Showing posts with label ഓഹരി. Show all posts
Showing posts with label ഓഹരി. Show all posts

Tuesday, December 6, 2011

പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ സമ്പദ്ഘടനയ്ക്ക് ആപത്ത്

കാലത്തിന്റെ ചുവരെഴുത്തുകള്‍ കൂടുതല്‍ വ്യക്തമാകുന്നു. ആഗോളവത്കരണത്തിന്റെയും നവ ഉദാരീകരണ നയങ്ങളുടെയും ഭാഗമായ സ്വകാര്യവത്കരണ നീക്കങ്ങള്‍ പ്രത്യുത്പാദകമല്ലെന്ന് അനുദിനം തെളിയിക്കുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഇരുപതാം വാര്‍ഷികം പിന്നിടുമ്പോള്‍ ഇന്ത്യയിലും സൂചനകള്‍ ആപത്ശങ്ക ഉയര്‍ത്തുന്നു, കൊട്ടിഘോഷിക്കപ്പെട്ട വളര്‍ച്ച ലക്ഷ്യങ്ങളുടെ സ്ഥാനത്ത് സാമ്പത്തിക മാന്ദ്യതയും തളര്‍ച്ചയുമാണ് സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും പ്രത്യക്ഷപ്പെടുന്നത്. 8.5 ശതമാനം ഒമ്പതുശതമാനം വളര്‍ച്ചയെപ്പറ്റി ധനമന്ത്രി സംസാരിച്ചിരുന്ന ദിനങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രതീക്ഷ വളര്‍ച്ച ഏറി വന്നാല്‍ ഏഴുശതമാനമെന്നായിരിക്കുന്നു, സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ചൂണ്ടിക്കാണിക്കുന്നു.

രൂപയുടെ അഭൂതപൂര്‍വമായ മൂല്യത്തകര്‍ച്ച വളര്‍ച്ചയുടെ എല്ലാ സാധ്യതകള്‍ക്കും പ്രതീക്ഷകള്‍ക്കുമാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. വിദേശസ്ഥാപന നിക്ഷേപങ്ങളുടെ ഡോളര്‍ ആവശ്യങ്ങള്‍ രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച 52.76 രൂപയിലേക്ക് കൂപ്പുകുത്താന്‍ വഴിയൊരുക്കി. നവംബര്‍ 22ന് മൂല്യം 52.43 ലാണ് അവസാനിച്ചത്. ഉല്‍പ്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് ഏറ്റവും കുറഞ്ഞത് ഇതേ കാലയളവിലാണ്. വ്യാവസായിക ഉല്‍പ്പാദനം കഴിഞ്ഞ മൂന്നുമാസങ്ങളിലെ ഏറ്റവും കുറഞ്ഞതായി സൂചിക വെളിപ്പെടുത്തുന്നു. 6.1 ശതമാനത്തില്‍ നിന്നും 1.9 ശതമാനത്തിലേക്കായിരുന്നു ആ വീഴ്ച. ആഗോളവാണിജ്യത്തിലും വന്‍ തകര്‍ച്ചയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ജൂലൈ മാസത്തിലെ 81.7 ശതമാനത്തില്‍ നിന്നും അത് 10.8 ശതമാനത്തിലേക്കാണ് നിപതിച്ചത്. ഇതൊന്നും കണക്കിലെടുക്കാതെ 40,000 കോടി രൂപയുടെ പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി. സാമൂഹ്യമേഖലയിലെ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലുമായി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹം പറയുന്നത്. ''നിശ്ചയിച്ച ലക്ഷ്യം പുതുക്കാന്‍ നീക്കമൊന്നുമില്ല. നിശ്ചിത ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ലക്ഷ്യം കൈവരിക്കുകയെന്നത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്; പ്രത്യേകമായും സമ്പദ്ഘടനയുടെ കരുത്തിനെ''- പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നതു സംബന്ധിച്ച് ധനമന്ത്രി നിലപാട് വ്യക്തമാക്കി.

''വികസന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വേണ്ടി പൊതുമേഖലയില്‍ കേന്ദ്രീകരിച്ചിട്ടുള്ള സമ്പത്തിന്റെ 51 ശതമാനത്തിലധികം അവിടെ സൂക്ഷിക്കേണ്ടതില്ല''- അദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴുമാസങ്ങളില്‍ 1,145 കോടിരൂപയാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ ഓഹരി വിറ്റഴിക്കല്‍ വഴി സമാഹരിക്കാനായത്. 2011-12 കാലയളവില്‍ 40,000 കോടിയുടെ ലക്ഷ്യം കൈവരിക്കുക ദുഷ്‌കരമാണ്.

വികസ്വര സമ്പദ്ഘടനയിലും നയപരിപാടികളിലും രാഷ്ട്രവും വിപണിയും ഉള്‍പ്പെട്ട ചര്‍ച്ച നിര്‍ണായകമാണ്. ഇന്ത്യയെപ്പോലെയുള്ള സമ്മിശ്ര സമ്പദ്ഘടനകളില്‍ പൊതുമേഖലയ്ക്ക് നിര്‍ണായക പങ്കാണ് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ 1991-ഓടുകൂടി ദേശീയ സാമ്പത്തികനയങ്ങള്‍ കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായി. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും നയങ്ങള്‍ പൊതുമേഖലയെ സംബന്ധിച്ച നിലപാടുകളില്‍ മാറ്റത്തിന് വഴിതെളിച്ചു.

പൊതുമേഖലാ ഓഹരികള്‍ യഥാര്‍ഥത്തില്‍ പൊതുജനങ്ങളുടേതാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനമെന്നത് അധാര്‍മികമാണ്. അതിന് വിപുലമായ ജനകീയ അഭിപ്രായസമന്വയം വേണം. പൊതുമേഖലയുടെ സൃഷ്ടിക്കു പിന്നില്‍ സാമ്പത്തികവും സാമൂഹ്യക്ഷേമപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കുന്നത് ഗവണ്‍മെന്റിന്റെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താനാണെന്ന വാദമാണ് ഉന്നയിക്കപ്പെടുന്നത്.
നവഉദാരീകരണ നയങ്ങളുടെ വക്താക്കള്‍ കുറഞ്ഞ ഉല്‍പ്പാദനശേഷി, ഉല്‍പന്നങ്ങളുടെ ഗുണമേന്മക്കുറവ്, അമിത മനുഷ്യാധ്വാനം, ആവശ്യമായ മനുഷ്യവിഭവശേഷി വികസനത്തിന്റെ അഭാവം, മൂലധനനിക്ഷേപത്തില്‍ നിന്നും കുറഞ്ഞ വരുമാനം എന്നിവയാണ് പൊതുമേഖലയുടെ പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. സ്വകാര്യമേഖലയില്‍ മെച്ചപ്പെട്ട മാനേജ്‌മെന്റ് രീതികളും സ്വകാര്യനിക്ഷേപകരുടെ മെച്ചപ്പെട്ട നിരീക്ഷണവും നടക്കുന്നതായി ഇക്കൂട്ടര്‍ വാദിക്കുന്നു. അതാണ് പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നതിന്റെ യുക്തിയായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്താണ് ഗവണ്‍മെന്റിനെ നിസഹായമാക്കുന്നത്? പൊതുമേഖലയുടെ സമ്പത്ത് എവിടെയാണ് അപ്രത്യക്ഷമാകുന്നത്? ഗവണ്‍മെന്റ് ചെലവുകളുടെ കണക്കുകള്‍ ഇക്കാര്യങ്ങള്‍ക്ക് വ്യക്തത പകരും. ഗവണ്‍മെന്റിന്റെ സമ്പന്നാനുകൂല നയങ്ങളാണ് സാധാരണപൗരന്മാര്‍ക്ക് അനുകൂലമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുഖ്യതടസ്സമെന്ന് കാണാന്‍ കഴിയും.
2008-09 കാലയളവില്‍ ഗവണ്‍മെന്റ് സമ്പന്നര്‍ക്ക് നല്‍കിയ ഇളവുകള്‍ 4,14,099 കോടി രൂപയുടേതാണ്. 2010-11ല്‍ ഇത് 5,11,630 കോടിയായി ഉയര്‍ന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്ന നികുതിദായകര്‍ക്കും 2008-09ല്‍ നല്‍കിയ നികുതിയിളവുകള്‍ മാത്രം 1,04,471 കോടിരൂപ വരും. 2009-10ല്‍ 1,20,483 കോടിരൂപയായി ഇത് ഉയര്‍ന്നു. 2010-11ല്‍ നികുതിയിളവുകള്‍ 1,38,921 കോടി രൂപയായിരുന്നു. ഈ മൂന്നുവര്‍ഷക്കാലം ഗവണ്‍മെന്റിന് നിയമാനുസൃതം ലഭിക്കേണ്ട നികുതി ഇളവു ചെയ്ത വകയില്‍ നഷ്ടം 14,28,028 കോടി രൂപ വരും.

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് രണ്ടാം യു പി എ ഗവണ്‍മെന്റ് അതിസമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായ നയപരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാനാണ്. പൊതുമേഖലയിലും ജനങ്ങളിലും നടത്തുന്ന നിക്ഷേപം രാജ്യത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുമെന്നും പ്രതിസന്ധികളെ നേരിടാന്‍ കരുത്തുപകരുമെന്നതും കണക്കിലെടുക്കാത്ത സമ്പന്നാനുകൂല നയങ്ങളാണ് രാജ്യം അവലംബിക്കുന്നത്. ഗവണ്‍മെന്റിന്റെ പൊതുമേഖലാ നിക്ഷേപം വിറ്റഴിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ഛിപ്പിക്കാനേ സഹായിക്കൂ.

*
എന്‍ ചിദംബരം ജനയുഗം 06 ഡിസംബര്‍ 2011

Saturday, March 26, 2011

ഒരേ തൂവല്‍പ്പക്ഷികള്‍

സ്വന്തം വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നാണെന്ന് ഒരിക്കല്‍ക്കൂടി ലോക്സഭയില്‍ തെളിയിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വേളയില്‍ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ വോട്ടെടുപ്പാവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തികച്ചും വെട്ടിലായി. പ്രധാനമന്ത്രിയും ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും സഭയിലുണ്ടായിരുന്നില്ല. സഭയില്‍ 159 അംഗങ്ങളേ ഹാജരുണ്ടായിരുന്നുള്ളൂ. വോട്ടെടുപ്പിന് അനുമതി ലഭിക്കുകയുംചെയ്തു. വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായി. ധനകാര്യം സംബന്ധിച്ച ബില്ലാകയാല്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന്റെ പതനത്തിനുപോലും അത് വഴിയൊരുക്കും. പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജിനെ കണ്ട് കാലുപിടിച്ചപേക്ഷിച്ചു. വോട്ടെടുപ്പ് നടന്നപ്പോള്‍ ബില്ലിനെതിരായി 43 പേരും അനുകൂലമായി ബിജെപി എംപിമാരുള്‍പ്പെടെ 115 പേരും വോട്ട് ചെയ്തു. അങ്ങനെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരു പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെട്ടത്.

പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ നിശിതമായി വിമര്‍ശം ഉയര്‍ത്തുമ്പോള്‍ത്തന്നെ യുപിഎ സര്‍ക്കാരിന്റെ സഹായത്തിനെത്തുന്നത് ആദ്യസംഭവമല്ല. ആണവബാധ്യതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയുടെ സഹായത്തോടെയാണ് അത് പാസാക്കിയെടുത്തത്. കേന്ദ്ര വിജിലന്‍സ് കമീഷണറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കുകയുണ്ടായല്ലോ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കേന്ദ്രവിജിലന്‍സ് കമീഷനെ നിയമിച്ചത്. വിജിലന്‍സ് കമീഷനായി നിയമിക്കപ്പെട്ട വ്യക്തി പാമൊലിന്‍ കേസില്‍ പ്രതിയായിരുന്നു എന്ന വിവരം പ്രധാനമന്ത്രിക്കറിയാമായിരുന്നു. പ്രധാനമന്ത്രി തനിക്ക് ഈ വിഷയത്തില്‍ തെറ്റുപറ്റി എന്നു സമ്മതിച്ചപ്പോള്‍ സുഷമസ്വരാജ് പ്രധാനമന്ത്രിയെ പുകഴ്ത്താനും സിവിസി നിയമനപ്രശ്നത്തില്‍ വിവാദം ഒഴിവാക്കാനും തയ്യാറായി. എന്നാല്‍, തെറ്റ് സമ്മതിച്ചാല്‍ മാത്രംപോര തെറ്റ് ചെയ്തതിന് ശിക്ഷയും വേണമെന്ന് ഇടതുപക്ഷം വാദിച്ചു.

ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ബിജെപി സന്നദ്ധത കാണിക്കുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും വിദേശ ബഹുരാഷ്ട്രകുത്തകകളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നതിലും സാമ്രാജ്യത്വശക്തികള്‍ക്ക് കീഴടങ്ങുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. ശങ്കര്‍സിങ് വഗേലയെപ്പോലുള്ള മുന്‍ ബിജെപിക്കാരും കേരളത്തിന്റെ ചുമതലയുള്ള മുന്‍ ശിവസേനാ നേതാവ് സഞ്ജയ് നിരുപം തുടങ്ങിയവരും കോണ്‍ഗ്രസിന്റെ താക്കോല്‍സ്ഥാനത്ത് തുടരുന്നുണ്ടെന്ന വിവരം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. 'സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു' എന്ന ചൊല്ല് ഓര്‍ത്തുപോവുക സ്വാഭാവികം. ഒരേ വര്‍ഗതാല്‍പ്പര്യം പ്രതിനിധാനംചെയ്യുന്ന കോണ്‍ഗ്രസിനും ബിജെപിക്കും പകരമായി ഒരു ബദല്‍ശക്തി അനിവാര്യമാണെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് ഇത്തരം അനുഭവങ്ങള്‍.

പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കുറെക്കാലമായി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിച്ചുവരികയായിരുന്നു. ഇടതുപക്ഷത്തിന്റെയും ഇന്ത്യയിലെ തൊഴിലെടുക്കുന്ന സംഘടിത ജനവിഭാഗത്തിന്റെയും എതിര്‍പ്പുമൂലമാണ് ബില്‍ ഇതേവരെ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയാതെവന്നത്. സ്വകാര്യമേഖലയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നത് ഫണ്ടിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ്. തൊഴിലെടുക്കുന്നവര്‍ വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന നിക്ഷേപം ചൂതാട്ടത്തിനായി ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചാല്‍ തൊഴിലെടുക്കുന്നവരുടെ ഭാവി ഇരുളടഞ്ഞതായിതീരും. അമേരിക്കന്‍ ഐക്യനാടുകളിലെ നിരവധി പടുകൂറ്റന്‍ ധനസ്ഥാപനങ്ങള്‍ തകര്‍ന്നടിയുന്നത് നാം കണ്ടു. അതിന്റെ ഫലമായി ലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ തെരുവാധാരമായി. ഇതേ നില ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭംകൊയ്തെടുക്കാന്‍ കഴിയുമെന്ന വ്യാമോഹം സൃഷ്ടിക്കാനാണ് സ്വകാര്യകമ്പനിക്കാര്‍ ശ്രമിക്കുന്നത്. തൊഴിലെടുക്കുന്നവര്‍ അത്തരം വ്യാമോഹങ്ങളില്‍ അകപ്പെടാന്‍ ഇടവന്നുകൂടാ.

ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിനെ പിന്താങ്ങുന്ന കക്ഷികള്‍പോലും ഇടതുപക്ഷത്തോടൊപ്പം വോട്ട് ചെയ്യാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. ബിഎസ്പി, സമാജ്വാദി പാര്‍ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ കക്ഷികള്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറായി. ബിജെപിയുടെ സഖ്യകക്ഷിയായ നിധീഷ്കുമാര്‍ നേതൃത്വം നല്‍കുന്ന ഐക്യജനതാദള്‍പോലും ഇടതുപക്ഷത്തോടൊപ്പം പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്ലിനെതിരെ വോട്ട് ചെയ്തത് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ഒരു ബദല്‍ശക്തി വളര്‍ത്തിയെടുക്കേണ്ടുന്നതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത്തരമൊരു ബദല്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതായിരിക്കും. ബംഗാളിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇടതുപക്ഷബദലിന്റെ വിജയം ഉറപ്പിക്കുന്നതിന്റെ ആവശ്യകതയും ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍ ഇടതുപക്ഷബദല്‍ വിജയിച്ചേ മതിയാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 26 മാര്‍ച്ച് 2011

Tuesday, October 19, 2010

ഓഹരി വിപണികളിലെ സൂചിക മുന്നേറ്റത്തിനു പിന്നില്‍

ഒക്‌ടോബര്‍ ഒന്നിന് ബോംബെ ഓഹരി വിപണിയിലെ സൂചിക അവസാനിച്ചത് 20445 ല്‍ ആയിരുന്നു. പിന്നിട്ട ഒരു മാസക്കാലത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലവാരമായിരുന്നു ഇത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇത് 6143 ആയിരുന്നു. അഭൂതപൂര്‍വമായ ഈ ഓഹരി സൂചികാ കുതിച്ചുകയറ്റത്തില്‍ ശുഭാപ്തിവിശ്വാസം അര്‍പ്പിച്ച ഓഹരി വിപണി വിദഗ്ധന്മാര്‍ പ്രവചിച്ചത്, വിപണി സൂചിക വീണ്ടും ഉയര്‍ന്ന് 21,600 കടക്കുമെന്നായിരുന്നു. ഈ പ്രവചനം സാധൂകരിക്കപ്പെടുകയും ചെയ്തു. സമീപകാലത്ത് ഓഹരിവിപണി സൂചികകളില്‍ ഈ തോതിലുള്ള ഉയര്‍ച്ച ഉണ്ടാകുന്നു എന്നത് പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ സമാഗതമായിരിക്കുന്നത്. പല കാരണങ്ങളുണ്ട് ഈ നിഗമനത്തിലെത്താന്‍. ഒന്ന് ഇതിലേയ്ക്കു നയിച്ച ഘടകങ്ങള്‍ ഏതെല്ലാമാണെന്നു പരിശോധിച്ചാല്‍, മാത്രമേ ഇപ്പോള്‍ ദൃശ്യമായിരിക്കുന്ന ഈ മാറ്റം തുടര്‍ന്നും നിലനില്‍ക്കുമോ എന്നനിഗമനത്തിലെത്താന്‍ നമ്മെ സഹായിക്കുകയുള്ളു. ഈ സൂചികാ മുന്നേറ്റം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൈവരിച്ച വളര്‍ച്ചയുടെ യഥാര്‍ഥത്തിലുള്ള പ്രതിഫലനമാണോ എന്ന വിലയിരുത്തേണ്ടതുണ്ട്. മൂന്ന്, സെന്‍സെക്‌സിലും നിഫ്റ്റിയിലും രേഖപ്പെടുത്തിയിരിക്കുന്ന കുതിപ്പ് സാധാരണ നിക്ഷേപകര്‍ക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമോ-?

പ്രാഥമികമായി നമുക്കെത്തിച്ചേരാന്‍ കഴിയുന്ന നിഗമനം, ഓഹരി വിപണികളിലെ മുന്നേറ്റത്തിനു പിന്നില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സമ്മര്‍ദവും പ്രേരണയുമാണ് എന്നതാണ്. സെപ്തംബര്‍ അവസാനവാരത്തില്‍ മാത്രം എഫ് ഐ ഐ നിക്ഷേപം 5000 കോടി രൂപയിലേറെയായിരുന്നു. സെപ്തംബര്‍ മാസത്തെ മൊത്തം അനുഭവം പരിഗണിക്കുമ്പോള്‍ സെന്‍സെക്‌സിലുണ്ടായ വര്‍ധന 2500 പോയിന്റായിരുന്നു എന്നു കാണാന്‍ കഴിയും. ഈ കാലയളവിലുണ്ടായ വിദേശ മൂലധന പ്രവാഹം 25,412 കോടി രൂപയുമായിരുന്നു. ഈയ്യിടെ കാണപ്പെടുന്ന ഉത്തേജനം ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നൊരു പ്രതിഭാസമാണെന്നു പറഞ്ഞുകൂടാ. അതുകൊണ്ടു തന്നെ ഇതിന്റെ സ്വാധീനം മുന്‍പുണ്ടായിരുന്നതിലേറെ കാലം തുടരുകയും ചെയ്‌തേക്കാം.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിരവധി അനുകൂല ഘടകങ്ങളുണ്ട്. ഒന്നാമതായി, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏതുവിധ പ്രതിസന്ധിയും പരിഹരിക്കാനും നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുമുള്ള ശേഷിയുമുണ്ട്. വ്യവസായം-സേവനമേഖലകള്‍ ശക്തമായ നിലയിലാണ്. എന്നാല്‍, കാര്‍ഷികമേഖലാ പുനരുദ്ധാരണം ഇന്നും ഒരു പ്രശ്‌നമായി തുടരുന്നു. ഇക്കാരണത്താല്‍ പണപ്പെരുപ്പം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണകൂടങ്ങള്‍ പെടാപ്പാടു പെടുകയാണ്. ഗ്രാമീണമേഖലാ വരുമാനത്തില്‍ വന്‍ ഇടിവും ഇതിലൂടെ സംഭവിക്കുന്നു.

ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയും ശക്തമായി തുടരുന്നു. ഇതിന്റെ ലക്ഷണമാണ് ഓഹരി വിപണികളിലെ തുടര്‍ച്ചയായ മുന്നേറ്റം. ഓട്ടോമൊബൈല്‍-ബാങ്കിംഗ് മേഖലകളാണ് അഭൂതപൂര്‍വമായ ഓഹരി വില വര്‍ധനവില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളത്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയോട് വിദേശ നിക്ഷേപകര്‍ക്കുള്ള ആകര്‍ഷണീയത കുറെ കാലത്തേയ്ക്ക് കൂടി നിലനിര്‍ത്തിയേക്കാം. എന്നാല്‍, ഈ പ്രവണതകള്‍ക്ക് സ്ഥിരഭാവമുണ്ടാവണമെന്നില്ല. എഫ് ഐ ഐ കളെ സംബന്ധിച്ചിടത്തോളം അസ്ഥിരതയുടെ ഒരു നേരിയ സൂചനയുണ്ടായാല്‍ മാത്രം മതി പൊടുന്നനെ നിക്ഷേപം പിന്‍വലിക്കാന്‍ എന്ന് മുന്‍കാല അനുഭവങ്ങളിലൂടെ നമുക്കറിയാം. ഇത്തരം അസ്ഥിരതകള്‍ക്ക് ഇന്ത്യയ്ക്ക് നേരിട്ടെന്തെങ്കിലും ബന്ധമുണ്ടാകണമെന്നുമില്ല. ഉദാഹരണത്തിന്, ആഗോള സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുന്നതിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ നഷ്ടസാധ്യതകള്‍ വര്‍ധിച്ചതായി കണക്കുകൂട്ടുകയു ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള പ്രവണത പ്രകടമാക്കുകയും ചെയ്തു. ഈവിധത്തിലുള്ള തീരുമാനങ്ങളിലെത്തുന്നതിനും യുക്തി പലപ്പോഴും ഒരു ഘടകമായിരിക്കില്ല. ഈ അവസരത്തില്‍ നാം ഓര്‍ത്തിരിക്കേണ്ടൊരു കാര്യമുണ്ട്. സാമ്പത്തിക മാന്ദ്യം അതിന്റെ ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷവും, നിക്ഷേപകര്‍ അമേരിക്കയിലേയ്ക്ക് മത്സരബുദ്ധിയോടെ കുതിച്ചിരുന്ന കാര്യം. ഒട്ടേറെ നിക്ഷേപം തന്മൂലം യു എസ് ഓഹരി വിപണികളില്‍ നടക്കുകയുമുണ്ടായി. എഫ് ഐ ഐ കള്‍ ഇത് ചെയ്തത്. ഇന്ത്യയെപോലുള്ള രാജ്യങ്ങളിലെ തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചതിനുശേഷവുമായിരുന്നു. ആ സമയത്ത് ഇന്ത്യന്‍ ധനകാര്യവ്യവസ്ഥയെ പ്രതിസന്ധി തെല്ലും ബാധിച്ചിരുന്നുമില്ല.

അതേസമയം, പ്രതിസന്ധിയില്‍ ക്രമേണ അയവുവന്നതോടെ, പ്രധാന നിക്ഷേപകര്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുകയാണുണ്ടായത്. നഷ്ടസാധ്യതകളില്‍ കുറവുണ്ടായി എന്ന വിലയിരുത്തലായിരുന്നു ഈ നിലപാടു മാറ്റത്തിലേയ്ക്കു നിക്ഷേപകരെ നയിച്ചത്. നിലവിലുള്ള ആഗോള സാഹചര്യത്തില്‍, ഇന്ത്യയും ചൈനയുമായിരിക്കും എഫ് ഐ ഐകളുടെ ഇഷ്ട നിക്ഷേപ സങ്കേതങ്ങള്‍. ഈ സൗഹൃദം എത്രനാള്‍ തുടരുമെന്നു പ്രവചിക്കുക സാധ്യമല്ല. ഇപ്പോള്‍ ഇന്ത്യയുടെ നിക്ഷേപ പട്ടികയിലെ റാങ്കിങ് ഉയര്‍ന്നതുതന്നെയാണെങ്കിലും, ഈ റാങ്കിങ് ആപേക്ഷികമാണ്; സ്ഥിരമായതല്ല.

ഇതിനെല്ലാം ഉപരിയായി പരിഗണിക്കാനുള്ളത്, ഓഹരി വിപണികളിലെ അഭൂതപൂര്‍വമായ മുന്നേറ്റങ്ങളുടെ ഫലമായി ചെറുകിട നിക്ഷേപകര്‍ക്ക് എന്തു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്. ഈ വിഭാഗം നിക്ഷേപകരുടെ കാര്യമെടുത്താല്‍, കൂടുതല്‍ ഗുണകരമാവുക ആഭ്യന്തര വിപണിയിലെ മ്യൂച്വല്‍ഫണ്ടുകള്‍പോലുള്ള നിക്ഷേപ ഏജന്‍സികളിലെ നിക്ഷേപങ്ങളിലൂടെയായിരിക്കും. ഇത്തരം ഏജന്‍സികളാണെങ്കില്‍, എഫ് ഐ ഐ കളെപ്പോലെ സജീവമായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ, ഓഹരി വിപണികളിലെ സൂചികകളിലുണ്ടായ മുന്നേറ്റത്തില്‍ ഇവയുടെ പങ്ക് നിസാരമായ തോതില്‍ മാത്രവുമായിരുന്നു. മാത്രമല്ല, ചെറുകിട നിക്ഷേപകരുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപയത്‌നങ്ങള്‍ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കാനും തന്മൂലം കഴിയാതെ പോയി.

ഇതിനെല്ലാം പുറമെ, വിപണി നിക്ഷേപ ഇടപാടുകളില്‍ സൂചികാ മുന്നേറ്റത്തിന്റെ ഫലമായി പതിയിരിക്കുന്നൊരു അപകടമുണ്ടെന്നതും പ്രധാനമാണ്. സൂചികാ മുന്നേറ്റത്തെ തുടര്‍ന്ന് പുതുതായെത്തുന്ന ചെറുകിട നിക്ഷേപകര്‍ കൂടുതലും ആശ്രയിക്കുക മ്യൂച്വല്‍ഫണ്ടുകളെ ആയിരിക്കുമെന്നതാണിത്. മാത്രമല്ല, പ്രൈമറി - സെക്കന്‍ഡറി വിപണികളില്‍ ചെറുകിട നിക്ഷേപകര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ അനുഭവങ്ങളും വിരളമല്ല. ഇക്കാരണത്താല്‍ ഓഹരി വിപണി സൂചികകളില്‍ വന്‍ മുന്നേറ്റം നടക്കുന്ന അവസരങ്ങളില്‍പോലും ചെറുകിട നിക്ഷേപകര്‍ക്ക് വെറും കാഴ്ചക്കാരായി നില്‍കാന്‍ മാത്രമേ കഴിയുന്നുള്ളു.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 15-10-2010

Friday, November 20, 2009

നമുക്കിനി കരടികളെ ഊട്ടാം

"ദയവായി കരടികളെ ഊട്ടുക'' .... കാളകള്‍ ലോകമാസകലം വിപണികള്‍ കീഴടക്കവെ, ദി ഇക്കണോമിസ്‌റ്റ് വാരികയുടെ ആഹ്വാനമാണിത്. ( ഒക്ടോബര്‍ 3-9, 2009). ലോകം ഇനി കരടികളെയാണത്രെ തീറ്റിപ്പോറ്റേണ്ടത്. കരടികള്‍ സ്വതവെ ദോഷൈകദൃക്കുകളാണ്. സാമ്പത്തിക ലോകത്തിന് ഇന്നാവശ്യം അവരെയാണ്. കടന്നുപോയ ഒരു ദശകക്കാലം കരടികള്‍ പറഞ്ഞതത്രയും സംഭവിച്ചു. ഡോട്കോം സ്ഥാപനങ്ങളുടെ, അമേരിക്കന്‍ വീടുകളുടെ ഊഹവിലയെക്കുറിച്ച് സംശയിച്ചതവരായിരുന്നു. എന്‍റോണിനോട് അസുഖകരമായ ചോദ്യം ചോദിച്ചത് കരടികള്‍ തന്നെ. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രോഫ. കെന്നത്ത് റോഗോഫ്, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രോഫ. നൌറിയല്‍ റുബീനി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു.

ഇപ്പോള്‍ വിപണികള്‍ വീണ്ടും സജീവമായി. കാളകള്‍ ഉറഞ്ഞുതുള്ളുകയാണ്. നമ്മുടെ പത്രമാദ്ധ്യമങ്ങള്‍ക്കും കാളക്കൂറ്റന്‍മാരുടെ വീരഗാഥകള്‍ പാടാനാണിഷ്ടം. പക്ഷെ, പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ കാളകളുടെ ആരാധകര്‍ക്ക് ശുഷ്‌ക്കാന്തി കുറവാണ്. കാരണമുണ്ട്. തിരിച്ചുവരവിന്റെ അടിത്തറയെ ചിലരെങ്കിലും സംശയിക്കുന്നു. കോട്ട പണിയുന്നത് പൂഴിയിലാണ്.

കൊടുങ്കാറ്റിനുശേഷമുള്ള ശാന്തതയെക്കുറിച്ചാണ് മറ്റൊരു ചര്‍ച്ച. പക്ഷെ, ഈ ശാന്തതയില്‍ എന്തോ ഒരു പുതുമ കാണുന്നു. ഭരണാധികാരികള്‍ ജാഗ്രത പാലിക്കണം. പിഴവുകള്‍ ഒഴിവാക്കണം. പ്രൊഫ. റുബീനി നിര്‍ദ്ദേശിക്കുന്നു. തൊഴിലില്ലായ്‌മ രൂക്ഷമാണ്. ഉല്പാദനമേഖലയില്‍ സ്ഥാപിതശേഷി പാഴാവുന്നു. വീട്ടുടമകള്‍ ചിലവു ചുരുക്കുന്നു. ബാങ്കുകളും ബാങ്കിതരസ്ഥാപനങ്ങളും ദുര്‍ബലമാണ്. പൊതുകടം പെരുകുന്നു. സമ്പദ്ഘടനകള്‍ കൃത്രിമ ശ്വാസോച്ച്വാസത്തിലാണ്. ഒരു പക്ഷെ, വളര്‍ച്ച കൃത്രിമമാണ്. ജീവന്റെ സ്രോതസ്സ് സര്‍ക്കാര്‍ ദാനമാണ്. മൃഗചേതനയല്ല. ഉത്തേജകപദ്ധതികള്‍ അനന്തമായി തുടരാനാവില്ല. വളര്‍ച്ച ഭദ്രമല്ല. താല്‍ക്കാലികമാണ്. അസ്ഥിരമാണ്. ഇതാണ് സന്ദേശം.

പൂര്‍ത്തീകരിക്കാത്ത ദൌത്യം

ദൌത്യം പൂര്‍ത്തിയായിട്ടില്ല. പോള്‍ ക്രൂഗ്മാന്റെ നിരീക്ഷണമാണിത്. ഓഹരിവില മേല്‍പ്പോട്ടുതന്നെ. ബെര്‍ണാങ്കെയുടെ ഉന്‍മാദത്തിന് അതിരില്ല. വാൾ‌സ്‌ട്രീറ്റ് ജേർണലിന്റെ സാമ്പത്തിക കാര്യ എഡിറ്റര്‍ ഡേവിഡ് വെസ്സല്‍ ഒരു പുസ്തകം പോലുമെഴുതി. പേര് 'ഞങ്ങള്‍ ഫെഡില്‍ വിശ്വാസമര്‍പ്പിക്കുന്നു.( IN FED WE TRUST ) പുസ്‌തകം ബെല്‍ ബെര്‍ണാങ്കെയെ വീരനായകനാക്കിയിരിക്കുന്നു. ഒപ്പം ജോര്‍ജ്ജ് ബുഷും, അല്ലന്‍ ഗ്രീൻ‌സ്‌പാനും, ഹെന്‍ട്രി പോള്‍സണും വിമര്‍ശിക്കപ്പെടുന്നു. പലിശ പൂജ്യം ശതമാനത്തിലെത്തിച്ചതിന്. വായ്‌പകളും കുമിളകളും നാശം വിതച്ച ധനോല്‍പന്നങ്ങളും സംഭാവന ചെയ്തതിനും.

ബെര്‍ണാങ്കെയ്ക്ക് കാലാവധി നീട്ടിക്കിട്ടി. ആകാശം മുട്ടെ വളര്‍ന്ന അദ്ദേഹം തറപ്പിച്ചു പറയുന്നു : പ്രതിസന്ധി തീര്‍ന്നു. പോള്‍ ക്രൂഗ്‌മാന്‍ വിട്ടുകൊടുക്കുന്നില്ല. പ്രതിസന്ധി തീര്‍ന്നില്ല. ഇപ്പോള്‍ കാണുന്നത് ആത്മസംതൃപ്തിയാണ്. സ്വയം സംതൃപ്തിയാണ്. ഇത് ആപല്‍ക്കരമാണ്. വിഡ്ഢിത്തവും.

എന്തുകൊണ്ട് ?

ഊഹക്കച്ചവടത്തിന്റെ ചക്രവര്‍ത്തിയാണ് ജോര്‍ജ്ജ് സോറസ്. അദ്ദേഹം ഒരു ഗ്രന്ഥകര്‍ത്താവാണ്. ഗ്രന്ഥനാമം, 'മുതലാളിത്തത്തിന്റെ പ്രതിസന്ധി' (The Crisis of Capitalism). സോറസ് പറയുന്നു : ധനവിപണകള്‍ ജന്മനാ അസ്ഥിരമാണ്. കമ്പോളം സ്വയം തിരുത്തുമെന്ന വിശ്വാസം പ്രബലമാണ്. പക്ഷെ സ്വതന്ത്ര കമ്പോള ശക്തികള്‍ക്ക് അമിതസ്വാതന്ത്ര്യം അനുവദിച്ചാല്‍ സാമൂഹ്യാഭിലാഷങ്ങള്‍ നിറവേറ്റപ്പെടുകയില്ല. അമേരിക്കയില്‍ ധനകമ്മി 1,20,000 കോടി ഡോളറാണ്. ജി.ഡി.പി.യുടെ 14%. സമ്പന്നരാഷ്ട്രങ്ങളുടെ ധനകമ്മി ഇന്‍ഡ്യയെ കവച്ചുവെക്കുന്നതാണ്.

ഒബാമയുടെ താക്കീത്

ബാറക് ഒബാമ വാൾ‌സ് ട്രീറ്റിന് താക്കീത് നല്‍കുന്നു. " എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക; ഒരുമ്പെട്ട പെരുമാറ്റങ്ങളിലേയ്ക്കും അതിസാഹസികതയിലേക്കും നാമിനി തിരിച്ചുപോകുകയില്ല. അമിതലാഭത്തിനും ചീര്‍ത്ത ബോണസിനും വേണ്ടിയുള്ള ഒടുങ്ങാത്ത ആര്‍ത്തിയാണ് പ്രതിസന്ധിയുടെ ആത്മാവ് '' .

ഇന്ത്യയില്‍ ദലാള്‍ സ്‌ട്രീറ്റിന്റെ വീക്ഷണത്തില്‍ സെന്‍സെക്സ് 3500 പോയിന്റ് കൂടി കുതിച്ചുയര്‍ന്നാല്‍ പ്രതിസന്ധി പമ്പകടക്കും. കൃഷ്ണാനദി കരകവിഞ്ഞാലും കര്‍ണ്ണൂല്‍ പട്ടണം ഒഴുകിപ്പോയാലും ആയിരക്കണക്കിന് ഹെൿടര്‍ ഭൂമിയില്‍ കൃഷിനശിച്ചാലും ദല്ലാളന്‍മാര്‍ക്ക് ഉത്സവഭേരിയാണ്. ദീപാവലിക്കു മുമ്പ് ഓഹരിസൂചിക 21000 കടത്താനായിരുന്നു ചരടു വലിച്ചത്. എന്തുകൊണ്ടോ നടന്നില്ല.

പാവങ്ങള്‍, ഓഹരിയുടമകള്‍ നിസ്സഹായരാണ്. അവരുടെ ജീവിതമാണ് വിപണിയില്‍ ലേലം ചെയ്യപ്പെടുന്നത്. സത്യം കമ്പ്യൂട്ടര്‍ ഉടമ 5000 കോടി രൂപ തുലച്ചു. അനില്‍ അംബാനിയുടെ വക 2195 കോടി രൂപ. അമേരിക്കയിലായിരുന്നെങ്കില്‍ സുപ്രീം കോടതി ഇടപെടും. വേൾ‌ഡ്‌കോം ഓഹരിയുടമകള്‍ക്ക് 600 കോടി ഡോളര്‍ തിരികെ ലഭിച്ചു. എന്‍റോണ്‍ ഇടപാടില്‍ സിറ്റിബാങ്കിനെപോലുള്ള സ്ഥാപനങ്ങള്‍ 200 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി. ഇന്ത്യയില്‍ കോടതി ഓഹരിയുടമകളുടെ രക്ഷയ്ക്കെത്തുകയില്ല. കമ്പനി ലോ ബോര്‍ഡ് കൈയ്യൊഴിയും. ഉപഭോക്തൃ തര്‍ക്കപരിഹാര വേദിയും ഓഹരിയുടമകളെ സ്വീകരിക്കില്ല. മിഡാസ് ടച്ച് എന്ന ഉപഭോക്തൃ സംഘടന അതു പരീക്ഷിച്ചു; പരാജയപ്പെട്ടു. ഒരു പൊതുതാല്പര്യഹര്‍ജിപോലും നിലനില്‍ക്കുകയില്ല. കാരണം, ഓഹരിയുടമകളുടേത് സ്വകാര്യതാല്പര്യം മാത്രമാണ്. അവിടെ പൊതുതാല്പര്യമില്ല. ഓഡിറ്റിംഗ് കമ്പനികളാവട്ടെ, അസ്‌പൃശ്യരാണ്. സുസംഘടിതരും. കാളകളും കരടികളും ലഘുനിക്ഷേപകരെ വേട്ടയാടിക്കൊണ്ടിരിക്കും.

എതിര്‍ സത്യവാങ്മൂലം

ഇന്ത്യയില്‍ കരടികളുടെ വക്കാലത്ത് എടുക്കാന്‍ ആളില്ല. ദോഷൈകദൃക്കുകളാവാന്‍ ആര്‍ക്കും താല്പര്യമില്ല. എല്ലാം കമ്പോളത്തെയേല്പിക്കുക. കാളകളെ വിശ്വസിക്കുക. കണ്ണടച്ചു ധ്യാനിക്കുക. കമ്പോളം ചതിക്കുകയില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.

ലേമാന്‍ ബ്രദേഴ്‌സിന്റെ ഒന്നാം ചരമവാര്‍ഷികവേളയില്‍ ധാരാളം സംവാദങ്ങള്‍ നടന്നു. അല്ലന്‍ ഗ്രീൻ‌സ്‌പാനും സംഘവും പ്രതിപട്ടികയിലായി. ലേമാന്‍ തകര്‍ച്ചയുടെ തലേന്നു വരെ കാളകളുടെ വിളയാട്ടമായിരുന്നു. മൂക്കുകയറിടാന്‍ ആരും ഉണ്ടായില്ല. വിമര്‍ശനം മൂത്തപ്പോള്‍ മാക്രോ ഇക്കണോമിസ്‌റ്റുകളുടെ മൂപ്പന്‍ റോബര്‍ട്ട് ലൂക്കാസ് നെഞ്ചുവിരിച്ച് മുന്നോട്ടുവന്നു. അദ്ദേഹഠ പറഞ്ഞു:

"അപകടം മണത്തറിഞ്ഞ് കാളക്കൂറ്റന്‍മാരെ പിടിച്ചു കെട്ടിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. വളവു തിരിയുമ്പോള്‍ മറ്റൊരു വാഹനം ചീറിപ്പാഞ്ഞു വന്നിടിക്കുമെന്ന് പേടിച്ച്, സ്വന്തം വണ്ടി പൊടുന്നനെ വഴിതിരിച്ചു വിടുന്നതിന് തുല്യമാണത്. ഏറ്റവും ഉചിതവും പ്രായോഗികവുമായ നടപടി കണ്ണുകള്‍ തുറന്നു പിടിച്ച്, നന്മ മാത്രം പ്രതീക്ഷിച്ച്, കാത്തിരിക്കുക മാത്രമായിരുന്നു''(ദ ഇക്കണോമിസ്‌റ്റ് ആഗസ്റ് 8, 2009).

അതെ; അതാണുണ്ടായത്. കാളകള്‍ അഴിഞ്ഞാടി. കരടികളെ ആരും ഊട്ടിയില്ല. രണ്ടുവര്‍ഷം കഴിഞ്ഞില്ല, കാളകള്‍ വീണ്ടും വേദി കൈയ്യടക്കുന്നു.

ഒരു ന്യൂനപക്ഷത്തിന്റെ ഏകാധിപത്യം

വിപണിയെ ഇത്ര ഭയപ്പെടുന്നതെന്തിന്? ഒരു ചോദ്യമുയരാം. ചോദ്യം പ്രത്യക്ഷത്തില്‍ ന്യായമാണ്.

പക്ഷെ ഒരു മറുചോദ്യത്തിനും സാവകാശമുണ്ട്. ഓഹരിവിപണിയെ ഇത്രമാത്രം താലോലിക്കുന്നതെന്തിന് ? വെറും 0.58% ജനത മാത്രം വ്യാപരിക്കുന്ന ഒരു മേഖലയെക്കുറിച്ച് വന്‍കിടപത്രങ്ങളും ദൃശ്യമാധ്യമങ്ങളും, കോര്‍പ്പറേറ്റകുളം ഗവണ്‍മെന്റും ഇത്ര വ്യാകുലപ്പെടുന്നതെന്തിന് ? എല്ലാ തീരുമാനങ്ങളും നടപടികളും കാളക്കൂറ്റന്‍മാരെ ഉത്തേജിപ്പിക്കുന്നതെന്തിന് ?

മദ്രാസ്, ഇന്ദിരാഗാന്ധി ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസേര്‍ച്ചിലെ പ്രൊഫ. ആര്‍ നാഗരാജിനെ ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കാം:

"ഫൈനാന്‍സ് സൈദ്ധാന്തികര്‍ സ്വകാര്യ ഉടമസ്ഥതയുടെ മഹത്വം വിവരിക്കുന്നു. സ്വകാര്യ ഉടമസ്ഥത വിപണി നിയന്ത്രിതമാണ്. വിപണിയുടെ അച്ചടക്കത്തിന് വിധേയമാണ്. കാര്യക്ഷമമാണ്. എന്നാല്‍, തെളിവുകള്‍ സമര്‍ത്ഥിക്കുന്നത് മറ്റൊന്നാണ്. വികസിത നാടുകളില്‍ വിപണിയധിഷ്ഠിത അച്ചടക്കം ഒരു കമ്പനിയുടെയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടില്ല''

ആദ്യചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഇനി പ്രയാസമില്ല. കമ്പോളത്തിന്റെ അച്ചടക്കം കലര്‍പ്പില്ലാത്ത ഒന്നല്ല. കമ്പോളത്തെ നിയന്ത്രിക്കുന്നത് ലാഭക്കൊതിയാണ്. അതു മൂരിക്കുട്ടന്‍മാരുടെ അഴിഞ്ഞാട്ടമാണ്.

ഓഹരിയുടമകളുടെ ജനാധിപത്യത്തെ സ്വതന്ത്രകമ്പോള പണ്ഡിതന്‍മാര്‍ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ ഓഹരിയുടമകളുടെ ജനാധിപത്യം കേവലം മിഥ്യയാണ്. വാര്‍ഷികയോഗങ്ങളില്‍ ഓഹരിയുടമകള്‍ മാപ്പു സാക്ഷികളാണ്. ഡയറക്ടര്‍ ബോര്‍ഡ് അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് കൈയ്യടിക്കാനേ കഴിയൂ. ഡയറക്ടര്‍ ബോര്‍ഡിനെ സി.ഇ.ഒ ഭരിക്കുന്നു. സത്യം കമ്പ്യൂട്ടര്‍ രാമലിംഗരാജു ചെയ്തതുപോലെ. അവസാനം ചെന്നെത്തുക, ഒരു ന്യൂനപക്ഷത്തിന്റെ, സി.ഇ.ഒ.യുടെ ഏകാധിപത്യവാഴ്ചയിലാണ്.

ഇതു ജനാധിപത്യവിരുദ്ധമാണ്. ജനഹിതത്തിനെതിരാണ്. കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് പാര്‍ലമെന്റിനെ അപമാനിക്കുന്നു. അവഗണിക്കുന്നു. കമ്പോളവും കമ്പോളസിദ്ധാന്തങ്ങളുമെല്ലാം ആകയാല്‍,നമ്മുടെ എതിര്‍ ചേരിയിലെ ഒന്നാം പട്ടികയില്‍ തന്നെയാണ്; സംശയമില്ല.

****

കെ.വി.ജോര്‍ജ്ജ്, കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം

( ബി ഇ എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Saturday, October 17, 2009

കമ്പോളം 'സദ്യ' വിളമ്പുന്നു...

ലോകം കീഴടക്കി വാഴുമെന്ന് വീമ്പിളക്കിയവരുടെ തകര്‍ച്ചയ്ക്ക് ഒരു വര്‍ഷം പ്രായമായി. കഴിഞ്ഞ ഒരു മാസം വര്‍ത്തമാനപ്പത്രങ്ങളില്‍ വന്ന കമ്പോളവിശേഷങ്ങളില്‍ ചിലത് ഇവിടെ അടുക്കിവയ്ക്കുന്നു...

നിക്ഷേപവും വ്യാപാരവും നിലയ്ക്കുന്നു

അവികസിത രാഷ്ട്രങ്ങളിലേക്കുളള മൂലധന ഒഴുക്ക് ദയനീയമാം വിധം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2009-10 ല്‍ ഒരു ലക്ഷം കോടി ഡോളറിന്റെ കുറവാണത്രെ ഉണ്ടാകാന്‍പോകുന്നത്. കഴിഞ്ഞ വര്‍ഷം 707 ബില്യന്‍ ഡോളര്‍ ദരിദ്രരാഷ്ട്രങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നുവെന്നും ഈ വര്‍ഷം അത് വെറും 363 ബില്യന്‍ ആയി കുറയുമെന്നുമാണ് അണ്‍ക്ടാഡ് റിപ്പോര്‍ട്ട് പറയുന്നത്. 2007-ല്‍ 8-ഉം 2008-ല്‍ 6-ഉം ശതമാനം വളര്‍ച്ചാനിരക്ക് നേടിയ രാഷ്ട്രങ്ങള്‍ 2010ല്‍ വെറും 1.2 ശതമാനം മാത്രമെ വളരുകയുള്ളുവെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ലോകവ്യാപാരം 10% കണ്ട് കുറയുമെന്നും ലോകത്തിന്റെ മൊത്തഉല്‍പ്പാദനം 2.9% മാത്രമേ വളരുകയുളളുവെന്നും ഈ യു.എന്‍. ഏജന്‍സി പറയുന്നു.

ഉപഭോഗനിരക്ക് പകുതിയായി

ഇന്ത്യയിലെ സ്വകാര്യഉപഭോഗം ഈ കഴിഞ്ഞ വര്‍ഷം നേര്‍പകുതിയായി കുറഞ്ഞുവെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. 2007-08ല്‍ ജി.ഡി.പി.യുടെ 53.8% ആയിരുന്നു സ്വകാര്യ ഉപഭോഗവിഹിതം. കഴിഞ്ഞവര്‍ഷം അത് വെറും 27 ശതമാനമായി കുറഞ്ഞു. ജനങ്ങളുടെ കൈയ്യില്‍ പണമില്ല.. പിന്നെയെങ്ങനെ ഉപഭോഗം വര്‍ദ്ധിക്കും? മാന്ദ്യം മഹാമേരുവാകുന്നത് ഇങ്ങനെയാണ്.

പൊതുപണം ഊഹക്കച്ചവടത്തിന്

വിദേശത്ത് ഊഹവ്യാപാര ഉരുപ്പടികളില്‍ (ഡെറിവേറ്റീവുകള്‍) പണം നിക്ഷേപിച്ച് 3533 കോടിരൂപാ ഇന്ത്യന്‍ ബാങ്കുകള്‍ തുലച്ചുവെന്ന് ആര്‍.ബി.ഐ. റിപ്പോര്‍ട്ട്. ഈ ഇനത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 1893കോടിയും പൊതുമേഖലാബാങ്കുകള്‍ക്ക് 1640 കോടിയും കൈമോശം വന്നുവത്രെ! 2008ലെ ഇന്ത്യന്‍ ബാങ്കുകളുടെ വിദേശങ്ങളിലെ ഊഹ വ്യാപാര ഉടമ്പടിനിക്ഷേപം 45,253 കോടി രൂപയുടേതാണ്. ഇതില്‍ 28,018 കോടിയും സ്വകാര്യബാങ്കുകളുടെ വിഹിതമാണ്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് എല്ലാംകൂടി 17,235 കോടിയുടെ ചൂതാട്ടനിക്ഷേപമുണ്ടെന്നും ആര്‍.ബി.ഐ. കണ്ടെത്തുന്നു.

വിലകൂട്ടിയപ്പോള്‍ അവര്‍ കച്ചവടം തുടങ്ങി

സര്‍ക്കാര്‍ 2009 ജൂണില്‍ പെട്രോളിന് 4രൂപയും ഡീസലിന് 2രൂപയും വിലകയറ്റി. രണ്ടുവര്‍ഷം മുമ്പ് രാജ്യത്ത് ആകെ 1432 പെട്രോള്‍ ബങ്കുകള്‍ തുറന്ന് കച്ചവടം ആരംഭിച്ച റിലയന്‍സും 1230 എണ്ണം തുറന്ന എസ്സാര്‍ ഗ്രൂപ്പും വിലക്കുറവുകാരണം അവയൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. വില കൂട്ടിയതോടെ അതെല്ലാം തുറന്ന് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു പെട്രോളിയം വില നിയന്ത്രണം നീക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ ഏതാണ്ടിത്രയും ബങ്കുകള്‍ കൂടി സ്ഥാപിച്ച് കച്ചവടം പൊടിപൊടിക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നതെന്ന് ബിസിനസ് ലൈന്‍ എഴുതുന്നു.

മണ്ണെണ്ണ സബ്സിഡി - നികുതി ഇളവിന്റെ എത്ര ശതമാനം?

ഇന്ത്യയിലെ പാവങ്ങളുടെ പാചക ഇന്ധനവും വെളിച്ചവും ഒക്കെയാണ് മണെണ്ണ. ഏറെ കാലമായി ഇടതുപക്ഷക്കാരുടെ പ്രതിരോധം കാരണം പൊതുവിതരണകേന്ദ്രങ്ങളിലെ മണ്ണെണ്ണ വിലയില്‍ മാത്രം കാര്യമായ വര്‍ദ്ധനവുണ്ടായില്ല. സര്‍ക്കാര്‍ ഈ ഇനത്തില്‍ ഏറെ നഷ്ടപ്പെടുന്നുവെന്നും മണ്ണെണ്ണ സബ്സിഡി എടുത്തു കളയണമെന്നും മുന്‍ ഐ.എം.എഫ്. ഉദ്യോഗസ്ഥന്‍ കൂടിയായ പ്ളാനിംഗ് കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ അലുവാലിയ ഈയിടെയും ആവശ്യപ്പെട്ടുകണ്ടു. പ്ളാനിംഗ് കമ്മീഷന്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വ്വെയിലും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ തോന്നും ഈ സബ്സിഡിക്ക് ദേശീയ ഖജനാവോളം കനമുണ്ടെന്ന്! അങ്ങനെയാണോ? ഈ വര്‍ഷം മണ്ണെണ്ണ പാചകവാതക സബ്സിഡി 3109 കോടി രൂപ ആയിരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഏതാനും 100 കള്‍ മാത്രമുളള ഇന്ത്യന്‍ കുത്തക മുതലാളിമാര്‍ക്ക് കഴിഞ്ഞവര്‍ഷം അനുവദിച്ച നികുതിഇളവ് 4,18,095 കോടി രൂപയാണ്! മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഒരു വര്‍ഷത്തെ സബ്സിഡിയാണിത്! അത് കുറക്കണമെന്ന് അലുവാലിയ ജീവിതത്തിലൊരിക്കലും ആവശ്യപ്പെട്ടിട്ടില്ലതാനും! എന്നാല്‍ 100കോടി വരുന്ന മനുഷ്യര്‍ക്കായി വീതിക്കുന്ന വളരെ തുച്ഛമായ മണ്ണെണ്ണ-പാചകവാതക സബ്സിഡി എന്നന്നേക്കുമായി നിര്‍ത്താതെ അവര്‍ക്ക് ഉറക്കം കിട്ടില്ല.

ഓഹരി വിറ്റവകയില്‍

ഇടതുപക്ഷ പിന്തുണ കാരണം കാര്യമായി ഓഹരി വിറ്റ് കാശ് വാരാന്‍ മുന്‍ഭരണ കാലത്ത് കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. എന്നാലും മുമ്പ് നടത്തിയ കച്ചവടത്തിന്റെ ബാക്കി ഓഹരികള്‍ വിറ്റും മൂലധനസമാഹരണമെന്ന പേരില്‍ കമ്പോളത്തില്‍ പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വിറ്റും യു.പി.എ. സര്‍ക്കാര്‍ 2004മുതല്‍ 2009വരെ 47,901 രൂപാ സമാഹരിച്ചിട്ടുണ്ട്! ഇതില്‍ സര്‍ക്കാര്‍ ബാങ്കുകള്‍, മാരുതി, ബാല്‍ക്കോ, ഐ.പി.സി.എല്‍ തുടങ്ങിയ വിറ്റുപോയ കമ്പനികളുടെ അവശേഷിച്ച ഓഹരിക്കച്ചവടമാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ഓഹരിവില്‍പ്പനവഴി യു.പി.എ. സര്‍ക്കാര്‍ സമാഹരിച്ച പണം( 5വര്‍ഷം)


നാട്ടുകാരറിയാതെയും കച്ചവടം നടക്കുന്നുണ്ടെന്ന് മനസിലായില്ലേ?

Monday, July 6, 2009

കാട്ടിലെ തടി, തേവരുടെ ആന....

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ ധൃതിപിടിച്ച നീക്കത്തെ ശക്തിയായി വിമര്‍ശിച്ചുകൊണ്ട്, 2001 ഫെബ്രുവരി 27ന് ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവായ പ്രണബ്മുഖര്‍ജി, അന്നത്തെ ധനകാര്യമന്ത്രിയോടും ഓഹരി വിറ്റഴിക്കാനായി പ്രത്യേകം ഉണ്ടാക്കപ്പെട്ട വകുപ്പിന്റെ മന്ത്രിയായ അരുണ്‍ഷൂരിയോടും ചോദിച്ചു: ഓഹരി വിറ്റഴിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്? ധനക്കമ്മി നികത്താനാണെങ്കില്‍ അഥവാ കുറയ്ക്കാനാണെങ്കില്‍ അതിന് വേറെ വഴിയില്ലേ? ഗവണ്‍മെന്റിന്റെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി മൂലധന ആസ്തികള്‍ വിറ്റഴിക്കുന്നത് വിവേകമാണോ? ധനക്കമ്മി കുറയ്ക്കുന്നതിന് മറ്റ് യുക്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൂടേ? ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാല്‍ക്കോയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗവണ്‍മെന്റിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് അന്ന് മുഖര്‍ജി അങ്ങനെ ചോദിച്ചത്.

എട്ടരക്കൊല്ലം മുമ്പാണത്. അതേ മുഖര്‍ജി ഇന്ന് കേന്ദ്ര ധനകാര്യമന്ത്രിയാണ്. അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന പൊതു ബജറ്റില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ 50,000 കോടി രൂപയുടെ ഓഹരി വില്‍ക്കാനുള്ള നിര്‍ദ്ദേശം ഉണ്ടത്രേ. (ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും, ഈ കുറിപ്പ് വായനക്കാരുടെ കയ്യിലെത്തുമ്പോഴേക്കും ബജറ്റ് അവതരണം കഴിഞ്ഞിരിക്കും). ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അഞ്ചുമുതല്‍ 30 ശതമാനംവരെ ഓഹരികള്‍ വിറ്റാണ് അത്രയും തുക സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. വിറ്റഴിക്കുന്ന ഓഹരികള്‍ ഈപറഞ്ഞത്രതന്നെയായിരിക്കുമോ? ലഭിക്കുന്ന തുക ഇത്രതന്നെയാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ടാവും എന്ന് ഉറപ്പാണ്. 2009 ജൂണ്‍ 4ന് പ്രസിഡണ്ട് പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റിന്റെ ആദ്യത്തെ നൂറുദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട അജണ്ടയിലും ഓഹരി വിറ്റഴിക്കലിനെപ്പറ്റി പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും അതിനെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ട് ഉടനെ നടപ്പാക്കേണ്ട പദ്ധതി എന്ന നിലയ്ക്കുതന്നെ, മന്‍മോഹന്‍സിങ് ഗവണ്‍മെന്റ്, ഓഹരി വില്‍പനക്കാര്യം ഏറ്റെടുക്കും എന്ന് ഉറപ്പാണ്.

എന്‍ഡിഎ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കുന്നത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി എന്ന പ്രണബ്മുഖര്‍ജിയുടെ ചോദ്യത്തിന് അദ്ദേഹംതന്നെ അന്ന് മറുപടിയും പറയുകയുണ്ടായി: വ്യവസായ ഉടമകളുടെ സംഘടനകളായ ഫിക്കിയും അസോച്ചമും സിഐഐയും ആണ് വാജ്പേയി ഗവണ്‍മെന്റിന്റെ അജണ്ട തീരുമാനിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമകളാവാന്‍ കൊതിക്കുന്നത് അവരാണ്; ജനങ്ങളല്ല. ജനങ്ങള്‍ക്കുവേണ്ടിയല്ല ഓഹരി വിറ്റഴിക്കുന്നത്.

പഴയ കാരണവന്മാര്‍ സമ്പാദിച്ചുവെച്ച കുടുംബസ്വത്ത് നിത്യനിദാനച്ചെലവുകള്‍ക്കുവേണ്ടി നിലവിലുള്ള കാരണവര്‍ കിട്ടിയ വിലയ്ക്ക് മുറിച്ചു വില്‍ക്കുന്നത് എം ടി വാസുദേവന്‍നായരുടെ കഥകളില്‍ കാണാം. നിലവിലുള്ള കാരണവര്‍ സമ്പാദിച്ചതല്ല ഇങ്ങനെ മുറിച്ചുവില്‍ക്കുന്ന സ്വത്ത്. മാത്രമല്ല, തറവാട്ടിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട സ്വത്താണത്. തല്‍ക്കാലം മൂപ്പധികാരം കിട്ടിയ കാരണവരായതുകൊണ്ട്, യാതൊരു വീണ്ടുവിചാരവുമില്ലാതെ, കടംവീട്ടാനും കഞ്ഞിയ്ക്കരിവാങ്ങാനും ധൂര്‍ത്തടിക്കാനും വേണ്ടി സ്വത്ത് മറിച്ചുവില്‍ക്കുന്നു. അതിന്റെ വലിയ ഒരോഹരി ഭാര്യവീട്ടിലേക്കു കടത്തിയെന്നും വരും.

അതുപോലെ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റിന്റെ സ്വത്താണ്. അതായത് ജനങ്ങളുടെ സ്വത്ത് ഇന്നലെ ഭരണത്തില്‍വന്ന സര്‍ക്കാരിന്റെ മാത്രം സ്വത്തല്ല, അവര്‍ക്ക് തന്നിഷ്ടംപോലെ വില്‍ക്കാന്‍ അവകാശമുള്ള സ്വത്തല്ല അത്. പൊതുമേഖലാ സ്ഥാപനങ്ങളുടെമേലുള്ള ജനങ്ങളുടെ ഉടമസ്ഥത പാര്‍ലമെന്റിലൂടെയാണ്, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റിലൂടെയാണ് ഉറപ്പുവരുത്തുന്നത്. പാര്‍ലമെന്റിലൂടെയുള്ള ജനങ്ങളുടെ ഉടമസ്ഥാവകാശത്തെ ഓഹരി വിപണിയിലൂടെയുള്ള ഏതാനും ആളുകളുടെ ഉടമസ്ഥാവകാശമാക്കി മാറ്റാന്‍ കഴിയില്ല. "ജനങ്ങളുടെ ഉടമസ്ഥത'' എന്ന പുതിയ വാക്ക് കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുണ്ട്. ഓഹരിവില്‍ക്കുന്നത് ജനങ്ങള്‍ക്കാണത്രേ! ആരാണ് കോണ്‍ഗ്രസിന്റെ ജനങ്ങള്‍?

ബിഎച്ച്ഇഎല്‍ എന്ന പ്രസിദ്ധമായ നവരത്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ ഇങ്ങനെ "ജനങ്ങള്‍ക്ക്'' വിറ്റതിന്റെ കഥയിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ കോണ്‍ഗ്രസിന്റെ "ജനങ്ങള്‍'' ആരെന്ന് വ്യക്തമാവും. 1991-96 കാലത്ത് നരസിംഹറാവു സര്‍ക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ആണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന തുടങ്ങിവെച്ചത്.

ബിഎച്ച്ഇഎല്ലിലെ ഓഹരികളുടെ ഉടമസ്ഥത സംബന്ധിച്ച വസ്തുതകള്‍ താഴെ കൊടുക്കുന്നു:

ഇന്ത്യാഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍-67.72 ശതമാനം.

വിദേശനിക്ഷേപക സ്ഥാപനങ്ങളുടെ കയ്യില്‍ - 17.03

മ്യൂച്വല്‍ഫണ്ടുകളുടെ കയ്യില്‍ - 5.14

കുത്തക സ്ഥാപനങ്ങള്‍ - 3.86 ശതമാനം

ഇന്‍ഷ്വറന്‍സ് കമ്പനികള്‍ - 3.83 ശതമാനം

ഒരു ലക്ഷം രൂപവരെ വിലവരുന്ന ഓഹരികള്‍ കൈയിലുള്ള വ്യക്തികള്‍ - 1.92 ശതമാനം

ഇന്ത്യാ ഗവണ്‍മെന്റിന്റെ കയ്യില്‍ ഭെല്ലിന്റെ 67.72 ശതമാനം ഓഹരികളേയുള്ളു. അതില്‍ 10 ശതമാനംകൂടി വില്‍ക്കാന്‍ കഴിഞ്ഞ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം അതിനെ ശക്തമായി ചെറുത്തു. മുകളില്‍കൊടുത്ത ഭെല്ലിന്റെ ഉദാഹരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാവും. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഓഹരി നല്‍കുന്നുവെന്ന പേരുംപറഞ്ഞ് അന്ന് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്, 21 ശതമാനം ഓഹരികള്‍ കുത്തക വ്യവസായികള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും നല്‍കുകയാണുണ്ടായത്. ജനങ്ങള്‍ക്ക് കിട്ടിയതാകട്ടെ, വെറും 1.92 ശതമാനവും. എന്‍ടിപിസി തുടങ്ങിയ വമ്പിച്ച ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ഓഹരിവില്‍പനയിലെ സ്ഥിതിയും ഇതുതന്നെയാണ്.

"ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ അന്ധമായ സ്വകാര്യവല്‍ക്കരണത്തെ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ് തള്ളിക്കളയുന്നു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിപക്ഷം ഓഹരികള്‍ ഗവണ്‍മെന്റിന്റെ കയ്യില്‍ നിലനിര്‍ത്തുമ്പോള്‍തന്നെ, അതില്‍ ഒരു ഭാഗത്തിന്റെ ഉടമസ്ഥതയ്ക്ക് ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട്'' എന്നാണ് 15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. ബിജെപിയുടെ അന്ധമായ സ്വകാര്യവല്‍ക്കരണമാണ് അവരെ 2004ലെ പരാജയത്തിലേക്ക് നയിച്ചത്. ജനങ്ങളുടെ പേരും പറഞ്ഞ് സ്വകാര്യവല്‍ക്കരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ഇപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനും അവയ്ക്കുമേലുള്ള പാര്‍ലമെന്റിന്റെ മേല്‍നോട്ടം കൂടുതല്‍ ഫലപ്രദമായി എങ്ങനെ നടപ്പാക്കാം എന്ന് നിര്‍ദ്ദേശിക്കുന്നതിനുംവേണ്ടി 1958 ഏപ്രില്‍ 10ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരു കമ്മിറ്റിയെ നിയോഗിച്ചു. 10 അംഗങ്ങളുണ്ടായിരുന്ന ആ കമ്മിറ്റിയുടെ അധ്യക്ഷന്‍ വി കെ കൃഷ്ണമേനോന്‍ ആയിരുന്നു. ഫെറോസ്ഗാന്ധി, ഡോക്ടര്‍ പി സുബ്ബരായന്‍, മഹാവീര്‍ ത്യാഗി തുടങ്ങിയവര്‍ അംഗങ്ങളും. സ്ഥാപനത്തിന്റെ ഓഹരി അതിലെ തൊഴിലാളികള്‍ക്ക് നല്‍കാമെന്നും അവരെ മാനേജ്മെന്റില്‍ പ്രതിനിധികളാക്കാമെന്നും ഡയറക്ടര്‍ബോര്‍ഡില്‍ അവരുടെ പ്രതിനിധി വേണമെന്നും ശുപാര്‍ശചെയ്ത ആ കമ്മിറ്റി അത്തരം ഓഹരികള്‍ സ്വകാര്യ കുത്തകകളോ ബിസിനസ് സ്ഥാപനങ്ങളോ വാങ്ങാന്‍ ഇടവരരുതെന്നും നിര്‍ദ്ദേശിച്ചു. സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ കുത്തകകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കരുത് എന്നതടക്കമുള്ള അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് സ്വീകാര്യമാണോ?

സ്വീകാര്യമാവാന്‍ കഴിയില്ല, "സാമൂഹ്യമേഖലയുടെ ചെലവുകള്‍ക്ക് വിഭവങ്ങള്‍ എവിടെനിന്നുണ്ടാകും'' എന്ന കുത്തകകളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചോദ്യത്തിനുമുന്നില്‍ അവര്‍ അമ്പരക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് വിഭവം ഉണ്ടാക്കാം എന്നതാണ് അവരുടെ പോംവഴി. എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ സാമൂഹ്യമേഖലയിലെ ചെലവുകള്‍ക്ക് ഒരൊറ്റത്തവണ മാത്രം കുറച്ച് ഫണ്ട് കണ്ടെത്തിയാല്‍ മതിയോ, കുറെ ഓഹരികള്‍ വിറ്റ് ഒരൊറ്റത്തവണ ഫണ്ട് സമാഹരിച്ചാല്‍, ഈ മേഖലകളിലെ ആവര്‍ത്തനച്ചെലവുകള്‍ എങ്ങനെ നടക്കും?

എന്നാല്‍ യഥാര്‍ഥത്തില്‍ വിഭവങ്ങളില്ലാത്തതാണോ പ്രശ്നം? യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ 2003-04ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചവും കരുതല്‍ധനവുമായി ആകെ 2.59 ലക്ഷം കോടി രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. 2007-08 വര്‍ഷമായപ്പോഴേക്ക് അതിന്റെകൂടെ 2.26 ലക്ഷം കോടി രൂപ കൂടി കരുതല്‍ ധനവും മിച്ചവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതായത് മൊത്തം 4.85 ലക്ഷം കോടി രൂപ. തങ്ങളുടെ കാലത്ത് ലഭിച്ച ഈ 2.26 ലക്ഷം കോടി രൂപ സാമൂഹ്യ മേഖലാച്ചെലവടക്കമുള്ള ഉല്‍പാദന ആവശ്യങ്ങള്‍ക്കായി ചെലവിടുന്നതില്‍നിന്ന് അവരെ ആരെങ്കിലും തടയുകയുണ്ടായോ? യഥാര്‍ഥം പറഞ്ഞാല്‍ ഇങ്ങനെ കൈവശമുള്ള വമ്പിച്ച മിച്ച-കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.42 ലക്ഷം കോടി രൂപ ഉല്‍പാദനപരമല്ലാത്ത ഫിനാന്‍ഷ്യല്‍ നിക്ഷേപങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ഒരു നവരവത്ന കമ്പനിയായ എന്‍ടിപിസിയുടെ കയ്യില്‍ 2008 മാര്‍ച്ച് 31ന് റെഡി ക്യാഷായും ബാങ്ക് ബാലന്‍സായും 14,933 കോടി രൂപയുണ്ടായിരുന്നു. അതേ അവസരത്തില്‍ ആ കമ്പനിയുടെ മൊത്തം മിച്ച-കരുതല്‍ ധനശേഖരം 44393 കോടി രൂപയുമായിരുന്നു. ബാങ്ക് ബാലന്‍സായി 14,933 കോടി രൂപ കയ്യിലുള്ള എന്‍ടിപിസിയാണ് 10,000 കോടി രൂപ മുതല്‍ 15,000 കോടി രൂപവരെ വിലവരുന്ന ഓഹരിവില്‍ക്കാന്‍ പോകുന്നത്. അത്രയും തുക ഉല്‍പാദനക്ഷമമല്ലാത്ത നിക്ഷേപ ധനമായി വെറുതെ കിടക്കുന്നുണ്ടല്ലോ. അതെടുത്താല്‍ പോരേ?

നാമങ്ങനെ ചോദിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ ഉത്തരം ഇതാണ്. ഇങ്ങനെ കയ്യിലുള്ള മിച്ച-കരുതല്‍ധനം കമ്പനിയുടെ വികസനത്തിനും ഭാവി പദ്ധതികള്‍ക്കുംവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

ഇതൊരു കള്ള പ്രസ്താവനയാണ്. ഒരു വ്യവസായപദ്ധതി ആരംഭിക്കാന്‍ ആരും സ്വന്തം കയ്യിലുള്ള പണം മുഴുവന്‍, അത് മൂലധനമായാലും ശരി കരുതല്‍ ധനമായാലും ശരി, ഇറക്കുകയില്ല. വ്യവസായസംരംഭത്തിന് ആവശ്യമായ മൊത്തം തുകയില്‍ ഒരു ഭാഗം മാത്രമേ തന്റെ പോക്കറ്റില്‍നിന്ന് നിക്ഷേപകന്‍ ഓഹരിയായി ഇറക്കുകയുള്ളു. ബാക്കി ബാങ്കുകളില്‍നിന്ന് വായ്പയായി സംഭരിക്കും. ഇപ്പോള്‍ എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും 4:1 എന്ന അനുപാതത്തില്‍ വായ്പയും ഓഹരിയും സംഭരിക്കാന്‍ - കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദമുണ്ട്. അതായത് നിക്ഷേപകന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു രൂപ ഇറക്കുമ്പോള്‍ 4 രൂപ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുക്കാം. ഇങ്ങനെ ലഭിക്കുന്ന വായ്പ അധികവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും.

അതുകൊണ്ട് സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ കുറഞ്ഞ ഓഹരി വിഹിതവും ഉയര്‍ന്ന വായ്പാ വിഹിതവും ഉള്ള സ്ഥാപനങ്ങളാണ്. മറിച്ച് പൊതുമേഖലാസ്ഥാപനങ്ങളാകട്ടെ, ഉയര്‍ന്ന ഓഹരി വിഹിതവും കുറഞ്ഞ വായ്പാ വിഹിതവും ഉള്ള സ്ഥാപനങ്ങളുമാണ്. ബാങ്കുകളുടെ കയ്യില്‍ വായ്പ നല്‍കാന്‍ ഇഷ്ടംപോലെ പണമുള്ളപ്പോള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്നത്തെ ഓഹരി-വായ്പാ അനുപാതത്തിന്റെ (1:4) അടിസ്ഥാനത്തില്‍ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കാവുന്നതാണ്. എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി-വായ്പാ അനുപാതം ഏതാണ്ട് 2:1 ആണ്. അതായത് ലഭ്യമായ വായ്പയുടെ ഇരട്ടിയാണ് സ്വന്തം കയ്യില്‍നിന്നിറക്കുന്ന ഓഹരിത്തുക... (സ്വകാര്യ സ്ഥാപനങ്ങളില്‍ അത് 1:4 ആണെന്ന് ഓര്‍ക്കുക). കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 2007-2008 സര്‍വെയിലെ കണക്കുകളനുസരിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി 6 ലക്ഷംകോടി രൂപയും ദീര്‍ഘകാല വായ്പ 3.2 ലക്ഷം കോടി രൂപയുമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ മാനദണ്ഡമനുസരിച്ചാണെങ്കില്‍ (1.4) 15 മുതല്‍ 20 വരെ ലക്ഷം കോടി രൂപ അവയ്ക്ക് വായ്പയെടുക്കാവുന്നതാണ്.

അതിനായി അവര്‍ക്ക് ഓഹരി വില്‍ക്കേണ്ട ആവശ്യമില്ല. അവയുടെ വികസനത്തിനായി 20 ലക്ഷം കോടി രൂപവരെ വായ്പ എടുക്കാമെന്നിരിക്കെ അതിനേക്കാളെത്രയോ കുറഞ്ഞ തുക ലഭിക്കുന്നതിനുവേണ്ടി ഓഹരി വില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ്? അതില്‍ എന്തെങ്കിലും സാമ്പത്തിക യുക്തിയുണ്ടോ?

സാധാരണ ജനങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പങ്കുനല്‍കുന്നതിനുവേണ്ടിയല്ല ഓഹരി വില്‍ക്കുന്നത്. ഓഹരി വില്‍ക്കുമ്പോള്‍ അതില്‍ മഹാ ഭൂരിപക്ഷവും വന്‍കിട സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ തട്ടിയെടുക്കുന്നു. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും നിസ്സാരമായ ഓഹരികളാണ് ലഭിക്കുന്നത്. വിഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടുമല്ല ഓഹരി വില്‍ക്കുന്നത്. പിന്തെ എന്തിന്? അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ.

സ്വകാര്യവല്‍ക്കരണംതന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത ഗവണ്‍മെന്റില്‍നിന്നെടുത്ത് സ്വകാര്യ കുത്തകകള്‍ക്ക് നല്‍കല്‍. വാജ്പേയി ഗവണ്‍മെന്റ് ചെയ്തതും യുപിഎ ഗവണ്‍മെന്റ് ചെയ്യുന്നതും ഒന്നുതന്നെ. വാജ്പേയി ഗവണ്‍മെന്റ് ഓഹരി വില്‍ക്കുന്നതിന് ഒരു മന്ത്രാലയംതന്നെ തുറന്ന് ഒരു കേന്ദ്രമന്ത്രിയെ നിയമിച്ച് (അരൂണ്‍ഷൂരി) വില്‍പന നടത്തിയെങ്കില്‍, മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനുകീഴില്‍ അതിന് പ്രത്യേകം മന്ത്രാലയമൊന്നുമില്ലെങ്കിലും വില്‍പ്പന പൊടിപൊടിക്കുന്നു. 2004-2008 കാലഘട്ടത്തില്‍ ഇടതുപക്ഷം എതിര്‍ത്തതുകൊണ്ട്, കച്ചവടം ഫലത്തില്‍ നടന്നില്ല. ഇന്നിപ്പോള്‍ തടയാനാരുമില്ല. ഇളമുറക്കാര്‍ക്ക് പാര്‍ലമെന്റില്‍ അംഗസംഖ്യ കുറവാണ്. ഇഷ്ടംപോലെ തറവാട്ടുമുതല്‍ കിട്ടിയവിലയ്ക്കു വില്‍ക്കാം. മാര്‍ക്കറ്റില്‍ 400 രൂപ വരെ വിലയുള്ള ഓഹരിയുടെ ഒറിജിനല്‍വില 10 രൂപയാണെങ്കില്‍ 10 രൂപയ്ക്ക്, സ്വകാര്യ മുതലാളിക്കു കൈമാറാം. അങ്ങനെയുള്ള കള്ളക്കച്ചവടത്തില്‍നിന്ന് ലഭിക്കുന്ന വമ്പിച്ച കമ്മീഷന്‍ സ്വന്തക്കാര്‍ക്ക് നല്‍കാം. ജവഹര്‍ലാല്‍ നെഹ്റുവും കൃഷ്ണമേനോനും ഫെറോസ്ഗാന്ധിയും രാഷ്ട്രത്തിനുവേണ്ടി ആര്‍ജിച്ചുവെച്ച പൊതുമുതല്‍, കുടുംബസ്വത്ത്, തല്‍ക്കാലം കൈവശാവകാശം ലഭിച്ച മന്‍മോഹന്‍സിങ്ങും മുഖര്‍ജിയും കൂട്ടരും ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കുന്നു. അവര്‍ സമ്പാദിച്ചതല്ല, ഒരു തുള്ളി വിയര്‍പ്പ് ചിന്തിയിട്ടില്ല. പൊതുമുതല്‍ വിറ്റുതുലച്ചാലെന്ത്, കുത്തകകള്‍ തടിച്ചുകൊഴുക്കട്ടെ.

*
കെ രാമനാഥന്‍

Sunday, December 21, 2008

ഇന്‍ഷുറന്‍സ് ഇനി എത്ര സുരക്ഷിതം?

ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്ന് 49ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രാഷ്‌ട്രത്തെയാകെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്‌തിരിക്കയാണ്. ആഗോള മൂലധനമാന്ദ്യം സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഉദാരീകരണം വിപുലമാക്കാന്‍ ശ്രമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. നവോദാരത്തിന്റെ പരാജയം യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് കാണിക്കുന്നത്. അതുപോലെതന്നെ ആഗോളമൂലധനം നവോദാര നയങ്ങളോട് എങ്ങനെ കൂറുപുലര്‍ത്തുന്നുവെന്നും ഇത് തെളിയിക്കുന്നു. എന്നാല്‍ ഈ നീക്കം ചെറുക്കപ്പെടാതിരുന്നാല്‍ അത് നമ്മുടെ ഇന്‍ഷുറന്‍സ് മേഖലയെ വിനാശകരമായി ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, നമ്മുടെ ദേശീയസമ്പദ്‌വ്യവസ്ഥയുടെ വികാസത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന മേഖലയാണിത്. ദീര്‍ഘകാല നിക്ഷേപത്തിനുവേണ്ട വിഭവങ്ങള്‍ സമാഹരിച്ചുനൽകുന്ന ഈ മേഖലയില്‍ എഫ് ഡി ഐ പരിധി ഉയര്‍ത്തുന്നത് ആത്യന്തികമായി നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ രണ്ടാം തലമുറ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിനുവേണ്ടി, പാര്‍ലമെന്റ് സമ്മേളനത്തില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയാണല്ലോ. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ആൿടിലും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് നാഷണലൈസേഷന്‍ (ജിഐബിഎന്‍എ) ആൿടിലും 1938 ലെ ഇന്‍ഷുറന്‍സ് ആൿടിലും ഭേദഗതി കൊണ്ടുവരുന്ന ബില്ലാണ് ഒന്നാമത്തേത്. രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ളതാണ് ഈ ബില്‍.

1956 ലെ എല്‍ ഐ സി ആൿടില്‍ ഭേദഗതി വരുത്തുന്ന ബില്ലാണ് രണ്ടാമത്തേത്. എല്‍ഐസിയുടെ ഇന്നത്തെ അഞ്ചുകോടി മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്‍ഷുറന്‍സ് നിയമത്തിലെ കാലഹരണപ്പെട്ട നിബന്ധനകള്‍ മാറ്റി കാലത്തിനനുസൃതമാക്കി പരിഷ്‌ക്കരിക്കാന്‍ ഈ ഭേദഗതി അനിവാര്യമാണെന്നാണ് സർക്കാർ വാദം. എന്നാല്‍ ഇന്‍ഷുറന്‍സ് മേഖലയെ അതിന്റെ പൊതുമേഖലാസ്‌തിത്വത്തില്‍നിന്നും പറിച്ചെടുത്ത് സ്വകാര്യമേഖലയില്‍ പ്രതിഷ്‌ഠിക്കുക, വിദേശമൂലധനത്തിന് നമ്മുടെ ആഭ്യന്തര നിക്ഷേപത്തില്‍ പിടിമുറുക്കാനുള്ള അവസരം നല്‍കുക എന്നതൊക്കെയാണ് സര്‍ക്കാരിന്റെ യഥാർത്ഥ ലക്ഷ്യങ്ങള്‍.

1999 ലെ ഐആര്‍ഡിഎ ആൿട് പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യപങ്കാളിത്തം വരുന്നത്. നരസിംഹറാവു സര്‍ക്കാര്‍ നിയോഗിച്ച മല്‍ഹോത്ര കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ കമ്മിറ്റി റെക്കോർഡ് വേഗത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 1994ല്‍ റിപ്പോര്‍ട് മന്‍മോഹന്‍സിങ്ങി (അന്നത്തെ ധനമന്ത്രി) ന് കൈമാറുകയും ചെയ്‌തിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം കൃത്യമായ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും താല്പര്യങ്ങള്‍ പരിരക്ഷിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു മല്‍ഹോത്രകമ്മിറ്റി നിര്‍ദേശങ്ങളുടെ മുഖ്യ ഉദ്ദേശ്യം.

അങ്ങനെ വിദേശ ബഹുരാഷ്‌ട്രക്കമ്പനികളും ഇന്ത്യന്‍ സ്വകാര്യക്കമ്പനികളും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കുകയെന്ന അജന്‍ഡ നടപ്പിലാക്കപ്പെടുകയുമായിരുന്നു. കൂടാതെ, എല്‍ഐസിയുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ആസ്‌തി 100 കോടി രൂപയിലേക്ക് ഉയര്‍ത്തുകയും ഈ കമ്പനികളുടെ സ്വന്തം വിഹിതം 50 ശതമാനമാക്കി വെട്ടിക്കുറയ്‌ക്കുകയും ക്മ്മിറ്റിയുടെ നിർദ്ദേശമായിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം മുഴുവന്‍ ജനങ്ങളുടെയും എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ (എ ഐ ഐ ഇ എ) ന്റെ നേതൃത്വത്തില്‍ ഒന്നരക്കോടിയിലേറെ പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന് നല്‍കി. എന്നാൽ വിപുലമായ ഒരു ജനതയുടെ വികാരങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു എന്‍ ഡി എ സര്‍ക്കാര്‍. വിദേശമൂലധനത്തിനും ആഭ്യന്തര സ്വകാര്യ താല്പര്യങ്ങള്‍ക്കും വേണ്ടി പൊതുമേഖലയെ ബലികൊടുക്കുകയായിരുന്നു എന്‍ഡിഎ സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ശക്തമായ ജനകീയ എതിര്‍പ്പിന് ഫലമുണ്ടായി. വിദേശപങ്കാളിത്തത്തിന് 26 ശതമാനമെന്ന പരിധിവയ്‌ക്കാനും എല്‍ഐസിയുടെയും ജിഐസിയുടെയും മൂലധനഘടനയുമായി കൂട്ടുചേരുന്നത് തടയാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എല്‍ഐസിയും ജിഐസിയും പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. മല്‍ഹോത്രകമ്മിറ്റി നിര്‍ദേശിച്ചപോലെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് സർക്കാരിന് പിന്തിരിയേണ്ടി വന്നു.

എട്ടു വര്‍ഷത്തിനുള്ളില്‍ അസംഖ്യം സ്വകാര്യക്കമ്പനികള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ആരംഭിച്ചു. ഇവയിൽ ഭൂരിഭാഗവും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂട്ടുചേര്‍ന്നുകൊണ്ടാണ് തങ്ങളുടെ ബിസിനസ് പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. ബിസിനസിലെ വന്‍കിട കമ്പനികളായിരുന്നിട്ടും ഇന്‍ഷുറന്‍സ് മേഖലയിലെ പൊതുമേഖലയുടെ ആധിപത്യം തകര്‍ക്കാന്‍ അവയ്‌ക്ക് സാധിച്ചില്ല. പുതിയ പ്രീമിയത്തിലെ 65 ശതമാനം മാര്‍ക്കറ്റ് ഷെയറും മൊത്തം പ്രീമിയത്തിലെ 82 ശതമാനവും ഉള്‍പ്പെടെ എല്‍ ഐ സിയുടെ വിപണി ലൈഫ് ഇൻ‌ഷുറൻ‌സിലെ നിര്‍ണായശക്തിയായി തുടരുകയാണ്. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളായ നാല് സ്ഥാപനവും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസില്‍ ആധിപത്യം പുനഃസ്ഥാപിച്ചു. വിവിധ തലങ്ങളിലെ പങ്കാളിത്തത്തിന് പരിധിവെച്ചത് വിദേശ മൂലധനത്തെ സംതൃപ്‌തരാക്കിയില്ല. മൂലധനത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാനും വേണ്ടി ആഗോളവല്‍ക്കരണവക്താക്കള്‍ സമ്മര്‍ദങ്ങള്‍ തുടരുകയാണ്. 2004 ല്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചതിതാണ് ; എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്തും. എന്നാല്‍ എഐഐഇഎ യുടെ പ്രക്ഷോഭത്തിന്റെയും ഇടതുപാര്‍ടികളുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി ഇതൊന്നും സഫലമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

ഇന്ന് കേന്ദ്രസര്‍ക്കാറിന് നിലനില്‍ക്കാന്‍ ഇടതുപാര്‍ടികളുടെ പിന്തുണ വേണ്ട. ധനമേഖലയിലെ രണ്ടാം തലമുറ പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം. ബാങ്കിങ് ഭേദഗതി നിയമവും പിഎഫ്ആര്‍ഡിഎ നിയമവും മറ്റു ചില നടപടിക്രമങ്ങളും പാര്‍ലമെന്റില്‍ ഭേദഗതി ചെയ്യാൻ ആലോചിക്കുകയാണ്.

ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് സമ്പാദ്യത്തിന്റെ ഒരു ഭാഗം, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. അതുമാത്രമല്ല, ഇന്ത്യന്‍-വിദേശ മൂലധന താല്പര്യങ്ങള്‍ പരിരക്ഷിക്കാന്‍വേണ്ടി വേറെയും ചില പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാനാണ് അവരുടെ ഉദ്ദേശ്യം.

ഐആര്‍ഡിഎ ആൿടിന്റെ ഭേദഗതി, എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്താന്‍ പര്യാപ്‌തമാവും. ഇന്‍ഷുറന്‍സ് എന്നത് ഒരു മൂലധനാത്മകമായ ബിസിനസാണെന്നും ഇന്ത്യന്‍ പങ്കാളികള്‍ക്ക് മൂലധനക്ഷാമം ഉണ്ടെന്നും വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നത് ബിസിനസ് വിപുലമാക്കാന്‍ സഹായിക്കുമെന്നുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ നിലനില്‍ക്കത്തക്കതല്ല. കാരണം ഇന്ത്യന്‍ പങ്കാളികള്‍ വന്‍കിട വ്യവസായികളും ധനസ്ഥാപനങ്ങളുടെ ഉടമകളും വമ്പിച്ച സമ്പത്ത് നിലനിര്‍ത്തുന്നവരുമാണ്. രാജ്യമെങ്ങും തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണവര്‍. വിഭിന്ന ധനമേഖലകളിലും മറ്റും ഇവരുടെ വ്യവസായസംരംഭങ്ങള്‍ വ്യാപിച്ചുകിടക്കുന്നതുതന്നെ മേല്‍പ്പറഞ്ഞ വാദമുഖങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു.

ഇന്‍ഷുറന്‍സ് മേഖല തുറന്നുകൊടുത്ത അവസരത്തിൽ സര്‍ക്കാരിന്റെ അവകാശവാദമിതായിരുന്നു: വിദേശപങ്കാളികള്‍ തങ്ങളുടെ വിപുലമായ ആഗോള പ്രീമിയം ഫണ്ടിലൂടെ ഇന്ത്യയുടെ പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തും. എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ കമ്പനികള്‍ ഒന്നുംതന്നെ അവരുടെ ആഗോള പ്രീമിയം ഫണ്ടിന്റെ ഒരു പങ്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ല എന്നാണ്. സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.

രണ്ടാമതായി, സമ്പദ്‌വ്യവസ്ഥയിലെ എഫ് ഡി ഐ പങ്കിനെ സംബന്ധിച്ച നയസങ്കല്പത്തില്‍ ചില വ്യതിയാനങ്ങളുണ്ട്. വാഷിങ്ടണ്‍ കണ്‍സെന്‍സസിന്റെ മൂശയില്‍ കൊരുത്ത ആശയത്തെയാണ് സര്‍ക്കാര്‍ മുറുകെ പിടിച്ചിരിക്കുന്നത്. അതനുസരിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് നേരിട്ടുള്ള വിദേശ മൂലധനം (എഫ് ഡി ഐ) നിറവേറ്റും. അങ്ങനെ ഇന്ത്യയിലേക്ക് എഫ് ഡി ഐയെ ആകര്‍ഷിക്കാന്‍വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. ലോകബാങ്കും നിരവധി സര്‍ക്കാരുകളും ലോകമെങ്ങുമുള്ള സമ്പദ്ഘടനയുടെമേല്‍ നവോദാരനയങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമീഷനെ നിയമിക്കാന്‍വേണ്ടി ശ്രമങ്ങള്‍ നടത്തി. നോബല്‍ പുരസ്‌ക്കാര ജേതാവായ മൈക്കീല്‍ സ്‌പെന്‍സിന്റെയും മൊണ്ടെൿസിങ് അലുവാലിയയുടെയും നേതൃത്വത്തിലുള്ള ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് കമീഷന്‍ ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരു റിപ്പോര്‍ട് തയാറാക്കി. ഈ റിപ്പോര്‍ടിന്റെ നിഗമനങ്ങളിലൊന്നുംതന്നെ വിദേശനിക്ഷേപ പരിധിയെ സംബന്ധിച്ച ചര്‍ച്ചക്ക് ഇടംകൊടുക്കുന്നില്ല. റിപ്പോര്‍ട് നവോദാര ക്രമത്തോട് കൂറു പുലര്‍ത്തുകയാണ്. എന്നാല്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്ന ജനരോഷം തണുപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. എഫ് ഡി ഐ യെക്കുറിച്ച് പറയവെ കമീഷന്‍ നിരീക്ഷിക്കുന്നതിതാണ്: "വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്കനുസൃതമായ നിക്ഷേപത്തിന് സഹായകമായ പൊതുനിക്ഷേപമടക്കമുള്ള ആഭ്യന്തര മൂലധനത്തിന് ബദലല്ല, വിദേശസമ്പാദ്യം.''

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ നിക്ഷേപങ്ങള്‍ക്ക് കളമൊരുക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വംകൊടുക്കണമെന്ന ധാരണ ഇന്നത്തെ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നിട്ടുണ്ട്. അതിനുവേണ്ടി ആഭ്യന്തരസമ്പാദ്യത്തിന്റെ നിയന്ത്രണവും ഉടമസ്ഥതയും രാഷ്‌ട്രത്തില്‍ നിക്ഷിപ്‌തമായിരിക്കണം. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ് ഡി ഐ പരിധി വര്‍ധിപ്പിക്കുന്നത് ഇതിന് വിലങ്ങുതടിയാണ്. ആഭ്യന്തര സമ്പാദ്യത്തിന്റെ വിപുലമേഖലകളുടെ മേലും ഉടമസ്ഥതയും നിയന്ത്രണവും സ്ഥാപിക്കാന്‍ വിദേശമൂലധനത്തിന് ചുവപ്പു പരവതാനി വിരിക്കുന്ന നീക്കമാണിത്. ഇന്ത്യന്‍ സമ്പദ്ഘടനയെ ഇത് പൂര്‍ണമായും തകര്‍ക്കും.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മല്‍ഹോത്ര കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു. ജി ഐ സിയും നാല് സബ്‌സിഡിയറി കമ്പനികളും എന്നുള്ള ബന്ധം വേര്‍പെടുത്തി. ഈ നാലുകമ്പനികളുടേയും മൂലധനം പരമാവധി നൂറുകോടി രൂപ വീതമാക്കി. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ദേശസാല്‍ക്കരണ നിയമത്തിന്റെ ഭേദഗതി ഇന്ന് ഈ നാലു കമ്പനികളുടെ മൂലധനത്തെ ഉയര്‍ത്താന്‍ വേണ്ടി കൂടി ഉദ്ദേശിച്ചാണ് എന്നാണ് സർക്കാർ വാദം. സർക്കാർ നേരിട്ട് മൂലധനം നിക്ഷേപിക്കുന്നതിനു പകരം കമ്പനികൾ കമ്പോളത്തിൽ നിന്നും മൂലധനം സ്വരൂപിക്കണം എന്നാണ് ബിൽ വിവക്ഷിക്കുന്നത്. സര്‍ക്കാരിന്റെ പ്രതികൂലമായ നയങ്ങളെയും നിലപാടുകളെയും അതിജീവിച്ചുകൊണ്ട് തന്നെ ഈ നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും മത്സരാധിഷ്‌ഠിത വിപണിയില്‍ അതിശക്തമായിതന്നെ ഇടപെടുന്നുണ്ട്. 2007-08 സാമ്പത്തികവര്‍ഷത്തില്‍ നാലു കമ്പനികളും കൂടി 2794 കോടി രൂപയുടെ ലാഭം നേടി. സര്‍ക്കാരിന് 449.49 കോടി രൂപയുടെ ഡിവിഡന്റും നല്‍കി. ഈ നാലു കമ്പനികള്‍ക്കും കൂടി 78198 കോടി രൂപയുടെ ആസ്‌തിയുണ്ട്. ആഭ്യന്തരാവശ്യങ്ങള്‍ക്കുവേണ്ട വിഭവങ്ങള്‍ സ്വരൂപിക്കാന്‍ ആവശ്യമായ ശേഷി അവര്‍ക്കുണ്ട്. സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിച്ച ഈ കമ്പനികളെ സ്വകാര്യവ‌ൽ‌ക്കരിക്കുന്നത് രാഷ്‌ട്രനിര്‍മാണ പ്രക്രിയയെ തകിടം മറിക്കുന്നതിന് തുല്യമായിരിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ ( ഇൻ‌സ്‌ട്രമെന്റ്സ്) ഇന്ത്യന്‍ വിപണികള്‍ക്കില്ലെന്ന് പ്രചരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍. അതുകൊണ്ട്, തങ്ങളുടെ ഇന്‍ഷുറന്‍സ് ഫണ്ടിന്റെ ഒരു ഭാഗം വിദേശരാജ്യങ്ങളിൽ നിക്ഷേപിക്കാന്‍ അവരെ അനുവദിക്കണമെന്നാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദം. സര്‍ക്കാര്‍, ഈ വാദം അംഗീകരിച്ചുവെന്നാണ് തോന്നുന്നത്. ഇന്‍ഷുറന്‍സ് ഫണ്ടുകൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ചെയ്യാനുള്ള ശ്രമമാണിപ്പോള്‍. പശ്ചാത്തല സൌകര്യങ്ങളുടെ വികസനത്തിനും സാമൂഹിക മേഖലയിലും വിപുലമായ നിക്ഷേപങ്ങള്‍ രാഷ്‌ട്രം ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍ നമ്മുടെ ഇന്‍ഷുറന്‍സ് ഫണ്ട് പുറത്തേക്കൊഴുകുന്ന അവസ്ഥയായിരിക്കും ഇനി വന്നു ചേരുക. പോളിസിയെടുക്കുന്നവരുടെ പണം, ഊഹക്കച്ചവടത്തിന് വിനിയോഗിക്കപ്പെടാന്‍ ഇത് കാരണമാകും. പോളിസിയെടുക്കുന്നവരുടെയും രാഷ്‌ട്രത്തിന്റെ തന്നെയും താല്പര്യങ്ങളെ ഇത് ഹനിക്കും.

എല്‍ ഐ സിയുടെ മൂലധനം 5 കോടിയില്‍നിന്നും 100 കോടിയിലേക്ക് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. അതിനാണ് 1956 ലെ എല്‍ ഐ സി ആൿട് ഭേദഗതി ചെയ്യാന്‍ ലോകസഭയില്‍ നിയമനിര്‍മാണംകൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടി 100 കോടി രൂപ മൂലധനം സജ്ജമാക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ ഭേദഗതിയെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

എല്‍ ഐ സിയുടെ മൂലധനാടിത്തറയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ ഭേദഗതി വ്യഖ്യാനിക്കപ്പെടുന്നത്. പക്ഷേ, ഭേദഗതിയുടെ പിന്നിലുള്ള യഥാര്‍ഥ ലക്ഷ്യം വേറൊന്നാണ്. അത് മല്‍ഹോത്രകമ്മിററിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സ്‌പഷ്‌ടമാണ്. എല്‍ ഐ സിയുടെ മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ പങ്കിന്റെ 50 ശതമാനം റദ്ദ് ചെയ്യുകയുമാണ് കമ്മിറ്റി നിര്‍ദേശത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഈ തീരുമാനം, സംശയാസ്‌പദമാണ്. ഇന്ന് എല്‍ ഐ സി നമ്മുടെ രാജ്യത്തെ ഏറ്റവും വലുതും മെച്ചപ്പെട്ടതുമായ ധനകാര്യസ്ഥാപനമായി മാറിയിരിക്കുന്നു. രാഷ്‌ട്രനിര്‍മാണ പ്രവര്‍ത്തനത്തില്‍ അതിന്റെ സംഭാവന വളരെ വലുതാണ്. എല്‍ഐസിയുടെ കടുത്ത എതിരാളികള്‍പോലും അത് അംഗീകരിക്കും. സെറ്റിൽ ചെയ്യുന്ന ക്ലെയിമുകളുടെ കാര്യത്തിലും പോളിസി ഗുണഭോക്താക്കളുടെ കാര്യത്തിലും ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണിത്. 24 കോടി പോളിസി ഉടമകളാണ് എല്‍ ഐ സിക്ക് ഉള്ളത്. വികസിത രാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യക്ക് മെച്ചപ്പെട്ട ഒരു ഇന്‍ഷുറന്‍സ് മേഖലയുണ്ടെങ്കില്‍ അതിന് കാരണം എല്‍ ഐ സിയുടെ ഉജ്വലമായ പ്രകടനമാണ്. ദേശീയ ജി ഡി പിയുടെ ശതമനത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 4.1 ശതമാനമാണ്. ഇത് അമേരിക്കയുമായി കിടപിടിക്കുന്നതാണ്. 8.04 ലക്ഷം കോടി രൂപയാണ് എല്‍ ഐ സിയുടെ ആസ്‌തി. അതിന്റെ ബാധ്യതകളെക്കാള്‍ 1.17 ലക്ഷം കോടി രൂപയുടെ ആസ്‌തി അധികമായുണ്ട് എല്‍ ഐ സിക്ക് . ഇത്രയും വിപുലമായ ധനശേഷിയുള്ള ഒരു സ്ഥാപനം ഇന്ത്യയില്‍ വേറെയില്ല.

അതുകൊണ്ട് 95 കോടി നല്‍കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഇതിനെ ശക്തിപ്പെടുത്തുക എന്നല്ല. മറിച്ച് ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആദ്യ പടി എന്നാണ്. ഇത്തരമൊരു ദേശീയ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കുകയെന്നാല്‍ രാജ്യദ്രോഹകുറ്റം ചെയ്യുകയെന്നാണര്‍ഥം.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാമുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ ആഗോള മുതലാളിത്തപ്രതിസന്ധി ആകെ ഉലച്ചിരിക്കുകയാണ്. എ ഐ ജി അതിന്റെ പരാജയം സമ്മതിച്ചിരിക്കുന്നു. മെറ്റ് ലൈഫ്, ന്യൂയോര്‍ക്ക് ലൈഫും ഫെഡറല്‍ റിസര്‍വില്‍ നിന്നും സഹായം തേടിക്കൊണ്ടിരിക്കുകയാണ്. യു കെ പ്രൂഡെന്‍ഷ്യലും അവിവയും നഷ്‌ടത്തിലേക്ക് വീഴുന്നു. ഫോര്‍ടിസിനെ ബല്‍ജിയം സര്‍ക്കാരും മറ്റും ഏറ്റെടുത്തു. ജര്‍മന്‍ കമ്പനിയായ അലയന്‍സും ഇറ്റാലിയന്‍ കമ്പനിയായ ജനറലും കടത്തില്‍ മുങ്ങിക്കുളിച്ചിരിക്കയാണ്. ജപ്പാനിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മുഴുവന്‍ ഇന്‍ഷുറന്‍സ് മേഖലയും തകര്‍ച്ചയുടെ വക്കിലാവുമെന്ന് റേറ്റിങ്ങ് കമ്പനികള്‍ പ്രവചിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പ്രതീക്ഷക്കു തീരെ സാധ്യത കാണുന്നില്ല. ഇവിടങ്ങളില്‍ തകര്‍ച്ചയാണ് വരാന്‍ പോവുന്നത്. ഈ കമ്പനികളെല്ലാം തന്നെ ഇന്ത്യയില്‍ ബിസിനസ് നടത്തുന്നുണ്ട്. എല്ലാ സ്വകാര്യ കമ്പനികളും മൂലധനശോഷണം നേരിടുന്ന സാഹചര്യത്തിലാണ് വിദേശനിക്ഷേപപരിധി 49 ശതമാനമാക്കി ഇത്തരം കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ ഇടംനല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.

കൂടുതല്‍ ഉദാരീകരിക്കാനും പുതുതായി ആരംഭിക്കാനും വേണ്ടി പരിഗണനയിലിരിക്കുന്ന നിയമനിര്‍മാണങ്ങള്‍ നമ്മുടെ ദേശീയതാൽ‌പ്പര്യങ്ങളെയും പോളിസിയുടമകളുടെ താല്പര്യങ്ങളെയും ഒരുപോലെ ഹനിക്കുന്നതാണ്. ഈ നീക്കത്തിനെതിരെ വിപുലമായ എതിര്‍പ്പുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഈ നിയമനിര്‍മാണങ്ങളെ എതിര്‍ക്കാന്‍ ഇടതുപാര്‍ടികള്‍ തീരുമാനിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ പരിഗണനകള്‍ക്കതീതമായി നിരവധി എം പി മാര്‍ ഈ നീക്കത്തിനെതിരെ ശബ്‌ദമുയര്‍ത്തിക്കഴിഞ്ഞു. എഐഐഇഎ ക്ക് കീഴില്‍ സംഘടിതരായ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ ഈ നിയമനിര്‍മാണത്തിനെതിരെ പൊതുജനാഭിപ്രായം വളര്‍ത്താന്‍വേണ്ട വിപുലമായ ബഹുജന സമ്പര്‍ക്കപരിപാടിയും സമരപരമ്പരയും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ആഗോള ധനവിപണി വമ്പിച്ച കുഴപ്പം നേരിടുന്ന ഇന്ന് സര്‍ക്കാര്‍ അതിന്റെ വങ്കത്തം മനസ്സിലാക്കുകയും ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ ഉദാരീകരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്തിരിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

*****

അമാനുള്ളഖാന്‍

(അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ ന്റെ (എഐഐഇഎ) പ്രസിഡന്റാണ് ലേഖകൻ)

കൂടുതൽ വായനയ്‌ക്ക്:

FDI i n t h e I n s u r a n c e S e c t o r

Saturday, November 22, 2008

സ്വതന്ത്രകമ്പോള വാദം തകരുന്നു, സോഷ്യലിസം തന്നെ പോംവഴി

ആമുഖം

സ്വതന്ത്രവിപണിയുടെ "ആചാര്യന്മാര്‍ക്ക്'' ഇപ്പോള്‍ അസാധാരണമായ വിധം ബുദ്ധിമുട്ടു പിടിച്ച സമയമാണ്. അനേക നാളായി പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയ്‌ക്കുശേഷം സ്വതന്ത്ര കമ്പോളത്തിന്റെ മുഖമുദ്രകളെന്ന് പ്രചരിപ്പിച്ചുവന്നിരുന്ന കുറ്റമറ്റ കാര്യക്ഷമതയുടെയും നന്മകളുടെയും പിന്‍ബലത്തില്‍ ഈ ആചാര്യന്മാര്‍ കെട്ടിപ്പൊക്കിയ പൊള്ളയായ കൊട്ടാരം ഇവരുടെ കണ്‍മുന്നില്‍ത്തന്നെ നിലം പൊത്തിയിരിക്കുകയാണ്. സോഷ്യലിസത്തിന്റെ ഉപയോഗശൂന്യമായ അവസാനത്തെ അവശിഷ്‌ടങ്ങളെയും തവിടുപൊടിയാക്കുന്ന "ട്രോജന്‍കുതിര'' എന്ന് സമീപകാലം വരെ പരിഗണിക്കപ്പെട്ടിരുന്നതും, ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധിക്കാത്തതും ഒരുകാലത്തും തെറ്റുപറ്റാത്തതും എന്ന് വിശ്വസിക്കപ്പെട്ടിരുന്നതുമായ സ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കഥകളാണ് ആഗോള ധനമൂലധനത്തിന്റെ മെക്കയായ വാള്‍സ്‌ട്രീറ്റില്‍ നിന്നും ഉയരുന്നത്. ഇത് എന്തൊരു ദുരിതംപിടിച്ച സമയമാണ്!

1945-നുശേഷമുള്ള മൂന്ന് ദശകങ്ങളിലെ അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഘടന

ഫണ്ട് മാനേജര്‍മാര്‍, ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയ ധനമൂലധന മുതലാളിമാരുടെ (finance capitalists ) അത്യാര്‍ത്തിയുടെയും ദുരാഗ്രഹത്തിന്റെയും അവസാനമില്ലാത്ത കഥകള്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള സമൂലമായ മാറ്റങ്ങളില്‍ നിന്നും ജന്മമെടുത്ത മൊത്തം കഥയുടെ ഒരുഭാഗം മാത്രമാണ്. ഈ കാലഘട്ടത്തെ നമുക്ക് 30 വര്‍ഷം വീതം ദൈര്‍ഘ്യമുള്ള രണ്ട് തുല്യപകുതികളായി വിഭജിക്കാം. ആദ്യത്തെ 30 വര്‍ഷങ്ങളില്‍ അതിന്റെ വ്യാവസായിക മികവിന്റെ പിന്‍ബലത്തില്‍ നിര്‍മാണ വ്യവസായരംഗത്ത് (manufacturing industry) ആഗോള മുതലാളിത്തത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു അമേരിക്ക. രണ്ടാംലോക മഹായുദ്ധം സൃഷ്‌ടിച്ച കെടുതികള്‍ക്കുശേഷം 1947-ലെ "മാര്‍ഷല്‍ പദ്ധതി''യിലൂടെ (Marshall Plan” of 1947)യൂറോപ്യന്‍ നിര്‍മാണ വ്യവസായങ്ങള്‍ ശക്തിപ്രാപിച്ചുവന്നിരുന്ന അവസരത്തിലും അമേരിക്കയുടെ മേധാവിത്വം മാറ്റമില്ലാതെ തുടര്‍ന്നുവന്നിരുന്നു. ഇതിനു മുമ്പ് 1944-ല്‍ ബ്രെട്ടണ്‍വുഡ് കരാറിലൂടെ പുതിയ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരട്ട പ്രചരണായുധങ്ങളായ ഐ.എം.എഫും ലോകബാങ്കും നിലവില്‍ വരികയും ചെയ്‌തിരുന്നു.

മുതലാളിമാരുടെ ലാഭനിരക്കില്‍ വന്‍ വര്‍ധനവിന് വഴിയൊരുക്കിയ യുദ്ധാനന്തര സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ചുറ്റുപാടില്‍ അമേരിക്കയുടെ പുതിയ ഉല്‍പ്പാദനരീതികള്‍ (new system of American production) മുതലാളിത്ത രാജ്യങ്ങളിലാകെ കയറ്റുമതി ചെയ്യപ്പെട്ട സാഹചര്യം ഐ.എം.എഫും ലോകബാങ്കും കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് കാരണമായി. 1960-കളുടെ അവസാനം വരെ ഈ വികസനം തുടര്‍ന്നു. അതിനുശേഷം ലാഭനിരക്ക് കുറയുവാന്‍ തുടങ്ങിയത് ആഗോള മുതലാളിത്തത്തിന്റെ പ്രത്യേകിച്ച് അതിന്റെ അമേരിക്കന്‍ രൂപത്തിന്റെ, പ്രതിസന്ധിയുടെ പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിച്ചു.

ഇതിനെത്തുടര്‍ന്ന് 35 ഡോളറിന് പകരമായി ഒരു ഔണ്‍സ് സ്വര്‍ണം വാഗ്‌ദാനം ചെയ്യുന്ന, ബ്രെട്ടണ്‍വുഡ്‌സ് സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ, നിശ്ചിത വിനിമയനിരക്ക് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് 1971-73 കാലഘട്ടത്തില്‍ അമേരിക്കയ്‌ക്ക് കഴിയാതെയായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തില്‍ നിന്നും വന്‍ ലാഭം കൊയ്‌തവര്‍ അതില്‍നിന്നും ലഭിച്ച ഡോളറുകളെ സ്വര്‍ണമായി പരിവര്‍ത്തനം ചെയ്യുന്നതിന് ശ്രമിച്ചതാണ് ഈ നിശ്ചിത വിനിമയനിരക്കിന്റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഇതോടെ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു നാണയ വിനിമയനിരക്കിന്റെ കാലഘട്ടം തിരിച്ചുവന്നു.

1970-കളിലാകെത്തന്നെ അമേരിക്കന്‍ സമ്പദ്ഘടന ആഗോള മുതലാലിത്ത സമ്പദ് വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിച്ചിട്ടും ഡോളറിന്റെ നിശ്ചിത വിനിമയനിരക്കിന് സംഭവിച്ച തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും അത് പിന്നീടൊരിക്കലും പൂര്‍ണമായും വിമുക്തമായില്ല. മാത്രവുമല്ല, മുതലാളിത്ത സമ്പദ് വ്യവസ്ഥയുമായി മത്സരിക്കുന്നതിന് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഊര്‍ജ്വസ്വലമായ ഒരു ആഗോള സോഷ്യലിസ്‌റ്റ് സമ്പദ് ഘടന അമേരിക്കന്‍ മേല്‍ക്കോയ്‌മയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഈ കാലഘട്ടത്തില്‍ നിലനില്‍ക്കുകയും ചെയ്‌തിരുന്നു. സ്വാശ്രയത്വത്തില്‍ അധിഷ്‌ഠിതമായ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയെപ്പോലുള്ള നവസ്വതന്ത്ര മൂന്നാംലോക രാജ്യങ്ങള്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, ഊര്‍ജം തുടങ്ങിയ സമ്പദ് ഘടനയുടെ പ്രധാന മേഖലകളെ ദേശസാല്‍ക്കരിച്ച് പൊതുമേഖലയുടെ കീഴില്‍ കൊണ്ടുവന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. ഈ രാജ്യങ്ങളെല്ലാം വലിയൊരു പരിധിവരെ അമേരിക്കയുടെ മേധാവിത്വത്തിലുള്ള ആഗോള മുതലാളിത്തത്തിന്റെ സ്വാധീന വലയത്തിന് പുറത്തായിരുന്നു എന്നതും ഉല്‍പ്പാദനം, വിപണി, വികസന മുരടിപ്പ് എന്നിവയുടെ കാര്യത്തില്‍ മുതലാളിത്തം നേരിടുകയായിരുന്ന കുഴപ്പങ്ങള്‍ മൂര്‍ച്‌ഛിക്കുന്നതിന് കാരണമായി.

1980-ല്‍ തുടങ്ങുകയും 1990-ഓടെ പൂര്‍ണരൂപം കൈവരിക്കുകയും ചെയ്‌ത ഘടനാപരമായ മാറ്റം


അമേരിക്കന്‍ സമ്പദ്ഘടനയുടെ ഈ പ്രതിസന്ധി 1980-കളുടെ അവസാനം വരെ തുടര്‍ന്നു. 1980-കളുടെ അന്തിമവര്‍ഷങ്ങളിലാണ് അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് കനത്ത ആഘാതമേല്‍പ്പിച്ച ‘savings and loan crisis’ പ്രതിസന്ധി ഉണ്ടായത്. ആയിരത്തോളം ‘savings and loan’ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് കാരണമായ ഈ പ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് 160 ബില്യണ്‍ ഡോളറിന്റെ നഷ്‌ടമാണ് വരുത്തിവച്ചത്. പ്രശസ്‌ത ധനതത്വശാസ്‌ത്രജ്ഞനും ഇന്ത്യയിലെ മുന്‍അമേരിക്കന്‍ സ്ഥാനപതിയുമായ ജോണ്‍ കെന്നത്ത് ഗാല്‍ ബ്രെയ് ത്ത് ഇതിനെ "പൊതുമുതല്‍ നിയമവിരുദ്ധമായി മോഷണം നടത്തുന്നതി ന്റെ ഏറ്റവും വലിയതും വിലയേറിയതുമായ സംരംഭം'' (largest and costliest venture in public misfeasance, malfeasance and larceny)എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് ഗാല്‍ബ്രെയ്ത്ത് ജീവിച്ചിരിക്കുകയാണെങ്കില്‍ അടുത്തിടെ അമേരിക്കയില്‍ നടന്ന പണക്കൊള്ളയുടെയും അതിന്റെ ഫലമായി ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്നും അവിടുത്തെ സമ്പദ് ഘടനയെ കരകയറ്റുന്നതിനായി ഇതിനകം തന്നെ 'ട്രില്യണ്‍ ഡോളറോളം നികുതിദായകരുടെ പണം ദുരുപയോഗം ചെയ്‌തതിനെയും കുറിച്ച് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നത് ചിന്തനീയമാണ്. 1987 ഒക്‍ടോബറില്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഓഹരിവിപണികളുടെ തകര്‍ച്ചയ്‌ക്ക് തിരികൊളുത്തിക്കൊണ്ടാണ് 1980-കളുടെ ദശകം അവസാനിച്ചത്. 1990-ഓടെ അമേരിക്കന്‍ വളര്‍ച്ച മുരടിപ്പിലേക്ക് നീങ്ങുകയും ചെയ്തു.

അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അസാധാരണമായ വിധം ശക്തിപ്പെടുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷങ്ങളായിരുന്നു 1990-കള്‍. രണ്ട് ഘടകങ്ങള്‍ ഇക്കാര്യത്തില്‍ അമേരിക്കയ്‌ക്ക് ഏറെ സഹായകരമായിത്തീര്‍ന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയായിരുന്നു ആദ്യത്തേത്. മറ്റൊന്ന് ഇന്ത്യയിലും ചൈനയിലും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സുലഭമായ ചെലവു കുറഞ്ഞ തൊഴില്‍ശക്തിയെ ചൂഷണം ചെയ്‌ത് അമേരിക്കന്‍ മുതലാളിത്തത്തിന്റെ ലാഭനിരക്കില്‍ ഉണ്ടായ ഇടിവിനെ തടയുന്നതിനായി അമേരിക്കയിലെ വ്യവസായങ്ങളെ മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടത് അനിവാര്യമായി തീര്‍ന്നതാണ് മറ്റൊന്ന്. ഈ സ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ വിധത്തില്‍ വാര്‍ത്താവിനിമയ - സാങ്കേതികവിദ്യാ മേഖലകളിലെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ സഹായത്തോടെ അമേരിക്കന്‍ സമ്പദ്ഘടന ധനവല്‍ക്കരണത്തിലേക്ക് (financialisation) കൂടുതല്‍ ദിശാമാറ്റം നടത്തുകയും ചെയ്തു. എന്നാല്‍ ആ കാലഘട്ടത്തില്‍ ബാങ്കിംഗ് മൂലധനത്തിന്റെയും വ്യവസായ മൂലധനത്തിന്റെയും സമ്മിശ്രണത്തിലൂടെ സൃഷ്ടിക്കപ്പെട്ട ധനമൂലധനം (finance capital) അമേരിക്കന്‍ ധനമൂലധനം, ബ്രിട്ടീഷ് ധനമൂലധനം എന്നിങ്ങനെ ദേശീയ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ടതും അതിന്റെ പ്രാരംഭദിശയിലുമായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ തന്നെ ധനമൂലധനത്തിന് പൂര്‍ണമായി പരിവര്‍ത്തനം സംഭവിക്കുകയും അത് മാരകമായ സൈനികക്തിയുടെ പിന്‍ബലമുള്ള അമേരിക്കന്‍ മുതലാളിത്തം നിയന്ത്രിക്കുന്ന ആഗോള ധനമൂലധനമായി രൂപം പ്രാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകെ ജനാധിപത്യമൂല്യങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു പുതിയ ലോകക്രമം സൃഷ്ടിക്കപ്പെടുന്നതിന് വഴിയൊരുക്കിയ ധനമൂലധനത്തിന്റെ സ്വഭാവത്തില്‍ വന്ന ഈ മാറ്റം തന്നെയാണ് അത് ഇന്ന് നേരിടുന്ന ആഗോള പ്രതിസന്ധിക്കും കാരണമായിത്തീര്‍ന്നിരിക്കുന്നത്.

ഈ ഘട്ടത്തില്‍ ഇതിനകം തന്നെ യാതൊരു പരിധികളുമില്ലാതെ തൊഴിലാളികളെ ചൂഷണം ചെയ്‌ത് സമ്പാദിച്ച അധികലാഭത്തിലൂടെ കുന്നുകൂട്ടിയ മൂലധനത്താല്‍ മത്തുപിടിച്ച ധനമൂലധന ഉടമകള്‍ ഭൌതിക ഉല്‍പ്പാദനം നടത്തുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനായി പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു. മുതലാളിത്തത്തിന്റെ ഈ പുതിയ പ്രവണതയെ അതിന്റെ ആരംഭദിശയില്‍ തന്നെ കണ്ടറിഞ്ഞ കാറല്‍മാര്‍ക്‍സ് അതിനെ "മൂലധനം'' എന്ന കൃതിയുടെ രണ്ടാം വാല്യത്തില്‍ ഇപ്രകാരം സംഗ്രഹിച്ചിരുന്നു.“പണത്തിന്റെയും മൂലധനത്തിന്റെയും ഉടമകള്‍ക്ക് (ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും) ഉല്‍പ്പാദനപ്രക്രിയ എന്നത് ഒഴിവാക്കാനാവാത്ത ഒരു ഇടക്കാല കണ്ണി അല്ലെങ്കില്‍ ധനസമ്പാദനത്തിന് അനിവാര്യമായ ഒരു മാര്‍ഗം മാത്രമാണ്. അതുകൊണ്ട് മുതലാളിത്ത ഉല്‍പ്പാദനരീതി പിന്‍തുടരുന്ന രാഷ്‌ട്രങ്ങളെയെല്ലാം ഉല്‍പ്പാദന പ്രക്രിയയുടെ ഇടപെടല്‍ കൂടാതെ തന്നെ പണമുണ്ടാക്കാനുള്ള അതിയായ ആഗ്രഹം ഇടയ്‌ക്കിടെ പിടികൂടാറുണ്ട്.” മാര്‍ക്‍സ് ഇടയ്‌ക്കിടെ എന്നു വിശേഷിപ്പിച്ചത് ഇപ്പോള്‍ മൂലധനത്തിന്റെ പ്രത്യുല്‍പ്പാദനവും കുന്നുകൂടലും സാധ്യമാക്കുന്നതിനുള്ള സ്ഥിരം ഉപാധികളായി മാറിയിരിക്കുന്നു.

ധനമൂലധനത്തിന്റെ ഇന്നത്തെ ശക്തിയേയും സ്വാധീനത്തേയും കൂടുതല്‍ വ്യക്തമാക്കുന്ന ചില വിവരങ്ങള്‍ ചുവടെ ചേര്‍ക്കുകയാണ്. 1982-ല്‍ മൊത്തം അമേരിക്കന്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ അഞ്ചു ശതമാനം മാത്രമായിരുന്ന ധനകാര്യസ്ഥാപനങ്ങളുടെ സംഭാവന 2007 ആയപ്പോള്‍ 41 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് മൂല്യത്തില്‍ (corporate value) ധനകാര്യസ്ഥാപനങ്ങളുടെ വിഹിതം എട്ടില്‍നിന്നും 16 ശതമാനം എന്ന കേവല വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1980-ല്‍ ആഗോള ധനമൂലധനത്തിന്റെ അളവ് ആഗോള ജി.ഡി.പിക്ക് തുല്യമായിരുന്നു. എങ്കില്‍, 1993-ല്‍ അത് ആഗോള ജി.ഡി.പിയുടെ ഇരട്ടിയായും, 2005-ല്‍ 316 ശതമാനമായും വളര്‍ന്നു. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍‌മെന്റ്‌സിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഡെറിവേറ്റീവുകളുടെ ആഗോള മൂല്യം 2002 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ നൂറില്‍നിന്ന് 516 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നാണ്. അതായത് അഞ്ചുകൊല്ലത്തില്‍ 500 ശതമാനത്തിലും അധികം വര്‍ധനവ്. ഇത് ആഗോള ജി.ഡി.പിയേക്കാള്‍ (54 ട്രില്യണ്‍ ഡോളര്‍) 10 മടങ്ങിലും അധികമാണ്. ആഗോള ധനമൂലധനത്തിന്റെ അളവും വ്യാപ്‌തിയും തീര്‍ച്ചയായും ഞെട്ടലുളവാക്കുന്നതാണ്.

സാമ്പത്തിക കുമിള എങ്ങനെയാണ് സൃഷ്‌ടിക്കപ്പെട്ടത്

രണ്ടുകൊല്ലങ്ങള്‍ക്കുമുമ്പ് ഉണ്ടായ സബ് പ്രൈം വായ്‌പാ പ്രതിസന്ധിയില്‍ അമേരിക്കയിലെ "ഭൂമി-ഭവന'' കുമിള പൊട്ടിയതോടെയാണ് ആഗോള ധനമൂലധനത്തിന്റെ ഇപ്പോഴത്തെ വിഷമഘട്ടം ആരംഭിക്കുന്നത്. തിരിച്ചടവ് ശേഷിയെപ്പറ്റി യാതൊരു വിലയിരുത്തലും നടത്താതെ വളരെ ഉദാരമായ വായ്‌പകള്‍ നല്‍കിയതാണ് സബ് പ്രൈം വായ്‌പാപ്രതിസന്ധി സൃഷ്‌ടിച്ചത്. ഈ വായ്‌പകള്‍ കൂടുതലായും വീടുകളും ഫ്ലാറ്റുകളും വാങ്ങുന്നതിനുവേണ്ടിയാണ് നല്‍കിയിരുന്നത്. മാത്രവുമല്ല, ധനകാര്യസ്ഥാപനങ്ങള്‍ അവയുടെ മൂലധന അടിത്തറയുടെ എത്രയോ മടങ്ങ് തുക വായ്‌പകളായി നല്‍കുകയും ചെയ്തു.

പണയസ്ഥാപനങ്ങള്‍ തിരിച്ചടവ് ശേഷി ഇല്ലാത്ത ഇടപാടുകാര്‍ക്കും ഭവനവായ്‌പകള്‍ വാരിക്കോരി നല്‍കിയതില്‍ നിന്നാണ് സബ് പ്രൈം വായ്‌പാ പ്രതിസന്ധി ആരംഭിക്കുന്നത്. തുടര്‍ന്ന് പണയസ്ഥാപനങ്ങള്‍ തങ്ങളുടെ ലാഭം കൂടി ഉള്‍ക്കൊള്ളിച്ച് ഈ വായ്‌പകളെ ലേമാന്‍ ബ്രദേഴ്‌സ് പോലുള്ള നിക്ഷേപബാങ്കുകള്‍ക്ക് (investment banks) വില്‍ക്കുകയുണ്ടായി. നിക്ഷേപ ബാങ്കുകളാകട്ടെ പണയസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ വായ്‌പകളെ നല്ല ലാഭം ലഭിക്കുന്ന തരത്തില്‍ ഉയര്‍ന്ന വിലയുള്ള ബോണ്ടുകളാക്കി മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ വായ്‌പകളെ ബോണ്ടുകളുടെ രൂപത്തില്‍ വിപണിയില്‍ വില്‍ക്കുന്നതിനെ ‘securitisation’ എന്നാണ് വിളിക്കുന്നത്.

പണയസ്ഥാപനങ്ങള്‍ നല്‍കുന്ന ഭവനവായ്‌പകളില്‍ നിന്നാരംഭിക്കുന്ന ഈ പ്രക്രിയ വായ്‌പാ തിരിച്ചടവ് കൃത്യമായി നടന്നിരുന്ന കാലം വരെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ വരുമാനത്തിലെ ഇടിവ്, തൊഴില്‍ നഷ്ടപ്പെടല്‍, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഭവനവായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ സബ് പ്രൈം വായ്‌പാ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ആദ്യം പണയവായ്‌പാ സ്ഥാപനങ്ങള്‍, തുടര്‍ന്ന് അവ നല്‍കിയ വായ്‌പകള്‍ വാങ്ങി ബോണ്ടുകളിറക്കിയ നിക്ഷേപബാങ്കുകള്‍, പിന്നീട് ഈ ബോണ്ടുകള്‍ വാങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ എന്ന ക്രമത്തില്‍ ഭവനവായ്‌പാ തിരിച്ചടവില്‍ വന്ന വീഴ്‌ചയുടെ പ്രത്യാഘാതം സമ്പദ്ഘടനയിലാകെ വ്യാപിച്ചു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തകര്‍ന്ന അമേരിക്കയിലെ വമ്പന്‍ നിക്ഷേപ ബാങ്കായ ബിയര്‍ സ്‌റ്റേണ്‍സ് ആയിരുന്നു അവസാനമില്ലാത്ത ഈ തകര്‍ച്ചയുടെ ആദ്യഇര. തുടര്‍ന്ന് ബ്രിട്ടണിലെ നോര്‍ത്തേണ്‍ റോക്, അമേരിക്കയില്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഫ്രെഡി മാക്, ഫാനി മേ, 158 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്‌സ്, മെറിലിഞ്ച്, വാഷിംഗ്‌ടണ്‍ മ്യൂച്വല്‍, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് (എ.ഐ.ജി.) തുടങ്ങി യൂറോപ്പിലും അമേരിക്കയിലുമുള്ള നിരവധി ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നു.

ഈ തകര്‍ച്ചയുടെയും അത് യഥാര്‍ഥ സമ്പദ്ഘടനയില്‍ (real economy) സൃഷ്ടിച്ച മുരടിപ്പിന്റെയും ഫലമായി 2.2 ദശലക്ഷം പിരിച്ചുവിടലുകളാണ് കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ നടന്നത്. ഇതോടെ സമീപവര്‍ഷങ്ങളില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്‌ടപ്പെട്ട വരുടെ എണ്ണം 9.4 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 500 ബില്യണ്‍ ഡോളറിന്റെ നഷ്‌ടം സംഭവിച്ച എട്ട് വലിയ അമേരിക്കന്‍ ബാങ്കുകളിലെ ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ബോണസായി 95 ബില്യണ്‍ ഡോളര്‍ കൈപ്പറ്റുകയും ചെയ്‌തു. അധ്വാനിക്കുന്ന ജനവിഭാഗം സൃഷ്‌ടിക്കുന്ന മിച്ചമൂല്യം മുതലാളിത്ത രാജ്യങ്ങളില്‍ എങ്ങനെയാണ് കൊള്ളയടിക്കപ്പെടുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത് നല്‍കുന്നത്.

തകര്‍ച്ചയും പരിഹാരവും : സോഷ്യലിസം തന്നെ പോംവഴി

വിപണിക്ക് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനാകുമെന്നും മാനവരാശിക്ക് ഗുണകരമായ ഒരു വ്യവസ്ഥയായി മുതലാളിത്തത്തെ പരിവര്‍ത്തനം ചെയ്യാനാകുമെന്നും പകല്‍ക്കിനാവ് കണ്ടിരിക്കുന്ന ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിനകം തന്നെ കാലപ്പഴക്കത്തിന്റെ പിടിയിലായിക്കഴിഞ്ഞിരിക്കുന്ന ആഗോള സമ്പദ് ഘടനയുടെ ധനവല്‍ക്കരണത്തിന്റെ (financialisation) ഭീമാകാരമായ വളര്‍ച്ച ഇന്നോ നാളെയോ കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സാമ്പത്തികരംഗത്തെ വീക്ഷിക്കുന്ന നിരവധി പേര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇന്നാകട്ടെ കുഴപ്പത്തിലായ അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി നികുതിദായകരുടെ ചുമലില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ "രക്ഷിക്കല്‍ പാക്കേജ്'' പ്രഖ്യാപിച്ചിട്ടും (ഈ നടപടി പ്രത്യക്ഷത്തില്‍ അമേരിക്കയിലെ ധനകാര്യസ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുന്നതിന് തുല്യമാണ്), അമേരിക്കന്‍ സമ്പദ് ഘടനക്കും വന്‍പ്രതിസന്ധിയെ നേരിടുന്ന അതിന്റെ സാമ്പത്തികമേഖലയ്‌ക്കും സംഭവിച്ച വിശ്വാസത്തകര്‍ച്ച പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്.

പ്രതീക്ഷിച്ചതുപോലെ തന്നെ അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയേയും ബാധിച്ചിരിക്കുകയാണ്. ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, പി.എന്‍.ബി തുടങ്ങിയ ബാങ്കുകള്‍ക്കെല്ലാം കൂടി തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങളുമായി 420 ദശലക്ഷം ഡോളറിന്റെ ഇടപാടുകളുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കൂടാതെ ലേമാന്‍ ബ്രദേഴ്‌സ് പോലുള്ള തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ റിയല്‍ എസ്റേറ്റ് മേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.

എന്നാല്‍ വിചിത്രമെന്നു പറയട്ടെ വിദേശബാങ്കുകളുടെ ഇന്ത്യയിലെ നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ.) മൂന്നുവര്‍ഷത്തേക്ക് ഇന്ത്യക്ക് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന നിബന്ധന എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്. ഇന്ത്യയില്‍നിന്ന് നിക്ഷേപം പിന്‍വലിച്ച് തങ്ങളുടെ മറ്റു രാജ്യങ്ങളിലെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങളെ ഈ നടപടി സഹായകരമായിത്തീരും. ഇന്ത്യന്‍ സമ്പദ് ഘടനയെ ക്ഷീണിപ്പിച്ചുകൊണ്ടു വിദേശസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അമിതാവേശമാണ് ഇതില്‍ പ്രകടമാകുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ സമ്പദ് ഘടനയെ വിദേശമൂലധനത്തിന് യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നുകൊടുക്കുന്നതിനെതിരെ ദേശസ്നേഹം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ പുരോഗമനശക്തികളും ട്രേഡ് യൂണിയനുകളും നടത്തിയ ധീരോചിതമായ ചെറുത്തുനില്‍പ്പ് നമ്മുടെ രാജ്യത്തെ അമേരിക്കന്‍ പ്രതിസന്ധിയുടെ പ്രത്യാഘാതത്തില്‍നിന്നും വലിയൊരു പരിധിവരെ സംരക്ഷിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും.

ഒരു ചെറുന്യൂനപക്ഷത്തിന്റെ പക്കല്‍ സമ്പത്ത് കുന്നുകൂട്ടുന്നതിനെ അടിസ്ഥാനനിയമമായി അംഗീകരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവത്തെക്കുറിച്ച് ക്രമേണയെങ്കിലും അധ്വാനിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നു എന്നത് ആശാവഹമായ കാര്യമാണ്. നവലിബറല്‍ സമ്പദ് ഘടന അത് ജന്മം കൊണ്ടതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയേയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

ആഗോളതലത്തില്‍ സോഷ്യലിസം ക്ഷീണിച്ചും ഭിന്നിച്ചും നില്‍ക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് ദൌര്‍ഭാഗ്യകരം തന്നെയാണ്. എന്നിരുന്നാലും ധനമൂലധനത്തിന് ആശ്വസിക്കാനുള്ള വകയൊന്നും ഇത് നല്‍കുന്നില്ല. മാര്‍ക്‍സിസം തന്നെയാണ് ശരി എന്ന് വീണ്ടും തെളിയിക്കപ്പെട്ട സമീപകാല അനുഭവങ്ങളില്‍നിന്ന് കൂടുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ആത്മവിശ്വാസത്തോടുകൂടി തൊഴിലാളിവര്‍ഗം ഇന്ന് നവ-ലിബറല്‍ നയങ്ങളെയും അതിന്റെ ഉത്ഭവകേന്ദ്രമായ സാമ്രാജ്യത്വത്തെയും നേരിടുകയാണ്. ഈ എതിര്‍പ്പിന്റെ ഗുണകരമായ ഫലങ്ങള്‍ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ദൃശ്യമാവുകയാണ്.

ധനമൂലധനം ഇന്ന് സൃഷ്ടിച്ചിരിക്കുന്ന നാശത്തിന്റെയും അധാര്‍മികതയുടെയും ഗര്‍ഭപാത്രത്തില്‍നിന്ന് മുതലാളിത്ത ചൂഷണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സോഷ്യലിസത്തിന്റെ ചുവന്ന പ്രഭാതത്തിലേക്ക് ജന്മം നല്‍കുന്നതിനു വേണ്ടിയുള്ള രാഷ്‌ട്രീയബോധം അധ്വാനിക്കുന്ന വര്‍ഗത്തിന് പകര്‍ന്നു നല്‍കുന്നതിനായി തൊഴിലാളി-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്.

*****

റാണാ മിത്ര

(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)

Tuesday, November 4, 2008

പുതിയ സാമ്പത്തിക പ്രതിസന്ധി - വ്യത്യസ്‌ത ലോകക്രമത്തിനുള്ള അവസരം

ആഗോളമുതലാളിത്തം അതിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പുതിയ ഘട്ടത്തിലേക്ക് ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്. മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ അമേരിക്കന്‍ സമ്പദ് ഘടനയാകട്ടെ തീര്‍ച്ചയായും അത് ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു മേഖലയില്‍, സാമ്പത്തിക രംഗത്തെ ഇടപാടുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും, പ്രവേശിച്ചിരിക്കുകയുമാണ്. ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇതിനകം തന്നെ പൊതുവെ അശുഭാപ്‌തിവിശ്വാസക്കാര്‍ എന്ന് കരുതപ്പെടുന്നവരായ നിരീക്ഷകര്‍ പോലും പ്രവചിച്ചതിനേക്കാള്‍ എത്രയോ അധികം ഗുരുതരമായിത്തീരുകയും ഇന്ന് ആഗോള സമ്പദ് ഘടനയുടെ ഹൃദയത്തില്‍ തന്നെ തകര്‍ച്ചയുണ്ടാക്കുന്ന ഒരു യഥാര്‍ഥ ഭീഷണിയായി രൂപം പ്രാപിച്ചിരിക്കുകയുമാണ്.

അമേരിക്കയില്‍ അടുത്തിടെയുണ്ടായ സാമ്പത്തിക വളര്‍ച്ചാ കുതിപ്പിന്റെ (boom) അടിത്തറ ദുര്‍ബലവും സംശയകരവുമാണെന്ന യഥാര്‍ഥ്യത്തെ ശക്തമായി നിരാകരിക്കുന്ന പ്രവണത അവിടുത്തെ നയസൃഷ്‌ടാക്കള്‍ കാട്ടിയില്ലായിരുന്നു എങ്കില്‍ അവര്‍ക്കുപോലും വളരെ എളുപ്പത്തില്‍ തന്നെ ഈ തകര്‍ച്ചയെ മുന്‍കൂട്ടി കാണുവാന്‍ സാധിക്കുമായിരുന്നു. 1980-കളിലും 1990-കളിലും സാമ്പത്തിക മേഖലയെ നിയന്ത്രണവിമുക്തമാക്കിയതും തുടര്‍ച്ചയായി വന്ന അമേരിക്കന്‍ സര്‍ക്കാരുകള്‍ ധനമൂലധനത്തിന് (Finance Capital) വഴിവിട്ട് അമിതമായ ആനൂകൂല്യങ്ങള്‍ നല്‍കിയതും തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ഈ സാമ്പത്തിക ഉദാരീകരണം ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ യാതൊരു ഉത്തരവാദിത്തമില്ലാതെയും തീര്‍ത്തും അത്യാര്‍ത്തിയോടു കൂടിയും പെരുമാറുന്നതിന് അനുവദിക്കുകയാണ് ചെയ്തത്. ഇതുകാരണം തങ്ങളുടെ ദൌര്‍ബല്യത്തിനെക്കുറിച്ചും തങ്ങള്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചും മനസ്സിലാക്കുവാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ പോയി. അതേസമയം അമേരിക്കയില്‍ ഉദ്യോഗസ്ഥരും വിപണിയെ അവലോകനം ചെയ്യുന്ന വിദഗ്ധരും ഇക്കാര്യത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നോക്കിക്കണ്ടതുമില്ല. ഇവര്‍ തങ്ങളുടെ ഈ തെറ്റായ നിലപാടിനെ ന്യായീകരിക്കുന്നതിനായി ഉയര്‍ത്തിക്കാട്ടിയത് ധനകാര്യ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടാല്‍ അവയ്‌ക്ക് നഷ്‌ടം സംഭവിക്കുമെന്നും അതുകൊണ്ടുതന്നെ അവയെ സ്വയം നിയന്ത്രിക്കുന്നതിനുള്ള കാര്യക്ഷമത അവയ്‌ക്കുണ്ടെന്നുമുള്ള വാദമാണ്.

ഈ വാദഗതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് ബാങ്കുകള്‍ക്കായുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് Basel II Norms എന്ന പേരില്‍ രൂപം നല്‍കിയത്. ബാങ്കുകള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെ (Risks) വിലയിരുത്തുന്നതിനും അതിനനുസൃതമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ചുമതല ബാങ്കുകളെ തന്നെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളാണ് Basel II Norms -ല്‍ ഉള്ളത്. ഈ പ്രതിസന്ധി അമേരിക്കയ്‌ക്ക് പുറത്ത് പടരുന്നതിനും ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും എന്തിന് ഏഷ്യയിലും മറ്റു ഭൂഖണ്ഡങ്ങളിലുമുള്ള വികസ്വര രാജ്യങ്ങളിലേക്കു പോലും അത് വ്യാപിക്കുന്നതിനും കാരണമായി. അങ്ങനെ പരിധിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഫലമായി കുഴപ്പം പിടിച്ച വായ്‌പകളുടെ രൂപത്തില്‍ ഉണ്ടായിരിക്കുന്ന തിരിച്ചടികളെ അത്തരം വായ്‌പകളെ security കളായി പരിവര്‍ത്തനം ചെയ്തുകൊണ്ട് മറച്ചുവയ്‌ക്കാന്‍ സാമ്പത്തികമേഖല നടത്തുന്ന ശ്രമങ്ങള്‍ ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഇന്ത്യയേയും ഉറ്റുനോക്കുകയാണ്.

അമേരിക്കയിലുണ്ടായ സാമ്പത്തിക വികസനത്തിന്റെ കുമിള ലോകത്താകെയുള്ള രാജ്യങ്ങളിലെ മിച്ചധനത്തെ (savings) അമേരിക്കയിലേക്ക് ആകര്‍ഷിക്കുകയുണ്ടായി. വളരെ ദരിദ്രമായ വികസ്വരരാജ്യങ്ങളിലെ മിച്ചധനവും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ ഫലമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വികസ്വര രാജ്യങ്ങളില്‍നിന്ന് ധനസ്രോതസ്സുകള്‍ വികസിത രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. തകര്‍ച്ചയെ നേരിടുന്ന അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നേരിട്ടും പരോക്ഷമായും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന തുകയില്‍ ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടുകളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ സമ്പദ് ഘടനയുടെ ജന്മസിദ്ധവും ഇപ്പോഴും ഉള്ളതുമായ യഥാര്‍ഥമായ ശക്തികളില്‍ മതിപ്പുള്ളതുകൊണ്ടാണ് അല്ലാതെ സാമ്പത്തിക കുമിളയുടെ കാലഘട്ടത്തില്‍ ഊഹക്കച്ചവടത്തിലൂടെ ലാഭം കൊയ്യാനായിട്ടല്ല വികസ്വര രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ധനം ഒഴുകിയെത്തുന്നത് എന്നാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായ ബെന്‍ ബെര്‍ണാങ്കെ വാദിക്കുന്നത്.

എന്നാല്‍ ഈ വാദം ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. കൂടുതല്‍ ബാങ്കുകളും പണസ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് കമ്പനികളും തങ്ങള്‍ കുഴപ്പത്തില്‍ ചെന്നുപെട്ടിരിക്കുന്നു എന്ന് തുറന്നു സമ്മതിക്കുകയാണ്. അതിഭീമവും ഊര്‍ജസ്വലവുമായ അമേരിക്കന്‍ സമ്പദ് ഘടന ഏറെ നശിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. ഇതിനകം പുറത്തുവിടപ്പെട്ട നഷ്ടത്തിന്റെ കണക്കുകള്‍ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ തകര്‍ന്നുകഴിഞ്ഞു. സര്‍ക്കാര്‍ വലിയ bail-out package കള്‍ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നതിനാലാണ് മറ്റു പല സ്ഥാപനങ്ങളും തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടത്.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളെ രക്ഷിക്കുന്നതിനായി ബുഷിന്റെ സര്‍ക്കാരും ഫെഡറല്‍ റിസര്‍വ്സും ഇതിനകം തന്നെ അവിശ്വസനീയമായ തുകകള്‍, (ഇത് കഴിഞ്ഞ കൊല്ലം 600 ബില്യണ്‍ ഡോളറും കഴിഞ്ഞ രണ്ടുമാസത്തിലാകട്ടെ 200 ബില്യണ്‍ ഡോളറും ആയിരുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്) ചെലവാക്കി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതിസന്ധി ഇനിയും തീര്‍ന്നിട്ടില്ല എന്നത് മാത്രമല്ല കൂടുതല്‍ ധനകാര്യസ്ഥാപനങ്ങള്‍ കുഴപ്പത്തിലേക്ക് നീങ്ങുകയുമാണ്. "അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയ തുകയുടെ അഞ്ചുമുതല്‍ പത്തു വരെ മടങ്ങ് വരുന്ന തുക, അതായത് 1000 മുതല്‍ 2000 ബില്യണ്‍ ഡോളറിനോടടുത്തു വരുന്ന തുക, ചെലവ് ചെയ്യാതെ എങ്ങനെയാണ് അത് പ്രതിസന്ധി പടരുന്നതിനെ തടയുന്നതിനായുള്ള ഒരു സുരക്ഷാമതില്‍ കെട്ടുന്നതില്‍ വിജയിക്കാന്‍ പോകുന്നത്'' എന്നാണ് ഐ.എം.എഫിന്റെ മുന്‍സാമ്പത്തിക ഉപദേഷ്‌ടാവായ കെന്നത്ത് റോഗോഫ് ചോദിക്കുന്നത്.

ഈ തുകകൊണ്ടുപോലും ദുര്‍ബലമായ സമ്പദ് ഘടന ഇപ്പോള്‍ ചെന്നുപതിച്ചുകൊണ്ടിരിക്കുന്ന കുഴപ്പങ്ങളില്‍ നിന്ന് അതിനെ രക്ഷിക്കുന്നതിന് ചിലപ്പോള്‍ കഴിയാതെ വന്നേക്കാം. തെറ്റായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാല്‍ തകര്‍ന്ന ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതില്‍ ധാര്‍മികതയുടെ പ്രശ്നത്തോടൊപ്പം അതിനായി സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വലിയ തുകകള്‍ മുടക്കേണ്ടിവരും എന്ന പ്രശ്നവും നിലനില്‍ക്കുന്നു.

ഇതില്‍ നികുതിദായകരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സാമ്പത്തിക ഭാരത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. റോഗോഫ് അഭിപ്രായപ്പെടുന്നതുപോലെ ഒരുപക്ഷേ കൂടുതല്‍ കടം സ്വീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ബെയില്‍ ഔട്ടുകള്‍ക്ക് വേണ്ടിവരുന്ന തുക കണ്ടെത്തുന്നത് എങ്കില്‍പ്പോലും ഇത് സര്‍ക്കാരിന്റെ മൊത്തം കടബാധ്യതയില്‍ വന്‍വര്‍ധനവ് ഉണ്ടാക്കുന്നു. സര്‍ക്കാരിന്റെ കടം ക്രമാതീതമായി വര്‍ധിക്കുന്നതാകട്ടെ ചെലവ് ചുരുക്കുന്നതിലേക്കും നികുതി വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു. ഇതു രണ്ടും ആത്യന്തികമായി സാമ്പത്തിക വളര്‍ച്ചയെ പുറകോട്ടടിക്കുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും സ്വീകാര്യമായ നാണയം എന്ന ഡോളറിന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കുന്നതിന് തികച്ചും അനിവാര്യമായ സാമ്പത്തിക മേധാവിത്വം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് അമേരിക്കയ്‌ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും.

സമീപകാലത്തെ തെളിവുകള്‍ സൂചിപ്പിക്കുന്നത് അമേരിക്കയിലെ പ്രതിസന്ധി ഇപ്പോള്‍ പ്രശസ്ത ധനശാസ്ത്രജ്ഞനായ ചാള്‍സ് കിന്‍ഡില്‍ബെര്‍ഗര്‍ വിശേഷിപ്പിച്ച "പിന്തിരിയല്‍ ഘട്ടത്തിലേക്ക്'' (the revulsion phase) കടക്കുന്നു എന്നാണ്. ഈ ഘട്ടത്തില്‍ നിക്ഷേപകര്‍ വളരെ കരുതലോടുകൂടി സുരക്ഷിതവും അവര്‍ക്ക് പൂര്‍ണമായി ഉറപ്പുള്ളതുമായ നിക്ഷേപമാര്‍ഗങ്ങളെ അവലംബിക്കും. ഇത് വായ്‌പാലഭ്യതയില്‍ വലിയ ഇടിവുണ്ടാക്കുന്നു. ലോകത്താകെയുള്ള നിക്ഷേപകര്‍ സ്വര്‍ണം, അമേരിക്കന്‍ ട്രഷറി ബില്‍ തുടങ്ങിയ സുരക്ഷിതങ്ങളായ മേഖലകളിലേക്കും തങ്ങളുടെ പക്കലുള്ള സമ്പത്തിനെ തിരിച്ചുവിട്ടത് പല വായ്‌പാ വിപണികളുടെയും സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തെ 2008 സെപ്‌തംബര്‍ മധ്യത്തോടുകൂടി തടസപ്പെടുത്തിയിരിക്കുകയാണ്. ഭീതി പൂണ്ട നിക്ഷേപകര്‍ അമേരിക്കന്‍ ട്രഷറി ബില്ലുകള്‍ വാങ്ങുന്നതിന് തിരക്കുകൂട്ടിയത് കാരണം സെപ്‌തംബര്‍ 18-ന് ഈ ബില്ലുകളില്‍നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ കഴിഞ്ഞ 50 വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ പലിശയായ 0.06 ശതമാനമായി കുറയുകയുണ്ടായി. ആഗോള ഓഹരി വിപണികളാകട്ടെ ശക്തമായ തിരിച്ചടിയെ നേരിട്ടു. ഇതെല്ലാം 'പിന്തിരിയല്‍ ഘട്ടത്തില്‍'' നിന്ന് പ്രതിസന്ധിയുടെ അടുത്ത ഘട്ടമായ "ഭീതിയുടെ ഘട്ട''ത്തിലേക്കുള്ള (Panic stage) പ്രയാണത്തിനായുള്ള അരങ്ങ് ഒരുക്കപ്പെട്ടുകഴിഞ്ഞു എന്ന സൂചനയാണ് നല്‍കുന്നത്.

2008 സെപ്തംബര്‍ 19-ന് സമ്പദ് ഘടനയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരുകൂട്ടം നടപടികള്‍ അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. തൊട്ടുമുമ്പുള്ള ആഴ്‌ചയില്‍പ്പോലും ഇത്തരം ഒരു പ്രഖ്യാപനം അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു കാര്യമായിരുന്നു. തികച്ചും ന്യായമായ ഈ നടപടിയിലൂടെ സാമ്പത്തിക മേഖലയില്‍ വളരെയേറെ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതും സാമ്പത്തിക ഉദാരീകരണ നയങ്ങളുടെ ഭാഗമായി നടപ്പില്‍ വരുത്തിയതുമായ ഓഹരികളുടെ "ഷോര്‍ട്ട് സെല്ലിംഗ്'' (Short selling) നിരോധിക്കപ്പെടുകയുണ്ടായി. ഈ പ്രക്രിയയില്‍ നിക്ഷേപകര്‍ ആദ്യം ഓഹരികളെ വില്‍ക്കുകയും അങ്ങനെ വില്‍ക്കപ്പെടുന്ന ഓഹരികളുടെ വില ഇടിയുമ്പോള്‍ അവയെ തിരികെ വാങ്ങുകയും ചെയ്യും. വിറ്റ വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസം നിക്ഷേപകര്‍ക്ക് ലാഭമായി ലഭിക്കും. ഹെഡ്‌ജ് ഫണ്ടുകളും മറ്റ് ഊഹക്കച്ചവടക്കാരും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം ഇടപാടുകളില്‍ കൂടുതലായി പങ്കെടുക്കുന്നതിന്റെ ഫലമായി നിരവധി കമ്പനികളുടെ ഓഹരിവിലകള്‍ കൂപ്പുകുത്തുകയും അവ തകരുകയും ചെയ്യുകയുണ്ടായി.

എന്നാല്‍ "പണയത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട വിഷമയമായ കടം'' (toxic mortgage debt) എന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന കുഴപ്പത്തിലായ ബാങ്കുകളുടെ കടങ്ങളെ ഒരു ട്രില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ഒരു പദ്ധതിയിലൂടെ ഏറ്റെടുക്കുമെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇത് വളരെ അസാധാരണമായ ഒരു നടപടിയാണ്. വളരേയേറെ ചെലവ് വരുന്ന നടപടി എന്നതിലുപരി ഇത് വലിയൊരു ചൂതുകളി കൂടിയാണ്. കാരണം കടം ഏറ്റെടുത്തുകൊണ്ട് സര്‍ക്കാരിന് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാകും എന്ന തെറ്റായ അനുമാനം ഇതില്‍ അടങ്ങിയിരിക്കുന്നു എന്നതുതന്നെ.

തീര്‍ച്ചയായും ഇതില്‍ നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നങ്ങളും അന്തര്‍ലീനമായിരിക്കുന്നു. വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ തങ്ങളുടെ വീടുകളില്‍നിന്ന് പുറത്തെറിയപ്പെട്ട സാധാരണ ജനങ്ങളെ സഹായിക്കുന്നതിന് യാതൊരു ശ്രമവും നടത്താത്ത സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും ഇല്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതുമായ പ്രവര്‍ത്തന രീതികളിലൂടെ സാമ്പത്തിക മേഖലയെ വന്‍കുഴപ്പത്തിലാക്കിയ ഉന്നതന്മാരെ സംരക്ഷിക്കുന്നതിന് അതിന്റെ അധികാരവും സാമ്പത്തിക സ്രോതസ്സുകളും വിനിയോഗിക്കുന്നത്. സമ്പത്തിനെ യഥാര്‍ഥ സമ്പദ് ഘടനയുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയും നന്മയ്‌ക്കായി തിരിച്ചുവിടുവാന്‍ ലക്ഷ്യമിടുന്ന പുരോഗമനപരമായ ഒരു ദേശസാല്‍ക്കരണമല്ല ഈ നടപടി കൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറിച്ച് ഇത് മുതലാളിത്തത്തിന്റെ അപകടങ്ങളെ അമേരിക്കയിലേയും വികസ്വരരാജ്യങ്ങളിലേയും നികുതിദായകര്‍ക്ക് പങ്കുവെച്ച് നല്‍കലാണ്. മുതലാളിത്ത വര്‍ഗത്തോടുള്ള ബുഷിന്റെ ഏകപക്ഷീയത ഇതില്‍ വ്യക്തമായും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

അമേരിക്ക അവിടുത്തെ ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന നടപടികളാകട്ടെ മറ്റു രാജ്യങ്ങളിലെ സാമ്പത്തിക കുഴപ്പങ്ങളെ അത് കൈകാര്യം ചെയ്ത രീതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കുഴപ്പത്തിലായ രാജ്യങ്ങളിലെ ബാങ്കുകളും മറ്റു സ്ഥാപനങ്ങളും തകരുന്നതിനെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ ആ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഐഎംഎഫും അമേരിക്കയും ചെയ്‌തിരുന്നത് . ഇതിന്റെ ഫലമായി ആ രാജ്യങ്ങളില്‍ തൊഴിലില്ലായ്‌മ രൂക്ഷമാകുകയും ജീവിതനിലവാരം താഴോട്ടു പോകുകയും ചെയ്‌തിരുന്നു. മാത്രവുമല്ല, ആ രാജ്യങ്ങളിലെ സമ്പദ് ഘടനകളെല്ലാം "മാറ്റത്തിനുമുമ്പുള്ള അനിവാര്യമായ വേദന'' (necessary pain of adjustment) എന്ന് അമേരിക്കയും ഐ.എം.എഫും വിശേഷിപ്പിച്ച മാന്ദ്യത്തില്‍ ചെന്നു പതിക്കുകയും ചെയ്യുകയുണ്ടായി. തങ്ങള്‍ക്കും തങ്ങളുടെ കൂട്ടാളികള്‍ക്കും ഒരു നിയമം, മറ്റുള്ളവര്‍ക്ക് വേറൊരു നിയമം എന്ന രീതിയിലാണ് അമേരിക്ക നീതി നടപ്പിലാക്കുന്നത് എന്നതിന് മറ്റൊരു തെളിവാണിത്.

എന്നാല്‍ അമേരിക്കയും അതുകൊണ്ടുതന്നെ സമകാലീന മുതലാളിത്തത്തിന്റെ മുഖമുദ്രയായ ആഗോള സമ്പദ് ഘടനയും നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എടുക്കപ്പെടുന്ന നടപടികളൊന്നും തന്നെ പര്യാപ്തമായിരിക്കുകയില്ല എന്നതാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആവേശത്തിന്റെ ആദ്യനാളുകളില്‍ അവിടുത്തെയും മറ്റു രാജ്യങ്ങളിലെയും ഓഹരിക്കമ്പോളങ്ങള്‍ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുകയുണ്ടായി എന്നത് ശരി തന്നെയാണ്. എന്നാല്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ഇനിയും അപ്രത്യക്ഷമായിട്ടില്ല. ഭവനങ്ങളുടെ വിലയിടിയുന്നതും വ്യവസായങ്ങള്‍ കുഴപ്പത്തിലാകുന്നതും തുടരുകയാണെങ്കില്‍ കൂടുതല്‍ വായ്‌പകള്‍ കിട്ടാക്കടങ്ങളായി മാറും. മാത്രവുമല്ല ഒരു സ്ഥാപനത്തിന്റെ ബാധ്യത എത്രയാണെന്നോ ആസ്‌തി എത്ര കണ്ട് ദുര്‍ബലമാണെന്നോ ആര്‍ക്കും തന്നെ വ്യക്തമല്ലാത്ത രീതിയില്‍ അമേരിക്കന്‍ സമ്പദ് ഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ കൂടിക്കുഴഞ്ഞ് കിടക്കുകയുമാണ്. ഈ സാഹചര്യങ്ങളില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി പണം ചെലവാക്കുന്നത് വലിയൊരു ഇരുണ്ട കുഴിയെ സാമ്പത്തിക സ്രോതസ്സുകള്‍ കൊണ്ട് നികത്തുന്നതിന് തുല്യവും അതുകൊണ്ടുതന്നെ ഈ പ്രക്രിയക്ക് എത്രകണ്ട് തുക വേണ്ടിവരും എന്നത് പ്രവചനാതീതവുമാണ്.

ആരാണ് ബെയില്‍ ഔട്ടിനായി വേണ്ടിവരുന്ന തുകയുടെ ചെലവ് വഹിക്കാന്‍ പോകുന്നത്? ബെയില്‍ ഔട്ടുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടിയായി അമേരിക്കന്‍ സര്‍ക്കാര്‍ ട്രഷറി ബില്ലുകളുടെ രൂപത്തില്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളായിരിക്കും ഈ കടപ്പത്രങ്ങള്‍ ഏറിയ പങ്കും വാങ്ങുക. അതായത് വികസ്വര രാജ്യങ്ങളിലെ ജനങ്ങളായിരിക്കും ഈ ബെയില്‍ ഔട്ടിന്റെ വില നല്‍കുന്നത് എന്ന് ചുരുക്കം. ക്രമേണ അമേരിക്കയിലെ നികുതിദായകരുടെ മേല്‍ ഈ കടം തിരിച്ചടക്കേണ്ട ചുമതല ചെന്നുവീഴുകയും ചെയ്യും. ഇത് അമേരിക്കയുടെ സാമ്പത്തിക മേല്‍ക്കോയ്‌മയ്‌ക്ക് വലിയൊരു ഭീഷണിയായി തീര്‍ന്നേക്കാം.

എന്തുകൊണ്ടും വ്യത്യസ്തമായ ഒരു ആഗോള സമ്പദ് ഘടനയിലേക്കാണ് നമ്മള്‍ നീങ്ങുന്നത് എന്ന കാര്യം വ്യക്തമാണ്. ഇരയെ തേടിയുള്ള കുതിപ്പിനിടയില്‍ ധനമൂലധനം വലിയൊരു പ്രതിസന്ധിയില്‍ ചെന്നുപെട്ടിരിക്കുകയാണ്. നികുതിദായകരുടെ പണം ഉപയോഗിച്ച് ഭരണകൂടം സ്വരൂപിക്കുന്ന വന്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൊണ്ടുവേണം ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്ന സ്ഥിതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. അതേസമയം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കേണ്ട അമേരിക്കന്‍ ഭരണകൂടത്തിന്റെ ശക്തി ക്ഷയിച്ചുവരികയുമാണ്. സാമ്രാജ്യത്വ ശക്തിയായി ലോകരാജ്യങ്ങള്‍ക്കു മേലുള്ള മേധാവിത്വം തുടരുന്നതിനും സ്ഥായിയായ ഒരു ആഗോള വ്യവസ്ഥിതി നിലനിര്‍ത്തുന്നതിലേക്കായി എന്തെങ്കിലും സംഭാവന ചെയ്യാനുമുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ കഴിവും സംശയത്തിന്റെ നിഴലിലാണ്. എല്ലാറ്റിനും ഉപരിയായി മുകളില്‍ വിവരിച്ച പ്രത്യേകതകള്‍ മുഖമുദ്രയായുള്ള സാമ്പത്തിക ക്രമത്തെ അതിന്റെ വക്താക്കള്‍ തന്നെ നിരാകരിക്കുന്ന സ്ഥിതിയും സംജാതമായിരിക്കുകയാണ്.

ഇതാകട്ടെ കൂടുതല്‍ പുരോഗമനപരമായ ഒരു ആഗോള സാമ്പത്തികക്രമം നിലവില്‍ വരുത്താന്‍ പറ്റിയ മഹത്തരമായ ഒരു അവസരമാണ്. ഇടതുപക്ഷം ഈ അവസരത്തെ കൈവിട്ടുകളയാന്‍ പാടുള്ളതല്ല.

***

ശ്രീമതി ജയതി ഘോഷ് എഴുതിയ The Global Financial Crisis എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Sunday, November 2, 2008

രാജാറാമും കാര്‍ലിനും - കമ്പോളത്തിന്റെ നെഞ്ചിലേക്കുള്ള നിറയൊഴിക്കല്‍

കാര്‍ത്തിക് രാജാറാമിന് 45 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എം.ബി.എ ബിരുദധാരിയായ ഇദ്ദേഹം തൊഴിലിനായി അമേരിക്കയിലേക്ക് കുടിയേറിയ ലക്ഷകണക്കിന് ഇന്ത്യക്കാരില്‍ ഒരാള്‍ മാത്രം. താമസം ലോസ് ആഞ്ചല്‍സില്‍. തമിഴ് നാട്ടില്‍ നിന്നു തന്നെയുള്ള ശുഭശ്രീയെയാണ് രാജാറാം വിവാഹം കഴിച്ചത്. പഠനത്തില്‍ മിടുക്കരായ മൂന്ന് ആണ്‍മക്കളോടൊപ്പം ഇവര്‍ സുഖമായവിടെ ജീവിച്ചു വരികയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യാ മാതാവ് കൂടി അവരോടൊപ്പം താമസമായി.

അമേരിക്കയിലെ പ്രസിദ്ധ കമ്പനിയായ സോണി പിക്‍ചേഴ്‌സിലാണ് രാജാറാം ജോലി ചെയ്തിരുന്നത്. പിന്നീട് "പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് '' എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയിലായി പണി. 1997ല്‍ ഒരു മോര്‍ട്ട്ഗേജ് ബാങ്കില്‍ നിന്നും വായ്‌പയെടുത്തുകൊണ്ട് 2,74,000 ഡോളര്‍ (ഒരു കോടി മുപ്പത്തിയേഴു ലക്ഷം രൂപ) വിലയുള്ള ഒരു 'വില്ല' രാജാറാം വാങ്ങി. ശമ്പളത്തില്‍ നിന്നും ഇന്‍‌സ്‌റ്റാള്‍മെന്റായി വായ്‌പ തിരിച്ചടച്ചു കൊണ്ടിരുന്നു. കൂടാതെ ചെറിയ തോതില്‍ ഓഹരി വിപണിയില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയും ചെയ്തു.

2001 മുതല്‍ അമേരിക്കയിലെ മോര്‍ട്ട്ഗേജ് ബാങ്കുകള്‍ വന്‍ തോതില്‍ ഭവന വായ്‌പകള്‍ നല്‍കിത്തുടങ്ങി. വീടുകള്‍ക്ക് ഡിമാന്റ് വര്‍ദ്ധിച്ചതോടെ വീടുകളുടെ വിലയും വര്‍ദ്ധിച്ചു. ഇതോടെ വായ്‌പക്കെത്തിയവരുടെ എണ്ണം വര്‍ദ്ധിച്ചു. മോര്‍ട്ടുഗേജുബാങ്കുകള്‍ക്ക് പണം പോരാ എന്ന സ്ഥിതി വന്നു. അവര്‍ നല്‍കിയ വായ്‌പകളെ സെക്യൂരിറ്റിയാക്കിക്കൊണ്ട് ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ച് പണം കണ്ടെത്തി. ഇന്‍വെസ്റ്ബാങ്കുകളും വിദേശ ബാങ്കുകളും നിക്ഷേപകരും ഇവ വന്‍തോതില്‍ വാങ്ങുകയും ഊഹക്കച്ചവട വിപണിയില്‍ വന്‍തോതില്‍ ലാഭമുണ്ടാകുകയും ചെയ്തു. രാജാറാമും ഡെറിവേറ്റീവ് കച്ചവടത്തില്‍ പങ്കാളിയാകുകയും ലാഭമുണ്ടാക്കുകയും ചെയ്തു.

ലാഭത്വര മുതലാളിത്തത്തെ സാഹസിയാക്കുമെന്ന് മാര്‍ക്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീടുകളുടെ വിലയുയര്‍ന്നതോടെ അമേരിക്കക്കാര്‍ തങ്ങളുടെ സ്വന്തം വീടുകള്‍ വര്‍ദ്ധിച്ച വിലക്ക് വില്‍ക്കുകയും വാടകക്ക് താമസിച്ചു കൊണ്ട് 'കിട്ടിയ പണം' ഊഹക്കച്ചവട രംഗത്ത് മുതല്‍മുടക്കി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. രാജാറാമും തന്റെ വീട് കച്ചവടമാക്കി. അതു വഴി രാജാറാമിന് 7,50,000 ഡോളര്‍ (3 കോടി 75 ലക്ഷം രൂപ) ലഭിച്ചു. ഈ തുകയത്രയും രാജാറാം ഊഹക്കച്ചവടരംഗത്തു നിക്ഷേപിച്ചു. രാജാറാമിന്റെ സമ്പാദ്യം വളര്‍ന്നു കൊണ്ടേയിരുന്നു.

രണ്ടു ബാങ്കുകളില്‍ നിന്ന് ഏകദേശം 240000 ഡോളറിന്റെ ലോണ്‍ രാജാറാമിനുണ്ടായിരുന്നു. ഇരുവര്‍ക്കും ജോലിയുണ്ടായിരുന്നതു കൊണ്ട് ഈ കടം മാസം തോറും അടച്ചു വരികയായിരുന്നു. വളരെ പെട്ടെന്നാണ് രാജാറാമിന്റെ കുടുംബാന്തരീക്ഷം കലുഷിതമായത്. 2007 തുടക്കത്തില്‍ സാമ്പത്തിക പ്രതിസന്ധികാരണം "പ്രൈസ് വാട്ടര്‍ കൂപ്പേഴ് സ്'' കുറേ ജീവനക്കാരെ പിരിച്ചു വിട്ടു. അങ്ങനെ രാജാറാമിന്റെ തൊഴില്‍ നഷ്ടമായി. സബ് പ്രൈം പ്രതിസന്ധി വീശിയടിച്ചതു കാരണം മിക്ക കമ്പനികളും ജീവനക്കാരെ കുറച്ചു തുടങ്ങി. ഇതുകാരണം മാസങ്ങള്‍ കഴിഞ്ഞിട്ടും രാജാറാമിന് ഒരു ജോലി ലഭിച്ചില്ല.

കൂലി കുറഞ്ഞതു കാരണവും തൊഴില്‍ നഷ്ടമായതു കൊണ്ടും വായ്‌പയെടുത്ത മിക്കവര്‍ക്കും തിരിച്ചടക്കാനായില്ല. ഗത്യന്തരമില്ലാതെ മോര്‍ട്ട്ഗേജു കമ്പനികള്‍ വീടുകള്‍ പിടിച്ചെടുത്തു വിറ്റു തുടങ്ങി. ഇതോടെ വീടുകളുടെ വിലയിടിഞ്ഞു. വീടുകള്‍ വിറ്റാലും കൊടുത്ത വായ്‌പ തിരിച്ചു പിടിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മോര്‍ട്ട് ഗേജ് കമ്പനികള്‍ പതിച്ചു. അവ ഒന്നൊന്നായി തകര്‍ന്നു തുടങ്ങി. അതോടെ മൂന്ന് ഇന്‍വെസ്‌റ്റ്മെന്റ് ബാങ്കുകളും തകര്‍ന്നു തുടങ്ങി. പിടിച്ചു നില്‍ക്കാനായി രണ്ടു ഇന്‍വെസ്‌റ്റ്മെന്റ് ബാങ്കുകള്‍ ഫെഡറല്‍ റിസര്‍വ്വി ന്റെ അനുമതി വാങ്ങി വാണിജ്യ ബാങ്കുകളായി മാറി. ഓഹരി വിപണികള്‍ ഇടിഞ്ഞു. ഓഹരികളുടേയും ഡെറിവേറ്റീവ് ഉല്‍പന്നങ്ങളുടേയും വിലയിടിഞ്ഞു. വമ്പിച്ച വിലയുണ്ടായിരുന്ന ഈ ഉല്‍പന്നങ്ങള്‍ക്ക് പീറക്കടലാസിന്റെ വില പോലുമില്ലാതായി.

രാജാറാമിന്റെ സമ്പാദ്യമാകെ നഷ്‌ടമായി. വീട് നേരത്തെ വിറ്റഴിച്ചിരുന്നു. കൂടാതെ 2,40,000 ഡോളറിന്റെ രണ്ടു വായ്‌പകള്‍ അടച്ചു തീര്‍ക്കാനുമുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ ഇതും തിരിച്ചടക്കാതായി. അതിനാല്‍ മറ്റ് വായ്‌പകള്‍ ഒന്നും കിട്ടാത്ത സ്ഥിതിയായി. ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രതീകമായി രാജാറാം മാറി.

സെപ്റ്റംബര്‍ 16ന് രാജാറാം ഒരു കൈത്തോക്ക് വാങ്ങി. രാജാറാം ആ ദിവസങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ അയല്‍ക്കാര്‍ വിവരിച്ചപ്പോള്‍ എല്ലാം അയാള്‍ മുന്‍ കൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നു വ്യക്തമാവുന്നു. അയാള്‍ അയല്‍ക്കാരിയോട് "കള്ളന്മാരു ടെ ശല്യമുള്ളതു കാരണം ജനല്‍ അടച്ചിടുന്നതാണ്'' നല്ലതെന്ന് ഉപദേശിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ അയല്‍ക്കാരനാണ് രാജാറാമിന്റെ കുടുംബത്തെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്നവിടെയെത്തിയ പോലീസ് രാജാറാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെ നടന്ന കാര്യങ്ങള്‍ വ്യക്തമായി. ഭാര്യയേയും മൂന്നു കുഞ്ഞുങ്ങളേയും ഭാര്യാമാതാവിനേയും താന്‍ വാങ്ങിയ കൈത്തോക്ക് കൊണ്ട് വെടിവെച്ചു കൊന്ന ശേഷം അയാള്‍ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. രാജ്യ ത്തെ പ്രതിസന്ധിയിലേക്ക് നയിച്ച ബുഷ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒന്നായിരുന്നു ആ കുറിപ്പ്.

2008 ജൂലൈ 22- അമേരിക്കയിലെ ബോസ്‌റ്റണിലെ ഒരു മോര്‍ട്ട്ഗേജ് കമ്പനിക്ക് കാര്‍ലിന്‍ ബെല്‍സറാമ്മ എന്ന 53 കാരിയായ അമേരിക്കന്‍ വീട്ടമ്മ ഒരു കത്ത് ഫാക്സ് ചെയ്യുന്നു.

"എന്റെ പണി പോയിരിക്കുകയാണ്. നിങ്ങള്‍ എനിക്ക് തന്നിട്ടുള്ള വായ്‌പ തിരിച്ചടക്കാന്‍ എനിക്കു കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ നിങ്ങള്‍ എന്റെ വീട് ഏറ്റെടുത്തു കൊള്ളുക. പക്ഷേ ഒരു കാര്യം നിങ്ങള്‍ വീട് ഏറ്റെടുക്കുമ്പോള്‍ ഞാന്‍ ജീവനോടുണ്ടാവില്ല. തുടര്‍ന്ന് ബാങ്ക് അധികാരികള്‍ അവരുടെ വീട് ഏറ്റെടുത്തു ലേലം ചെയ്യാന്‍ നടപടികള്‍ എടുത്തു. വീടിനു മുന്നില്‍ ലേലത്തിനു വന്നവരും ബാങ്കധികാരികളും കൂടി നില്‍ക്കുമ്പോള്‍ കാര്‍ലിന്റെ ശരീരം ഉള്ളില്‍ തണുത്തു മരവിച്ചു കിടക്കുകയായിരുന്നു.

ഇനിയും ഇത്തരത്തിലുള്ള നിരവധി ആത്മഹത്യാകുറിപ്പുകള്‍ വന്നേക്കാം. അത്രമാത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അമേരിക്ക ചെന്നു പെട്ടിട്ടുള്ളത്. കത്രീന, ഗുസ്താ വ്, ഐക് കൊടുങ്കാറ്റുകളേക്കാള്‍ വലിയ നാശമാണ് "സബ് പ്രൈം പ്രതിസന്ധി'' അവിടെ വിതച്ചിട്ടുള്ളത്. കൂലി കുറഞ്ഞവര്‍, തൊഴില്‍ നഷ്‌ടമായവര്‍, ഭവന രഹിതരായവര്‍, ഊഹക്കച്ചവടത്തില്‍ സമ്പാദ്യമാകെ നഷ്ടമായവര്‍ എന്നിങ്ങനെ ലക്ഷക്കണക്കിനു പേര്‍ അവിടെ കണ്ണീരിലാണ്. കഴിഞ്ഞ മാസം മാത്രം ഒന്നരലക്ഷം പേര്‍ക്കാണ് അവിടെ തൊഴില്‍ നഷ്‌ടമായത്. ഇതോടെ അവിടുത്തെ തൊഴില്‍ രഹിതരുടെ എണ്ണം ഒരു കോടി കവിയാറായിരിക്കുന്നു.

വായ്‌പാ പ്രതിസന്ധി മൂലം പത്തു ലക്ഷത്തിലേറെ പേര്‍ അവിടെ ഭവനരഹിതരായിരിക്കുന്നു. ഇവര്‍ ഡോര്‍മിറ്ററി സൌകര്യമുള്ള വാനുകളിലും, കാറുകളിലും, പൊതുസ്ഥലങ്ങളിലുമായാണ് അന്തിയുറങ്ങുന്നത്. "കാര്‍‌സ്ലീപ്പേഴ്സ് '' എന്നാണിവരെ വിളിക്കുന്നത്. ഇവര്‍ക്ക് അന്തിയുറങ്ങാന്‍ സ്ഥലം നല്‍കി അതിന് വാടക ഈടാക്കുന്നവരുമുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് വൈകീട്ട് കാറില്‍ അവരെത്തുന്നു. കാറിലുള്ള വിരിപ്പുകളും ടാര്‍പാളിനുമൊക്കെ ഉപയോഗിച്ചവര്‍ കാറിനടുത്തായി കിടന്നുറങ്ങുന്നു.

മുതലാളിത്തത്തില്‍ അന്തര്‍ ലീനമായിരിക്കുന്ന പ്രതിസന്ധിയാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്. കേവലമായ രക്ഷാ പദ്ധതികള്‍ കൊണ്ട് അതിനെ പരിഹരിക്കാനാവില്ല. സോഷ്യലിസം മാത്രമാണ് പരിഹാര മാര്‍ഗം. അതു കൊണ്ടാണ് ദുരന്തമനുഭവിക്കുന്ന പാവങ്ങളെ മറന്ന് കുത്തകകളെ രക്ഷിക്കാനായി കൊണ്ടുവന്ന രക്ഷാപദ്ധതികള്‍ക്കെതിരെ 'മെയിന്‍ സ്ട്രീറ്റില്‍' ജനലക്ഷങ്ങള്‍ അണിനിരക്കുന്നത്. മുതലാളിത്തം സ്വയം തകര്‍ന്നു കൊള്ളും എന്നാരും കരുതേണ്ട. അത് അധിനിവേശങ്ങളിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചേക്കാം. ലോകത്താകമാനമുള്ള പണിയെടുക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരേയും മുതലാളിത്തത്തിനെതിരെ അണിനിരത്തുക എന്നതാണ് തൊഴിലാളികളുടെ മുന്നിലുള്ള കടമ. ഈ കടമ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കമ്പോള ശക്തികളുടെ നെഞ്ചിനു നേരെ നിറയൊഴിക്കുകയാണ് രാജാറാമും കാര്‍ലിനും തങ്ങളുടെ ആത്മഹത്യകള്‍ വഴി ചെയ്തിട്ടുള്ളത്.

***

സജി വര്‍ഗീസ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

Friday, October 31, 2008

പണമൊഴുക്കിയാല്‍ തീരുന്നതല്ല പ്രശ്നം

ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അമേരിക്കയിലെ ഭവനനിര്‍മാണരംഗത്തെ കുമിളകളുടെ പൊട്ടലില്‍ മാത്രം കേന്ദ്രീകരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണം ഇതായിരുന്നുവെന്നതില്‍ സംശയമില്ല, സമകാലിക മുതലാളിത്തത്തിന്റെ കയറ്റത്തില്‍ ( stimulus for boom)ഇത്തരം കുമിളകളാണ് പ്രധാനപങ്കു വഹിച്ചതും. ലോകസമ്പദ്ഘടനയുടെ വികാസത്തിനായി അമേരിക്കയിലെ വ്യാപാര ഉദാരവല്‍ക്കരണ ഭരണകൂടം കയറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കുമിളകളെയാണ് വര്‍ധിച്ചതോതില്‍ ആശ്രയിച്ചത്. ഡോട്ട്-കോം കുമിളകളുടെ തകര്‍ച്ചയെത്തുടര്‍ന്ന് പുതിയ കയറ്റങ്ങള്‍ ഉണ്ടാക്കാനാണ് ഭവനരംഗത്ത് കുമിളകള്‍ സൃഷ്ടിച്ചത്. അതിന്റെ അന്ത്യമാണിപ്പോള്‍, 1930കളിലെ മഹാമാന്ദ്യത്തിന് സമാനമായ വന്‍സാമ്പത്തികപ്രതിസന്ധി ഉറഞ്ഞുകൂടുകയാണ്.

അന്നത്തെ മാന്ദ്യത്തിന്റെ മധ്യത്തില്‍ ജോണ്‍ മയ്‌നാര്‍ഡ് കെയിന്‍സ് സ്വതന്ത്രകമ്പോളവ്യവസ്ഥയുടെ അടിസ്ഥാന അപാകതയായി വിലയിരുത്തിയത് അതിന് 'സംരംഭങ്ങളെയും'(enterprise), 'ഊഹവ്യാപാരങ്ങളെ'(speculation)യും തിരിച്ചറിയാനുള്ള ശേഷിയില്ലെന്നതും അതുകൊണ്ട് ഊഹക്കച്ചവടക്കാര്‍ ആധിപത്യം നേടാനുള്ള പ്രവണതയുണ്ടെന്നുമാണ്. മാത്രമല്ല, ആസ്തിയില്‍നിന്നുള്ള ദീര്‍ഘകാല നേട്ടങ്ങളില്‍ (long term yield on assets)അതിനു താല്‍പ്പര്യമില്ലെന്നും പെട്ടെന്നുള്ള ലാഭങ്ങളിലാണ് സ്വതന്ത്രകമ്പോളം കണ്ണുവയ്ക്കുന്നതെന്നും കെയിന്‍സ് കണ്ടെത്തി. അവരുടെ ഭാവനയും ചാഞ്ചാട്ടവും ആസ്‌തികളുടെ മൂല്യത്തില്‍ പെട്ടെന്നുള്ള വ്യതിയാനം സൃഷ്ടിക്കുന്നു. ഉല്‍പ്പാദനപരമായ നിക്ഷേപത്തിന്റെ തോത് (magnitude of productive investment) തീരുമാനിക്കുന്നതും അതുവഴി മൊത്തത്തിലുള്ള ആവശ്യവും തൊഴിലും ഉല്‍പ്പാദനവും നിര്‍ണയിക്കുന്നതും അവരായി മാറുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ യഥാര്‍ഥ ജീവിതത്തെ നിര്‍ണയിക്കുന്നത് സ്വതന്ത്രകമ്പോളവ്യവസ്ഥയില്‍ ഊഹക്കച്ചവടക്കാരാണ്.

ഈ കണ്ണി ഇല്ലാതാക്കാന്‍ കെയിന്‍സ് നിര്‍ദേശിച്ച മാര്‍ഗം നിക്ഷേപത്തിന്റെ സമഗ്ര സാമൂഹ്യവല്‍ക്കരണ (comprehensive socialisation of investment)മാണ്. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എപ്പോഴും നിക്ഷേപത്തിന്റെ തോത് നിശ്ചയിക്കണം, അതുവഴി ആവശ്യവും സമ്പൂര്‍ണ തൊഴിലും ഉറപ്പാക്കണം. ഈ പ്രതിവിധി സ്വതന്ത്രകമ്പോളവ്യവസ്ഥയെ കൈവിടുന്നത് മാത്രമല്ല, ധനത്തിന്റെ ആഗോളപ്രയാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമാണ്. കാരണം ധനത്തിന്റെ രാജ്യാന്തര പ്രയാണം തടയാതെ സ്റ്റേറ്റിന്റെ അര്‍ഥപൂര്‍ണമായ ഇടപെടല്‍ സാധ്യമാവില്ല. "എല്ലാറ്റിനും ഉപരിയായി ധനം ദേശീയമായിരിക്കണം'' (Let finance be primarily national) അദ്ദേഹം പറഞ്ഞു, സമ്പദ്ഘടനയില്‍ സ്റ്റേറ്റിന് ഫലപ്രദമായി ഇടപെടണമെങ്കില്‍.

ധനത്തിന്റെ ആഗോളവല്‍ക്കരണം (globalization of finance) ഉള്‍പ്പെട്ട ആഗോളവല്‍ക്കരണ പ്രക്രിയ കെയ്‌നീഷ്യന്‍ സിദ്ധാന്തത്തിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. അത് മുതലാളിത്ത രാജ്യങ്ങളില്‍ നിലനിന്നിരുന്ന ഡിമാന്‍ഡ് മാനേജ്‌മെന്റ് സംബന്ധിച്ച കെയ്‌നീഷ്യന്‍ സിദ്ധാന്തത്തെ സാവധാനം ഇല്ലാതാക്കി. എല്ലാ നിയന്ത്രണവും എടുത്തുകളഞ്ഞു. ആവശ്യത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഒടുവില്‍ സ്വകാര്യചെലവുകള്‍ക്ക് പ്രചോദനം നല്‍കി. ആസ്‌തിയുടെ മൂല്യങ്ങളില്‍ കുമിളകള്‍ വളര്‍ത്തി (created bubbles in asset prices) . താരതമ്യേന സ്ഥിരമായ ആസ്‌തിമൂല്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പൊതുചെലവ് സംവിധാനത്തിലെ ക്രമീകരണങ്ങള്‍ ഇല്ലാതാക്കി. കുമിളകളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സ്ഥിതിയായി. 1973 നുശേഷം കുമിളകളുടെ തകര്‍ച്ച അടിക്കടി ഉണ്ടാകുന്നതില്‍ അത്ഭുതമില്ല. ഇപ്പോള്‍ മുതലാളിത്തലോകംതന്നെ അഗാധമായ തകര്‍ച്ചയിലേക്കു നീങ്ങുകയാണ്.

വികസിതരാജ്യത്തിലെ സര്‍ക്കാരുകള്‍ ഇപ്പോഴും തകര്‍ച്ചയുടെ ഈ കാരണം തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ ഇനിയും കരുതുന്നത് പണമൊഴുക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ്. അവര്‍ ആദ്യം ചിന്തിച്ചത്, വിഷമയമായ ഓഹരികള്‍(toxic securities) സര്‍ക്കാരുകള്‍ വാങ്ങുന്ന പ്രക്രിയവഴി പണമൊഴുക്കാമെന്നാണ്. എന്നാല്‍, ഈ പദ്ധതിക്കെതിരെ വന്‍ ജനരോഷം ഉയര്‍ന്നപ്പോള്‍ സര്‍ക്കാരുകള്‍ പിന്‍വാങ്ങി. ഇപ്പോള്‍ ഓഹരികള്‍ വാങ്ങി ധനസ്ഥാപനങ്ങള്‍ ഭാഗികമായി ദേശസാല്‍ക്കരിക്കാനാണ് പദ്ധതി.

പക്ഷേ, ഇത്തരത്തിലുള്ള പണമൊഴുക്കലും പര്യാപ്‌തമല്ല. ബാങ്കുകള്‍ക്ക് കൂടുതല്‍ പണം നല്‍കിയതുകൊണ്ടുമാത്രം വായ്‌പലഭ്യമാകില്ല. കാര്യക്ഷമമായ പദ്ധതികളും വിശ്വസിക്കാന്‍ കഴിയുന്ന കടമെടുപ്പുകാരും ഉണ്ടായാല്‍മാത്രമേ വായ്‌പകള്‍ക്കുള്ള ആവശ്യം വര്‍ധിക്കൂ. ഇത് സംഭവിക്കുന്നില്ല. ഒന്നാമതായി, പണമൊഴുക്കല്‍ നടത്തിയാല്‍ 'വിഷമയമായ' ഓഹരികളുള്ള സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടില്ല. ഇവര്‍ക്ക് കടം കൊടുത്തത്തിലുള്ള അപകടസാധ്യത ഉയര്‍ന്നുതന്നെ നില്‍ക്കും. രണ്ടാമതായി, മഹാമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വായ്‌പ എടുക്കുന്നതില്‍നിന്നും കൊടുക്കുന്നതില്‍നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു.

ഈ നിരീക്ഷണം പല ഘടകങ്ങളില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. ഒരു കുമിള പൊട്ടിയതിനെത്തുടര്‍ന്ന് അടുത്തതിന്റെ രൂപീകരണം ഉടന്‍ ഉണ്ടാകണമെന്നില്ല, ഏറെക്കുറെ ദീര്‍ഘമായ മാന്ദ്യത്തിനുള്ള ലക്ഷണമാണ്. രണ്ടാമത്, ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ തോത് വ്യക്തമാക്കുന്നത് നീണ്ടുനില്‍ക്കുന്ന മാന്ദ്യം ഉറപ്പാണെന്നാണ്. മാന്ദ്യം ഇപ്പോള്‍തന്നെ അനുഭവപ്പെട്ടുതുടങ്ങിയതിനാല്‍ പതിവുമാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ധിച്ച പണലഭ്യതയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതിനാല്‍, സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് സമ്പദ്ഘടനയില്‍ കൂടുതല്‍ ആവശ്യം ഉറപ്പാക്കിയാല്‍മാത്രമേ രക്ഷയുള്ളൂ. അല്ലെങ്കില്‍ മാന്ദ്യം നീളും. സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഇടപെടുന്നതുവരെ മാന്ദ്യം തുടരും.

മൂന്നാംലോകരാജ്യങ്ങളും മാന്ദ്യത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടില്ല. പല രാജ്യങ്ങളും സമ്പദ്ഘടന പൂര്‍ണമായി തുറന്നുകൊടുക്കാത്തതിനാല്‍ 'വിഷമയമായ' ഓഹരികളില്‍നിന്നുള്ള മാലിന്യം പകര്‍ന്നിട്ടില്ലെന്നത് സത്യമാണ്, ഇവര്‍ സാമ്പത്തിക പ്രതിസന്ധിയുടെ നേരിട്ടുള്ള ആഘാതത്തില്‍നിന്ന് രക്ഷപ്പെടും. (അതേസമയം ധനകമ്പോളത്തിലെ തരംഗങ്ങള്‍ ഇവരും സഹിക്കേണ്ടിവരും). ഇവരും യഥാര്‍ഥ സമ്പദ്ഘടനയില്‍ മാന്ദ്യം ഏല്‍പ്പിക്കുന്ന ആഘാതം ഏറ്റുവാങ്ങേണ്ടിവരും. അവരുടെ കയറ്റുമതി വരുമാനം ഇടിയും, ഉല്‍പ്പാദനം ചുരുക്കേണ്ടിവരും, തൊഴിലില്ലായ്‌മ വര്‍ധിക്കും, വിദേശനാണ്യ പ്രതിസന്ധിയുണ്ടാകും, കറന്‍സി വിനിമയനിരക്കിലെ ഇടിവും പണപ്പെരുപ്പവും നേരിടേണ്ടിവരും. (വളര്‍ന്നുവരുന്ന പുതിയ കമ്പോളങ്ങളില്‍ വിദേശനിക്ഷേപങ്ങള്‍ തിരിച്ചൊഴുകുന്നതുവഴി ഈ പ്രതിസന്ധികള്‍ പിന്നീട് മൂര്‍ച്ഛിക്കും).

രണ്ടുമേഖലയിലാണ് കൂടുതല്‍ ആശങ്ക. മാന്ദ്യത്തിന്റെ ഫലമായി അടിസ്ഥാനവസ്‌തുക്കളുടെ വ്യാപാരത്തില്‍ സംഭവിക്കുന്ന ഇടിവ്, ഇത് നാണ്യവിള കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടും. (ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നേരത്തെതന്നെ ഇത് സംഭവിച്ചുതുടങ്ങി). രണ്ടാമതായി, ഭക്ഷ്യസുരക്ഷയുടെ തകര്‍ച്ച, മൂന്നാംലോകരാജ്യങ്ങളില്‍ ഇത് ഒഴിവാക്കാനാകാത്ത ദുരന്തമാകും. മൂന്നാംലോകരാഷ്‌ട്രങ്ങളില്‍ ഇപ്പോള്‍തന്നെ അനുഭവപ്പെടുന്ന ഭക്ഷ്യപ്രതിസന്ധി മാന്ദ്യത്തിന്റെ ഫലമായി കൂടുതല്‍ രൂക്ഷമാകും. മൂന്നു കാരണമാണ് ഇതിനുള്ളത്. കയറ്റുമതി വരുമാനം കുറയുന്നതുമൂലം വിദേശനാണ്യവരുമാനത്തില്‍ സംഭവിക്കുന്ന ഇടിവ് ഭക്ഷ്യഇറക്കുമതിക്കുള്ള മൂന്നാംലോകരാജ്യങ്ങളുടെ ശേഷി ദുര്‍ബലമാക്കും. രണ്ടാമതായി, ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍പ്പോലും തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതു കാരണം ആളുകളുടെ കൈവശം ആഹാരം വാങ്ങാന്‍ ആവശ്യമായ പണം ഉണ്ടായിരിക്കില്ല. മൂന്നാമതായി, ഭക്ഷ്യേതര വസ്‌തുക്കളുടെ വ്യാപാരം കുറയുന്നതുകാരണവും മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങളുണ്ടാകും.

ദാരുണമായ വിരോധാഭാസം ഇവിടെയുണ്ട്. കുമിളകളുടെ പെരുപ്പംവഴി മൂന്നാംലോകരാജ്യങ്ങളിലെ കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പ്പാദകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കരകൌശലതൊഴിലാളികള്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും ഗുണമൊന്നും ലഭിച്ചിരുന്നില്ല, മറിച്ച് അവരുടെ ജീവിതനിലവാരം താഴോട്ടുപോയി. പല രീതിയിലാണ് ഇതു സംഭവിച്ചത്. ഒന്ന്, ആഗോളധനകമ്പോളങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍, ആസ്‌തിമൂല്യങ്ങളിലുണ്ടായ കുതിച്ചുകയറ്റംവഴി യുഎസ് ഓഹരിവിപണിയിലുണ്ടായ കുതിപ്പ്, മൂന്നാംലോകത്തടക്കം ധനമേഖലയിലുണ്ടായ കയറ്റം, ഇതൊക്കെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ഉല്‍പ്പാദനമേഖലയ്‌ക്കുപകരം ഊഹക്കച്ചവടങ്ങളില്‍ പണമിറക്കാന്‍ പ്രേരിപ്പിച്ചു. ഗ്രാമീണമേഖലയ്‌ക്കുപകരം നഗരങ്ങളിലും കാര്‍ഷിക-ചെറുകിട വായ്‌പകള്‍ക്കുപകരം ഉപഭോക്‍തൃ ആവശ്യങ്ങള്‍ക്കും ഓഹരിനിക്ഷേപങ്ങള്‍ക്കും ബാങ്കുകള്‍ പണം കടംകൊടുത്തു. രണ്ടാമതായി, സ്റ്റേറ്റിന്റെ ചുമതല ഈ ധനക്കുതിപ്പിനെ പിന്തുണയ്‌ക്കുക എന്നതായി. കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും സംരക്ഷിക്കുന്നതിനുപകരം 'നിക്ഷേപകരുടെ ആത്മവിശ്വാസം' നിലനിര്‍ത്തുക എന്നതിലായി. സബ്‌സിഡികള്‍, താങ്ങുവിലകള്‍, അത്യാവശ്യ പൊതുനിക്ഷേപം, ഗ്രാമീണ-സാമൂഹ്യമേഖലകളില്‍ അടിസ്ഥാനസൌകര്യം ഒരുക്കല്‍- ഇതെല്ലാം വെട്ടിക്കുറച്ചു; ഇതുവഴി ചെറുകിട ഉല്‍പ്പാദകരുടെ സാമ്പത്തികസ്ഥിതി തകര്‍ന്നു.

ചെറിയ സ്ഥിതിവിവരക്കണക്കുവഴി ഇക്കാര്യം വ്യക്തമാക്കാം. 1980-85ല്‍ ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനം 335 കിലോഗ്രാമായിരുന്നു. 2000-2005ല്‍ 310 കിലോഗ്രാമായി ചുരുങ്ങി. ഈ കുറവ് ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉപഭോഗത്തില്‍ വന്ന ഇടിവിന്റെയും തെളിവാണ്. പക്ഷേ, വികസിതരാജ്യങ്ങളില്‍ പ്രതിശീര്‍ഷധാന്യ ഉപഭോഗം നേരിട്ടും അല്ലാതെയും വര്‍ധിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മൂന്നാംലോകരാജ്യങ്ങളില്‍ സംഭവിച്ച ഗണ്യമായ തകര്‍ച്ച ബോധ്യമാകുന്നു. ആഭ്യന്തര മൊത്ത ഉല്‍പ്പാദനനിരക്കില്‍ (ജിഡിപി) വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യയും ചൈനയുംപോലും ഇതില്‍നിന്ന് രക്ഷപ്പെട്ടില്ല.

പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടും ധാന്യത്തിന്റെ വിലയില്‍ അതനുസരിച്ച് വര്‍ധന നേരിട്ടില്ല. (ഈ കാലയളവില്‍ ലോകത്ത് ഭക്ഷ്യധാന്യവ്യാപാരവും ഭക്ഷ്യധാന്യ ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 40 ശതമാനത്തോളം കുറയുകയും ചെയ്തു). ലോകസമ്പദ്ഘടനയില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുകയുംചെയ്തു. മൂന്നാംലോകരാജ്യങ്ങളിലെ ജനതയുടെ ക്രയശേഷിയില്‍വന്ന കുറവ് എത്ര വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ കയറ്റങ്ങള്‍ ലോകസമ്പദ്ഘടനയില്‍, പ്രത്യേകിച്ച് മൂന്നാംലോകത്ത് ഏല്‍പ്പിച്ച കെടുതികള്‍ ഇത്രയും ഭീകരമാണ്. (യുഎസ് സമ്പദ്ഘടനയുടെ പങ്കിനെ 'ലോക്കോമോട്ടീവ്' എന്ന് വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്. ലേക്കോമോട്ടീവ് ചില കോച്ചുകളെ വലിച്ചുകൊണ്ടുപോകുമ്പോള്‍ മറ്റുള്ളവയെ തള്ളി പിന്നിലാക്കുന്നു).

ഊഹാധിഷ്ഠിത കയറ്റങ്ങളുടെ കെടുതി അനുഭവിച്ച ജനതതന്നെ ഇതിന്റെ തകര്‍ച്ചയുടെ ദുരന്തവും പേറേണ്ടിവരുന്നു. ഇതാണ് ദാരുണമായ വിരോധാഭാസം.

ഇതില്‍നിന്ന് വ്യക്തമാകുന്നത് പണലഭ്യത ഉറപ്പാക്കിയതുകൊണ്ട് ലോകസമ്പദ്ഘടന രക്ഷപ്പെടില്ലെന്നാണ്, ആവശ്യം(Demand) കൂട്ടാന്‍ നടപടിവേണം. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ നേരിട്ടുള്ള ധനനടപടി വഴി മാത്രമേ ഇത് സാധ്യമാകൂ. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണമെങ്കില്‍, അതിര്‍ത്തി കടന്നുള്ള മൂലധനമൊഴുക്ക് തടയണം. അല്ലെങ്കില്‍ ആഗോളതലത്തില്‍ പ്രവഹിക്കുന്ന ഊഹവ്യാപാരധനമൂലധനത്തിന്റെ തടവുകാരായി സര്‍ക്കാരുകള്‍ക്ക് കഴിയേണ്ടിവരും. ഓരോ രാജ്യത്തും സര്‍ക്കാര്‍ പണം ചെലവിടേണ്ട മേഖല വ്യത്യസ്‌തമാണ്. പക്ഷേ, ഇതിന്റെ പൊതുലക്ഷ്യം സാധാരണ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം തകര്‍ക്കുന്ന ഇന്നത്തെ ലോകസമ്പദ്ഘടനയുടെ ഗതിക്ക് എതിരായിട്ടുള്ളതായിരിക്കണം. അമേരിക്കയില്‍ പണം ചെലവിടുന്നത് സാമൂഹ്യമേഖലയിലെ ക്ഷേമപദ്ധതികള്‍ വഴിയോ ഫെഡറല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയോ ആകാം. ഇന്ത്യയിലും ചൈനയിലും ക്ഷേമപദ്ധതികള്‍ക്കു പുറമെ, സര്‍ക്കാരുകള്‍ ഉല്‍പ്പാദനമേഖലയില്‍, പ്രത്യേകിച്ച് കാര്‍ഷിക, ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ ഗണ്യമായ തോതില്‍ നിക്ഷേപം വര്‍ധിപ്പിക്കണം.

ലോകസമ്പദ്ഘടനയെ മൊത്തത്തില്‍ പരിഗണിച്ചാല്‍, പ്രചോദനം നല്‍കേണ്ടത് കുമിളകള്‍ വഴിയല്ല, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരുകള്‍ പണം ചെലവഴിച്ചാണ്. വികസിത-വികസ്വരരാജ്യങ്ങളില്‍ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പാക്കണം (കോര്‍പറേറ്റ് കൃഷിസമ്പ്രദായം വഴിയല്ല, അത് കര്‍ഷകരുടെ ക്രയശേഷി വീണ്ടും കുറയ്‌ക്കും) ചുരുക്കത്തില്‍, പുതിയ വികസനതന്ത്രം ആവിഷ്‌ക്കരിക്കേണ്ടത് ഭക്ഷ്യധാന്യഉല്‍പ്പാദനം ഉയര്‍ത്താനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്. ഇത് ലോകത്തെ മാന്ദ്യത്തില്‍നിന്നും ഭക്ഷ്യപ്രതിസന്ധിയില്‍നിന്നും കരകയറ്റും. ലോകസമ്പദ്ഘടനയിലെ വ്യാപാര-ധന ക്രമീകരണങ്ങള്‍ സ്വതന്ത്രകമ്പോളവ്യവസ്ഥയുടെ തത്വങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ടുപോകരുത്. കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും കയറ്റങ്ങളിലും തകര്‍ച്ചകളിലും ദുരിതത്തിലാഴ്ത്തുന്ന നയങ്ങള്‍ ഇനിയും തുടരുന്നത് തികച്ചും അനീതിയാണ്.

*****

പ്രഭാത് പട്നായിക്

2008 ഒക്‍ടോബര്‍ 30 ന് ഐക്യ രാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രൊ. പ്രഭാത് പട്നായിക് അവതരിപ്പിച്ച The Present crisis and the way forward എന്ന പേപ്പറിന്റെ സ്വതന്ത്ര വിവര്‍ത്തനം