Monday, August 6, 2012

മഹാദുരന്തം ഓര്‍മിപ്പിക്കുന്നത്

ഓരോ യുദ്ധവും തകര്‍ക്കുന്നത് ഇന്നിന്റെ ജീവിതങ്ങള്‍മാത്രമല്ല, നാളെയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ്. മാനവികതയുടെ ഹൃദയാകാശത്ത് അണുബോംബുകളുടെ അഗ്നിനാളങ്ങള്‍ പറന്നിറങ്ങിയിട്ട് 67 വര്‍ഷം തികയുന്നു. അന്യരാജ്യങ്ങളെ ചൂഷണംചെയ്ത് അവിടത്തെ വിഭവങ്ങളെ വരുതിയില്‍ എത്തിക്കുന്നതിനുള്ള മത്സരബുദ്ധിയായിരുന്നു ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ കലാശിച്ചത്. 1945 ആഗസ്ത് ആറിനും ഒന്‍പതിനും മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ലോകത്ത് ആദ്യമായി അണുബോംബുകള്‍ വര്‍ഷിച്ചു. ആഗസ്ത് ആറിന് ഹോണ്‍ഷം ദ്വീപിലെ ഹിരോഷിമാ നഗരത്തിന് മുകളില്‍ രാവിലെ 8.15 ന് പറന്നെത്തിയ ഇനോല്‍ ഗേയ് എന്ന വിമാനത്തില്‍നിന്നാണ് ആദ്യത്തെ അണുബോംബ് വീഴുന്നത്. സൂര്യതുല്യം ഉയര്‍ന്നു പൊങ്ങിയ തീക്കുണ്ഡത്തിലും മാരകമായ ആഘാതത്തിലും നഗരം അക്ഷരാര്‍ഥത്തില്‍ നിമിഷനേരംകൊണ്ട് തരിപ്പണമായി. രണ്ടു ദിവസത്തിനുശേഷം ആഗസ്ത് ഒന്‍പതിന് ക്യുഷു ദ്വീപിലെ തുറമുഖനഗരമായ നാഗസാക്കിയിലാണ് ആദ്യത്തേതിനേക്കാള്‍ സംഹാരശേഷിയുള്ള രണ്ടാമത്തെ ബോംബിട്ടത്. ഹിരോഷിമയില്‍ 78,150 പേരും നാഗസാക്കിയില്‍ 73,884 പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. അണുപ്രസരണത്തിന്റെ വിപത്തുകളാല്‍ അംഗഭംഗം വന്നവര്‍ക്ക് കണക്കില്ല.

1938 ആഗസ്തില്‍ ജര്‍മനി പോളണ്ടിനെ ആക്രമിച്ച നാള്‍മുതല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച 1945 ആഗസ്ത് വരെയുള്ള 2555 ദിവസത്തെ യുദ്ധത്തില്‍ അഞ്ചുകോടി ജനങ്ങള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതായാണ് കണക്ക്. പുതിയ സ്വപ്നങ്ങള്‍ പൂവിരിയുന്നതിന്റെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന കുട്ടികളാണ് യുദ്ധങ്ങളില്‍ ദുരിതങ്ങളും യാതനകളും ഏറെ അനുഭവിക്കേണ്ടിവരുന്നത്. ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും ഉറവ വറ്റാത്ത സ്നേഹവുമാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍, അവയെല്ലാം നിഷേധിക്കുകയാണ് യുദ്ധങ്ങള്‍. അറുപത്തേഴു വര്‍ഷം പിന്നിടുന്ന ആധുനിക കാലഘട്ടം യുദ്ധഭീകരതയേക്കാള്‍ ഭയാനകമായ സാഹചര്യം നേരിടുകയാണ്. അത് ഭക്ഷ്യപ്രതിസന്ധിയുടെ കാരണത്താലാണ്. ലോകത്ത് ആഹാരം ലഭിക്കാതെ നാലു സെക്കന്‍ഡില്‍ ഒരു കുട്ടി മരിക്കുന്നു. മിനിറ്റില്‍ 14 കുട്ടികള്‍; അതായത് ദിവസം 21,000 കുഞ്ഞുങ്ങളെയാണ് ലോകത്തിന് നഷ്ടമാകുന്നത്. ഭക്ഷണമില്ലാതെ ദിവസം 7000 കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന രാജ്യമാണ് നമ്മുടേത്. ഈയിടെ പുറത്തു വന്ന വേള്‍ഡ് ഡിസാസ്റ്റര്‍ റിപ്പോര്‍ട്ട് 2011 പ്രകാരം ഭക്ഷണമില്ലാതെ ദിവസവും ഉറങ്ങാന്‍ വിധിക്കപ്പെട്ടവര്‍ ശതകോടിയാണ്. ഭക്ഷണമില്ലാതെ കുട്ടികളും മുതിര്‍ന്നവരുമടക്കം ദിവസം അരലക്ഷം പേരെയാണ് ലോകത്തിന് നഷ്ടമാകുന്നത്.

പുരാതനകാലം മുതല്‍ മനുഷ്യന്റെ ഭക്ഷണശീലങ്ങള്‍ രൂപപ്പെടുത്തിയത് ഭൂമിശാസ്ത്രപരവും കാലാവസ്ഥപരവുമായ വിവിധ ഘടകങ്ങളാണ്. ഇന്ത്യന്‍ജനതയുടെ മുഖ്യ ആഹാരം ഗോതമ്പും അരിയും പഴവര്‍ഗങ്ങളുമെന്നിരിക്കെ കേരളത്തിലാകെ മരച്ചീനിയും കിഴങ്ങുവര്‍ഗങ്ങളും ധാരാളമായി ഉപയോഗിക്കുന്നു. ജപ്പാന്‍കാര്‍ കൂടുതലും ഭക്ഷിക്കുന്നത് വെള്ളത്തില്‍നിന്ന് ലഭിക്കുന്ന ജൈവ വസ്തുക്കളാണ്. ആഫ്രിക്കയിലെ ജനങ്ങളാകട്ടെ യാം, എലമെന്റ്, റൂട്ട് തുടങ്ങി വിവിധതരം കിഴങ്ങുവര്‍ഗങ്ങളും ചോളവും ഭക്ഷിക്കുന്നു. 1990 കള്‍ക്ക് ശേഷം ആധുനികവല്‍ക്കരണത്തിന്റെ വക്താക്കള്‍ കൃഷിയെ സഹായിക്കുന്നതിന്റെ മറവില്‍, വികസ്വര രാഷ്ട്രങ്ങളില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചുനല്‍കാം എന്ന് പറഞ്ഞ് മൂലധനത്തെയും സാങ്കേതിക വിദ്യയെയും വിദഗ്ധരെയും കച്ചവടംചെയ്തു. അതതു രാജ്യങ്ങളിലെ തനത് വിത്ത് ഉല്‍പ്പാദനത്തെയും കൃഷിയെയും സമൂഹത്തില്‍നിന്ന് വേര്‍പെടുത്തി സ്വകാര്യ കുത്തക മുതലാളിമാരുടെ വരുതിയിലേക്ക് മാറ്റി. ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിക്കുന്നതേയില്ല. വികസ്വര രാഷ്ട്രങ്ങളാണ് ഇത് ഏറിയപങ്കും അനുഭവിക്കുന്നത്.

ഭക്ഷ്യക്രമത്തെ ജൈവവ്യവസ്ഥയില്‍നിന്നും കാലാവസ്ഥയില്‍നിന്നും വേര്‍പെടുത്തി കമ്പോള ശക്തിയുമായി ബന്ധപ്പെടുത്തിയത് വിലക്കയറ്റവും പട്ടിണിയും ക്രമാതീതമായി ഉയര്‍ത്താന്‍ ഇടയാക്കി. വിഭവങ്ങളുടെ അഭാവമല്ല മറിച്ച് വിഭവങ്ങള്‍ പ്രദാനംചെയ്യാന്‍ നേതൃത്വം നല്‍കുന്നവരുടെ കഴിവില്ലായ്മയും തെറ്റായ നയരൂപീകരണങ്ങളുമാണ് രാഷ്ട്രങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കാതെ വരുന്നത്. ഭക്ഷണമില്ലാതെ 7000 കുഞ്ഞുങ്ങള്‍ മരിക്കുന്ന ഇന്ത്യയിലെ ഭക്ഷ്യഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യശേഖരം അഞ്ചുകോടി ടണ്‍ ആണ്. എല്ലാ ജീവിവര്‍ഗങ്ങള്‍ക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് നിരന്തരം നമ്മെ ഓര്‍മപ്പെടുത്താനും തന്റെ രചനകളിലൂടെ മനുഷ്യനെ ഉദ്ബോധിപ്പിക്കാനും ശ്രമിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. എത്ര ദരിദ്രനായ മനുഷ്യനും ആഹാരം ലഭിക്കണമെങ്കില്‍ കൂടിയ വില നല്‍കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ഗോഡൗണുകളിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ക്ഷുദ്രജീവികള്‍ സുഭിക്ഷമായി ഭക്ഷിക്കുമെന്ന മനുഷ്യത്വരഹിതവും നിന്ദ്യവുമായ നയമാണ് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. രാജ്യത്തെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. രാജ്യത്തും ലോകത്തും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇനിയും ശ്രമം ആരംഭിച്ചിട്ടില്ലായെങ്കില്‍ ലോക മഹായുദ്ധത്തേക്കാള്‍ ഭയാനകമായ നഷ്ടങ്ങളെ നേരിടേണ്ടി വരുമെന്നതാണ് 2012 ഹിരോഷിമ- നാഗസാക്കി ദിനങ്ങള്‍ യുദ്ധസ്മരണയില്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത്.

*
ജി എല്‍ അരുണ്‍ഗോപി ദേശാഭിമാനി 06 ആഗസ്റ്റ് 2012

No comments: