Saturday, August 18, 2012

കോര്‍പറേറ്റ് പണം വീര്‍പ്പിച്ചതാരെ?

കോര്‍പറേറ്റ് പണം ഇടതുപക്ഷത്തെ ദുര്‍ബലമാക്കുകമാത്രമല്ല ഇല്ലാതാക്കുകകൂടിയാണെന്ന് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ തുറന്നുപറഞ്ഞത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായുള്ള അഴിമതി ഇടതുപക്ഷ രാഷ്ട്രീയത്തിന് മുമ്പിലുള്ള വെല്ലുവിളിയാണെന്നും നവ ഉദാരവല്‍ക്കരണം സമ്പദ്വ്യവസ്ഥയെ മാത്രമല്ല, രാഷ്ട്രീയ സംവിധാനത്തെയും നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റാകാന്‍പോലും കോടികളാണ് ഒഴുക്കുന്നതെന്ന് പറഞ്ഞുകൊണ്ട് കോര്‍പറേറ്റുകളുടെ പണക്കൊഴുപ്പ് എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ മലീമസമാക്കുന്നതെന്ന് കാരാട്ട് വിശദീകരിച്ചു. കോഴിക്കോട്ട് നടന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ വിലയിരുത്തലാണ് പ്രകാശ് കാരാട്ട് ഡല്‍ഹിയിലും വിശദീകരിച്ചത്.

കോര്‍പറേറ്റുകളുടെ തെറ്റായ സ്വാധീനത്തെക്കുറിച്ച് കാരാട്ട് തുറന്നടിച്ചപ്പോള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് തീരെ സഹിച്ചില്ല. തൊട്ടടുത്ത ദിവസം ഇന്ത്യന്‍ കോര്‍പറേറ്റ് മാധ്യമ പ്രതീകമായ ടൈംസ് ഓഫ് ഇന്ത്യ  "സിപിഐ എം പേഴ്സ് മുതലാളിത്ത പണംകൊണ്ട് വീര്‍ത്തിരിക്കുകയാണ്" എന്ന തലക്കെട്ടുമായി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ വിതരണക്കാരനായ മലയാള ദിനപത്രവും ഇതേ വാര്‍ത്ത പകര്‍ത്തി. വിതരണത്തില്‍മാത്രമല്ല വാര്‍ത്തകളിലും സഹകരണം പൊടിപൊടിച്ചു. കോര്‍പറേറ്റുകളെ കുറ്റം പറയുന്ന സിപിഐ എം, കോണ്‍ഗ്രസിനെയും ബിജെപിയെയുംപോലെ കോര്‍പറേറ്റ് ഫണ്ട് സ്വീകരിക്കുന്നവരാണെന്നും കോര്‍പറേറ്റ് ഫണ്ടിങ്ങിന്റെ വന്‍ ഗുണഭോക്താവ് സിപിഐ എം ആണെന്നും ഈ പത്രങ്ങള്‍ പറഞ്ഞുവച്ചു. സമാജ്വാദി പാര്‍ടിയെയും എന്‍സിപിയെക്കാളും കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്നത് സിപിഐ എമ്മിനാണെന്ന് മാത്രമല്ല ഫണ്ട് നല്‍കിയ കോര്‍പറേറുകളുടെ പേരുകള്‍ സിപിഐ എം രഹസ്യമായി വച്ചിരിക്കുകയാണെന്നും ഈ പത്രങ്ങള്‍ ആരോപിച്ചു.



എന്നാല്‍, കോണ്‍ഗ്രസും ബിജെപിയും കോര്‍പറേറ്റുകളില്‍നിന്ന് വാങ്ങുന്ന ഫണ്ടിന്റെ വലുപ്പത്തെക്കുറിച്ച് ഈ പത്രങ്ങള്‍ വാര്‍ത്തയൊന്നും പ്രസിദ്ധീകരിച്ചില്ല. പത്രങ്ങള്‍ വാര്‍ത്തയ്ക്ക് അടിസ്ഥാനമാക്കിയ അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി റിഫോംസ്(എഡിആര്‍) എന്ന സംഘടനയുടെ കണക്കനുസരിച്ച് 2009-10 വര്‍ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോര്‍പറേറ്റുകളില്‍ നിന്ന് വാങ്ങിയത് 84.05 കോടി രൂപയാണ്. ബിജെപിയാകട്ടെ 82.32 കോടി രൂപയും. 20000 രൂപയില്‍ കൂടുതല്‍ സംഭാവന സ്വീകരിച്ച ദേശീയ പാര്‍ടികളില്‍ ഏറ്റവും കുറഞ്ഞ പണം സ്വീകരിച്ച പാര്‍ടി സിപിഐ എമ്മാണ്, 39.2 ലക്ഷം രൂപമാത്രം. വന്‍കിട കോര്‍പറേറ്റ് കമ്പനികളില്‍&ാറമവെ;നിന്നാണ് കോണ്‍ഗ്രസും ബിജെപിയും പണം സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പണം നല്‍കിയത് ബിര്‍ള ഗ്രൂപ്പിന്റെ ജനറല്‍ ഇലക്ട്രിക്കല്‍ ട്രസ്റ്റായിരുന്നു. രണ്ടാമത് ഏഷ്യാനെറ്റും. 30.55 കോടി രൂപയായിരുന്നു ജനറല്‍ ഇലക്ട്രിക്കല്‍ ട്രസ്റ്റ് സംഭാവനയായി നല്‍കിയത്. ഇതില്‍ 16.60 കോടി രൂപ ബിജെപിക്കും ബാക്കി 13.95 കോടി രൂപ കോണ്‍ഗ്രസിനുമാണ് നല്‍കിയത്. മറ്റൊരു പാര്‍ടിക്കും ഈ കമ്പനി പണം നല്‍കിയില്ല. എഷ്യാനെറ്റ് ടെലിവിഷന്‍ ഗ്രൂപ്പാകട്ടെ പന്ത്രണ്ടര കോടി രൂപയാണ് ഇരുപാര്‍ടികള്‍ക്കുമായി നല്‍കിയത്. ബിജെപിക്ക് രണ്ടു തവണയായി 10 കോടി രൂപയും കോണ്‍ഗ്രസിന് രണ്ടരക്കോടിയുമാണ് ഏഷ്യാനെറ്റ് നല്‍കിയത്. ഈ ടെലിവിഷന്‍ ചാനല്‍ ഏത് രാഷ്ട്രീയപാര്‍ടിക്കൊപ്പം നില്‍ക്കുമെന്നതിന്റെ പ്രഖ്യാപനംകൂടിയാണ് കോടികളുടെ ഈ സംഭാവന.

ടൊറന്റ് പവര്‍ ലിമിറ്റഡ് 10.55 കോടി രൂപയും ഇലക്ട്രിക്കല്‍ ട്രസ്റ്റ് 9.79 കോടി രൂപയും ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും സ്റ്റാര്‍ലൈറ്റ് ഇന്‍ഡസ്ട്രീസും അഞ്ചുകോടി രൂപ വീതവും മഹീന്ദ്ര കമ്പനി രണ്ടര കോടിയും ലാര്‍സന്‍ ട്രൂബോ രണ്ടേകാല്‍ കോടിയും 2009-10 വര്‍ഷത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമായി നല്‍കി. എഡിആര്‍തന്നെ പ്രസിദ്ധീകരിച്ച 2008-09 വര്‍ഷത്തെ കണക്കനുസരിച്ച് കോണ്‍ഗ്രസിന് മൊത്തം ലഭിച്ച 72.09 കോടി രൂപയില്‍ 35.80 കോടിയും കോര്‍പറേറ്റ് ഫണ്ടിങ്ങായിരുന്നു. അതായത് മൊത്തം വരുമാനത്തിന്റെ 50 ശതമാനവും കോര്‍പറേറുകള്‍ നല്‍കിയതാണ്. ബിജെപിയുടേതാകട്ടെ 19 ശതമാനവും കോര്‍പറേറ്റ് ഫണ്ടിങ്ങായിരുന്നു. അതായത് കോര്‍പറേറ്റ് ഫണ്ടിങ് എന്ന സ്രോതസ്സ് നഷ്ടപ്പെട്ടാല്‍ ഈ പാര്‍ടികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍പോലും കഴിയില്ലെന്നര്‍ഥം. ജനങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുക എന്നത് ഈ പാര്‍ടികള്‍ക്ക് തീര്‍ത്തും അപരിചിതമായ കാര്യമാണു താനും. സിപിഐ എമ്മിന്റെ പേഴ്സ് മുതലാളിത്ത പണംകൊണ്ട് വീര്‍ത്തിരിക്കുകയാണെന്ന് പറയുന്ന മാധ്യമങ്ങള്‍ സിപിഐ എം എങ്ങനെയാണ് പണം പിരിച്ചെടുക്കുന്നത് എന്നറിയാന്‍ ഒരന്വേഷണവും നടത്തിയില്ല; അല്ലെങ്കില്‍ ബോധപൂര്‍വം അതിന് ശ്രമിച്ചില്ല. ജനപ്രാതിനിധ്യ നിയമത്തിന്റെയും ആദായനികുതി നിയമത്തിന്റെ 13 എ വകുപ്പനുസരിച്ചും എല്ലാ രാഷ്ട്രീയ പാര്‍ടികളും അവരുടെ വരുമാനം സംബന്ധിച്ച പൂര്‍ണ വിവരം തെരഞ്ഞെടുപ്പ് കമീഷനും ആദായ നികുതി വിഭാഗത്തിനും നല്‍കേണ്ടതുണ്ട്. അത് കൃത്യമായി പാലിക്കുന്ന പാര്‍ടിയാണ് സിപിഐ എം. സിപിഐ എം തന്നെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2005 മുതല്‍ 2007 വരെ സിപിഐ എമ്മിന്റെ മൊത്തം വരുമാനം 417.26 കോടി രൂപയാണ്. ഇതില്‍ 39.7 ശതമാനമായ 166.79 കോടി രൂപ പാര്‍ടി അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ലെവിയാണ്. അംഗങ്ങള്‍ വര്‍ഷംതോറും അംഗത്വം പുതുക്കുന്നതിനായി നല്‍കുന്ന രണ്ടുരൂപ മെമ്പര്‍ഷിപ്പ് ഫീ ഇനത്തില്‍ ഈ ഏഴ് വര്‍ഷത്തിനിടയില്‍ സിപിഐ എമ്മിന് ലഭിച്ചത് 2.56 കോടി രൂപയാണ്. മൊത്തം വരുമാനത്തിന്റെ 0.64 ശതമാനം.

പാര്‍ടി അംഗങ്ങള്‍ സ്വമേധയാ കേന്ദ്രകമ്മിറ്റി തീരുമാനത്തിനുസരിച്ച് നല്‍കുന്ന തുകയാണ് ലെവി. അതായത് സ്വന്തം പാര്‍ടി അംഗങ്ങളില്‍നിന്ന് ലഭിക്കുന്നതാണ് സിപിഐ എമ്മിന്റെ 40.61 ശതമാനം വരുമാനവും. ഇന്ത്യയില്‍ മറ്റേത് പാര്‍ടിയാണ് മൊത്തം വരുമാനത്തിന്റെ പകുതിയോളവും സ്വന്തം അംഗങ്ങളില്‍നിന്ന് നേടുന്നത്? ജനങ്ങളില്‍നിന്ന് സംഭാവന പിരിച്ചെടുത്ത് രാഷ്ട്രീയ പരിപാടികള്‍ നടത്തുന്ന പാര്‍ടിയാണ് സിപിഐ എം എന്ന കാര്യവും പ്രസിദ്ധമാണ്. സിപിഐ എമ്മിന്റെ വരുമാനത്തില്‍ 39.7 ശതമാനവും ഇങ്ങനെ ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നതാണ്. മൊത്തം വരുമാനത്തിന്റെ എണ്‍പത് ശതമാനത്തിലധികവും അംഗങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന തുകയാണെന്നര്‍ഥം.

കുത്തകപ്പത്രങ്ങള്‍ ആക്ഷേപിക്കുന്ന കോര്‍പറേറ്റ് ഫണ്ട് ഈ ഏഴ് വര്‍ഷത്തിനിടയില്‍ ലഭിച്ചത് 3.35 കോടി രൂപ മാത്രമാണ്. മൊത്തം വരുമാനത്തിന്റെ 0.81 ശതമാനം. ഇതിന്റെ പകുതിയലധികവും സ്വന്തം എംപിമാരില്‍നിന്ന് പിരിച്ചെടുക്കുന്ന ലെവിയാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കമ്പനികളില്‍നിന്നും സൊസൈറ്റികളില്‍നിന്നും പിരിച്ചെടുത്ത തുക വെറും 1.45 കോടി രൂപമാത്രമാണ്. മൊത്തം വരുമാനത്തിന്റെ 0.35 ശതമാനംമാത്രം. അതായത് വര്‍ഷത്തില്‍ 20 ലക്ഷം രൂപ മാത്രമാണ് ഈയിനത്തില്‍ സിപിഐ എമ്മിന് ലഭിക്കുന്നത്. വിരലിലെണ്ണാവുന്ന കമ്പനികളില്‍നിന്ന് മാത്രമാണ് 20000 ല്‍ കൂടുതല്‍ പണം സംഭാവനയായി സ്വീകരിച്ചിട്ടുള്ളത്. മൊത്തം വരുമാനത്തിന്റെ അര ശതമാനംപോലും കമ്പനികളില്‍നിന്നും മറ്റും സ്വീകരിക്കാത്ത സിപിഐ എമ്മിന്റെ പേഴ്സ് മുതലാളിമാരില്‍ നിന്ന് ലഭിക്കുന്ന പണംകൊണ്ട് വീര്‍ത്തിരിക്കുകയാണത്രേ!

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 18 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോര്‍പറേറ്റ് പണം ഇടതുപക്ഷത്തെ ദുര്‍ബലമാക്കുകമാത്രമല്ല ഇല്ലാതാക്കുകകൂടിയാണെന്ന് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ തുറന്നുപറഞ്ഞത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായുള്ള അഴിമതി ഇടതുപക്ഷ രാഷ്ട്രീയത്തിന് മുമ്പിലുള്ള വെല്ലുവിളിയാണെന്നും നവ ഉദാരവല്‍ക്കരണം സമ്പദ്വ്യവസ്ഥയെ മാത്രമല്ല, രാഷ്ട്രീയ സംവിധാനത്തെയും നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റാകാന്‍പോലും കോടികളാണ് ഒഴുക്കുന്നതെന്ന് പറഞ്ഞുകൊണ്ട് കോര്‍പറേറ്റുകളുടെ പണക്കൊഴുപ്പ് എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ മലീമസമാക്കുന്നതെന്ന് കാരാട്ട് വിശദീകരിച്ചു. കോഴിക്കോട്ട് നടന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ വിലയിരുത്തലാണ് പ്രകാശ് കാരാട്ട് ഡല്‍ഹിയിലും വിശദീകരിച്ചത്.