Thursday, August 30, 2012

പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നു

കോള്‍ഗേറ്റ് വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച പ്രസ്താവന ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ചും സുപ്രധാനമായ ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ സംബന്ധിച്ചും ഗൗരവതരമായ ചോദ്യങ്ങളാണ് രാഷ്ട്രത്തിനു മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ലോക്‌സഭയിലെ തലമുതിര്‍ന്ന അംഗങ്ങളില്‍ ഒരാളുമായ ഗുരുദാസ് ദാസ് ഗുപ്ത അതേപ്പറ്റി മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രതികരണം തീര്‍ത്തും സമുചിതമാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ സി എ ജി യെ സംബന്ധിച്ച പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനയോടുള്ള 'അനാദരവാ'ണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണത്തെപ്പറ്റി സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് വ്യക്തമാക്കുന്നു. കുറ്റാരോപിതനായ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വച്ച പ്രസ്താവന അദ്ദേഹം എത്രത്തോളം പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു. തന്റെയും തന്റെ ഗവണ്‍മെന്റിന്റെയും ചെയ്തികളെയും അത് രാഷ്ട്രത്തിനും പൊതു ഖജനാവിനുമുണ്ടാക്കിയ നഷ്ടത്തെയും തുറന്നുകാട്ടിയ സി എ ജി ക്കെതിരെ പ്രധാനമന്ത്രി അസന്തുഷ്ടനും അത്യന്തം പ്രകോപിതനുമാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലെ അതിരുകടന്നവിമര്‍ശനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഭരണഘടന സി എ ജിയില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള അധികാരങ്ങളെതന്നെ ചോദ്യം ചെയ്യാന്‍ ഡോ. മന്‍മോഹന്‍സിംഗ് തയാറായി എന്നത് തികഞ്ഞ വിരോധാഭാസമാണ്. ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കാനും ഭരണഘടനയെ സംരക്ഷിക്കാനും തന്റെ സത്യപ്രതിജ്ഞവഴി ബാധ്യസ്ഥമായ രാജ്യത്തിന്റെ സമുന്നത ഭരണാധികാര സ്ഥാനത്തു നിന്നുതന്നെ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനെതിരെ ഉയരുന്ന പരാമര്‍ശം വിചിത്രവും വിരോധാഭാസവുമല്ലാതെ മറ്റെന്താണ്?ഭരണഘടനയോടുള്ള ഈ അനാദരവും ഭരണഘടനാസ്ഥാപനത്തോടുള്ള വെല്ലുവിളിയും അത്യന്തം ഗൗരവത്തോടെ മാത്രമെ വീക്ഷിക്കാനാവൂ.

''എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥചെയ്യുന്ന അതിപ്രധാനമായ പദവിയാണിത്.. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നീതിന്യായ വ്യവസ്ഥയുടേതിനേക്കാള്‍ പ്രാധാന്യമുള്ളതാണ്. അദ്ദേഹം ജൂഡീഷ്യറിയെപ്പോലെ തന്നെ സ്വതന്ത്രമായിരിക്കണം''. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. അംബേദ്ക്കര്‍ സി എ ജിയെപ്പറ്റി കോണ്‍സ്റ്റിറ്റൂവിന്റെ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും ഉള്ളവയാണ് മേല്‍പ്പറഞ്ഞ വരികള്‍. ഇന്ത്യന്‍ ഭരണഘടന സി എ ജിക്കു നല്‍കുന്ന പ്രാധാന്യം വിവരിക്കാന്‍ ഇതിലേറെ യാതൊന്നും ആവശ്യമില്ല. രാജ്യത്തിന്റെ വരവുചെലവുകളും രാഷ്ട്ര സമ്പത്തിന്റെ വിവേകപൂര്‍വവുമായ വിനിയോഗവും നിരീക്ഷിച്ച് ഉറപ്പുവരുത്തുകയെന്ന മഹത്തായ ഉത്തരവാദിത്വമാണ് സി എ ജിയില്‍ അര്‍പ്പിതമായിട്ടുള്ളത്. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് ഈസ്റ്റിന്ത്യാ കമ്പനിയുടെ കണക്കുകള്‍ പരിശോധിക്കുന്നതില്‍ നിന്ന് ആരംഭിച്ച ഓഡിറ്റിംഗ് സംവിധാനം ഇന്ന് ലോകത്തിലെതന്നെ ഏറ്റവും വിപുലമായ ഒരു സമ്പദ്ഘടനയുടെ വിനിയോഗത്തിന്റെ കാവല്‍ക്കാരന്റെ പങ്കാണ് നിര്‍വഹിക്കുന്നത്. രാഷ്ട്രസമ്പത്ത് ഭരണം കയ്യാളുന്നവരും അവരെ നിയന്ത്രിക്കുന്ന സമ്പന്നവര്‍ഗവും കൊള്ളയടിക്കുന്നില്ലെന്നും അത് യഥാവിധി ജനക്ഷേമകരമായി സംരക്ഷിക്കപ്പെടുകയും വിനിയോഗിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം സി എ ജിയില്‍ നിക്ഷിപ്തമാണ്. ആ ദൗത്യത്തില്‍ ഭരണകൂടത്തിനു മാര്‍ഗനിര്‍ദേശം നല്‍കാനും ആവശ്യമെങ്കില്‍ നിര്‍മ്മമവും നിഷ്പക്ഷവുമായ വിമര്‍ശനമുന്നയിക്കാനും സി എ ജിക്കു കഴിയണം. സി എ ജിയുടെ അത്തരം അവകാശാധികാരങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഭരണഘടനയും അതിലധിഷ്ടിതമായ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥതന്നെയുമാണ് വെല്ലുവിളിക്കപ്പെടുക.

ഓഡിറ്റിംഗ് സംവിധാനത്തിലെ നൂതന ശാഖകളില്‍ ഒന്നാണ് 'പെര്‍ഫോമന്‍സ് ഓഡിറ്റ്'. പരമ്പരാഗത രീതിയില്‍ കണക്കുപുസ്തക പരിശോധനയിലൂടെ ശരി തെറ്റു നിര്‍ണയിക്കുക എന്നതിനപ്പുറത്താണ് പെര്‍ഫോമന്‍സ് ഓഡിറ്റിന്റെ പരിപ്രേക്ഷ്യം.  'കാര്യങ്ങള്‍ ശരിയായ രീതിയിലാണോ നിര്‍വഹിക്കപ്പെട്ടത്' എന്നതില്‍ നിന്നും 'ശരിയായ രീതിയിലാണോ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെട്ടത്' എന്നാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. ധനകാര്യ പരിശോധനക്കപ്പുറം പദ്ധതികള്‍, പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിച്ചോ എന്ന പരിശോധന കൂടിയാണ് പെര്‍ഫോമന്‍സ് ഓഡിറ്റിന്റെ ലക്ഷ്യം. പെര്‍ഫോമന്‍സ് ഓഡിറ്റര്‍ പരിശോധിക്കുന്നത് നിശ്ചിത ലക്ഷ്യപ്രാപ്തിക്ക് എന്ത് ചെയ്യേണ്ടിയിരുന്നുവെന്നും എങ്ങനെ മെച്ചപ്പെട്ടരീതിയില്‍ അത് ചെയ്യാമെന്നും എങ്ങനെ മികച്ച രീതിയില്‍ അത് ചെയ്യണമെന്നുമുള്ള കണ്ടെത്തലും നിര്‍ദേശിക്കലുമാണ്. കോള്‍ഗേറ്റ് കുംഭകോണത്തിന്റെ കാര്യത്തില്‍ സി എ ജി ചെയ്തതും പ്രധാനമന്ത്രിയുടെ പ്രകോപനപരമായ വിമര്‍ശനത്തിനു വഴിതെളിച്ചതും അത്തരം ഒരു ശ്രമമാണ്. സാമ്പത്തിക ശാസ്ത്ര വിശാരദനായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ഈ വസ്തുതകള്‍ അറിയില്ലെന്ന് കരുതുക മൗഢ്യമാണ്. അനിഷേധ്യങ്ങളായ യാഥാര്‍ഥ്യങ്ങള്‍ യു പി എ സര്‍ക്കാരിന്റെ ഉറക്കംകെടുത്തുകയും പ്രതിപക്ഷവും മാധ്യമങ്ങളും ജനങ്ങള്‍തന്നെയും അസുഖകരമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുമ്പോള്‍ പ്രകോപിതനാവാതെ പ്രധാനമന്ത്രിക്കു കഴിയില്ല. 'ഹസാരോം ജവാബോം സെ അച്ചി ഹൈ മേരി ഖാമോഷി' (എന്റെ മൗനം ആയിരം ഉത്തരങ്ങളേക്കാള്‍ മികച്ചതാണ്) എന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി അന്വര്‍ഥമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം 29 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക ശാസ്ത്ര വിശാരദനായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ഈ വസ്തുതകള്‍ അറിയില്ലെന്ന് കരുതുക മൗഢ്യമാണ്. അനിഷേധ്യങ്ങളായ യാഥാര്‍ഥ്യങ്ങള്‍ യു പി എ സര്‍ക്കാരിന്റെ ഉറക്കംകെടുത്തുകയും പ്രതിപക്ഷവും മാധ്യമങ്ങളും ജനങ്ങള്‍തന്നെയും അസുഖകരമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുമ്പോള്‍ പ്രകോപിതനാവാതെ പ്രധാനമന്ത്രിക്കു കഴിയില്ല. 'ഹസാരോം ജവാബോം സെ അച്ചി ഹൈ മേരി ഖാമോഷി' (എന്റെ മൗനം ആയിരം ഉത്തരങ്ങളേക്കാള്‍ മികച്ചതാണ്) എന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി അന്വര്‍ഥമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നു.