Friday, October 17, 2008

കത്തുന്നത് സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകള്‍

മുതലാളിത്തമതാപൊട്ടിപ്പൊളിയുന്നു..
സാമ്രാജ്യത്വ നായകനതാ നിന്നു ചിണുങ്ങുന്നു.
ലോകപൊലീസിന്റെ ചന്തിപൊള്ളുന്നു
അതതാ, നിന്നു ചിണുങ്ങുന്നു.
ഇറാഖില്‍ കുട്ടികളെ ചുട്ടുകൊന്നിട്ട്
അമ്മി ചാടിക്കടന്ന് വീരസ്യം കാട്ടിയ
ലോകപൊലീസതാ നിന്നു കത്തുന്നു.
അഫ്‌ഗാനിസ്ഥാനിലെ ജനപദങ്ങളാകെ
ഉഴുതുമറിച്ചശേഷം തീയിട്ടു രസിച്ച
യാങ്കിയതാ മേലാകെപ്പൊള്ളി
ഉടുവസ്‌ത്രമുരിഞ്ഞെറിഞ്ഞ് നെട്ടോട്ടമോടുന്നു.

തകരുന്നത് ലേഹ് മാനല്ല,
ചീയുന്നത് മുതലാളിത്തമാണ്
അതതാ കെട്ടു ചീയുന്നു.
ലോകത്തനേകകോടികള്‍ക്ക്
തീരാദുരിതം വിതച്ച മുതലാളിത്തത്തിന്റെ നാശം
ഹായ് ! അതെത്ര ആശ്വാസകരമായിരിക്കും!

യുദ്ധങ്ങള്‍, വറുതികള്‍, കൂട്ടക്കൊലകള്‍
പൂഴ്ത്തിവെപ്പുകള്‍, തട്ടിപ്പുകള്‍, കൊള്ളലാഭം
ഇതാ കഴുത്തറുപ്പന്‍ വ്യവസ്ഥ
അതിന്റെ തന്നെ തലയറക്കുന്നു.
ലാഭം, കൂടുതല്‍ ലാഭം, അതിലും ലാഭം
അതിന്റെ തത്വശാസ്ത്രമാണ് കിടന്നു പിടയുന്നത്.
തകരുന്നത് ഫാനി മെയും ഫ്രെഡ്‌ഡി മാക്കുമല്ല
ചീയുന്നത് മുതലാളിത്തമാണ്.

നോക്കൂ, മാസങ്ങളായി തകര്‍ന്നടിയുകയാണ്
ഓരോന്നോരോന്നായി ബാങ്കുകള്‍.
അമേരിക്കയില്‍, ഇംഗ്ളണ്ടില്‍,
ഫ്രാന്‍സില്‍, യൂറോപ്പിലാകെ
മുതലാളിത്തലോകമാകെ ആടിയുലയുന്നു.
കമ്പോളമൌലികതാവാദമതാ
മൂക്കുകുത്തി വീഴുന്നു.
ആരാന്റെ മണ്ണിലെ വിഭവവും
ലോകമാകെയുള്ള അധ്വാനശക്തിയും
യഥേഷ്‌ടം ചൂഷണം ചെയ്തു ചീര്‍ത്തുവന്ന
മുതലാളിത്തമാണ്, അതിന്റെ പരമോന്നതരൂപമാണ്
അളിഞ്ഞുകിടന്ന് ഊര്‍ധശ്വാസം വലിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകളിലാണ്
തീപിടിത്തം.
മഹാമാന്ദ്യത്തിന്റെ ശീതക്കാറ്റാണ്
വീശിയടിക്കുന്നത്.
സ്വതന്ത്രകമ്പോളത്തിന്റെ അപ്പോസ്തലന്മാര്‍
തലയില്‍ മുണ്ടിട്ട് നാണം മറയ്ക്കുകയാണ്.ഇന്നലെ ചിദംബരം പറഞ്ഞതുകേട്ടോ?
പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ലത്രെ.
കാരണമല്ലേ ഹരകരം?
അവക്ക് നല്ല റഗുലേഷനുണ്ടത്രെ!
ഉള്ള റഗുലേഷനത്രയും ഉള്ള കണ്‍ട്രോളുകളത്രയും
വേണ്ടെന്നു വെക്കണമെന്നു ശഠിച്ച സുന്ദരക്കുട്ടപ്പന്മാര്‍
മുഖം കരിവാളിക്കുമെന്നു കാണുമ്പോള്‍
നിയന്ത്രണങ്ങളുടെ തൂവാല പൊക്കി
മോന്ത മറയ്‌ക്കുന്നത് കാണാനെന്തു ചേല് !

ഓര്‍മയുണ്ടോ ഇവരുടെ ജല്പനങ്ങള്‍?
കണ്‍ട്രോള്‍ വേണ്ട, റെഗുലേഷന്‍ വേണ്ട,
ലൈസന്‍സ് രാജ് വേണ്ടേ വേണ്ട;
കമ്പോള സൌഹൃദ സമീപനം.
പച്ച മലയാളത്തില്‍ ചന്തച്ചങ്ങാത്തം.
വന്നു വന്നെവിടെ വരെയായെന്നോ?
ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്ട്
പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്.
എന്നാല്‍ അതില്‍ ' റെഗുലേഷനു'ണ്ട്,
സായ്പിന് റെഗുലേഷന്‍ ഇഷ്ടമല്ല.
ആകയാല്‍ നമ്മളത് മാറ്റിത്തീര്‍ത്തു.
നിയമത്തിന്റെ പേരുമാറ്റി
റെഗുലേഷന്‍ വേണ്ടെന്നുവച്ചു.
പുതുപേര് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് !
കേള്‍ക്കാനെന്ത് സുഖം?

പഴയൊരുദ്യോഗപ്പേരാണ് സി സി ഐ ആന്‍ഡ് ഇ
ചീഫ് കണ്‍ട്രോളര്‍ ഓഫ് ഇംപോര്‍ട്സ് & എക്സ്പോര്‍ട്സ്.
കണ്‍ട്രോള്‍ സായ്പിനിഷ്ടമല്ല.
ആ പേരുതന്നെ നാം മാറ്റി.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്
അതായി പുതിയ പേര് !

റെഗുലേഷനെ,
കണ്‍ട്രോളിനെ,
ലൈസന്‍സിനെ
കളിയാക്കിപ്പോന്ന ചിദംബരവും കൂട്ടരുമിതാ
കണ്‍ട്രോള്‍ രാജിന് സ്തുതി പാടുന്നു!
ഹരകരമല്ലാതെ മറ്റെന്താണിത്?

എന്നാല്‍ ഇതിവിടെ മാത്രമല്ല
ബുഷ് നിന്ന് വിയര്‍ക്കുമ്പോള്‍
അയാളുടെ ഫെഡറല്‍ റിസര്‍വ് ചെയ്യുന്നതെന്താ?
സര്‍വസ്വതന്ത്രമായ കമ്പോളത്തില്‍
സര്‍ക്കാറിടപെടരുതെന്ന്
വീണ്ടും വീണ്ടും നമ്മെ പഠിപ്പിക്കുന്നവര്‍
സ്വന്തം നാട്ടില്‍ ചെയ്യുന്നതെന്താ?
ദേശസാല്‍ക്കരണം !

ദേശസാല്‍ക്കരിച്ച നമ്മുടെ ബാങ്കുകളെ
സ്വകാര്യവല്‍ക്കരിക്കണമെന്നു പറയുന്നവര്‍
അത്യാര്‍ത്തി മൂത്ത സ്വകാര്യബാങ്കുകള്‍
തവിടുപൊടി തരിപ്പണമാകുമ്പോള്‍
അവസാന രക്ഷക്കായ് കണ്ടെത്തുന്നത്
ബാങ്ക് ദേശസാല്‍ക്കരണമാണത്രെ.

പത്രത്തില്‍ ടാറ്റാ-എഐജിയുടെ പരസ്യം കണ്ടോ?
നിക്ഷേപകരെ ആശ്വസിപ്പിക്കാനായി ടാറ്റ പറയുകയാണ്:
വിഷമിക്കേണ്ട,
എ ഐ ജിയുടെ പങ്ക് വെറും 26 ശതമാനം മാത്രം!
ആ ഇരുപത്താറ് 49 ആക്കുമെന്നാണ്
വിശ്വാസവോട്ടു വിലക്കെടുത്തതിന്റെ പിറ്റേന്ന്
പളനിയപ്പന്‍ ചിദംബരം പറഞ്ഞത്.
വിദേശ നിക്ഷേപം കൂട്ടുമെന്ന് !
മിസ്‌റ്റര്‍ മന്‍മോഹന്‍,
ടാറ്റാ-എ ഐ ജിയില്‍
എ ഐ ജിയുടെ പങ്ക്
74 ശതമാനമായിരുന്നെങ്കില്‍ ?

കമ്പോളം സ്വയം തിരുത്തുമോ
അതോ നിക്ഷേപകരെ കമ്പോളം തുരത്തുമോ?
ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളില്‍
വിദേശികള്‍ക്ക് 74 ശതമാനം ഷെയറാവാം.
എന്നാലൊരു രക്ഷ
അവര്‍ക്ക് വോട്ടവകാശം വെറും പത്തു ശതമാനം.
എന്നാലതു മാറ്റി
പൂര്‍ണ വോട്ടവകാശം കൊടുക്കാനുള്ള ബില്ല്
അടുപ്പത്തു വച്ചു തീപൂട്ടുകയാണ് ചിദംബരം.
അതാണ് ബാങ്കിങ് റഗുലേഷന്‍ ആക്‍ട് ഭേദഗതി.
കേന്ദ്രസര്‍ക്കാറിന് വര്‍ഷാവര്‍ഷം
ലാഭവിഹിതമായി
അനേകകോടികള്‍ എത്തിച്ചു കൊടുക്കുന്ന
പൊതുമേഖലാ ബാങ്കുകളുടെ ഷെയറുകള്‍
സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റശേഷം
ഇപ്പോള്‍ പറയുന്നത്
അവരുടെ വോട്ടവകാശം കൂട്ടണമെന്നാണ് !

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക,
സ്വകാര്യവല്‍ക്കരിച്ച് വിദേശവല്‍ക്കരിക്കുക,
അതിനായിരുന്നു നീക്കം.
അതിതിനകം നടന്നിരുന്നെങ്കില്‍
സ്വകാര്യ വിദേശ ബാങ്കുകള്‍
നമ്മുടെ ബാങ്കുകളെ വിഴുങ്ങിയിരുന്നെങ്കില്‍
നിക്ഷേപകന്റെ നഷ്ടം നികത്താന്‍
എത്ര റിസര്‍വ് ബാങ്ക് റിസര്‍വുകളുടെ
കെട്ടുതാലി തൂക്കിവിറ്റാലാവും,
എക്‍സ് ഗവര്‍ണര്‍ മന്‍മോഹന്‍ജീ!

എന്താണീ തകര്‍ച്ചകള്‍ നല്‍കുന്ന സൂചനകള്‍?
എന്താണ് നാമിതില്‍ നിന്നറിയേണ്ടത് ?
ഇത് വ്യവസ്ഥയുടെ തകര്‍ച്ചയാണ്
മാനവരാശിക്ക് തീരാദുരിതങ്ങളും
യുദ്ധങ്ങളും പട്ടിണിയും
സമ്മാനിച്ച മുതലാളിത്തം
അതിന്റെ സഹജ ദൌര്‍ബല്യത്താല്‍
വീണടിഞ്ഞു തകരുകയാണ്.
ലാഭം കൂടുന്നതിനനുസരിച്ച്
കൂടുതല്‍ കൂടുതല്‍ ലാഭം നോക്കിപ്പോവുന്ന മൂലധനം
ഇപ്പോഴിതാ സ്വയം കെട്ടിത്തൂങ്ങിച്ചാവുന്നു.
മൂലധനത്തിന് ദേശസ്നേഹമില്ല,
ലാഭം കൂടുന്നെങ്കില്‍ അത് കെട്ടിത്തൂങ്ങും.

നമ്മുടേത് മുട്ടത്തോടിന്മേലൂടെയുള്ള
നടത്തമാണ്.
യഥാര്‍ഥ സമ്പദ് വ്യവസ്ഥയുമായി
ബന്ധമില്ലാത്ത മട്ടില്‍
ധനമേഖല ഊതിപ്പെരുപ്പിക്കുകയാണ്.
മൂലധനമാകെ
അങ്ങോട്ടു കുത്തിയൊഴുകുകയാണ്.
ഉല്‍പാദന മേഖലയിലെ മൂലധനമാകെ
ഊഹക്കച്ചവടത്തിലേക്ക് തിരിയുകയാണ്.
ധനക്കമ്പോളത്തിലേക്ക് കുത്തിയൊഴുകുകയാണ്.
അങ്ങനെയാണ്
നാണയച്ചന്തകള്‍ പെരുകിയത്.
നാണയം തന്നെ ചന്തയിലെത്തുന്നു.
അതിന്റെ കൈമാറ്റത്തില്‍ കോടികള്‍ മറിയുന്നു.
അതിന്റെ കയറ്റിറക്കങ്ങള്‍ വഴി
സഹസ്രകോടികള്‍ കീശയിലാക്കുന്നു.
ഇതാണ് ഫിനാന്‍സ് മൂലധനത്തിന്റെ
പെരുമാറ്റ രീതി.
അതങ്ങനെ
പതഞ്ഞു പതഞ്ഞു പൊങ്ങുകയാണ്.
ഇത്തിരിയിത്തിരിയായി
ഇറ്റിറ്റു കിട്ടുന്നതും കാത്ത്
നമ്മുടെ കമ്പോള വാദികള്‍ പിറകേ കൂടുന്നു.

നോക്കൂ,
എന്താണ് യഥാര്‍ഥത്തില്‍
അമേരിക്കയില്‍ സംഭവിക്കുന്നത്?
സ്ഥിതി ഗുരുതരമാണ്,
നില പരുങ്ങലിലാണ്.
'ധൂര്‍ത്തന്റെ ഒഴിയാറായ മടിശ്ശീല'പോലെ
അതിതാ പാപ്പരായിക്കഴിഞ്ഞിരിക്കുന്നു.
ആരാന്റെ
കാശിലാണമേരിക്ക ജീവിക്കുന്നത്.
ആയുധപ്പുരകള്‍കാട്ടി കണ്ണുരുട്ടിയും
വെറുതേയടിക്കുന്ന ഡോളറിനെ
ലോകനാണയമാക്കി പ്രചരിപ്പിച്ചും
സ്വന്തം പ്രാരബ്‌ധം മറച്ചു പോന്ന ഈ കടല്‍ക്കിഴവന്‍
ഇതാ വടിയും കുത്തി
പൊതാപ്പൊത്തോന്ന് വീഴുന്നു.

തകര്‍ച്ചയാണ്,
മാന്ദ്യമാണ്.
അത് മറച്ചു വെക്കാന്‍ നെട്ടോട്ടമാണ്.
ബൈ ഫോര്‍ അമേരിക്കാ
എന്നാണ് ഒരു പ്രസിഡന്റ് അഭ്യര്‍ഥിച്ചത്.
കൈയില്‍ കാശില്ലെങ്കിലും വാങ്ങിച്ചോളാന്‍
കാശില്ലെങ്കിലെന്താ,
ക്രെഡിറ്റ് കാര്‍ഡ് മതീ എന്ന്.
അങ്ങനെയങ്ങനെ വാങ്ങിച്ച് വാങ്ങിച്ച്
കടം പിടിച്ചു പിടിച്ചു
ദരിദ്രമായ ഒരു നാടാണ്,
അവിടുത്തെ നാട്ടുകാരാണ്,
കടക്കെണിയില്‍ പെട്ട
സ്വന്തം നാടിനെ രക്ഷിക്കാനായി
വാങ്ങിക്കൂട്ടിയത്.
എന്നിട്ടും പോണില്ല ചോണനുറുമ്പ്
എന്നായപ്പോഴോ?

അപ്പോഴാണ് പുതിയൊരിനം:
കടം വാങ്ങി വീടുവെച്ചോ,
വീടുവെച്ചാലോ?
കുറച്ചാള്‍ക്ക് പണി കിട്ടും
കമ്പിയുമിരുമ്പും സിമന്റുമൊക്കെ
കുറേശ്ശയായി ചെലവായിക്കിട്ടും.
അവിടെയൊരനക്കമുണ്ടാവും.

കടംവാങ്ങി വീടുവെച്ചു,
കടം തിരിച്ചടക്കാനാവുന്നവനും
ആവാത്തവനും.
ക്രയശേഷി കുറഞ്ഞാല്‍
എങ്ങനെ തിരിച്ചടക്കും?
തിരിച്ചടക്കാഞ്ഞാല്‍
പിന്നെ ബാങ്കെന്തു ചെയ്യും?
വീടുകള്‍ തൂക്കിവില്‍ക്കാന്‍ നോക്കും.
അങ്ങനെ വന്നാല്‍ ഭവന മാര്‍ക്കറ്റോ?
വിലയിടിഞ്ഞ് നാശകോശമാവും.
അങ്ങനെയങ്ങനെ വീടിനു വിലകുറഞ്ഞാലോ?
പണം കൊടുത്ത ബാങ്ക് പൂട്ടേണ്ടിവരും.
പക്ഷേ ഭൂപണയ ബാങ്കുകള്‍ വിരുതന്മാരാണ്.
അവരാ വീടും വെച്ചൊരു പണി ഒപ്പിച്ചു.
വീടിന്റെ ഈടില്‍ കടപ്പത്രമുണ്ടാക്കി.
ആ കടപ്പത്രത്തില്‍ ചെന്ന്
കൈയിട്ട് വാരി വമ്പന്‍ ലാഭം കൊയ്യാനായി
കൊമ്പന്മാരായ ബാങ്കുകളാകെ പാഞ്ഞു.
പെട്ടന്നാണ് തിരിച്ചടി വന്നത്.
മോര്‍ട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റികള്‍
കൈയിലുള്ള ബാങ്കുകള്‍
ഇതെവിടെക്കൊണ്ടുചെന്ന് വില്‍ക്കും?

ആര്‍ക്കുവേണമീ കടപ്പത്രം?
ആര്‍ക്കുവേണമീ ലേല വീടുകള്‍?
ബാങ്കായ ബാങ്കുകളൊക്കെ
കുത്തുപാളയെടുത്തു.
കള്ളക്കണക്കെഴുതി നാട്ടാരെയും
മറുനാടുകളെയും പറ്റിച്ച
പഴയ എന്‍റോണിനെപ്പോലെ
തട്ടിപ്പും വെട്ടിപ്പും നടത്തിയവര്‍
കോടികള്‍ വിഴുങ്ങി ഏമ്പക്കമിട്ടപ്പോള്‍
ലോകത്താകെ
ബാങ്കുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു.
എന്നിട്ടുമെന്നിട്ടുമെന്തേ
ഇന്ത്യയില്‍ ബാങ്കുകള്‍ തകര്‍ന്നില്ല?
കാരണം വേറൊന്നല്ല.
ഇവിടെ നിയന്ത്രണങ്ങള്‍
നിലവിലുണ്ടായിരുന്നു.
ആ നിയന്ത്രണങ്ങള്‍
എടുത്തു കളയാനായിരുന്നു നീക്കം.
അതു പറ്റില്ലെന്ന് ഇടതുപക്ഷം,
അത് പറ്റില്ലെന്ന് തൊഴിലാളികള്‍.
മുഖാമുഖം നിന്നെതിരിടുകയായിരുന്നു
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി.
ഇടതുപക്ഷത്തെ കൂടാതെ
നിലനില്‍പ്പില്ലാത്തതുകൊണ്ട്
ബില്ലുകളൊന്നും പാസ്സാക്കാനായില്ല
എന്നാല്‍
വിശ്വാസം വിലകൊടുത്തു വാങ്ങിയശേഷം
പളനിയപ്പന്‍ ചിദംബരം ചെട്ടിയാര്‍
പച്ചക്ക് വെട്ടിത്തുറന്നു ബോധ്യപ്പെടുത്തി,
താന്‍ ആരുടെ ദാസനാണെന്ന് !
ബാങ്കിങ്, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ബില്ലുകള്‍
ഉടനെ പാസ്സാക്കിയെടുക്കുമെന്ന് വീമ്പടി.

എന്നാല്‍
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ്
അവരുടെ'സ്വര്‍ഗരാജ്യ'ത്തില്‍
നരകം പൊട്ടിയൊലിച്ചത്.
അതിന്റെ ചലം വീണുപൊള്ളുന്ന മുഖവും പൊത്തി
ചിദംബരം നീറ്റലകറ്റുകയാണ്.
ഒന്നോര്‍ത്തുനോക്കൂ , മന്ത്രിപുംഗവന്‍
ഇന്ത്യന്‍ ബാങ്കുകളില്‍
ലേഹ്‌മാന്‍ ബ്രദേര്‍സിന്
നിങ്ങളാഗ്രഹിച്ചതിന്‍ പടി ഷെയറുകള്‍ നല്‍കുകയും
കാര്യങ്ങള്‍ അവരാഗ്രഹിച്ചതിന്‍പടി
നടക്കുകയും ചെയ്തിരുന്നെങ്കില്‍
എത്ര ദശലക്ഷം ഇന്ത്യക്കാരായിരുന്നു,
പാവപ്പെട്ട നിക്ഷേപകരായിരുന്നു,
കുത്തുപാളയെടുത്ത്
ലേഹ്‌മാനെ പ്രാകുന്നുണ്ടാവുക?

ആരാണീ ലേഹ്‌മാന്‍?
ഒന്നും രണ്ടും ലോകമഹായുദ്ധവും
മഹാമാന്ദ്യവും
ഡോട്ട് കോം ബബിളും
സിലിക്കണ്‍വാലിയിലെ ശീതക്കാറ്റും
എല്ലാം അതിജീവിച്ച മഹാമല്ലന്‍!
ആന പാറുന്ന കാറ്റിലെന്താട് ?

മഹാ മാന്ദ്യത്തിന്റെ ശീതക്കാറ്റില്‍
സ്വന്തം നാട്ടിലെ ബാങ്കിങ്ങിനെയും
സമ്പദ് വ്യവസ്ഥയെത്തന്നെയും
സംരക്ഷിക്കാനായി
എത്ര ശതകോടികളാണവര്‍
ഒഴുക്കിക്കൊണ്ടിരിക്കുന്നത് !

ഇന്ത്യന്‍ ബാങ്കുകള്‍
ഇന്ന് പൊട്ടാതെ പൊളിയാതെ നില്‍ക്കുന്നെങ്കില്‍
ആര്‍ക്കാണതില്‍ അഭിമാനിക്കാനാവുക?
ഇതിനെത്തടുത്ത ബാങ്ക് ജീവനക്കാരും
അവരെത്തുണച്ച ഇടതുപക്ഷവും തന്നെ.
ആര്‍ക്കും വിലയ്ക്കെടുക്കാനാവുന്ന
ഒരു വലതുപക്ഷമുള്ളൊരു നാട്ടില്‍
നാടിനെയും നാട്ടാരെയും സംരക്ഷിച്ചു നിര്‍ത്താന്‍
സ്വയം ഒരു പരിചയും വാളുമാവാന്‍
ബാധ്യതപ്പെട്ട ഇടതുപക്ഷം
അതിന്റെ കടമ നിറവേറ്റുകതന്നെ ചെയ്തു.
അന്നങ്ങനെ ചെയ്തതുകൊണ്ട് മാത്രമാണ്
ഒരു മഹാദുരന്തത്തില്‍ നിന്ന് നാം രക്ഷപ്പെട്ടത്.

കഥ തീരുന്നില്ല,
കളി തീരുന്നില്ല.
കമ്പോള മൌലികതാവാദികള്‍
ഒരുങ്ങിപ്പുറപ്പെട്ടുതന്നെയാണ് നില്‍പ്പ്.
അവരെത്തളയ്ക്കാന്‍,
ജനതയെ രക്ഷിക്കാന്‍
ഇനിയും പോരാട്ടങ്ങളേറെ വേണ്ടിവരും.
ഇന്ത്യയുടെ ഭാവി
ഇടതുപക്ഷത്തിലാണെന്ന്
വീണ്ടും കാലം നമ്മെ പഠിപ്പിക്കുകയാണ്.
പക്ഷേ ഒന്നുണ്ട്
വ്യക്തമായും അറിയേണ്ടത്,
പറയേണ്ടത് :
തകരുന്നത് മുതലാളിത്തമാണ് ;
അതിന്റെ ആസുരമുഖമാണ് വികൃതമാകുന്നത്.
സോഷ്യലിസം,
സോഷ്യലിസം മാത്രമാണ് ബദല്‍.
അതേ
ഇതൊരു സൂചനയാണ്.
ഇതൊരു മുന്നറിയിപ്പാണ്
ഈ തകര്‍ച്ച ഒരു വ്യവസ്ഥയുടേതാണ്.

*****

ഏ കെ രമേശ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

8 comments:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്തമതാപൊട്ടിപ്പൊളിയുന്നു..
സാമ്രാജ്യത്വ നായകനതാ നിന്നു ചിണുങ്ങുന്നു.
ലോകപൊലീസിന്റെ ചന്തിപൊള്ളുന്നു
അതതാ, നിന്നു ചിണുങ്ങുന്നു.
ഇറാഖില്‍ കുട്ടികളെ ചുട്ടുകൊന്നിട്ട്
അമ്മി ചാടിക്കടന്ന് വീരസ്യം കാട്ടിയ
ലോകപൊലീസതാ നിന്നു കത്തുന്നു.
അഫ്‌ഗാനിസ്ഥാനിലെ ജനപദങ്ങളാകെ
ഉഴുതുമറിച്ചശേഷം തീയിട്ടു രസിച്ച
യാങ്കിയതാ മേലാകെപ്പൊള്ളി
ഉടുവസ്‌ത്രമുരിഞ്ഞെറിഞ്ഞ് നെട്ടോട്ടമോടുന്നു.

ജിവി/JiVi said...

ക്യാപ്പിറ്റലിസം കൊണ്ടുണ്ടായ കുഴപ്പം ക്യാപ്പിറ്റലസം പരിഹരിച്ചുകൊള്ളും എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ നമ്മുടെ ഒരു മാനേജ്മെന്റ് വിദഗ്ദ്ധന്‍ അഭിപ്രായപ്പെടുന്നത് കണ്ടു. അത്തരക്കാരെ ഇതൊക്കെ ഒന്നു വായിപ്പിക്കാന്‍ കഴിയുമോ സര്‍?

Anonymous said...

പണ്ടു മാറ്‍ക്സ്‌ പറഞ്ഞു മുതലാളിത്തം തകറ്‍ ന്നു വീഴുമെന്നു ഇതായിരിക്കും ആ വീഴ്ച പക്ഷെ പകരം വെയ്ക്കനിരുന്ന സോച്യലിസം എവിടെ? അതു പണ്ടേ റഷ്യയിലും ഹംഗറിയിലും ചെക്കോസ്ളോവാക്യയിലും തകറ്‍ന്നില്ലേ? ഈ എക്കണോമിക്‌ മാന്ദ്യം റഷ്യയെ ബാധിക്കുന്നില്ല കാരണം അവിടെ എക്കൊണോമിയേ ഇല്ല , ഫ്റാന്‍സില്‍ കുഴപ്പമില്ല ജറ്‍മനിയില്‍ കുഴപ്പമില്ല സോച്യലിസം പണ്ടു ഇന്ദിരാ ഗാന്ധി പറഞ്ഞപ്പോള്‍ അന്നും അവരെ ചീത്ത വിളിച്ചില്ലേ ഘാതകീ എന്നൊക്കെയായിരുന്നില്ലെ കവിത എഴുതിയത്‌, ഒബാമ അധികാരത്തില്‍ വരുകയും അമേരിക്ക ഇറാക്കിനുപകരം അഫ്ഗാനിസ്ഥാനില്‍ ആക്റമണം ശക്തിപ്പെടുത്തി ഫിനിഷ്‌ ചെയ്യുകയും ചെയ്യുമ്പോള്‍ ഈ പ്റതിസന്ധി ഒക്കെ തീരും, നമ്മള്‍ക്കിനി പഴയ ലൈസന്‍സ്‌ രാജ്‌ മതിയോ? അംബസ്സിഡര്‍ മാത്റം മതിയോ? ബീ എസ്‌ എന്‍ എലിണ്റ്റെ കറുത്ത ഫോണ്‍ മാത്റം മതിയോ? എന്നാല്‍ പിന്നെ ഇന്ദിരാ ഗാന്ധിയുടെ നാവടക്കൂ പണി എടുക്കൂ കൂടെ തിരിച്ചു കൊണ്ടു വന്നുകൂടെ?

Anonymous said...

It is time to have new economic order with a fresh outlook. I suggest to reduce interest rates for farming activities to 4%, educational loan at 5%, home loans at 6% and industrial loan at 7%. These interest rates will keep our nationalised banks going and not affected by market melt-downs. Private banking should be stopped and efficiency of nationalised banks should increase with better service. Indians then may not die of hunger and bank debts. Reducing oil price in India is not the solution to save the economy. All nations should treat oil as natural and essential resource and this commodity should not be used for trade in markets and make profits. Oil price should not cross more than its production and distribution cost, probably should be below $40/- per barrel. Then the world will smile again!!!

വര്‍ക്കേഴ്സ് ഫോറം said...

അനോനിമസ്
വളരെ സെൻസിബിൾ ആയ നിർദ്ദേശങ്ങൾ
അഭിനന്ദനങ്ങൾ

വികടശിരോമണി said...

അഭിവാദ്യങ്ങൾ!
വർക്കേഴ്സ് ഫോറത്തിനും
അനോനിമസിനും...

Baiju Elikkattoor said...

ഇടതു പക്ഷം സിന്ദാബാദ്! വിളിക്കൂ ആരുഷി, മനസ്സില്‍ ആയാലും മതി. വെറുതെ പറഞ്ഞു പറഞ്ഞു പഴകഞ്ഞി ആയ കരിയങ്ങള്‍ ഇനിയും കമന്റാണോ ആരുഷി........!?

Anonymous said...

ഗ്വണ്ടനാമോ ബേയില്‍ കൊണ്ടിട്ടാലും ആരുഷി ഇടതുപക്ഷത്തിനു സിന്ദാബാദു വിളിക്കില്ല ബൈജൂ അടുത്ത ഇലക്‌ ഷന്‍ കഴിഞ്ഞും ഇവിടെ കാണണേ, ഇടതു പക്ഷം ചത്ത കുതിരയാണു ഇന്ത്യയില്‍ പക്ഷെ കേരളീയറ്‍ കുറെ നാള്‍ കൂടി അതു സഹിക്കേണ്ടി വരും, കാരണം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ നമ്മള്‍ വളരെ പുറകിലാണൂ, ഇപ്പോഴും മമ്മൂട്ടിക്കും മോഹന്‍ ലാലിനും ആണു പ്റേക്ഷകറ്‍ , ഒരു പുതിയ ചിന്തയും ഉരുത്തിരിയുന്നില്ല , ഇപ്പോഴും പാറ്‍ ട്ടിക്കു കൊലപാതകം തന്നെ മുഖ്യ അജണ്ട ബ്ളോഗില്‍ ആളെ അറിയാത്തതിനാല്‍ പറ്റുന്നില്ല അത്റെ ഉള്ളു, കൊല്ലാനും ചാകാനും ആളും ധാരാളം