Monday, August 6, 2012

ആസാം കലാപത്തിന്റെ അടിവേരുകള്‍

""ഏഴു സഹോദരിമാര്‍"" എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലെ തദ്ദേശീയ വംശീയ വിഭാഗങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനോ അവയ്ക്ക് പരിഹാരം കാണുന്നതിനോ കേന്ദ്ര ഗവണ്‍മെന്‍റുകളും അതതു സംസ്ഥാനങ്ങളില്‍ കാലാകാലം ഭരിച്ച സംസ്ഥാന ഗവണ്‍മെന്‍റുകളും (1978ല്‍ ത്രിപുരയില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ മുന്നണി ഗവണ്‍മെന്‍റ് മാത്രം അതിന് അപവാദമാണ്) പരാജയപ്പെട്ടതാണ്, ആ മേഖലയിലെ വംശീയ സംഘര്‍ഷങ്ങളുടെ മൂലകാരണം. അതിെന്‍റ ഏറ്റവും പ്രകടമായ തെളിവാണ്, ജൂലൈ 19, 20 തീയതികളില്‍ ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളില്‍ ആരംഭിച്ച ഒരാഴ്ചയിലേറെ കാലം നീണ്ടുനിന്ന വംശീയ കലാപം. അതിെന്‍റ കനലുകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കൊക്രജാര്‍, ധുബ്രി, ചിരാഗ്, ബക്സാം എന്നീ നാലു ജില്ലകളിലെ ഇരുന്നൂറില്‍പരം ഗ്രാമങ്ങളിലായി പടര്‍ന്നുപിടിച്ച കലാപത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു; നാല് ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി 270 അഭയാര്‍ഥിക്യാമ്പുകളില്‍ താമസിക്കുന്നു; എത്രയോ പേര്‍ക്ക് പരിക്കേറ്റു. ആറായിരത്തോളം വീടുകള്‍ കത്തിച്ചാമ്പലായി; രണ്ടുലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.

അക്രമത്തിന് നേതൃത്വം നല്‍കിയ ബോഡോ വംശജരും എതിര്‍ വിഭാഗക്കാരും ശത്രുവിഭാഗങ്ങളെപ്പോലെ രണ്ടു മേഖലകളിലായി വേര്‍തിരിയ്ക്കപ്പെട്ട്, പരസ്പരം പകയോടെയും വിശ്വാസമില്ലാതെയും, ജീവിക്കുന്നു. ആസ്സാമിനെ സംബന്ധിച്ചിടത്തോളം വംശീയ കലാപങ്ങള്‍ ഇതാദ്യത്തേതൊന്നുമല്ല. പതിറ്റാണ്ടുകളുടെ നീണ്ട ചരിത്രമുള്ള അതിെന്‍റ അടിവേരുകള്‍ ബ്രിട്ടീഷുകാരുടെ കാലത്തെ തോട്ടമുടമകളുടെ കൊടും ചൂഷണത്തിലാണ് ആരംഭിക്കുന്നത്. സമീപ പതിറ്റാണ്ടുകളില്‍ത്തന്നെ ഭീകരമായ ആറ് വംശീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ആസ്സാം. 2008ലെ ഭീകരമായ കലാപത്തിലും ഇപ്പോഴത്തെ പോലെ 50ല്‍പരം പേര്‍ കൊല്ലപ്പെട്ടു. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവന്നു. ഇന്നത്തെപ്പോലെത്തന്നെ ബോഡോ ഗോത്രവര്‍ഗക്കാരായിരുന്നു ഒരു ഭാഗത്തെങ്കില്‍, ""കുടിയേറ്റക്കാരെ""ന്ന് മുദ്രകുത്തപ്പെട്ട മുസ്ലീം ജനവിഭാഗങ്ങള്‍ തന്നെയായിരുന്നു മറുഭാഗത്ത്. 1983ല്‍ നടന്ന നെല്ലി കൂട്ടക്കൊലയാണ് ആസ്സാമിനെ എന്നെന്നും നടുക്കുന്ന പൈശാചികമായ വംശീയ കലാപം. ഏറ്റവും മിതമായ ഔദ്യോഗിക കണക്കുവെച്ചു തന്നെ, 2000ല്‍ അധികംപേര്‍ അന്ന് കൂട്ടക്കൊലയ്ക്കിരയായി. 2002ലെ ഗുജറാത്തിലെ കൂട്ടവംശീയ നരഹത്യയെപ്പോലെത്തന്നെ, ഭരണവര്‍ഗത്തിെന്‍റ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ നെല്ലി കൂട്ടക്കൊലയ്ക്കുമുണ്ടായിരുന്നു. ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളില്‍ പണ്ടുമുതലേ താമസിച്ചുവരുന്ന ബോഡോ വംശീയ വിഭാഗങ്ങളുടെ ഭൂമിയും ജോലിസാധ്യതകളും ഭൗതികവിഭവങ്ങളും, ആസ്സാമിലേക്ക് കാലാകാലങ്ങളില്‍ കുടിയേറ്റം നടത്തിയ ബംഗാളികള്‍ കവര്‍ന്നെടുക്കുന്നുവെന്ന ആവലാതി ആദ്യം മുതലേ ഉള്ളതാണ്.

1971ലെ ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍നിന്ന് അഭയാര്‍ഥികള്‍ കൂട്ടത്തോടെ വന്നെത്തിയതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ഇങ്ങനെ വന്നവരില്‍ അധികവും മുസ്ലീങ്ങളായിരുന്നു താനും. പ്രശ്നത്തിന് വര്‍ഗീയ നിറം കലരുന്നതിന് അത് കാരണമായി. ഉദാഹരണത്തിന് 1971നുശേഷം ഈ മേഖലയില്‍ ബംഗാളി സംസാരിക്കുന്നവരുടെ സംഖ്യ 12 ലക്ഷത്തിലധികം വര്‍ധിച്ചു എന്നാണ് കണക്ക്. ആദ്യകാലങ്ങളില്‍ തദ്ദേശീയ ഗോത്രവര്‍ഗക്കാരായ ബോഡോകള്‍ക്കാണ് മേധാവിത്വമുണ്ടായിരുന്നതെങ്കില്‍ ക്രമേണയുണ്ടായ ബംഗാളി കുടിയേറ്റം കാരണം ബോഡോകള്‍ ന്യൂനപക്ഷമായി. ഉദാഹരണത്തിന് ബോഡോ വിഭാഗങ്ങളുടെ അസംതൃപ്തി ശമിപ്പിക്കുന്നതിനായി രൂപീകരിയ്ക്കപ്പെട്ട ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സിലിനുകീഴില്‍ വരുന്ന നാല് ബോഡോ ടെറിട്ടോറിയല്‍ ഏരിയ ജില്ലകളില്‍ ബോഡോകളുടെ സംഖ്യ 25 ശതമാനത്തോളമേ വരൂ. 25 ശതമാനത്തോളം മുസ്ലീങ്ങളും ബാക്കിയുള്ളവര്‍ ബോഡോകളല്ലാത്ത മറ്റ് ബംഗാളികളുമാണ്. ഇവരില്‍ അധികവും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണു താനും.

ബംഗാളില്‍നിന്നും ബംഗ്ലാദേശില്‍നിന്നും ഉള്ള കുടിയേറ്റക്കാര്‍, തങ്ങളുടെ സ്വത്തും ഭൂമിയും അവസരങ്ങളും എല്ലാം കവര്‍ന്നെടുക്കുന്നുവെന്ന ആക്ഷേപം അങ്ങിനെയാണ് ഉയര്‍ന്നുവരുന്നത്. ഇതേ പ്രശ്നം മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെന്നപോലെ ത്രിപുരയിലും ഉണ്ടായിരുന്നു. എന്നാല്‍, അവിടെ ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഐ എം, ശക്തമായിരുന്നതുകൊണ്ടും ഈ രണ്ടു വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള വിവേകം നേതൃത്വത്തിന് ഉണ്ടായിരുന്നതുകൊണ്ടും പ്രശ്നം ഒട്ടൊക്കെ പരിഹരിക്കുന്നതിനു കഴിഞ്ഞു. എന്നിട്ടും ഇടതുപക്ഷമുന്നണിയുടെ ഭരണം തകര്‍ക്കുന്നതിനുവേണ്ടി, ത്രിപുര ഉപജാതി യുവസമിതി (ടിയുജെഎസ്) എന്ന വംശീയ വിഘടനശക്തിയെ ഇളക്കിവിട്ട കോണ്‍ഗ്രസ്, പിന്നീട് ആ വിഘടന ശക്തിയുമായി ഗവണ്‍മെന്‍റുണ്ടാക്കുന്നതിനുപോലും മടിച്ചില്ല. എന്നാല്‍ സിപിഐ എമ്മിെന്‍റ തത്വാധിഷ്ഠിതമായ നിലപാടുകാരണം സംസ്ഥാനത്തെ ഗോത്രവര്‍ഗ വിഭാഗങ്ങളെയും ഗോത്രവര്‍ഗേതര വിഭാഗങ്ങളെയും ഒന്നിപ്പിച്ച് അണിനിരത്താന്‍ കഴിഞ്ഞു. അതിെന്‍റ ഫലമായിട്ടാണ് ഈ മേഖലയിലെ സമാധാനപൂര്‍ണമായ സംസ്ഥാനമായി ത്രിപുര ഉയര്‍ന്നുനില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു വിവേകപൂര്‍വകമായ അന്തരീക്ഷത്തിലേക്ക് ആസ്സാമും ഉയര്‍ന്നുവരികയായിരുന്നു.

സംസ്ഥാനത്തിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലും കൃഷിക്കാര്‍ക്കിടയിലും നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഐ എം വമ്പിച്ച ബഹുജനശക്തിയായി ഉയര്‍ന്നുവന്നു. 1978ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പുഫലം അതിെന്‍റ പ്രതിഫലനമാണ്. സംസ്ഥാനത്തെ മൊത്തം 78 അസംബ്ലി മണ്ഡലങ്ങളില്‍ 23 എണ്ണം ഇടതുപക്ഷത്തിനു ലഭിച്ചു. അതില്‍ത്തന്നെ ഭൂരിഭാഗവും സിപിഐ എമ്മിനായിരുന്നു. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളോടൊപ്പം ആസ്സാമും ഇടത്തോട്ടു തിരിയുന്നു എന്ന് കണ്ട് വിറളിപൂണ്ട വലതുപക്ഷം, ഇടതുപക്ഷത്തിെന്‍റ, പ്രത്യേകിച്ചും സിപിഐ എമ്മിെന്‍റ മുന്നേറ്റം തടയുന്നതിനുവേണ്ടി വര്‍ഗീയ - വംശീയശക്തികളെ ഇളക്കിവിടുകയാണുണ്ടായത്.

ഇടതുപക്ഷത്തെ നേതാക്കളില്‍ പലരും ബംഗാളികളായിരുന്നതുകൊണ്ട്, ""ആസ്സാം ആസ്സാംകാര്‍ക്ക്"", ""ബംഗാളികള്‍ പുറത്തുപോവുക"" തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് വിഘടനശക്തികളെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ആസ്സാം ഗണപരിഷത്ത് (എജിപി), അഖില ആസ്സാം വിദ്യാര്‍ഥി യൂണിയന്‍ (ആസു - എഎഎസ്യു) തുടങ്ങിയ സംഘടനകളാണ് ആദ്യം രംഗത്തിറക്കപ്പെട്ടതെങ്കില്‍ ബോഡോ വംശീയവാദികളുടെ ബോഡോ ലിബറേഷന്‍ ടൈഗേഴ്സ്, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് തുടങ്ങിയ സായുധ - വിഘടന സംഘടനകളും ക്രമേണ ഉയര്‍ന്നുവന്നു. ബോഡോ വംശജര്‍ക്ക് മേധാവിത്വമുള്ള നാലു പടിഞ്ഞാറന്‍ ജില്ലകളും സമീപപ്രദേശങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ബോഡോ സംസ്ഥാനം വേണമെന്ന ആവശ്യവും ഉയര്‍ത്തപ്പെട്ടു. പശ്ചിമബംഗാളിലെ ഗൂര്‍ഖാലാന്‍റ് പോലെ, ബോഡോ ലാന്‍റ് എന്ന പ്രത്യേക രാജ്യം വേണമെന്ന ആവശ്യത്തില്‍ വരെ അതെത്തി. അതിനൊക്കെ അരുനിന്ന കോണ്‍ഗ്രസ് (ബിജെപിയും) ഇത്തരം വിഘടന വംശീയശക്തികളെയെല്ലാം ഇളക്കിവിട്ടത് ഇടതുപക്ഷത്തെ തകര്‍ക്കുന്നതിനായിരുന്നു. കേരളത്തിലും പശ്ചിമബംഗാളിലും ഇന്ന് ഇടതുപക്ഷത്തിന്നെതിരായി, പ്രത്യേകിച്ചും സിപിഐ എമ്മിന്നെതിരായി നടന്നുകൊണ്ടിരിക്കുന്ന ഭീകരമായ ആക്രമണവും 1959ലെ കേരളത്തിലെ വിമോചന സമരവും മറ്റും ഓര്‍ക്കുക. (ആഗോളതലത്തില്‍ ഇന്തോനേഷ്യയിലും ചിലിയിലും അഫ്ഗാനിസ്ഥാനിലും മറ്റും ഇടതുപക്ഷ - കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെതിരായി അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറികളും കൂട്ടക്കൊലകളും ഇതോടൊപ്പം ചേര്‍ത്തു വായിയ്ക്കണം). അതെന്തായാലും ഇടതുപക്ഷം സംസ്ഥാനത്തിെന്‍റ ഭരണത്തിലേക്ക് എത്തുമോ എന്ന 1978ലെ ആശങ്കയെ അതിജീവിയ്ക്കാന്‍ കോണ്‍ഗ്രസ്സിന് തങ്ങളുടെ ഈ തന്ത്രം കൊണ്ടു കഴിഞ്ഞു. എന്നാല്‍ അതിന്നിടയില്‍ കുടത്തിനുള്ളില്‍നിന്ന് ഭൂതം പുറത്തുചാടിക്കഴിഞ്ഞിരുന്നു. അതിെന്‍റ ദുഷ്ഫലങ്ങളാണ് സംസ്ഥാനം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിലെ എജിപിയും ആസ്സുവും ഛിന്നഭിന്നമായിത്തീര്‍ന്നെങ്കിലും ബോഡോ ലിബറേഷന്‍ ടൈഗേഴ്സിനെപോലെയുള്ള തീവ്രവാദ സായുധ സംഘങ്ങളും അവയുടെ രാഷ്ട്രീയ മുഖംമൂടികളും ശക്തമായിത്തീര്‍ന്നു. അതിനുബദലായി ആള്‍ ബോഡോലാന്‍ഡ് മൈനോറിറ്റി സ്റ്റുഡന്‍റ്സ് യൂണിയന്‍ (എബിഎംഎസ്യു), ആള്‍ ആസ്സാം മൈനോറിറ്റി സ്റ്റുഡന്‍റ്സ് യൂണിയന്‍ (എഎഎംഎസ്യു) തുടങ്ങിയവയും ഉയര്‍ന്നുവന്നു. അണിയറയില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടിയിരുന്ന ഇത്തരം സംഘടനകളാണ് ജൂലൈ 19, 20 തീയതികളില്‍ ആരംഭിച്ച കലാപത്തിന് തിരികൊളുത്തിയത്.

റൂമിനാഥ് എന്ന വനിതാ കോണ്‍ഗ്രസ് എംഎല്‍എ മതം മാറി, ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതും ആ ദമ്പതികള്‍ കരിംഗഞ്ചിലെ ഒരു ഹോട്ടലില്‍വെച്ച് ആക്രമിക്കപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്. ബിജെപിയും ""സദാചാര"" പോലീസും ബോഡോ ലിബറേഷന്‍ ടൈ ഗേഴ്സും എല്ലാം അതിെന്‍റ പിന്നിലുണ്ടായിരുന്നു. അതിന്നിടയിലാണ് രണ്ട് മുസ്ലീം യുവാക്കള്‍ ജൂലൈ 19ന് കൊക്രജാറില്‍ കൊല്ലപ്പെട്ടതും അതിെന്‍റ പ്രതികാരമെന്ന നിലയില്‍ മുന്‍ ബോഡോ ലാന്‍റ് ലിബറേഷന്‍ ടൈഗേഴ്സിലെ നാല് ചെറുപ്പക്കാര്‍ വെട്ടിക്കൊല്ലപ്പെട്ടതും. തുടര്‍ന്ന് കലാപം കൊക്രജാറിലും സമീപജില്ലകളിലും ആളിക്കത്തി. തുടക്കത്തിലേ കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും കാണിച്ച അലംഭാവമാണ്, ദുരന്തം ഇത്ര ഭയാനകമാക്കിത്തീര്‍ന്നത്. കലാപം തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ്, മുഖ്യമന്ത്രി ഗോഗോയ് സ്ഥലം സന്ദര്‍ശിക്കാന്‍ സന്നദ്ധനായത്.

കലാപകാരികളായ ബോഡോ ലിബറേഷന്‍ ടൈഗേഴ്സിെന്‍റ രാഷ്ട്രീയ രൂപമായ ബോഡോ പീപ്പിള്‍സ് ഫ്രണ്ട് ഗോഗോയ് മന്ത്രിസഭയിലെ ഘടകകക്ഷിയായതിനാല്‍ (ത്രിപുരയില്‍ വിഘടനശക്തിയായ ടിയുജെഎസ്സുമായി കോണ്‍ഗ്രസ് ഭരിച്ച പോലെ) കലാപകാരികളെ തടയാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചു. കേന്ദ്രസേന വിളിപ്പുറത്തുണ്ടായിട്ടും രംഗത്തിറങ്ങിയില്ല. അവരെ വിളിച്ചില്ലെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടിട്ടും കേന്ദ്രം സേനയെ അയച്ചില്ലെന്നും സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. അതെന്തായാലും ആസ്സാമിെന്‍റ ചരിത്രത്തിലെ സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല നടന്നതിന്, രണ്ടു സര്‍ക്കാറുകളുടെയും കുറ്റകരമായ അലംഭാവത്തിന് നിര്‍ണായകമായ പങ്കുണ്ട്. ദുരന്തത്തിന്നിരയായ സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മറ്റും മുഖം കാണിച്ചതുകൊണ്ടോ ദുരന്തബാധിതര്‍ക്ക് ദുരിതാശ്വാസം നല്‍കിയതുകൊണ്ടോ അവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ബോഡോ വംശജര്‍ ഉയര്‍ത്തുന്ന പ്രശ്നം അവസാനിക്കുന്നുമില്ല. അവരുടെ പ്രശ്നം ക്രമസമാധാന പ്രശ്നമായി കണ്ട്, പോലീസിനേയും സൈന്യത്തേയും ഇറക്കി പരിഹരിയ്ക്കാനാണ് സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ കാലമായി അവരെ തങ്ങളുടെ ചട്ടുകമായി ഉപയോഗിയ്ക്കാനേ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളൂ. അവരുടെ പ്രശ്നങ്ങള്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കുന്നതിനോ പരിഹരിയ്ക്കുന്നതിനോ തുനിഞ്ഞിട്ടില്ല. അവരുടെ സ്വത്വബോധം ആളിക്കത്തിച്ച്, കുടിയേറ്റക്കാരായ ബംഗാളികള്‍ക്കെതിരായി അവരെ അണിനിരത്തിയ കോണ്‍ഗ്രസ് (ബിജെപിയും) കുടിയേറ്റത്തിെന്‍റ പ്രശ്നവും കുടിയേറ്റക്കാരുടെ പ്രശ്നവും പരിഹരിക്കുന്നതിനും തുനിഞ്ഞിട്ടില്ല. രണ്ടു കൂട്ടരേയും തമ്മിലടിപ്പിച്ച്, ചുടുചോര കുടിയ്ക്കുന്ന സൃഗാലതന്ത്രമാണ് കോണ്‍ഗ്രസ് പയറ്റിവന്നത്. അതിെന്‍റ ദുരന്തഫലമാണ് നാമിന്ന് ആസ്സാമില്‍ കാണുന്നത്. പ്രശ്നത്തിെന്‍റ നാനാവശങ്ങള്‍ പഠിച്ച്, വിലയിരുത്തി, ദീര്‍ഘവീക്ഷണത്തോടും പക്വതയോടും കൂടിയ, ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ രാഷ്ട്രീയ പരിഹാരമാണ് ഇന്നാവശ്യം. രാജ്യത്തിെന്‍റ വിവിധ പ്രദേശങ്ങളിലേക്ക് അനുയോജ്യമായ, തത്വാധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിഹാരം. വിവിധ ജനവിഭാഗങ്ങളുടെ ഐക്യവും ഉദ്ഗ്രഥനവും വളര്‍ച്ചയും പുരോഗതിയും ലക്ഷ്യംവെച്ചുകൊണ്ടുള്ള പരിഹാരം. എന്നാല്‍ താല്‍കാലിക രാഷ്ട്രീയ നിലനില്‍പ്പിനാവശ്യമായ കുരുട്ടു തന്ത്രങ്ങള്‍ക്കപ്പുറം ചിന്തിയ്ക്കാന്‍ കഴിവുള്ള ആരെങ്കിലും ഭരണകക്ഷിയിലുണ്ടോ എന്നതാണ് പ്രശ്നം.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 11 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

""ഏഴു സഹോദരിമാര്‍"" എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലെ തദ്ദേശീയ വംശീയ വിഭാഗങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനോ അവയ്ക്ക് പരിഹാരം കാണുന്നതിനോ കേന്ദ്ര ഗവണ്‍മെന്‍റുകളും അതതു സംസ്ഥാനങ്ങളില്‍ കാലാകാലം ഭരിച്ച സംസ്ഥാന ഗവണ്‍മെന്‍റുകളും (1978ല്‍ ത്രിപുരയില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ മുന്നണി ഗവണ്‍മെന്‍റ് മാത്രം അതിന് അപവാദമാണ്) പരാജയപ്പെട്ടതാണ്, ആ മേഖലയിലെ വംശീയ സംഘര്‍ഷങ്ങളുടെ മൂലകാരണം. അതിെന്‍റ ഏറ്റവും പ്രകടമായ തെളിവാണ്, ജൂലൈ 19, 20 തീയതികളില്‍ ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളില്‍ ആരംഭിച്ച ഒരാഴ്ചയിലേറെ കാലം നീണ്ടുനിന്ന വംശീയ കലാപം. അതിെന്‍റ കനലുകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കൊക്രജാര്‍, ധുബ്രി, ചിരാഗ്, ബക്സാം എന്നീ നാലു ജില്ലകളിലെ ഇരുന്നൂറില്‍പരം ഗ്രാമങ്ങളിലായി പടര്‍ന്നുപിടിച്ച കലാപത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു; നാല് ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി 270 അഭയാര്‍ഥിക്യാമ്പുകളില്‍ താമസിക്കുന്നു; എത്രയോ പേര്‍ക്ക് പരിക്കേറ്റു. ആറായിരത്തോളം വീടുകള്‍ കത്തിച്ചാമ്പലായി; രണ്ടുലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.