Friday, August 31, 2012

നമുക്ക് ജാതിയില്ല

തൊണ്ണൂറ്റാറ് സംവത്സരങ്ങള്‍ക്ക് (1916-ല്‍) മുന്‍പ് ആലുവ അദൈ്വതാശ്രമത്തില്‍ സുപ്രധാനമായ ഒരു പ്രഖ്യാപനമുണ്ടായി അത് ഇങ്ങനെയാണ്:

ഒരു വിളംബരം
ആലുവ (1091 ഇടവം 15)

നാം ജാതിമതഭേദമായിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനുവിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു.
നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമികളായി വരത്തക്കവിധം ആലുവാ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ  എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

എന്ന്
ശ്രീനാരായണഗുരു

96 - വര്‍ഷം മുന്‍പ് ശ്രീനാരായണഗുരു ഇത് ലോകത്തോടു വിളംബരം ചെയ്തു. ഈ വിളംബരത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ നമുക്ക് എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. മഹാത്മാക്കളുടെ കാര്യത്തില്‍ രണ്ട് ദിവസം ഔദാര്യപൂര്‍വ്വം നാം നീക്കിവയ്ക്കുന്നു. ഒന്ന് അവരുടെ ജന്മദിനവും മറ്റൊന്ന് അവരുടെ ചരമദിനവും. ഗുരുവിന്റെ കാര്യത്തിലാവുമ്പോള്‍ അത് സമാധിദിനമാവുന്നു.

ഈയിടെയായി ശിവഗിരിയുടെ പ്രാധാന്യം കുറയുന്നുവെന്നും ഗുരുവിനെപ്പറ്റി വസ്തുതാപരമല്ലാത്ത പ്രചരണങ്ങള്‍ നടക്കുന്നുവെന്നും പലരും പരാതിപ്പെടുന്നുണ്ട്. 'ഇന്ത്യ ഗാന്ധിജിക്ക് ശേഷം' എന്ന രാമചന്ദ്രഗുഹയുടെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌ക്കാരം നേടിയ ഗ്രന്ഥത്തില്‍ ശ്രീനാരായണനെ ഒരു പ്രത്യേക വിഭാഗക്കാരുടെ നേതാവായി മാത്രം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ആക്ഷേപം. കേരള സാഹിത്യഅക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് കിട്ടിയതും  ശ്രീനാരായണനെ കേന്ദ്രബിന്ദുവാക്കി എഴുതിയതെന്നും അവകാശപ്പെടുന്ന നോവലില്‍ അദ്ദേഹത്തിന്റെ അവസാനകാലം അയഥാര്‍ഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പരാതി.

പ്രസിദ്ധ അധ്യാപകനും ഗ്രന്ഥകാരനും ചരിത്രഗവേഷകനും കോളമിസ്റ്റുമൊക്കെയായ രാമചന്ദ്രഗുഹ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെ കേരളത്തെപ്പറ്റി വിവരിക്കുമ്പോഴാണ് ശ്രീനാരായണഗുരുവിനെപ്പറ്റി ഒരു തെറ്റായ പരാമര്‍ശം ഉണ്ടെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. സമുദായ സംഘടനകള്‍ ആ കാലഘട്ടത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചതിനെ ഇങ്ങനെ എഴുതുന്നു. ''കേരളത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ച മിഷനറിമാരെ വെല്ലുവിളിച്ചുകൊണ്ട് സമകാലീനരായ മറ്റ് നാടുവാഴികളേക്കാള്‍ പുരോഗമനവാദികളായ ഇവിടുത്തെ രാജാക്കന്മാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. നായര്‍ സര്‍വ്വീസ് സൊസൈറ്റിയെപ്പോലെ ഊര്‍ജ്ജസ്വലമായ ജാതിസംഘടനകളാണ് സ്‌കൂള്‍ തുടങ്ങാന്‍ മുന്നോട്ടുവന്നത്. എന്‍എസ്എസ് പ്രതിനിധാനം ചെയ്തത് ഭൂ ഉടമകളെയായിരുന്നു. ................ആചാരപരമായ ശ്രേണിയില്‍ താഴ്ന്നതായി ഗണിക്കപ്പെട്ടിട്ടുള്ള ഈഴവരുടെ കുലത്തൊഴില്‍ കള്ളുചെത്തായിരുന്നു. ഈഴവരുടെ ഇതിഹാസനായകനായ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള  ശ്രീ ധര്‍മ്മപരിപാലന സംഘവും അതില്‍ ഉള്‍പ്പെടുന്നു. അവരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ക്ഷേമത്തിനും കാരുണ്യപ്രവര്‍ത്തനത്തിനുമായി സൊസൈറ്റികള്‍ രൂപീകരിച്ചിരുന്നു.'' ഇത്രയുമാണ് രാമചന്ദ്രഗുഹ തന്റെ ബൃഹദ്ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ( പേജ് 375)

ശ്രീനാരായണനെ ഇതിഹാസ നായകനായിട്ടാണ് രാമചന്ദ്രഗുഹ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈഴവരുടെ കുലത്തൊഴില്‍ കള്ളുചെത്തായിരുന്നുവെന്ന് എങ്ങനെയോ അദ്ദേഹം ധരിച്ചിരിക്കുന്നു. അതുകൊണ്ട് കള്ളുചെത്തുകാരുടെ നേതാവാണ് ശ്രീനാരായണനെന്ന് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചിരിക്കാനിടയില്ല. ധാരാളം വിവരങ്ങള്‍ ശേഖരിച്ച അദ്ദേഹം ഈഴവരെപ്പറ്റിയുള്ള യഥാര്‍ഥ വിവരം അറിയാന്‍ ശ്രമിച്ചിട്ടില്ല എന്നത് ദുഖകരമാണ്. കള്ളുചെത്തുന്നവരില്‍ ഇന്നും ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ ഉണ്ടായിരിക്കാം.
നല്ല കൃഷിക്കാരായിട്ടാണ് ചില ചരിത്രകാരന്മാര്‍  ഈഴവരെ ചിത്രീകരിച്ചിരിക്കുന്നത്. ഈ വിശദാംശങ്ങളിലേക്കൊന്നും അദ്ദേഹം ആഴ്ന്നിറങ്ങിയില്ല എന്നത് സത്യം. ഗ്രന്ഥത്തിലെ ഈ പരാമര്‍ശം കൊണ്ടും ശ്രീനാരായണഗുരുവിന്റെ മഹത്വവും  ഇതിഹാസ സമാനമായ അദ്ദേഹത്തിന്റെ  ജീവിതവും ആരും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയില്ല. മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ട് തന്റെ ദര്‍ശനം രൂപപ്പെടുത്തിയ ഗുരു ഇതിനെല്ലാം എത്രയോ ഉയരെയാണ്.

നമുക്ക് ധാരാളം ഋഷീശ്വരന്മാരും ഗുരുക്കന്മാരുമൊക്കെയുണ്ട്. അവരാരും തന്നെ മനുഷ്യന് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമേ ഉള്ളുവെന്ന് ഇത്ര ശക്തമായി പറഞ്ഞിട്ടില്ല. അഞ്ച് ഭൂഖണ്ഡങ്ങളിലുമുള്ള  നിറത്തിലും ഭാഷയിലും വൈജാത്യമുള്ള എല്ലാ ജനങ്ങള്‍ക്കും സ്വീകാര്യമായ തത്വമാണ് ശ്രീനാരായണഗുരു ലോകത്തിന് നല്‍കിയത്.

നിര്‍ഭാഗ്യവശാല്‍ ജാതിയുടെ വേലിക്കെട്ടിനുള്ളിലൊതുക്കാന്‍ നടക്കുന്നവരുടെ ശ്രമമാണ് അപലപിക്കപ്പെടേണ്ടത്. ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും പറ്റി പുറം ലോകത്തിനെ അറിയിക്കാന്‍ എന്തൊക്കെയാണ് ഗുരുവിന്റെ പേരില്‍ ചെയ്തിട്ടുള്ളത്. ശിവഗിരി ഒരു ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. അതുകൊണ്ടുമായില്ല. ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും പറ്റി ആഴത്തിലുള്ള പഠനങ്ങള്‍ കുറഞ്ഞത് ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കെങ്കിലും പ്രസിദ്ധീകരിക്കേണ്ടതാണ്. അങ്ങനെയായിരുന്നുവെങ്കില്‍ രാമചന്ദ്രഗുഹയെപ്പോലുള്ളവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുമായിരുന്നു.

ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുകയുണ്ടായി. ശിവഗിരിയിലെ സ്വാമിമാര്‍ തമ്മില്‍ കലഹിക്കാതെ അവരില്‍ കഴിവുള്ളവര്‍  ഉത്തരേന്ത്യയിലേക്ക് പോകണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആലേഖനം ചെയ്ത പോസ്റ്ററുകളും ഗുരുവിന്റെ ദര്‍ശനത്തിന്റെയും കുമാരനാശാന്‍ രചിച്ച ദുരവസ്ഥയുടെയുമൊക്കെ പരിഭാഷകള്‍  ഹിന്ദിയിലും മറ്റും വിവര്‍ത്തനം ചെയ്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ കൈകളിലേക്ക് സ്വാമിമാര്‍ എത്തിക്കണം. ബ്രഹ്മവിദ്യാലയത്തില്‍ നിന്ന് സംസ്‌കൃതം പഠിച്ചിട്ടുള്ളവരാണ് സ്വാമിമാര്‍ എല്ലാവരും എന്ന് കരുതാം. സംസ്‌കൃതവും ഹിന്ദി ലിപികളും തമ്മില്‍ സാമ്യമുണ്ടായതിനാല്‍ ഹിന്ദി പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഉത്തരേന്ത്യയിലെ സ്വാമിമാരോട് ഇവിടുത്തേക്കാളേറെ ആദരവുണ്ടാവാനാണിട. യുപിയിലും ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ആശ്രമം സ്ഥാപിക്കാനും സ്ഥലം കിട്ടാനും ബുദ്ധിമുട്ടുണ്ടാവുകയില്ല.

മുന്‍ ലോക്‌സഭാസ്പീക്കറായ സോമനാഥ് ചാറ്റര്‍ജി കൊല്ലത്ത് വന്നപ്പോള്‍ ശ്രീനാരായണഗുരുവിന്റെ ഒരു പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കണമെന്ന് അദ്ദേഹത്തോട് നേരിട്ട് അഭ്യര്‍ഥിക്കുകയും അത് സംബന്ധിച്ച്  അപേക്ഷസമര്‍പ്പിക്കുകയും ചെയ്തു. അത് ആലോചിക്കാമെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചതുമാണ്. പിന്നീട് ഈ ആവശ്യവുമായി മുന്നോട്ടുപോകാന്‍ മറ്റാരും തയ്യാറായിട്ടില്ല. അരുവിപ്പുറത്ത് ഗുരു സ്ഥാപിച്ച ക്ഷേത്രനടയില്‍ എഴുതിവച്ച വരികള്‍ ഈ പ്രതിമയ്ക്ക് അടിയില്‍ കൊടുത്തിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേനവാഴുന്ന മാതൃകാഗേഹമാണിവിടം' എന്ന വരികള്‍ ഇന്ത്യപ്പോലെ ഒരു രാജ്യത്ത് എത്രയോ പ്രസക്തമാണ്. ഗുരുവിനെപ്പറ്റി ലോകത്തെ അറിയിക്കാനുള്ള ബാധ്യത സന്യാസിമാര്‍ക്കുണ്ട് എന്ന് പലതവണ അവരുടെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള ഞാന്‍ എന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണോ എന്തോ ഇപ്പോള്‍ സമ്മേളനങ്ങള്‍ക്ക് ക്ഷണിക്കാത്തത്.

സമ്മേളനത്തില്‍ മന്ത്രിമാരെയും പ്രാസംഗികരെയും ക്ഷണിക്കുന്നതില്‍ ജാതീയത കടത്തിവിടുന്നതായിട്ടാണ് കാണുന്നത്. ശ്രീനാരായണീയനു പകരം ശ്രീനാരായണീയനും ശിവഗിരിക്കുപകരം ശിവഗിരിയും മാത്രമേ ഉള്ളൂ. ആരൊക്കെ ദുഷ്പ്രചരണം നടത്തിയാലും അതിനെയെല്ലാം അസ്ഥപ്രജ്ഞമാക്കാന്‍ കഴിയുന്ന ഗുരുവിന്റെ ദര്‍ശനങ്ങള്‍ മനുഷ്യരുടെ, വിശേഷിച്ചും അടിച്ചമര്‍ത്തപ്പെട്ടവരുടെ മനസ്സില്‍  സൂര്യതേജസ്സായി തന്നെ വര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. നമുക്ക് കൂടുതല്‍ വിശാലമായ വീക്ഷണത്തോടെ ഗുരുവിനെ കാണാനും അദ്ദേഹം നമുക്ക് നല്‍കിയ അമൂല്യമായ ദര്‍ശനങ്ങള്‍ സ്വായത്തമാക്കാനും കേരളീയരായ നമ്മള്‍പോലും ശ്രമിക്കുന്നില്ല എന്നത് ഒരു ദുഖസത്യമാണ്.

ലോകത്തെ ഇന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം പരിസ്ഥിതി സംരക്ഷണമാണ്. ഗുരുവിനെപ്പോലെ പ്രകൃതിയുമായി ഇത്രയും താദാത്മ്യം പ്രാപിച്ച അധികം വ്യക്തികളുണ്ടാവില്ല. തന്റെ അവസാന നാളുകളില്‍ ശിവഗിരി തന്നെ അദ്ദേഹം താമസിക്കാന്‍ തിരഞ്ഞെടുത്തത് അവിടുത്തെ അതിമനോഹരമായ പ്രകൃതിയുടെ വശ്യതയായിരുന്നു. ഇന്ന് അതൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. സമാധി മന്ദിരം ഉയരുന്നതിന് മുമ്പ് ഗുരു അന്ത്യവിശ്രമം കൊണ്ട കുന്നില്‍ പലപ്പോഴും പോകാന്‍ സമയം കണ്ടെത്തിയിട്ടുള്ള ആളാണ് ഞാന്‍. പ്രകൃതിയുടെ സൗകുമാര്യതയില്‍ അലിഞ്ഞുചേരുന്നതായി നമുക്ക് സ്വയം തോന്നിപ്പോകും. ആ ഭംഗിയൊക്കെ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. അത് വീണ്ടെടുക്കാന്‍ ഇന്നത്തെ പരിമിതിയില്‍ എന്ത് ചെയ്യാമെന്നാണ് ശിവഗിരിയെ സ്‌നേഹിക്കുന്നവര്‍കൂട്ടായി ആലോചിക്കേണ്ടത്. മനസ്സില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ജാതി മത വംശ ചിന്തകള്‍ക്കതീതമായി ഒത്തുചേരാന്‍ കഴിയുന്ന ഇടമാണ് ഇപ്പോഴും ശിവഗിരി. ശിവഗിരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനിന്ന് അതിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരുമയോടെ  പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ശിവഗിരിയെയും കോടിക്കണക്കിന് വിലവരുന്ന അതിന്റെ സ്വത്തുക്കളെയും കൈപ്പിടിയില്‍ ഒതുക്കാന്‍ ആര് ശ്രമിച്ചാലും അത് നടക്കാന്‍ അനുവദിച്ചുകൂട. 158-ാമത് ജയന്തിദിനത്തില്‍ ചില ചിതറിയ ചിന്തകള്‍ അവതരിപ്പിച്ചു എന്നുമാത്രം.

*
തെങ്ങമം ബാലകൃഷ്ണന്‍  ജനയുഗം 31 ആഗസ്റ്റ്2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാം ജാതിമതഭേദമായിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനുവിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു.
നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമികളായി വരത്തക്കവിധം ആലുവാ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

എന്ന്
ശ്രീനാരായണഗുരു