Sunday, August 5, 2012

ഔഷധ പരീക്ഷണം: പരീക്ഷണ മൃഗങ്ങളാക്കപ്പെടുന്ന ഇന്ത്യന്‍ ജനത

ഇന്ത്യന്‍ ജനതയുടെ മേല്‍ നടക്കുന്ന അനധികൃത ഔഷധപരീക്ഷണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു വരികയാണ്. മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃത മരുന്നുപരീക്ഷണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സ്വാസ്ഥ്യ അധികാര്‍മഞ്ച് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇക്കാര്യത്തിലുള്ള നിരുത്തരവാദിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ, അനില്‍ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
 
ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ കഴിഞ്ഞ വര്‍ഷം ഭോപാല്‍ ദുരന്തത്തെ തുടര്‍ന്ന് അനധികൃത മരുന്നു പരീക്ഷണം നടത്തിയതായി സിഎന്‍എന്‍ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മധ്യപ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളിലും ആദിവാസികളിലും ദളിതരിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഔഷധങ്ങളും ഗര്‍ഭപാത്ര കാന്‍സറിനുള്ള വാക്സീനുകളും പരീക്ഷിച്ചുവരുന്നതായി ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിപരിഗണിച്ചുകൊണ്ടാണ് സുപ്രീകോടതി ഇപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിശദീകരണ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഔഷധപരീക്ഷണങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് ഇന്ത്യയില്‍ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്. ഔഷധപരീക്ഷണം സംബന്ധിച്ച് എല്ലാ വിവരങ്ങളും നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഔഷധ പരീക്ഷണം നടത്താന്‍ അവകാശമുള്ളു. ഇതനുസരിക്കാതെ നടത്തുന്ന ഔഷധപരീക്ഷണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ലേഖനങ്ങള്‍ വൈദ്യശാസ്ത്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനും പാടില്ല. 2006 മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ മനുഷ്യശരീരത്തില്‍ നടത്തുന്ന ഔഷധ പരീക്ഷണങ്ങളില്‍ പിന്തുടരേണ്ട നിര്‍ദ്ദേശക തത്വങ്ങളും മാനദണ്ഡങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്.

ഇതിനുപുറമേ ഔഷധപരീക്ഷണം നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ നിയമആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തി എത്തിക്സ് കമ്മറ്റി രൂപീകരിക്കേണ്ടതാണ്. എത്തിക്സ് കമ്മറ്റി അംഗീകാരം നല്‍കുന്ന ഔഷധ പരീക്ഷണങ്ങള്‍ മാത്രമെ നടത്താവൂ എന്നും നിബന്ധനയുണ്ട്. എന്നാല്‍ ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെടുന്നു എന്നാണ് സുപ്രീകോടതിയുടെ മുന്നിലെത്തിയിരിക്കുന്ന അനുഭവങ്ങള്‍ തെളിയിക്കുന്നത്. ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ പലതും ഇന്ത്യയെ പോലുള്ള വികസ്വരരാജ്യങ്ങളാണ് ഔഷധ പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുക്കാറുള്ളത്. ഇതിനു പലകാരണങ്ങളുമുണ്ട്. നവീന ഔഷധങ്ങള്‍ ഗവേഷണം നല്‍കി കണ്ടെത്തി മാര്‍ക്കറ്റ് ചെയ്യുന്നതിനായി വിദേശരാജ്യങ്ങളില്‍ വന്‍ തുക ചെലവിടേതുണ്ട്. ഇതിന്റെ നാല്‍പതു ശതമാനത്തോളം മനുഷ്യശരീരത്തില്‍ നടത്തുന്ന മൂന്നാം വട്ട പരീക്ഷണത്തിനായിട്ട് ചെലവിടേണ്ടിവരും. വികസിതരാജ്യങ്ങളില്‍ മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കായി ഓരോമരുന്നിനും ഏതാണ്ട് 15 കോടി ഡോളറാണ് വേണ്ടിവരിക. ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ ഇതിന്റെ പകുതിയില്‍ താഴെ ചെലവിട്ടാല്‍ മതിയാവും. വികസിതരാജ്യങ്ങളിലെ ജനങ്ങള്‍ ഔഷധപരീക്ഷണങ്ങള്‍ക്ക് വിധേയരാവാന്‍ വിസമ്മതിക്കുന്നതും ഇത്തരം പരീക്ഷണങ്ങള്‍ ഇവിടെ നടത്തുന്നതിനുള്ള കാരണമാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ ചികിത്സതന്നെ അപ്രാപ്യരായ ദരിദ്രരായ രോഗികള്‍ പരീക്ഷണത്തിന്റെ ഭാഗമായിട്ടെങ്കിലും സൗജന്യമായി ലഭിക്കുന്ന മരുന്നു സ്വീകരിക്കാന്‍ തയ്യാറാവുന്നു. കര്‍ശനമായ നിരീക്ഷണ സംവിധാനങ്ങളുടെ കീഴില്‍ രോഗികളുടെ അറിവോടുകൂടിയ സമ്മതത്തോടുകൂടി (Informed Consent) മാത്രമേ വികസിതരാജ്യങ്ങളില്‍ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്താനാവൂ. എന്നാല്‍ ഇവിടെയാവട്ടെ നിയമങ്ങളിലെ പഴുതുകളും നിരീക്ഷണ സംവിധാനങ്ങളുടെ പിടിപ്പുകേടും നാട്ടുകാരുടെ ഇത്തരം കാര്യങ്ങളിലുള്ള അജ്ഞതയും മുതലെടുത്ത് എന്തു പരീക്ഷണവും നടത്താനാവും.

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും വിദേശകമ്പനികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഏതാണ്ട് രണ്ടുകോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രമേഹത്തിനെതിരെ നിരവധി മരുന്നുകള്‍ പരീക്ഷണ ഘട്ടത്തിലുമാണ്. വിവിധ രോഗങ്ങളുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ജനിതക വൈവിധ്യവും നിരവധി മരുന്നുകള്‍ പരീക്ഷിക്കുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. അതേയവസരത്തില്‍ വികസ്വരരാജ്യങ്ങളിലേയും സ്വന്തം നാട്ടിലേയും ദരിദ്രജനവിഭാഗങ്ങളെ കുറച്ചുപേരെ മാത്രം ബാധിക്കുന്ന രോഗങ്ങളും ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ കണ്ടെത്തുന്നതില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കൊട്ടും താത്പര്യവുമില്ല. ഇത്തരം രോഗങ്ങളെ അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങള്‍ (Neglected Diseases), അനാഥ രോഗങ്ങള്‍ (Orphan Diseases) എന്നെല്ലാമാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കണ്ടെത്തി വിലകുറച്ച് ജനങ്ങള്‍ക്കെത്തിക്കുന്നതിനായി ആഗോള ഗവേഷണ ഫണ്ട് രൂപീകരിച്ച് പൊതു ഗവേഷണസ്ഥാപനങ്ങളിലൂടെ ഔഷധഗവേഷണം ആരംഭിക്കണമെന്നാണ് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവരുന്നത്.

ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ 2005ല്‍ ലോകവ്യാപാര സംഘടനയുടെ നിബന്ധന പ്രകാരം മാറ്റം വരുത്തിയതോടെ മുന്‍കാലങ്ങളിലെ പോലെ വിദേശത്ത് പേറ്റന്റ് ചെയ്യപ്പെടുന്ന മരുന്നുകള്‍ ഇതരരീതികളുപയോഗിച്ച് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയില്ല. അതോടെ പല ഇന്ത്യന്‍ കമ്പനികളും വിദേശകമ്പനികള്‍ക്ക് വേണ്ടി പുറംകരാര്‍ ഗവേഷണവും (Contract Research) ഔഷധപരീക്ഷണവും നടത്തുന്നതിനുള്ള ഏജന്‍സികളായി മാറിക്കൊണ്ടിരിക്കയാണ്. ഇതിനകം വിദേശകമ്പനികളായ അവന്റിസ്, നൊവാര്‍ട്ടിസ്, ഗ്ലാസ്കോ സ്മിത്ത് ക്ലിന്‍, എലി ലില്ലി, ഫൈസര്‍ തുടങ്ങിയ കമ്പനികള്‍ നിരവധി ഔഷധ പരീക്ഷണ പ്രൊജക്ടുകള്‍ ഇന്ത്യയില്‍ നടപ്പിലാക്കി വരികയാണ്. കരാര്‍ ഗവേഷണത്തിനുള്ള നിരവധി ദേശീയ അന്തര്‍ദേശീയ ഏജന്‍സികളും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നത് ക്യുന്റൈത്സ്, ഓമ്നികെയര്‍, ഫാര്‍മാനെറ്റ്, ഫാര്‍മ ഒലാം തുടങ്ങിയ അമേരിക്കന്‍ ഏജന്‍സികളാണ്. 2007 ഓടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശകമ്പനികളില്‍ നിന്നും കരാര്‍ ഗവേഷണത്തിലൂടെ ലഭിച്ചത് 20 കോടി ഡോളറാണ്. രണ്ടായിരത്തി പത്തില്‍ നൂറുകോടി ഡോളറിന്റെ ബിസിനസ്സ് ഈ മേഖലയില്‍ നടന്നതായി കരുതപ്പെടുന്നു. വന്‍കിട കമ്പനികളുടെ ഈ സാമ്പത്തിക ദുരക്കിടെ വിസ്മരിക്കപ്പെട്ടു പോവുന്നത് പരീക്ഷണ വിധേയരാവുന്ന രോഗികളുടെ മനുഷ്യാവകാശങ്ങളും ജീവനുമാണ്. സുപ്രീം കോടതിയില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ബോധിപ്പിച്ചത് കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായിമാത്രം 2000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. ഇതിനിടെ പാര്‍ലമെന്റിലെ ആരോഗ്യകുടുംബക്ഷേമ സ്റ്റാന്റിങ് കമ്മറ്റി 2012 മെയ് മാസത്തില്‍ അവതരിപ്പിച്ച അമ്പത്തി ഒമ്പതാം റിപ്പോര്‍ട്ടില്‍ (59th Report of the Parliamentary Standing Committee on Health and Family Welfare) ഔഷധപരീക്ഷണങ്ങളൊന്നും ഇന്ത്യയിലോ വിദേശത്തോ നടത്താത്ത നിരവധി മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റുവരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

2008 ജനുവരി മുതല്‍ 2010 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള 33 ഔഷധങ്ങള്‍ മാര്‍ക്കറ്റുചെയ്യാന്‍ അനുവദിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാര്‍ക്കറ്റുചെയ്യുന്ന മരുന്നുകള്‍ക്കനുമതി നല്‍കേണ്ട സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ നിരവധി പ്രവര്‍ത്തന വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്നാല്‍ നാളിതുവരെ ഈ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ഔഷധപരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ ലഭ്യതയുടെ കുറവും അനഭിലഷണീയമായ നിരവധി പ്രവണതകള്‍ക്ക് കാരണമാവുന്നുണ്ട്.

ഇന്ത്യയിലിപ്പോള്‍ പ്രാക്ടീസുചെയ്യുന്ന ഏഴുലക്ഷത്തോളം ഡോക്ടര്‍മാരില്‍ ആയിരത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് ഔഷധ ഗവേഷണത്തില്‍ പരിശീലനം നേടിയിട്ടുള്ളത്. ഔഷധപരീക്ഷണത്തിന് വിധേയരാക്കപ്പെടുന്ന ഓരോ രോഗിക്കും 30,000 രൂപവരെ പ്രതിഫലമായി പരീക്ഷണം നടത്തുന്ന ആശുപത്രികള്‍ക്ക് ലഭിക്കുന്നതു മൂലം ഇന്ത്യയില്‍ നിരവധി ആശുപത്രികള്‍ ഈ മേഖലയിലേക്ക് ചാടിവീണിരിക്കയാണ്. അതേയവസരത്തില്‍ ഇന്ത്യയില്‍ 20,000 ത്തോളം വരുന്ന ജനറല്‍ ആശുപത്രികളില്‍ കേവലം നൂറ്റിഅമ്പതില്‍ മാത്രമാണ് ഔഷധ പരീക്ഷണത്തിനുള്ള പരിമിതമായ സൗകര്യമെങ്കിലും ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടില്‍ 2005ല്‍ വരുത്തിയ മാറ്റങ്ങളും കരാര്‍ ഗവേഷണം നടത്തുന്നതിനു സഹായകരമായിട്ടുണ്ട്. ഫെയിസ് 1,2,3 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് മനുഷ്യരില്‍ ഔഷധപരീക്ഷണം നടത്തുക. വിദേശരാജ്യങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയശേഷം മാത്രമേ ഓരോഘട്ടം പരീക്ഷണങ്ങളും ഇന്ത്യയില്‍ നടത്താവൂ എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിയമം. എന്നാല്‍ ഇതില്‍ മാറ്റം വരുത്തുകയും വിദേശരാജ്യങ്ങളില്‍ പൂര്‍ത്തിയാക്കാത്ത പരീക്ഷണഘട്ടങ്ങള്‍ ഇന്ത്യയില്‍ നടത്താമെന്ന് നിയമഭേദഗതി വരുത്തുകയും ചെയ്തിരിക്കയാണ്. ഈ അനുകൂല അന്തരീക്ഷം മുതലെടുത്ത് 2010 ആയപ്പോഴേക്കും 20 ലക്ഷം രോഗികളിലാണ് നവീന ഔഷധങ്ങള്‍ പരീക്ഷക്കപ്പെട്ടത്. അമേരിക്കയില്‍ നിന്ന് തന്നെയുള്ള നാഷണല്‍ ബയോഎത്തിക്സ് ഉപദേശകസമിതി ഇരുന്നൂറ് ഗവേഷകര്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ഔഷധ പരീക്ഷണങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഒരു റിപ്പോര്‍ട്ട് വിശ്രുത ജേര്‍ണലായ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇതനുസരിച്ച് വികസ്വര രാജ്യങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ നാലിലൊന്നില്‍ മാത്രമേ വൈദ്യശാസ്ത്ര നൈതികതത്വങ്ങള്‍ പാലിക്കപ്പെടാറുള്ളൂ എന്നു കണ്ടെത്തിയിരിക്കുന്നു. ചില സന്നദ്ധസംഘടനകളുടെ പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട രണ്ടു സംഭവങ്ങള്‍ അഖിലേന്ത്യാതലത്തില്‍ നേരത്തെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ വൃദ്ധജന സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആടാര്‍ ഡെസ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഓള്‍ഡ് പീപ്പിള്‍സ് ഹോം എന്ന സംഘടന ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജൈവസാങ്കേതികവിദ്യാകമ്പനികളായ ശാന്താ ബയോടെക്കും ബംഗ്ലലുരുവില്‍ നിന്നുമുള്ള ബയോകോള്‍ ഇന്ത്യയും നടത്തിവരുന്ന നിയമാനുസൃതമല്ലാത്ത ഔഷധപരീക്ഷണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ചെയ്തതോടെയാണ് ഈ കമ്പനികളുടെ തട്ടിപ്പ് വെളിയില്‍വന്നത്.

ഔഷധപരീക്ഷണമാണെന്ന് രോഗികളെ അറിയിക്കാതെ ഹൃദ്രോഗചികിത്സക്കുള്ള സ്ട്രപ്റ്റോകൈനേസ് എന്ന മരുന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെ രോഗികള്‍ക്ക് നല്‍കുകയാണെന്നാണ് ആരോപിക്കപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രോഗികളെ തെരഞ്ഞെടുക്കുന്നതിലും മറ്റും ശാസ്ത്രീയ നിബന്ധനകള്‍ പിന്തുടരാതിരുന്നതിന്റെ ഫലമായി മരുന്നു സ്വീകരിച്ച എട്ടു പേര്‍ മരണമടഞ്ഞതായും കണ്ടെത്തി. ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നതിനു മുന്‍പ് ജെനറ്റിക്ക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മറ്റിയുടെ  അനുമതി തേടേണ്ടതാണെന്ന നിബന്ധന അനുസരിക്കാതെയാണ് മരുന്നുകമ്പനികള്‍ അങ്ങനെ നിര്‍മ്മിച്ച് സ്ട്രപ്റ്റോകൈനേസ് രോഗികള്‍ക്ക് നല്‍കിയത്. സ്തനാര്‍ബുദത്തിന് ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്ക് നല്‍കിവരുന്ന ലെട്രോസോള്‍  എന്ന മരുന്നുപയോഗിച്ച് സണ്‍ ഫാര്‍മസ്യൂട്ടിക്കത്സ് എന്ന ഇന്ത്യന്‍ കമ്പനി നൊവാര്‍ട്ടിസ്  എന്ന വിദേശകമ്പനിക്കു വേണ്ടി നടത്തിയ ഔഷധപരീക്ഷണവും ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു സംഘടനയുടെ പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് തടയുകയുണ്ടായി. നാന്നൂറോളം യുവതികള്‍ക്ക് അവരുടെ പൂര്‍ണ്ണമായ അറിവില്ലാതെ ലെട്രോസോള്‍ നല്‍കിയത്. വന്ധ്യത പരിഹരിക്കാന്‍ ഈ മരുന്ന് പ്രയോജനപ്പെടുമെന്ന് തെളിയിക്കുന്നതിനായിട്ടായിരുന്നു പരീക്ഷണം നടത്തിയത്. പശ്ചിമബംഗാളില്‍ 790 ദരിദ്രരും നിരക്ഷരരുമായ ഗ്രാമീണ വനിതകളില്‍ രാസ വന്ധീകരണം ലക്ഷ്യമിട്ട് എറിത്രോമൈസിന്‍ (ഋൃ്യവേൃീാ്യരശി) എന്ന മരുന്ന് പരീക്ഷിച്ചവിവരവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കരാര്‍ഗവേഷണവും അധാര്‍മ്മികങ്ങളായ ഔഷധ ഗവേഷണങ്ങളും ഉയര്‍ത്തുന്ന ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പുറം ഗവേഷണത്തിലേര്‍പ്പെടുന്ന കമ്പനികളെ നിരീക്ഷിക്കുന്നതിനായി മനുഷ്യാവകാശ ജനകീയാരോഗ്യ പ്രവര്‍ത്തകരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള കരാര്‍ ഗവേഷണ സ്ഥാപനം (Contract Research Organisation) എന്നൊരു പുതിയ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ഗവേഷണത്തിനും അനുചിത ഔഷധപരീക്ഷണങ്ങള്‍ക്കുമെതിരെ കൂടുതല്‍ ശക്തമായ ചെറുത്തു നില്‍പ് സംഘടിപ്പിക്കാന്‍ ജൂലൈ 6 മുതല്‍ 11 വരെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ സംഘടിപ്പിക്കപ്പെട്ട സാര്‍വദേശീയ ജനകീയാരോഗ്യ അസംബ്ലി തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പൊതു ഗവേഷണസ്ഥാപനങ്ങളിലൂടെ നാട്ടിനാവശ്യമായ ഔഷധങ്ങള്‍ ഗവേഷണം ചെയ്തു കണ്ടെത്തി പൊതുമേഖല ഔഷധകമ്പനികള്‍ വഴി ഉല്‍പാദിപ്പിച്ച് വിലക്കുറച്ച് ജനങ്ങളിലെത്തിക്കാനുള്ള ദേശീയ സംരംഭം ആരംഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിനു മാതൃക കാട്ടാവുന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിപോലുള്ള ആധുനിക ഗവേഷണ സ്ഥാപനങ്ങളുടേയും ഔഷധസസ്യങ്ങളുടേയും പരമ്പരാഗത വിജ്ഞാനത്തിന്റേയും സാന്നിധ്യമുള്ള കേരളത്തില്‍ ഒരു ആധുനിക ഔഷധ ഗവേഷണകേന്ദ്രം സ്ഥാപിക്കാനും കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതാണ്. അതോടൊപ്പം ഒരു ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായി സമഗ്രമായ ഔഷധനയം ആവിഷ്കരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.

*
ഡോ. ബി. ഇക്ബാല്‍ ചിന്ത 04 ആഗസ്റ്റ് 2012

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ജനതയുടെ മേല്‍ നടക്കുന്ന അനധികൃത ഔഷധപരീക്ഷണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു വരികയാണ്. മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃത മരുന്നുപരീക്ഷണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സ്വാസ്ഥ്യ അധികാര്‍മഞ്ച് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇക്കാര്യത്തിലുള്ള നിരുത്തരവാദിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ, അനില്‍ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.

uma devi said...
This comment has been removed by the author.
uma devi said...
This comment has been removed by the author.
indrasena indu said...

ഇതില്‍ പ്രധാനമായും തകരാറ് ഇന്ത്യന്‍ നിയമ വ്യവസ്ഥ വളരെ അയവുള്ളതും
പണമുള്ള കക്ഷികള്‍ക്ക് സുഖമായി വഴക്കി എടുക്കവുന്നതും ആണ് എന്നതാണ്
അമേരിക്കയില്‍ ഒക്കെ ഈത്തരം കുറ്റത്തിന് കമ്പനിയുടെ ഉടമസ്ഥര്‍ തന്നെ
അവര്‍ എത്ര വലിയവര്‍ ആയാലും ജയിലില്‍ പോകേണ്ടി വരും..
അതും വര്‍ഷങ്ങളോളം..
നിയമങ്ങള്‍ അവിടെ കര്‍ക്കശമാണ്..
അത് നടപ്പിലക്കുന്നവര്‍ വളരെ സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരും
.പണമോ സ്വാധീനമോ അവരെ നിയമം പാലിക്കുന്നതില്‍ നിന്നും തടയുന്നില്ല..
എന്നാല്‍ ഭാരതം തങ്ങളുടെ
അഴിമതി നിറഞ്ഞ പൊതു ഭരണ സംവിധാനവും
അജ്ഞരായ പൊതു ജനത്തെ കൊണ്ടും
ജനങളുടെ ദാരിദ്ര്യം കൊണ്ടും
ഈ മരുന്ന് കമ്പനികള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി തീര്‍ന്നിരിക്കുന്നു
നമ്മള്‍ കഠിനമായി യത്നികേണ്ടി ഇരിക്കുന്നു

ഈയിടെ ഒരു ത്രില്ലെര്‍ വായിച്ചിരുന്നു.അത് ഒരു ഔഷധ നിര്‍മ്മാണ കമ്പനിയുടെ സ്ത്രീ ആയ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയുടെ കഥ പറയുന്നു ..

കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്
ഔഷധ ഗവേഷണ അനുമതി നല്‍കുന്ന സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഒരു കാര്യം ഉണ്ട്.
അത് ഉപയോഗിച്ച് അയാള്‍ വേണ്ടത്ര ഗവേഷണം നടത്താതെ
ഗര്‍ഭിണികള്‍ക്ക് ഗര്‍ഭത്തിന്റെ ആരംഭ ദശയില്‍ ഉണ്ടാവുന്ന ശര്‍ദിലിനു ഉള്ള
ഒരു പുതിയ മരുന്ന് പുറത്തു ഇറക്കാന്‍ അനുമത് നേടി എടുക്കുന്നു
അത് അമേരിക്കയിലും ആസ്ത്രേലിയയിലും ഒരേ സമയം വിപണനം ചെയ്യുന്നു

കുഴപ്പം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം ആസ്ട്രേലിയയില്‍ ആണ് ..
അവിടെ ഗര്‍ഭിണിയായ ഒരു സ്ത്രീ കയ്യും കാലും ഇല്ലാത്ത ഒരു കുഞ്ഞിനെ പ്രസവിക്കുന്നു.
അവള്‍ മദ്യപയും
മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവളും
പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ ആരാണ് എന്ന് അറിയാത്തവളും ആണ്
എന്നാല്‍ അവള്‍ ഈ മരുന്ന് ഉപയോഗിച്ചിട്ടുണ്ട് ..ഗര്ഭാരംഭത്തില്‍
കേസ് കോടതിയില്‍ നില നിന്നില്ല..

എന്നാല്‍ അമേരിക്കയില്‍ ഇത് സംസാര വിഷയം ആകുന്നു
കൂടാതെ കമ്പനി യുടെ ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ തന്റെ ഗര്‍ഭിണിയായ മകള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കാന്‍ നല്‍കുന്നു..
അവള്‍ക്കും അംഗ ഭംഗം വന്ന കുഞ്ഞു ഉണ്ടാകുന്നു
നിയമവും കേസും മകളുടെ വെറുപ്പും ഭയന്ന് അയാള്‍ ആത്മ ഹത്യ ചെയ്യുന്നു

എന്നാല്‍ അമേരിക്കന്‍ ആസ്ട്രേലിയന്‍ ഔഷധ പരീക്ഷണ നിയമങ്ങള്‍..
കോടതികള്‍..
ജനകീയ ആരോഗ്യ പ്രവര്‍ത്തകര്‍ ..
ഇവയുടെ എല്ലാം പ്രവര്‍ത്തനം എത്രത്തോളം സുതാര്യവും നിഷ്പക്ഷവും സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം
ജനങ്ങളുടെ ആരോഗ്യം മാത്രം കണക്കിലെടുക്കുന്നതും ആണ് എന്ന് വ്യക്തം ആവും ഈ നോവല്‍ വായിച്ചാല്‍
അങ്ങിനെ ഒരു നിയമമോ അതിനു ചേര്‍ന്ന സംവിധാനങ്ങളോ..
നിയമത്തെ ബഹുമാനിക്കുന്ന ഔഷധ കമ്പനികളോ ഭാരതത്തില്‍ ഉണ്ടാവുമോ