Saturday, August 11, 2012

ധനലക്ഷ്മി ബാങ്ക് നല്‍കുന്ന സന്ദേശം

ലാഭാധിഷ്ഠിതമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു സ്ഥാപനത്തില്‍ അന്ധമായവിധം ആഗോളീകരണനയങ്ങള്‍ നടപ്പാക്കിയാല്‍ സ്ഥാപനം നശിച്ചില്ലാതാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാകുകയാണ് കേരളത്തിലെ ധനലക്ഷ്മി ബാങ്ക്. വൈവിധ്യമാര്‍ന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് വിജയിച്ച ഈ കേരള ബാങ്ക് ചുരുങ്ങിയ നാള്‍കൊണ്ട് ദേശീയതലത്തിലേക്ക് പടര്‍ന്ന് പന്തലിച്ചു. ആഗോളീകരണനയത്തിന്റെ ചിറകിലേറി 2008 ഒക്ടോബറില്‍ റിലയന്‍സ് പിന്തുണയുള്ള അമിതാഭ് ചതുര്‍വേദി മാനേജിങ് ഡയറക്ടറായി ചുമതലയേറ്റതോടെ ബാങ്കിന്റെ പ്രവൃത്തികളുടെ ഉള്ളടക്കം സമൂലമായി മാറി. ബ്രാഞ്ചുതലത്തിലുള്ള സ്വര്‍ണപ്പണയവായ്പപോലും ഉപേക്ഷിച്ച് ജനകീയത ഇല്ലാതാക്കി. വമ്പന്‍ കോര്‍പറേറ്റ് ബിസിനസിലും സ്വകാര്യ ഇന്‍ഷുറന്‍സ് വ്യാപാരത്തിലുമായി ബാങ്ക് പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ബാങ്കിനകത്തുനടന്ന ധൂര്‍ത്തും ആഡംബരചെലവുകളും ഈ കൊച്ചു ബാങ്കിന് താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. 2009ല്‍ 58 കോടി രൂപ ലാഭമുണ്ടായിരുന്ന ബാങ്കിന്, 2012 മാര്‍ച്ചിലെത്തിയപ്പോള്‍ 116 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 2012ലെ ബാങ്കിന്റെ ബിസിനസ് 2011നേക്കാള്‍ 3000 കോടിരൂപ കുറയുകയുംചെയ്തു. ഇത്തരത്തില്‍ ബാങ്കിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടാണ്, 3 വര്‍ഷംകൂടി എംഡി ആയി തുടരാന്‍ കാലാവധിയുണ്ടായിട്ടും അമിതാഭ് ചതുര്‍വേദി രാജിവച്ചു പോയത്.

ബാങ്ക് നഷ്ടത്തിലാകുകയും ബിസിനസ് കുറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ ചെയ്തികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയാണ് റിസര്‍വ് ബാങ്ക് ചെയ്യേണ്ടത്. അതിനുപകരം നഷ്ടത്തിലായ ബാങ്കിനെ മറ്റേതെങ്കിലും നവസ്വകാര്യ ബാങ്കില്‍ ലയിപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 2007ല്‍ ലോഡ് കൃഷ്ണ ബാങ്ക് തകര്‍ന്നില്ലാതായതും സമാനമായ രൂപത്തിലാണ്. ഉത്തരേന്ത്യന്‍ വ്യവസായിയായ പുരിഗ്രൂപ്പ് ലോഡ് കൃഷ്ണ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും തുടര്‍ന്ന് നടന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ബാങ്ക് നഷ്ടത്തിലെത്തുകയുമായിരുന്നു. രണ്ട് സ്വകാര്യ ബാങ്കുകള്‍ തമ്മില്‍ ലയിക്കാന്‍ ആ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡും ജനറല്‍ ബോഡി യോഗവും ചേര്‍ന്ന് തീരുമാനമെടുത്താല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കും. അങ്ങനെയാണ് ലോഡ് കൃഷ്ണ ബാങ്ക്് എച്ച്ഡിഎഫ്സി ബാങ്കില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് പഴയ ലോഡ് കൃഷ്ണ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടല്‍, ജീവനക്കാര്‍ക്കുനേരെ കടന്നാക്രമണം, സമ്പന്നര്‍ക്ക് അനുകൂലമായ വരേണ്യ ബാങ്കിങ് രീതികള്‍ എന്നിവ സമൃദ്ധമായി അരങ്ങേറി. ബാങ്ക് തകര്‍ച്ചയിലെത്തുകയും ചെയ്തു.

ധനലക്ഷ്മി ബാങ്കിലെ സംഭവവികാസങ്ങളില്‍ അടിയന്തരമായ റിസര്‍വ് ബാങ്ക് ഇടപെട്ടില്ലെങ്കില്‍ കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകും. ഏറ്റെടുക്കാന്‍ പോകുന്ന നവസ്വകാര്യ ബാങ്കിന് പഥ്യമാകും വിധം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ധനലക്ഷ്മി ബാങ്ക് മാനേജ്മെന്റ് നടപ്പാക്കുന്നത്. മാനേജ്മെന്റ് വരുത്തിവച്ച കെടുതിക്കും കഷ്ടനഷ്ടങ്ങള്‍ക്കും പരിഹാരമായി ആയിരത്തോളമുള്ള ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം നടക്കുന്നത്. ഈ ജീവനക്കാര്‍ 3 കൊല്ലമായി ബാങ്കിലെ സ്ഥിരജോലിക്കാരാണ്. എന്നാല്‍, ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ശമ്പളഘടന പ്രകാരമുള്ള ജോലിസ്ഥിരത ഇവര്‍ക്ക് നടപ്പാക്കിയിട്ടില്ല. മാത്രവുമല്ല സംഘടനാസ്വാതന്ത്ര്യവും ബാങ്ക് നിഷേധിച്ചു. ആദ്യപടിയായി ഈ ജീവനക്കാരോട് ബാങ്കില്‍ നിന്ന് സ്വയം രാജിവച്ചുപോകണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. അതിനു സന്നദ്ധമാകാതിരുന്ന 93 ജീവനക്കാരെ തെരഞ്ഞുപിടിച്ച് ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. ഇവര്‍ക്ക് യാത്രപ്പടിയോ വീട്ടുവാടക അലവന്‍സോ കൊടുക്കുന്നില്ല. മാര്‍ക്കറ്റിങ് ജോലി കൂടി നിര്‍വഹിക്കുന്ന ഇവര്‍ക്ക് ഭാഷയും സംസ്കാരവും തടസ്സമാകുമെന്നും അങ്ങനെ അവര്‍ സ്വമേധയാ രാജിവച്ച് പോകുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍. മാത്രവുമല്ല, കേരളത്തില്‍ തൊഴിലാളികളെ പിരിച്ചുവിട്ടാല്‍ ഉണ്ടാകാനിടയുള്ള സാമൂഹ്യപ്രശ്നങ്ങള്‍ ഉത്തരേന്ത്യയില്‍ കൊണ്ടുപോയി പിരിച്ചുവിട്ടാല്‍ സംഭവിക്കില്ലെന്നും മാനേജ്മെന്റ് മനസിലാക്കുന്നു. ഇതാണ് കൂട്ടസ്ഥലംമാറ്റത്തിന്റെ സാഹചര്യമെന്നിരിക്കെ ഇതൊരു സാധാരണ അഡ്മിനിസ്ട്രേറ്റീവ് സ്ഥലംമാറ്റമാണെന്ന മാനേജ്മെന്റ് വാദം കബളിപ്പിക്കാനുദ്ദേശിച്ചിട്ടുള്ളതാണ്. ട്രേഡ്യൂണിയനുകളില്‍ അംഗങ്ങളായ ഒരൊറ്റ ജീവനക്കാരനെയും ഈ കൂട്ടസ്ഥലംമാറ്റപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തൊഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തന്ത്രമാണ് മാനേജ്മെന്റ് നടപ്പാക്കുന്നത്.

വ്യക്തമായ നിയമന ഉത്തരവ് നല്‍കി, പ്രോബേഷനുശേഷം കണ്‍ഫര്‍മേഷന്‍ നല്‍കി, ലീവും ശമ്പളഘടനയും നിശ്ചയിച്ച് ബാങ്കില്‍ 60 വയസ്സുവരെ ജോലിചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് ഇപ്പോള്‍ പിരിച്ചുവിടലിന് നിയുക്തമാക്കപ്പെട്ട ജീവനക്കാര്‍. ട്രേഡ്യൂണിയന്‍ അംഗത്വം നിഷേധിക്കപ്പെട്ട് അസംഘടിതരായി കഴിയുംവിധത്തിലാണ് ബാങ്ക് ഇവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത് എന്നുമാത്രം. ഇവരെ ഉപയോഗിച്ച് മറ്റുള്ള ജീവനക്കാരെയും, മറ്റു സംഘടനകളെ കൂടെ നിര്‍ത്തി ഇവരെയും തരംപോലെ വേട്ടയാടുന്ന മാനേജ്മെന്റിന്റെ ചൂഷണമുഖം ധനലക്ഷ്മി ബാങ്കില്‍ സുവ്യക്തമാണിന്ന്. ആഗോളവല്‍ക്കരണകാലത്ത് തൊഴിലാളികളെ തോന്നിയപോലെ കൈക്കലാക്കുകയും ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യുന്ന കാട്ടുനീതിയാണ് മാനേജ്മെന്റ് നടപ്പാക്കുന്നത്. ഈ വിധത്തില്‍, ഒരുഭാഗത്ത് അന്യസംസ്ഥാനത്തേക്ക് ജീവനക്കാരെ നാടുകടത്തുമ്പോള്‍ തന്നെയാണ് മറുവശത്ത് കേരളത്തില്‍ ദിനംപ്രതിയെന്നോണം ജീവനക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നത്.

ചില പ്രത്യേക കേന്ദ്രങ്ങളിലെ ശുപാര്‍ശയ്ക്കനുസരണമായി പൊതുനോട്ടിഫിക്കേഷനോ പരീക്ഷയോ അഭിമുഖമോ നടത്താതെയാണ് നിയമനങ്ങള്‍. പുത്തന്‍ സാമ്പത്തികനയത്തിന്റെ സമ്പൂര്‍ണപരാജയത്തെ തൊട്ടുകാണിക്കാന്‍ കഴിയുന്ന ഉദാഹരണമാകുകയാണ്് ഇന്നത്തെ ധനലക്ഷ്മി ബാങ്ക്. അധിനിവേശകാലത്ത് തദ്ദേശീയസ്ഥാപനങ്ങളെ തകര്‍ത്തില്ലാതാക്കുന്ന മൂലധനശക്തികളുടെ കൗശലമാണ് ഇവിടെ പരീക്ഷിക്കപ്പെട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലും റിസര്‍വ് ബാങ്കിന്റെ കര്‍ശന നടപടികളും മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. സംഘടനാസ്വാതന്ത്ര്യം അനുവദിക്കാതെയും ജീവനക്കാരെ വിവിധ തട്ടുകളിലാക്കി തോന്നുംപോലെ അവരെ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഒരു പരീക്ഷണശാലയായും ഈ ബാങ്കിനെ മാറ്റിത്തീര്‍ത്തു. സംഘടിത ട്രേഡ് യൂണിയനുകള്‍ പ്രതിപാദിച്ചുവരുന്ന ആഗോളവല്‍ക്കരണകാലത്തെ തൊഴില്‍ ചൂഷണത്തിന്റെ ദയനീയദൃശ്യം ധനലക്ഷ്മി ബാങ്കിലെ തൊഴിലാളിഘടനയില്‍ കൃത്യമായി ദര്‍ശിക്കാനാകും. മുഴുവന്‍ തൊഴിലാളി പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹ്യമനസ്സും സംസ്ഥാന സര്‍ക്കാരും നല്ലപോലെ ഗൃഹപാഠംചെയ്ത് ഇടപെട്ട് പരിഹരിക്കേണ്ട ഒന്നായി ധനലക്ഷ്മി ബാങ്കിലെ സംഭവവികാസങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

*
ടി നരേന്ദ്രന്‍ 10 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...