Sunday, August 26, 2012

ബാങ്ക് പണിമുടക്ക്: ഭരണവര്‍ഗത്തിന് കരുത്തുറ്റ താക്കീത്

ഇന്ത്യയിലെ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് - യു എഫ് ബി യു) ആഹ്വാനംചെയ്ത ദ്വിദിന ബാങ്ക് പണിമുടക്ക് നവ ഉദാരീകരണ നയങ്ങള്‍ക്കും നഗ്നമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരായ ശക്തമായ താക്കീതാണ്. കഴിഞ്ഞ രണ്ടുദിവസം നീണ്ടുനിന്ന പണിമുടക്കില്‍ 24 പൊതുമേഖലാ ബാങ്കുകള്‍, 12 സ്വകാര്യ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍ എന്നിവകളിലെ പത്തുലക്ഷത്തിലേറെ ജീവനക്കാര്‍ അണിനിരന്നു. പതിനായിരക്കണക്കിന് കോടിരൂപയുടെ ബാങ്ക് ഇടപാടുകള്‍ സ്തംഭിച്ചു. ബാങ്കിംഗ് മേഖലയ്ക്കും പൊതുസമ്പദ്ഘടനയ്ക്കും പണിമുടക്ക് കനത്ത നഷ്ടം വരുത്തിവച്ചതായി ധനകാര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്ക് ജീവനക്കാരും അവരുടെ സംഘടനകളും നിരന്തരമായി ഉന്നയിച്ചുവരുന്ന രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയെ മൗലികമായി ബാധിക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കാനോ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനോ ബാങ്ക് ഉടമാ സംഘടനയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനോ (ഐ ബി എ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ കേന്ദ്ര ഭരണം കയ്യാളുന്ന യു പി എ യോ ആത്മാര്‍ഥമായ യാതൊരു ശ്രമവും നടത്തിയതായി കാണുന്നില്ല. നിവൃത്തിയില്ലാതെ 2011 ഓഗസ്റ്റ് 5, 2012 ഫെബ്രുവരി 28 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ജൂലൈ 25, 26 തീയതികളില്‍ നടത്താനിരുന്ന ദ്വിദിന പണിമുടക്ക് കേന്ദ്ര ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. യു എഫ് ബി യു - ഐ ബി എ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പണിമുടക്ക് നടന്നത്. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ ഇടപെടലിനും പത്തുദിവസം നല്‍കിയിട്ടും യാതൊരു പ്രതികരണവും ഉണ്ടാകാത്ത പശ്ചാത്തലത്തിലായിരുന്നു പണിമുടക്ക്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ അപ്പാടെ ഹനിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നത് പണിമുടക്കിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

രാജ്യത്തിന്റെയും മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെയും താല്‍പര്യങ്ങളെ നിരാകരിച്ച് ഒരു പറ്റം ദേശീയ- വൈദേശിക കുത്തക കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു പി എ സര്‍ക്കാര്‍ ബാങ്കിംഗ് നിയമ ഭേദഗതി ബില്‍കൊണ്ടുവരുന്നത്. ബാങ്ക് ദേശസാല്‍ക്കരണമടക്കം പുരോഗമന-ജനകീയ ബാങ്കിംഗ് നേട്ടങ്ങളെ അപ്പാടെ അട്ടിമറിക്കലാണ് ഭേദഗതി ബില്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ കരുത്തിനെപ്പറ്റി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അന്താരാഷ്ട്രവേദികളില്‍ അഭിമാനപുരസ്സരം പറഞ്ഞ എല്ലാ വസ്തുതകളുടെയും നിരാകരണമായിരിക്കും അത്തരം ഒരു നിയമനിര്‍മാണം. ലോകത്തെമ്പാടും കോര്‍പ്പറേറ്റ് ബാങ്കിംഗ് മേഖലയുടെ തകര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം നാം ദര്‍ശിക്കുന്നത്. അമേരിക്കയില്‍ മാത്രം 2008-12 കാലയളവില്‍ തകര്‍ന്നത് 437 ബാങ്കുകളാണ്. ബാങ്കിംഗ് വ്യവസായം സൃഷ്ടിച്ച ആഴമേറിയ പ്രതിസന്ധിയില്‍ നിന്ന് യൂറോപ്പ് അടുത്ത കാലത്തൊന്നും കരകയറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അത് ആ രാജ്യങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക തകര്‍ച്ച, അളവറ്റ ജീവിത ദുരിതം, രാഷ്ട്രീയ അസ്ഥിരത, സാമൂഹ്യ അസ്വസ്ഥതകളുടെ വിസ്‌ഫോടനം എന്നിവ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനാണ് യു പി എ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത്തരം അങ്ങേയറ്റം നിഷേധാത്മകവും പ്രതിലോമകരവുമായ നീക്കത്തിനെതിരെയാണ് ഭരണ-പ്രതിപക്ഷ, ഇടതു-വലതു ഭേദമന്യേ ബാങ്കിംഗ് രംഗത്തെ സമസ്ത യൂണിയനുകളും സമരരംഗത്ത് അണിനിരന്നത്. ഈ താക്കീത് അവഗണിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഏതൊരു ശ്രമവും കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് യു എഫ് ബി യു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നമ്മുടെ പൊതുമേഖലാ ബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ക്കു അടിയറവെയ്ക്കുകയാണ് ബാങ്കിംഗ് നിയമഭേദഗതിയുടെ ഒന്നാമത്തെ ലക്ഷ്യം. ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് നൂറുശതമാനം പൊതുമേഖലയിലായിരുന്ന ഈ ബാങ്കുകളുടെ 49 ശതമാനം ഓഹരികള്‍ ഇതിനകം സ്വകാര്യവല്‍ക്കരിച്ചു കഴിഞ്ഞു. അത് 33 ശതമാനമായി കുറയ്ക്കണം. സ്വകാര്യ ഓഹരിയുടമകള്‍ക്ക് ഒരു ശതമാനമായി പരിമിതപ്പെടുത്തിയിരുന്ന വോട്ടവകാശം 10 ശതമാനമായി ഉയര്‍ത്തണം. സ്വകാര്യ ബാങ്കുകളുടെ കാര്യത്തില്‍ ഇതു 10 ല്‍ നിന്നും 26 ശതമാനമാക്കണം. ഇത് ഫലത്തില്‍ ഇന്ത്യയിലെ ബാങ്കുകളുടെയും അതിലെ 65 ലക്ഷംകോടി രൂപയുടെ നിക്ഷേപത്തിന്റെയും നിയന്ത്രണം സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലാക്കും. രണ്ടാമത്, ജനങ്ങളുടെ നിക്ഷേപം യാതൊരു നിയന്ത്രണവും കൂടാതെ കയ്യാളാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കുന്ന ലയനത്തിന് അനുകൂലമായ വ്യവസ്ഥയാണ്. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പുകളെ വകവെക്കാതെ ബാങ്കുകളുടെ മത്സര രഹിത കുത്തകവല്‍ക്കരണത്തിലേയ്ക്കും പൊതുസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുമുള്ള അവസരമാണ് ഇതുവഴി സൃഷ്ടിക്കുക. എന്റോണ്‍, 2 ജി സ്‌പെക്ട്രം, കിംഗ്ഫിഷര്‍ കുംഭകോണങ്ങള്‍ തുടങ്ങി ബാങ്കിംഗ് മേഖലയ്ക്കുണ്ടാക്കിയ ഭീമമായ നഷ്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദായകരമല്ലെന്ന പേരില്‍ സാധാരണക്കാരെ ഒഴിവാക്കി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വായ്പ സംവരണമാണ് ഇതിന്റെ ലക്ഷ്യം. മൂന്നാമതായി, സാമ്പത്തിക ഉള്‍ക്കൊള്ളല്‍; അര്‍ഥപൂര്‍ണമായ സാമ്പത്തിക ഉള്‍ക്കൊള്ളല്‍; എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ച തുടങ്ങിയ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ വായ്ത്താരികളെ ഈ നിയമ നിര്‍മാണം അര്‍ഥശൂന്യമാക്കും. നാലാമത്, ബാങ്കുകളുടെ ഗ്രാമീണ ശാഖകള്‍ എന്ന ലക്ഷ്യം ഇതോടെ നിരാകരിക്കപ്പെടുകയും 'അള്‍ട്രാ സ്‌മോള്‍ ബ്രാഞ്ച്' എന്ന പേരില്‍ ഗ്രാമീണ ബാങ്കിംഗിന്റെ സ്വകാര്യവല്‍ക്കരണം എന്നതും നിയമ നിര്‍മാണം ലക്ഷ്യം വെയ്ക്കുന്നു. അവസാനമായി ബാങ്ക് ജീവനക്കാരുടെ ഏറ്റവും ന്യായമായ അവകാശങ്ങളുടെ നിഷേധവും നിയമനിര്‍മാണത്തിന്റെ അജണ്ടയിലെ മുഖ്യ ഇനമാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദ്രോഹകരമായ ഈ നിയമനിര്‍മാണം നഖശിഖാന്തം എതിര്‍ക്കപ്പെടണം. ബാങ്ക് ജീവനക്കാരുടെ ഈ പോരാട്ടം രാജ്യത്തിന്റെ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടമാണ്. അവര്‍ സമസ്ത ജനവിഭാഗങ്ങളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം 24 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാങ്ക് ജീവനക്കാരുടെ ഈ പോരാട്ടം രാജ്യത്തിന്റെ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടമാണ്. അവര്‍ സമസ്ത ജനവിഭാഗങ്ങളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു.