ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അമേരിക്കയിലെ ഭവനനിര്‍മാണരംഗത്തെ കുമിളകളുടെ പൊട്ടലില്‍ മാത്രം കേന്ദ്രീകരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണം ഇതായിരുന്നുവെന്നതില്‍ സംശയമില്ല, സമകാലിക മുതലാളിത്തത്തിന്റെ കയറ്റത്തില്‍ ( stimulus for boom)ഇത്തരം കുമിളകളാണ് പ്രധാനപങ്കു വഹിച്ചതും. ലോകസമ്പദ്ഘടനയുടെ വികാസത്തിനായി അമേരിക്കയിലെ വ്യാപാര ഉദാരവല്‍ക്കരണ ഭരണകൂടം കയറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കുമിളകളെയാണ് വര്‍ധിച്ചതോതില്‍ ആശ്രയിച്ചത്. ഡോട്ട്-കോം കുമിളകളുടെ തകര്‍ച്ചയെത്തുടര്‍ന്ന് പുതിയ കയറ്റങ്ങള്‍ ഉണ്ടാക്കാനാണ് ഭവനരംഗത്ത് കുമിളകള്‍ സൃഷ്ടിച്ചത്. അതിന്റെ അന്ത്യമാണിപ്പോള്‍, 1930കളിലെ മഹാമാന്ദ്യത്തിന് സമാനമായ വന്‍സാമ്പത്തികപ്രതിസന്ധി ഉറഞ്ഞുകൂടുകയാണ്.
അന്നത്തെ മാന്ദ്യത്തിന്റെ മധ്യത്തില്‍ ജോണ്‍ മയ്‌നാര്‍ഡ് കെയിന്‍സ് സ്വതന്ത്രകമ്പോളവ്യവസ്ഥയുടെ അടിസ്ഥാന അപാകതയായി വിലയിരുത്തിയത് അതിന് 'സംരംഭങ്ങളെയും'(enterprise), 'ഊഹവ്യാപാരങ്ങളെ'(speculation)യും തിരിച്ചറിയാനുള്ള ശേഷിയില്ലെന്നതും അതുകൊണ്ട് ഊഹക്കച്ചവടക്കാര്‍ ആധിപത്യം നേടാനുള്ള പ്രവണതയുണ്ടെന്നുമാണ്. മാത്രമല്ല, ആസ്തിയില്‍നിന്നുള്ള ദീര്‍ഘകാല നേട്ടങ്ങളില്‍ (long term yield on assets)അതിനു താല്‍പ്പര്യമില്ലെന്നും പെട്ടെന്നുള്ള ലാഭങ്ങളിലാണ് സ്വതന്ത്രകമ്പോളം കണ്ണുവയ്ക്കുന്നതെന്നും കെയിന്‍സ് കണ്ടെത്തി. അവരുടെ ഭാവനയും ചാഞ്ചാട്ടവും ആസ്‌തികളുടെ മൂല്യത്തില്‍ പെട്ടെന്നുള്ള വ്യതിയാനം സൃഷ്ടിക്കുന്നു. ഉല്‍പ്പാദനപരമായ നിക്ഷേപത്തിന്റെ തോത് (magnitude of productive investment) തീരുമാനിക്കുന്നതും അതുവഴി മൊത്തത്തിലുള്ള ആവശ്യവും തൊഴിലും ഉല്‍പ്പാദനവും നിര്‍ണയിക്കുന്നതും അവരായി മാറുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ യഥാര്‍ഥ ജീവിതത്തെ നിര്‍ണയിക്കുന്നത് സ്വതന്ത്രകമ്പോളവ്യവസ്ഥയില്‍ ഊഹക്കച്ചവടക്കാരാണ്.
ഈ കണ്ണി ഇല്ലാതാക്കാന്‍ കെയിന്‍സ് നിര്‍ദേശിച്ച മാര്‍ഗം നിക്ഷേപത്തിന്റെ സമഗ്ര സാമൂഹ്യവല്‍ക്കരണ (comprehensive socialisation of investment)മാണ്. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എപ്പോഴും നിക്ഷേപത്തിന്റെ തോത് നിശ്ചയിക്കണം, അതുവഴി ആവശ്യവും സമ്പൂര്‍ണ തൊഴിലും ഉറപ്പാക്കണം. ഈ പ്രതിവിധി സ്വതന്ത്രകമ്പോളവ്യവസ്ഥയെ കൈവിടുന്നത് മാത്രമല്ല, ധനത്തിന്റെ ആഗോളപ്രയാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമാണ്. കാരണം ധനത്തിന്റെ രാജ്യാന്തര പ്രയാണം തടയാതെ സ്റ്റേറ്റിന്റെ അര്‍ഥപൂര്‍ണമായ ഇടപെടല്‍ സാധ്യമാവില്ല. "എല്ലാറ്റിനും ഉപരിയായി ധനം ദേശീയമായിരിക്കണം'' (Let finance be primarily national) അദ്ദേഹം പറഞ്ഞു, സമ്പദ്ഘടനയില്‍ സ്റ്റേറ്റിന് ഫലപ്രദമായി ഇടപെടണമെങ്കില്‍.
ധനത്തിന്റെ ആഗോളവല്‍ക്കരണം (globalization of finance) ഉള്‍പ്പെട്ട ആഗോളവല്‍ക്കരണ പ്രക്രിയ കെയ്‌നീഷ്യന്‍ സിദ്ധാന്തത്തിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. അത് മുതലാളിത്ത രാജ്യങ്ങളില്‍ നിലനിന്നിരുന്ന ഡിമാന്‍ഡ് മാനേജ്‌മെന്റ് സംബന്ധിച്ച കെയ്‌നീഷ്യന്‍ സിദ്ധാന്തത്തെ സാവധാനം ഇല്ലാതാക്കി. എല്ലാ നിയന്ത്രണവും എടുത്തുകളഞ്ഞു. ആവശ്യത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഒടുവില്‍ സ്വകാര്യചെലവുകള്‍ക്ക് പ്രചോദനം നല്‍കി. ആസ്‌തിയുടെ മൂല്യങ്ങളില്‍ കുമിളകള്‍ വളര്‍ത്തി (created bubbles in asset prices) . താരതമ്യേന സ്ഥിരമായ ആസ്‌തിമൂല്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പൊതുചെലവ് സംവിധാനത്തിലെ ക്രമീകരണങ്ങള്‍ ഇല്ലാതാക്കി. കുമിളകളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സ്ഥിതിയായി. 1973 നുശേഷം കുമിളകളുടെ തകര്‍ച്ച അടിക്കടി ഉണ്ടാകുന്നതില്‍ അത്ഭുതമില്ല. ഇപ്പോള്‍ മുതലാളിത്തലോകംതന്നെ അഗാധമായ തകര്‍ച്ചയിലേക്കു നീങ്ങുകയാണ്.
വികസിതരാജ്യത്തിലെ സര്‍ക്കാരുകള്‍ ഇപ്പോഴും തകര്‍ച്ചയുടെ ഈ കാരണം തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ ഇനിയും കരുതുന്നത് പണമൊഴുക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ്. അവര്‍ ആദ്യം ചിന്തിച്ചത്, വിഷമയമായ ഓഹരികള്‍(toxic securities) സര്‍ക്കാരുകള്‍ വാങ്ങുന്ന പ്രക്രിയവഴി പണമൊഴുക്കാമെന്നാണ്. എന്നാല്‍, ഈ പദ്ധതിക്കെതിരെ വന്‍ ജനരോഷം ഉയര്‍ന്നപ്പോള്‍ സര്‍ക്കാരുകള്‍ പിന്‍വാങ്ങി. ഇപ്പോള്‍ ഓഹരികള്‍ വാങ്ങി ധനസ്ഥാപനങ്ങള്‍ ഭാഗികമായി ദേശസാല്‍ക്കരിക്കാനാണ് പദ്ധതി.
പക്ഷേ, ഇത്തരത്തിലുള്ള പണമൊഴുക്കലും പര്യാപ്‌തമല്ല. ബാങ്കുകള്‍ക്ക് കൂടുതല്‍ പണം നല്‍കിയതുകൊണ്ടുമാത്രം വായ്‌പലഭ്യമാകില്ല. കാര്യക്ഷമമായ പദ്ധതികളും വിശ്വസിക്കാന്‍ കഴിയുന്ന കടമെടുപ്പുകാരും ഉണ്ടായാല്‍മാത്രമേ വായ്‌പകള്‍ക്കുള്ള ആവശ്യം വര്‍ധിക്കൂ. ഇത് സംഭവിക്കുന്നില്ല. ഒന്നാമതായി, പണമൊഴുക്കല്‍ നടത്തിയാല്‍ 'വിഷമയമായ' ഓഹരികളുള്ള സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടില്ല. ഇവര്‍ക്ക് കടം കൊടുത്തത്തിലുള്ള അപകടസാധ്യത ഉയര്‍ന്നുതന്നെ നില്‍ക്കും. രണ്ടാമതായി, മഹാമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വായ്‌പ എടുക്കുന്നതില്‍നിന്നും കൊടുക്കുന്നതില്‍നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു.
ഈ നിരീക്ഷണം പല ഘടകങ്ങളില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. ഒരു കുമിള പൊട്ടിയതിനെത്തുടര്‍ന്ന് അടുത്തതിന്റെ രൂപീകരണം ഉടന്‍ ഉണ്ടാകണമെന്നില്ല, ഏറെക്കുറെ ദീര്‍ഘമായ മാന്ദ്യത്തിനുള്ള ലക്ഷണമാണ്. രണ്ടാമത്, ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ തോത് വ്യക്തമാക്കുന്നത് നീണ്ടുനില്‍ക്കുന്ന മാന്ദ്യം ഉറപ്പാണെന്നാണ്. മാന്ദ്യം ഇപ്പോള്‍തന്നെ അനുഭവപ്പെട്ടുതുടങ്ങിയതിനാല്‍ പതിവുമാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ധിച്ച പണലഭ്യതയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതിനാല്‍, സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് സമ്പദ്ഘടനയില്‍ കൂടുതല്‍ ആവശ്യം ഉറപ്പാക്കിയാല്‍മാത്രമേ രക്ഷയുള്ളൂ. അല്ലെങ്കില്‍ മാന്ദ്യം നീളും. സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഇടപെടുന്നതുവരെ മാന്ദ്യം തുടരും.
മൂന്നാംലോകരാജ്യങ്ങളും മാന്ദ്യത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടില്ല. പല രാജ്യങ്ങളും സമ്പദ്ഘടന പൂര്‍ണമായി തുറന്നുകൊടുക്കാത്തതിനാല്‍ 'വിഷമയമായ' ഓഹരികളില്‍നിന്നുള്ള മാലിന്യം പകര്‍ന്നിട്ടില്ലെന്നത് സത്യമാണ്, ഇവര്‍ സാമ്പത്തിക പ്രതിസന്ധിയുടെ നേരിട്ടുള്ള ആഘാതത്തില്‍നിന്ന് രക്ഷപ്പെടും. (അതേസമയം ധനകമ്പോളത്തിലെ തരംഗങ്ങള്‍ ഇവരും സഹിക്കേണ്ടിവരും). ഇവരും യഥാര്‍ഥ സമ്പദ്ഘടനയില്‍ മാന്ദ്യം ഏല്‍പ്പിക്കുന്ന ആഘാതം ഏറ്റുവാങ്ങേണ്ടിവരും. അവരുടെ കയറ്റുമതി വരുമാനം ഇടിയും, ഉല്‍പ്പാദനം ചുരുക്കേണ്ടിവരും, തൊഴിലില്ലായ്‌മ വര്‍ധിക്കും, വിദേശനാണ്യ പ്രതിസന്ധിയുണ്ടാകും, കറന്‍സി വിനിമയനിരക്കിലെ ഇടിവും പണപ്പെരുപ്പവും നേരിടേണ്ടിവരും. (വളര്‍ന്നുവരുന്ന പുതിയ കമ്പോളങ്ങളില്‍ വിദേശനിക്ഷേപങ്ങള്‍ തിരിച്ചൊഴുകുന്നതുവഴി ഈ പ്രതിസന്ധികള്‍ പിന്നീട് മൂര്‍ച്ഛിക്കും).
രണ്ടുമേഖലയിലാണ് കൂടുതല്‍ ആശങ്ക. മാന്ദ്യത്തിന്റെ ഫലമായി അടിസ്ഥാനവസ്‌തുക്കളുടെ വ്യാപാരത്തില്‍ സംഭവിക്കുന്ന ഇടിവ്, ഇത് നാണ്യവിള കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടും. (ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നേരത്തെതന്നെ ഇത് സംഭവിച്ചുതുടങ്ങി). രണ്ടാമതായി, ഭക്ഷ്യസുരക്ഷയുടെ തകര്‍ച്ച, മൂന്നാംലോകരാജ്യങ്ങളില്‍ ഇത് ഒഴിവാക്കാനാകാത്ത ദുരന്തമാകും. മൂന്നാംലോകരാഷ്‌ട്രങ്ങളില്‍ ഇപ്പോള്‍തന്നെ അനുഭവപ്പെടുന്ന ഭക്ഷ്യപ്രതിസന്ധി മാന്ദ്യത്തിന്റെ ഫലമായി കൂടുതല്‍ രൂക്ഷമാകും. മൂന്നു കാരണമാണ് ഇതിനുള്ളത്. കയറ്റുമതി വരുമാനം കുറയുന്നതുമൂലം വിദേശനാണ്യവരുമാനത്തില്‍ സംഭവിക്കുന്ന ഇടിവ് ഭക്ഷ്യഇറക്കുമതിക്കുള്ള മൂന്നാംലോകരാജ്യങ്ങളുടെ ശേഷി ദുര്‍ബലമാക്കും. രണ്ടാമതായി, ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍പ്പോലും തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതു കാരണം ആളുകളുടെ കൈവശം ആഹാരം വാങ്ങാന്‍ ആവശ്യമായ പണം ഉണ്ടായിരിക്കില്ല. മൂന്നാമതായി, ഭക്ഷ്യേതര വസ്‌തുക്കളുടെ വ്യാപാരം കുറയുന്നതുകാരണവും മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങളുണ്ടാകും.
ദാരുണമായ വിരോധാഭാസം ഇവിടെയുണ്ട്. കുമിളകളുടെ പെരുപ്പംവഴി മൂന്നാംലോകരാജ്യങ്ങളിലെ കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പ്പാദകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കരകൌശലതൊഴിലാളികള്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും ഗുണമൊന്നും ലഭിച്ചിരുന്നില്ല, മറിച്ച് അവരുടെ ജീവിതനിലവാരം താഴോട്ടുപോയി. പല രീതിയിലാണ് ഇതു സംഭവിച്ചത്. ഒന്ന്, ആഗോളധനകമ്പോളങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍, ആസ്‌തിമൂല്യങ്ങളിലുണ്ടായ കുതിച്ചുകയറ്റംവഴി യുഎസ് ഓഹരിവിപണിയിലുണ്ടായ കുതിപ്പ്, മൂന്നാംലോകത്തടക്കം ധനമേഖലയിലുണ്ടായ കയറ്റം, ഇതൊക്കെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ഉല്‍പ്പാദനമേഖലയ്‌ക്കുപകരം ഊഹക്കച്ചവടങ്ങളില്‍ പണമിറക്കാന്‍ പ്രേരിപ്പിച്ചു. ഗ്രാമീണമേഖലയ്‌ക്കുപകരം നഗരങ്ങളിലും കാര്‍ഷിക-ചെറുകിട വായ്‌പകള്‍ക്കുപകരം ഉപഭോക്‍തൃ ആവശ്യങ്ങള്‍ക്കും ഓഹരിനിക്ഷേപങ്ങള്‍ക്കും ബാങ്കുകള്‍ പണം കടംകൊടുത്തു. രണ്ടാമതായി, സ്റ്റേറ്റിന്റെ ചുമതല ഈ ധനക്കുതിപ്പിനെ പിന്തുണയ്‌ക്കുക എന്നതായി. കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും സംരക്ഷിക്കുന്നതിനുപകരം 'നിക്ഷേപകരുടെ ആത്മവിശ്വാസം' നിലനിര്‍ത്തുക എന്നതിലായി. സബ്‌സിഡികള്‍, താങ്ങുവിലകള്‍, അത്യാവശ്യ പൊതുനിക്ഷേപം, ഗ്രാമീണ-സാമൂഹ്യമേഖലകളില്‍ അടിസ്ഥാനസൌകര്യം ഒരുക്കല്‍- ഇതെല്ലാം വെട്ടിക്കുറച്ചു; ഇതുവഴി ചെറുകിട ഉല്‍പ്പാദകരുടെ സാമ്പത്തികസ്ഥിതി തകര്‍ന്നു.
ചെറിയ സ്ഥിതിവിവരക്കണക്കുവഴി ഇക്കാര്യം വ്യക്തമാക്കാം. 1980-85ല്‍ ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനം 335 കിലോഗ്രാമായിരുന്നു. 2000-2005ല്‍ 310 കിലോഗ്രാമായി ചുരുങ്ങി. ഈ കുറവ് ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉപഭോഗത്തില്‍ വന്ന ഇടിവിന്റെയും തെളിവാണ്. പക്ഷേ, വികസിതരാജ്യങ്ങളില്‍ പ്രതിശീര്‍ഷധാന്യ ഉപഭോഗം നേരിട്ടും അല്ലാതെയും വര്‍ധിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മൂന്നാംലോകരാജ്യങ്ങളില്‍ സംഭവിച്ച ഗണ്യമായ തകര്‍ച്ച ബോധ്യമാകുന്നു. ആഭ്യന്തര മൊത്ത ഉല്‍പ്പാദനനിരക്കില്‍ (ജിഡിപി) വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യയും ചൈനയുംപോലും ഇതില്‍നിന്ന് രക്ഷപ്പെട്ടില്ല.
പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടും ധാന്യത്തിന്റെ വിലയില്‍ അതനുസരിച്ച് വര്‍ധന നേരിട്ടില്ല. (ഈ കാലയളവില്‍ ലോകത്ത് ഭക്ഷ്യധാന്യവ്യാപാരവും ഭക്ഷ്യധാന്യ ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 40 ശതമാനത്തോളം കുറയുകയും ചെയ്തു). ലോകസമ്പദ്ഘടനയില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുകയുംചെയ്തു. മൂന്നാംലോകരാജ്യങ്ങളിലെ ജനതയുടെ ക്രയശേഷിയില്‍വന്ന കുറവ് എത്ര വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ കയറ്റങ്ങള്‍ ലോകസമ്പദ്ഘടനയില്‍, പ്രത്യേകിച്ച് മൂന്നാംലോകത്ത് ഏല്‍പ്പിച്ച കെടുതികള്‍ ഇത്രയും ഭീകരമാണ്. (യുഎസ് സമ്പദ്ഘടനയുടെ പങ്കിനെ 'ലോക്കോമോട്ടീവ്' എന്ന് വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്. ലേക്കോമോട്ടീവ് ചില കോച്ചുകളെ വലിച്ചുകൊണ്ടുപോകുമ്പോള്‍ മറ്റുള്ളവയെ തള്ളി പിന്നിലാക്കുന്നു).
ഊഹാധിഷ്ഠിത കയറ്റങ്ങളുടെ കെടുതി അനുഭവിച്ച ജനതതന്നെ ഇതിന്റെ തകര്‍ച്ചയുടെ ദുരന്തവും പേറേണ്ടിവരുന്നു. ഇതാണ് ദാരുണമായ വിരോധാഭാസം.
ഇതില്‍നിന്ന് വ്യക്തമാകുന്നത് പണലഭ്യത ഉറപ്പാക്കിയതുകൊണ്ട് ലോകസമ്പദ്ഘടന രക്ഷപ്പെടില്ലെന്നാണ്, ആവശ്യം(Demand) കൂട്ടാന്‍ നടപടിവേണം. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ നേരിട്ടുള്ള ധനനടപടി വഴി മാത്രമേ ഇത് സാധ്യമാകൂ. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണമെങ്കില്‍, അതിര്‍ത്തി കടന്നുള്ള മൂലധനമൊഴുക്ക് തടയണം. അല്ലെങ്കില്‍ ആഗോളതലത്തില്‍ പ്രവഹിക്കുന്ന ഊഹവ്യാപാരധനമൂലധനത്തിന്റെ തടവുകാരായി സര്‍ക്കാരുകള്‍ക്ക് കഴിയേണ്ടിവരും. ഓരോ രാജ്യത്തും സര്‍ക്കാര്‍ പണം ചെലവിടേണ്ട മേഖല വ്യത്യസ്‌തമാണ്. പക്ഷേ, ഇതിന്റെ പൊതുലക്ഷ്യം സാധാരണ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം തകര്‍ക്കുന്ന ഇന്നത്തെ ലോകസമ്പദ്ഘടനയുടെ ഗതിക്ക് എതിരായിട്ടുള്ളതായിരിക്കണം. അമേരിക്കയില്‍ പണം ചെലവിടുന്നത് സാമൂഹ്യമേഖലയിലെ ക്ഷേമപദ്ധതികള്‍ വഴിയോ ഫെഡറല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയോ ആകാം. ഇന്ത്യയിലും ചൈനയിലും ക്ഷേമപദ്ധതികള്‍ക്കു പുറമെ, സര്‍ക്കാരുകള്‍ ഉല്‍പ്പാദനമേഖലയില്‍, പ്രത്യേകിച്ച് കാര്‍ഷിക, ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ ഗണ്യമായ തോതില്‍ നിക്ഷേപം വര്‍ധിപ്പിക്കണം.
ലോകസമ്പദ്ഘടനയെ മൊത്തത്തില്‍ പരിഗണിച്ചാല്‍, പ്രചോദനം നല്‍കേണ്ടത് കുമിളകള്‍ വഴിയല്ല, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരുകള്‍ പണം ചെലവഴിച്ചാണ്. വികസിത-വികസ്വരരാജ്യങ്ങളില്‍ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പാക്കണം (കോര്‍പറേറ്റ് കൃഷിസമ്പ്രദായം വഴിയല്ല, അത് കര്‍ഷകരുടെ ക്രയശേഷി വീണ്ടും കുറയ്‌ക്കും) ചുരുക്കത്തില്‍, പുതിയ വികസനതന്ത്രം ആവിഷ്‌ക്കരിക്കേണ്ടത് ഭക്ഷ്യധാന്യഉല്‍പ്പാദനം ഉയര്‍ത്താനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്. ഇത് ലോകത്തെ മാന്ദ്യത്തില്‍നിന്നും ഭക്ഷ്യപ്രതിസന്ധിയില്‍നിന്നും കരകയറ്റും. ലോകസമ്പദ്ഘടനയിലെ വ്യാപാര-ധന ക്രമീകരണങ്ങള്‍ സ്വതന്ത്രകമ്പോളവ്യവസ്ഥയുടെ തത്വങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ടുപോകരുത്. കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും കയറ്റങ്ങളിലും തകര്‍ച്ചകളിലും ദുരിതത്തിലാഴ്ത്തുന്ന നയങ്ങള്‍ ഇനിയും തുടരുന്നത് തികച്ചും അനീതിയാണ്.
*****
പ്രഭാത് പട്നായിക്
2008 ഒക്‍ടോബര്‍ 30 ന് ഐക്യ രാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രൊ. പ്രഭാത് പട്നായിക് അവതരിപ്പിച്ച The Present crisis and the way forward എന്ന പേപ്പറിന്റെ സ്വതന്ത്ര വിവര്‍ത്തനം
Subscribe to:
Post Comments (Atom)
6 comments:
കുമിളകളുടെ പെരുപ്പംവഴി മൂന്നാംലോകരാജ്യങ്ങളിലെ കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പ്പാദകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കരകൌശലതൊഴിലാളികള്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും ഗുണമൊന്നും ലഭിച്ചിരുന്നില്ല, മറിച്ച് അവരുടെ ജീവിതനിലവാരം താഴോട്ടുപോയി. പല രീതിയിലാണ് ഇതു സംഭവിച്ചത്. ഒന്ന്, ആഗോളധനകമ്പോളങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍, ആസ്‌തിമൂല്യങ്ങളിലുണ്ടായ കുതിച്ചുകയറ്റംവഴി യുഎസ് ഓഹരിവിപണിയിലുണ്ടായ കുതിപ്പ്, മൂന്നാംലോകത്തടക്കം ധനമേഖലയിലുണ്ടായ കയറ്റം, ഇതൊക്കെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ഉല്‍പ്പാദനമേഖലയ്‌ക്കുപകരം ഊഹക്കച്ചവടങ്ങളില്‍ പണമിറക്കാന്‍ പ്രേരിപ്പിച്ചു. ഗ്രാമീണമേഖലയ്‌ക്കുപകരം നഗരങ്ങളിലും കാര്‍ഷിക-ചെറുകിട വായ്‌പകള്‍ക്കുപകരം ഉപഭോക്‍തൃ ആവശ്യങ്ങള്‍ക്കും ഓഹരിനിക്ഷേപങ്ങള്‍ക്കും ബാങ്കുകള്‍ പണം കടംകൊടുത്തു. രണ്ടാമതായി, സ്റ്റേറ്റിന്റെ ചുമതല ഈ ധനക്കുതിപ്പിനെ പിന്തുണയ്‌ക്കുക എന്നതായി. കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും സംരക്ഷിക്കുന്നതിനുപകരം 'നിക്ഷേപകരുടെ ആത്മവിശ്വാസം' നിലനിര്‍ത്തുക എന്നതിലായി. സബ്‌സിഡികള്‍, താങ്ങുവിലകള്‍, അത്യാവശ്യ പൊതുനിക്ഷേപം, ഗ്രാമീണ-സാമൂഹ്യമേഖലകളില്‍ അടിസ്ഥാനസൌകര്യം ഒരുക്കല്‍- ഇതെല്ലാം വെട്ടിക്കുറച്ചു; ഇതുവഴി ചെറുകിട ഉല്‍പ്പാദകരുടെ സാമ്പത്തികസ്ഥിതി തകര്‍ന്നു.
ചെറിയ സ്ഥിതിവിവരക്കണക്കുവഴി ഇക്കാര്യം വ്യക്തമാക്കാം. 1980-85ല്‍ ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനം 335 കിലോഗ്രാമായിരുന്നു. 2000-2005ല്‍ 310 കിലോഗ്രാമായി ചുരുങ്ങി. ഈ കുറവ് ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉപഭോഗത്തില്‍ വന്ന ഇടിവിന്റെയും തെളിവാണ്. പക്ഷേ, വികസിതരാജ്യങ്ങളില്‍ പ്രതിശീര്‍ഷധാന്യ ഉപഭോഗം നേരിട്ടും അല്ലാതെയും വര്‍ധിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മൂന്നാംലോകരാജ്യങ്ങളില്‍ സംഭവിച്ച ഗണ്യമായ തകര്‍ച്ച ബോധ്യമാകുന്നു. ആഭ്യന്തര മൊത്ത ഉല്‍പ്പാദനനിരക്കില്‍ (ജിഡിപി) വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യയും ചൈനയുംപോലും ഇതില്‍നിന്ന് രക്ഷപ്പെട്ടില്ല.
പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടും ധാന്യത്തിന്റെ വിലയില്‍ അതനുസരിച്ച് വര്‍ധന നേരിട്ടില്ല. (ഈ കാലയളവില്‍ ലോകത്ത് ഭക്ഷ്യധാന്യവ്യാപാരവും ഭക്ഷ്യധാന്യ ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 40 ശതമാനത്തോളം കുറയുകയും ചെയ്തു). ലോകസമ്പദ്ഘടനയില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുകയുംചെയ്തു. മൂന്നാംലോകരാജ്യങ്ങളിലെ ജനതയുടെ ക്രയശേഷിയില്‍വന്ന കുറവ് എത്ര വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ കയറ്റങ്ങള്‍ ലോകസമ്പദ്ഘടനയില്‍, പ്രത്യേകിച്ച് മൂന്നാംലോകത്ത് ഏല്‍പ്പിച്ച കെടുതികള്‍ ഇത്രയും ഭീകരമാണ്. (യുഎസ് സമ്പദ്ഘടനയുടെ പങ്കിനെ 'ലോക്കോമോട്ടീവ്' എന്ന് വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്. ലേക്കോമോട്ടീവ് ചില കോച്ചുകളെ വലിച്ചുകൊണ്ടുപോകുമ്പോള്‍ മറ്റുള്ളവയെ തള്ളി പിന്നിലാക്കുന്നു).
ഊഹാധിഷ്ഠിത കയറ്റങ്ങളുടെ കെടുതി അനുഭവിച്ച ജനതതന്നെ ഇതിന്റെ തകര്‍ച്ചയുടെ ദുരന്തവും പേറേണ്ടിവരുന്നു. ഇതാണ് ദാരുണമായ വിരോധാഭാസം.
2008 ഒക്‍ടോബര്‍ 30 ന് ഐക്യ രാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രൊ. പ്രഭാത് പട്നായിക് അവതരിപ്പിച്ച The Present crisis and the way forward എന്ന പേപ്പറിന്റെ സ്വതന്ത്ര വിവര്‍ത്തനം
എന്തു പധതി നടപ്പാക്കിയാലും അത് യഥാര്‍ഥ ഉപ്ഭോക്താവിനു കിട്ടിയാലെ ഗുണമുള്ളു, ക്കെരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗ്സഥര്‍ ഉള്ള ഡിപ്പാര്‍ട്മെണ്റ്റാണു അഗ്രികള്‍ചര്‍ പക്ഷെ അവിടത്തെ പണിയുടെ സിംഹഭാഗവും പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച ഫയലെഴുത്തും കോടതികയറ്റവും ആണൂ, ഈ ഡിപ്പാര്‍ട്ടുമണ്റ്റ് ഒന്നാകെ പിരിച്ചു വിട്ടൂ ആ പണം കൊണ്ട് യതാര്‍ഥ കര്‍ഷകനു രണ്ടു തെങ്ങിന്‍ തൈ വീതം വാങ്ങി വിതരണം ചെയ്താല്‍ അത്രയും നന്നു, പുലകുളി അടിയന്തരവും വിവാഹ സദ്യയും ഉണ്ട് നടക്കുന്നതാണൂ ജനകീയ മന്ത്രിയാകാനുള്ള വഴി എന്നു തെറ്റി ധരിച്ച പാവം മുല്ലക്കര രത്നാകരനുണ്ടോ ഇതിനു വല്ല കഴിവും, ധിക്കാരിയും തണ്റ്റേടിയുമായ ഗൌരി അമ്മ വിചാരിച്ചിട്ടൂ നടന്നില്ല പിന്നെയാണൂ
പരിസര ബോധം,അവബോധം താന്‍ പറയുന്നതിന് ഇവിടെ എന്ത് പ്രസക്തി,ഇതൊന്നും ആരുഷിക്ക് തരിമ്പും ഇല്ലാ,പിന്നെയോ കാളമൂത്രം പോലെ വിസര്‍ജ്ജിക്കും.ഐക്യ രാഷ്ട്ര സഭയില്‍ മുതലാളിത്ത ധനകാര്യ ക്രൈസിസ് ന്റെ ചര്‍ച്ചയും മുല്ലക്കര രത്നാകരനും തമ്മിലെന്ത്,.ആവോ, എന്തരോ..മൊത്തം195 രാജ്യങ്ങളില്‍ ഹ്യൂമന്‍ development index ല 130 ആം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ എന്നും(ബംഗ്ലാദേശ്-138, പാകിസ്താന്‍-133) അതിലെ കാര്യമായ ഒരു പവര്‍ ഉം ഇല്ലാത്ത(അതുകൊണ്ട് കൂടിയാണ് ദല്‍ഹിയിലും ബോംബയിലും 10-12 മണിക്കൂര്‍ power cut) ഒരുപാടു സംസ്ഥാനങ്ങളിലോന്നാണ് കേരളമെന്നും പാവം ആരുഷിക്ക് അറിയില്ല."വെറുതെ ഒരു ആരുഷി" ഇവിടെ മുല്ലക്കര,പാലോളി,മാണി,കോടിയേരി എന്നിങ്ങനെ പിച്ചും പേയുംപറഞ്ഞുകൊണ്ടേ ഇരിക്കുന്നു...പാവം ഓരോ ജീവിത ദാശാസന്തികളില്‍ ചിലര്‍ അങ്ങനെ ആണ്..
പോസ്റ്റിനു നന്ദി. കൂട്ടപ്പിരളിക്കിടയില്‍ വിട്ടു പോകുമായിരുന്ന കുറേയേറെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു പട്നായിക്.
ഫോറം പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.
informative. thank you so much
Swasthika, ആരുഷിയെ വിട്ടേക്ക്. ഈ ഫോറത്തില്‍ എത്രയോ നല്ല നിലവാരമുള്ള പോസ്റ്റുകള്‍ വന്നിരിക്കുന്നു. ഒരുമാതിരി ആളൊക്കെ അതൊക്കെ വായിച്ചാല്‍ അല്പസ്വല്പം വിവരമുണ്ടാകും. ഇതു ഇനം വേറെ. "ഞാന്‍ നന്നവൂല അമ്മാവാ!" വിട്ടേക്ക്, പാവം.
Post a Comment