Sunday, October 12, 2008

പന്തയം

താര്‍ക്കികനാണ് ഒളശ്ശേരി മനയ്‌ക്കലെ ഇട്ട്യാസന്‍. ഒരു ശീലം. അത്രേള്ളു. അല്ലാതെ പഠിപ്പും പത്രാസുമൊന്നും ഉണ്ടായിട്ടല്ല.

അതിന്റെ ആവശ്യം ഒട്ടും ല്ല്യേനീം.

പണ്ട് ഓത്തിന് പോയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം അതോടെ നിര്‍ത്തി. ഒള്ള ബുദ്ധി അവിടെ ഉപേക്ഷിച്ചു എന്നാണ് പിന്നീടുണ്ടായ ചൊല്ല്. തിരിച്ചു വന്നത് ക്ലീന്‍ സ്ലേറ്റായി.

ഓതിക്കോന്‍ ' ഋക് ' എന്ന് എത്ര പറഞ്ഞാലും ' മുറുക് ' എന്നേ ഇട്ട്യാസു പറയൂ. ഓതിക്കോന് കലശലായി ദേഷ്യം വന്നാല്‍ ഒന്ന് തണുത്തോട്ടെ എന്ന് കരുതി ' ഇറുക്' എന്ന് കഷ്ടി പറഞ്ഞേക്കും.

അതില്‍ കൂടുതല്‍ വയ്യേനീം.

ഓതിക്കോന്‍ ഒരിക്കല്‍ രാവണന്റെ കഥ പറഞ്ഞപ്പോള്‍ ഇട്ട്യാസൂന് അടക്കാനാവാത്ത ചിരി വന്നു.

ഓതിക്കോന്‍:

' എന്താ ...ത്ര.. ചിരിക്കാന്‍?'

' പത്തല്ലേ തല. ക്ഷൌരം എങ്ങ്നെയെന്ന് നിരീക്ക്യായിരുന്നു.'

ഓത്ത് അന്ന് നിര്‍ത്തി. പിന്നെ ഓത്തൂട്ടിലായിരുന്നു ശ്രദ്ധ. സദ്യ. അതില്‍ കേമനായി.

സദ്യവട്ടത്തിലിരുന്നാല്‍ ' ഇട്ടോളൂ' എന്ന് ഇട്ട്യാസു ആരോടും പറയില്ല്യ. ' കമഴ്ത്തിക്കോളൂ' എന്നാണ് പകരം പദം.

' എല എവ്ടെ..തൂശന്‍ ഒരെണ്ണം ഇവ്ടെ വെക്ക്യ. തൊടു കറ്യാ ആദ്യം..വരട്ടെ. ഇഞ്ച്യാ..ദഹനത്തിന് ഒന്നാന്തരാ.. കമഴ്ത്തിക്കോളൂ..ആ ഓലനെ ങ്ങ്ട് വിളിക്ക്യാ..ഏയ് ഓലന്‍ താനെന്താ ഒളിച്ച് കളിക്യാ.. ഇവ്ടെ കമഴ്ത്തിക്കോളൂ..അവിയലിനെ കാണാനില്ലാലോ..കാശിക്ക് പോയോ..ആ വന്നൂലോ..ങ്ഹാ..ന്താ അതിന്റെ ഒരു... ഒരു.. ചന്തം.. ദേഹണ്ഡക്കാരന്റെ കൈപ്പുണ്യം..കമഴ്ത്തിക്കോളൂ...വറുത്തുപ്പേരി എവ്ടെ. ആദ്യം കൊണ്ടു വരേണ്ടതല്ലെ..ഒരു ചിട്ടേല്ല്യതായി..വൈകീങ്കിലും വെഷമിക്കണ്ട..കമഴ്ത്തിക്കോളൂ..പച്ചടിക്കെന്താടോ വൈക്ളബ്യം..കമഴ്ത്തിക്കോളൂ..സാമ്പാറ് ഈ വഴിയേ..ങ്ട് പോന്നോളൂ..നല്ല കായത്തിന്റെ മണം.. തഞ്ചാവൂര്‍ കായത്തിന്റെ ലക്ഷണം..കമഴ്ത്തിക്കോളൂ..ഏയ് ഓലന്‍ ങട് മാറ്ാ..ആ കാളനെ കടത്തി വിട്ാ..നല്ല കുറ്ക്ക് കാളന്‍..നല്ല തൈര്..കാമധേനൂന്റേതാവുംന്നാ തോന്നണേ.. കമഴ്ത്തിക്കോളൂ..

വെളമ്പുകാരൊക്കെ ക്ഷീണിച്ചോ..പായസം ഒന്നും വന്നില്ലാലോ..ആരാ.അത് പഴപ്രഥോനല്ലേ..ങ്ട് വര്ാ..ത്ര നേരാ കാത്തിരിക്കണേ..നല്ല പുള്ളി വീണ പഴം തന്ന്യാണ്‍ല്ലോ.. ല്ലേ...?.. കമഴ്ത്തിക്കോളൂ..പെട്ടെന്ന് വേണം..ന്നിട്ട് വേണോല്ലൊ അടപ്രഥോന്‍ തൊടങ്ങാന്‍..ആരാ അടപ്രഥോന്‍ എട്ത്തിരിക്ക്ണേ..? അറിയാവുന്നവരാരെങ്കിലും തന്ന്യാണോ..? പിശുക്കന്മാരാരെങ്കിലുമാണോ..?ങ്ഹാ..അട വന്നൂലോ..കമഴ്ത്തിക്കോളൂ..നാവിലൊന്ന് തൊടാന്‍ നാരങ്ങാച്ചാറില്ലേ..?നിര്‍ബന്ധോല്യ..ന്നാലും ചടങ്ങിന്. നാരങ്ങ വന്ന്വോ..? കമഴ്ത്തിക്കോളൂ... അവസാനം ലേശം തൈരാവാം..കൊറച്ച് മതി..എന്തായാലും കൊണ്ടുവന്നൂലോ..കമഴ്ത്തിക്കോളൂ..'

ഇതാണ് ഇട്ട്യാസൂസ് സ്റ്റെല്‍.

ഇതോടെ സദ്യക്ക് മുമ്പ് മുന്നറിയിപ്പ് വന്നു തുടങ്ങി.

' ഇട്ട്യാസൂണ്ട് സൂക്ഷിക്കുക.'

എങ്കിലും നല്ലവനാണ്. പൊതുവെ തീറ്റക്കാരങ്ങനെയാവും. ഊര്‍ജസംഭരണികള്‍ നിരുപദ്രവങ്ങളാണ്, പൊട്ടാതെ നോക്കിയാല്‍ മതി.

ഇട്ട്യാസൂന്റെ ഏകദോഷം തര്‍ക്കമാണ്. വിവരം തീരെ ഇല്ലാത്തതുകൊണ്ട് ധൈര്യം കേമമാണ്. തര്‍ക്കിക്കാന്‍ വിഷയം വേണമെന്നൊന്നും നിര്‍ബന്ധോല്യ. തര്‍ക്കിക്കണം. ത്രേള്ളു.

കോഴിയാണോ, മുട്ടയാണോ ആദ്യം എന്നു തന്നെ തര്‍ക്കിക്കണം എന്ന് നിര്‍ബന്ധോന്നുല്ല്യ. കോഴിയാണോ, കോഴിക്കുഞ്ഞാണോ എന്ന് തര്‍ക്കിച്ചാലും മതി.

ഒരിക്കല്‍ ഇട്ട്യാസൂന്റെ ഇല്ലത്തിനു മുന്നിലൂടെ കലവും ചുമന്നുകൊണ്ട് ഒരു പാവം പോവുകയായിരുന്നു.

കഷ്ടകാലം എന്നല്ലാതെ ന്താ പറയ്യാ..

ഉഷ്ണം വിശറികൊണ്ട് തല്ലിയോടിച്ച് ഉലാത്തുകയായിരുന്നു ഇട്ട്യാസു.

അപ്പ്ളാണ് വഴിപോക്കന്‍ ഇട്ട്യാസൂന്റെ വിഷ്വല്‍ റെയ്ഞ്ചില്‍ വരുന്നത്.

' ആരാ..അത്..?'

ബലിമൃഗം പേര് വെളിപ്പെടുത്തി.

ഇരയെ ഇട്ട്യാസു വിട്ടില്ല.

' കലത്തിലെന്താ..?'

' മോരാ.'

അതുമതി ഇട്ട്യാസൂന് തര്‍ക്കിക്കാന്‍.

' മോര് കലത്തിലോ..? കലം മോരിലോ..?.'

' മോര് കലത്തിലാ..'

' തന്നോട് ആരാ ഈ വിഡ്‌ഢിത്തം പറഞ്ഞേ..?കലം മോരിലാ..'

വഴിപോക്കന്‍ വിട്ടില്ല. മാനമാണല്ലോ വലുത്.

തര്‍ക്കം മൂത്തു.

ഇട്ട്യാസു പന്തയം വെച്ചു.

മോര് കലത്തിലായാല്‍ നൂറ്റൊന്ന് സ്വര്‍ണ നാണയം. കലം മോരിലായാല്‍ വഴിപോക്കന്‍ ആജീവനാന്തം വാല്യക്കാരന്‍.

സമ്മതിച്ചു.

കലം തല്ലി.

മോരിന്റെ അസ്തിത്വം തെളിഞ്ഞു.

നൂറ്റൊന്ന് പവനുമായി വഴിപോക്കന്‍ പോയി.

ഈയിടെ ഇട്ട്യാസൂന് വാര്‍ത്തയില്‍ ലേശം കമ്പം കയറി.

അഭിനയം ശ്ശി നന്നാവ്ണ്ണ്ട്.

ഒറക്കമൊളച്ച് ഒരു കളി കാണണ സുഖം ണ്ട്. വൈകീട്ടൊള്ള ഒരു മണിക്കൂര്‍ ആട്ടത്തില്‍ ല്ലാം ണ്ട്. വീരം, കരുണം, ശൃംഗാരം ഇത്യാദികളൊക്കെ ഭേഷാണ്. സുഖമോ ദേവീ എന്ന പദമൊക്കെ എത്ര കേമായിട്ടാ ആടണെ.

ഇക്കാര്യങ്ങളൊക്കെ കാര്യസ്ഥന്‍ മേനനുമായി ഇട്ട്യാസു ചര്‍ച്ച ചെയ്യാറുമുണ്ട്. മേനനും മറിച്ചൊന്നും പറയാറില്ല.

മൂവന്തി കഴിഞ്ഞപ്പോള്ള കളി കാണാന്‍ അന്ന് ഇട്ട്യാസൂം മേനനും കൂടി ഇരുന്നു. ഒരു രസം. ത്രേള്ളു.

വാര്‍ത്തക്കു മുമ്പ് സംഗീതം വന്നു. മേളപ്പദം ഗംഭീരായി.

ഇനി വേഷം വരും.

ഇട്ട്യാസു ഒന്ന് ഇളകി.

മേനന്‍ അര ഇളകി.

മൊത്തം ഒന്നര ഇളകി.

നൃത്ത-സംഗീത നാടകം ഇതാ ആരംഭിക്കുകയായി.

തിരശ്ശീല മാറ്റി.

വിദൂഷകന്‍ വന്നു.

പ്രധാന വാര്‍ത്തകള്‍ എന്ന് പറഞ്ഞ് ക്ഷോഭിച്ച് വശായി.

വാര്‍ത്തക്കിടയിലാണ് ആ ദൃശ്യം വന്നത്.

ഒരാള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടാന്‍ പോകുന്നു.

ശവം കാത്ത് ക്യാമറ താഴെ ഇരുന്നു. കുഴിവെട്ടുകാര്‍ ചാനലില്‍ ചര്‍ച്ചക്കിരുന്നു.

ചാടുമോ, ചാടില്ലേ.?

ചാടാതിരിക്കുന്നതാണോ വീഴാതിരിക്കാന്‍ നല്ലത്,വീഴാതിരിക്കുന്നതിന് ചാടാതിരിക്കുന്നതാണോ നല്ലത് ?

രാജ്യപുരോഗതിക്ക് ചാടണമെന്നും ചാടണ്ടയെന്നും തര്‍ക്കം തുടര്‍ന്നു.

ഇതോടെ ഇട്ട്യാസൂനും വാശിയായി. മേനനട് ചോദിച്ചു.

' ന്താ..തോന്നണ്‍ത് മേന്‍നേ...ചാടോ..ചാടില്ല്യേ?'

മേനന്‍ പൊതുവെ ലജ്ജാശീലനാണ്. ഇതോടെ കൂടുതല്‍ വിവശനായി.എവിടെയോ ഒരാപത്ത് മേനന്‍ സമര്‍ഥമായി മണത്തു. എങ്കിലും മറ്റു ജീവിതോപാധികള്‍ ഇല്ലാത്തതിനാല്‍ വിനയപൂര്‍വം ചിരിച്ച് പിന്‍വാങ്ങി.

പക്ഷേ ഇട്ട്യാസു വിടില്ല.

ഒന്നാന്തരം അവസരമാണ് കൈവന്നിരിക്കുന്നത്.കയറി വന്ന മഹാലക്ഷ്മിയെ ആട്ടിവിടുകയോ..?.വയ്യേനീം.

ക്യാമറ നേരെ കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് സൂം ചെയ്തു.

പ്രതിശ്രുത ആത്മഹത്യാവരന്റെ മുഖമാണ് ഫോക്കസ്.

വാര്‍ത്ത വായിക്കുന്ന കാഥികന്‍ ശ്രുതി മീട്ടി ചോദിച്ചു:

' ചാടുമോ..?'

നാലാം നിലയില്‍ മൌനം.

കാഥികന്‍ രാഗം മാറ്റി.

' കേള്‍ക്കാമോ..?'

നാലാം നിലയില്‍ മൌനം പിന്നേം മുറ്റി.

കാഥികന്‍ ചര്‍ച്ചക്കു വേണ്ടി അരണി കടയുന്ന കര്‍മികള്‍ക്ക് നേരെ തിരിഞ്ഞു. താറും പാച്ചി കുത്തീരിക്കുകയാണ് പാനല്‍. ആത്മഹത്യ ചെയ്തവര്‍, ചെയ്യാനിരിക്കുന്നവര്‍, ചെയ്യേണ്ടവര്‍ ഇങ്ങനെ എന്തുകൊണ്ടും മികച്ച ദൌത്യസംഘമാണ് മുങ്ങിച്ചാകുന്നവന്‍ കഴുത്ത് പൊക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നത് പോലെയിരിക്കുന്നത്. നെയ്യ്, സോമരസം, വപ എന്നിവയൊക്കെയുണ്ട് അക്കിത്തിരി, അടിതിരിമാരുടെ കൈയില്‍. ജീവിത കാലം മുഴുവന്‍ തിരിവെച്ചവരുമുണ്ട് കൂട്ടത്തില്‍.

കാഥികന്‍ ചോദ്യമെറിഞ്ഞു.

' എന്താണ് അയാള്‍ ഒന്നും മിണ്ടാത്തത്? ഈ മൌനത്തില്‍ നിന്നും എന്താണ് വായിച്ചെടുക്കേണ്ടത്?'

ചര്‍ച്ചയാഗം തുടങ്ങി.

സോമയാജി ഒന്ന്- ' വളരെ പ്രധാനപ്പെട്ട മൌനമാണിത്. ഒരുപാട് അര്‍ഥതലങ്ങള്‍ ഇതിനുണ്ട്.'

സോമയാജി രണ്ട്- ' മൌനം വാചാലമാണ്.'

സോമയാജി മൂന്ന്- ' ഇത് മൌനമല്ല. ഇതില്‍ നിറയെ ശബ്ദങ്ങളുണ്ട്. ശബ്ദമില്ലാത്ത ശബ്ദങ്ങള്‍.'

ഇട്ട്യാസു ചോദിച്ചു.

'മേന്‍ന് ..ല്ലാം മന്‍സിലായീലോ..ല്ലേ.?'

' ദൈവത്തിന്റെ കൃപകൊണ്ട് എല്ലാം മന്‍സിലായി'

അതോടെ ഇട്ട്യാസു തര്‍ക്കത്തിലേക്ക് തിരിച്ചു വന്നു.

' പറയ്യാ..ചാടോ?ചാടില്ല്യേ..?'

ഗത്യന്തരമില്ലാതെ മേനന്‍ പറഞ്ഞു.

' ചാടും.'

ഇട്ട്യാസു പറഞ്ഞു.

' ചാടൂല്യാ.'

' ല്ല്യ ചാടും തിരുമേനി'

' ചാടൂല്യാ.' പന്തയം വെക്കാം.'

' വേണോ..?'

' വേണം..ചാടിയാല്‍ ഒരേക്കര്‍ കരഭൂമി കരമൊഴിവായി..

ചാടീല്ലെങ്കില്‍ മേന്‍ന് ശമ്പളോം ബെത്തേം ഇല്ലാതെ ഇവ്ടെത്തുടരാം.'

സമ്മതിച്ചു.

വാര്‍ത്ത തുടര്‍ന്നു.

ദൃശ്യം ചാടി.

ഇട്ട്യാസു ഒരേക്കറിന്റെ ആധാരം മേനന് കൈമാറി.

ആധാരം കിട്ടിയപ്പോള്‍ മേനന് ഒരു മനസ്സാക്ഷിക്കുത്ത്.

പാടില്ലാത്തതാണ്. പക്ഷേ കുത്തുന്നു.

' തിരുമേനി..ത് വേണ്ട.ഈ ദൃശ്യം അടിയന്‍ രാവിലെ കണ്ടു.'

' മേന്‍നേ..നോമും കണ്ടു..അതോണ്ട് പിന്നേം ചാടൂന്ന് ഒട്ടും നിരീച്ചില്ല്യ..ഏഭ്യന്‍'

***

എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഓതിക്കോന്‍ ഒരിക്കല്‍ രാവണന്റെ കഥ പറഞ്ഞപ്പോള്‍ ഇട്ട്യാസൂന് അടക്കാനാവാത്ത ചിരി വന്നു.

ഓതിക്കോന്‍:

' എന്താ ...ത്ര.. ചിരിക്കാന്‍?'

' പത്തല്ലേ തല. ക്ഷൌരം എങ്ങ്നെയെന്ന് നിരീക്ക്യായിരുന്നു.'

ഓത്ത് അന്ന് നിര്‍ത്തി. പിന്നെ ഓത്തൂട്ടിലായിരുന്നു ശ്രദ്ധ. സദ്യ. അതില്‍ കേമനായി.

സദ്യവട്ടത്തിലിരുന്നാല്‍ ' ഇട്ടോളൂ' എന്ന് ഇട്ട്യാസു ആരോടും പറയില്ല്യ. ' കമഴ്ത്തിക്കോളൂ' എന്നാണ് പകരം പദം.

' എല എവ്ടെ..തൂശന്‍ ഒരെണ്ണം ഇവ്ടെ വെക്ക്യ. തൊടു കറ്യാ ആദ്യം..വരട്ടെ. ഇഞ്ച്യാ..ദഹനത്തിന് ഒന്നാന്തരാ.. കമഴ്ത്തിക്കോളൂ..ആ ഓലനെ ങ്ങ്ട് വിളിക്ക്യാ..ഏയ് ഓലന്‍ താനെന്താ ഒളിച്ച് കളിക്യാ.. ഇവ്ടെ കമഴ്ത്തിക്കോളൂ.. അവിയലിനെ കാണാനില്ലാലോ..കാശിക്ക് പോയോ..ആ വന്നൂലോ..ങ്ഹാ..ന്താ അതിന്റെ ഒരു... ഒരു.. ചന്തം.. ദേഹണ്ഡക്കാരന്റെ കൈപ്പുണ്യം.. കമഴ്ത്തിക്കോളൂ...വറുത്തുപ്പേരി എവ്ടെ. ആദ്യം കൊണ്ടു വരേണ്ടതല്ലെ..ഒരു ചിട്ടേല്ല്യതായി..വൈകീങ്കിലും വെഷമിക്കണ്ട..കമഴ്ത്തിക്കോളൂ..പച്ചടിക്കെന്താടോ വൈക്ളബ്യം..കമഴ്ത്തിക്കോളൂ..സാമ്പാറ് ഈ വഴിയേ..ങ്ട് പോന്നോളൂ..നല്ല കായത്തിന്റെ മണം.. തഞ്ചാവൂര്‍ കായത്തിന്റെ ലക്ഷണം.. കമഴ്ത്തിക്കോളൂ..ഏയ് ഓലന്‍ ങട് മാറ്ാ..ആ കാളനെ കടത്തി വിട്ാ..നല്ല കുറ്ക്ക് കാളന്‍..നല്ല തൈര്.. കാമധേനൂന്റേതാവുംന്നാ തോന്നണേ.. കമഴ്ത്തിക്കോളൂ..

വെളമ്പുകാരൊക്കെ ക്ഷീണിച്ചോ..പായസം ഒന്നും വന്നില്ലാലോ..ആരാ.അത് പഴപ്രഥോനല്ലേ..ങ്ട് വര്ാ..ത്ര നേരാ കാത്തിരിക്കണേ..നല്ല പുള്ളി വീണ പഴം തന്ന്യാണ്‍ല്ലോ.. ല്ലേ...?.. കമഴ്ത്തിക്കോളൂ..പെട്ടെന്ന് വേണം..ന്നിട്ട് വേണോല്ലൊ അടപ്രഥോന്‍ തൊടങ്ങാന്‍.. ആരാ അടപ്രഥോന്‍ എട്ത്തിരിക്ക്ണേ..? അറിയാവുന്നവരാരെങ്കിലും തന്ന്യാണോ..? പിശുക്കന്മാരാരെങ്കിലുമാണോ..?ങ്ഹാ..അട വന്നൂലോ..കമഴ്ത്തിക്കോളൂ..നാവിലൊന്ന് തൊടാന്‍ നാരങ്ങാച്ചാറില്ലേ..?നിര്‍ബന്ധോല്യ..ന്നാലും ചടങ്ങിന്. നാരങ്ങ വന്ന്വോ..? കമഴ്ത്തിക്കോളൂ... അവസാനം ലേശം തൈരാവാം..കൊറച്ച് മതി..എന്തായാലും കൊണ്ടുവന്നൂലോ..കമഴ്ത്തിക്കോളൂ..'

ഇതാണ് ഇട്ട്യാസൂസ് സ്റ്റെല്‍.

എം എം പൌലോസിന്റെ നര്‍മ്മഭാവന