Tuesday, August 21, 2012

സിപിഐ എമ്മും ജനാധിപത്യവും

മഹാഭൂരിപക്ഷം മാധ്യമങ്ങളും സിപിഐ എം വേട്ടയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കാലമാണിത്. ഒരുവശത്ത് ഭരണകൂട ഉപകരണങ്ങള്‍ വഴി പാര്‍ടിനേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കുന്നതിനും സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനും ശ്രമിക്കുന്നു. മറുവശത്ത് രാഷ്ട്രീയവും ആശയപരവുമായ ആക്രമണം വിവിധ രൂപങ്ങളില്‍ മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുന്നു. ചില ആനുകാലികങ്ങള്‍ തുടര്‍ച്ചയായി ഇതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധലേഖനങ്ങള്‍ക്കൊപ്പം പൊതുധാരയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ചില ലേഖനങ്ങളും നല്‍കും. അത്തരം ചില ലേഖനകര്‍ത്താക്കള്‍ സന്ദര്‍ഭത്തിന്റെ സ്വഭാവം തിരിച്ചറിയാതെ സൈദ്ധാന്തികമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിന് ശ്രമിക്കുന്നവയാണ്. അതുവഴി ആ മാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് ഒരു പൊതുസ്വഭാവം നല്‍കാന്‍ അറിയാതെ സംഭാവന നല്‍കുകയും ചെയ്യുന്നു. കേരളത്തിലെ സിപിഐ എം നേതൃത്വത്തിന്റെ ചില പാളിച്ചകളുടെ ഉല്‍പ്പന്നമാണ് ഇപ്പോഴത്തെ വേട്ടയാടലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, അതില്‍ വരുത്തേണ്ട തിരുത്തലുകളെ കുറിച്ചുള്ള ധൈഷണിക കുറിപ്പടികളും അവതരിപ്പിക്കുന്നുണ്ട്. ശത്രു വളഞ്ഞുനിന്ന് ആക്രമിക്കുന്ന സന്ദര്‍ഭമാണ് സൈദ്ധാന്തികവും രാഷ്ട്രീയവുമായ സംവാദങ്ങളുടെ സമയമെന്ന് കരുതുന്നത് മൗഢ്യമാണ്. ഉന്നയിക്കപ്പെടുന്ന ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടവയാണെങ്കില്‍ പോലും അത്തരം ചര്‍ച്ചകള്‍ അറിയാതെ ശത്രുവിനെ സഹായിക്കുകയാണ് ചെയ്യുക.

വലതുപക്ഷശക്തികളും ഇടതുതീവ്രസ്വഭാവം പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്നവരും മുന്‍ നക്സലൈറ്റുകളും ഭീകരപ്രസ്ഥാനമെന്ന വിശേഷണം സിപിഐ എമ്മിന് ചാര്‍ത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയെ ഭീകരപ്രസ്ഥാനമെന്ന് വിളിക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് കേരളത്തിലെ പാര്‍ടി നേതൃത്വമാണെന്ന് സ്ഥാപിക്കുന്നതിനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു. എന്നാല്‍, യൂറോപ്പില്‍ ഏതു കൊലപാതകം നടന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി ഭീകരതയുടെ പാര്‍ടിയാണെന്നും കമ്യൂണിസം ഫാസിസത്തിനു തുല്യമായ ഭീകരതയാണെന്നും പുതിയ നിയമനിര്‍മാണത്തിലൂടെ സ്ഥാപിക്കാന്‍ അവിടത്തെ പാര്‍ലമെന്റ് തന്നെ ശ്രമിക്കുന്നത്? സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച ഏതാനും പ്രത്യയശാസ്ത്ര പ്രശ്നങ്ങളെ സംബന്ധിച്ച പ്രമേയം ഈ പ്രശ്നം പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്്. (4.10) ചെക്ക് റിപ്പബ്ലിക്കിലും പോളണ്ടിലും കമ്യുണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നതും ഭീകരപ്രസ്ഥാനമെന്ന ലേബല്‍ ചാര്‍ത്തിയാണ്. അവിടങ്ങളില്‍ പാര്‍ടി ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതുപോലും കുറ്റകരമാക്കിയിരിക്കുന്നു. രൂക്ഷമായ മുതലാളിത്തപ്രതിസന്ധിയുടെ ആഘാതം അനുഭവിക്കുന്ന ജനതയുടെ ചെറുത്തുനില്‍പ്പുകള്‍ ലോകത്തെമ്പാടും ശക്തമായി ഉയരുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും തുടര്‍ച്ചയായ തൊഴിലാളി പണിമുടക്കങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിന് കഴിയുമെന്ന സന്ദേഹം കോര്‍പറേറ്റ് ശക്തികള്‍ക്കുണ്ട്.

യൂറോപ്പിനെ വീണ്ടുംഭകമ്യൂണിസമെന്ന ഭൂതം പിടികൂടുമോയെന്ന ആശങ്കയാണ് പുതിയ നിയമനിര്‍മാണത്തിന് അവരെ പ്രേരിപ്പിച്ചത്. ഇന്ത്യയിലും ആഗോളവല്‍ക്കരണനയത്തിനെതിരായ പോരാട്ടത്തിനു തുടര്‍ച്ചയായ നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തണമെങ്കില്‍ സിപിഐ എമ്മിനെ ക്ഷീണിപ്പിക്കേണ്ടതുണ്ട്. ബംഗാളിലാണ് ഈ ശ്രമം ആദ്യമായി തുടങ്ങിയത്. സിംഗൂര്‍, നന്ദിഗ്രാമം പ്രശ്നങ്ങള്‍ ഉപയോഗിച്ച് സിപിഐ എമ്മിനെതിരായ ആക്രമണം ശക്തമായി. വലതുപക്ഷ മൗലികവാദികള്‍ തുടങ്ങി ഇടതുപക്ഷ തീവ്രവാദികള്‍ വരെ ഉള്‍ക്കൊള്ളുന്ന വിശാല മഴവില്‍സഖ്യമാണ് മമതയുടെ നേതൃത്വത്തില്‍ അവിടെ രൂപീകരിച്ചത്. മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും ഇതിന്റെ പ്രചാരകരായി മാറി. ഈ പ്രചാരവേലയില്‍ അവിടത്തെ ഇടതുപക്ഷപാര്‍ടികളില്‍ ചിലതും ആദ്യഘട്ടത്തില്‍ കുടുങ്ങിപ്പോയി. അവരും സിപിഐ എമ്മിനെതിരായ പരസ്യവിമര്‍ശനത്തില്‍ കക്ഷികളായി. ഇത് വലതുപക്ഷപ്രചാരവേലയ്ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കി. സിപിഐ എമ്മിനെതിരായ കടന്നാക്രമണത്തെ കേവലമായി കാണുകയായിരുന്നു ഈ പാര്‍ടികള്‍. അതിന്റെ വിശാലമാനങ്ങളെ കുറിച്ച് അന്വേഷിക്കാതെ വൈകാരികപ്രചാരവേലക്കാരുടെ വലയില്‍ അവരും കുറച്ചുനാളത്തേക്ക് കുടുങ്ങി. ഇടതുപക്ഷത്തെ അധികാരത്തില്‍നിന്ന് താഴെയിറക്കുന്നതില്‍ മഴവില്‍സഖ്യ പ്രചാരവേല താല്‍ക്കാലികമായി വിജയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ എത്ര ആഹ്ലാദത്തോടെയാണ് ഇന്ത്യന്‍ സന്ദര്‍ശനം കൊല്‍ക്കത്തില്‍നിന്ന് ആരംഭിക്കാന്‍ എത്തിയത്. ബംഗാളിലെ സിപിഐ എമ്മിനെതിരായി നടന്ന കായികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ആക്രമണത്തിന്റെ വിജയാരവങ്ങള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തെ എത്രമാത്രം ദുര്‍ബലപ്പെടുത്തിയെന്ന് ഇനിയും ആരെങ്കിലും തിരിച്ചറിയുന്നില്ലെങ്കില്‍ കഷ്ടംതന്നെയാണ്.

കേരളത്തില്‍ ഇപ്പോള്‍ നടത്താന്‍ ശ്രമിക്കുന്നത് ഇതിന്റെ തനിയാവര്‍ത്തനമാണ്. എന്നാല്‍, ബംഗാളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ പാര്‍ടിയിലെ പുതിയ തലമുറവരെ പലതരത്തിലുള്ള ആക്രമണഘട്ടങ്ങളെയും അഭിമുഖീകരിച്ചു കടന്നുവന്നവരാണ്. അതുകൊണ്ട് അത്തരം ഇടപെടലുകള്‍ക്ക് എളുപ്പത്തില്‍ വിജയം കാണാന്‍ കഴിയില്ല. അതുകൊണ്ടുകൂടിയായിരിക്കണം ഇപ്പോള്‍ കമ്യൂണിസ്റ്റ് ദര്‍ശനങ്ങളെയും സംഘടനാരൂപങ്ങളെയും വരെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. സിപിഐ എം ജനാധിപത്യവിരുദ്ധമായ പാര്‍ടിയാണെന്നും ഭീകരപാര്‍ടിയായി പ്രഖ്യാപിക്കണമെന്നതും സാര്‍വദേശീയമായി നടക്കുന്ന പ്രചാരവേലയുടെ കേരളപ്പതിപ്പാണ്. പാര്‍ലമെന്ററി സംവിധാനത്തെ ഒരു സമരരൂപമായി കാണുന്നതോടൊപ്പം അതിന്റെ പുരോഗമനവശങ്ങളും സംഭാവനകളുംകൂടി കാണുന്ന പാര്‍ടിയാണ് സിപിഐ എം. പാര്‍ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ ഈ കാര്യം പ്രത്യേകം എടുത്തുപറയുകയും ചെയ്തു.

പാര്‍ലമെന്ററി സംവിധാനത്തിനുനേരെ ആക്രമണം നടത്തിയ പാരമ്പര്യമുള്ളത് ഭരണവര്‍ഗത്തിനുതന്നെയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യക്കുരുതിക്ക് തുടക്കംകുറിച്ചത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ തന്നെയാണ്. അത് പിന്നീട് പല സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ പാര്‍ലമെന്ററി സംവിധാനത്തിന്റെയും ജനാധിപത്യക്രമത്തിന്റെയും കുരുതിക്കാണ് കോണ്‍ഗ്രസ് കാര്‍മികത്വം വഹിച്ചത്. ഈ ചരിത്രമൊന്നും അറിയാത്ത മട്ടിലാണ് കെ വേണുവിനെ പോലുള്ളവര്‍ നടത്തുന്ന ജനാധിപത്യവ്യാഖ്യാനങ്ങള്‍. നിയമസഭകളിലും പാര്‍ലമെന്റിലും മാത്രമല്ലാതെ ജനാധിപത്യ സംവിധാനത്തെ താഴേ തട്ടിലേക്ക് കൊണ്ടുപോകുന്നതിന് ശ്രമിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ഭരണഘടനാഭേദഗതികള്‍ക്കും പഞ്ചായത്ത്രാജ് സംവിധാനത്തിനും മുമ്പുതന്നെ ഇക്കാര്യത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചത് സിപിഐ എം ഭരണത്തിലിരുന്ന സംസ്ഥാനങ്ങളാണ്. സിപിഐ എം നയിക്കുന്ന മുന്നണികള്‍ അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ് കേരളത്തില്‍ കൃത്യസമയത്ത് പ്രാദേശിക ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുള്ളത്. ബംഗാളിലെ പഞ്ചായത്തുകളുടെ അധികാരനിര്‍വഹണവും രാജ്യത്തിനു മാതൃകയായിരുന്നു. കേരളത്തില്‍ ആസൂത്രണത്തിന്റെ വികേന്ദ്രീകരണവും ജനപങ്കാളിത്തവും ആദ്യമായി ഉറപ്പാക്കിയത് സിപിഐ എം പഞ്ചായത്ത് വകുപ്പ് കൈകാര്യംചെയ്യുമ്പോള്‍ മാത്രമാണ്. രാഷ്ട്രീയത്തിന് അതീതമായി വിവിധ കോണുകളില്‍നിന്നും അംഗീകാരം നേടിയ ഇടപെടലുകളാണ് ഇതെല്ലാം. സിപിഐ എം ജനാധിപത്യവിരുദ്ധമാണെന്ന പ്രചാരവേലക്കാര്‍ ഇത്തരം ചരിത്രത്തിലൂടെ സഞ്ചരിക്കുന്നത് നന്നായിരിക്കും.

പാര്‍ടിക്കുള്ളിലെ ജനാധിപത്യസ്വഭാവത്തെ സംബന്ധിച്ച വിമര്‍ശനങ്ങളും ഈ ഘട്ടത്തില്‍ ശക്തമായി ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ ചിലത് ഗുണാത്മക വിമര്‍ശനരൂപത്തിലുള്ളതാണ്. ലെനിന്റെ കാലത്തെ ബോള്‍ഷേവിക് പാര്‍ടിയിലെ പൊളിറ്റ് ബ്യൂറോയില്‍ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞവരെ വരെ ഉള്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍, സിപിഐ എം വിയോജിപ്പിന്റെ സ്വരങ്ങളെ ഇല്ലാതാക്കുന്നുവെന്നും ഇവര്‍ പറയുന്നു. മറ്റു ചിലര്‍ ജനാധിപത്യ കേന്ദ്രീകരണതത്വമാണ് കൈയൊഴിയേണ്ടതെന്ന് ഉപദേശിക്കുന്നു. നയരൂപീകരണഘട്ടത്തില്‍ വ്യത്യസ്ത അഭിപ്രായം പറയുന്നവരെ പുറംതള്ളുന്ന രീതി ഒരു കാലത്തും സിപിഐ എമ്മിനില്ലെന്ന കാര്യം ഇക്കൂട്ടര്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്. സെക്രട്ടറിയാണ് പാര്‍ടിയെന്ന പ്രചാരവേലയും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്. കേരളത്തിലെ പ്രചാരവേല പിണറായി വിജയന്‍ സെക്രട്ടറിയായതുകൊണ്ടാണെന്നും ചില നിഷ്കളങ്കചിന്തയും മാധ്യമങ്ങളില്‍ കാണാം. എന്നാല്‍, ദേശീയമാധ്യമങ്ങളില്‍ ഈ വിമര്‍ശനം കേന്ദ്രീകരിക്കുന്നത് ജനറല്‍ സെക്രട്ടറിക്കുനേരെയാണ്. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സന്ദര്‍ഭങ്ങളില്‍ ഇത് തീക്ഷ്ണമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനങ്ങള്‍ എടുക്കുന്നത് കുട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. പാര്‍ടി സെക്രട്ടറിയുടെ അഭിപ്രായം തന്നെ പാര്‍ടി കമ്മിറ്റി തള്ളിക്കളഞ്ഞ അപൂര്‍വം ഘട്ടങ്ങള്‍ പ്രസിദ്ധീകൃതമായ പാര്‍ടി രേഖകളില്‍നിന്നുതന്നെ കണ്ടെത്താന്‍ കഴിയും. എന്നാല്‍, പാര്‍ടിയെടുത്ത തീരുമാനം നടപ്പാക്കുന്നതിനാണ് പിന്നീട് അവര്‍ നേതൃത്വം നല്‍കിയത്. ഇ എം എസും ബി ടി രണദിവേയും മറ്റും പരസ്യമായി പ്രകടിപ്പിച്ച പല അഭിപ്രായങ്ങളും പിന്നീട് കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ടി തള്ളിക്കളഞ്ഞിട്ടുണ്ട്. ഉയര്‍ന്ന ഘടകങ്ങളിലെ സഖാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായത്തെയാണ് ഇത്തരം ഘട്ടങ്ങളില്‍ പാര്‍ടി തള്ളിക്കളയുന്നത്, അല്ലാതെ അവരെയല്ല. എന്നാല്‍, അപൂര്‍വം ഘട്ടങ്ങളില്‍ പാര്‍ടി കൂട്ടമായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങള്‍ക്കെതിരെ പരസ്യമായി നിലപാട് പിന്നീട് സ്വീകരിക്കുന്നവരെ തിരുത്തുന്നതിന് പാര്‍ടിക്ക് ശ്രമിക്കേണ്ടിവന്നിട്ടുണ്ട്. തന്റെ നിലപാട് തന്നെയായിരിക്കണം എപ്പോഴും കൂട്ടായ ചര്‍ച്ചയിലൂടെ പാര്‍ടി എടുക്കേണ്ടതെന്ന് ശഠിക്കാന്‍ ബൂര്‍ഷ്വാപാര്‍ടിയില്‍ പോലും കഴിയില്ല.

എന്തുകൊണ്ടാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് സംഘടനാതത്വങ്ങളെ ഇക്കൂട്ടര്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്? കേരളത്തിലെ പാര്‍ടിയെ തകര്‍ക്കുന്നതിന് പല തരത്തില്‍ ശ്രമിച്ചിട്ടും ഇതുവരെയും വിജയിക്കാത്തത് ഇവരെ അമ്പരപ്പിക്കുന്നുണ്ട്. ഈ പാര്‍ടിയുടെ സംഘടനാപരമായ കരുത്ത് പ്രധാന പ്രതിരോധപരിചയാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണ് അതിനെ ദുര്‍ബലപ്പെടുത്താന്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രചാരവേലയ്ക്ക് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. അതിന്റെ ഗൗരവം ശരിയായി തിരിച്ചറിയാത്തതുകൊണ്ടായിരിക്കണം ചില സദുദ്ദേശ വിമര്‍ശകരും ജനാധിപത്യകേന്ദ്രീകരണത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും അനവസരത്തില്‍ ഉയര്‍ത്തുന്നത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സിപിഐ എം തടസ്സമാണെന്നും ഗോത്ര കാലഘടനയിലാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നതെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതിമിരം ബാധിച്ച പ്രകൃതിനിയമക്കാരനും ആവേശപൂര്‍വം പ്രചരിപ്പിക്കുന്നു. ആധുനിക മതനിരപേക്ഷ കേരളത്തിന്റെ വളര്‍ച്ചയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്കിനെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്തുകൊണ്ട് കേരളം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നതെന്ന ചോദ്യത്തിന്റെ ഉത്തരമെങ്കിലും തേടുന്നവര്‍ക്ക് ചോരവീണ പോരാട്ടങ്ങളുടെ ചരിത്രത്തിലൂടെ സഞ്ചരിക്കേണ്ടിവരും. സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരായ പോരാട്ടത്തിലും വര്‍ഗീയതയെ പ്രതിരോധിക്കുന്നതിലും കൊടിയ ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പിലും സിപിഐ എം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ അത്തരം ഇടപെടലുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിപിഐ എം ശക്തമായി നില്‍ക്കുന്നത് വര്‍ഗീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ശക്തമായ തടസ്സമാണെന്നതുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടും സംഘപരിവാരവും സിപിഐ എമ്മിനെതിരെ ആയുധങ്ങള്‍ തിരിച്ചുവയ്ക്കുന്നത്.

നിര്‍മിതകഥകളിലൂടെയും ഗൂഢാലോചനകളിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ആദ്യമായിട്ടല്ല. ഇപ്പോഴത്തെ സംഭവങ്ങള്‍ അതിന്റെ ഒടുവിലത്തെ കണ്ണിയാകുമെന്നും തെറ്റിദ്ധരിക്കേണ്ടതില്ല. ഇപ്പോള്‍ ആഘോഷിച്ച് അവതരിപ്പിച്ച ചന്ദ്രശേഖരവധ കുറ്റപത്രത്തിലെ പ്രധാന ചാര്‍ജുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം പരാജയപ്പെട്ട രാഷ്ട്രീയ വൈരാഗ്യമാണത്രേ. എന്നാല്‍, ലോക്സഭാതെരഞ്ഞെടുപ്പിനും ചന്ദ്രശേഖരകൊലപാതകത്തിനുമിടയില്‍ വടകര തന്നെ എത്രമാത്രം മാറിപ്പോയെന്ന യാഥാര്‍ഥ്യം ഈ പ്രചാരവേലക്കാര്‍ മറച്ചുവയ്ക്കുന്നു.

ഒടുവില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വടകരയില്‍ ജയിച്ചെന്ന് മാത്രമല്ല ആ തെരഞ്ഞെടുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോക്സഭാമണ്ഡത്തിലെ എല്‍ഡിഎഫ് ഭുരിപക്ഷം 56634 വോട്ടാണ്. ഒന്നുതൊട്ടാല്‍ പൊട്ടുന്ന നുണകുമിളകള്‍ കൊണ്ടാണ് സിപിഐ എമ്മിനെതിരായ പ്രചാരവേല ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്നതെന്നു തിരിച്ചറിയാന്‍ ഇത് സൂചിപ്പിച്ചെന്നു മാത്രം. വിവിധ തലങ്ങളില്‍ നടത്തുന്ന നുണപ്രചാരവേലകളിലൂടെ നടത്തുന്ന ശ്രമങ്ങളെ സമഗ്രമായും പാരസ്പര്യത്തോടെയും വിലയിരുത്തുന്നതിന് കഴിയേണ്ടത് അതിജീവനത്തിനും മുന്നേറ്റത്തിനും അനിവാര്യമായ മുന്നുപാധിയാണ്.

*
പി രാജീവ് ദേശാഭിമാനി

No comments: