Wednesday, August 1, 2012

മാരുതി സമരവും അക്രമവും: ഉത്തരം നല്‍കേണ്ടത് ഭരണകൂടം

ഹരിയാണയിലെ ഗുഡ്ഗാവിനടുത്ത മനേസറില്‍ മാരുതി സുസുക്കിയുടെ കാര്‍ ഫാക്ടറിയില്‍ ജൂലൈ 18ന് നടന്ന സംഭവം രാജ്യത്തെയാകെ നടുക്കി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ആ സംഭവത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരെന്ന് അന്വേഷണത്തിലൂടെ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. തൊഴിലാളികളുടെ സംഘടിതമായ വിലപേശലിനും സംഘടനാസ്വാതന്ത്ര്യത്തിനും നേരേ അതിശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ ആക്രമിക്കാനുള്ള വടിയായി ശത്രുക്കള്‍ ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ജിയാലാല്‍ എന്ന തൊഴിലാളിയെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്നുള്ള പ്രതിഷേധമാണ് ദൗര്‍ഭാഗ്യകരമായ സംഭവത്തിലെത്തിച്ചത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. നിരവധി വട്ടം ചര്‍ച്ചകള്‍ നടന്നു. മാനേജ്മെന്റ് പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സംസ്ഥാന തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ജൂലൈ 18ന് നടക്കുകയായിരുന്നു. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാതെ ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നു മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. പ്രശ്നം പരിഹരിക്കാതെ മനഃപൂര്‍വം നീട്ടിക്കൊണ്ടു പോവുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. പെട്ടെന്ന് ഒരു സംഘമാളുകള്‍ പ്ലാന്റിലേക്ക് കടന്നുകയറി അക്രമം ആരംഭിച്ചു. അഞ്ച് സ്ഥലങ്ങളില്‍ തീകൊളുത്തി. തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. രാത്രി പത്ത് മണിയോടെ തീ നിയന്ത്രണാധീനമാക്കി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തിലെ ജനറല്‍ മാനേജര്‍ അവിനാശ്കുമാര്‍ ദേവ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ പൊലീസ് ഇതിനകം അറസ്റ്റുചെയ്തു. സംഭവത്തിന്റെ പേരില്‍ തൊഴിലാളികളെ തലങ്ങും വിലങ്ങും വേട്ടയാടുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ്.

2011ല്‍ ഇതേ പ്ലാന്റില്‍ മാസങ്ങള്‍ നീണ്ടുനിന്ന തൊഴിലാളിസമരം നടന്നിരുന്നു. നിര്‍ദ്ദയമായ ചൂഷണത്തിന് വിധേയരാകുന്ന തൊഴിലാളികള്‍ ന്യായമായ വേതനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടത്തിയ പോരാട്ടമായിരുന്നു അത്. സമരത്തിനിടയില്‍ ഒരിക്കല്‍പ്പോലും അനിഷ്ടസംഭവങ്ങള്‍ നടന്നില്ല. മാത്രമല്ല, സമരം ഒത്തുതീര്‍പ്പാക്കാനായി ഉണ്ടാക്കിയ കരാറുകള്‍ നടപ്പാക്കാതെ തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരിഹസിക്കുന്ന നിലപാടാണ് മാനേജ്മെന്റ് പിന്നീട് സ്വീകരിച്ചത്. മാരുതി പ്ലാന്റിലെ സംഭവത്തെത്തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളില്‍ ബോധപൂര്‍വം ഒഴിവാക്കപ്പെടുന്ന കാര്യം, സംഭവത്തിലേക്ക് നയിച്ച കാരണങ്ങളാണ്.

സംഭവിച്ചതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുക, അതിന്റെ പേരില്‍ തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പഴി പറയുക, പ്ലാന്റ് മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കുമെന്ന് പ്രചരിപ്പിച്ച് തൊഴിലാളികള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവുമുണ്ടാക്കുക-ഇതൊക്കെയാണ് നടക്കുന്നത്. എന്‍ഡിടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത വ്യവസായികളടക്കമുള്ളവര്‍ ട്രേഡ് യൂണിയനുകളാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് കുറ്റപ്പെടുത്തി. ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞത്, മാരുതി ഫാക്ടറിയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ശരിയായ മാര്‍ഗമെന്നാണ്. മാരുതി ഫാക്ടറിയിലെ തൊഴിലാളികളുടെ സ്ഥിതി അദ്ദേഹം വിശദീകരിച്ചു.

"ഒരു തൊഴിലാളി ഒരു മാസത്തിലെ എല്ലാ ദിവസവും ഓവര്‍ടൈം കൂടി ജോലിചെയ്താല്‍(അവധിയൊന്നും എടുക്കാതെ) കിട്ടുന്ന വേതനം 18000 രൂപയാണ്. ആഴ്ചയിലൊരിക്കല്‍ അവധിയെടുക്കുകയും സാധാരണ ജോലിസമയം മാത്രം ജോലിചെയ്യുകയും ചെയ്താല്‍ 10000 രൂപ മാത്രമേ വേതനം ലഭിക്കുകയുള്ളൂ". ഫാക്ടറിക്കുള്ളിലെ ചൂഷണത്തിന്റെയും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്റെയും നിരവധി ഉദാഹരണങ്ങള്‍ എ കെ പത്മനാഭന്‍ മുന്നോട്ടുവെച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത വ്യവസായിയായ രാഹുല്‍ ബജാജ് പറഞ്ഞു, "എന്റെ സുഹൃത്ത് പറഞ്ഞത് ശരിയാണെങ്കില്‍ അത്തരം രീതികള്‍ അസ്വീകാര്യമാണ്. എന്റെ വ്യവസായ സ്ഥാപനങ്ങളില്‍ ഒരിക്കലും ഇത്തരം അനീതികള്‍ നടക്കില്ല". മുതലാളിമാര്‍ക്കു പോലും പരസ്യമായി അംഗീകരിക്കാന്‍ കഴിയാത്ത ചൂഷണവും അനീതികളുമാണ് മനേസറിലേതു പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കാണാന്‍ കഴിയാതെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. മനേസര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കരാര്‍ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തൊഴില്‍ മേഖലയെ എങ്ങനെ ബാധിക്കുന്നുവെന്ന് തൊഴിലുടമകളുടെ സംഘടനയായ എംപ്ലോയേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് രാജീവ് ദുബേ പറയുന്നത് ശ്രദ്ധിക്കുക("ദി ഇക്കണോമിക് ടൈംസ് ദിനപത്രം 2012 ജൂലൈ 24ന് അതിന്റെ മൂന്നാം പേജില്‍ പ്രസിദ്ധീകരിച്ച അഭിമുഖം):

"ഇന്ത്യയില്‍ വ്യവസായ ബന്ധം വളരെ ഗുരുതരമായ സ്ഥിതിയിലാണ്. വളരെ സൂക്ഷ്മതതോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഒരു പ്രശ്നമായിത്തീരും. അസംഘടിത മേഖലയിലാണ് കൂടുതല്‍ പ്രശ്നം. വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരും ഒരു മേശക്കു ചുറ്റുമിരുന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കണം. തൊഴിലുടമകള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, സംഘടിത മേഖലയിലെ തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഗവണ്‍മെന്റ്, ചില സന്ദര്‍ഭങ്ങളില്‍ പൗരസമൂഹവും പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിത്തന്നെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. മറ്റുള്ളവരുടെ നഷ്ടത്തില്‍ താന്‍ ലാഭം കൊയ്യുമെന്നും മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച് താന്‍ നേട്ടമുണ്ടാക്കുമെന്നുമുള്ള പഴയ സങ്കല്‍പ്പം മാറിയേതീരൂ". "വ്യവസായ സ്ഥാപനങ്ങള്‍ മത്സരിച്ച് നിലനില്‍ക്കാന്‍ ശ്രമിക്കണം. അത് മികച്ച തൊഴില്‍ അന്തരീഷം സൃഷ്ടിക്കുക വഴി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ടാകണം. അല്‍പ്പം അയവുകാട്ടേണ്ടത് ആവശ്യമായിവരുന്നു. വ്യവസായത്തില്‍ വന്‍തോതില്‍ അസമത്വം സൃഷ്ടിക്കുകയാണെങ്കില്‍, ഒരേ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലം കിട്ടുന്നതെങ്കില്‍ പ്രശ്നമുണ്ടാവുക തന്നെ ചെയ്യും. ഏറ്റവും കുറഞ്ഞ പ്രതിഫലവും ഏറ്റവും കൂടിയ പ്രതിഫലവും തമ്മിലുള്ള അന്തരം വളരെ വലുതാവുമ്പോള്‍ പ്രശ്നം ഉണ്ടാവുക തന്നെചെയ്യും. മനേസര്‍ മേഖലയിലെ പ്രശ്നങ്ങളുടെ പൊതുസ്വഭാവം ഇതൊക്കെത്തന്നെയാണ്. കരാര്‍ തൊഴിലാളികള്‍ക്ക് മോശമായ വേതനം ലഭിക്കുന്ന സ്ഥലങ്ങളില്‍ മെച്ചപ്പെട്ട വേതനം ലഭിക്കാനുള്ള സംവിധാനമുണ്ടാകണം. കരാര്‍ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനമാണ് പൊതുവില്‍ ലഭിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. ചില സ്ഥലങ്ങളില്‍ മാത്രം കിട്ടുന്നുണ്ടാകാം. എന്നാല്‍ പൊതുവായി നോക്കിയാല്‍ തൊഴില്‍സാഹചര്യങ്ങളില്‍ കടുത്ത അസമത്വം നിലനില്‍ക്കുകയാണ്". തൊഴിലുടമകളുടെ പ്രതിനിധിയായ രാജീവ് ദുബേക്കു പോലും നിഷേധിക്കാനാവാത്തതാണ് കരാര്‍ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന വളരെ മോശമായ സാഹചര്യം. ഇതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതെ എങ്ങനെയാണ് വിപണിയില്‍ മത്സരിച്ച് വിജയിക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കഴിയുക? കഴിഞ്ഞ വര്‍ഷം മനേസര്‍ പ്ലാന്റില്‍ നടന്ന സമരത്തിനു ശേഷമുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതിന് കാരണം മാനേജ്മെന്റല്ലാതെ മറ്റാരാണ്? തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാനും ക്ഷേമകാര്യങ്ങള്‍ ശ്രദ്ധിക്കാനും രണ്ട് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം ആകാറായിട്ടും കമ്മിറ്റികള്‍ രൂപീകരിച്ചില്ല. വേതനവര്‍ധനവ് നടപ്പാക്കണമെന്ന ധാരണയും പാലിച്ചില്ല. ഇത്രയും കരാര്‍ലംഘനങ്ങള്‍ നടത്തിയിട്ടും തൊഴിലാളികളെ അപമാനിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. ഒരു ദളിത് തൊഴിലാളിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച് പുറത്താക്കിയ സൂപ്പര്‍വൈസര്‍ക്കു നേരേയുള്ള പ്രതിഷേധമാണ് വ്യാപകമായ അക്രമത്തിലേക്ക് നയിച്ചത്. വ്യവസായസ്ഥാപനം അടിച്ചുതകര്‍ക്കുന്ന തരത്തില്‍ തൊഴിലാളികളുടെ പ്രതിഷേധം ഒരിക്കലും എത്താറില്ല. കഴിഞ്ഞ വര്‍ഷം നടന്ന സമരകാലത്തൊന്നും ഉണ്ടാകാത്ത അക്രമം പെട്ടെന്നൊരു ദിവസം ഉണ്ടായി എന്നത് സംശയകരമാണ്.

രണ്ട് സാധ്യതകളാണ് ഇതിനു പിന്നിലുള്ളത്. ഒന്ന്, മാരുതി തൊഴിലാളികള്‍ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതിനെ ഇല്ലാതാക്കാനും തൊഴിലാളി സംഘടനകളെ കരിവാരിത്തേക്കാനും ബോധപൂര്‍വം സൃഷ്ടിച്ച അക്രമം, അതല്ലെങ്കില്‍ മാരുതി കമ്പനിയോട് വിപണിയില്‍ മത്സരിക്കുന്ന ശക്തികള്‍ സൃഷ്ടിച്ച അക്രമം. ഈ ഗൂഢാലോചനക്കാരുടെ കൈകളില്‍ ആരൊക്കെ ആയുധമായിട്ടുണ്ടെന്ന് സ്വതന്ത്രമായ അന്വേഷണത്തിലൂടെയേ കണ്ടെത്താന്‍ കഴിയുകയുള്ളൂ. മറ്റൊരു പ്രധാന പ്രശ്നം കരാര്‍ തൊഴിലാളികളുടേതാണ്. സ്ഥിരം തൊഴിലാളികള്‍ക്ക് നിയമപരമായി ആനുകൂല്യം നല്‍കേണ്ടിവരുമെന്നതുകൊണ്ട് കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലാളികളെ നിര്‍ത്തിയാണ് മാരുതി പോലുള്ള വലിയ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മനേസര്‍ പ്ലാന്റിലെ 3900 തൊഴിലാളികളില്‍ 900 പേര്‍ മാത്രമാണ് സ്ഥിരം തൊഴിലാളികള്‍. ഇവരെ തൊഴിലാളികളെന്ന് വിളിക്കാനാവില്ല. മാനേജ്മെന്റിന്റെ വിവിധ വിഭാഗങ്ങളില്‍ പണിയെടുക്കുന്ന ജീവനക്കാരാണ് അവര്‍. കായികാദ്ധ്വാനം നടത്തി ഉല്‍പ്പാദനവുമായി നേരിട്ട് ബന്ധപ്പെടുന്ന 3000 തൊഴിലാളികള്‍ കരാര്‍ തൊഴിലാളികളാണ്. ഇവര്‍ക്ക് നിയമപരമായ ആനുകൂല്യങ്ങളൊന്നുമില്ല. മാനേജ്മെന്റ് നിശ്ചയിക്കുന്ന കൂലി, അതും ഒരു ദിവസം പോലും അവധിയെടുക്കാതെ പണിയെടുത്താല്‍ പോലും കുടുംബം പുലര്‍ത്താനുള്ള വേതനം കിട്ടില്ല. ഇവര്‍ക്ക് കിട്ടുന്ന വേതനത്തിന്റെ പകുതി മാത്രമേ വേതനമെന്ന വിവക്ഷയില്‍ വരുന്നുള്ളൂ. ബാക്കി ഇന്‍സെന്റീവാണ്. പരമാവധി സമയം, അവധിയെടുക്കാതെ ജോലിയെടുത്ത് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള "ഇന്‍സെന്റീവ്" ആണിത്. നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി രാജ്യത്തേക്കൊഴുകുന്ന നിക്ഷേപത്തിന്റെ ഭാഗമായി കെട്ടിപ്പൊക്കുന്ന ഹൈടെക് വ്യവസായങ്ങളിലെല്ലാം പ്രാകൃതമായ ഈ ചൂഷണമാണ് നടക്കുന്നത്. മനേസര്‍ സംഭവത്തിനു പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തേണ്ടതുണ്ട്. പുതിയ വ്യവസായസ്ഥാപനങ്ങളില്‍ തൊഴിലാളികളെ തല്ലിയൊതുക്കാന്‍ മാനേജ്മെന്റ് ഉപയോഗിക്കുന്ന ബൗണ്‍സര്‍മാര്‍(കൂലിത്തല്ലുകാര്‍) മനേസറിലെ സംഭവത്തില്‍ നുഴഞ്ഞുകയറിയെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു. എന്നാല്‍ സംഭാഷണത്തിനു വന്നവരാണ് അക്രമം നടത്തിയതെന്ന് മാനേജ്മെന്റ് പറയുന്നു.

സംഭാഷണത്തിന് വരുന്നവര്‍ ഇരുമ്പുവടിയുമായി വന്നുവോ എന്ന് മാനേജ്മെന്റ് കണ്ടിട്ടുണ്ടാകുമല്ലോ. രാജ്യത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് തൊഴില്‍ നിയമങ്ങളാകെ മാറ്റണമെന്നാണ് ഒരു വിഭാഗം വ്യവസായികളുടെ ആവശ്യം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യവസായത്തൊഴിലാളികളുടെ വന്‍ പ്രക്ഷോഭങ്ങള്‍ ഭരണകൂടങ്ങളെ പിടിച്ചുകുലുക്കുന്നു. അവിടങ്ങളില്‍ തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യം നല്‍കേണ്ടിവരുന്ന വന്‍ വ്യവസായ സ്ഥാപനങ്ങള്‍ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളില്‍ വന്ന് നിക്ഷേപം നടത്തുമ്പോള്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ വിചിത്രമാണ്.

നിയമാനുസൃതം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് അവരുടെ പ്രധാന ആവശ്യം. ഈ വിദേശ കോര്‍പ്പറേറ്റുകളുടെ മെഗഫോണായി ഇന്ത്യന്‍ വ്യവസായികളുടെ സംഘടനകളില്‍ ഭൂരിപക്ഷവും മാറുന്നുണ്ട്. ഇന്ത്യയിലെ തൊഴിലാളികളുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ അടിയറ വെച്ച് അവരെ അടിമകളാക്കി മുന്നില്‍ നിര്‍ത്തിക്കൊടുത്താല്‍ മാത്രം കിട്ടുന്നതാണ് വിദേശനിക്ഷേപമെങ്കില്‍ അത് ആവശ്യമില്ലെന്നു പറയാനുള്ള ചങ്കൂറ്റം ഇന്ത്യന്‍ ഭരണാധികാരികള്‍ കാട്ടണം. അത് പ്രകടിപ്പിക്കാത്തതുകൊണ്ടാണ് ആഗോള മൂലധനത്തിനു മുന്നില്‍ കൂനിപ്പോകുന്നവരാണ് ഇന്ത്യന്‍ ഭരണാധികാരികളെന്ന വിമര്‍ശനം ഉയരുന്നത്. രാജ്യത്ത് നിരവധി വ്യവസായമേഖലകളില്‍ "പുതിയ മുതലാളിമാരുടെ" മുഷ്ക് കാരണം ഗുരുതരമായ തൊഴില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. തൊഴിലാളി സംഘടനകളെ അടിച്ചമര്‍ത്താന്‍ "പുതിയ വ്യവസായസ്ഥാപ"ങ്ങളില്‍ യൂണിയന്‍ ബസ്റ്റേഴ്സ്(യൂണിയന്‍ തകര്‍ക്കുന്നവര്‍) എന്ന ഓഫീസര്‍മാര്‍ തന്നെ മാനേജ്മെന്റ് വിഭാഗത്തിലുണ്ട്. വ്യവസായങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡു മുതല്‍ തൊഴിലാളികള്‍ വരെയുള്ള വിഭാഗങ്ങളില്‍ ആശയവിനിമയം നടത്തുകയും പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യവസായബന്ധ സംവിധാനം ഉണ്ടായിരുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തൊഴിലാളികള്‍ക്ക് അറിയില്ലെന്നാണ് ഈ പുതിയ മുതലാളിമാര്‍ തന്നെ പറയുന്നത്. ചര്‍ച്ചചെയ്യാന്‍ തൊഴിലാളി സംഘടനാ പ്രതിനിധികളെ അനുവദിക്കുകയുമില്ല എന്നതാണ് അവരുടെ നിലപാട്. ഒരു രാജ്യത്ത് വന്ന് നിക്ഷേപം നടത്തുമ്പോള്‍ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ വിദേശനിക്ഷേപകര്‍ തയ്യാറാകണം. എന്നാല്‍ അതിന് തയ്യാറല്ലെന്ന നിലപാടാണ് പുതിയ മുതലാളിമാര്‍ സ്വീകരിക്കുന്നത്. ഈ പാത തന്നെ പഴയ മുതലാളിമാരും പിന്തുടരാന്‍ ശ്രമിക്കുന്നു. ഇതിന് ഭരണകൂടം സര്‍വ പിന്തുണയും നല്‍കുക കൂടി ചെയ്യുമ്പോള്‍ അസ്വസ്ഥതയല്ലാതെ മറ്റെന്തുണ്ടാകാന്‍? മനേസറില്‍ നടന്ന അക്രമസംഭവത്തെ ഒരു ട്രേഡ് യൂണിയനും അനുകൂലിക്കുന്നില്ല. സംഭവങ്ങളിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുള്ള മാര്‍ഗം ഇതല്ലെന്ന് പ്രമുഖ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സിഐടിയു കേന്ദ്ര കമ്മിറ്റി ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു.

സംഭവത്തെക്കുറിച്ചും അതിലേക്ക് നയിച്ച പ്രകോപനങ്ങളെക്കുറിച്ചും ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ഒരു തൊഴിലാളിയെ പുറത്താക്കിയ പ്രശ്നം ചര്‍ച്ചചെയ്യുന്ന സമയത്ത് മാനേജ്മെന്റിന്റെ ഗുണ്ടകള്‍ തൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. മാനേജ്മെന്റിന്റെ അടിച്ചമര്‍ത്തലും പ്രകോപനങ്ങളും പലതവണ ഉണ്ടായിട്ടും അക്രമമാര്‍ഗത്തിലൂടെ പ്രതികരിക്കാതിരുന്നതാണ് മാരുതി ഫാക്ടറിയിലെ തൊഴിലാളികളുടെ പാരമ്പര്യം. ആറ് മാസത്തിലധികം നീണ്ടുനിന്ന സമരത്തില്‍ ഒരു മാസത്തിലേറെ പ്ലാന്റിനുള്ളില്‍ തന്നെ തമ്പടിച്ച് തൊഴിലാളികള്‍ സമരം നടത്തിയിട്ടും അവിടെ ഒന്നും സംഭവിച്ചിരുന്നില്ല.
 
മനേസര്‍ സംഭവത്തിന്റെ പേരില്‍ വിവേചനരഹിതമായി തലങ്ങും വിലങ്ങും തൊഴിലാളികളെ അറസ്റ്റുചെയ്ത് പീഡിപ്പിക്കുന്നതിനു പകരം പ്രശ്നത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഗവണ്‍മെന്റും തയ്യാറാകണം. ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി മുന്നോട്ടുവെക്കുന്ന ന്യായമായ മിനിമം വേതനമടക്കമുള്ള ആവശ്യങ്ങള്‍ വളരെയേറെ പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് മനേസറിലെ സംഭവങ്ങള്‍. അതിനാല്‍ തൊഴില്‍നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും തൊഴിലാളികള്‍ക്ക് അന്തസ്സായി തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും ഗവണ്‍മെന്റ് തയ്യാറാവുകയാണ് ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള പോംവഴി.

*
വി ജയിന്‍ ചിന്ത 04 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഹരിയാണയിലെ ഗുഡ്ഗാവിനടുത്ത മനേസറില്‍ മാരുതി സുസുക്കിയുടെ കാര്‍ ഫാക്ടറിയില്‍ ജൂലൈ 18ന് നടന്ന സംഭവം രാജ്യത്തെയാകെ നടുക്കി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ആ സംഭവത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരെന്ന് അന്വേഷണത്തിലൂടെ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. തൊഴിലാളികളുടെ സംഘടിതമായ വിലപേശലിനും സംഘടനാസ്വാതന്ത്ര്യത്തിനും നേരേ അതിശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ ആക്രമിക്കാനുള്ള വടിയായി ശത്രുക്കള്‍ ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.