Saturday, September 1, 2012

മാറാട് കൂട്ടക്കൊല: ഹൈക്കോടതി വിധി വിരല്‍ ചൂണ്ടുന്നത്

രണ്ടാം മാറാട് കലാപം എന്ന് വിശേഷിപ്പിക്കുന്ന മാറാട് കൂട്ടക്കൊലയില്‍ വിചാരണ കോടതി വിട്ടയച്ച 24 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി ശിക്ഷിച്ചിരിക്കുന്നു. ജീവപര്യന്തവും കാല്‍ലക്ഷം രൂപവീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ 63 പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ട മാറാട് സ്പെഷ്യല്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഈ വിധിയുണ്ടായിരിക്കുന്നത്. നേരത്തെ വിചാരണക്കോടതി ശിക്ഷിച്ച 63 പേരുടെയും ശിക്ഷ ഹൈക്കോടതി ശരിവെച്ചിരിക്കുകയുമാണ്. ഇതില്‍ 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു. ഇവരുടെ അപ്പീല്‍ തള്ളിയ കോടതി ഇതില്‍ 14 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ അപ്പീലും തള്ളി. ആഗസ്ത് 17ന്റെ ഹൈക്കോടതി വിധിയോടെ മാറാട് കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 87 ആയിരിക്കുകയാണ്. ഇത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍തന്നെ സവിശേഷ ശ്രദ്ധ നേടിയ കേസും വിധിയുമാണ്. ആകെ 148 പ്രതികളുള്ള മാറാട് കേസില്‍ സ്പെഷ്യല്‍ കോടതിയില്‍ വിചാരണ നേരിട്ടത് 139 പേരായിരുന്നു. പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം കുറ്റവാളികളാവണമെന്നില്ല. ജസ്റ്റിസ്മാരായ എം. ശശിധരന്‍നമ്പ്യാര്‍, പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ വിധി പ്രസ്താവനയില്‍ മാറാട് കൂട്ടക്കൊലയ്ക്കുത്തരവാദികളായ യഥാര്‍ത്ഥ കുറ്റവാളികളെ ഇതുവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന അത്യന്തം ഗൗരവാവഹമായ നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. 2003 മെയ് 2ന് മാറാട് എന്ന തീരദേശ ഗ്രാമത്തെയാകെ രക്തപങ്കിലമാക്കിയ കൂട്ടക്കൊലയുടെ ആസൂത്രണവും അതിന് പിറകില്‍ നടന്ന ഗൂഢാലോചനയും ആഴത്തില്‍ വേരുകളുള്ളതും ഉന്നതര്‍ പങ്കാളികളായതുമാണെന്നുമാണ് ഡിവിഷന്‍ ബഞ്ച് വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്. ഗൂഢാലോചന തെളിയിക്കാന്‍ ഉചിതമായ അന്വേഷണം നടത്തുന്നകാര്യത്തില്‍ കുറ്റകരമായ അനാസ്ഥയുണ്ടായതായും വിധി പ്രസ്താവന നിരീക്ഷിക്കുന്നു. തൃപ്തികരമായ അന്വേഷണം നടന്നില്ലെന്നും അപ്രധാന പ്രതികളെ മാത്രമാണ് കേസില്‍ കുടുക്കിയതെന്നുമുള്ള ഹൈക്കോടതി പരാമര്‍ശം അത്യന്തം ഗൗരവമുള്ളതാണ്.
ഹൈക്കോടതി വിധി മാറാട് കൂട്ടക്കൊലയുടെ കാലത്തെ യു.ഡി.എഫ് സര്‍ക്കാരിനെതിരായ ഒരു കുറ്റപത്രം കൂടിയാണ്. 9പേര്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട 2-ാം മാറാട് കലാപം നടന്നത് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് ഭരണകാലത്താണ്. സമകാലീന കേരള ചരിത്രത്തില്‍ ഇത്രയും നിഷ്ഠൂരമായൊരു വര്‍ഗ്ഗീയാക്രമണം ഉണ്ടായിട്ടില്ല. ഒരു വൈകുന്നേരം നല്ല പരിശീലനം ലഭിച്ച തീവ്രവാദികളുടെ അക്രമണത്തില്‍ 9പേര്‍ കൊലചെയ്യപ്പെട്ടു എന്നത് അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. തുടര്‍ന്നുണ്ടായ അനിഷ്ടകരമായ സംഭവവികാസങ്ങള്‍ കേരളീയ സമൂഹത്തെയാകെ വര്‍ഗീയവല്‍ക്കരിക്കുവാനായി ഹിന്ദുമുസ്ലീം വര്‍ഗീയവാദികള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചു എന്നതും സമകാലീന ചരിത്രമാണ്. ഇടതുപക്ഷ മതേതര ശക്തികളുടെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളാണ് സ്ഫോടനാത്മകമായ ഈയൊരു സ്ഥിതി വിശേഷത്തെ അതിജീവിക്കാന്‍ മലയാളികളെ സഹായിച്ചത്. മാറാട് കൂട്ടക്കൊല ഒരു യാദൃച്ഛികതയോ സ്വാഭാവികമായി വളര്‍ന്നുവന്ന ഏറ്റുമുട്ടലിന്റെ ഭാഗമോ ആയിരുന്നില്ല.അത് സമൂഹമനസ്സിന്റെ അകത്തളങ്ങളില്‍ മതവൈരവും ധ്രുവീകരണവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഒന്നായിരുന്നു. മാറാട് കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നിരീക്ഷിച്ചിട്ടുള്ളതുപോലെ ഉന്നതര്‍ പങ്കാളിയായ ഗൂഢാലോചന ഈ കലാപത്തിന് പുറകിലുണ്ട്. ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ കൂട്ടക്കൊലയ്ക്ക് പിറകിലെ ഗൂഢാലോചന, തീവ്രവാദി ബന്ധം, സ്ഫോടക വസ്തുക്കളുടെ ശേഖരണം, ധനസ്രോതസ്സ് എന്നിവ കേന്ദ്ര അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. 2006 ഫെബ്രുവരി മാസമാണല്ലോ ജുഢീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ മുകളില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ഹൈക്കോടതി വിധിയോടെ യു.ഡി.എഫ് സര്‍ക്കാര്‍ മാറാട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഉന്നതരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കാര്യമാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഹൈക്കോടതി വിധി. കൂട്ടക്കൊലയ്ക്ക് പിറകില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും തൃപ്തികരമായ അന്വേഷണം നടന്നില്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച യു.ഡി.എഫ് ഭരണത്തിന് നേരെയാണ് വിരല്‍ചൂണ്ടുന്നത്. ഗൂഢാലോചനെയക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം തകിടംമറിച്ചത് ഉമ്മന്‍ചാണ്ടി - കുഞ്ഞാലിക്കുട്ടി അച്ചുതണ്ടാണ്. കേരളത്തെ ഞെട്ടിപ്പിച്ച മാറാട് കൂട്ടക്കൊലയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പേര്‍ട്ടിനുമേല്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടിയെടുക്കാതെവെച്ചു. 2006 മെയ് മാസത്തില്‍ അധികാരത്തില്‍വന്ന എല്‍.ഡി.എഫ് മന്ത്രിസഭ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്താനാവശ്യമായ നടപടികള്‍ക്ക് തീരുമാനിക്കുകയും ചെയ്തു. 2006 സെപ്തംബര്‍ 12 ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ മറുപടി കിട്ടിയതിന് ശേഷം വീണ്ടും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആവശ്യപ്പെട്ടു. അതും നിരാകരിക്കപ്പെടുകയാണുണ്ടായത്. ഇതിന് പിറകില്‍ കേരളത്തില്‍നിന്നുള്ള മുസ്ലീം ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദവും ഉന്നതരുടെ ഇടപെടലുമായിരുന്നു. നിസ്സാരമായ എത്രയോ കേസുകള്‍ സി.ബി.ഐ അന്വേഷണമേറ്റെടുത്ത അനുഭവമുള്ളപ്പോഴാണ് മാറാട് കേസില്‍ കേന്ദ്രസര്‍ക്കാര്‍ വിചിത്രവും ഉന്നത കുറ്റവാളികളെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കുന്നതുമായ നിലപാട് സ്വീകരിച്ചത്.

ഈയൊരു സാഹചര്യത്തിലാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ പരിമിതിക്കകത്തുനിന്നുകൊണ്ട് മാറാട് കൂട്ടക്കൊലയ്ക്ക് പുറകിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ മുസ്ലീം ലീഗിന്റെ ഉന്നത നേതാക്കള്‍ക്കുള്ള പങ്ക് കണ്ടെത്തുകയും അവരെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്ത് വരുമ്പോഴാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്.പി സി.എം. പ്രദീപ്കുമാറിനെ യു.ഡി.എഫ് സര്‍ക്കാര്‍ ചുമതലയില്‍നിന്ന് ഒഴിവാക്കിയത്. മാറാട് കേസന്വേഷണം അട്ടിമറിക്കുന്ന നടപടിയായിരുന്നു ഇത്. ഇപ്പോള്‍ ഹൈക്കോടതി വിധിയിലൂടെ കേസന്വേഷണം അട്ടിമറിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ കുറ്റകരമായ കളികളാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ സി.ബി.ഐ അന്വേഷണത്തെ കുഞ്ഞാലിക്കുട്ടി ശക്തമായി എതിര്‍ത്തിരുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിക്കും മുസ്ലീം ലീഗിന്റെ ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി പി.പി.മൊയ്തീന്‍ കോയക്കും ഈ തീവ്രവാദി അക്രമണത്തക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിഷ്ഠൂരമായ ഈ കൂട്ടക്കൊലയ്ക്ക് പണമെത്തിച്ചുകൊടുത്ത എഫ്.എം എന്ന് വിളിക്കുന്ന ഉന്നതനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് അക്കാലത്തെ യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ട് ഉന്നതരുടെ പങ്കിനെക്കുറിച്ചും സൂചനയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ജുഡീഷ്യല്‍ കമ്മീഷന്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്തത്. എന്നാല്‍ സി.ബി.ഐ അന്വേഷണം ഒരു വിധത്തിലും അനുവദിക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് -മുസ്ലീംലീഗ് നേതൃത്വം തുടക്കംമുതല്‍ എടുത്തത്. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങിയാണ് ഭീകരമായ ഈ കൂട്ടക്കൊലയെക്കുറിച്ചും അതിന് പിറകിലെ ഗൂഢാലോചനയെക്കുറിച്ചുമുള്ള അന്വേഷണം മുമ്പ് എ.കെ.ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും അട്ടിമറിച്ചത്. ലീഗിന്റെ പച്ചയായ ഭീഷണിക്ക് വഴങ്ങിയാണ് മാറാട് കേസന്വേഷണം തുടക്കം മുതല്‍ക്കേ അട്ടിമറിക്കപ്പെട്ടത്. 2003ല്‍ എ.കെ.ആന്റണി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തില്‍നിന്ന് പിന്മാറിയതും 2006ല്‍ ഉമ്മന്‍ചാണ്ടി മാറാട് കമ്മീഷന്‍ റിപ്പോര്‍ട്ടിന് മേല്‍ ഒരു നടപടിയുമെടുക്കാതെ റിപ്പോര്‍ട്ട് പൂഴ്ത്തിയതും ലീഗിന്റെ ഭീഷണിമൂലമാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. സി.ബി.ഐ അന്വേഷണം കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ഈകൂട്ടക്കൊലയില്‍ ലീഗ് നേതാക്കള്‍ക്കുള്ള പങ്കും ലീഗ് രാഷ്ട്രീയത്തിന് പിറകില്‍കളിക്കുന്ന ക്രിമിനല്‍ മൂലധന ശക്തികളുടെ പങ്കും പുറത്തുകൊണ്ടുവരുമെന്ന ഭയമാണ് ലീഗ് നേതാക്കള്‍ക്കുള്ളത്. ഇപ്പോള്‍ ഹൈക്കോടതി ശിക്ഷിച്ചവരില്‍ ലീഗിന്റെ ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ മൊയ്തീന്‍ കോയയുമുണ്ട്. ജൂഡീഷ്യല്‍ കമ്മീഷനുമുമ്പ് മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള ഗൂഢാലോചന തനിക്ക് അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തിയ എം.സി.മായിന്‍ഹാജിയെ പ്രതിചേര്‍ക്കാമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മാറാടും പരിസരത്തും നടന്ന ഭൂമി ഇടപാടുകളും കൂട്ടക്കൊലയ്ക്കുള്ള ഗൂഢാലോചനയും അതില്‍ ലീഗ് നേതാവ് എം.സി മായിന്‍ഹാജിയെപ്പോലുള്ളവരുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്.

മാറാട്ടെ രണ്ട് കലാപങ്ങളും നടന്നത് യു.ഡി.എഫ് ഭരണകാലത്താണ്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുകയും മനുഷ്യമനസ്സുകളുടെ അകത്തളങ്ങളില്‍ വിദ്വേഷം വളര്‍ത്തുകയും എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ് ഈ കലാപങ്ങളെല്ലാം. കോഴിക്കോടിന്റെ ചിരപുരാതനമായ സമുദായമൈത്രിക്കും മതസൗഹാര്‍ദ്ദത്തിനും മായ്ച്ചുകളയാനാവാത്ത കളങ്കമേല്‍പ്പിച്ച സംഭവങ്ങളായിരുന്നു മാറാട് കലാപം. 14 മനുഷ്യജീവനുകളെ നഷ്ടപ്പെടുത്തുകയും അനേകം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കലാപത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ ശ്രമിച്ചത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ആഗസ്ത് 17ന്റെ വിധിപ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയിരുക്കുന്നത്. കൂട്ടക്കൊലക്ക് പിറകിലെ ആഴമേറിയ ഗൂഢാലോചനയും ഉന്നതരുടെ ബന്ധവും പുറത്തുകൊണ്ടുവരണമെന്നാണ് കോടതി വിധിയുടെ അസന്ദിഗ്ദമായ അന്തര്‍ഗതം.

കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിനും വ്യത്യസ്ത ജനസമൂഹങ്ങളുടെ സൗഹാര്‍ദ്ദ പൂര്‍ണമായ ജീവിതത്തിനും ആഴത്തില്‍ മുറിവേല്‍പ്പിച്ച മാറാട് കലാപത്തിനുത്തരവാദികളായവരെ നിയമിത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഹൈക്കോടതി വിധിയുടെ ഭാഷയും ധ്വനിയും വ്യക്തമാക്കുന്നതുപോലെ ഇനിയും മടിച്ചുനില്‍ക്കാതെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നപോലെ ഇപ്പോഴത്തെ കോടതി വിധിയെയും അവഗണിച്ച് മാറാട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിച്ച് നിര്‍ത്താനാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭമുയര്‍ത്താന്‍ മതനിരപേക്ഷ ശക്തികള്‍ മുന്നോട്ടുവരണം.

*
ടി പി രാമകൃഷ്ണന്‍ ചിന്ത 25 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം മാറാട് കലാപം എന്ന് വിശേഷിപ്പിക്കുന്ന മാറാട് കൂട്ടക്കൊലയില്‍ വിചാരണ കോടതി വിട്ടയച്ച 24 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി ശിക്ഷിച്ചിരിക്കുന്നു. ജീവപര്യന്തവും കാല്‍ലക്ഷം രൂപവീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ 63 പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ട മാറാട് സ്പെഷ്യല്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഈ വിധിയുണ്ടായിരിക്കുന്നത്. നേരത്തെ വിചാരണക്കോടതി ശിക്ഷിച്ച 63 പേരുടെയും ശിക്ഷ ഹൈക്കോടതി ശരിവെച്ചിരിക്കുകയുമാണ്. ഇതില്‍ 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു. ഇവരുടെ അപ്പീല്‍ തള്ളിയ കോടതി ഇതില്‍ 14 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ അപ്പീലും തള്ളി.