Saturday, August 11, 2012

പങ്കാളിത്ത പെന്‍ഷന്‍ ഒരു യുദ്ധപ്രഖ്യാപനം

കാലാകാലമായി നിലനിന്നുവരുന്ന സര്‍വീസ് പെന്‍ഷന്‍പദ്ധതി അട്ടിമറിക്കാനും പകരം പങ്കാളിത്ത പെന്‍ഷന്‍സമ്പ്രദായം നടപ്പാക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരെ മാത്രമല്ല തൊഴിലെടുത്ത് ജീവിക്കുന്ന സകല ജനങ്ങള്‍ക്കുമെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണ്. 2013ല്‍ ഏപ്രില്‍മുതല്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ധനവകുപ്പ് ഉത്തരവിറക്കികഴിഞ്ഞു. ഇതിനെതിരെ, ആഗസ്ത് 17ന് സൂചനാ പണിമുടക്ക് നടത്താന്‍ വിവിധ സര്‍വീസ് സംഘടനകള്‍ സംയുക്തമായി തീരുമാനമെടുത്തിരിക്കുന്നു.

2001 മുതല്‍ 2006വരെ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ പരാജയപ്പെട്ട ജനവിരുദ്ധനയങ്ങളാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അന്ന് എ കെ ആന്റണി മന്ത്രിസഭയുടെ കാലത്താണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ധവളപത്രമിറക്കിയത്. ചെലവ് ചുരുക്കാനും ജനങ്ങളെ ദ്രോഹിക്കാനുമുള്ള ആസൂത്രിതമായ നടപടി ആയിരുന്നു അത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തി. പുതുതായി സര്‍വീസില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ക്ഷാമബത്ത നിഷേധിച്ചു. സര്‍വീസില്‍ പ്രവേശിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിരപ്പെടുത്തലും ശമ്പളവര്‍ധനയും വേണ്ടെന്ന് തീരുമാനിച്ചു. തസ്തികകള്‍ വെട്ടിക്കുറയ്ക്കുയും നിയമനിരോധനം നടപ്പാക്കുകയുംചെയ്തു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരെയുള്ള ഈ പ്രതിലോമ നടപടികള്‍ക്കെതിരെ യോജിച്ച സമരം ഉയര്‍ന്നുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, യോജിച്ച പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നു. 2002ല്‍ ആന്റണിസര്‍ക്കാരിന്റെ കാലത്ത് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും ഉത്തരവിറക്കിയിരുന്നു. അതും പ്രായോഗികമാക്കാന്‍ കഴിഞ്ഞില്ല. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ ഉത്തരവ് റദ്ദാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും യുവജന- വിദ്യാര്‍ഥി വിഭാഗങ്ങള്‍ക്കെതിരെയുള്ള കണ്ണില്‍ ചോരയില്ലാത്ത പൊലീസ് മര്‍ദനവുമാണ് 2006ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ഇടവരുത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ മുന്‍പൊരിക്കലും ഇല്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

140ല്‍ 100 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലേറി. ആ സര്‍ക്കാര്‍ 5 വര്‍ഷക്കാലം നടപ്പാക്കിയ ജനോപകാരപ്രദ നടപടികള്‍ അട്ടിമറിക്കാനും ജനവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കാനുമാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇപ്പോള്‍ മുതിരുന്നത്. പരാജയത്തില്‍നിന്ന് പാഠം പഠിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് തയ്യാറായ അനുഭവമില്ല. സര്‍വീസ് പെന്‍ഷന്‍, തൊഴിലെടുത്ത് ജീവിച്ച് വാര്‍ധക്യകാലത്ത് സര്‍വീസില്‍നിന്ന് വിരമിക്കുന്നവരുടെ ന്യായമായ അവകാശമാണ്. അത് സര്‍ക്കാരിന്റെ ഔദാര്യമായോ സൗജന്യമായോ കാണാനാകില്ല. ജീവനക്കാരുടെ സംഘടിതമായ പോരാട്ട ഫലമായാണ് വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും ഇഷ്ടമില്ലാത്ത കരങ്ങളില്‍നിന്ന് തൊഴിലെടുക്കുന്നവര്‍ പിടിച്ചെടുത്തത്. അതു തിരിച്ചുപിടിക്കാന്‍ ജീവനുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് അനുവദിക്കാനാകില്ല. പങ്കാളിത്തപെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിയമിക്കുന്നവര്‍ക്കുമാത്രമേ ബാധകമാകൂ എന്നും നിലവിലുള്ള ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നുമുള്ള വാദം കാപട്യമാണ്. ഇത് ഒരു പരീക്ഷണമായിമാത്രമേ കാണാന്‍ കഴിയൂ. ജീവനക്കാരുടെ പ്രതികരണശേഷിയാണ് പരീക്ഷിക്കപ്പെടുന്നത്.

ജീവനക്കാര്‍ പ്രതികരിക്കാത്ത പക്ഷം നിലവിലുള്ള ആനുകൂല്യങ്ങള്‍ ഓരോന്നായി തിരിച്ചുപിടിക്കാനുള്ള ആസൂത്രിതമായ പദ്ധതിയാണ് നമ്മെ കാത്തിരിക്കുന്നതെന്ന് മുന്‍കൂട്ടി കാണേണ്ടതുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമല്ലെന്ന് പറഞ്ഞാല്‍ എല്ലാവരും മൗനം പാലിച്ച് അടങ്ങിയിരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പെന്‍ഷന്‍പ്രായം 60 വയസ്സായി വര്‍ധിപ്പിക്കാനുള്ള ധാരണയുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും പുതിയ നിയമനങ്ങള്‍ നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്ന കേരളത്തില്‍ അടുത്തകാലത്തൊന്നും സര്‍ക്കാര്‍സര്‍വീസില്‍ കയറിപ്പറ്റാന്‍ ചെറുപ്പക്കാര്‍ മോഹിക്കേണ്ടതില്ല എന്നാണ് ഇതിനര്‍ഥം. പുതിയ തൊഴില്‍സാധ്യത കണ്ടെത്താന്‍ കഴിയുന്ന കാര്‍ഷിക, വ്യവസായ മേഖലകള്‍ തകര്‍ച്ചയിലാണ്. വ്യാവസായി ഉല്‍പ്പാദനം 1.8 ശതമാനം കുറഞ്ഞിരിക്കുന്നു. വ്യവസായവും കൃഷിയും നശിച്ചാല്‍ വികസനം കടലാസില്‍ മാത്രമായി ഒതുങ്ങും.

സാമ്പത്തിക പ്രതിസന്ധികളൊന്നും ശതകോടീശ്വരന്‍മാരെയോ സമ്പന്നവര്‍ഗത്തെയോ പ്രതികൂലമായി ബാധിക്കില്ല. അവരുടെ ലാഭം വന്‍തോതില്‍ പെരുകിവരുന്നേയുള്ളൂ. സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നു പോകുന്നത് തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നതും പൊതുജനങ്ങളാണ്. നിലവിലുള്ള ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നത് ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമാണെന്നുകൂടി കാണേണ്ടതുണ്ട്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 13 ശതമാനംവരെ പദ്ധതിയിലേക്ക് പ്രതിമാസം അടയ്ക്കേണ്ടിവരുമെന്നാണ് കാണുന്നത്.

പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ നിലവിലുള്ള ആനുകൂല്യങ്ങളെ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ ആത്മാഭിമാനമുള്ള ജീവനക്കാരുടെ സംഘടനകള്‍ക്കാകില്ല. ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും വിശാലമായ ഐക്യമാണ് പ്രധാനം. ജീവനക്കാരെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് കാണണം. അതുകൊണ്ടുതന്നെ, വിശാലമായ ഐക്യം കെട്ടിപ്പടുത്തുകൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശക്തമായ സമരത്തിന് ജീവനക്കാര്‍ തയ്യാറെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ യുദ്ധപ്രഖ്യാപനത്തില്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ തോല്‍ക്കുന്നത് ജനങ്ങളായിരിക്കും. ജനങ്ങള്‍ക്ക് തോല്‍വി സംഭവിച്ചുകൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം 11 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാലാകാലമായി നിലനിന്നുവരുന്ന സര്‍വീസ് പെന്‍ഷന്‍പദ്ധതി അട്ടിമറിക്കാനും പകരം പങ്കാളിത്ത പെന്‍ഷന്‍സമ്പ്രദായം നടപ്പാക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരെ മാത്രമല്ല തൊഴിലെടുത്ത് ജീവിക്കുന്ന സകല ജനങ്ങള്‍ക്കുമെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണ്. 2013ല്‍ ഏപ്രില്‍മുതല്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ധനവകുപ്പ് ഉത്തരവിറക്കികഴിഞ്ഞു. ഇതിനെതിരെ, ആഗസ്ത് 17ന് സൂചനാ പണിമുടക്ക് നടത്താന്‍ വിവിധ സര്‍വീസ് സംഘടനകള്‍ സംയുക്തമായി തീരുമാനമെടുത്തിരിക്കുന്നു.