Sunday, August 19, 2012

രാഷ്ട്രപതിയുടെ ആഹ്വാനവും പ്രതികരണവും

ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് 65 വയസ്സ് തികഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം രാഷ്ട്രപതിയുടെ പതിവുപ്രസംഗം ഇത്തവണ കന്നിപ്രസംഗമാണ്. കന്നിപ്രസംഗത്തില്‍ രണ്ടു കാര്യങ്ങളാണ് പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞത്. ഒന്നാമതായി ജനാധിപത്യസ്ഥാപനങ്ങളെ നിന്ദിക്കരുതെന്നാണ്. ജനാധിപത്യസ്ഥാപനങ്ങള്‍ ഭരണഘടനയുടെ തൂണുകളാണ്. അവയ്ക്ക് വിള്ളല്‍വന്നാല്‍ ഭരണഘടന എന്ന സങ്കല്‍പത്തിന് നിലനില്‍പ്പില്ല. നിയമം നിര്‍മിക്കാനുള്ള അവകാശം നിയമനിര്‍മാണസഭകളില്‍നിന്നും നീതിന്യായത്തിനുള്ള അവകാശം ജുഡീഷ്യറിയില്‍നിന്നും എടുത്തുമാറ്റരുതെന്ന് തിരിച്ചറിയണം.

അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരമായിരിക്കണം പ്രണബിന്റെ മനസ്സില്‍ നിറഞ്ഞുനിന്നത്. രണ്ടാമതായി അദ്ദേഹം പറഞ്ഞത്- പട്ടിണി, ദാരിദ്ര്യം, രോഗങ്ങള്‍ എന്നിവയില്‍നിന്ന് മുക്തമാകാന്‍ ഇന്ത്യക്ക് രണ്ടാം സ്വാതന്ത്ര്യസമരം ആവശ്യമാണെന്നാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ആദ്യപ്രതികരണമുണ്ടായത് കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സഖ്യത്തിലെ രണ്ടാംപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയില്‍നിന്നാണ്. മമത പശ്ചിമബംഗാള്‍ മുഖ്യമന്ത്രികൂടിയാണ്. ഭരണഘടനാസ്ഥാപനങ്ങളിലൊന്നായ ജുഡീഷ്യറിക്കെതിരെ കടുത്ത ആക്രമണമാണ് മമതയുടെ ഭാഗത്തുനിന്നുണ്ടായത്. ജുഡീഷ്യറിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ കലിതുള്ളല്‍തന്നെയാണിത്. ജുഡീഷ്യറി അഴിമതി നിറഞ്ഞതാണെന്നും കോടതിവിധി പണംകൊടുത്ത് വിലയ്ക്ക് വാങ്ങാനുള്ളതാണെന്നും മമത ആഞ്ഞടിച്ചു. ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് വെട്ടിത്തുറന്ന് ആക്ഷേപിച്ചാണ് ജുഡീഷ്യറിക്കെതിരെ മമത ആക്രമണശരം തുരുതുരാ തൊടുത്തത്. മാധ്യമങ്ങള്‍ ഈ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. മമതയ്ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനായ ഭീംസിങ് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യക്കേസും ഫയല്‍ചെയ്തു. കോടതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പരാമര്‍ശമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. മമതയുടെ പ്രകോപനത്തിന് കാരണമായത് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയാണെന്നാണ് അനുമാനിക്കേണ്ടത്. സിംഗൂര്‍ ഭൂമിയിലെ പുനരധിവാസവും വികസനവും സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി 2012 ജൂണില്‍ ഒരു വിധി പ്രസ്താവിച്ചിരുന്നു. രണ്ടാമതായി ഹാല്‍ദിയയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും പിന്‍വലിച്ചത് ഈ മാസം കൊല്‍ക്കത്ത ഹൈക്കോടതി അസാധുവാക്കി, അംഗീകാരം പുനഃസ്ഥാപിച്ചിരുന്നു. മൂന്നാമതായി, മനുഷ്യാവകാശ കമീഷന്റെ ഒരു വിധിയാണ് മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായത്. മമതയുടെ കാര്‍ട്ടൂണ്‍ വരച്ച യാദവ്പുര്‍ സര്‍വകലാശാലയിലെ പ്രൊഫ. അംബികേഷ് മഹാപാത്രയെയും സുഹൃത്തായ സുബ്രദസെന്‍ ഗുപ്തയെയും അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമീഷന്‍ നിര്‍ണായകമായ ഒരു വിധി പ്രഖ്യാപിച്ചു. രണ്ടുപേരെയും ജയില്‍മോചിതരാക്കണമെന്നും ഇരുവര്‍ക്കും 50,000 രൂപവീതം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയുണ്ടായി. കൂടാതെ, എഴുപതിലേറെ പ്രായമായ ഇവരെ രാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും കോടതി വിധിച്ചു. ഈ മൂന്ന് വിധികളും മമത ബാനര്‍ജിയുടെ അഹന്തയ്ക്കും ധിക്കാരത്തിനും ഫാസിസ്റ്റ് പ്രവണതയ്ക്കും എതിരെയുള്ള കനത്ത തിരിച്ചടിയാണെന്നതില്‍ സംശയമില്ല.

മമതയാണെങ്കില്‍ തുടക്കത്തില്‍തന്നെ പ്രണബിനെതിരെ വോട്ടുചെയ്യാന്‍ ഉറച്ച തീരുമാനമെടുത്തതാണ്. സിപിഐ എം പ്രണബിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവരുടെ വിലപേശല്‍ശേഷി നഷ്ടപ്പെട്ടു. ഒടുവില്‍ ഗതികേടുകൊണ്ട് മനസ്സില്ലാ മനസ്സോടെ പ്രണബിന് വോട്ടുചെയ്യാന്‍ നിര്‍ബന്ധിതമാകുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഭരണഘടനാ സ്ഥാപനമായ കോടതികള്‍ക്കെതിരെയും ജഡ്ജിമാര്‍ക്കെതിരെയുമുള്ള മമതയുടെ കടന്നാക്രമണം നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല. രാഷ്ട്രപതി പ്രണബിനുള്ള വെല്ലുവിളികൂടിയാണ് ഈ നിലപാട്. ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ ഭാഗമായ കോടതി പലപ്പോഴും സമ്പന്നര്‍ക്ക് അനുകൂലമായും പാവപ്പെട്ടവര്‍ക്കെതിരായും വിധി പ്രസ്താവിക്കുന്ന രീതിയെ മാര്‍ക്സിസ്റ്റ് വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് താത്വികമായ ഒരു വിമര്‍ശമുന്നയിച്ചത് ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്.

ഈ വിമര്‍ശത്തിന്റെ പേരിലാണ് ഇ എം എസിനെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചത്. എന്നാല്‍, നിലവിലുള്ള ഭരണകൂടത്തിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവില്‍നിന്ന് ജഡ്ജിമാര്‍ക്കും ജുഡീഷ്യറിക്കുമെതിരെ ഉയര്‍ന്നുവന്ന ആരോപണം തികച്ചും ഗൗരവമുള്ളതാണ്. ജുഡീഷ്യറിക്കെതിരെയുള്ള ഈ കടന്നാക്രമണം യുപിഎ സഖ്യത്തിന് ലാഘവബുദ്ധിയോടെ കാണാന്‍ കഴിയുന്നതല്ല. മറ്റൊരു കാര്യം രാഷ്ട്രപതിയുടെ രണ്ടാം സ്വാതന്ത്ര്യസമരത്തിനുള്ള ആഹ്വാനമാണ്. സ്വതന്ത്ര ഇന്ത്യയുടെ 65 വര്‍ഷത്തെ ചരിത്രത്തില്‍ അഞ്ചരപ്പതിറ്റാണ്ടോളം കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസാണ്.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് "ഗരീബി ഹഠാവോ" (ദാരിദ്ര്യം അകറ്റുക) എന്ന മുദ്രാവാക്യം നാടാകെ എഴുതിവച്ച് പ്രചരിപ്പിച്ചത്. ദാരിദ്ര്യം അകറ്റുകയല്ല, ദരിദ്രരെ അകറ്റുകയാണ് ഫലത്തില്‍ ഉണ്ടായത്; പട്ടിണിയുടെ കാര്യം പറയുകയും വേണ്ട. അഴിമതിയിലും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് ഇന്ത്യക്ക് ലോകത്തില്‍ ഒന്നാംസ്ഥാനമുള്ളത്. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വിജയം സമ്പന്നവര്‍ഗത്തിനാണ് അനുഭവിക്കാന്‍ കഴിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് തുറന്നുസമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഭക്ഷ്യസുരക്ഷിതത്വത്തിന് രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം കോണ്‍ഗ്രസിന് പാഠമാകേണ്ടതാണ്. കോണ്‍ഗ്രസിനെതിരെതന്നെയാണ് രണ്ടാം സ്വാതന്ത്ര്യസമരം ഉയര്‍ന്നുവരേണ്ടത്. അതിനുള്ള തയ്യാറെടുപ്പിന് ഇന്ത്യന്‍ ജനതയാകെ മുന്നോട്ടുവരേണ്ട സമയമാണ് വന്നുകൊണ്ടിരിക്കുന്നത്. ആഗസ്ത് 22ന്റെ സമരത്തിന്റെ പ്രസക്തി ഇതോടെ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 18 ആഗസ്റ്റ് 2012

No comments: