട്ടാള വിപ്ലവത്തിന് ഒരുമ്പെട്ട് അറസ്റ്റിലായി. തടവിലായ ഷാവേസിന്റെ ജനകീയ പിന്തുണയും ഭരണകൂട ദൗര്‍ബല്യങ്ങളും 1994 ല്‍ അദ്ദേഹത്തെ ജയില്‍ വിമോചിതനാക്കി. അത് തങ്ങളുടെ ഏറ്റവും വലിയ വിഡ്ഢിത്തമായാണ് മുന്‍ ഭരണവൃത്തങ്ങളും അതിനെ താങ്ങിനിര്‍ത്തിയിരുന്ന സി ഐ എ യും ഖേദപൂര്‍വം കണക്കാക്കുന്നത്.
1998 ല്‍ ഷാവേസ് വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ഭരണഘടനതന്നെ മാറ്റിയെഴുതി തെരഞ്ഞെടുപ്പ് നടത്തി വീണ്ടും അധികാരത്തില്‍ വന്ന ഷാവേസ് രാജ്യത്ത് ജനാധിപത്യത്തിന്റെ യുഗപ്പിറവിക്ക് നേതൃത്വം നല്‍കി. 2002 ല്‍ ഫെബ്രുവരിയില്‍ അമേരിക്കന്‍ പിന്തുണയോടെ നടന്ന അട്ടിമറിയില്‍ ഷാവേസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. തലസ്ഥാന നഗരമായ കാരകാസിലും രാജ്യത്തെമ്പാടും തെരുവിലിറങ്ങിയ ജനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഷാവേസിനെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തിരിച്ചെത്തിച്ച് അധികാരത്തില്‍ പുനഃസ്ഥാപിച്ചു.

2008 ല്‍ അമേരിക്കന്‍ പിന്തുണയോടെ എണ്ണ കമ്പനി മാനേജര്‍മാര്‍ വന്‍സാമ്പത്തിക അട്ടിമറിക്ക് നേതൃത്വം നല്‍കി. എണ്ണ ശുദ്ധീകരണശാലകളിലെ കമ്പ്യൂട്ടറുകളിലും പൈപ്പ്‌ലൈനുകളിലും അട്ടിമറി നടത്തിയാണ് അവര്‍ ഇത്തവണ തിരിച്ചടിച്ചത്. തല്‍ഫലമായി ദേശീയ സമ്പദ്ഘടന ഒമ്പതുശതമാനം കണ്ട് ചുരുങ്ങി. തൊഴിലില്ലായ്മ 15-22 ശതമാനം കണ്ട് വര്‍ധിച്ചു. ആയിരക്കണക്കിനു തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. ഇതുമൂലം രാഷ്ട്രത്തിന്റെ മൊത്തം നഷ്ടം 14,000 കോടി ഡോളറാണെന്നു കണക്കാക്കുന്നു.
എണ്ണക്കിണറുകള്‍, റിഗ്ഗുകള്‍, ശുദ്ധീകരണ ശാലകള്‍, കമ്പ്യൂട്ടറുകള്‍, ഇലക്‌ട്രോണിക് നിയന്ത്രണസംവിധാനങ്ങള്‍, പൈപ്പുലൈനുകള്‍ എന്നിവയുടെ ചുമതല വഹിച്ചിരുന്ന 18000 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. വൈദഗ്ധ്യമുള്ള അവരുടെ അഭാവത്തില്‍ എണ്ണ വ്യവസായം തകരുമെന്നു കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് സാധാരണ തൊഴിലാളികള്‍ വ്യവസായത്തെ തിരികെ പ്രവര്‍ത്തനക്ഷമമാക്കി.

തുടര്‍ന്നാണ് ഷാവേസ് എണ്ണ, ബാങ്ക്, ഓഹരി വിപണി, സെന്‍ട്രല്‍ ബാങ്ക്, സ്റ്റീല്‍, അലുമിനിയം, ഖനികള്‍ തുടങ്ങി തന്ത്രപ്രധാന മേഖലകളാകെ ജനകീയ നിയന്ത്രണത്തിലാക്കിയത്. തന്ത്രപ്രധാന സാമ്പത്തിക മേഖലകള്‍ നിയന്ത്രണത്തിലാക്കിയ ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് ഗവണ്‍മെന്റ് തങ്ങളുടെ നിയന്ത്രണത്തിലുള്ള സമ്പത്ത് വിപുലമായ ജനക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിക്കാനാരംഭിച്ചു. അമേരിക്കയുടെയും കോര്‍പ്പറേറ്റുകളുടെയും നിയന്ത്രണത്തിലായിരുന്ന തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്കാകെ നവോന്മേഷവും പ്രതീക്ഷയും നല്‍കിയ മുന്നേറ്റത്തിനാണ് ഇന്ന് വെനിസ്വേല നേതൃത്വം നല്‍കുന്നത്.

ഇതിനിടെ കാന്‍സര്‍ ബാധിതനായ ഷാവേസിന് നേതൃത്വത്തില്‍ തുടരാനാവില്ലെന്ന് പ്രതിയോഗികള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ക്യൂബയില്‍ ലഭിച്ച വിദഗ്ധ ചികിത്സയെ തുടര്‍ന്ന് ഷാവേസ് തെരഞ്ഞെടുപ്പ് രംഗത്ത് വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയത് എതിരാളികളെ അമ്പരപ്പിക്കുക തന്നെ ചെയ്തു.

*
രാജാജി മാത്യു തോമസ് ജനയുഗം 26 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വെനിസ്വേല തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളെയും ജനങ്ങളെയും സംബന്ധിച്ച് അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടത്തിലാണ്. അമേരിക്കന്‍ ഐക്യനാടുകളും യൂറോപ്പും ഉള്‍പ്പെട്ട സാമ്രാജ്യത്വലോകവും കോര്‍പ്പറേറ്റ് ധനശക്തികളും ലോകമെമ്പാടുമുള്ള സാമ്രാജ്യവിരുദ്ധ ഇടതു-ജനാധിപത്യ ശക്തികളും ജനവിഭാഗങ്ങളും ഒരുപോലെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഒക്‌ടോബര്‍ ഏഴിന് നടക്കുന്നത്. സാമ്രാജ്യത്വത്തിനും കോര്‍പ്പറേറ്റ് ധനാധിപത്യത്തിനും എതിരെ 21-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുസമരങ്ങളുടെ കുന്തമുനയായാണ് ഇടത് ജനാധിപത്യ ശക്തികള്‍ വെനിസ്വേലയെ നോക്കിക്കാണുന്നത്. പതിനാലു വര്‍ഷങ്ങളായി തെക്കേ അമേരിക്ക ദര്‍ശിക്കുന്ന ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തെയും അതിന് ധീരോദാത്ത നേതൃത്വം നല്‍കുന്ന ഹൂഗോ ഷാവേസിനെയും തടയാനായില്ലെങ്കില്‍ അത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പ്രതിലോമ ശക്തികള്‍ തീര്‍ത്തും ബോധവാന്മാരാണ്. എന്തുവിലകൊടുത്തും ഷാവേസിനെ പരാജയപ്പെടുത്താനുള്ള തത്രപ്പാടിലാണ് അവര്‍.