Wednesday, August 1, 2012

വേണ്ട; തീക്കൊള്ളികൊണ്ട് തലചൊറിയേണ്ട

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ബുധനാഴ്ച രാവിലെ കണ്ണൂര്‍ സിഐ ഓഫീസില്‍ നേരിട്ട് എത്തുകയാണുണ്ടായത്. ചോദ്യംചെയ്യാനാണ് വിളിപ്പിച്ചതെങ്കിലും പൊലീസ് ഒരു ചോദ്യവും ജയരാജനോട് ചോദിച്ചില്ല. പകരം ജയരാജന്‍ ജില്ലാ പൊലീസ് തലവനോടാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ താങ്കളെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചപ്പോള്‍, തനിക്കെതിരെ എന്ത് തെളിവാണ് ചൂണ്ടിക്കാണിക്കാനുള്ളതെന്ന് ജയരാജന്‍ ആരാഞ്ഞു. പൊലീസിന് ഒന്നും പറയാനുണ്ടായില്ല. എന്നിട്ടും ജയരാജനെ കേസിലെ 38-ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊലപാതകം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് ചാര്‍ത്തിയ കുറ്റം. അതിന് എന്തെങ്കിലും തെളിവ് പൊലീസിന്റെ കൈയിലില്ല. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും അത്തരം തെളിവുകളില്ല.

നേരത്തെ ചോദ്യംചെയ്തപ്പോള്‍ ജയരാജന്‍ പൊലീസ് മേധാവിയോട് തെളിവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മറുപടി ലഭിക്കാതായപ്പോള്‍, "ഇനി നിങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാം; രാഷ്ട്രീയസമ്മര്‍ദമാണ് നിങ്ങളെ തെറ്റായ തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റൊന്നും പറയാനില്ല" എന്നാണ് ജയരാജന്‍ പറഞ്ഞത്. അതുതന്നെ സംഭവിച്ചു. തെളിവില്ലാതെയും ഒരു രാഷ്ട്രീയപാര്‍ടിയുടെ ഉന്നതനേതാവിനെ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയസമ്മര്‍ദം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ട് എന്ന് പൊലീസ് പ്രവൃത്തിയിലൂടെ തെളിയിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത് തളിപ്പറമ്പ് മേഖലയില്‍ ലീഗ് നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി രൂപപ്പെട്ട സംഘര്‍ഷത്തിലാണ്. മുസ്ലിംലീഗ് അക്രമംനടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ടിയുടെ വാഹനത്തിലാണ് സ്ഥലം എംഎല്‍എയായ ടി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ജയരാജന്‍ പോയത്. ആ സന്ദര്‍ശനത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയെയും മുസ്ലിംലീഗിന്റെ ജില്ലാ നേതൃത്വത്തെയും മുന്‍കൂര്‍ അറിയിച്ചതാണ്. എന്നാല്‍, സിപിഐ എം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല. ജയരാജനെയും മറ്റു നേതാക്കളെയും ആക്രമിക്കാന്‍ ലീഗ് ഗുണ്ടകള്‍ കാത്തുനില്‍ക്കുകയായിരുന്നു. അവര്‍ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ത്തു; നേതാക്കളെ ആക്രമിച്ചു. അങ്ങനെ ഏറ്റ പരിക്കുകളുമായി ജയരാജനും രാജേഷും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന വിചിത്രവാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ ടെലിഫോണിലൂടെ ലീഗുകാരെ ആക്രമിക്കുന്ന കാര്യം സംസാരിച്ചെന്നും അത് ജയരാജനും രാജേഷും കേട്ടു എന്നുമാണ് കുറ്റാരോപണം. അതിനാണ് മൂന്നുവട്ടം വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ പ്രഹസനം നടത്തി വലതുപക്ഷമാധ്യമങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യമായ നാടകമാടി ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചെയ്യുന്ന ഓരോ കാര്യത്തിലും സിപിഐ എമ്മിനെയും അതിന്റെ നേതാക്കളെയും കൊലയാളികളായി ചിത്രീകരിക്കാനുള്ള വ്യഗ്രതയാണ് പൊലീസിനെ നയിച്ചത്. ഷുക്കൂര്‍ കൊല്ലപ്പെട്ട് ഏതാണ്ട് ഒരുമാസമാകുമ്പോഴാണ് ആ കൊലപാതകത്തെക്കുറിച്ച് പാര്‍ടി കോടതിയുടെ തീര്‍പ്പ് എന്നും മറ്റുമുള്ള കഥകള്‍ രചിക്കപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഉപതെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് അത്തരം കഥകളുടെ രചന നിര്‍വഹിക്കപ്പെട്ടത്. അങ്ങനെ പകര്‍ന്നുകിട്ടിയ ഭാവനകള്‍ വലതുപക്ഷമാധ്യമങ്ങള്‍ ആധികാരികമായി അവതരിപ്പിച്ചു. ഒരു സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ ദൗര്‍ഭാഗ്യകരമായ മരണത്തെ അമ്പരപ്പിക്കുന്ന ഭാവനയില്‍ ചാലിച്ച് ഭീകരത സൃഷ്ടിക്കാന്‍ ആദ്യം ശ്രമിച്ചു. തുടര്‍ന്ന് സിപിഐ എം നേതാക്കളെ അതിലേക്ക് വലിച്ചിഴച്ചു. ആ പ്രക്രിയയുടെ പൂര്‍ത്തീകരണമാണ് ജയരാജന്റെ അറസ്റ്റിലൂടെ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറയുന്നത്, ഈ അറസ്റ്റില്‍ രാഷ്ട്രീയമില്ല എന്നാണ്. ഇതില്‍ രാഷ്ട്രീയമേ ഉള്ളൂ; അധികാരത്തിന്റെ നഗ്നമായ ദുര്‍വിനിയോഗമേ ഉള്ളൂ. കേരളത്തിലെ ഏറ്റവുമധികം ജനപിന്തുണയുള്ള രാഷ്ട്രീയപാര്‍ടിയാണ് സിപിഐ എം. ആ പാര്‍ടിയുടെ ഏറ്റവും ശക്തമായ ഘടകമാണ് കണ്ണൂര്‍ ജില്ലയിലേത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ കള്ളക്കേസില്‍ പെടുത്തി തുറുങ്കിലടച്ചാല്‍ പാര്‍ടിയെ തകര്‍ത്തുകളയാം എന്ന വ്യാമോഹമാണ് ഉമ്മന്‍ചാണ്ടിയെ നയിക്കുന്നത്. അതിലുപരി യുഡിഎഫ് സര്‍ക്കാര്‍ ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകള്‍ ജനശ്രദ്ധയില്‍നിന്ന് മറച്ചുവയ്ക്കുക എന്ന കൗശലംകൂടി ഇതിനുപിന്നിലുണ്ട്. സിപിഐ എമ്മിന്റെ സുപ്രധാന നേതാക്കളെ കള്ളക്കേസില്‍ ജയിലിലടച്ചാല്‍ അസാധാരണമായ പ്രതിഷേധം ഉയര്‍ന്നുവരും എന്നറിയാത്തവരല്ല ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.

കേരളം മുഴുവന്‍ നിരോധനാജ്ഞയും കര്‍ഫ്യൂവും നടപ്പാക്കിയാലും ആ പ്രതിഷേധത്തെ തടഞ്ഞുനിര്‍ത്താനാകില്ല എന്ന ബോധ്യവും അവര്‍ക്ക് ഉണ്ടാകാതെ തരമില്ല. അത്തരം പ്രതിഷേധം അവര്‍ വിളിച്ചുവരുത്തുകയാണ്. അതിന്റെ മറവില്‍ ഖജനാവ് കൊള്ള നിര്‍ബാധം തുടരാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ട് മാത്രമാണ് നേരിയ ഒരു തെളിവുപോലും ചൂണ്ടിക്കാട്ടാന്‍ ഇല്ലാഞ്ഞിട്ടും ജയരാജനെ അറസ്റ്റ് ചെയ്തത്; ആ അറസ്റ്റ് ആഘോഷമാക്കിയത്. ഇത് അക്ഷരാര്‍ഥത്തില്‍ തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാണ്. പി ജയരാജനെയെന്നല്ല എല്ലാ ജില്ലാ സെക്രട്ടറിമാരെയും കള്ളക്കേസില്‍ പെടുത്തി ജയിലിലടച്ചാലും സിപിഐ എമ്മിന്റെ കരുത്ത് ഒരു നുള്ള് കുറയാന്‍ പോകുന്നില്ല എന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടിക്ക് ഓര്‍മയുണ്ടാകണം.

അന്യായമായ അറസ്റ്റ് നടന്നയുടനെ ഉയര്‍ന്നുവന്ന പ്രതിഷേധം സിപിഐ എമ്മില്‍നിന്ന് മാത്രമല്ല. നീതിയും ന്യായവും നിലനിന്നുകാണണം എന്നാഗ്രഹിക്കുന്ന എല്ലാവരില്‍നിന്നുമാണ്; സാധാരണ ജനങ്ങളില്‍നിന്നാകെയാണ്. ഇത് വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ കൂടുതല്‍ രൂക്ഷതരമായി പ്രതിഫലിക്കും. ജനവികാരത്തിന്റെ ഈ ചുവരെഴുത്ത് മാനിക്കാതെ തങ്ങളുടെ നിസ്സാര ഭൂരിപക്ഷഭരണം രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി ഉപയോഗിക്കുന്നത് തുടരാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെങ്കില്‍ പ്രത്യാഘാതം നിങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലാകില്ല. ആ ജനശക്തിയെ, രോഷത്തെ തടുത്തുനിര്‍ത്താന്‍ കേരളത്തിലെ പൊലീസും ഭരണത്തിന്റെ ഹുങ്കും പോരാതെവരും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാതെ നോക്കുന്നതാകും ഉമ്മന്‍ചാണ്ടിക്ക് നല്ലത്.

*
ദേശാഭിമാനി മുഖപ്രസംഗം 02 ആഗസ്റ്റ് 2012

No comments: