Sunday, August 19, 2012

സഖാവിന്റെ സ്മരണ

1947 ഫെബ്രുവരി 19ന് ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്ത ഇപ്രകാരമായിരുന്നു:

""സ: കൃഷ്ണപിള്ളയുടെ വീട്ടിലും പൊലീസ് കൊള്ള നടത്തി. കണ്ണൂര്‍, ഫെ. 18 ഇന്നുച്ചക്ക് 12 മണിക്ക് ഒരു പൊലീസ് സംഘം സഖാവ് കൃഷ്ണപിള്ളയുടെ വീട്ടില്‍ കയറി അവിടെയുള്ള എല്ലാ വീട്ടുസാമാനങ്ങളും കൊള്ള ചെയ്തുകൊണ്ടുപോയിരിക്കുന്നു. റേഷനരി, അരി വെക്കാനുള്ള പാത്രങ്ങള്‍, കിടക്ക, കട്ടില്‍, മേശ, കസാല, കീറപ്പായകള്‍ ഇവയെല്ലാം പൊലീസ് കൈവശപ്പെടുത്തി. വീട്ടുകാരുടെ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ പോലും പൊലീസ് പിടിച്ചെടുത്തു. ഈ സാമാനങ്ങളെല്ലാം തന്റേതാണെന്ന് മിസിസ് തങ്കമ്മ കൃഷ്ണപിള്ള വാദിച്ചുവെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല. സംഭവം നടക്കുമ്പോള്‍ ധാരാളം ആളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു.""

സ്വാതന്ത്ര്യത്തിനു മുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ നേതൃത്വവും നേരിട്ട അടിച്ചമര്‍ത്തലിന്റെയും പീഡനത്തിന്റെയും ഒരു പതിപ്പാണിത്. സ. കൃഷ്ണപിള്ളയുടെ 64-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ വേളയിലും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായ ആക്രമണത്തിന്റെ രൂക്ഷതയില്‍ മാറ്റം വന്നിട്ടില്ല. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും പ്രവര്‍ത്തകരും മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കമ്യൂണിസ്റ്റുകാര്‍ കഠിനമായി വേട്ടയാടപ്പെട്ടു. ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരമേറ്റെടുത്ത കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാനുള്ള ദൗത്യംകൂടിയാണ് ഏറ്റെടുത്തത്. കമ്യൂണിസ്റ്റ് പാര്‍ടിയെ നിയമവിരുദ്ധമാക്കണം, ദേശാഭിമാനി പത്രവും കമ്യൂണിസ്റ്റ് മാസികയും നിരോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വിധ്വംസക പാര്‍ടിയെന്നും നിയമവിരുദ്ധ കക്ഷിയെന്നുമുള്ള മുദ്രകള്‍ അവര്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ ചാര്‍ത്തി. "കമ്യൂണിസ്റ്റുകളെ ചെന്നായ്ക്കളെ പോലെ വേട്ടയാടണ"മെന്നാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ കേളപ്പന്‍ പ്രസ്താവിച്ചത്. കോണ്‍ഗ്രസ്-ജന്മി മുതലാളി കൂട്ടുകെട്ടും സഹായികളായ എംഎസ്പി-പട്ടാള കൂട്ടുകെട്ടും കമ്യൂണിസ്റ്റ് വേട്ട നടത്തി. കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ആക്രമണം ജനങ്ങള്‍ക്കു നേരെയുള്ളതുമാണ്.

അനീതിയുടെയും അക്രമത്തിന്റെയും ആഘോഷകാലമായിരുന്നു അത്. ജന്മിമാര്‍ നെല്ല് പൂഴ്ത്തിവച്ചു. നാട്ടില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായി. മുനയന്‍കുന്നിലും പഴശ്ശിയിലും സേലം ജയിലിലും പോരാളികളുടെ ചോരയൊഴുകിയത് ഈ ഘട്ടത്തിലാണ്. മൊയാരത്ത് ശങ്കരനെ മര്‍ദിച്ചുകൊന്നപ്പോള്‍ മാതൃഭൂമി മുഖപ്രസംഗത്തില്‍ ചോദിച്ചു, "മരിച്ച വിവരം ഉടനെ വീട്ടുകാരെ അറിയിക്കാതെ ശവം മറവുചെയ്യാനുള്ള ബദ്ധപ്പാടിന് കാരണമെന്തായിരുന്നു". അന്ന് കോണ്‍ഗ്രസ് എംഎല്‍എ സി കെ ഗോവിന്ദന്‍നായര്‍ മൊയാരത്തിന്റെ കൊലപാതകം ന്യായീകരിച്ചപ്പോള്‍ "കമ്യൂണിസ്റ്റ് വിദ്വേഷം ഞങ്ങളുടെ കാഴ്ച കുറച്ചിട്ടില്ല. മനസ്സ് അത്രയ്ക്ക് കറ പിടിച്ചിട്ടുമില്ല." എന്നാണ് മാതൃഭൂമി എഴുതിയത്. കമ്യൂണിസ്റ്റുകാരെ വേട്ടയാടാനാണ് കെ കേളപ്പന്‍ കേരളത്തിലുടനീളം സഞ്ചരിച്ച് ആഹ്വാനംചെയ്തത്. ""പശുക്കളെയും ആടുകളെയും പിടിക്കുന്ന കടുവകളെ പിടിക്കുവാന്‍ ആളുകള്‍ എന്തെല്ലാം ചെയ്യാറുണ്ടോ അതിനുപരിയായി ഈ വര്‍ഗത്തെ നശിപ്പിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു" എന്നായിരുന്നു കേളപ്പന്റെ ആഹ്വാനം. കമ്യൂണിസ്റ്റുകാര്‍ കൊള്ളക്കാരും തെമ്മാടികളുമാണെന്നും അവര്‍ക്ക് അഭയം നല്‍കരുതെന്നും കമ്യൂണിസ്റ്റുകാരെന്ന ഇരുകാലി മൃഗങ്ങളെ വേട്ടയാടിപ്പിടിക്കണമെന്നും അനുയായികളെ കേളപ്പന്‍ ആഹ്വാനംചെയ്തു.

സഖാവ് കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മദിരാശി സര്‍ക്കാര്‍ വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുള്ളവര്‍ക്ക് ഭക്ഷണമോ സഹായമോ ചെയ്യുന്നവരെ ജയിലില്‍ അടയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. സ. കൃഷ്ണപിള്ളയും ഇ എം എസ് ഉള്‍പ്പെടെയുള്ള 23 കമ്യൂണിസ്റ്റ് നേതാക്കളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 50-300 ഉറുപ്പിക ഇനാം പ്രഖ്യാപിച്ചു. അന്ന് മാതൃഭൂമി എഴുതി: "കമ്യൂണിസ്റ്റ് വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അയാള്‍ക്ക് നീതിനിയമങ്ങള്‍ പാലിക്കേണ്ടെന്നും എന്തും ചെയ്യാമെന്നും വരരുത്. ഏതെങ്കിലും കാലത്ത് കമ്യൂണിസവുമായി എന്തെങ്കിലും ബന്ധമുണ്ടാകുകയോ ബന്ധമുണ്ടെന്ന് സംശയപ്പെടുകയോ, അതും വേണ്ട ബന്ധമുണ്ടെന്ന് അയാളോട് സ്വകാര്യ പകയുള്ള നാലാള്‍ കൂടി പറഞ്ഞുണ്ടാക്കുകയോ ചെയ്താല്‍ മതി, അയാള്‍ നീതിയുടെയും നിയമത്തിന്റെയും രക്ഷയില്‍ നിന്നും പുറത്തായിയെന്നും അയാളെ എന്തുചെയ്താലും ആരും ചോദിക്കാനില്ലെന്നും വരരുത്" (മാതൃഭൂമി 1948 ആഗസ്ത് 19). ഈ മുഖപ്രസംഗം അച്ചടിച്ചു വന്ന അതേദിവസമാണ് സഖാവ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ആദ്യത്തെ പേരുകാരനായ; സഖാവ് എന്ന മൂന്നക്ഷരത്തില്‍ തലമുറകള്‍ നെഞ്ചേറ്റുന്ന സ. പി കൃഷ്ണപിള്ളയെ സ്മരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വേട്ടയുടെ ഗതകാലം മറക്കാനാകില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ട ഏറ്റവും മികച്ച സംഘാടകന്‍, പോരാളി, ത്യാഗസമ്പന്നന്‍- എല്ലാം തികഞ്ഞ നേതാവായിരുന്നു സഖാവ്. 1948ലെ ഇതേ ദിവസം 42-ാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റാണ് അന്തരിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റുകാരനായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗത്തും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ലവകാരികള്‍ക്ക് മാതൃകയാണ്.

1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനം. ദാരിദ്ര്യംമൂലം അഞ്ചാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. 16-ാം വയസ്സില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റു പല സ്ഥലത്തുമായി വിവിധ ജോലി ചെയ്തു; ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിന് ഇരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ലവകാരികളുമൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ലവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായ ശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. "34ല്‍ കോണ്‍ഗ്രസില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു.

വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. "36ല്‍ ചിറയ്ക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്കുള്ള കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം സെക്രട്ടറിയാകുകയും ചെയ്തു. 1940 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. "40 അവസാനം അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. "42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. "46 മുതല്‍ വീണ്ടും ഒളിവുജീവിതം ആരംഭിച്ചു. "46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരിച്ചത്.

പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍ കീഴിലും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നു. കമ്യൂണിസ്റ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പ്പോലും കുറ്റവാളികള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകര്‍ന്ന സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ലവകാരി നല്‍കിയ സന്ദേശം "സഖാക്കളെ മുന്നോട്ട്" എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കു ചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയ വിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും.

സഖാവിനെ എന്തിനുവേണ്ടി വേട്ടയാടിയോ, അതേ ലക്ഷ്യത്തിനായാണ് ഇന്നും കമ്യൂണിസ്റ്റ് പാര്‍ടിയെ ശത്രുക്കള്‍ വേട്ടയാടുന്നത്. പക്ഷേ, ഓരോ ആക്രമണങ്ങളെയും നേരിടാനും അതിജീവിക്കാനും അത്തരം അനുഭവങ്ങളില്‍ നിന്ന് കൂടുതല്‍ കരുത്താര്‍ജിക്കാനും പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് അലംഘനീയമായ ചരിത്രവസ്തുത.

പ്രതിസന്ധിയുടെ ചുഴിയില്‍പ്പെട്ട ആഗോള മുതലാളിത്തം അതിന്റെ ഭാരം ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ലോകവ്യാപകമായി കരുത്തന്‍ പ്രതിഷേധമുയരുന്ന ഘട്ടമാണ് ഇത്. ആഗോളവല്‍ക്കരണനയങ്ങളുടെ ആഘാതം കഠിനമായി അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയും പോരാട്ടത്തിന്റെ വഴിയിലാണ്. സഹസ്രകോടികളുടെ അഴിമതിയും സാമ്രാജ്യദാസ്യവും ജനവിരോധവും കേന്ദ്ര യുപിഎ സര്‍ക്കാരിനെ അനുദിനം ഒറ്റപ്പെടുത്തുന്നു. യുപിഎയുടെ ചുവടുപിടിച്ച് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ, സംസ്ഥാനം ഇന്നോളം ഉണ്ടാക്കിയ പുരോഗതിയും മാതൃകാപരമായ നേട്ടങ്ങളും തകര്‍ത്ത് ജനവിരുദ്ധതയില്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഭരണത്തിന്റെ ദുര്‍മുഖവും അവിശുദ്ധമായ നടപടികളും ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കമ്യൂണിസ്റ്റ് വേട്ട എന്ന ആയുധമാണ് അവര്‍ രാകിമിനുക്കി പുറത്തെടുത്തത്. വലതുപക്ഷത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തെ തകര്‍ക്കണമെന്ന ബൂര്‍ഷ്വാ മാധ്യമ അജന്‍ഡ ഈ കടന്നാക്രമണങ്ങള്‍ക്ക് ഇന്ധനമാകുകയാണ്.

ദേശീയ പത്രങ്ങള്‍ എന്നറിയപ്പെട്ട മാധ്യമങ്ങള്‍പോലും നഗ്നമായ വലതുപക്ഷപാതിത്വത്തിന്റെയും കമ്യൂണിസ്റ്റ് വേട്ടയുടെയും ആയുധങ്ങളായി മാറിയിരിക്കുന്നു. "കമ്യൂണിസ്റ്റ് വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് നീതിനിയമങ്ങള്‍ പാലിക്കേണ്ടെന്നും എന്തും ചെയ്യാമെന്നും വരരുത്." എന്ന് അത്തരം മാധ്യമങ്ങളോട് ജനങ്ങള്‍ വിളിച്ചുപറയേണ്ട അവസ്ഥ വന്നിരിക്കുന്നു. സ. കൃഷ്ണപിള്ളയും സഖാക്കളും ഇത്തരം ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ചെങ്കൊടിയെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്കെത്തിച്ച അനുഭവം- അതാണ് എല്ലാവിധ എതിര്‍പ്പുകളെയും വേട്ടയാടലിനെയും നേരിടാന്‍ ഇന്നും നമുക്ക് നല്‍കുന്ന കരുത്ത്. സഖാവിന്റെ സ്മരണ കൂടുതല്‍ ദീപ്തമാകുന്നത്, അത് നമ്മെ കൂടുതല്‍ ആവേശഭരിതമാക്കുന്നു; പോരാട്ടത്തിന് വെളിച്ചം നല്‍കുന്നു എന്നതുകൊണ്ടാണ്.

*
പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയ പത്രങ്ങള്‍ എന്നറിയപ്പെട്ട മാധ്യമങ്ങള്‍പോലും നഗ്നമായ വലതുപക്ഷപാതിത്വത്തിന്റെയും കമ്യൂണിസ്റ്റ് വേട്ടയുടെയും ആയുധങ്ങളായി മാറിയിരിക്കുന്നു. "കമ്യൂണിസ്റ്റ് വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് നീതിനിയമങ്ങള്‍ പാലിക്കേണ്ടെന്നും എന്തും ചെയ്യാമെന്നും വരരുത്." എന്ന് അത്തരം മാധ്യമങ്ങളോട് ജനങ്ങള്‍ വിളിച്ചുപറയേണ്ട അവസ്ഥ വന്നിരിക്കുന്നു. സ. കൃഷ്ണപിള്ളയും സഖാക്കളും ഇത്തരം ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ചെങ്കൊടിയെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്കെത്തിച്ച അനുഭവം- അതാണ് എല്ലാവിധ എതിര്‍പ്പുകളെയും വേട്ടയാടലിനെയും നേരിടാന്‍ ഇന്നും നമുക്ക് നല്‍കുന്ന കരുത്ത്. സഖാവിന്റെ സ്മരണ കൂടുതല്‍ ദീപ്തമാകുന്നത്, അത് നമ്മെ കൂടുതല്‍ ആവേശഭരിതമാക്കുന്നു; പോരാട്ടത്തിന് വെളിച്ചം നല്‍കുന്നു എന്നതുകൊണ്ടാണ്.